Sunday, April 24, 2011

'വസന്തത്തിന്റെ ഇടിമുഴക്കം' ഭീതി വിതയ്ക്കുമ്പോള്‍ - ഡി. ശ്രീജിത്ത്‌

'വസന്തത്തിന്റെ ഇടിമുഴക്കം' ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് ചുരുക്കം. പക്ഷേ, ചിലചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. നക്‌സല്‍ പ്രസ്ഥാനം മാവോവാദികള്‍ എന്ന പേരില്‍ വളര്‍ന്നുപടര്‍ന്ന് ഇന്ത്യന്‍ ഭൂഖണ്ഡത്തിന്റെ ഒരുഭാഗം മുഴുവന്‍ ചോരകൊണ്ട് ചുവപ്പിക്കുമ്പോഴും പാവപ്പെട്ടവരില്‍ പാവപ്പെവരുടെ അവസ്ഥ മാറുന്നുണ്ടോ? ആരാണ് ഈ നക്‌സല്‍ പ്രസ്ഥാനത്തെ പണംനല്‍കി സഹായിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ തന്നെപറയുന്നു അവര്‍ക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നില്ല എന്ന്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തോളം നക്‌സലുകള്‍ കെടുതി വരുത്തിയിട്ടുള്ളത് പൊതുമുതലിനാണ്. റെയില്‍വേ പാളങ്ങളും പോലീസ് സ്റ്റേഷനുകളും പല കേന്ദ്ര, സംസ്ഥാനസ്ഥാപനങ്ങളും അവര്‍ തകര്‍ത്തിട്ടുണ്ട്. അപ്പോഴും ഇവരുടെ ശക്തികേന്ദ്രങ്ങളായ ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും വര്‍ഗശത്രുക്കളായ ആഗോളമുതലാളിമാരുടെ ഫാക്ടറികളും സ്ഥാപനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ട്?


'വസന്തത്തിന്റെ ഇടിമുഴക്കം' ഭീതി വിതയ്ക്കുമ്പോള്‍ - ഡി. ശ്രീജിത്ത്‌ 


'തെരുവുയുദ്ധങ്ങളുടെ വര്‍ഷങ്ങള്‍' എന്ന് പ്രമുഖ സാമൂഹികശാസ്ത്രജ്ഞന്‍ താരിഖ്അലി പിന്നീട് പേരിട്ടുവിളിച്ച അറുപതുകളുടെ അവസാനമായിരുന്നു അത്. ജാതിവ്യവസ്ഥയും ജെമീന്ദാരിയും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ജനങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ച കാലം. ചൈനയില്‍ മാവോയുടെ വിപ്ലവം ഇടതുപക്ഷവിശ്വാസികളില്‍ പുതിയ കാഴ്ചപ്പാടുകള്‍ വളര്‍ത്തുന്ന ആ കാലത്താണ് സി.പി.എം. നേതാക്കളായ ചാരുമജുംദാറും കനുസന്യാലും പുതിയവഴി തേടിയത്. സഹനംമടുത്ത ജനതയുടെ മോചനത്തിനായി 1967 മെയ് 25ന് പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍പ്പെടുന്ന നക്‌സല്‍ബാരി ഗ്രാമത്തില്‍ ഈ നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സായുധസമരമാണ് കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി ഇന്ത്യയില്‍ പടര്‍ന്നുപിടിച്ച ഇടത് ഉഗ്രവാദമായി മാറിയത്. 'വസന്തത്തിന്റെ ഇടിമുഴക്ക'മെന്നാണ് പീക്കിങ് റേഡിയോ നക്‌സല്‍ബാരി പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്. ചാരുമജുംദാറിന്റെ നേതൃത്വത്തില്‍ സി.പി.എം. (മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ്) രൂപവത്കരിച്ചതോടെ ഇതൊരു പുതിയ പ്രഭാതത്തിന്റെ ആരംഭമായി പശ്ചിമബംഗാള്‍ മുതല്‍ കേരളം വരെ നീളുന്ന വലിയ ഭൂവിഭാഗത്തിലെ ഒരുവിഭാഗം ഇടതുപക്ഷ വിശ്വാസികളും കരുതി. ബിഹാറിലും ഒറീസ്സയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം സായുധ വിപ്ലവത്തില്‍ വിശ്വസിക്കുന്ന പുതിയ സംഘങ്ങള്‍ വളര്‍ന്നുവന്നു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ചാരുമജുംദാര്‍ പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ടതോടെ ആളിക്കത്തിയിരുന്ന നക്‌സല്‍പോരാട്ടം താത്കാലികമായി കെട്ടടങ്ങി. എന്നാല്‍ രാജ്യത്തെ അവസ്ഥകള്‍ക്ക് മാറ്റമില്ലാതായതോടെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ ഒട്ടേറെ തീവ്രഇടതുപക്ഷ പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നു. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒറ്റപ്പെട്ട പോരാട്ടങ്ങളും ജനകീയ വിചാരണകളും അധികാരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി സാധാരണക്കാരുടെ ശബ്ദം ഇവര്‍ എപ്പോഴും കേള്‍പ്പിച്ചുകൊണ്ടിരുന്നു. ആന്ധ്ര ആസ്ഥാനമാക്കി ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ബിഹാറിലെ ജാര്‍ഖണ്ഡ് വനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റ് സെന്ററും 2004-ല്‍ ഒന്നിച്ചശേഷമാണ് വീണ്ടും ഇന്ത്യയില്‍ നക്‌സല്‍പ്രസ്ഥാനം ശക്തിയാര്‍ജിച്ചത്. മാവോവാദികള്‍ എന്നറിയപ്പെട്ട ഇവര്‍ വനങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ മോചിപ്പിച്ച് സ്വന്തംഭരണം പ്രഖ്യാപിക്കാന്‍ തുടങ്ങി. നക്‌സലൈറ്റുകള്‍ രാജ്യത്തിനകത്തെ ഭീകരവാദികളാണെന്ന് പ്രഖ്യാപിച്ച് ഇവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് നിശ്ശബ്ദമായി ഇവര്‍ വളരുക തന്നെയായിരുന്നു.
പശ്ചിമബംഗാളിലെ ലാല്‍ഗഢ് ഗ്രാമം ഒരു കൂട്ടം മാവോവാദികള്‍ പിടിച്ചെടുത്തതോടെയാണ് വീണ്ടും നക്‌സലൈറ്റുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. 2008 നവംബറില്‍ പശ്ചിമ മിഡ്‌നാപുരിലെ സാല്‍ബോനിയില്‍ ജിന്‍ഡല്‍ ഗ്രൂപ്പിന്റെ നിര്‍ദിഷ്ട സ്റ്റീല്‍ പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, അന്നത്തെ കേന്ദ്ര രാസവളമന്ത്രി രാംവിലാസ് പസ്വാന്‍ തുടങ്ങിയവരുടെ അകമ്പടി വാഹനങ്ങള്‍ക്കുനേരേയുണ്ടായ കുഴിബോംബ് ആക്രമണമാണ് പ്രശ്‌നങ്ങളുടെ തുടക്കം. സാല്‍ബോനിയില്‍ ജിന്‍ഡല്‍ ഫാക്ടറി തുടങ്ങുന്നതിനു സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി മാവോവാദികള്‍ നടത്തിയ ഈ ആക്രമണത്തിനെ പോലീസ് തിരിച്ചടിച്ചത് ഗ്രാമങ്ങളില്‍ നടത്തിയ കൊടിയ മര്‍ദനത്തിലൂടെയാണ്. മാവോവാദികളെ തേടിയുള്ള പോലീസ് തിരച്ചില്‍ സാധാരണ ഗ്രാമീണര്‍ക്കുനേരെയുള്ള ആക്രമണമായി മാറിയതോടെ ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ ആദ്യത്തെ അവസരം കാത്തുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും നേതാവ് മമതാ ബാനര്‍ജിയും രംഗത്തിറങ്ങി. മാവോവാദികളുടെ പിന്തുണയോടെ അവര്‍ ആരംഭിച്ച പോലീസ് ആക്രമണ വിരുദ്ധസേന ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് സംസ്ഥാനപോലീസ് പ്രഖ്യാപിച്ചതോടെ ലാല്‍ഗഢും സമീപ പ്രദേശങ്ങളും പിടിച്ചെടുത്തതായി മാവോവാദികള്‍ പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനും റോഡുകളും പിടിച്ചടക്കി ഗ്രാമങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി അവര്‍ നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയ പശ്ചിമബംഗാള്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ ആഴ്ചകളോളം മുള്‍മുനയില്‍ നിര്‍ത്തി.
