Thursday, March 10, 2011

ചെയുടെ സഹയാത്രികാ, അന്ത്യപ്രണാമം...

വിപ്ലവേതിഹാസം ചെഗുവേരയുടെ സഹയാത്രികന്‍ ആല്‍ബര്‍ട്ടോ ഗ്രനാഡോ ഓര്‍മ്മയായി...



'The stars streaked the night sky with light in that little mountain town and the silence and the cold dematerialised the darkness. It was as if all solid substances were spirited away in the ethereal space around us, denying our individuality and submerging us, rigid, in the immense blackness.'þThe Motorcycle Diaries

നാട്ടിന്‍പുറങ്ങളിലെ വയസ്സായ മനുഷ്യര്‍ പറയുന്ന പോല ഒരു ഒന്നൊന്നര യാത്രയായിരുന്നൂ അത്. യൗവനത്തിന്റെ ചോരത്തിളപ്പില്‍ ലോകം ചുറ്റിക്കറങ്ങാമെന്ന് രണ്ട് പേര്‍ തീരുമാനിക്കുന്നു.

ഒരാള്‍ - ഏണസ്റ്റോ ഡി ചെഗുവേര
രണ്ടാമന്‍ - ആല്‍ബര്‍ട്ടോ ഗ്രനാഡോ.

ചെഗുവേരയ്ക്ക് പ്രായം 23. മെഡിക്കല്‍ വിദ്യാര്‍ത്ഥി. ബയോകെമിസ്റ്റായ ആല്‍ബര്‍ട്ടോയ്ക്കാവട്ടെ 29-ഉം. 39മോഡല്‍ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ സൈക്കിളില്‍ തുടങ്ങിയ ആ യാത്ര സോഷ്യലിസം എന്ന മഹത്തായ ആശയത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹമായി പരിണമിക്കപ്പെട്ടു. ലാറ്റിനമേരിക്കയിലെ ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെ ആക്‌സിലേറ്റര്‍ തിരിക്കുമ്പോള്‍ കണ്ട ജീവിതങ്ങള്‍ ചെഗുവേര എന്ന വലിയ മനുഷ്യനിലേക്ക് സമത്വപൂര്‍ണ്ണമായരാഷ്ട്രീയത്തിന്റെ വിത്ത് വിതയ്ക്കുകയായിരുന്നു. അയ്യായിരത്തിലധികം കിലോമീറ്ററിലധികം ബൈക്കോടിച്ച് ഇരുവരും താണ്ടിയത് മനുഷ്യരുടെ വേദനകളിലേക്കായിരുന്നു. യാത്രയിലുടനീളം കണ്ട ദൈന്യതകള്‍ ,സഹനങ്ങള്‍ ചെഗുവേരയിലെ വിപ്ലവകാരിയെ രൂപപ്പെടുത്തി. ലോകം ഒരു വലിയ തെറ്റല്ല, ലോകത്തെ തെറ്റാക്കുന്നവര്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്ന ചെയുടെ സുപ്രധാനമായ തീരുമാനം ഉണ്ടാവുന്നത് അവിടെ വെച്ചാണ്. തന്റെ സമ്പാദ്യമെല്ലാം വലിച്ചെറിഞ്ഞ് മനുഷ്യസ്‌നേഹം എന്ന വലിയ സ്‌നേഹത്തിലേക്ക് ചെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. ഒരു പക്ഷേ അന്ന് അങ്ങനെയൊരു യാത്ര സംഭവിച്ചില്ലായിരുന്നെങ്കില്‍ ചെഗുവേര റോസാരിയോവിലെ സാധാരണ ഡോക്ടറായി ജീവിതം തീര്‍ത്തേനെ.



1951 ഡിസംബര്‍ മാസത്തിലാണ് ആല്‍ബര്‍ട്ടോ ഗ്രനാഡോയുടെ ലാ പൊഡോറോസ II (ശക്തിമാന്‍ എന്ന് മലയാളം) എന്ന വയസ്സന്‍ മോട്ടോര്‍ സൈക്കിളില്‍ കോര്‍ഡോബയില്‍ നിന്ന് ഇരുവരും യാത്ര തുടങ്ങിയത്. ചരിത്രാതീതകാലത്തെ വലിയ ഒരു ജീവിയെപ്പോലെയായിരുന്നൂ മോട്ടോര്‍ സൈക്കിളെന്ന് ഗ്രനാഡോ എഴുതിവെച്ചിട്ടുണ്ട്. വഴിയിലുടനൂളം ബൈക്ക് വഴിമുടക്കിയായി. ആറ് മാസം ഇരുവരും യാത്ര ചെയ്തു. വെനിസ്വലയിലെ കാരക്കസില്‍ വെച്ചാണ് ഇരുവരും വഴി പിരിയുന്നത്. ചെഗുവേര വിപ്ലവത്തിലേക്ക് ആസ്തമ വക വെയ്ക്കാതെ നദി നീന്തിക്കടന്ന് പോയി. ഗ്രാനാഡോ ആത്മമിത്രത്തിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് തിരിച്ച് നാട്ടിലെത്തി തന്റേതായ രീതിയില്‍ സമരശ്രമങ്ങള്‍ നടത്തി.

