Sunday, April 10, 2011

ഹൃദയത്തിന്റെ എഴുത്ത്

ഏപ്രില്‍ 10- സര്‍ഗ്ഗാത്മകതയുടെ മുന്തിരിത്തോപ്പുകളിലിരുന്ന് കാലത്തെ പ്രവചിച്ച മഹാനായ എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ തൊണ്ണൂറാം ചരമവര്‍ഷം. ''ജിബ്രാന്റെ രചനകളോട് മലയാളികള്‍ക്ക് പ്രത്യേകമായൊരു ആഭിമുഖ്യമുണ്ട്. നിരവധി പരിഭാഷകളും പഠനങ്ങളും ഒരു ഗവേഷണപ്രബന്ധവും ഇതിനകം വന്നുകഴിഞ്ഞു. ജിബ്രാന്റെ ഭാഷ വ്യത്യസ്തമാണ്. ദേശീയത വ്യത്യസ്തമാണ്. രാഷ്ട്രീയ ചുറ്റുപാടുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ജിബ്രാന്റെ ഉത്കണ്ഠകള്‍, സന്ദേഹങ്ങള്‍, ആത്മീയമായ അന്വേഷണങ്ങള്‍, യോഗാത്മക ദര്‍ശനങ്ങള്‍ - ഇവയിലെല്ലാം നാം നമ്മെത്തന്നെ തിരിച്ചറിയുന്നു. അതിനാല്‍ നമുക്ക് പരിഭാഷ സൃഷ്ടിപോലെത്തന്നെ ലഹരിദായകമായൊരു കാര്യമായിത്തീരുന്നു. പ്രണയത്തിലും വ്യക്തിബന്ധങ്ങളിലും രാഷ്ട്രീയചിന്തകളിലും പ്രതിഷേധങ്ങളിലും ജിബ്രാന്‍ സാധാരണ മനുഷ്യനായിരുന്നു. എന്നാല്‍ ജിബ്രാനില്‍ ഒരു ആധ്യാത്മികദുഃഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോധത്തില്‍ സനാതനമായൊരു ജീവിതമുണ്ടായിരുന്നു. ഗദ്യത്തില്‍ ജിബ്രാന്‍ സൃഷ്ടിച്ചത് കാവ്യഭാഷയായിരുന്നു. നിഗൂഢതയുടെ ആന്തരികതയില്‍നിന്ന് എത്തുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ചിന്തിക്കുമ്പോള്‍ അദ്ദേഹം യോഗിയായിരുന്നു. എഴുതുമ്പോള്‍ അദ്ദേഹം യോഗിയായ ചിത്രകാരനായി മാറി. വാക്യങ്ങളില്‍ ഒരു ചിത്രത്തെ തുറന്നുവിട്ടുകൊണ്ടാണ് അദ്ദേഹം എഴുതിയത്.'' എന്ന് കെ.പി.അപ്പന്‍ .ജിബ്രാന്റെ ചില രചനകള്‍ ഇവിടെ വായിക്കാം.



കണ്ണ്

ഒരു ദിവസം കണ്ണ് പറഞ്ഞു, 'ഈ താഴ്‌വരയ്ക്കപ്പുറം നീലമഞ്ഞില്‍ പുതച്ചിരിക്കുന്ന ഒരു പര്‍വ്വതത്തെ ഞാന്‍ കാണുന്നു. അത് മനോഹരമല്ലെന്നുണ്ടോ?'
കാത് ശ്രദ്ധിച്ചിരുന്നു, ഏകാഗ്രമായി കുറച്ചുനേരം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു, 'എന്നാല്‍ എവിടെയാണ് ഏതെങ്കിലും പര്‍വ്വതം? ഞാന്‍ അതൊന്നും കേള്‍ക്കുന്നില്ല.'
അപ്പോള്‍ കൈ സംസാരിച്ചു, 'ഞാന്‍ വെറുതെ അതിനെ തൊടുവാനോ അനുഭവിച്ചറിയാനോ ശ്രമിക്കുന്നു, എനിക്കൊരു പര്‍വ്വതവും കാണാനാകുന്നില്ല.'
അപ്പോള്‍ മൂക്ക് പറഞ്ഞു, 'അവിടെ പര്‍വ്വതമില്ല, എനിക്ക് അത് മണത്തറിയാനാവുന്നുമില്ല.'

