Sunday, August 30, 2015

പൊതുപണിമുടക്കിനായി രാജ്യം തയ്യാറെടുക്കുന്നു


എ കെ പത്മനാഭന്‍

രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളാകെ മിക്കവാറും എല്ലാ മേഖലകളിലും എല്ലാ സംസ്ഥാനങ്ങളിലും സെപ്തംബര്‍ 2ന്റെ 24 മണിക്കൂര്‍ പൊതുപണിമുടക്കിനായുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഭരണവര്‍ഗങ്ങള്‍ പിന്തുടരുന്ന നവലിബറല്‍ കടന്നാക്രമണങ്ങള്‍ക്കെതിരെ 1991നുശേഷം നടക്കുന്ന രാജ്യവ്യാപകമായ 16-ാമത് പൊതുപണിമുടക്കാണിത്. 11 കേന്ദ്ര ട്രേഡ് യൂണിയനുകളും ഒപ്പം ദേശീയ ഫെഡറേഷനുകളും ഒരു സംയുക്ത വേദിയില്‍ വന്നശേഷം നടക്കുന്ന നാലാമത്തെ പൊതുപണിമുടക്കുമാണിത്.
പണിമുടക്ക് സമ്പൂര്‍ണ വിജയമാക്കി മാറ്റുന്നതിനുള്ള ആവേശകരമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതായാണ് രാജ്യത്തിന്റെ നാനാകോണുകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളാകെ സൂചിപ്പിക്കുന്നത്.
കേന്ദ്ര ട്രേഡ് യൂണിയനുകള്‍
എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും തങ്ങളുടെ ദേശീയതല യോഗങ്ങള്‍ ചേരുകയും തനത് കാംപെയ്‌നും സംയുക്ത കാംപെയ്‌നും ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ക്കും രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാന തലങ്ങളിലും തങ്ങളുടെ സംഘടനാ യോഗങ്ങള്‍ നടത്തിക്കഴിഞ്ഞു. അത്തരത്തിലുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ എല്ലാ ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും സംസ്ഥാന തലങ്ങളിലും മേഖലാതലങ്ങളിലുമുള്ള കണ്‍വെന്‍ഷനുകള്‍ വിജയകരമായി ചേരുന്നതിനിടയാക്കി.
സംസ്ഥാന കണ്‍വെന്‍ഷനുകള്‍
പശ്ചിമ ബംഗാളില്‍ നിന്നാരംഭിച്ച് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കണ്‍വെന്‍ഷനുകള്‍ ചേരുകയും രാജ്യവ്യാപക പണിമുടക്കില്‍ അണിനിരക്കാന്‍ സംസ്ഥാനത്തെ യൂണിയനുകളോടും ഫെഡറേഷനുകളോടും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്തു. ഈ കണ്‍വെന്‍ഷനുകളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ദേശീയ നേതാക്കള്‍ പങ്കെടുത്തത് അവയില്‍ പങ്കെടുത്ത പ്രതിനിധികളുടെ ആവേശം ഉയര്‍ത്തി.
ഈ കണ്‍വെന്‍ഷനുകളുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഒരു സംഭവവികാസം സംസ്ഥാനതല സംഘടനകളുടെ പങ്കാളിത്തമാണ്, അവയില്‍ ഏറെയും പ്രാദേശിക രാഷ്ട്രീയ പാര്‍ടികളുമായി ബന്ധപ്പെട്ടവയാണ്. ശിവസേന, തെലങ്കാന രാജ്യസമിതി, തെലുഗുദേശം, എംഡിഎംകെ, ഡിഎംഡികെ, തമിഴ്‌നാട്ടിലെ വിസികെ, ഝാര്‍ഖണ്ഡിലെ ജെഎംഎം എന്നിവയുടെ ട്രേഡ് യൂണിയന്‍ വിഭാഗങ്ങളും അവയുടെ നേതൃത്വത്തിലുള്ള സംഘടനകളും ഉള്‍പ്പെടുന്നതാണ് ഇവ. സംഘടനകള്‍. കേരളത്തില്‍ സംസ്ഥാനത്തെ ഭരണകക്ഷികളുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ എല്ലാ പ്രാദേശിക ട്രേഡ് യൂണിയനുകളും 2009നുശേഷം ദേശീയ പണിമുടക്കുകളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനതലങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുമായി ബന്ധമില്ലാത്തവയും എന്നാല്‍ തമിഴ്‌നാട്ടിലെ വര്‍ക്കിങ് പീപ്പിള്‍സ് കൗണ്‍സിലിനെപ്പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയോ വ്യക്തികളുടെ നേതൃത്വത്തിലുള്ളവയോ ആയ സംഘടനകളും ഈ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പൊതുമേഖലാ യൂണിയനുകള്‍