ഇവരുടെ ചരിത്രയാത്ര മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ പുസ്തകമായി. ലോകത്തില്‍ ഇപ്പോഴും ബെസ്റ്റ് സെല്ലര്‍ പട്ടികയിലാണ് മോട്ടോര്‍സൈക്കിള്‍ ഡയറീസ് . മോട്ടോര്‍ സൈക്കിള്‍ ഡയറീസിന് ചലച്ചിത്രഭാഷ്യവുമുണ്ടായി. വാള്‍ട്ടര്‍ സാല്ലീസ് സംവിധാനം ചെയ്ത സിനിമ പ്രേക്ഷകമനസ്സിലേക്ക് ചെഗുവേരയുടേയും ആത്മമിത്രത്തിന്റേയും യൗവനകാലം കുളിര്‍ പോലെ കോരിയിടുകയായിരുന്നു.



യാത്ര കഴിഞ്ഞ് വന്ന് വെനിസ്വലയിലെ ഒരു ലെപ്രസി ക്ലിനിക്കില്‍ കുറേക്കാലം ജോലി നോക്കി ഗ്രനാഡോ. എട്ട് വര്‍ഷത്തോളം ചെയും ഗ്രനാഡോയും കണ്ടതേയില്ല. ക്യൂബന്‍ വിപ്ലവത്തോടെ കാസ്‌ട്രോയും ചെയും ഉറ്റസുഹൃത്തുക്കളായി. ചെ ക്യൂബന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തലവനായി. ചെ ഗ്രനാഡോയെ ക്യൂബയിലേക്ക് ക്ഷണിച്ചു.

1961-ല്‍ ഗ്രനാഡോ ക്യൂബയിലേക്ക് വരികയും സാന്തിയാഗോ യൂണിവാഴ്‌സിറ്റിയില്‍ മെഡിസിന്‍ വിഭാഗത്തില്‍ അധ്യാപകനായി. പിന്നീട് ഹവാനയിലേക്ക് താമസം മാറ്റി. ചെയുടെ ആശയഗതികളോട് പൂര്‍ണ്ണയോജിപ്പായിരുന്നൂ ഗ്രനാഡോയ്ക്ക് എന്നും. ചെയുടെ ഗറില്ലാസമരത്തില്‍ ഗ്രനാഡോ പല രീതിയിലുള്ള സഹായം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം എഴുതിയ ചെഗുവേര: എ റെവല്യൂഷനറി ലൈഫ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ചെഗുവേരയുടെ സഹയാത്രികന്‍ മാര്‍ച്ച് അഞ്ചിന് ഓര്‍മ്മകളിലേക്ക് നിശ്ചലനായപ്പോള്‍ ആ യാത്ര ചരിത്രമോര്‍മ്മിക്കുന്നവന്റെ മനസ്സില്‍ വീണ്ടും തെളിയുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 88 വയസ്സായിരുന്നു.



1965-ല്‍ ചെ ക്യൂബ വിടുമ്പോള്‍ ചെഗുവേര ഉറ്റസുഹൃത്തുക്കള്‍ക്ക് നല്കുന്നതിനായി ഒരു പാട് പുസ്തകങ്ങള്‍ ബാക്കിവെച്ചിരുന്നു. ഗ്രനാഡോയ്ക്ക് നല്കിയത് ഷുഗര്‍ ഫാക്ടറിയെക്കുറിച്ചുള്ള പുസ്തകമായിരുന്നു, ചെ അതില്‍ എഴുതിയത് പ്രവചനസ്വഭാവമുള്ളതായി. അതിങ്ങനെയാണ്.

'എന്റെ സ്വപ്‌നങ്ങള്‍ക്കതിരുകളില്ല. ചുരുങ്ങിയത് വെടിയുണ്ടകള്‍ മറ്റൊരു തീരുമാനം എടുക്കുന്നത് വരെയെങ്കിലും... വെടിമരുന്നിന്റെ മണമുയരുമ്പോള്‍ മടിയനായ ദേശാടനക്കാരാ, ഞാന്‍ നിന്നെ പ്രതീക്ഷിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആലിംഗനം.' - ചെ


മാതൃഭൂമി 

No comments:

Post a Comment