വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍വരുമെന്ന ഏഷ്യാനെറ്റ് ചാനലിന്റെ സര്‍വേ ഫലം അട്ടിമറിക്കപ്പെട്ടതാണെന്നു റിപ്പോര്‍ട്ട്. പ്രമുഖ വെബ്സൈറ്റായ കേരളാ വാച്ച് ആണ് ഈ ആരോപണം ആദ്യമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് പാര്‍ട്ടി ഇടപെട്ട് നിക്കം ചെയ്ത ജോസഫ് സി മാത്യുവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് കേരള വാച്ച് ന്യൂസ് പോര്‍ട്ടല്‍ .
കഴിഞ്ഞ ദിവസമാണ് ഏഷ്യനെറ്റ് ചാനല്‍ യുഡിഎഫ് അനുകൂല സര്‍വേഫലം പുറത്തുവിട്ടത്. എന്നാല്‍, ഇത് ചാനല്‍ അധികൃതരുടെ താല്പര്യം മൂലം മാറ്റിമറിച്ച ഫലമായിരുന്നുവെന്നാണ് സൂചനകള്‍. വിഭിന്ന സര്‍വേകളില്‍ വ്യത്യസ്തമായ ഫലമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ ആദ്യഫലത്തെ അപേക്ഷിച്ച് ഇടതിനു കാര്യമായ മേല്‍ക്കൈ നല്കിയ രണ്ടാമത്തെ റിപ്പോര്‍ട്ട് മറച്ചുവച്ച് യുഡിഎഫ് അനുകൂല സര്‍വേഫലം മാത്രമാണ് പുറത്തുവിട്ടതെന്നുമാണ് സൂചന.
ആദ്യസര്‍വ്വേ നടക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമായിരുന്നില്ല. യുഡിഎഫ് 77 മുതല്‍ 87 വരെ സീറ്റുകള്‍ നേടുമെന്ന് ആ സര്‍വെയുടെ അടിസ്ഥാനത്തില്‍ പ്രവചിക്കപ്പെട്ടു. എന്നാല്‍ വിഎസ് മത്സരിക്കും എന്ന തീരുമാനത്തിന് ശേഷം ആദ്യ ഗ്രൂപ്പ് നടത്തിയ സര്‍വ്വേയില്‍ എല്‍ ഡി എഫ് അനുകൂല റിപ്പോര്ട്ടാണുണ്ടായത്. ഇത് ചാനല്‍ മാനേജ്മെന്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നെന്നു കേരളാവാച്ച് പറയുന്നു.
യുഡിഎഫിനു മുന്‍തൂക്കം കിട്ടിയ സര്‍വേയിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്‍ പേരും വിഎസ് അച്യുതാനന്ദനെയാണ് നിര്‍ദേശിച്ചിരുന്നത്.
ഇതിനിടെ അട്ടിമറി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന മെയിലിങ് ലിസ്റ്റിലൂടെയാണ് സര്‍വേ അട്ടിമറിക്കപ്പെട്ടതാണെന്ന് ഉറപ്പിക്കാനുതകുന്ന സൂചനകള്‍ പുറത്തായത്.
സിഇഎസ് (സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) എന്ന സ്ഥാപനത്തിന്റെ ഇലക്ഷന് പഠനം ഏഷ്യാനെറ്റ് സ്പോണ്സര് ചെയ്തിരുന്നു. പകരം അവര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചനം നടത്തേണ്ട ബാധ്യത സിഇഎസ് ഏറ്റെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്ന പ്രൊഫഷണല്‍ ഏജന്‍സിയല്ല, സിഇഎസ്. തികച്ചും അക്കാമദിക് ആയ അവരുടെ പഠനം വന്‍ പണച്ചെലവുള്ളതായതിനാല് ലഭ്യമായ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയായിരുന്നു. കേരളസമൂഹത്തെ സംബന്ധിച്ച് വിശദമായ ഡേറ്റ തങ്ങളുടെ കൈവശമുണ്ടെന്നാണ് സിഇഎസ് അവകാശപ്പെടുന്നത്. അത് വിശദമായ വിലയിരുത്തലിനു പിന്നീട് അവസരം നല്‍കുമെന്നും അവര്‍ കരുതുന്നു.
