Thursday, September 10, 2015

ശ്രീനാരായണീയര്‍ പൊറുക്കണം; കാലം മാറിയത് അവരറിഞ്ഞില്ല . ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ

കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മനുഷ്യനെ പെട്ടെന്ന് പ്രകോപിതനാക്കാനും വൈകാരികമായി പ്രതികരിപ്പിക്കാനും ഏറ്റവും യോജ്യമായ മാര്‍ഗമായി മതജാതി ചിന്തകള്‍ മാറുകയാണ്. ലോകത്തുണ്ടായ വൈജ്ഞാനികമുന്നേറ്റവും ശാസ്ത്രപുരോഗതിയും ജനതതിയെ മുന്നോട്ടല്ല, പിന്നോട്ടാണു നയിച്ചതെന്നതിന് ഇതില്‍പ്പരമൊരു തെളിവ് വേറെ വേണ്ട. തന്റെ കാലത്ത് നിലനിന്നിരുന്ന വിശ്വാസബിംബവത്കരണത്തെ എതിര്‍ത്താണ് ശ്രീബുദ്ധന്‍ രംഗത്തുവന്നത്. ഗൗതമന്റെ മരണശേഷം അധികം വൈകാതെ സാക്ഷാല്‍ ബുദ്ധന്‍തന്നെ പ്രതിമയാക്കപ്പെട്ടത് നാം കണ്ടു. മഹാന്മാര്‍ അനുസ്മരിക്കപ്പെടുന്നത് കേവലമൊരു ആഘോഷത്തിമര്‍പ്പിനുവേണ്ടിയാകരുത്. അവരുടെ ജീവിതസന്ദേശം പുതിയകാലത്തിന് പകര്‍ന്നുകൊടുക്കാനാവണം. യേശുക്രിസ്തുവും മുഹമ്മദ് നബിയും ശ്രീകൃഷ്ണനും ഗുരുനാനാക്കും ശ്രീനാരായണഗുരുവും ഓര്‍മിക്കപ്പെടുന്നതിന്റെ പ്രസക്തിയും അവിടെയാണ്. മനുഷ്യമനസ്സുകള്‍ക്ക് വെളിച്ചംപകരേണ്ട ഈ മഹത്തുക്കളുടെ ജീവിതം കാലുഷ്യങ്ങള്‍ക്കു വഴിവെയ്ക്കുന്നത് വിരോധാഭാസമാണ്. മതാഘോഷങ്ങള്‍ മതേതരമായാണ് ഒരു ബഹുസ്വരസമൂഹത്തില്‍ നടക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ സമീപകാലത്തായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കായികാഭ്യാസവും കുറുവടിപ്രയോഗവുമുള്‍പ്പെടെ മതാഭിമുഖ്യഘോഷയാത്രകളടക്കം വര്‍ഗീയവാദികളുടെ മേല്‍ക്കൈയില്‍ നടന്നുവരുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നത് കണ്ടില്ലെന്നുനടിച്ച് കടന്നുപോകാന്‍ നവോത്ഥാനത്തിന്റെ നെരിപ്പോട് നെഞ്ചില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് കഴിയില്ല. ശ്രീകൃഷ്ണജയന്തിയുടെ മറവില്‍ മതേതരരായ നിഷ്‌കളങ്കവിശ്വാസികളുടെ കുടുംബങ്ങളിലേക്ക് കടന്നുകയറി കാവിപ്പട നടത്തുന്ന കുത്സിതനീക്കത്തിനെതിരെ സി.പി.എം. രംഗത്തുവന്നതും അതുകൊണ്ടാണ്. ഇത് ഏറ്റവുമധികം വിറളിപിടിപ്പിച്ചത് ബി.ജെ.പി.യെയും ആര്‍.എസ്.എസ്സിനെയുമാണ്. അവരത് പ്രകടിപ്പിക്കാന്‍ കൂട്ടുപിടിച്ചതാവട്ടെ ശ്രീനാരായണഗുരുവിനെയും. ഗുരുദര്‍ശനങ്ങളെ വര്‍ഗീയക്കോമരങ്ങള്‍ കുരിശിലേറ്റിയത് പ്രതീകാത്മകമായി അവതരിപ്പിച്ചത് തെറ്റായി വ്യാഖ്യാനിച്ചും ദുഷ്പ്രചാരണം നടത്തിയുമാണ് കൃഷ്ണസന്ദേശം അല്പംപോലും മനസ്സില്‍ പേറാത്തവര്‍ സി.പി.എമ്മിനെ നാരായണീയവിരുദ്ധരായി ചിത്രീകരിക്കുന്നത്. ക്ഷേത്രോത്സവങ്ങള്‍ ഹൈന്ദവവിശ്വാസികള്‍ വ്യവസ്ഥാപിതകമ്മിറ്റികള്‍ക്കുകീഴില്‍ നാട്ടാഘോഷമാക്കി കൊണ്ടാടുന്നതുപോലെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയും മാറിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ അത്തരമൊരു ചിന്തയ്ക്ക് വഴിതുറക്കുമെങ്കില്‍ അതാകും വര്‍ത്തമാനകാലത്തെ, നവോത്ഥാനത്തിന്റെ ഏറ്റവും വലിയ കേളികൊട്ട്. ജനകീയമതമായ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളില്‍ സഹോദരമതസ്ഥരെ നാലയലത്തുപോലും അടുപ്പിക്കാതെ നടത്തപ്പെടുന്ന ഒരേയൊരു പരിപാടി ആര്‍.എസ്.എസ്. സ്‌പോണ്‍സേഡ് ശോഭായാത്രകള്‍ മാത്രമാണെന്നുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേര്‍ച്ചകളും നബിദിനഘോഷയാത്രകളും നടക്കുന്നത് വ്യവസ്ഥാപിത പള്ളിക്കമ്മിറ്റികള്‍ക്കും മുസ്‌ലിം മതസംഘടനകള്‍ക്കും കീഴിലാണ്. ഒരിക്കലുമത് തങ്ങളിലെ വര്‍ഗീയവാദികള്‍ക്കോ തീവ്രവാദികള്‍ക്കോ അവര്‍ വിട്ടുകൊടുക്കാറില്ല. സമാനാവസ്ഥ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികള്‍ക്കുമുണ്ടായാല്‍ വിശ്വാസികള്‍ മതത്തോടു ചെയ്യുന്ന വലിയ പുണ്യമാകുമത്. നബിദിനാഘോഷം മുസ്‌ലിം തീവ്രവാദികളും വര്‍ഗീയവാദികളും ഹൈജാക്ക്‌ചെയ്ത് മുസ്‌ലിം കുടുംബങ്ങളില്‍ മതാന്ധത കുത്തിവെയ്ക്കാന്‍ ശ്രമിച്ചാല്‍ നബിദിനവും മതേതരമായി ആഘോഷിക്കുന്നതിനെക്കുറിച്ച് മതനിരപേക്ഷവാദികള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനിയും കമ്യൂണിസ്റ്റ് വിരുദ്ധ 'കലിപ്പ്' തീരാതെ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം കേരളത്തെയും കാവിപുതപ്പിക്കലാണെന്നു തിരിച്ചറിയാന്‍ വൈകിയാല്‍ നഷ്ടം ഏതെങ്കിലുമൊരു പാര്‍ട്ടിക്കു മാത്രമാവില്ല, മലയാളക്കരയ്ക്കാകമാനമാകും, തീര്‍ച്ച. Mathrubhumi FRIDAY, SEPTEMBER 11, 2015

No comments:

Post a Comment