മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Sunday, September 27, 2015
ഒഞ്ചിയം കൊലയിലെ യുഡിഎഫ് രാഷ്ട്രീയം
ഭരണം നിലനിര്‍ത്താന്‍ എംഎല്‍എയെ വിലയ്ക്കെടുത്തവര്‍ക്ക് അതേകാര്യത്തിന് ഏതാനും ക്രിമിനലുകളെ വാടകയ്ക്ക് എടുക്കുന്നതില്‍ പ്രയാസമുണ്ടാകേണ്ടതില്ല. ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകംകൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫാണ്. ഏതു കുറ്റകൃത്യത്തിന്റെയും അന്വേഷണം, അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്നതിലേക്കാണ് ആദ്യം നീളുക. ഒഞ്ചിയത്തെ കൊലപാതകം തീവ്രവാദസ്വഭാവമുള്ള ക്വട്ടേഷന്‍സംഘത്തിന്റേതാണെന്ന് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ആ സംഘത്തെ ആര് നിയോഗിച്ചു എന്നതാണ് പ്രശ്നം.
ഇവിടെ സംഭവം നടന്നയുടനെ യുഡിഎഫ് നേതൃത്വം കാണിച്ച വെപ്രാളം ശ്രദ്ധിക്കേണ്ടതാണ്. ചന്ദ്രശേഖരന്‍ ഒരു ഘട്ടത്തിലും യുഡിഎഫിനോട് പരസ്യമായ അനുഭാവം പ്രകടിപ്പിച്ചയാളല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റും യുഡിഎഫിനെ സഹായിക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍പ്പോലും തന്റെ വിമതസഹചാരി എം ആര്‍ മുരളി (ഷൊര്‍ണൂര്‍)യുമായി ചന്ദ്രശേഖരന്‍ വിയോജിച്ചത് പ്രത്യക്ഷ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലാണ്. അങ്ങനെ അകന്നുനിന്ന ഒരാളുടെ മരണത്തില്‍ എന്തിന് യുഡിഎഫ് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിക്കണം? മരണവാര്‍ത്ത അറിഞ്ഞയുടനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെ പ്രധാന പരിപടികള്‍പോലും ഒഴിവാക്കി കോഴിക്കോട്ടേക്ക് തിരിച്ചു; ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും കെപിസിസി പ്രസിഡന്റുമടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ കോഴിക്കോട്ടെത്തി. അത്തരമൊരു അസാധാരണമായ വികാരപ്രകടനത്തിന് എന്തായിരുന്നു അവര്‍ക്ക് പ്രേരകമായ ഘടകം? അത് ചന്ദ്രശേഖരനോടുള്ള താല്‍പ്പര്യമോ കൂറോ അല്ല എന്നത് വ്യക്തം.
മുമ്പ് ഒരിക്കലും ഇല്ലാത്ത അത്രയും ദയനീയമാണ് യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് മുസ്ലിംലീഗിന്റെ അപ്രമാദിത്തം. മറ്റൊരു ഭാഗത്ത് കേരള കോണ്‍ഗ്രസിന്റെ മൂക്കുകയര്‍. ഏകാംഗകക്ഷികള്‍പോലും കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിര്‍ത്തി നയിക്കുന്നു. പിറവത്ത് യുഡിഎഫിന് പിന്തുണ നല്‍കിയവര്‍തന്നെ പറയുന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ്. കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പരിപൂര്‍ണമായി വിശ്വാസ്യത നഷ്ടപ്പെട്ട് നില്‍ക്കുന്നു. വിലക്കയറ്റത്തിന്റെയും ക്രമസമാധാനത്തകര്‍ച്ചയുടെയും അഴിമതിയുടെയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ കടുത്തരോഷത്തിലാണ്. ഇത്തരമൊരവസ്ഥയില്‍ യുഡിഎഫിന് നിവര്‍ന്നുനില്‍ക്കണമെങ്കില്‍ അത്ഭുതംതന്നെ സംഭവിക്കണം. അങ്ങനെയൊരു അത്ഭുതമാണോ വടകരയില്‍ സംഭവിച്ചതെന്നാണ് യുക്തിബോധമുള്ളവര്‍ ആദ്യം പരിശോധിക്കേണ്ടത്.