2008 നവംബറില്‍ത്തന്നെയുണ്ടായ മുംബൈ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായി ആഭ്യന്തരവകുപ്പ് പി. ചിദംബരം ഏറ്റെടുത്തപ്പോള്‍ മുതല്‍ മാവോവാദികളെ ഒതുക്കാനുള്ള തീവ്രനടപടികള്‍ ആരംഭിച്ചതാണ്. അതിനുമുമ്പും കേന്ദ്രം ഇതിനുള്ള ശ്രമങ്ങള്‍ പലതും നടത്തുകയും ഇതിനായി പ്രത്യേക കോബ്രാസേനയെ രൂപവത്കരിക്കുകയും ചെയെ്തങ്കിലും അതെല്ലാം ഫയലില്‍ ഉറങ്ങുകയും ക്രമസമാധാനം സംസ്ഥാന പോലീസിന്റെ വിഷയമാണെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയും ചെയ്തു. 2005-ല്‍ നക്‌സല്‍സേനകളുടെ ശക്തികേന്ദ്രമായ ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നക്‌സലൈറ്റുകളെ അടിച്ചമര്‍ത്താന്‍ കേന്ദ്രഅര്‍ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന പോലീസിന്റെയും ചില പ്രാദേശിക സംഘങ്ങളുടെയും സഹായത്തോടെ ആരംഭിച്ച സല്‍വാജുദൂം എന്ന ഗുണ്ടാസേന ഒരുഭാഗത്തും നക്‌സലൈറ്റുകള്‍ മറുഭാഗത്തും നിരന്നത് സ്വതവെ ദുരിതപൂര്‍ണമായ ഗ്രാമനിവാസികളുടെ ജീവിതം ദുസ്സഹമാക്കി. സല്‍വാജുദൂമിന്റെ ചാരന്മാരെന്ന് ആരോപിച്ച് നക്‌സലൈറ്റുകളും നക്‌സല്‍ അനുഭാവികളാണെന്ന് ആരോപിച്ച് സല്‍വാജുദൂമും ഗ്രാമീണര്‍ക്കുനേരേ നിരന്തരം ആക്രമണങ്ങള്‍ നടത്തി. എന്നാല്‍, എല്ലാ മനുഷ്യാവകാശങ്ങളെയും നിഷേധിച്ചാണ് സര്‍ക്കാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സല്‍വാജുദൂം പ്രവര്‍ത്തിച്ചിരുന്നതെന്നും ഇവരുടെ പ്രവര്‍ത്തനം നക്‌സലുകള്‍ക്കനുകൂലമായ മനോഭാവം ഗ്രാമീണരില്‍ സൃഷ്ടിക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ എന്നുമാണ് ഈ പ്രദേശങ്ങളില്‍നിന്ന് മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്ത് ഇവര്‍ ഈ പ്രദേശങ്ങളില്‍ അഴിഞ്ഞാട്ടമാണ് നടത്തിയതെന്നാണ് ആരോപണം. എഴുത്തുകാരനായ സുദീപ് ചക്രവര്‍ത്തി കഴിഞ്ഞ ദിവസത്തെ 'ഹിന്ദുസ്ഥാന്‍ ടൈംസ്' ദിനപത്രത്തില്‍ അദ്ദേഹം നേരിട്ടുകണ്ട രംഗം വിവരിക്കുന്നുണ്ട്- ''ബീജാപ്പുരില്‍ മാവോവാദി അനുഭാവി എന്നു സല്‍വാജുദൂംസേന സംശയിക്കുന്ന ഒരാളെയും അയാളുടെ കൗമാരം പിന്നിടാത്ത മകനെയും പീഡിപ്പിക്കുന്നതാണ് ഞാന്‍ നേരിട്ടുകണ്ടത്. അവര്‍ അയാളെ തല്ലുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. പിന്നീട് കണ്ണുതുരന്നെടുത്ത ശേഷം നെഞ്ച് കുത്തിക്കീറി. പിന്നീട് കൈകാലുകള്‍ വെട്ടിമാറ്റിയശേഷം തല