ജൂലൈ 25നു ബംഗലൂരുവില്‍ ചേര്‍ന്ന പബ്ലിക് സെക്ടര്‍ എംപ്ലോയീസ് യൂണിയനുകളുടെ കണ്‍വെന്‍ഷന്‍ രാജ്യമാസകലമുള്ള യൂണിയനുകളുടെ പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു. എല്ലാ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളോടും അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുള്ള യൂണിയനുകളും പുറകെ ബംഗലൂരുവിലെ പൊതുമേഖലാ യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭ മുന്നണിയും ഹൈദരാബാദിലെ പൊതുമേഖലാ ട്രേഡ് യൂണിയന്‍ ഏകോപന സമിതിയും പങ്കെടുത്തു. 28 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള 287 പ്രതിനിധികള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ഒരു പ്രമേയം ഈ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. പൊതുമേഖലാ തൊഴിലാളികളുടെ 12 ഇന അവകാശപത്രിക അംഗീകരിച്ച കണ്‍വെന്‍ഷന്‍ പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കുമെന്ന് പ്രതിജ്ഞയെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഐടിയു അഫിലിയേഷനുള്ള യൂണിയനുകള്‍ ചില സഹോദര യൂണിയനുകളുമായി ചേര്‍ന്ന് ജൂണ്‍ 22ന് ഹൈദരാബാദില്‍ ഒരു യോഗം ചേര്‍ന്നു. 50ല്‍ ഏറെ യൂണിറ്റുകളില്‍നിന്നായി 157 പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഏകോപന സമിതിയുടെ ആഹ്വാന പ്രകാരമായിരുന്നു അത്.
സംസ്ഥാനതല വര്‍ക്ക്‌ഷോപ്പുകളോ കണ്‍വെന്‍ഷനുകളോ ഒട്ടേറെ പൊതുമേഖലാ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രങ്ങളിലായി നടത്തുകയുണ്ടായി.
സെക്ടറല്‍ കണ്‍വെന്‍ഷന്‍
ജൂലൈ 11ന് നാഗപൂരില്‍ എല്ലാ പ്രമുഖ ഫെഡറേഷനുകളുടെയും നേതൃത്വത്തില്‍ കല്‍ക്കരിത്തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കുന്നതിന് തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക - മേഖലാ കണ്‍വെന്‍ഷനുകളും ചേര്‍ന്നു.
തുറമുഖങ്ങള്‍
പോര്‍ട്ട് ആന്റ് ഡോക് വര്‍ക്കേഴ്‌സിന്റെ അഞ്ച് ദേശീയ ഫെഡറേഷനുകളുടെ ഏകോപന സമിതി തുറമുഖതൊഴിലാളികള്‍ക്കിടയില്‍ കാപെയ്ന്‍ പ്ലാന്‍ ചെയ്യുന്നതിനായി ജൂണ്‍ 21ന് പാരദ്വീപില്‍ യോഗം ചേര്‍ന്നു. വീണ്ടും ആഗസ്ത് 8, 9 തീയതികളില്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് പണിമുടക്കിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് അവലോകനം നടത്തുകയും എല്ലാ ഘടക യൂണിയനുകളോടും മാനേജ്‌മെന്റുകള്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രചാരണത്തിനായുള്ള വിശദമായ പരിപാടിക്ക് രൂപം നല്‍കി.
പെട്രോളിയം തൊഴിലാളികള്‍
പെട്രോളിയം സെക്ടര്‍ തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകള്‍ ആഗസ്ത് 18ന് ദേശീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. എല്ലാ പ്രമുഖ എണ്ണ - പ്രകൃതി വാതക കമ്പനികളെയും പ്രതിനിധാനം ചെയ്യുന്ന ട്രേഡ് യൂണിയനുകള്‍ ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സിഐടിയുവിന്റെയും എഐടിയുസിയുടെയും ഐഎന്‍ടിയുസിയുടെയും നേതാക്കള്‍ നയിക്കുന്ന ഫെഡറേഷനുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യത്തോടുകൂടി ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ടെലികോം തൊഴിലാളികള്‍
ബിഎസ്എന്‍എല്‍നെ രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് ദ്വിദിന പണിമുടക്ക് നടത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സെപ്തംബര്‍ 2ന്റെ പണിമുടക്കിന് പൂര്‍ണമായും തയ്യാറെടുത്തിരിക്കുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ എല്ലാ സംഘടനകളും സംയുക്തമായി പണിമുടക്ക് നോട്ടീസ് നല്‍കി; സുസംഘടിതമായ കാംപെയ്‌നുകള്‍ നടത്തുകയുമാണ്.