നേരത്തെ മൂന്നുപ്രാവശ്യം തങ്ങള്‍ ഈ വിവരശേഖരത്തിന്റെ ബലത്തില്‍ പ്രവചനം നടത്തിയിട്ടുണ്ടെന്നും അതില്‍ ഒരു തവണ തെറ്റുകയും രണ്ടുതവണ ശരിയാവുകയും ചെയ്തതായും എന്നാല്‍ പ്രവചനം തങ്ങളുടെ ലക്ഷ്യമല്ലെന്നും സിഇഎസിന്റെ ചുമതലക്കാരില്‍ ഒരാളായ ഡോ. ശ്യാംലാല്‍ പറയുന്നു. തങ്ങള്‍ പ്രാഥമികമായും വിവരശേഖരണവും അതിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യപഠനവുമാണ് നടത്തുന്നത്. ആ പഠനത്തെ ആസ്പദമാക്കി പ്രവചനം നടത്തുക എന്നത് വ്യത്യസ്തമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഇതേ സമയം തന്നെ പ്രൊഷണല്‍ സീഫോളജി അനലൈസിങ് ഏജന്‍സിയായ ഡല്‍ഹിയിലെ സി ഫോറുമായി ചേര്‍ന്ന് ഇലക്ഷന് പ്രവചനത്തിന് ഏഷ്യാനെറ്റ് വേറെ കരാര്‍ ഉണ്ടാക്കിയിരുന്നുവത്രേ. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സിഫോറിനെ തന്നെയായിരുന്നു ഇലക്ഷന് പ്രവചനത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നതെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും സിഇഎസിന്റെ അക്കാദമിക് പഠനത്തെ തങ്ങള്‍ സ്പോണ്സര് ചെയ്തതും ഇതുമായി കൂട്ടിവായിക്കേണ്ടതില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ സിഎല്‍ തോമസ് അവകാശപ്പെടുന്നത്. സിഇഎസ് പ്രതിനിധിക്ക് തങ്ങളുടെ കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ ന്യൂസ് അവറില്‍ ഒന്‍പതുമിനിറ്റ് മാറ്റിവച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഏതായാലും വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പു നടത്തിയ ആദ്യഘട്ട അവലോകനത്തില്‍ ഇരുടീമുകളുടെയും നിഗമനം യുഡിഎഫിന് അനുകൂലമായിരുന്നു. രണ്ടാംഘട്ടത്തില്‍ സിഇഎസ് സര്‍വ്വേയില്‍ കാറ്റുമാറിവീശുന്നതായ സൂചന വന്നതോടെ അതിന്റെ വിശദാംശങ്ങളിലേക്കു് പോകാതെ ഏഷ്യാനെറ്റ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് സിഫോറിന്റെ യുഡിഎഫ് അനുകൂല സര്‍വ്വേ ഫലം മാത്രം പുറത്തുവിടുകയായിരുന്നു. അതാകട്ടെ, സിഇഎസിന്റെ ആദ്യ സര്‍വ്വേയുടെ സമയത്ത് നടത്തിയതായിരുന്നു എന്നാണ് ആരോപണം.
എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ സിഇഎസിന്റെ പ്രതിനിധിയെ ന്യൂസ് അവറിലേക്കു് വിളിച്ചുവരുത്തി ഒന്‍പതുമിനിറ്റ് സമയം ഏഷ്യാനെറ്റ് നല്കുകയുണ്ടായി. ഈ സമയംകൊണ്ട് തങ്ങളുടെ സര്‍വ്വേയുടെ രീതിശാസ്ത്രം വിശദീകരിക്കാനോ മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ ഏഷ്യാനെറ്റ് ഇടംകൊടുത്തില്ല.
സിസ്റ്റമാറ്റിക് റാന്‍ഡം സാംപ്ലിങ് മെഥേഡ് ഉപയോഗിച്ച് 35 മണ്ഡലങ്ങളില്‍നിന്നായി 3625 പേരെ തെരഞ്ഞെടുത്താണ് സിഇഎസ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൂന്ന് പോളിങ് സ്റ്റേഷനുകളില്‍ നിന്നായി 105 പേരെ കൂടി പഠനത്തിനു വിധേയമാക്കി. പുതുക്കിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരമുള്ള കേരളസമൂഹത്തിന്റെ സാമൂഹ്യസാമ്പത്തിക ഘടനയുമായി 90 ശതമാനത്തിനു മുകളില്‍ ഒത്തുപോകുന്നവരാണിവര് എന്നാണ് സിഇഎസ് സാക്ഷ്യപ്പെടുത്തുന്നത്. മോക് ബാലറ്റിലൂടെയാണ് സമ്മതിദായകരുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചതെന്നും അവര്‍ പറയുന്നു. ജാതി, മതം, ലിംഗം, വര്‍ഗ്ഗപദവി എന്നിവ ഇനംതിരിച്ചുള്ള വിവരം ലഭ്യമാണെന്നും അവര്‍ പറയുന്നു.
