മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Monday, August 31, 2015
കാര്‍ഷികമേഖല സംരക്ഷിക്കാന്‍ - എം വി ഗോവിന്ദന്‍
കാര്‍ഷികമേഖല സംരക്ഷിക്കാന്‍
ഇന്ത്യയിലെ ഇടതുപക്ഷ കര്‍ഷകസംഘടനകളുടെയും കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും ആഹ്വാനപ്രകാരം സെപ്തംബര്‍ ഒന്ന് അവകാശദിനമായി ആചരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം സംഘടനകള്‍ സംയുക്തമായി ഒരു കാര്‍ഷികപ്രക്ഷോഭം നടത്തുന്നത്. മുമ്പും ദേശീയതലത്തില്‍ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഏറെ പ്രസക്തമാണ്. രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ വര്‍ഗീയതയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കുകയും വര്‍ഗീയസംഘര്‍ഷങ്ങള്‍ വളര്‍ത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയുംചെയ്യുന്ന സാഹചര്യത്തില്‍ ദേശീയതലത്തിലെ ഈ ഐക്യത്തിന് ഏറെ പ്രാധാന്യമുണ്ട്. വിഷലിപ്തമായ വര്‍ഗീയവികാരം ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കാന്‍ ഭരണാധികാരികള്‍ക്ക് അവസരമൊരുക്കുകയാണ് സംഘപരിവാര്‍.
ഇന്ത്യ കാര്‍ഷികരാജ്യമാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അത്യധ്വാനം ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവിലപോലും ലഭിക്കുന്നില്ല. ഇടനിലക്കാരും വന്‍കിട കോര്‍പറേറ്റുകളും അവരുടെ ഉല്‍പ്പന്നങ്ങള്‍ നിസ്സാരവിലയ്ക്ക് വാങ്ങി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വന്‍ലാഭത്തില്‍ വില്‍ക്കുന്നു. അതോടൊപ്പം, ഭക്ഷ്യധാന്യ ഇറക്കുമതിയെ കേന്ദ്രഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചമൂലം കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയും ബ്ലേഡ് മാഫിയകളുടെ ഭീഷണിയുംമൂലം രണ്ടുലക്ഷത്തിലധികം കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്.
യുപിഎ ഭരണകാലത്ത് അഴിമതിക്കും ദുര്‍നയങ്ങള്‍ക്കുമെതിരെ വാതോരാതെ പ്രസംഗിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഏതൊക്കെ കാര്യങ്ങളെ തങ്ങള്‍ എതിര്‍ത്തിരുന്നോ അവയൊക്കെ പതിന്മടങ്ങ് ശക്തമായി തുടരുകയാണ്. രാജ്യത്തെയാകെ കാവി പുതപ്പിക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും കാവിവല്‍ക്കരണം നടക്കുന്നു. അതല്ലാതെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു നടപടിയുമില്ല.ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം നാമമാത്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പതിറ്റാണ്ടുകളായി തുടരുകയാണ്. കേരളത്തിനപ്പുറം കര്‍ഷകത്തൊഴിലാളികള്‍ പരമ ദരിദ്രരാണ്. അവര്‍ക്ക് സ്വന്തമായി ഒരുതുണ്ടു ഭൂമി എന്നത് ഇന്നും സ്വപ്നംമാത്രമാതി അവശേഷിക്കുന്നു. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സ് കൃഷിക്കാരിലും കുടികിടപ്പുകാരിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അവര്‍ അന്തിയുറങ്ങിയ മണ്ണില്‍നിന്ന് അവരെ പിന്നീടാരും ആട്ടിയോടിച്ചില്ല. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ അവരെ മണ്ണിന്റെ ഉടമകളാക്കി. ഇന്ത്യക്കാകെ മാതൃകയായ നിയമനിര്‍മാണം നടത്തിയിട്ടും കേരളത്തിനപ്പുറം ബംഗാളും ത്രിപുരയും ഒഴികെ മറ്റൊരു സംസ്ഥാനത്തിനും ആ പാത പിന്തുടരാനായില്ല.
ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട മിച്ചഭൂമി ഭൂമാഫിയകള്‍ക്ക് യഥേഷ്ടം കൈകാര്യംചെയ്യാന്‍ പാകത്തില്‍ നിലവിലുള്ള ഭൂനിയമംതന്നെ അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കോര്‍പറേറ്റുകളും ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ചേര്‍ന്ന് ഭൂമി വെട്ടിപ്പിടിക്കുന്നതിന് നിയമപരിരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. കര്‍ഷക- കര്‍ഷകത്തൊഴിലാളി ജനവിഭാഗങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തവരാണ് ഇന്നത്തെ ഭരണാധികാരികള്‍. അവരുടെ മൂടിക്കെട്ടിയ കണ്ണ് തുറപ്പിക്കാന്‍ അതിശക്തമായ പോരാട്ടമല്ലാതെ മറ്റു മാര്‍ഗവുമില്ല. കര്‍ഷകത്തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന ബോധം ആദ്യം അംഗീകരിക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്. കേരളത്തില്‍ ഇന്ന് കിട്ടുന്ന അംഗീകാരവും സുരക്ഷിതത്വവും ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്.
ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും നേടിയെടുക്കാനുള്ള പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. അതിനുവേണ്ടി വസ്തുതാപരമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കാന്‍ അരലക്ഷത്തോളം പേരാണ് ഭരണസിരാകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. കേരളത്തില്‍പ്പോലും എത്രയോപേര്‍ ഇനിയും ഭൂരഹിതരും ഭവനരഹിതരുമാണെങ്കില്‍ ഭൂനിയമത്തിന്റെ ഒരാനുകൂല്യവും നേടാനാകാത്ത ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിയൊന്നു ചിന്തിക്കൂ.കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ജീവനൊടുക്കുന്നതിന് പരിഹാരം കാണാന്‍ കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയും കൃഷിക്കാരന് ഭൂമി നല്‍കുകയും കൃഷി ലാഭകരമാക്കാനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുകയും വേണം. അതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കണം. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശയോടൊപ്പം അതിന്റെ 50 ശതമാനം കൂടെ വര്‍ധിപ്പിച്ച് താങ്ങുവില പ്രഖ്യാപിച്ചാലേ കൃഷിക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാകൂ. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാകാതെ വരുമ്പോള്‍ കര്‍ഷകര്‍ ബ്ലേഡ് മാഫിയകളില്‍നിന്ന് കൂടിയ പലിശയ്ക്ക് പണം കടംവാങ്ങി കൃഷിചെയ്യുന്നു. വിളകള്‍ക്ക് ന്യായവില ലഭിക്കാതെ വരുമ്പോള്‍ കടക്കെണിമൂലവും ബ്ലേഡ് മാഫിയക്കാരുടെ ഭീഷണിമൂലവും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു.
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ജനം ബുദ്ധിമുട്ടിലാണ്. ഭക്ഷ്യക്ഷാമം പരിഹരിക്കാനും വിലക്കയറ്റം തടയാനുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങളും മറ്റും വാങ്ങി സിവില്‍സപ്ലൈസ് വഴി ന്യായവിലയ്ക്ക് നല്‍കിയിരുന്നു. നമ്മുടെ രാജ്യത്ത് എഫ്സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുകയാണ്. അവ ഉപയോഗശൂന്യമാകുമ്പോള്‍ നശിപ്പിച്ചുകളയുന്ന പ്രവണതയാണ് ഇപ്പോള്‍. അതിനു പരിഹാരമായി എഫ്സിഐ ഗോഡൗണുകള്‍ അടച്ചുപൂട്ടാനാണ് നീക്കം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി കുറഞ്ഞവിലയ്ക്ക് ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കണം.
ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്ന് നിലവിലുള്ള തുച്ഛമായ പെന്‍ഷന്‍പോലും എങ്ങനെ വിതരണം ചെയ്യാതിരിക്കാമെന്നാണ് സര്‍ക്കാരുകള്‍ ചിന്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആദിവാസി- ദളിത് വിഭാഗങ്ങള്‍ക്കും എതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും അറുതിവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം.ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി ദേശീയതലത്തില്‍ ഇടതുപക്ഷ കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനകള്‍ അവകാശദിനം ആചരിക്കുന്നതോടൊപ്പം സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുകയുംചെയ്യുന്നു. ദേശീയ പണിമുടക്കിനു മുന്നോടിയായി സെപ്തംബര്‍ ഒന്നിന്റെ അവകാശദിനവും വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു
- on 31-August-2015 ദേശാഭിമാനി
Subscribe to:
Post Comments (Atom)
No comments:
Post a Comment