തല്ലിത്തകര്‍ത്തു. അയാളുടെ ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഇതെല്ലാം കാണാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മൂത്തമകനെ അവര്‍ പിന്നീടെന്തുചെയ്തു എന്നറിവില്ല.'' സല്‍വാജുദൂമിന്റെ പ്രഭാവകാലത്ത് പത്രപ്രവര്‍ത്തകരെ കാണുന്ന മാത്രയില്‍ വെടിവെച്ചുകൊല്ലാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് വാക്കാല്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുദീപ് ചക്രവര്‍ത്തി, 2007 ഫിബ്രവരിയില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങ് പോലീസ്-രഹസ്യാന്വേഷണ സേനകളെ അഭിസംബോധന ചെയ്ത് നടത്തിയ ചെറുപ്രസംഗവും എടുത്തുപറയുന്നു. രമണ്‍സിങ്ങ് പറഞ്ഞതിങ്ങനെ: ''രാജ്യത്ത് ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയമായ അഹിംസയും മരണമടഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് സല്‍വാ ജുദൂം. സല്‍വാജുദൂം കൊടുംചൂടില്‍ ഉരുകുന്ന വനഭൂമിയുടെ ഒഴുകിപ്പരക്കുന്ന സുഗന്ധമാണ്.''

കുട്ടികളുടെ അവകാശം സംരക്ഷിക്കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷനായ എന്‍.സി.പി.ആര്‍.സി.യുടെ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സല്‍വാജുദൂമിനെ കുറ്റവിമുക്തമാക്കിയിട്ടുണ്ട്. എന്‍.സി.പി.ആര്‍.സി.യുടെ റിപ്പോര്‍ട്ടില്‍, സല്‍വാജുദൂം അംഗങ്ങള്‍ ഗ്രാമീണരെ കൊന്നെന്നും സ്ത്രീകളെ ബലാത്സംഗം ചെയെ്തന്നുമുള്ള പരാതികളെക്കുറിച്ചും അവരുടെ ക്രൂരതകളെക്കുറിച്ചുമുള്ള വിവരണമുണ്ട്. എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്‍ ആകെ കണ്ടെത്തിയിട്ടുള്ളത് സല്‍വാജുദൂമില്‍ ചേരാനായി ഗ്രാമീണരെ മര്‍ദിച്ചതായി പരാതിയുണ്ട് എന്നുമാത്രമാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ ഛത്തീസ്ഗഢിന്റെ ബസ്തര്‍ മേഖലയില്‍ നക്‌സല്‍പ്രസ്ഥാനം വളര്‍ന്നു. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുപ്രകാരം സല്‍വാജുദൂം ആരംഭിച്ചശേഷം ഈ മേഖലയില്‍ നക്‌സലുകളുടെ വളര്‍ച്ച 22 മടങ്ങാണ്. ദന്തേവാഡ, ബീജാപ്പുര്‍ പ്രദേശത്തെ അവാപള്ളി, ബസുഗുഡ, ലിംഗാഗിരി ഗ്രാമങ്ങളിലെ പലഭാഗത്തും ഇവര്‍ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്. ഈ ഗ്രാമവാസികള്‍ സര്‍ക്കാറിന്റെ വോട്ടര്‍പട്ടികയില്‍ പോലും ഇല്ല. മിക്കവാറും കളക്ടര്‍, പോലീസ് സൂപ്രണ്ട് തുടങ്ങിയ സര്‍ക്കാര്‍ പ്രതിനിധികള്‍ ഈ പ്രദേശത്ത് നിസ്സഹായരാണ്. നക്‌സല്‍ അതിക്രമത്തിന്റെ എന്നതുപോലെ തന്നെ പോലീസ് അതിക്രമത്തിന്റെയും നൂറുകഥകള്‍ പറയാനുള്ളവരാണ് ഈ പ്രദേശത്തുള്ളവരില്‍ പലരും. ആന്ധ്രയുടെയും മഹരാഷ്ട്രയുടെയും ഒറീസ്സയുടെയും അതിര്‍ത്തികള്‍ പങ്കിടുന്ന ദന്തേവാഡ ജില്ലയിലെ പ്രദേശങ്ങളാണ് നക്‌സലുകളുടെ ആസ്ഥാനം അഥവാ റെഡ് ബെല്‍റ്റ്. ദന്തേവാഡയുടെ അതിര്‍ത്തിയിലുള്ള ചന്ദ്രാപുര്‍ കൂടാതെ മഹാരാഷ്ട്രയിലെ ഗോണ്ടിയ, ഗഡ്ചിറോളി എന്നീ ജില്ലകളും ആന്ധ്രപ്രദേശിലെ ഖമ്മം, കരിംനഗര്‍, വാറങ്കല്‍, ഈസ്റ്റ് ഗോദാവരി ജില്ലകളും ഒറീസ്സയിലെ അതിര്‍ത്തിജില്ലകളും ഇതില്‍പ്പെടും. ബിഹാറിന്റെ നേപ്പാള്‍ അതിര്‍ത്തിമുതല്‍ തുടങ്ങുന്ന നക്‌സല്‍ പ്രദേശങ്ങളില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയും ജംഷേദ്പുരും റ്റാറ്റാ നഗറുമെല്ലാം ഉള്‍പ്പെടും. ഇന്ത്യാമഹാരാജ്യത്തിലെ 626 ജില്ലകളില്‍ 220-ലും നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വേരോട്ടമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രം നിഷേധിക്കുന്നുണ്ടെങ്കിലും ഇവരുടെ പൂര്‍ണനിയന്ത്രണത്തിന് കീഴില്‍ നൂറോളം മേഖലകളുണ്ടെന്നാണ് കണക്ക്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗ്രാമങ്ങളില്‍ ഇവര്‍ വേരുകള്‍ ഉണ്ടാക്കുന്നതുപോലെ തന്നെ ഹരിയാണ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കും പ്രവേശിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയും സ്ത്രീവിവേചനവും പോലുള്ള സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് ഇവര്‍ ഹരിയാണയിലും മറ്റും പ്രവേശിച്ചിരിക്കുന്നത്. അതിനുമപ്പുറം ഡല്‍ഹി മുതലായ വന്‍കിട നഗരങ്ങളിലും മാവോവാദികളുടെ സ്വാധീനം ശക്തമാണെന്നാണ് സി.പി.എം. (മാവോവാദി) പൊളിറ്റ് ബ്യൂറോ അംഗം കൊബാഡ് ഗാണ്ഡിയുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്. മുംബൈ നഗരത്തിലെ പാഴ്‌സികുടുംബത്തില്‍ ജനിച്ച് ഉന്നതസാമൂഹികശ്രേണികളില്‍ വളര്‍ന്ന് ഡൂണ്‍സ്‌കൂളില്‍ സഞ്ജയ്ഗാന്ധിക്കൊപ്പം പഠിച്ച് മുംബൈ സെന്റ് സേവ്യേഴ്‌സിലും ലണ്ടണ്‍ കേംബ്രിജിലും പഠിച്ചശേഷമാണ് ഗാണ്ഡി സി.പി.എം. മാവോവാദി പ്രസ്ഥാനത്തില്‍ എത്തിയത്. നഗരങ്ങളില്‍ മാവോവാദി് പ്രസ്ഥാനം വളര്‍ത്താനുള്ള ഗാണ്ഡിയുടെ ശ്രമം വിജയിക്കുമോ എന്ന ഭയത്തിലാണ് പോലീസ്.