പിന്നീട്, കണ്ണ് മറ്റേ വഴിക്ക് തിരിഞ്ഞു. അവരെല്ലാവരും കൂടി കണ്ണിന്റെ അപരിചിതമായ മിഥ്യാഭ്രമത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, 'കണ്ണിനെന്തോ പ്രശ്‌നമുണ്ടായിരിക്കണം.'

കൊടുക്കലിനെയും വാങ്ങലിനെയും കുറിച്ച്

ഒരു പാത്രം നിറയെ സൂചികളുള്ള ഒരു മനുഷ്യന്‍ ഒരിക്കല്‍ ജീവിച്ചിരുന്നു. ഒരു ദിവസം യേശുവിന്റെ അമ്മ അവന്റെ അടുത്തു വന്ന് പറഞ്ഞു, 'സുഹൃത്തേ, എന്റെ മകന്റെ ഉടുപ്പ് കീറിപ്പറിഞ്ഞിരിക്കുന്നു. ദേവാലയത്തില്‍ പോകുന്നതിനു മുന്‍പ് എനിക്കത് തുന്നി ശരിപ്പെടുത്തേണ്ടതുണ്ട്. നീയെനിക്കൊരു സൂചി തരില്ലേ?'

അവന്‍ അവള്‍ക്ക് സൂചി കൊടുത്തില്ല. എന്നാല്‍ ദേവാലയത്തില്‍ പോകുന്നതിനു മുന്‍പ് അവനോടു പറയാനായി കൊടുക്കല്‍വാങ്ങലിനെക്കുറിച്ച് പണ്ഡിതോചിതമായ ഒരു പ്രസംഗം നല്‍കി.

കുറുക്കന്‍

സൂര്യനുദിച്ചപ്പോള്‍ കുറുക്കന്‍ തന്റെ നിഴല്‍ നോക്കിപ്പറഞ്ഞു, 'ഇന്ന് ഉച്ചഭക്ഷണത്തിന് എനിക്കൊരു ഒട്ടകത്തെ കിട്ടണം.' ഒട്ടകങ്ങളെ തേടി പ്രഭാതം മുഴുവനും അവന്‍ നടന്നു. എന്നാല്‍ ഉച്ചയ്ക്ക് അവന്‍ സ്വന്തം നിഴല്‍ വീണ്ടും കണ്ടു - അവന്‍ പറഞ്ഞു, 'ഒരു എലിയായാലും മതിയായിരുന്നു.'

വന്‍കടല്‍

എന്റെ ആത്മാവും ഞാനുംകൂടി കുളിക്കുവാനായി വന്‍സമുദ്രത്തിലേക്കു പോയി. സമുദ്രതീരത്തെത്തിയപ്പോള്‍ ഞാന്‍ നിഗൂഢവും ഏകാന്തവുമായ ഇടം നോക്കി നടന്നു.

എന്നാല്‍, ഞങ്ങള്‍ നടന്നപ്പോള്‍ ചാരവര്‍ണ്ണമാര്‍ന്ന പാറയില്‍ ഇരുന്ന്, ഒരു മനുഷ്യന്‍ അയാളുടെ സഞ്ചിയില്‍നിന്ന് ഉപ്പു നുള്ളിയെടുത്ത് കടലിലേക്ക് എറിയുന്നത് കണ്ടു.

'ഇതാണ് അശുഭാപ്തിവിശ്വാസി,' എന്റെ ആത്മാവ് പറഞ്ഞു. 'നമുക്കിവിടം വിട്ടുപോകാം, നമുക്കിവിടെ കുളിക്കേണ്ട.'
ഒരു മുനമ്പിലെത്തുംവരെ ഞങ്ങള്‍ നടന്നു. അവിടെ ഒരു വെള്ളക്കല്ലില്‍ രത്‌നഖചിതമായ പെട്ടിയും പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്‍, അതില്‍നിന്ന് പഞ്ചസാരയെടുത്ത് കടലിലേക്ക് എറിയുന്നതു കണ്ടു.

