Saturday, March 5, 2011

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 5

കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായ കോണ്‍ഗ്രസുകാരനാണ് എന്‍ കെ അബ്ദുറഹ്മാന്‍, കെപിസിസി സെക്രട്ടറിയും. യുഡിഎഫ് ഭരണകാലത്ത് അബ്ദുറഹ്മാന് ഒരാഗ്രഹം, സ്വന്തമായി റേഷന്‍ മൊത്തവ്യാപാരക്കട തുടങ്ങണം. ഓമശ്ശേരിയില്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ സാധാരണപോലെ അപേക്ഷ നല്‍കി. സ്വന്തം ഭരണമല്ലേ, അല്‍പ്പം സ്വാധീനവും ചെലുത്താമെന്ന വിശ്വാസത്തിലാണ് അപേക്ഷിച്ചത്. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറി. പാര്‍ടിയിലെ സഹപ്രവര്‍ത്തകനായ മന്ത്രിയെ കണ്ടു. എല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി. പിന്നീടാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ലൈസന്‍സിന് 25 ലക്ഷം രൂപ നല്‍കണം (കെപിസിസി സെക്രട്ടറിയായതുകൊണ്ട് തുക കുറച്ചതാണ്). കെപിസിസിക്ക് കൊടുക്കാനാണ് പണമെന്നും ധരിപ്പിച്ചു. 2005 ഡിസംബര്‍ ആറിന് കോഴിക്കോട് ഗസ്റ്ഹൌസില്‍വച്ച് മന്ത്രി അടൂര്‍ പ്രകാശും പ്രൈവറ്റ് സെക്രട്ടറി വി രാജുവും കൈക്കൂലി ചോദിച്ചെന്ന് അബ്ദുറഹ്മാന്‍ വിജിലന്‍സിന് മൊഴി നല്‍കി. പിന്നീട്, തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍വച്ചും പണം ചോദിച്ചത്രേ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിനും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല, അഴിമതിക്കെതിരെ പരാതി നല്‍കിയതിന് അബ്ദുഹ്മാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.

ലേലംവിളിയില്‍ കൂടുതല്‍ തുക വാങ്ങി റേഷന്‍ഡിപ്പോ മറ്റാര്‍ക്കോ കൊടുത്തു. തുടര്‍ന്നാണ് പി സി സചിത്രന്‍ എന്നയാള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. കേസില്‍ അബ്ദുറഹ്മാന്‍ മൊഴി നല്‍കി. വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. അടൂര്‍ പ്രകാശിനും രാജുവിനുമെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റര്‍ചെയ്തു. കേസ് നടക്കുകയാണ്. അബ്ദുറഹ്മാനെ പുറത്താക്കിയ കോണ്‍ഗ്രസ് അടൂര്‍ പ്രകാശിന് വീണ്ടും ടിക്കറ്റ് നല്‍കി.

നിയമസഭയില്‍ ഭക്ഷ്യപൊതുവിതരണവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചയിലും പ്രതിപക്ഷത്തെ നയിക്കുന്നത് അടൂര്‍ പ്രകാശാണ്. ഭക്ഷ്യപൊതുവിതരണവകുപ്പില്‍ ഓരോ യുഡിഎഫ് ഭരണവും തീവെട്ടിക്കൊള്ളയുടെ കൊയ്ത്തുകാലമാണ്. ജീരകം ഇടപാടുമുതല്‍ പാമൊലിന്‍വരെ എണ്ണിയാലൊടുങ്ങാത്ത അഴിമതിപരമ്പര.

2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍മാത്രം വിപണിവിലയേക്കാള്‍ കൂടിയ നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയ വകയില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന് 90 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 2005 ആഗസ്ത് 11ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമായി വിഷയം അവതരിപ്പിച്ചപ്പോള്‍ അന്നത്തെ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മറുപടി വിചിത്രമായിരുന്നു. 14 ഇനം പലവ്യഞ്ജനം വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ഹൈക്കോടതി പരാമര്‍ശം തനിക്കെതിരെയല്ലെന്നും മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് പുലികേശിക്കെതിരെയാണെന്നുമാണ് മന്ത്രി പറഞ്ഞത്. താന്‍ മന്ത്രിയായ ഉടന്‍ പുലികേശിയെ മാറ്റിയെന്നും അന്ന് മന്ത്രി പറഞ്ഞു. ഇവിടെ മന്ത്രി അഴിമതിയുടെ വിരല്‍ചൂണ്ടിയത് തന്റെ മുന്‍ഗാമിയായിരുന്ന ജി കാര്‍ത്തികേയനെതിരെയാണ്. പക്ഷേ, കാര്‍ത്തികേയന്‍ വാതുറന്നില്ല.

