Sunday, July 10, 2011

ഹരിവരാസനത്തിന്റെ കമ്പോളയുക്തി


ശബരിമല അയ്യപ്പൻ ഉറങ്ങുന്നത് ഹരിവരാസനം കേട്ടിട്ടാണ്. 10 50 നു നടയടയ്ക്കുന്നതിനും തൊട്ടുമുൻപ് ഒരു സി. ഡി പ്ലേയറിൽ നിന്നും യേശുദാസ് പാടിയ ഈ കീർത്തനം ഒഴുകിവരും. ശ്രവണലാവണ്യത്തിന്റെ പൂർണ്ണതയിൽ നിർവൃതിയിലായ അയ്യപ്പൻ ഇതു കേട്ട് ഉറക്കത്തിലേക്ക് വഴുതിവീഴും. വിശ്വാസത്തിനുമപ്പുറം യാഥാർഥ്യമെന്ന് തോന്നിപ്പിക്കാനുള്ള ശക്തിയുണ്ട് യേശുദാസിന്റെ ആലാപന മാധുര്യത്തിനു. ദേവരാജന്റെ സംഗീതമോ ഉദാത്തമാണു താനും. 1975 ഇൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ പാട്ടാണിത്. സമകാലീനതയും വിപ്ലവവും ആധുനികതയുടെ സമാകലനവും ഒന്നിച്ച് അമ്പലപ്പടികൾ കയറിയതിന്റെ ദൃഷ്ടാന്തം.

വിശ്വാസത്തിന്റെ പ്രസ്താവനകളാണ് ആചാരങ്ങൾ. ആചാരങ്ങൾ മാത്രമല്ല ആരാധനാലയങ്ങളുടെ ഭൌതികപ്രകൃതിയും ആകൃതിയും രൂപശാസ്ത്രവും വരെ ഇതിന്റെ പ്രക്ഷോപണങ്ങളാണ്, മൂകമായ വിളംബരവുമാണ്. കലാംശവും ക്രിയാംശവും ഒരേപോലെ പ്രപഞ്ചത്തോടും അതിന്റെ പൊരുൾ എന്ന് കരുതപ്പെടുന്ന ദൈവത്തോടും ഉള സംവേദനങ്ങളാണ്. പ്രത്യക്ഷത്തിൽ ഇത് സമൂഹത്തോടാണ് സംചാരിതമാക്കുന്നതും സമ്പർക്കപ്പെടുന്നതും. ആശയസംക്രമണത്തിനും വിനിമയത്തിനും ഉള്ള ഉപാധികൾ പ്രകടനാത്മകസ്വഭാവം കൈവരിക്കുന്നത് ദൈവസായൂജ്യത്തിന്റെ പൊതുവിളംബരമെന്ന നിലയ്ക്കാണ്. ഉച്ചത്തിൽ മുഴങ്ങുന്ന പ്രാർത്ഥനാലാപങ്ങൾ സംഗതമാകുന്നത് ഈ പ്രയുക്തിയുടെ ഭാഗമായാണ്. ഭാരതീയ ദേവാലയങ്ങളിൽ വാദ്യഘോഷം, ശംഖ് മുതലായവ ഉപയോഗിക്കപ്പെടുന്നതും സൂക്ഷ്മപ്രപഞ്ചനിയന്താവിനെ സ്ഥൂലപ്രപഞ്ചത്തിലെ സന്ദേശവാഹികൾ തൊട്ടുതഴുകും എന്ന ആന്തരികപ്രാർത്ഥന എന്ന നിലയ്ക്കാണ്. സമവർത്തിയായാണ് ഭക്തിയുടെ പ്രകടനാത്മകത വിപണിയുടെ അധിനിവേശസൂചനകളോടെ ഇതിൽ കലർന്നത്. വൈദ്യ്യുതിയുടെ കടന്നു വരവും പ്രാഭവവും അനന്തസാദ്ധ്യതകൾ തുറന്നതോടെ ഈ പ്രത്യക്ഷപ്രദർശനത്തിന്റെ കടന്നുകയറ്റം ദേവാലയങ്ങൽക്ക് പുതിയ ഉപായങ്ങളാണ് വരമരുളിയത്. ആലേഖനം ചെയ്യപ്പെട്ട ശബ്ദം വൻ മുഴക്കത്തിൽ പ്രസരിപ്പിക്കാനുള്ള ടെക്നോളജി ഭക്തിയുടെ പ്രകടാനാത്മകതയ്ക്ക് വലിയ വഴികളാണ് തുറന്നത്. കേരളത്തിലെ മിക്ക അമ്പങ്ങളും –ചില ക്രിസ്ത്യൻ പള്ളികളും- ഈ ടെക്നോളജി ആചാരത്തിന്റെ ഭാഗമയിട്ട് സ്വീകരിച്ചിരിക്കുന്നു. അടുത്തടുത്ത അമ്പലങ്ങൾ രാവിലെ ഏറ്റവും ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള മൽസരത്തിൽ ഒരു അമ്പലത്തിന്റെ സ്വീകാര്യത മൈക് സെറ്റ് എന്ന ഉപകരണത്തിൽ നിബദ്ധവുമാണ് എന്ന് തെളിയുന്നു. 60 കളുടെ അവസാനത്തിൽ ചുരുക്കം ക്ഷേത്രങ്ങളിൽ അതിരാവിലെ പ്രക്ഷേപണം ചെയ്തു തുടങ്ങിയ ഈ ആധുനിക വിദ്യ, വിപണി എളുപ്പമായിത്തീർന്ന പിൽക്കാത്ത് റെക്കോറ്ഡ് പ്ലേയറുകൾ സുലഭമായപ്പോൾ അമ്പലചര്യയുടെ ഭാഗമാവുകയും ചെയ്തു. നാലമ്പലത്തിനുള്ളിൽ തിടപ്പള്ളിയിൽ തന്നെ പൂജാപാത്രങ്ങളോടും നൈവേദ്യ ഉരുളികളോടും മാലകെട്ടാനുള്ള പൂക്കളോടൊപ്പവും ഈ സ്വനഗ്രാഹിയന്ത്രം സ്ഥാനം പിടിച്ചു. അമ്പലവാസികളുടെ ഉത്തരവാദിത്തമോ ജോലിയുടെ ഒരു ഭാഗമോ ആയിത്തീർന്നു ഭക്തിഗാനവിക്ഷേപണം. ചില ക്ഷേത്രങ്ങളിൽ പൂജാരിയുടെ ചുമതലകളിൽ ഒന്നാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കുക. കോർപറേറ്റ് സ്ഥാപനമായി മാറിയ ക്ഷേത്രങ്ങൾ ഈ ആചാരം ചുറ്റുവട്ടത്തുള്ള പരമ്പരാഗത ഭക്തരെത്തന്നെയും വെല്ലുവിളിച്ചു. രാവിലെയും സന്ധ്യയ്ക്കും വ്യക്തിപരമായ് ആരാധനാക്രമമായി സ്വന്തം വീട്ടിൽ നാമജപമോ ചുരുങ്ങിയ രീതിയിലുള്ള സങ്കീർത്തനമോ അസാദ്ധ്യമായി വരികയും അതിശക്തിയാർന്ന ശബ്ദത്തോട് മല്ലുപിടിയ്ക്കാനാകാഞ്ഞതിനാൽ നാമജപക്കാർ അതിനോടു യോജിച്ചുപോകാൻ നിർബ്ബന്ധിതരാകയും ചെയ്തു. എം. എസ്. സുബ്ബലക്ഷ്മിയുടേയും പി.ലീലയുടേയും വിപണനമൂല്യം വസൂലാക്കിക്കൊണ്ട് ചുരുക്കം ചില അമ്പലങ്ങളിൽ തുടങ്ങിയ ഭക്തിപ്രക്ഷേപണം ഇതേ ജനുസ്സിലുള്ള ഉൽ‌പ്പന്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ വഴി തെളിച്ചു. സംഭവിക്കുന്ന തിരിമറിവുകൾ കൌതുകകരങ്ങളാണ്; വാൽമീകിരാമായണത്തിലെ ഒരു സംഭാഷണശകലം –കൌസല്യാ സുപ്രജാ രാമ- വെങ്കിടേശ്വരന്റെ ഉണർത്തുപാട്ടാകാമെന്നു വരെ തെളിയിക്കപ്പെട്ടു.