കൊല്ലപ്പെട്ടത് സിപിഐ എമ്മില്‍നിന്ന് പുറത്തുപോയ ആളാണെന്നത് പ്രധാനമാണ്. ഒഞ്ചിയത്തെ രാഷ്ട്രീയമെല്ലാവര്‍ക്കും അറിയാം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടാല്‍ ഒറ്റയടിക്ക് സിപിഐ എമ്മിനുമേല്‍ കുറ്റം ചാരാനാകുമെന്ന് യുഡിഎഫിന് നന്നായറിയാം. ആ അറിവാണ് ആസൂത്രണമായും പ്രയോഗമായും മാറിയതെന്ന് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട യുഡിഎഫ് നാടകത്തില്‍നിന്ന് വ്യക്തമാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ആ പ്രദേശത്തുള്ളവര്‍ സംശയരഹിതമായി സ്ഥിരീകരിക്കുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നുതുടങ്ങി. സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കെപിസിസി പ്രസിഡന്റും പൊലീസ് അന്വേഷണത്തിനുമുമ്പുതന്നെ പ്രതികളെ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുന്നവര്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ ആസൂത്രണത്തിന്റെ തിളപ്പല്ലാതെ മറ്റെന്താണിത്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനുമായി കെപിസിസി പ്രസിഡന്റിന് എന്താണ് സംസാരിക്കാനുള്ളത്? എല്‍ഡിഎഫ് ഭരണത്തെ സെല്‍ഭരണമായി ആക്ഷേപിച്ചവരാണ് ഇവരെന്ന് ഓര്‍ക്കണം. ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും ഒന്നിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് രഹസ്യചര്‍ച്ച നടത്തിയെങ്കില്‍, തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച പ്രതികളിലേക്ക് അന്വേഷണം എത്തിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി എന്നുതന്നെയാണര്‍ഥം.
ഒഞ്ചിയത്ത് പുറത്തുപോയവര്‍ സിപിഐ എമ്മിന് ഭീഷണി ഉയര്‍ത്തിയിരുന്നു എന്നത് വസ്തുതയാണ്. തെറ്റിദ്ധരിക്കപ്പെട്ട് നിലപാടെടുത്തവര്‍ പാര്‍ടിയിലേക്ക് തിരിച്ചെത്തുന്നു എന്നത് അതിലും വലിയ വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു നേടിയ വിജയം സിപിഐ എമ്മിന്റെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നാണ് തെളിയിക്കുന്നത്. 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ടാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ പൊതുജനമുന്നേറ്റമാണ് അതിന്റെ സമാപനസമ്മേളനത്തിലുണ്ടായത്. ആ മുന്നേറ്റത്തില്‍ ഒഞ്ചിയത്തുള്ള, പാര്‍ടിയിലേക്ക് തിരിച്ചുവന്ന നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ചന്ദ്രശേഖരന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ വിവേകബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. ഭീമ- കീചക സിദ്ധാന്തം ഒന്നോ രണ്ടോ വട്ടം പറയാം. അത് സാധൂകരിക്കാന്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാം. പക്ഷേ, യാഥാര്‍ഥ്യം അതുകൊണ്ട് മൂടിവയ്ക്കാനാകില്ല. ആഭ്യന്തരമന്ത്രി പറഞ്ഞ വഴിയേ പൊലീസ് സഞ്ചരിക്കേണ്ടിവരും എന്നതിന്, കൊട്ടാരക്കരയിലെ അധ്യാപകനെതിരായ ആക്രമണ കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്.
