Sunday, August 30, 2015

മണ്ണ്: വികസനത്തിന്റെ യഥാര്‍ഥ ഇര - പ്രൊഫ. സി. രവീന്ദ്രനാഥ്


അന്താരാഷ്ട്ര മണ്ണ് വര്‍ഷം


ഭൂമിയിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയായ മണ്ണാണ്, വികസനത്തിന്റെ യഥാര്‍ഥ ഇര. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് 'മണ്ണ് നമ്മുടെ ജീവന്‍' എന്ന മുദ്രാവാക്യവുമായി 2015 നെ 'അന്താരാഷ്ട്ര മണ്ണ് വര്‍ഷ'മായി ആചരിക്കുന്നത്.


ഭൂമുഖത്തെ മറ്റെല്ലാ ആവാസവ്യവസ്ഥകളും മണ്ണെന്ന മുഖ്യ ആവാസവ്യവസ്ഥയുടെ ഉപഘടകങ്ങളാണ്. അതിനാല്‍, മണ്ണ് മറ്റെല്ലാ ആവാസവ്യവസ്ഥകളുടെയും ജീവല്‍ സ്രോതസ്സായി മാറുന്നു. പക്ഷേ, ആധുനിക വികസനസങ്കല്‍പ്പമനുസരിച്ച് മണ്ണും ഒരു ചരക്കാണ്. മണ്ണ് ജീവനാണ് എന്ന വികസന സങ്കല്‍പ്പവും, മണ്ണ് ഒരു ചരക്കാണ് എന്ന വികസന സങ്കല്‍പ്പവും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2015 നെ യു.എന്‍.ഭക്ഷ്യകാര്‍ഷിക സംഘടന (FAO) 'അന്താരാഷ്ട്ര മണ്ണ് വര്‍ഷ'മായി ആചരിക്കുന്നത്. 'മണ്ണ് എന്റെ ജീവന്‍' എന്ന ആശയമാണ് ഇതോടനുബന്ധിച്ച് ലോകമെങ്ങും പ്രചരിപ്പിക്കപ്പെടേണ്ടത്.

നീര്‍ത്തടങ്ങളിലൂടെയാണ് മണ്ണിന്റെ ആവാസവ്യവസ്ഥ ക്രമീകരിക്കപ്പെടുന്നത്. ഓരോ നീര്‍ത്തടവും ഓരോ ആവാസവ്യവസ്ഥയാണ്. ഇത്തരം ചെറു ആവാസവ്യവസ്ഥകളുടെ സമഷ്ടിയാണ് മണ്ണെന്ന ബൃഹദ് ആവാസവ്യവസ്ഥ. അതുകൊണ്ട് തന്നെ നീര്‍ത്തട സംരക്ഷണമാണ് മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പോംവഴി. എല്ലാ നീര്‍ത്തടങ്ങളിലേക്കും ജലമെത്തിക്കുന്നത് വനവും പുഴയും നീര്‍ച്ചാലുകളുമാണ്. അതിനാല്‍, വനവും പുഴയും മണ്ണിന്റെ ജീവല്‍സ്രോതസ്സുകളാകുന്നു. മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. ഭാവിയുടെ കരുതലാണ് ജൈവകൃഷി.

അത്ഭുതവസ്തുവായ മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് കൃഷിയെ നിലനിര്‍ത്തുന്നത്. മേല്‍മണ്ണിലാണ് ഫലഭൂയിഷ്ഠിതയ്ക്കാവശ്യമായ ഘടകങ്ങള്‍ പലതുമുള്ളത്. അതിനാല്‍ മേല്‍മണ്ണ് നഷ്ടമാകുന്നതാണ് പ്രധാന കാര്‍ഷികപ്രശ്‌നം. കൃഷിയില്ലാത്ത മണ്ണ് വേരില്ലാത്ത വൃക്ഷം പോലെയാണ്.

നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നിവയാണ് മണ്ണിലെ മൂന്ന് പ്രധാന മൂലകങ്ങള്‍. മണ്ണില്‍ ദ്വിതീയ മൂലകങ്ങളും, വളരെ കുറഞ്ഞ അളവില്‍ ത്രിതീയ മൂലകങ്ങളുമുണ്ട്. മണ്ണിലെ എല്ലാ വിഭവങ്ങളുടെയും സന്തുലനം നിലനിര്‍ത്തുന്നത് മണ്ണിന്റെ പി.എച്ച്.മൂല്യം (അമ്ലക്ഷാരനില) ആണ്. പി.എച്ച്.മൂല്യം അല്‍പ്പം മാറിയാല്‍ പല കൃഷിയും തകരാറിലാകും. ഒരിഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ രണ്ടര നൂറ്റാണ്ട് വേണ്ടിവരും.

