Monday, August 31, 2015

കേരളത്തിലെ നവോത്ഥാന മുന്നേറ്റവും വര്‍ത്തമാനകാല ചര്‍ച്ചകളും - കോടിയേരി ബാലകൃഷ്ണന്‍

ശ്രീനാരായണഗുരുവിനെക്കുറിച്ച് പിണറായി വിജയനും സിപിഐ എമ്മിനും ഒന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചതായി കണ്ടു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച് കേരളത്തിലെ പിന്നോക്കാദി ദളിത് വിഭാഗങ്ങള്‍ അവശത അനുഭവിക്കുകയാണെന്നും അതിന് പരിഹാരം കാണാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെടുകയും ചെയ്തു. സിപിഐ എമ്മിനെതിരെ ചില സമുദായനേതാക്കള്‍ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ നടത്തിവരികയാണ്. കേരളത്തിന്റെ സാമൂഹികവികാസം എങ്ങനെ ഉണ്ടായി എന്ന പരിശോധനയും ചര്‍ച്ചയും അനിവാര്യമാകുന്ന അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കേരളീയ സമൂഹത്തിന്റെ സവിശേഷത മതേതരവും ജനാധിപത്യപരവുമായ ജീവിതക്രമത്തിന്റെ വികാസമാണ്. അതോടൊപ്പം, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലും വലിയ പുരോഗതിയുണ്ടായി. ഇത്തരം ജീവിതക്രമം കേരളത്തില്‍ വികസിച്ചതു സംബന്ധിച്ച് പലവിധ പ്രചാരണങ്ങളും നടക്കുന്നു. കേരളത്തിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം അതിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീയമായി ഏറ്റുമുട്ടിക്കുന്നതിനുള്ള പരിശ്രമങ്ങളും നടക്കുകയാണ്. കേരളത്തിലെ ഫ്യൂഡല്‍ഘടന ജാതി- ജന്മി- നാടുവാഴിത്ത സംയുക്തമായാണ് നിലനിന്നത്. സാമൂഹികജീവിതത്തില്‍ ജാതിയുടെയും സാമ്പത്തികരംഗത്ത് ജന്മിത്വത്തിന്റെയും രാഷ്ട്രീയരംഗത്ത് നാടുവാഴിത്തത്തിന്റെയും മേല്‍ക്കോയ്മയാണ് നിലനിന്നത്. ഈ സവിശേഷ സാഹചര്യത്തെയാണ് ജാതി- ജന്മി- നാടുവാഴിത്തം എന്ന് ഇ എം എസ് വിശേഷിപ്പിച്ചത്. ജന്മിത്വവുമായി സന്ധിചെയ്തും അതിന്റെ സംരക്ഷകരായും സാമ്രാജ്യത്വശക്തികള്‍ നിലകൊണ്ടു. നാട്ടിന്‍പുറത്തെ സാമ്രാജ്യത്വത്തിന്റെ സഖ്യശക്തികളായി ജന്മിത്വം പ്രവര്‍ത്തിച്ചു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായി നിരവധി പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവന്നു. പഴശ്ശിരാജാവും വേലുത്തമ്പിയും സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. കാര്‍ഷികകലാപങ്ങള്‍ മലബാറില്‍ ഉള്‍പ്പെടെ രൂപപ്പെട്ടു. ജനകീയപോരാട്ടങ്ങളെ ബ്രിട്ടീഷുകാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തി. രാഷ്ട്രീയമായി ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ജന്മിത്വത്തെ താങ്ങിനിര്‍ത്തുന്ന ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നു. ജാതീയതയ്ക്ക് അതീതമായുള്ള മിഷണറിമാരുടെയും മറ്റും ഇടപെടലുകള്‍ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് സഹായകമായി. മേല്‍മുണ്ട് കലാപംപോലുള്ള സമരങ്ങളുണ്ടായി. തെക്കന്‍ തിരുവിതാംകൂറില്‍ ജാതീയതയ്ക്കെതിരായി അയ്യാ വൈകുണ്ഠനെപ്പോലുള്ളവര്‍ രംഗത്തിറങ്ങി. പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ പിന്നീട് വലിയ പ്രസ്ഥാനങ്ങളായി വളര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനു പിന്നില്‍ പല ഘടകങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക ചിന്തകള്‍ കടന്നുവന്നതോടെ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ വന്നു. വിദ്യാസമ്പന്നരായാലും ജാതീയമായ അടിച്ചമര്‍ത്തലുകളില്‍നിന്ന് മോചനമില്ലെന്ന തിരിച്ചറിവുണ്ടായി. ആധുനികമായ ഉല്‍പ്പാദനക്രമങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ നാട്ടില്‍ ഉയര്‍ന്നുവന്ന ചിന്തകള്‍ പുതിയ കാലഘട്ടത്തിനുസരിച്ച് വായിക്കപ്പെട്ടു. അദൈ്വത വേദാന്തംപോലുള്ള സിദ്ധാന്തങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. എല്ലാം ഒരുപോലെയാണെങ്കില്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ എന്തിന് എന്ന ചോദ്യത്തിലേക്ക് അത് വികസിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാടിലേക്ക് ശ്രീനാരായണഗുരു എത്തിയത് ഇത്തരം വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ചട്ടമ്പിസ്വാമികളെയും അയ്യന്‍കാളിയെയുംപോലുള്ള സാമൂഹികപരിഷ്കര്‍ത്താക്കള്‍ ചോദ്യംചെയ്തതും നിലനില്‍ക്കുന്ന ജാതിഘടനയെയും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമസംഹിതകളെയുമായിരുന്നു. ഇവരാരുംതന്നെ പാശ്ചാത്യചിന്തകളോ ഭാഷയോ കൈവശമുള്ളവരായിരുന്നില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. അക്കാലത്തെ സാമൂഹികപരിഷ്കര്‍ത്താക്കള്‍ തങ്ങള്‍ ജീവിക്കുന്ന സമുദായത്തിന്റെമാത്രമല്ല സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളിലേക്കും ശ്രദ്ധയൂന്നി. അടിസ്ഥാന ജനവിഭാഗത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ആശയങ്ങള്‍ സവര്‍ണവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്ന സ്ഥിതിയാണുണ്ടായത്. ഉത്തരേന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്നാണ് കേരളത്തിലെ നവോത്ഥാനം ഉയര്‍ന്നുവന്നത്. 1918ല്‍ തിരുവിതാംകൂറില്‍ സ്വന്തമായി കാറുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളായിരുന്നു ഈഴവസമൂഹത്തില്‍ ജനിച്ച ആലമ്മൂട് ചാന്നാര്‍. അദ്ദേഹം വൈക്കത്ത് കാറില്‍ യാത്രചെയ്യുന്ന സ്ഥിതി സി കേശവന്‍ ജീവിതസമരം എന്ന ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നുണ്ട്. ""ആ പ്രതാപമൊന്നും ഈ ക്ഷേത്രം റോഡ് വകവച്ചു കൊടുത്തിരുന്നില്ല. ചാന്നാരുടെ കാര്‍ നടയുടെ കിഴക്കുവശത്ത് വന്നാല്‍ ചാന്നാര്‍ ഇറങ്ങിക്കൊള്ളണം. വടക്കുവശത്തെ ഊടുവഴികളില്‍ക്കൂടി ചാന്നാര്‍ കൊടികളെല്ലാം താഴ്ത്തി പതുങ്ങി ഹൈസ്കൂളിനടുത്ത് വന്ന് കാറില്‍ വീണ്ടും കയറിക്കൊള്ളണം.'' ആളുകള്‍ എത്ര സമ്പന്നനാണെങ്കിലും ജാതീയതയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിരുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു. അക്കാലത്തെ ഈ സമൂഹത്തെ കണ്ടാണല്ലോ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് കേരളത്തെ വിശേഷിപ്പിച്ചത്. അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും ലോകത്ത് തളയ്ക്കപ്പെട്ടതായിരുന്നു പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ ജീവിതം. കേരളത്തിലെ ജാതിഘടനയിലുള്ള സവിശേഷതയും അതുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന ആചാരസമ്പ്രദായങ്ങളും സവര്‍ണ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനചിന്തകള്‍ രൂപപ്പെടുത്തി. മാതാപിതാക്കളും കുട്ടികളുമെന്ന ആധുനിക കുടുംബ കാഴ്ചപ്പാടുകള്‍ കടന്നുവന്നതോടെ നിലനില്‍ക്കുന്ന സമ്പ്രദായത്തോട് എതിര്‍പ്പുകള്‍ രൂപപ്പെട്ടു. അക്കാലത്തെ സ്ഥിതിയെപ്പറ്റി മന്നത്ത് പത്മനാഭന്‍ ഇങ്ങനെ എഴുതുന്നുണ്ട്: ""അക്ഷരാഭ്യാസം സിദ്ധിക്കാത്ത നിര്‍ധനായ ഒരു ഉണ്ണിനമ്പൂതിരി സര്‍. സി ശങ്കരന്‍നായരെ കണ്ടാലും എഴുന്നേല്‍ക്കണമെന്ന് ശങ്കിക്കുന്നില്ല. വെറും ഒരു നമ്പൂതിരിയെ കണ്ടാല്‍ ശങ്കരന്‍നായര്‍ക്കായാലും ഇരിപ്പുറയ്ക്കുമെന്ന് തോന്നുന്നില്ല.'' (മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍). നമ്പൂതിരി സമുദായത്തിലാകട്ടെ ഇളയവര്‍ക്ക് സ്വസമുദായത്തില്‍നിന്ന് വിവാഹം പാടില്ലെന്ന ആചാരമാണ് നിലനിന്നത്. സ്ത്രീകള്‍ക്ക് ആചാരബന്ധിതമായ നിയമങ്ങളാല്‍ പുറത്തിറങ്ങാന്‍പോലും പറ്റാത്ത സാഹചര്യവും. വിധവകളായാല്‍ മരണത്തിന് തുല്യമായ ജീവിതമാണ് വിധിക്കപ്പെട്ടത്.നമ്പൂതിരിമാരിലെ ഇളയ അംഗങ്ങള്‍ക്ക് അനുഭവിക്കേണ്ട പ്രയാസവും സ്ത്രീകള്‍ സവിശേഷമായി നേരിട്ട പ്രശ്നങ്ങളും നവോത്ഥാന ആശയങ്ങളെ ഉണര്‍ത്തി. യോഗക്ഷേമസഭ സ്ത്രീകളുടെ പാരതന്ത്ര്യത്തിന് എതിരായാണ് ശബ്ദിച്ചത്. സമൂഹത്തില്‍ നിലനിന്ന ദുരാചാരങ്ങള്‍ക്കെതിരായ സമരമായി അത് വളര്‍ന്നുവന്നു. കീഴാള ജനവിഭാഗത്തില്‍ രൂപപ്പെട്ടുവന്ന ജാതീയതയ്ക്കെതിരായ ചിന്തകളും ആശയങ്ങളും ഇത്തരം വിഭാഗങ്ങളിലും നവോത്ഥാന ആശയങ്ങള്‍ വളര്‍ത്തി. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനചിന്ത ഇക്കാലത്ത് വളര്‍ന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസത്തിനും പ്രാദേശിക ഭാഷാപഠനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നവോത്ഥാന പ്രസ്ഥാനം പ്രധാനമായും മുന്നോട്ട് വച്ചത്. ഓത്തുപള്ളികളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുവരെ വലിയ സമരം നടക്കുകയുണ്ടായി. ഖുര്‍ആന്‍ മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടതും ഇത്തരം സമരങ്ങളിലൂടെയായിരുന്നു. മക്തി തങ്ങളേയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയേയും സി എന്‍ അഹമ്മദ് മൗലവിയേയുംപോലുള്ള നവോത്ഥാന ചിന്തകര്‍ നായകസ്ഥാനത്തെത്തി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ സാര്‍വദേശീയ തര്‍ക്കങ്ങളും പ്രാദേശികവല്‍ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് സജീവമായത്. ചില സഭകള്‍തന്നെ ഇത്തരം സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ടു. പൊയ്കയില്‍ യോഹന്നാനും പാമ്പാടി ജോണ്‍ ജോസഫ് പോലുള്ളവരും ഇത്തരം പോരാട്ടങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നു.