'ഇതാണ് ശുഭാപ്തിവിശ്വാസി,' എന്റെ ആത്മാവ് പറഞ്ഞു. 'ഇവന്‍ പോലും നമ്മുടെ നഗ്നശരീരങ്ങള്‍ കണ്ടുകൂടാ.' പിന്നെയും ഞങ്ങള്‍ നടന്നുതുടങ്ങി. പിന്നീട് കടല്‍ത്തീരത്ത്, ചത്തുകിടക്കുന്ന മീനുകളെ പെറുക്കിയെടുത്ത് സൗമ്യതയോടെ അവയെ ജലത്തിലേക്കുതന്നെ ഇടുന്ന ഒരു മനുഷ്യനെ കണ്ടു.
'ഇവന്റെ മുന്നിലും നമുക്ക് കുളിച്ചുകൂടാ,' എന്റെ ആത്മാവ് പറഞ്ഞു, 'ഇവനാകുന്നു മാനുഷികമായ സ്‌നേഹവികാരങ്ങളുള്ളവന്‍.'
ഞങ്ങള്‍ പിന്നേയും നടന്നു.

പിന്നീട്, സ്വന്തം നിഴല്‍ മണലില്‍ അടയാളപ്പെടുത്തുന്ന ഒരു മനുഷ്യനെ കണ്ടു. വന്‍ തിരമാലകള്‍ വന്ന് അത് മായ്ച്ചുകളഞ്ഞു. അയാള്‍ വീണ്ടു വീണ്ടും അത് അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു.

'അവന്‍ ഒരു യോഗാത്മകദര്‍ശനമുള്ളവനാണ്,' എന്റെ ആത്മാവ് പറഞ്ഞു, 'നമുക്കവനെ ഇവിടെ വിടാം.'
ശാന്തമായ ഉള്‍ക്കടലില്‍നിന്ന് പത കോരിയെടുത്ത്, അതൊരു വെണ്ണക്കല്ലിന്റെ കോപ്പയില്‍ ഇടുന്ന ഒരു മനുഷ്യനെ കാണുന്നതുവരെ ഞങ്ങള്‍ നടന്നുകൊണ്ടേയിരുന്നു.

'അവന്‍ ഒരു ആശയവാദിയാണ്,' എന്റെ ആത്മാവ് പറഞ്ഞു, 'തീര്‍ച്ചയായും അവന്‍ നമ്മുടെ നഗ്നത കാണരുത്.'
ഞങ്ങള്‍ നടന്നുതുടങ്ങി. പെട്ടെന്ന് ഞങ്ങള്‍ ഉറക്കെപ്പറയുന്ന ഒരു ശബ്ദം കേട്ടു, 'ഇതാണ് കടല്‍. ഇതാണ് അഗാധമായ കടല്‍. ഇതാണ് വിശാലമായ പ്രചണ്ഡമായ കടല്‍.' ആ ശബ്ദത്തിനടുത്തെത്തിയപ്പോള്‍ അതു കടലിനെതിരെ തിരിഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യനായിരുന്നു. അയാളുടെ കാതില്‍ അയാള്‍ ഒരു ശംഖ് പിടിച്ചിരുന്നു, അതിന്റെ മര്‍മ്മരം ശ്രദ്ധിച്ചുകൊണ്ട്.

എന്റെ ആത്മാവ് പറഞ്ഞു, 'നമുക്ക് മുന്നോട്ട് പോകാം. അയാള്‍ ഒരു യാഥാര്‍ത്ഥ്യവാദിയാണ്. അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പൂര്‍ണ്ണതയ്‌ക്കെതിരെ നിന്ന്, ഒരു കഷണത്തില്‍ മാത്രം വ്യാപൃതനാകുന്നവനാണവന്‍.'