തൃപ്പടികൾ കയറിയ ഹരിവരാസനം
50 കളിൽ ശബരിമല നടയ്ക്കുമുൻപിൽ ചൊല്ലിയിരുന്ന കീർത്തനമാണ് ഹരിവരാസനം.60 കളിൽ ഇത് ദീപാരാ‍ാധനസമയത്ത് നിത്യേനയല്ലെങ്കിലും പാടിയിരുന്നു. പ്രത്യേക ചിട്ടപ്പെടുത്തലുകളില്ലാതെ നാമജപരീതിയിൽ ആലാപനം. റെക്കോർഡിങ്ങുകൾ ഇല്ലാതിരുന്നെങ്കിലും വായ്മൊഴി വഴക്കത്തിൽ ചില വീടുകളിലെ സന്ധ്യാനാമജപത്തിൽ ഉൾപ്പെടാനും ഇടയായി ഹരിവരാസനം. ശബരിമലയിൽ നിന്നും കേട്ടു പഠിച്ച് വീടുകളിൽ എത്തിച്ചവരുടെ ലളിതഭക്തിപ്രവൃത്തി. 1940 കളിൽ മുതൽ സന്നിധാനത്ത് ഇതു പാടിയിരുന്ന വി. ആർ. ഗോപാലമേനോന്റെ നിര്യാണത്തിനു ശേഷം 50 കളിൽ മേൽശാന്തി തന്നെ ആലപിച്ചിരുന്നു എന്ന കേട്ടുകേൾവിയിൽ ചരിത്രത്തിന്റെ ഒരു വെള്ളിരേഖ കണ്ടേയ്ക്കാം. 1955 ഇൽ സ്വാമി വിമോചനാനന്ദ അയ്യപ്പസന്നിധിയിൽ ആലപിച്ചിരുന്നതായും പഴമക്കാരുടെ വായ്മൊഴിയുണ്ട്. 1975 ലാണ് ഹരിവരാസനം പുതിയ രൂപത്തിൽ അവതരിക്കപ്പെട്ടത്. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ചത്. സംഗീതസംവിധാനത്തിന്റെ മേന്മയും യേശുദാസിന്റെ ആലാപനവൈദഗ്ധ്യവും അതിശക്തിയാണ് ഈ കീർത്തനത്തിനു നൽകിയത്. ചിട്ടപ്പെടുത്തിയ ഈണം എളുപ്പത്തിൽ പാടിഫലിപ്പിക്കാമെന്നത് വൈപുല്യം ഏറാൻ കാരണവുമായി. ഒരു തിരിച്ചുപോക്കില്ല്ലാത്തവിധം ഹരിവരാസനത്തിനു നിയതസംഗീതരൂപവും ഭാവവും കൈവന്നതായുള്ള പരസ്യപ്രഖ്യാപനമായിരുന്നു പരിണിതഫലം. ശബരിമലയിലെ സ്വനഗ്രാഹിയന്ത്രം ഇത് ഏറ്റെടുക്കാൻ താമസമുണ്ടായില്ല. വിപണിയിൽ ഇതിനു കൈവന്ന അമൂല്യസ്ഥാനവും പ്രചാരവും സ്വരൂപിച്ചെടുക്കുക എന്നതാണു അമ്പലത്തിനു കൈവന്ന നേട്ടം. ഒരു നിത്യ ശബരിമല സന്ദർശകൻ എന്ന യേശുദാസിന്റെ പ്രഭാവവും ഇതിനോട് അനുയോജ്യമായിരുന്നതിനാൽ ശബരിമലയിലെ സ്വന്തം പാട്ട് എന്ന അവകാശവാദം എളുപ്പമായി.

സിനിമ എന്ന ശക്തി

മറ്റൊരു അമ്പലത്തിനും ഇങ്ങനെ സ്വന്തം മുദ്ര എന്നു അവകാശപ്പെടാൻ അനുയോജ്യമായ ഒരു കീർത്തനം ഇല്ലാതെ ശബരിമലയ്ക്കുമാത്രം ഈ പുണ്യം അനുവദിച്ചു കിട്ടിയത് ഹരിവരാസനത്തിനു സിനിമ നൽകിയ പുതുജീവൻ തന്നെയാണ്. ശക്തമായ വിപണ്യാധിഷ്ഠിത മൂല്യങ്ങളുള്ള സിനിമയുടെ സംഭാവനയെ ക്ഷേത്രം എന്ന വിപണി സ്ഥാപനവുമായി ബന്ധപ്പെടുത്തുകയാണ് ഉണ്ടായത്. സിനിമയുടെ ജനപ്രിയതയും പ്രചാരശക്തിയും സ്വാംശീകരിക്കുകയാണ് അമ്പലം ചെയ്തത്; അത് ഏറ്റുവാങ്ങി തന്റേതെന്നായി പ്രദർശിപ്പിക്കുക. ശബരിമലയിൽ നിന്നും തുടങ്ങി സിനിമാ വഴി അതിവിശാലമായി ജനകീയവൽക്കരിച്ച പാട്ടിനെ തിരിച്ചു പിടിച്ച് ആ ജനകീയവൽക്കരണം ഭക്തിയുമായി ബന്ധപ്പെടുത്തുക യാണുണ്ടായത്. സിനിമ-യേശുദാസ്- അതിസുന്ദര സംഗീതം എന്നീ വഴികളിലൂടെയാണ് ഈ സാഫല്യം കൈ വന്നത്. പാട്ടിന്റെ സ്വീകാര്യത എടുത്തണിയാൻ സിനിമയിൽ നിന്നും വന്നത് ഒരു കുറവായി കണക്കാക്കേണ്ടി വന്നില്ല ദേവസ്ഥാനത്തിനു. ശബരിമല അംഗീകരിച്ച് മുദ്ര പതിപ്പിച്ച ഈ സിനിമാപ്പാട്ട് തിരിച്ച് ജനങ്ങളിലെത്തിയത് അതിവിശുദ്ധിയാർന്ന കീർത്തനം എന്ന പുതിയ ഭാവത്തോടെയും ദൈവീകപരികല്പനകൾ ഏറുന്നതുമാണെന്ന നിലയ്ക്കാണ്. ഒരു അവിശ്വാസിയും കമ്മ്യ്യൂണിസ്റ്റുകാരനുമായ ദേവരാജനാണ് ഇതിന്റെ പിന്നിൽ എന്ന സത്യം ഇതോടെ മാഞ്ഞുപോകാൻ ഈ നവീന വിശുദ്ധി ഇടയാക്കി. “(ഒരു അവിശ്വാസിയായ ഞാൻ സംഗീതം നൽകിയ പാട്ടാണ് ശബരിമലെ പാടുന്നത്”-ദേവരാജൻ). കോടിക്കണക്കിനു ഓഡിയോ പ്ലെയറുകളും സി ഡി പ്ലേയറുകളിൽ നിന്നും ഈ പാട്ട് ആവർത്തിച്ച് ഉയർന്നു പൊങ്ങി. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെട്ടിട്ടുള്ള സിനിമാപ്പാട്ട് എന്ന സ്ഥാനം ഹരിവരാസനം കരസ്തമാക്കി.. എന്നാൽ പാട്ടിന്റെ സ്വീകാര്യത അതിന്റെ ശക്തിയായി മാറി, ഈ ശക്തി സ്വാഭാ‍ാവികമായും പാട്ടിന്റെ സിനിമാ ബന്ധങ്ങൾ വിസ്മരിക്കപ്പെടാനും ഇടയാക്കി..