സായുധവിപ്ലവത്തിന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു വിശ്വസിക്കുന്ന മാവോവാദികള്‍ അവര്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നുണ്ട്. ജെ.എം.എം. നേതാവ് സുനില്‍ മഹാതേയെ വധിച്ചത് അയാള്‍ കാലാകാലങ്ങളായി ജനങ്ങളെ ചൂഷണം ചെയ്തതുകൊണ്ടാണെന്ന് സി.പി.എം. മാവോവാദി ജനറല്‍ സെക്രട്ടറി ഗണപതി തന്നെ ഒരഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ നേതാവായിരുന്ന മുപ്പല്ല ലക്ഷ്മണ റാവു എന്ന ഗണപതിയാണ് ഇപ്പോള്‍ പോലീസ് തിരയുന്ന മാവോവാദികളില്‍ പ്രമുഖന്‍. അര്‍ധ സൈനികവിഭാഗത്തിനൊപ്പം നക്‌സലുകളെ നേരിടാനുള്ള പ്രത്യേക സേനാവിഭാഗമായ കോബ്രയും ഗരുഡയുമെല്ലാം ഒരുമിച്ച് നക്‌സല്‍ വേട്ടയ്ക്കിറങ്ങുകയാണിപ്പോള്‍. പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് ഇന്‍ഡ്‌വാറിന്റെ തലയറുത്തും മഹാരാഷ്ട്ര അതിര്‍ത്തിയില്‍ 17 പോലീസുകാരെ സേനാവ്യൂഹവുമായി ചെന്ന് കൊന്നുതള്ളിയുമാണ് നക്‌സലുകള്‍ ഇതിനോട് പ്രതികരിക്കുന്നത്. ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെയുള്ള പോലീസുകാരില്‍ ഒരു വിഭാഗം തങ്ങളിനി നക്‌സല്‍ വേട്ടയ്ക്കില്ലെന്നുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുതോക്കുകളും ലാത്തിയുമായി മരണത്തോട് പോരാടാന്‍ ആരാണ് ധൈര്യപ്പെടുക? 'വസന്തത്തിന്റെ ഇടിമുഴക്കം' ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് ചുരുക്കം. പക്ഷേ, ചിലചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. നക്‌സല്‍ പ്രസ്ഥാനം മാവോവാദികള്‍ എന്ന പേരില്‍ വളര്‍ന്നുപടര്‍ന്ന് ഇന്ത്യന്‍ ഭൂഖണ്ഡത്തിന്റെ ഒരുഭാഗം മുഴുവന്‍ ചോരകൊണ്ട് ചുവപ്പിക്കുമ്പോഴും പാവപ്പെട്ടവരില്‍ പാവപ്പെവരുടെ അവസ്ഥ മാറുന്നുണ്ടോ? ആരാണ് ഈ നക്‌സല്‍ പ്രസ്ഥാനത്തെ പണംനല്‍കി സഹായിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ തന്നെപറയുന്നു അവര്‍ക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നില്ല എന്ന്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തോളം നക്‌സലുകള്‍ കെടുതി വരുത്തിയിട്ടുള്ളത് പൊതുമുതലിനാണ്. റെയില്‍വേ പാളങ്ങളും പോലീസ് സ്റ്റേഷനുകളും പല കേന്ദ്ര, സംസ്ഥാനസ്ഥാപനങ്ങളും അവര്‍ തകര്‍ത്തിട്ടുണ്ട്. അപ്പോഴും ഇവരുടെ ശക്തികേന്ദ്രങ്ങളായ ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും വര്‍ഗശത്രുക്കളായ ആഗോളമുതലാളിമാരുടെ ഫാക്ടറികളും സ്ഥാപനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ട്?

ഡിസ്ക്ലൈമര്‍ : ലേഖനത്തിന്റെ പല അഭിപ്രായങ്ങളോടും യോജിക്കുന്നില്ലെങ്കിലും .

No comments:

Post a Comment