അതുകൊണ്ട് ഞങ്ങള്‍ കടന്നുപോയി. പാറക്കെട്ടുകള്‍ക്കിടയിലെ കളച്ചെടികള്‍ നിറഞ്ഞ സ്ഥലത്ത,് തല മണലില്‍ പൂഴ്ത്തിക്കൊണ്ട് ഒരു മനുഷ്യനുണ്ടായിരുന്നു. ഞാന്‍ എന്റെ ആത്മാവിനോട് പറഞ്ഞു, 'നമുക്കിവിടെ കുളിക്കാം, അവന്‍ നമ്മെ കാണുകയില്ല.'
'വേണ്ട,' എന്റെ ആത്മാവ് പറഞ്ഞു, 'എന്തുകൊണ്ടെന്നാല്‍, അവരില്ലെല്ലാവരിലുംവെച്ച് ഏറ്റവും മൃതനാണിവന്‍, അതിരൂക്ഷമായ ധാര്‍മ്മികമതാചാരങ്ങളും ഉള്ളവനാണവന്‍.'

അപ്പോള്‍ എന്റെ ആത്മാവിന്റെ മുഖത്ത് ഒരു മഹാദുഃഖം പരന്നു, അവളുടെ ശബ്ദത്തിലേക്കും.
'നമുക്ക് ഇവിടെനിന്നും പോകാം,' അവള്‍ പറഞ്ഞു, 'എന്തുകൊണ്ടെന്നാല്‍, ഇവിടെ നമുക്ക് കുളിക്കാന്‍ പറ്റിയ ഏകാന്തമായ മറയുള്ള സ്ഥലമില്ല. എന്റെ സ്വര്‍ണ്ണത്തലമുടി ഉയര്‍ത്തുവാനോ അല്ലെങ്കില്‍ എന്റെ വെളുത്ത മാറിടത്തെ ഈ അന്തരീക്ഷത്തില്‍ നഗ്നമാക്കുവാനോ അല്ലെങ്കില്‍ എന്റെ വിശുദ്ധനഗ്നതയെ പ്രകാശം വെളിപ്പെടുത്തുവാനോ, ഞാന്‍ ഈ കാറ്റിനെ സമ്മതിക്കുകയില്ല.'
പിന്നീട്, മഹാസമുദ്രത്തെ തേടിക്കൊണ്ട്, ഞങ്ങള്‍ ആ സമുദ്രം വിട്ടുപോന്നു.

നിങ്ങള്‍ ചോദിക്കുന്നു, ഞാന്‍ എങ്ങനെ ഒരു ഭ്രാന്തനായെന്ന്.

നിങ്ങള്‍ ചോദിക്കുന്നു, ഞാന്‍ എങ്ങനെ ഒരു ഭ്രാന്തനായെന്ന്. അതിങ്ങനെയാണ് സംഭവിക്കുന്നത്. ഒരു ദിവസം ഒട്ടുവളരെ ദൈവങ്ങള്‍ ജനിക്കുന്നതിന് മുന്‍പ്, അഗാധനിദ്രയില്‍ നിന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ എല്ലാ പൊയ്മുഖങ്ങളും മോഷ്ടിക്കപ്പെട്ടതായി കണ്ടു. ഞാന്‍ രൂപപ്പെടുത്തിയെടുത്തതും, ഏഴു ജന്മങ്ങളില്‍ ഞാന്‍ ധരിച്ചിരുന്നതുമായ എല്ലാ പൊയ്മുഖങ്ങളും. ജനത്തിരക്കേറിയ തെരുവീഥികളിലൂടെ പൊയ്മുഖമില്ലാതെ ഞാന്‍ അലറിപ്പറഞ്ഞു, 'കള്ളന്മാര്‍, കള്ളന്മാര്‍, ശപിക്കപ്പെട്ട കള്ളന്മാര്‍.'

സ്ത്രീകളും പുരുഷന്മാരും എന്നെ നോക്കി ചിരിച്ചു. ചിലര്‍ എന്നെ ഭയന്ന് വീടുകളിലേക്ക് ഓടി.