കീർത്തനത്തിന്റെ പ്രാമാണികത ഉറപ്പാക്കേണ്ടത് ഹരിവരാസനപ്രമാണികളുടെ ആവശ്യമായിത്തീർന്നു ഇത്തരുണത്തിൽ. ഒരു കവിയെ/ഗാനരചയിതാവിനെ കണ്ടുപിടിച്ച് കർതുത്വം കൽ‌പ്പിച്ചുകൊടുത്ത് വിശ്വാസയോഗ്യതയ്ക്ക് പിന്താങ്ങുകൊടുക്കേണ്ടത് ഭക്തരുടെ തന്നെ ആന്തരിക ആവശ്യവുമായി. കുളത്തൂർ മണിസ്വാമി, മണിസ്വാമി അയ്യർ എന്ന പേരുകളാണ്` ആദ്യം പറഞ്ഞുകേട്ടത്. പക്ഷേ കുളത്തു അയ്യർ എന്ന പേരാണ് കുറച്ചുകൂടെ സ്വീകാര്യമായത്. ‘അയ്യർ’ എന്നൊരു പേർ ആധികാരികതയും വിശ്വസനീയതയും ഉൾച്ചെർക്കുന്നുവെന്നു മാത്രമല്ല കീർത്തനത്തിനു ഘനഗാംഭീര്യം പ്രകൃത്യാ തോന്നപ്പെടുമെന്നും ഉള്ള യുക്തി ലളിതമാണു താനും. കേരളത്തിൽ ഇങ്ങനെ ഒരു അറിയപ്പെടുന്ന കവി ഇല്ല എന്ന സത്യം നേരിടപ്പെട്ടത് ഈ കൽ‌പ്പിതകവിയെ കമ്പക്കുടി എന്ന സ്ഥലക്കാരനാകിയാണ്. കമ്പക്കുടി കുളത്തു അയ്യർ എന്ന പേര് ആധികാരികത ഉറപ്പിക്കാൻ തക്കവണ്ണം ആഢ്യത കലർന്നതായി. ആലപ്പുഴ പുറക്കാട്ടെ കോന്നയ്ക്കകത്ത് ജാനകിയമ്മ 1923 ഇൽ രചിച്ചതാണു ഹരിവസാസനം എന്നും മലയ്ക്കു പോകുന്നവർ ഇതു പാടി അവിടെ പ്രചരിപ്പിച്ചതാണെന്നും അവരുടെ കുടുംബം അവകാശവാദവുമായി എത്തിയെങ്കിലും ‘അരിയക്കുടി’ ‘ശെമ്മാങ്കുടി’’ എന്ന രീതിയിലുള്ള കർണ്ണാടസംഗീത വിദഗ്ധരുടെ ചേരിയിൽ‌പ്പെട്ടതാണ് കമ്പക്കുടി എന്ന തോന്നൽ ഉളവാക്കാൻ പര്യാപ്തമായ കമ്പക്കുടി അയ്യർക്ക് തന്നെ ഗാനകർത്തുത്വം ദാനം ചെയ്തു. ഒരു അജ്ഞാതഭക്തൻ സന്ധ്യാവേളയിൽ സന്നിധാനത്ത് ഇതു പാടുകയും പാടിക്കഴിഞ്ഞുടൻ അപ്രത്യക്ഷനാകാറുമുണ്ടായിരുന്നു എന്നും സാക്ഷാൽ പരമശിവൻ തന്നെ ആയിരുന്നു ഇദ്ദേഹം എന്നും ഒരു മിത് ഹരിവരാസനത്തിനു ഉജ്ജ്വലമായ ദിവ്യപരിവേഷവും ചാർത്തിക്കൊടുത്തു.

താമസിയാതെ ഹരിവരാസനം കൂടുതൽ ഉയർന്നപദവി നേടി. 60 കളിലും 70 കളുടെ തുടക്കത്തിലും ശബരിമല ദർശനത്തെപ്പറ്റി ഭക്തർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ ഹരിവരാസനം പരാമർശിക്കപ്പെടുന്നതേ ഇല്ല. എന്നാൽ 90 കളോടെ അനുഷ്ഠാനവിധികളുടെ ഒരു ഭാഗം എന്ന സൌഭാഗ്യം നേടി, പൂജചര്യകളൂടെ ഒരു ഭാഗം എന്ന പദവിയും നേടിയെടുത്തു. കീർത്തനത്തിന്റെ വൻ പ്രചാരത്തെ സമർത്ഥമായി ഉപയോഗിച്ച്, അമ്പലത്തിന്റെ ആചാരങ്ങളുമായി നേർബന്ധം സ്ഥപിച്ച് പാട്ടിന്റെ വഴിയിലൂടെ പോപുലാരിറ്റി വർദ്ധിപ്പിക്കുക എന്ന ലളിതതന്ത്രം തന്നെ ഇവിടെ വിജയം കണ്ടത്. പൂജാവിധികളുടെ സമയവിവരപ്പട്ടികയിൽ ഹരിവരാസനം ചേർക്കപ്പെട്ടു.
അത്താഴപൂജ - 10.30
ഹരിവരാസനം - 10.50
നട അടയ്ക്കല് - 11.00
എന്നിങ്ങനെ സമയവിധി.
ആചാരങ്ങൾക്ക് എണ്ണം കൂട്ടെണ്ടി വന്നത് ആകർഷണപരിപാടികൾ വർദ്ധിപ്പിച്ച് ഭക്തരുടെ വൈപുല്യം ഉറപ്പാക്കാനും കൂടിയാണ്. ആനയെഴുന്നെള്ളിപ്പും ഉത്സവവും പതിവില്ലാതിരുന്ന ശബരിമലയിൽ അവയൊക്കെ കൂട്ടിച്ചേർക്കപ്പെട്ടു. അമ്പലത്തിൽ ഇല്ലാതിരുന്ന തിടമ്പ് അല്ലെങ്കിൽ കോലം ഇതിനു വേണ്ടി ഉണ്ടാക്കിയെടുക്കപ്പെടുകയും ചെയ്തു. ആചാരങ്ങൾ കാലാനുസൃതമായി സമൂഹമാറ്റങ്ങളെ പ്രതിബിംബിക്കുന്നതിൽ അദ്ഭുതമില്ലെങ്കിലും സിനിമയുടെ ലോകപ്രിയതയിൽ നിന്നും പൂജാവിധി വരെ ഒരു പാട്ട് എത്തപ്പെടുക എന്നത് സാമാന്യന്യായത്തിനും അപ്പുറമാണ്. സിനിമയെ എന്നല്ല, ക്യാമെറയെത്തന്നെ നിരാകരിക്കുന്ന ക്ഷേത്രവിധികളും നിഷ്കർഷകളും നിരോധനങ്ങളും നിറഞ്ഞു വിലസുന്ന കേരളത്തിൽ ഇത്തരം സാങ്കേതികവിദ്യാഗുണഫലം ശ്രീകോവിലിനുള്ളിൽത്തന്നെ എത്തപ്പെട്ട് ചിരപ്രതിഷ്ഠ നേടി എന്നത് ക്ഷേത്രാചാര ചരിത്രത്തിന്റെ മാത്രമല്ല സാംസ്കാരികചരിത്രത്തിന്റെയും ഒരു തമാശയായി നിലകൊണ്ടേയ്ക്കാം.