റോഡ് ട്രാന്‍സ്‌പോര്‍ട്ട്
തൊഴിലാളികള്‍
റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ഈ പണിമുടക്കില്‍ കൂട്ടത്തോടെ പങ്കെടുക്കും. സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും സ്വയം തൊഴില്‍ രംഗത്തെയും തൊഴിലാളികള്‍ വന്‍തോതില്‍ പങ്കെടുത്ത ഏപ്രില്‍ 30ന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ വിജയകരമായ രാജ്യവ്യാപക പണിമുടക്കിനെ തുടര്‍ന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹിയിലെ മാവ്‌ലങ്കര്‍ ഹാളില്‍ ആഗസ്ത് 4ന് ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷന്‍ അരുണാചല്‍പ്രദേശും മണിപ്പൂരും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര യൂണിയനുകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സെപ്തംബര്‍ രണ്ടിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ പണിമുടക്ക് വിജയകരമായി സംഘടിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
വൈദ്യുതി തൊഴിലാളികള്‍
വൈദ്യുതി ജീവനക്കാരുടെയും എന്‍ജിനീയര്‍മാരുടെയും ദേശീയ ഏകോപന സമിതി പുതിയ വൈദ്യുതി ബില്ലിനെതിരെ രാജ്യവ്യാപകമായ കാംപെയ്‌നില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മനുഷ്യാവകാശം എന്ന നിലയില്‍ വൈദ്യുതിയുടെ ഡിമാന്‍ഡുകള്‍ക്ക് ഈ ബില്ല് മരണമണി മുഴക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഊര്‍ജം ലഭ്യമാകുന്നത് ഈ ബില്ല് നിയമമാകുന്നതോടെ ഇല്ലാതാകും. പുതിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണെങ്കില്‍ രാജ്യവ്യാപകമായ പണിമുടക്ക് നടത്താന്‍ എന്‍സിസിഒഇഇഇ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പട്ടികയില്‍ അത് ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സെപ്തംബര്‍ 2ന്റെ പണിമുടക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നു.
കേന്ദ്ര - സംസ്ഥാന ജീവനക്കാര്‍
പൊതുപണിമുടക്ക് ശക്തമായ പ്രതിഷേധ ദിനമായി മാറ്റുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ രാജ്യവ്യാപകമായി കാംപെയ്ന്‍ നടത്തുകയാണ്. തപാല്‍, ആദായനികുതി, ആഡിറ്റ് ആന്റ് അക്കൗണ്ട്‌സ് തുടങ്ങി എല്ലാ വകുപ്പുകളിലെയും എല്ലാ വിഭാഗം ജീവനക്കാരെയും അണിനിരത്താനുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.
സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം അഖിലേന്ത്യാ സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ ജൂലൈ 11ന് ഔപചാരികമായ തീരുമാനമെടുത്തശേഷം പണിമുടക്കില്‍ ജീവനക്കാരെ അണിനിരത്താന്‍ നേതാക്കള്‍ പര്യടനത്തിലാണ്. പല സംസ്ഥാനങ്ങളിലും സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും കണ്‍വെന്‍ഷനുകള്‍ നടത്തിവരികയാണ്.
ഡിഫെന്‍സ് ജീവനക്കാര്‍
പ്രതിരോധ വകുപ്പിലെ സിവിലിയന്‍ ജീവനക്കാര്‍ പണിമുടക്കിനായി പൂര്‍ണമായ തയ്യാറെടുപ്പു നടത്തുകയാണ്. ആള്‍ ഇന്ത്യ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷനും ഐഎന്‍ടിയുസിയുടെയും ബിഎംഎസിന്റെയും നേതൃത്വത്തിലുള്ള ഫെഡറേഷനുകളും തൊഴിലാളികളോട് പണിമുടക്കാന്‍ സംയുക്തമായി അഭ്യര്‍ഥിച്ചിരിക്കുകയാണ്. ആഗസ്ത് 4 മുതല്‍ 6 വരെ മൂന്നു ഫെഡറേഷനുകളും തനതായി പണിമുടക്ക് ബാലറ്റ് എടുത്തിരിക്കുകയാണ്.
ധനകാര്യമേഖല
സെപ്തംബര്‍ 2ന്റെ പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കാന്‍ ബാങ്കിങ് - ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ യൂണിയനുകള്‍ പതിവുപോലെ സജീവമായി തയ്യാറെടുക്കുകയാണ്. റിസര്‍വ് ബാങ്കിലെയും നബാര്‍ഡിലെയും ജീവനക്കാരും പണിമുടക്കിലായിരിക്കും.
സ്‌കീം തൊഴിലാളികള്‍
അംഗന്‍വാടി മേഖലയില്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ എല്ലാ ഫെഡറേഷനുകളും സംയുക്തമായി തീരുമാനിച്ചിരിക്കുകയാണ്. സ്‌കീം തൊഴിലാളികളോടുള്ള ഗവണ്‍മെന്റിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമായി പണിമുടക്കിനെ മാറ്റാനുള്ള കാംപെയ്‌നില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, എന്‍സിഎല്‍പി തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍.
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ പ്രചാരണം നടക്കുന്നതായാണ്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സംഘടിതരംഗത്തെ തൊഴിലാളികള്‍ അസംഘടിത രംഗങ്ങളിലെ വലിയ വിഭാഗം തൊഴിലാളികള്‍ക്കും ദിവസക്കൂലിക്കാര്‍ക്കും എല്ലാ വിഭാഗങ്ങളിലുമുള്ള അധ്വാനിക്കുന്നവര്‍ക്കുമൊപ്പം പണിമുടക്കിന് തയ്യാറെടുക്കുകയാണ്.
വീടുവീടാന്തരമുള്ള കാംപെയ്‌നുകള്‍, പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍, പന്തംകൊളുത്തി പ്രകടനങ്ങള്‍ എന്നിവയെല്ലാം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരികയാണ്; സ്ത്രീ-പുരുഷന്മാരുടെ വമ്പിച്ച പങ്കാളിത്തത്തോടുകൂടി ആയിരക്കണക്കിന് തൊഴിലിടങ്ങളിലെ യോഗങ്ങള്‍ നടന്നുവരുന്നു. പല കേന്ദ്രങ്ങളിലും പൊതുപണിമുടക്ക് സമ്പൂര്‍ണ ഹര്‍ത്താലായി മാറും.
രാജ്യം മുന്നോട്ട്
രാജ്യമാകെ ആഗസ്ത് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് നാം കണ്ടു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 69-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്തെ മഹനീയ ലക്ഷ്യങ്ങളും ആയിരക്കണക്കായ നമ്മുടെ രക്തസാക്ഷികളുടെയും കഠിനമായ പീഡനങ്ങളും പ്രയാസങ്ങളും നേരിട്ടുകൊണ്ട് ജയില്‍വാസം അനുഭവിച്ചിരുന്ന ദശലക്ഷക്കണക്കിനാളുകളുടെയും സ്വപ്‌നങ്ങളും ഇന്നും സാക്ഷാത്കരിക്കപ്പെടാനാകാതെ വിദൂര ലക്ഷ്യമായി സ്ഥിതി ചെയ്യുകയാണ്. എല്ലാ വിഭാഗങ്ങളിലുംപെട്ട അധ്വാനിക്കുന്നവരുടെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തേണ്ടതാണ്.
പൊതുവായി അംഗീകരിക്കപ്പെട്ട അവകാശപത്രികയുടെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുടെ ഐക്യത്തെയും നടത്തപ്പെടുന്ന സമരങ്ങളെയും ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കെതിരായ വമ്പിച്ച സമരമായി വികസിപ്പിക്കേണ്ടതുണ്ട്.
സെപ്തംബര്‍ രണ്ടിന്റെ ദേശവ്യാപകമായ പൊതുപണിമുടക്ക്, സമരങ്ങളുടെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമായി അടയാളപ്പെടുത്തപ്പെടും. ഭരണവര്‍ഗ നയങ്ങള്‍ക്കെതിരായ അത്യുഗ്രന്‍ താക്കീതാകത്തക്കവിധത്തിലുള്ള വമ്പിച്ച പ്രക്ഷോഭമായി ഈ ഏകദിന പണിമുടക്ക് മാറും. രാജ്യത്തിന്റെ നയപരമായ പരിപ്രേക്ഷ്യത്തില്‍ മാറ്റം വരുത്താന്‍ നാം സമ്മര്‍ദം ശക്തിപ്പെടുത്തണം; അധ്വാനിക്കുന്ന ജനത ഒന്നാകെ അതിനായി അണിനിരക്കണം. -
ചിന്ത വാരിക 2015 ആഗസ്റ്റ്

No comments:

Post a Comment