ഇവിടെ പൊലീസിനുമുന്നേ പറക്കുന്നത് ചില മാധ്യമങ്ങളാണ്; അവയിലെ ഏതാനും ലേഖകരാണ്. കേസുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ തുടര്‍ച്ചയായി വിവിധതരത്തിലുള്ള "ബ്രേക്കിങ് ന്യൂസുകള്‍" അവര്‍ കൊണ്ടുവന്നു. ഒന്നിനും അടുത്ത ബുള്ളറ്റിനിലേക്കെത്താനുള്ള ആയുസ്സുപോലുമുണ്ടായില്ല. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ സിപിഐ എമ്മിനെയല്ല യുഡിഎഫിനെയാണ് ഈ കൊലപാതകവുമായി ബന്ധിപ്പിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചു എന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ഉടമ നവീന്‍ദാസ് കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി ബന്ധമുള്ളയാളാണ്. ക്വട്ടേഷന്‍ പാരമ്പര്യമുള്ള ചീഫ്വിപ്പ് പി സി ജോര്‍ജ് ഔദ്യോഗികപരിപാടികളില്ലാതെ മൂന്നുമാസംമുമ്പ് ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. എല്‍ഡിഎഫ് എംഎല്‍എ സെല്‍വരാജിനെ കൂറുമാറ്റിച്ചശേഷം പി സി ജോര്‍ജ് അഹങ്കാരത്തോടെ പ്രഖ്യാപിച്ചത്, സിപിഐ എമ്മിനെ ഞെട്ടിക്കുന്ന ഒരു ബോംബുകൂടി പൊട്ടുമെന്നാണ്.
സിനിമാക്കഥകളിലെപ്പോലെ തെരഞ്ഞെടുപ്പ് ജയിക്കാനോ പ്രതിസന്ധി മറികടക്കാനോ, കലാപം സംഘടിപ്പിക്കാനും കൊലപാതകങ്ങള്‍ നടത്താനും മടികാണിച്ച പാരമ്പര്യമല്ല യുഡിഎഫിനുള്ളത്. അതിനായി സംഘടിതമായ രാഷ്ട്രീയ മാഫിയാ സംഘവും പ്രവര്‍ത്തിക്കുന്നു. എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നവര്‍ അതിലാണുള്ളത്; അവര്‍ക്കാണ് ഏറ്റവുമെളുപ്പം വാടകക്കൊലയാളികളെ സംഘടിപ്പിക്കാനുമാവുക. യുഡിഎഫിന്റെ നാള്‍വഴികളില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തിയ അനുഭവം നിരവധിയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ തീവണ്ടിയില്‍ വെടിവച്ച രണ്ടു പ്രതികളില്‍ ഒരാള്‍ ആര്‍എസ്എസുകാരനും ഒരാള്‍ ശിവസേനക്കാരനുമായിരുന്നു. അവരെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സിഎംപി നേതാവ് എം വി രാഘവനുമാണ്. ആ ക്വട്ടേഷന്‍ സംഘത്തിന്റെ വെടിയുണ്ടയാണ് ഇ പി ജയരാജന്റെ ശരീരത്തില്‍ ഇപ്പോഴുമുള്ളത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ട പാര്‍ടി സിപിഐ എമ്മാണ്. പാര്‍ടിയുടെ സമുന്നത നേതാവായിരിക്കെയാണ് അഴീക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ വധിക്കപ്പെട്ടത്. എംഎല്‍എയായിരുന്ന കുഞ്ഞാലി ഉള്‍പ്പെടെ അത്തരം അനേകം കൊലപാതകങ്ങള്‍. അങ്ങനെയുള്ള കടന്നാക്രമണങ്ങള്‍ അതിജീവിച്ചുള്ളതാണ് സിപിഐ എമ്മിന്റെ ഇന്നത്തെ വളര്‍ച്ച. പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരെയോ വിട്ടുപോകുന്നവരെയോ പിന്തുടര്‍ന്ന് വേട്ടയാടിയ സംഭവങ്ങള്‍ ഒരിക്കലുമുണ്ടായിട്ടില്ല. അത്തരക്കാര്‍ പാര്‍ടിക്കെതിരെ പരസ്യമായി ഇന്നും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള വസ്തുതയാണ്. ഇവിടെ സംഭവിച്ചത് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് അതിജീവിക്കാനുള്ള യുഡിഎഫിന്റെ അഭ്യാസമാണ്. ചന്ദ്രശേഖരന്റെ കൊലപാതകമാണോ അതിനുശേഷമുള്ള വികാരപ്രകടനങ്ങളാണോ അതോ അത് രണ്ടുംകൂടിയാണോ ആ അഭ്യാസം എന്നാണ് തെളിയിക്കപ്പെടേണ്ടത്.
പി എം മനോജ് deshabhimani 070512
Subscribe to:
Post Comments (Atom)
No comments:
Post a Comment