നടയടയ്ക്കുന്നതിനു മുൻപ് രാത്രി 10. 50 നു പാടപ്പെടുന്ന കീർത്തനം ആയതിനാൽ ഹരിവരാസനത്തിനു പുതിയ ഭാവമേന്മയും ചാർത്തിക്കിട്ടി താമസിയാതെ. ഇതു കേട്ട് അയ്യപ്പൻ ഉറങ്ങുമെന്നും ഉറങ്ങണമെങ്കിൽ ഇതു കേൾക്കുകയും വേണം എന്നതാണത്. അങ്ങനെ ഹരിവരാസനം ഒരു താരാട്ട് എന്ന വിശേഷണവും പേറി, താരാട്ടിന്റെ ലാഞ്ഛനപോലും കൃതിയിൽ മഷിയിട്ടു നോക്കിയാൽ പോലും കാണുകയില്ലെങ്കിൽ ക്കൂടി. രാത്രി 10.50 ലെ പൂജാവിധിയിൽ ഉൾപ്പെടുത്തുന്നതിനു മുൻപ്, അല്ലെങ്കിൽ 1980 കളിൽ വരെ അയ്യപ്പൻ എങ്ങനെ ഉറങ്ങിയിരുന്നു എന്നൊരു ചോദ്യം വിശ്വാസത്തിൽ യുക്തി തേടേണ്ടതില്ലാഞ്ഞതിനാൽ ചോദിക്കേണ്ടതില്ല. മാത്രമല്ല അയ്യപ്പന്റെ പല പുതിയ കാര്യങ്ങളും പ്രശ്നവിധികളാൽ കണ്ടു പിടിയ്ക്കപ്പെടുന്ന കാലവുമാണിത്. (വർഷങ്ങളായി കൂടെത്താമസിയ്ക്കുന്ന ഭർത്താവിന്റേയോ ഭാര്യയുടേയോ മാനസികനില പോലും മനസ്സിലാകാത്ത മനുഷ്യൻ ദൈവങ്ങളുടെ അന്തർഗ്ഗതങ്ങൾ എങ്ങനെ കണ്ടു പിടിയ്ക്കുന്നു എന്ന് വിസ്മയിച്ചത് സുകുമാർ അഴിക്കോട്). ശബരിമലയും മറ്റു മലകളും തമ്മിൽ റോപ് വേ വഴി ബന്ധിപ്പിയ്ക്കുന്നതിൽ അയ്യപ്പനു താൽ‌പ്പര്യമുണ്ടെന്ന് വരെ പ്രശ്നവിധിയിൽ തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു താരാട്ടു കേട്ടേയ്ക്കാം എന്ന ലളിതചോദന അയ്യപ്പനു തോന്നിയെന്ന് പ്രശ്നവിധിയിൽ വെളിപ്പെട്ടെങ്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളു. താരാട്ടു പാടി ദൈവങ്ങളെ ഉറക്കുന്ന അനുഷ്ഠാനം തെലുങ്ക് തമിഴ് പാരമ്പര്യങ്ങളിൽ ഉണ്ടു താനും. “ഊഞ്ഞാൽ സേവ” എന്ന ക്ഷേത്രാചാരം. അയ്യപ്പനെ ഉറക്കുന്ന താരാട്ടാണെങ്കിൽ അത് സോപാനപ്പടിയിൽ മാത്രം മന്ദ്രമായി ആലപിക്കേണ്ടതല്ലേ, മൈക്കിൽ കൂടി ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഭകതരെന്നല്ല ആരും ഇന്ന് മറുപടി പറയേണ്ടതില്ലെന്നു വിചാരിക്കണം. അമ്പലത്തിലെ ഏതു ശബ്ദവും നാട്ടുകാർ മുഴുവൻ- എതു മതത്ത്ല് പെട്ടവർ ആയാലും- കേൾക്കേണ്ടതാണെന്നാണ് പുതിയ സാമൂഹ്യ നിയമം.

സാങ്കേതികയുടെ സമ്മാനമായ കീർത്തനം ഇന്നും പ്രക്ഷേപണം ചെയ്യപ്പെടുന്നത് അതേ സാങ്കേതികതനിബദ്ധമായ ചര്യകളിൽക്കൂടിയാണ്. ഈ ജനുവരിയിൽ മാതൃഭൂമിയിൽ വന്ന വാർത്ത ശ്രദ്ധിക്കുക:

വിലാപങ്ങള്‍ക്കപ്പുറത്തുനിന്ന് ഹരിവരാസനം
Posted on: 10 Jan 2011

ശബരിമല: സന്നിധാനത്തുനിന്നുള്ള സന്ദേശം വയര്‍ലസ് സെറ്റിലൂടെ ശബ്ദിച്ചപ്പോള് ജോസിന്റെ വിരലമര്‍ന്നു. കണ്ണടച്ചുനില്‍ക്കുന്ന കാടിനും കൈകൂപ്പിയ ഭക്തലക്ഷങ്ങള്‍ക്കും നടുവിലൂടെ അയ്യപ്പന്റെ ഉറക്കുപാട്ടുണര്‍ന്നു. പിന്നെ ചുണ്ടുകളിലൊക്കെ ഹരിവരാസനം മാത്രം അത്രയുംനേരം കൂട്ടംതെറ്റലിന്റെ ദീനവിലാപങ്ങള്‍ക്ക് മൈക്ക് നല്‍കിയ ഇന്‍ഫര്‍മേഷന് സെന്റര് ഒറ്റനിമിഷംകൊണ്ട് ഭക്തിയുടെ വിശ്വമോഹനമായ അന്തരീക്ഷത്തിലേക്ക് മാറുന്നു. ശബരിമലയിലെത്തുന്നവര് കാത്തുനില്‍ക്കുന്ന ഹരിവരാസനം ഉയരുന്നത് ഇവിടെനിന്നാണ്. കോട്ടയത്തുള്ള ജി.കെ.സൗണ്ടാണ് ഇപ്പോള് സന്നിധാനം ഇന്‍ഫര്‍മേഷന് സെന്ററിന് ശബ്ദംനല്‍കുന്നത്. വര്‍ഷങ്ങളായി ഇവര് ഈ ചുമതല നിര്‍വഹിക്കുന്നു. ജി.കെ.സൗണ്ടിലെ ജീവനക്കാരനായ ജോസ്തന്നെ മുപ്പതുവര്‍ഷമായി
ശബരിമലയില് ഹരിവരാസനം കേള്‍പ്പിക്കുന്നു ജോസ് . രണ്ട് കോളാമ്പി മൈക്കുകളുമായി പണ്ട് മലകയറിയതാണ് ജി.കെ.സൗണ്ടിന്റെ ഉടമയായ ഗോവിന്ദന്‍കുട്ടി. അന്നൊക്കെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന എച്ച്.എം.വി. ഗ്രാമഫോണാണ് ഹരിവരാസനം പാടിയിരുന്നത്; വൈദ്യുതിക്ക് ജനറേറ്റര്. പിന്നെ കാസറ്റിലായി പാട്ട്. ഇപ്പോള് സി.ഡി.യില്. നടയടയ്ക്കുന്നതിനു മുമ്പായി സന്നിധാനത്തുനിന്ന് വയര്‍ലെസില് ഹരിവരാസനം തുടങ്ങാനുള്ള നിര്‍ദ്ദേശം ഇന്‍ഫര്‍മേഷന് സെന്ററിലെത്തും. നേരത്തേതന്നെ സി.ഡി.തയ്യാറാക്കി വച്ചിട്ടുണ്ടാകും. എന്തെങ്കിലും സാങ്കേതിക തകരാറുണ്ടാകുകയാണെങ്കില് പ്രവര്‍ത്തിപ്പിക്കാനായി രണ്ടാമതൊരു സി.ഡി.പ്ലെയറും സജ്ജമായിരിക്കും.“

അങ്ങനെ 10.50 നു പൂജാക്രമങ്ങളിലെ പ്രധാന കാർമ്മികത്വം ജോസ് എന്ന ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ്. ക്രിസ്ത്യാനി പാടിയ പാട്ട് ക്രിസ്ത്യാനി തന്നെ പ്രക്ഷേപണം ചെയ്യുന്നത് സർവ്വമതസാഹോദര്യത്തിന്റെ നിദർശനമായ അയ്യപ്പസന്നിധാനത്ത് യുക്തി തന്നെ. സന്നിധാനത്തു നിന്നും അയയ്ക്കുന്ന വയർലെസ് സന്ദേശമാണ് ഇതിനു തുടക്കം. സാങ്കേതികതയിൽ തകരാറുണ്ടായാൽ ഈ അനുഷ്ഠാനക്രമം താളം തെറ്റും. അയ്യപ്പന്റെ ഉറക്കസമയം നിശ്ചയിക്കുന്നത് സാങ്കേതികനിയുക്തികളാണ്.