പതിനാലിനം പലവ്യഞ്ജനം വാങ്ങിയതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് അന്ന് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ചവരില്‍ യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരും ഉള്‍പ്പെടുന്നു. ഇതുള്‍പ്പെടെ 19 കേസ് സിബിഐ അന്വേഷിക്കുകയാണ്.

അഞ്ചുവര്‍ഷമായി കേരളത്തിലെ പൊതുവിതരണശൃംഖല മാതൃകാപരമായി മുന്നേറുന്നു. 1996-2001 കാലയളവിലും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഓരോ കുടുംബവും അനുഭവിച്ചതാണ്. വിശേഷനാളുകളില്‍ വിതരണംചെയ്യാന്‍ കൂടുതല്‍ നിത്യോപയോഗസാധനങ്ങള്‍ സംഭരിക്കുക പതിവാണ്. എന്നാല്‍, '92ല്‍ അന്നത്തെ ഭക്ഷ്യമന്ത്രി വാങ്ങിക്കൂട്ടിയത് അരിയും മറ്റു പലവ്യഞ്ജനങ്ങളുമല്ല. ജീരകമാണ്. ജീരകം കൂട്ടി ഓണസദ്യ ഉണ്ണാനാകില്ലെന്ന് മന്ത്രിക്കുമറിയാം. പക്ഷേ, മന്ത്രിയുടെ ഓണം കെങ്കേമമാകണമെങ്കില്‍ ജീരകംതന്നെ വേണം.

1992ലെ ഓണക്കാലത്താണ് സംഭവം. 140 ടണ്‍ ജീരകം കോര്‍പറേഷന്റെ ഗോഡൌണിലുണ്ട്. ഇത് തികഞ്ഞില്ലെങ്കിലോ? ഓണാഘോഷത്തിന്റെ പൊലിമ കുറയരുതല്ലോ. മൂന്നുകോടി രൂപയ്ക്ക് 200 ടണ്‍ ജീരകംകൂടി വാങ്ങി. ഓണക്കാലത്ത് ആകെ വിറ്റത് 50 ടമാത്രം. 290 ടണ്‍ ബാക്കി. അന്ന് മൊത്തവിപണിയില്‍ ടണ്ണിന് 80,000 രൂപയായിരുന്നു വില. പക്ഷേ, കോര്‍പറേഷന്‍ വാങ്ങിയത് ടണ്ണിന് 1,26,000 രൂപ നിരക്കില്‍. ലേലംവിളിച്ച് വാങ്ങുമ്പോള്‍ മൊത്തവിലയിലും വലിയ കുറവുവരും. ചുരുങ്ങിയത് ഒരു ടണ്ണിന് 50,000 രൂപ അധികം.

ഒരുകോടി രൂപ തട്ടി. ജീരകം വാങ്ങിയത് ഓണത്തിനാണെങ്കില്‍ വറ്റല്‍മുളക് വാങ്ങിയത് ക്രിസ്മസിനാണെന്ന വ്യത്യാസമുണ്ട്. പരസ്യവിപണിയില്‍ ക്വിന്റലിന് 4000 രൂപ. കോര്‍പറേഷന്‍ വാങ്ങിയത് 5300 രൂപയ്ക്ക്. 7500 ക്വിന്റല്‍ വാങ്ങി. അതും ഗുണനിലവാരമില്ലെന്ന് പിന്നീട് കണ്ടെത്തി. ഈ ഇനത്തില്‍ ഒരുകോടിയിലേറെ രൂപയാണ് കമീഷനായി തട്ടിയത്. നാലുകോടി രൂപയുടെ വറ്റല്‍മുളക് വാങ്ങിയതില്‍ ഒരുകോടിയിലേറെ രൂപ നഷ്ടംവന്നതായി അക്കൌണ്ടന്റ് ജനറല്‍തന്നെ ചൂണ്ടിക്കാട്ടി.

രഘുനാഥ് ദേശാഭിമാനി 250211

No comments:

Post a Comment