നവോത്ഥാനചിന്തകള്‍ സാമൂഹികമണ്ഡലത്തില്‍ സജീവമാകുകയും അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെതന്നെ പ്രധാന അജന്‍ഡയായി ഉയരുകയും ചെയ്തു. 20-ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ദേശീയപ്രസ്ഥാനം കേരളത്തില്‍ ശക്തിപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നവര്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരാന്‍ തുടങ്ങി. നാട്ടുരാജ്യങ്ങളിലെ സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായി സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള സമ്മര്‍ദം ശക്തിപ്പെട്ടുവന്നു. എസ്എന്‍ഡിപിയിലൂടെ കടന്നുവന്ന ടി കെ മാധവന്റെ ഇടപെടലാണ് ഇത്തരം മാറ്റത്തിന് ഇടയാക്കിയത്. 1924ല്‍ വൈക്കം സത്യഗ്രഹം ഉണ്ടാകുന്നത് ഇതിന്റെ ഭാഗമായാണ്. വൈക്കം സത്യഗ്രഹത്തിലെ പ്രധാന മുദ്രാവാക്യം വൈക്കം ക്ഷേത്രത്തിന്റെ നാലുവഴികളും എല്ലാ വിഭാഗം ഹിന്ദു വിശ്വാസികള്‍ക്കും തുറന്നുകൊടുക്കണം എന്നതായിരുന്നു. വൈക്കം സത്യഗ്രഹത്തിന് വലിയ പിന്തുണ സംസ്ഥാനത്തും പുറത്തും ഉണ്ടായി. സവര്‍ണ വിഭാഗങ്ങളിലെ അക്കാലത്തെ ഉല്‍പ്പതിഷ്ണുക്കള്‍ ആ പ്രക്ഷോഭത്തെ പിന്തുണച്ചു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ ജാഥ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നടയായി സഞ്ചരിച്ചു. ഗാന്ധിജിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ പാര്‍ടിയുടെ സ്ഥാപകനേതാവായിരുന്ന കൃഷ്ണപിള്ളയുടെ നാടായ വൈക്കത്താണ് സമരം നടന്നത്. കൃഷ്ണപിള്ള ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സത്യഗ്രഹികളുടെ ത്യാഗങ്ങള്‍ താന്‍ നേരില്‍ക്കണ്ട കാഴ്ചകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുണ്ട്: ""ഈ സമരത്തിന് എന്തെല്ലാം കുറവുകളുണ്ടായാലും മലബാര്‍ ലഹളയ്ക്കുശേഷം കേരളത്തില്‍ ആദ്യമായി സംഘടിതരൂപത്തില്‍ നടത്തിയ ഒരു ദേശീയ സമരപരിപാടി എന്ന നിലയിലും കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നും വളന്റിയര്‍മാരും നേതാക്കന്മാരും പങ്കെടുത്ത ഒരു പ്രസ്ഥാനമെന്ന നിലയിലും തിരുവിതാംകൂറിലെ ദുഷിച്ചതും ഏത് മര്‍ദനവിധാനങ്ങളും കൈക്കൊള്ളാന്‍ മടിയില്ലാത്ത രാജാധിപത്യത്തിനെതിരായ പ്രക്ഷോഭമെന്ന നിലയിലും ഈ സമരം നമ്മുടെ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ ഒരു ഉജ്വലമായ അധ്യായമാണ്.'' മലബാര്‍ ലഹളയ്ക്കുശേഷമുള്ള സംഘടിത ദേശീയ സമരപരിപാടി എന്നാണ് കൃഷ്ണപിള്ള ഇതിനെ വിലയിരുത്തിയത് എന്നോര്‍ക്കണം. നവോത്ഥാനസമരങ്ങളെ അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി ഏത് തരത്തിലാണ് കണ്ടിരുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് കൃഷ്ണപിള്ളയുടെ ഈ വിലയിരുത്തല്‍ (അവസാനിക്കുന്നില്ല) 01-September-2015