മാദ്ധ്യമം ഓൺലൈനിൽ വന്ന ഈ വാർത്ത ശ്രദ്ധിക്കുക:

ഹരിവരാസനം നേരത്തെ കേള്‍പ്പിച്ചത് അമ്പരപ്പിച്ചു
ശബരിമല: ഹരിവരാസനം നിശ്‌ചിത സമയത്തിനുംമുമ്പേ മൈക്കിലൂടെകേള്‍പ്പിച്ചത് ഭക്‌തരില് അമ്പരപ്പുളവാക്കി. ഇന്നലെ സോപാനത്തുനിന്നു പോലീസ് ഉദ്യോഗസ്‌ഥര് നല്‍കിയ തെറ്റായ വയര്‍ലസ് സന്ദേശത്തെ തുടര്‍ന്നാണ് പതിവിലും നേരത്തെ ഹരിവരാസനം കേള്‍പ്പിച്ചത്. തെറ്റ് മനസിലാക്കിയ ഉടന് മൈക്ക് ഓഫ് ചെയ്‌തു. തുടര്‍ന്ന് യഥാസമയത്ത് ഹരിവരാസനം കേള്‍പ്പിക്കുകയും ചെയ്‌തു. അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയാണ് സന്നിധാനത്ത് എന്നും നട അടയ്‌ക്കുന്നത്.


വയർലെസ് സന്ദേശത്തിലൂടെ, സി ഡി പ്ലേയറിലൂടെ, മൈക്ക് സെറ്റിലൂടെ ഒരു അനുഷ്ഠാനകർമ്മം നിർവഹിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമായിരിക്കണം ശബരിമല. അവിശ്വാസിയായ കമ്മ്യൂണിസ്റ്റിലൂടെ, ക്രിസ്ത്യാനിയിലൂടെ, ആധുനികസാങ്കേതികവിദ്യകളിലൂടെ സംചാരണോർജ്ജം കൈവന്ന സർവ്വസാധാരണത്വത്തെ ഇത്രയും സ്വാംശീകരിച്ച മറ്റൊരു ഹിന്ദു ദൈവം നമുക്കില്ല.

വികല സൃഷ്ടി

സ്തോത്രകൃതികൾ- വെറും വിശേഷണങ്ങളുടെ സമുച്ചയം മാത്രമെങ്കിലും കലാത്മകമൂല്യം കൈവരിക്കുന്നത് ശബ്ദാർത്ഥപ്പൊരുത്തം കൊണ്ടും സംഗീതാത്മകതകൊണ്ടുമാണ്. സാഹിത്യോത്കർഷം തേടുന്നതിൽ യുക്തിയില്ല എങ്കിലും ഭക്തിവ്യഞ്ജകം ആകുന്നതിനപ്പുറം ഗാനകല ചില മേന്മകൾ നേടാറുണ്ട്. വിശേഷണസമസ്തപദങ്ങൾ നിബന്ധിച്ച കീർത്തങ്ങളും ശ്ലോകങ്ങളും മലയാളിക്ക് സുപരിചിതമാണ്. ഋജുവായ പ്രതിപാദനം, വർണ്ണിക്കപ്പെടുന്ന, പ്രകീർത്തിക്കപ്പെടുന്ന ദേവതയോട് പ്രതിബദ്ധത പുലർത്തുന്ന വിശേഷണങ്ങൾ കൊണ്ട് വരുത്തുന്ന ഏകാഗ്രത ഇവയൊക്കെ കലാത്മകതയുടെ ലാഞ്ഛനയാണ്. ഒരു പ്രതിബിംബത്തെ തെളിച്ചെടുക്കുന്നതിനാവശ്യമായ ഭാവരൂപഭദ്രത ഉയിർക്കൊള്ളുന്നത് അതിന്റെ ഘടകങ്ങളിൽ നിന്നാണ്. ഒന്നിനു പുറകേ വരുന്ന വിശേഷണങ്ങൾ ശൈഥില്യസൂചകങ്ങളെന്നു പ്രതീതിയുണർത്തുമെങ്കിലും സമൂർത്തതയുടെ ഭാഗമെന്നു തോന്നിപ്പിയ്ക്കാനുള്ള കഴിവിലാണ് കാവ്യഭംഗിയുടെ ഉത്പന്നത. സമസ്തപദങ്ങൾ മാത്രം ചേർത്ത് കൊരുത്തൊരുക്കിയ ശാന്താകാരം ഭുജഗശയനം പോലുള്ളവ ആർജ്ജവമിയന്ന വാങ്മയ ചിത്രം വരച്ചിടുന്നത് കൽ‌പ്പനകളുടെ ഉജ്ജ്വലതയുടെ സമാകലനം എന്ന നിലയ്ക്കാണ്. ശബ്ദതലത്തിലുള്ള ആസ്വാദനം മാത്രം ലക്ഷ്യമിടുന്ന ഹരിവരാസനത്തിലാകട്ടെ ചമത്കാരശൂന്യമായ അർത്ഥകൽ‌പ്പനകൾ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുകയാണ് ഇവയ്ക്കിടയിൽ ഹരിഹരാത്മജം ദേവമാശ്രയേ എന്ന ആഭ്യന്തരപ്രഖ്യാപനങ്ങൾ പെടുത്തിയിരിക്കുകയുമാണ്.

ഒരു രചയിതാവിനെ നിസ്സന്ദേഹം നിശ്ചയപ്പെടുത്താൻ ആകാതെ പോകുന്നത് കാവ്യബോധം ഉള്ള ഒരു കവിയും ഇതിന്റെ കർത്തുത്വം ഏറ്റെടുക്കാൻ തയാറാവുകയില്ല എന്ന കാരണത്താലായിരിക്കും. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും ഒക്കെ നിറഞ്ഞ ഒരു വികല സൃഷ്ടിയാണ് ഹരിവരാസനം. ഏറ്റവും വിചിത്രമായത് ശാസ്താവിനേയോ അയ്യപ്പനേയൊ പ്രകീർത്തിക്കുന്ന പദങ്ങൾ എട്ടു ശ്ലോകങ്ങളിൽ രണ്ടിടത്തേ വരുന്നുള്ളു എന്നതാണ്. മറ്റെല്ലാം ഏതു ദൈവത്തിനും ചേരുന്ന വിശേഷണങ്ങളാണ്. രണ്ടാം ശ്ലോകത്തിലെ ‘ശരണകീർത്തനം’ ‘ഭൂതനായകം’ എന്നീ രണ്ടു വാക്കുകൾ മാത്രമാണ് അയ്യപ്പ വിശേഷണമായി കരുതാൻ പറ്റുന്നവ. എല്ലാ ശ്ലോകങ്ങളൂടെയും നാലാം പാദം ഹരിഹരാത്മജം ദേവമാശ്രയേ എന്ന ഹരിഹരപുത്രഘോഷണത്തിൽ അവസാനിക്കുന്നതിനാൽ സാമാന്യഗതമായ വിശേഷണങ്ങൾ മതിയെന്നും വിചാരിച്ചുകാണണം രചയിതാവ്.