ചന്തസ്ഥലത്ത് ഞാന്‍ എത്തിയപ്പോള്‍ വീടിനു മുകളില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ വിളിച്ചു പറഞ്ഞു, 'അവനൊരു ഭ്രാന്തനാണ്.' ഞാന്‍ അയാളെ കാണുവാന്‍ വേണ്ടി നോക്കി; സൂര്യന്‍ ആദ്യമായി എന്റെ നഗ്നമായ മുഖത്ത് ചുംബിച്ചു, സൂര്യന്‍ ആദ്യമായി എന്റെ നഗ്നമായ മുഖത്ത് ചുംബിച്ചപ്പോള്‍, സൂര്യനോടുള്ള പ്രണയത്താല്‍ എന്റെ ആത്മാവ് കത്തിജ്ജ്വലിച്ചു. പിന്നെ ഞാനെന്റെ പൊയ്മുഖങ്ങള്‍ ആഗ്രഹിച്ചില്ല. ഒരു മയക്കത്തില്‍ എന്നവണ്ണം ഞാന്‍ വിളിച്ചു പറഞ്ഞു, 'അനുഗൃഹീതര്‍, അനുഗൃഹീതര്‍, എന്റെ പൊയ്മുഖങ്ങള്‍ മോഷ്ടിച്ച കള്ളന്മാര്‍, അനുഗൃഹീതര്‍.'

അങ്ങനെ ഞാനൊരു ഭ്രാന്തനായി.

ഞാന്‍ എന്റെ ഭ്രാന്തില്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടെത്തി; ഏകാന്തതയുടെ സ്വാതന്ത്ര്യവും അവബോധമുളവാകുന്നതില്‍ നിന്നുള്ള സുരക്ഷിതത്വവും. എന്തെന്നാല്‍, ഞങ്ങളെ മനസ്സിലാക്കുന്നവര്‍, ഞങ്ങളിലുള്ള എന്തെങ്കിലും അടിമപ്പെടുത്തുന്നു.
എന്നാല്‍, ഞാനെന്റെ സുരക്ഷിതത്വത്തില്‍ അഹന്തയുള്ളവന്‍ ആകാതിരിക്കട്ടെ. ജയിലിലുള്ള ഒരു കള്ളന്‍ പോലും മറ്റൊരു കള്ളനില്‍ നിന്നും സുരക്ഷിതനാണ്.

നോക്കുകുത്തി

ഒരിക്കല്‍ ഞാനൊരു നോക്കുകുത്തിയോടു പറഞ്ഞു, 'ഈ ഏകാന്തമായ വയലില്‍ നിന്നു നീ ക്ഷീണിച്ചിരിക്കും അല്ലേ?'
അപ്പോള്‍ അവന്‍ പറഞ്ഞു, 'മറ്റുള്ളവരെ പേടിപ്പിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ആഹ്ലാദം അഗാധതയാര്‍ന്നതും നിലനില്‍ക്കുന്നതുമായ ഒന്നാണ്. ഞാനതില്‍ ഒരിക്കലും ക്ഷീണിച്ചിട്ടില്ല.'

ഒരു നിമിഷനേരത്തെ ചിന്തക്കു ശേഷം ഞാന്‍ പറഞ്ഞു, 'അത് സത്യമാണ്. എന്തുകൊണ്ടെന്നാല്‍, ഞാനും ആ ആഹ്ലാദം അറിഞ്ഞിട്ടുണ്ട്.'
അവന്‍ പറഞ്ഞു, 'വൈക്കോലിനാല്‍ നിറയ്ക്കപ്പെട്ടവര്‍ക്കു മാത്രമാണ് അതറിയുവാനാകുക.'
അപ്പോള്‍ ഞാനവനെ വിട്ടുപോന്നു. അവന്‍ എന്നെ സ്തുതിക്കുകയോ പുച്ഛിക്കുകയോ ചെയ്തതെന്നറിയാതെ.
ഒരു വര്‍ഷം കടന്നുപോയി. അതിനിടയില്‍ നോക്കുകുത്തി ഒരു തത്ത്വജ്ഞാനിയായി മാറി.
ഞാന്‍ അവനരികിലൂടെ വീണ്ടും നടന്നുപോയപ്പോള്‍ അവന്റെ തൊപ്പിക്കു കീഴില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടുന്നതു കണ്ടു.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ ജിബ്രാന്റെ ഭ്രാന്തന്‍ എന്ന പുസ്തകത്തില്‍ നിന്ന്)


പേജ് 

No comments:

Post a Comment