കൃഷിയിറക്കുമ്പോള്‍ വിളകള്‍ മണ്ണില്‍നിന്ന് മേല്‍സൂചിപ്പിച്ച ഘടകങ്ങള്‍ വ്യത്യസ്ത തോതില്‍ വലിച്ചെടുത്തുപയോഗിച്ചാണ് ഇലകളും കായ്കളുമുണ്ടാകുന്നത്. വിളകളും സസ്യങ്ങളും മണ്ണില്‍നിന്ന് എത്രയളവ് അടിസ്ഥാന മൂലകങ്ങള്‍ വലിച്ചെടുക്കുന്നുവോ, അത്രകണ്ട് മൂലകങ്ങള്‍ മണ്ണില്‍ ചേരണം. അങ്ങനെ മണ്ണിലേക്ക് സൂക്ഷ്മമൂലകങ്ങളെ വീണ്ടും വീണ്ടും എത്തിക്കാനാണ് മണ്ണില്‍ കോടാനുകോടി സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിക്കുന്നത്. സസ്യങ്ങള്‍ മണ്ണില്‍നിന്ന് നൈട്രജന്‍ വലിച്ചെടുക്കുമ്പോള്‍, സൂക്ഷ്മജീവികള്‍ അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് അമോണിയയാക്കി മണ്ണിന് നല്‍കും. അങ്ങനെയാണ് ഈ ചാക്രിയ പ്രക്രിയ പൂര്‍ത്തിയാകുന്നത്. ജൈവാംശമുണ്ടെങ്കില്‍ മാത്രമേ ഈ വൃത്തം പൂര്‍ത്തിയാകൂ.

ജൈവവൈവിധ്യത്താല്‍ ശ്രദ്ധേയമായ കേരളം, മണ്ണിന്റെ വൈവിധ്യത്താലും പ്രസിദ്ധമാണ്. വിസ്മയകരമായ നിലയില്‍ വൈവിധ്യമുള്ളതാണ് നമ്മുടെ മണ്ണ്. അതുകൊണ്ട് തന്നെ സംരക്ഷണത്തിലും പരിപാലനത്തിലും ഈ വൈവിധ്യം കൂടിയേ തീരൂ. മണ്ണിന്റെ സ്വഭാവം അറിഞ്ഞുവേണം അതിനെ പരിപാലിക്കാന്‍. കേരളത്തില്‍ പ്രധാനമായും എട്ടിനം മണ്ണാണുള്ളത്. 1. വനമണ്ണ്, 2. മലയോര മണ്ണ്, 3. കറുത്ത പരുത്തി മണ്ണ്, 4. ചെമ്മണ്ണ്, 5. വെട്ടുകല്‍ മണ്ണ്, 6. കരിമണ്ണ്, 7. എക്കല്‍ മണ്ണ്, 8. തീരദേശ മണ്ണ്.

എല്ലാത്തരം മണ്ണിനും വിഭിന്ന ജീവജാലങ്ങള്‍ വാഴുന്ന അതിലോല ഘടനയാണുള്ളത്. വ്യത്യസ്ത ജൈവാവശിഷ്ടങ്ങള്‍ ലയിച്ചുചേര്‍ന്നും, വ്യത്യസ്ത സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ചും ഓരോ മണ്ണിനവും അത്യപൂര്‍വ്വ ജൈവസമൂഹമായി മാറുന്നു. ഇവിടെ കൃത്രിമ രാസവസ്തുക്കള്‍ക്ക് ഒരു സ്ഥാനവുമില്ല. മണ്ണിലെ ജൈവാംശവും അതിന്റെ ജലസംരക്ഷണശേഷിയും കാലാവസ്ഥയെ വരെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. അങ്ങനെയുള്ള മണ്ണിനെ സ്‌നേഹിക്കുക, സംരക്ഷിക്കുക എന്നതാണ് ഈ ആവാസവ്യവസ്ഥയില്‍ ഒരംഗം മാത്രമായ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായി കടമ.
(തൃശ്ശൂര്‍ പുതുക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ.യാണ് ലേഖകന്‍) 

മാതൃഭൂമി  Aug 29, 2015