വൈചിത്ര്യങ്ങളിലൊന്ന് പല വരികളും ശിവനെക്കുറിച്ചോ വിഷ്ണുവിനെക്കുറിച്ചോ ആണെന്നുള്ളതാണ്. പൊടുന്നനവേ ആണ് ശിവ-വിഷ്ണു വിശേഷണങ്ങൾ വന്നു കയറുന്നുത്. അഞ്ചാം ശ്ലോകത്തിൽ കൃത്യമായാണ് ‘ത്രിനയനാനനം’ (മൂന്നു കണ്ണുള്ള മുഖം) എന്ന ശിവവിശേഷണം നിബന്ധിച്ചിരിക്കുന്നത്. നാലാം ശ്ലോകത്തിൽ ‘വരഗദായുധം’ (ശ്രേഷ്ഠമായ ഗദ ആയുധമായുള്ളവൻ) എന്ന വിഷ്ണു വിശേഷണവും ഉണ്ട്. അപ്പോൾ നാലാം പാദത്തിൽ ചേർക്കുന്ന ‘ഹരഹിരാത്മജം ദേവമാശ്രയേ’ എന്നത് മുകളിലുള്ള മൂന്നു വരികളുമായി ബന്ധപ്പെടുന്നതല്ലെന്നും വന്നു കൂടും. ‘നിത്യനർത്തനം’ നർത്തനാലസം’ ‘ഭൂതി ഭൂഷണം’ എന്നീ വിശേഷണങ്ങൾ അയ്യപ്പന്റേതല്ലെന്ന് മനസ്സിലാക്കാൻ വിശേഷാൽ ബുദ്ധി ഒന്നും വേണ്ട. ശിവനെ തന്നെ ഉദ്ദേശിച്ചായിരിക്കണം. ഒരു കഥയിലും അയ്യപ്പൻ നൃത്തം ചെയ്തതായിട്ട് പരാമർശം ഇല്ലെന്നിരിക്കെ. ശ്രേഷ്ഠമായ യോഗ പോസിൽ ഇരിക്കുന്ന അയ്യപ്പനെ ചിത്രീകരിച്ച് (ഹരിവരാസനം എന്ന വാക്കിനു പൊതുവേ നൽകപ്പെടുന്ന വിവക്ഷ) തുടങ്ങിയ കീർത്തനമാണ് നർത്തനം കൊണ്ട് ആലസ്യത്തിലാർന്ന അയ്യപ്പനെ അവതരിപ്പിക്കുന്നത്. ഇതിൽ ഔചിത്യം മഷിയിട്ടാൽ കാണുന്നില്ല. ഭൂതി (ഭസ്മം) പൂശുന്നതും ശിവനാണ് കൃതിയിൽ പരാമർശിക്കപെടുന്ന ദൈവവാഹനങ്ങൾ ചിഹ്നമോ ലക്ഷണമോ ആയെടുത്താലും അയ്യപ്പനിലേക്ക് വിരൽ ചൂണ്ടാതെ ചിന്താക്കുഴപ്പത്തിലെത്തിക്കും പടിയാണ് വിവരണങ്ങൾ. പുലിവാഹനനെ ഒരിടത്തും കാണുന്നില്ല. ആനയും സിംഹവും കുതിരയും വാഹനമായുള്ളവൻ എന്ന് ഒരു വരിയിൽ കാണുന്നതും (കളഭകേസരിവാജിവാഹനം)) മറ്റൊരിടത്ത്ത്ത് കുതിര മാത്രവും (തുരഗവാഹനം ശ്ലോകം 4) പിന്നൊരിടത്ത് ആന മാത്രവും (ധവളവാഹനം ദിവ്യവാരണം- ശ്ലോകം 6). ഈ ആന വെളുത്തതാണെന്ന പ്രസ്താവന കുഴയ്ക്കുന്നു. ദേവേന്ദ്രന്റെ ഐരാവതത്തെ ഇവിടെയെത്തിയ്ക്കാൻ ഒരു വഴിയുമില്ല താനും. അയ്യപ്പൻ വെളുത്ത ആനമേൽ ഏറിയതായിട്ട് അറിവില്ല. ഇനി അങ്ങനെയെന്തെങ്കിലും സൂചന ഏതെങ്കിലും നാടൻ മിത്തിൽ ഉണ്ടെങ്കിൽ തന്നെ അത്ര ചുഴിഞ്ഞാലോചിച്ച് ഗവേഷണബുദ്ധ്യാ കഥകളെ ഘടിപ്പിച്ചെടുക്കാനുള്ള വൈദഗ്ധ്യം കൃതിയിൽ മറ്റൊരിടത്തും കാണാനില്ലാത്തതിനാൽ വിവേകശൂന്യതയായേ കരുതാൻ പറ്റൂ. പ്രാക്തനദൈവമായ വേട്ടയ്ക്കൊരു മകനെ അയ്യപ്പസ്വരൂപത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ സമ്മർദ്ദങ്ങളും അവപീഡങ്ങളും കാലാനുസൃതമായി ദൈവങ്ങളിൽ പുതിയ ദൈവപ്രതിച്ഛായകൾ ഏറ്റപ്പെട്ടിട്ടുണ്ട്. പൂർണ്ണ പുഷ്കല എന്നീ ഭാര്യമാരുള്ള ആര്യൻ/അയ്യൻ ഉം ശാസ്താ/ അയ്യപ്പൻ പ്രതിരൂപത്തിൽ കയറിക്കൂടിയിട്ടുണ്ട്. പല ശാസ്താ ക്ഷേത്രങ്ങളിലും കളം വരയ്ക്കുമ്പോൾ വെളുത്ത കുതിരമേൽ ഏറിയ, താടി നീട്ടി, അമ്പും വില്ലും ധരിച്ച വേട്ടയ്ക്കൊരുമകനെ ആണു ചിത്രീകരിക്കാറ്. അതുകൊണ്ട് കുതിരയെ വാഹന്മായി ദ്യോതിപ്പിക്കുന്നതിൽ യുക്തി തെല്ലുണ്ടന്ന് കരുതാം. എന്നാലും വെളുത്ത ആനയേയും സിംഹത്തേയും വാഹനങ്ങളായി അവതരിപ്പിച്ചത് ശിവ-വിഷ്ണു വിശേഷണങ്ങൾ യുക്തിയൊന്നുമില്ലാതെ ഉൾപ്പെടുത്തിയപോലെ ഒരു ബുദ്ധിശൂന്യതയായേ കരുതാൻ പറ്റൂ.