ശാസ്ത്രീയമായ മാനദണ്ഡങ്ങളുപയോഗിച്ചാണ് പഠനവിധേയമായ മണ്ഡലങ്ങള്‍ തെരഞ്ഞെടുത്തത്. ഏതെങ്കിലും ഒരു മുന്നണിയിലേക്ക് മാത്രമായി പരമ്പരാഗതമായി ചാഞ്ഞുനില്ക്കുന്ന നിരവധി മണ്ഡലങ്ങള്‍ കേരളത്തിലുള്ളതിനാല്‍ അവയ്ക്ക് പകരം മറ്റു മണ്ഡലങ്ങളെയാണ് കൂടുതലായി പരിഗണിച്ചത്. എന്നാല്‍ രാഷ്ട്രീയപ്രാധാന്യം മൂലം പ്രത്യേക അക്കാദമിക് താത്പര്യമുണര്‍ത്തുന്ന 3-4 മണ്ഡലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഫലം തയ്യാറാക്കുമ്പോള്‍ ഡേറ്റ കഴിയുന്നത്ര ശുദ്ധീകരിക്കാന്‍ സ്റ്റാറ്റിസ്റ്റീഷ്യന് ശ്രമിച്ചിട്ടുണ്ടെന്നും, ഫലം എന്നതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നത് പ്രധാനപ്പെട്ട സാമൂഹ്യ രാഷ്ട്രീയ സമസ്യകളോടുള്ള കേരളസമൂഹത്തിന്റെ പ്രതികരണങ്ങള്‍ മാത്രമാണെന്നും സീറ്റ് പ്രവചനങ്ങളല്ല എന്നും അവര്‍ വിശദീകരിക്കുന്നു. പ്രവചനം എന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ വിജയിച്ച ഒരു പരീക്ഷണഭാഗം മാത്രമാണെന്നാണ് വിശദീകരണം.
ഏഷ്യാനെറ്റിന്റെ അനുമതിയില്ലാതെ പഠനവിവരങ്ങള്‍ പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച തീരുമാനമാകുമെന്നുമാണ് സിഇഎസ് പ്രതിനിധികളുടെ നിലപാട്. അതേ സമയം തങ്ങളുടെ പഠനകാലയളവില്‍ ഇത്രയും വിശദമായ പഠനം മറ്റാരും നടത്തിയിട്ടില്ലെന്നും ഡോ. ശ്യാംലാല്‍ അവകാശപ്പെടുന്നു. ഏഷ്യാനെറ്റ് - സിഫോര്‍ സര്‍വ്വേയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെല്ലാം തങ്ങളുടെ സര്‍വ്വേയില്‍ ഉണ്ടായിരുന്നതായും കൂടാതെ അമ്പതോളം മറ്റു ചോദ്യങ്ങളും ഉള്പ്പെടുത്തിയിരുന്നതായുമാണ് ഡോ. ശ്യാംലാല്‍ വെളിപ്പെടുത്തുന്നത്. സിഫോര്‍ നടത്തിയതായി അവകാശപ്പെടുന്ന സര്‍വ്വേ വാസ്തവത്തില്‍ സിഇഎസ് പഠനഫലങ്ങളെ ആശ്രയിച്ചായിരിക്കാനുള്ള സാധ്യതയിലേക്കാണ് ഈ അവകാശവാദം വിരല്‍ചൂണ്ടുന്നത്.
അതിനിടയില്‍ പ്രൊഫഷണല്‍ സീഫോളജി അനലിസ്റ്റുകളുടെ സാംപ്ലിങ് തട്ടിപ്പ് സംബന്ധിച്ച വെളിപ്പെടുത്തലുകളും ഇതേ ഡിസ്കഷന് ലിസ്റ്റില്‍ മുറയ്ക്ക നടക്കുന്നുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഏഷ്യാനെറ്റിന്റെ താത്പര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടാകുന്നതില്‍ തെറ്റില്ല.
ഏതായാലും സര്‍വ്വേ വിവാദം പൊടിപൊടിക്കുകയാണ്. പെയ്ഡ് ന്യൂസിനു സമാനമായ തെരഞ്ഞെടുപ്പ് അഴിമതിയാണ് ഏഷ്യാനെറ്റ് നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം.
No comments:
Post a Comment