അർത്ഥശൂന്യ പദങ്ങൾ അന്തസ്സാരവിഹീന വിശേഷണങ്ങൾ

പദങ്ങളുടെ അർത്ഥത്തെപ്പറ്റി ചിന്തിക്കാതെയാണ് ചില പ്രയോഗങ്ങൾ വന്നു കയറിയിരിക്കുന്നത്.. ഒന്നാം ശ്ലോകത്തിൽ ‘ആരാദ്ധ്യപാദുകം’ എന്നത് ‘ആരാദ്ധ്യപാദം’ എന്നുദ്ദേശിച്ചായിരിക്കണം. അക്ഷരക്രമമൊപ്പിയ്ക്കാൻ ‘പാദുകം’ എന്നു കിടക്കട്ടെ എന്നു വിചാരിച്ചു കാണണം കവി. പാദുകം എന്നാൽ ചെരിപ്പ്, മെതിയടി എന്നൊക്കെയാണ് അർത്ഥം . അയ്യപ്പന്റെ മെതിയടി പൂജാവസ്തുവാക്കാൻ ചില്ലറസ്വാതന്ത്ര്യമല്ല രചയിതാവ് എടുത്തുപയോഗിച്ചിരിക്കുന്നത്. പ്രതിഷ്ഠാവിഗ്രഹത്തിലോ മെതിയടി ഒട്ടില്ലതാനും.ശബ്ദാലങ്കാരപ്രയോഗങ്ങളിൽ അർത്ഥാ‍ാന്വേഷണം മുങ്ങിപ്പോകുമെന്നും പാടുന്നവർ ഇതു ശ്രദ്ധിക്കുകയില്ലെന്നും കരുതിയിരിക്കണം രചയിതാവ്. പ്രണയസത്യകം എന്ന വാക്കും വീണ്ടുവിചാരമില്ലാതെയായിരിക്കണം നിബന്ധിച്ചത്. സത്യകം എന്നാൽ സത്യം ഉറപ്പിയ്ക്കൽ, പ്രതിഞ്ജ എന്നൊക്കെയാണ്. ഇത് പ്രണയത്തോട് ചേർത്ത് ഒരു ദൈവവിശേഷണം ഉണ്ടാക്കിയെടുക്കുന്നത് കടന്നകയ്യാണ്. പ്രണതകൽപ്പകം എന്നതും ഇതു പോലെ. പ്രണതം=നമസ്കരിക്കപ്പെട്ട, നമസ്കരിച്ചവൻ എന്നൊക്കെ അർത്ഥം. കൽ‌പ്പകം എന്നതിനു കല്പവൃക്ഷം എന്ന് നിഘണ്ടു. കൽ‌പ്പകൻ എന്നാൽ ഛേദിയ്ക്കുന്നവൻ എന്നും. നിഗൂഢമായ എന്തോ അർത്ഥം കാണാൻ സാദ്ധ്യതയുണ്ടെന്നു തോന്നിപ്പിക്കുന്ന വാക്കാണെന്നുള്ളതായിരിക്കണം പ്രണതകൽ‌പ്പകം എന്ന് പ്രയോഗിച്ചത്. പ്രണതപാലനം (ഭക്തസംരക്ഷണം) എന്ന വാക്ക് നിബന്ധിച്ചാൽ പോരെന്നു തോന്നിയോ രചയിതാവിനു? സുന്ദരപദങ്ങൾ ആഡംബരമായി മാലകോർത്താൽ പാടിപ്പോകാൻ സുഖമുണ്ടെന്നു കരുതിയായിരിക്കണം യുക്തിയേയും അർത്ഥത്തേയും വെല്ലു വിളിയ്ക്കുന്നത്. ഭരണലോലുപം എന്നതും ചമൽക്കാരത്തേക്കാളും വൈകല്യം കുറിക്കപ്പെടുന്നതാണ്. ഭരണം എന്നതിനു രക്ഷിക്കൽ എന്നൊരു അർത്ഥം ഉണ്ടെന്നു സമ്മതിച്ചാൽ പോലും അതിയായ ആസക്തി ഉള്ളവൻ എന്നു (ലോലുപം) ചേർക്കുന്നത് കവിത്വപാലനത്തിനു വിരുദ്ധമാണ്. അയ്യപ്പനെ ഭരണത്തിൽ അതിയായ ആസക്തിയുള്ളവനെന്നു വിശേഷിപ്പിച്ച് നിർ വൃതിയടയാൻ ഭക്തിയുടെ ആനുകൂല്യം മാത്രം പോരാതെയാണിരിക്കുന്നത്. ഒരു ദൈവത്തെ വിശേഷിപ്പിയ്ക്കുമ്പോൾ നിരർത്ഥകമായിപ്പോകുന്നതാണ് “ദേവതാത്മകം” മുതലായ പ്രയോഗങ്ങൾ. “ത്രിദശപൂജിതം’ (ദേവന്മാരാൽ പൂജിക്കപ്പെടുന്നത് എന്നായിരിക്കണം കവി ഉദ്ദേശിച്ചിരിക്കുന്നത്) എന്ന് അതേ ചരണത്തിൽ പറയുന്നുമുണ്ട്. “ദേവതാത്മകം’ എന്ന് മൂന്നാ‍ാം ശ്ലോകത്തിൽ ദ്യോതിപ്പിച്ച കണക്കിനു ‘ദേവവർണ്ണിത’ ത്തിനു പ്രസക്തിയില്ലാതെയും പോകുന്നു. “ത്രിഭുവനാർച്ചിതം” എന്നതിനു മൂന്നുലോകങ്ങളിലും പൂജിക്കപ്പെടുന്നത് എന്ന് കൽ‌പ്പിച്ചെടുക്കാൻ എളുപ്പമല്ല. പ്രണവമന്ദിരം എന്നത് ശബരിമലയേയോ ക്ഷേത്രത്തേയോ ആയിരിക്കണം സൂചിപ്പിക്കുന്നത്, ഓംകാരത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്ക് (ശബരിമല ഓംകാരത്തിന്റെ ആസ്ഥാനമാണോ?) പക്ഷെ ഉടൻ വരുന്ന “കീർത്തനപ്രിയം” അയ്യപ്പവിശേഷണമാവുമ്പോൾ നഷ്ടപ്പെടുന്നത് ഏകാഗ്രത മാത്രമല്ല ഘടനയിലുള്ള വൈകല്യവുമാണ്. അയ്യപ്പൻ കീർത്തനപ്രിയനാണെന്നുള്ള പ്രസ്താവനയോട് ചേരുന്നതല്ല പ്രണവമന്ദിരം എന്നത്. വിവേചനബുദ്ധിയോടെയുള്ള അടുക്കിവയ്ക്കലുകളില്ല എന്നതിനു മറ്റൊരു ഉദാഹരണമാണ് അരിവിമർദ്ദനം കഴിഞ്ഞ് വരുന്ന നിത്യനർത്തനം എന്ന പ്രയോഗം. ലക്ഷ്യനിയതമായ ഔചിത്യബോധത്തെ വെല്ലുവിളിയ്ക്കുന്നു ഇത്. വരഗദായുധം ദേവവർണിതം എന്നതിൽ ആയുധമാണോ ദേവന്മാരാൽ വർണ്ണിക്കപ്പെടുന്നത് എന്ന സംശയമാണ് ഇടനൽകുന്നത്. ഇതുപോലെ വിഘടിച്ചു നിൽക്കുന്നു ഒരേ വരിയിൽ വരുന്ന “ശരണകീർത്തനം ശക്തമാനസം” എന്നുള്ളതും. ശക്തമാനസം എന്നുള്ളതിന്റെ വിശേഷണമാവാൻ സാദ്ധ്യതയില്ല്ല ശരണകീർത്തനം എന്ന വാക്ക്. ശക്തമാനസം എന്ന സൂചനവഴി അയ്യപ്പന്റെ മനസ്സു ശക്തമാണെന്നു പറയാനൊരുമ്പെടുകയാണെങ്കിൽ കവിയുടെ ഭാവന അതി ദയനീയമാണെന്നു വേണം പറയാൻ. ദിവ്യദേശികം എന്നതിനു ദിവ്യനായ വഴികാട്ടി, ഗുരു എന്നൊക്കെ അർത്ഥം കൽ‌പ്പിക്കാമെങ്കിലും പാട്ടിന്റെ പൊതുസ്വഭാവത്തോട് യോജിച്ചു പോകാത്ത ക്ലിഷ്ടതയാണു സമ്മാനിയ്ക്കുന്നത്. ശബ്ദാലങ്കാരത്തിന്റെ മിനുമിനുപ്പ് മാത്രം ശ്രദ്ധിക്കപ്പെട്ടാൽ മതിയെന്നായിരിക്കണം രചയിതാവ് കരുതിയത്. സാധുജീവനം എന്നതിനു സന്യാസിയുടെ ജീവിതവൃത്തി എന്ന അർത്ഥം ആയിരിക്കണം പരികൽ‌പ്പിതമെങ്കിലും ഔചിത്യബോധം കളഞ്ഞുള്ള നിയുക്തിയിൽ പലതും നഷ്ടപ്പെടുന്നു. ശ്രേഷ്ഠമായ യോഗ നിലയിൽ വാണരുളുന്ന (ഹരിവരാസനം എന്നതിനു പൊതുവേ നൽകപ്പെടുന്ന അർത്ഥം) ദൈവത്തിന്റെ ശരീരത്തിന്റെ കോമളതയേയോ പുഞ്ചിരിയുടെ സൌന്ദര്യത്തേയോ മുഖശ്രീയെയോ ഉദാരമായി വർണിയ്ക്കുന്നതിൽ അനൌചിത്യമില്ലെന്ന് ശഠിയ്ക്കുന്നുണ്ടോ കവി? ഹരിവരാസനം എന്ന ആദ്യശ്ലോകത്തിൽ തന്നെയാണ് മൂന്നാം വരിയിൽ ‘നിത്യനർത്തനം’ എന്ന് വിശേഷിപ്പിച്ച് യുക്തിഭംഗം കൊണ്ടാടിയത്. അയ്യപ്പന്റേതായ അനുഭാവവിശേഷങ്ങൾ പരാമർശിക്കുന്നതിനു പകരം വളരെ സാധാരാണമായ കേവല വിശേഷണങ്ങൾ വലിച്ചുവാരി നിരത്തിയതിനാൽ ആന്തരികരൂപഘടന തന്നെ ചിതറിപ്പോയിരിക്കയാണ്.

അയ്യപ്പനെ പടിയിറക്കുമ്പോൾ

ഈ വൈകല്യങ്ങൾക്കിടയിലും ചില പ്രത്യേക ഉദ്ദേശങ്ങൾ നിറവേറ്റിക്കൊടുക്കുന്നുണ്ട് ഹരിവരാസനം. അയ്യപ്പനെ അതിൽ നിന്നും ഒഴിവാക്കുക എന്നതാണത്. ശബരിമല ദൈവത്തിന്റെ പുതിയ നിർവ്വചനമാണ് ക്രമപ്പെടുത്തിയെടുത്തിരിക്കുന്നത്. വിശ്വാസപരമായി ബുദ്ധൻ, പ്രാക്തനദൈവമായ അയ്യൻ, ആര്യൻ, വേട്ടയ്ക്കൊരുമകൻ, മിത്തിൽ നിന്നും വേർപെട്ട, ചരിത്രത്തിന്റെ ഭാഗമായ പന്തളരാജകുമാരൻ ഈ വ്യക്തിത്വങ്ങളെല്ലാം ആരോപിതമായതാണ് ശാസ്താവ് അല്ലെങ്കിൽ അയ്യപ്പൻ. പലദൈവവ്യക്തിത്വങ്ങളുടെ സങ്കലനമാണ് അയ്യപ്പസങ്കൽ‌പ്പം എങ്കിലും ഇവയേല്ലാം കൂടി ഒരു പൊതുസ്വഭാവദൈവത്തെ നിർമ്മിച്ചെടുക്കുണ്ട് പുരാണങ്ങളുടെ പിൻ ബലമില്ലാത്തതിനാൽ ആധുനികമായി ചില മിത്തുകൾ ഉണ്ടാക്കിയെടുക്കപ്പെട്ടിട്ടുണ്ട്. മഹിഷിയെ കൊല്ലാൻ വന്ന അവതാരം എന്ന ആധുനിക കൂട്ടിച്ചേർക്കൽ പോലെ. എരുമേലി എന്ന പേരിനു സാംഗത്യം കൊണ്ടുവരാൻ 50 കളിൽ ഉണ്ടാക്കിയെടുക്കപ്പെട്ട കഥയാണത് എന്ന് ഡോ. എസ്. കെ നായർ നിരീക്ഷിച്ചിട്ടുണ്ട് ഹിന്ദു ദൈവങ്ങളുടെ നിരയിൽ എത്തിയ്ക്കപ്പെടാനുള്ള ത്വര ശിവ്നേയും വിഷ്ണുവിനേയും പിതാക്കളുടെ സ്ഥാനത്ത് അവരോധിക്കപ്പെടാനും ഇടയാക്കി. മറ്റുസ്വരൂപങ്ങളുടെ ഈതിബാധകൾ അകറ്റി പരമശീർഷദേവതകളോടൊപ്പം സ്ഥാനം വച്ചുകൊടുക്കാനുള്ള വഴിയാണ് ഹരിവരാസനം വച്ചു നീട്ടിയത്.

പ്രാദേശിക മിത്തുകളിൽ രൂപവൽക്കരിക്കപ്പെട്ട പ്രാക്തനദൈവത്തെ മാർകെറ്റിങ് തന്ത്രങ്ങളുടെ വിധിന്യായങ്ങളാൽ അനുസാരിതമാക്കിയാണ് ദേശവൽക്കരിച്ച് എടുക്കേണ്ടത്. അന്യ സംസ്ഥാനകാർ കൂടുതലായി വന്നു വണങ്ങുന്ന ദൈവത്തെ ഒരു നാടൻ ദൈവസ്വരൂപത്തിൽ നിന്നും വിടർത്തിമാറ്റേണ്ടത് പ്രശസ്തിയും നടവരവും ലാക്കാക്കുമ്പോൾ ഘടിപ്പിയ്ക്കേണ്ട യുക്തി തന്നെ.മലയാളത്തിൽ പരക്കെ സ്വീകരിക്കപ്പെട്ട അയ്യപ്പൻ പാട്ടുകൾക്കൊന്നിനും ഈ സ്ഥാനം എത്തിപ്പിടിയ്ക്കാനാവില്ല. ഉടുക്കിന്റെ താളത്തിനോടൊപ്പം നാടൻ രീതിയിൽ ഭജനമട്ടിൽ പാടുന്ന മറ്റൊരു സിനിമാപ്പാട്ടായ ‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ” (ചിത്രം ചെമ്പരത്തി, സംഗീതം ദേവരാജൻ തന്നെ) സന്നിധാനത്തിന്റെ ഏഴയലത്ത് പോലും എത്തിപ്പെടാൻ സാദ്ധ്യതയില്ലാതാകുന്നതിലെ യുക്തി തെളിയാൻ പ്രയാസമില്ല. മലയാളത്തിൽ ആകാൻ പാടില്ല, മറ്റുഭാഷക്കാരെ വലയത്തിൽ നിറുത്തേണ്ടി വരുന്നത് ലോജിസ്റ്റിക്സ്ന്റെ ആവശ്യമായതിനാൽ. സംസ്കൃതത്തിന്റെ ആഢ്യശൈലിയുടെ അപരിമേയ സ്വീകാര്യതയുടെ യുക്തി. അതുകൊണ്ട് രചനയിലെ വൈകല്യങ്ങൾ അപ്രസക്തവും അവഗണനാർഹവും ആയിത്തീരുന്നു. അർത്ഥസാരങ്ങൾ അന്വേഷിക്കുകയേ വേണ്ട എന്ന നില. പിടികിട്ടാ‍പ്പാടകലെ നിൽക്കുന്ന ഔചിത്യവും കാവ്യകലാംശവും അപ്രസക്തമാകുന്നതിന്റെ പൊരുൾ.

അയ്യപ്പൻ കാനനവാസനാണ്. അയ്യപ്പസ്വരൂപത്തിൽ അവസാനം കൂട്ടിച്ചേർക്കപ്പെട്ട മിത്തിലെ പന്തളരാജകുമാരൻ കാനനച്ചോലയ്ക്കരികിൽ അരുമക്കുഞ്ഞായി പ്രത്യക്ഷപ്പെട്ട് യൌവനകാലത്തു തന്നെ രാഷ്ട്രതന്ത്രത്തിന്റെ കാപട്യത്തിൽ നിന്നും ഉപജാപങ്ങളിൽ നിന്നും വിടുതൽ നേടി കാട്ടിലേക്കു തിരിച്ചു പോയവനാണ്. പുലികളെ സ്നേഹിച്ച് പ്രയാസമെന്യേ കൂടെ കൊണ്ടുനടക്കാൻ പ്രാപ്തനായവൻ. പുലികൾ അയ്യപ്പനോടൊപ്പം കൊട്ടാരത്തിലേക്ക് അയ്യപ്പനു കൂട്ടുപോകുന്നുമുണ്ട്. ചിന്മുദ്രയും പേറി തന്നിലേക്കൊതുങ്ങി നിമീലിതനേത്രനായി പ്രപഞ്ചധ്യാനത്തിൽ വിലീനമായ ശാസ്താവിൽ ലയിച്ചു പോയവൻ. ഈ ദ്വിവിധ വ്യക്തിത്വം ഒരേസമയം അന്തർമുഖത്വവും ബഹിർമുഖത്വവും ഉണ്ടാക്കിയെടുക്കുകയാണ്. ഇതിലെ അന്തർമുഖശക്തിയാണ് സായൂജ്ജ്യവാഞ്ച്ഛയെ ആവാഹിച്ച് ഒരു സെന്റ്രിഫ്യൂജിലെന്നപോലെ ഒരു കേന്ദ്രബിന്ദുവിലേക്ക് ഉൾവലിയിച്ച് സംക്രേന്ദ്രിതവും സാന്ദ്രവും ആക്കിത്തീർക്കുന്നത്. ബാഹ്യമോടികളിൽ പ്രകീർത്തിക്കപെടേണ്ടവനല്ല അയ്യപ്പൻ. ബഹിർപ്രകാശനത്തിൽ അഭിജ്ഞാനം കൊള്ളുന്ന, അഭയവരദസ്വരൂപപ്രഭാവം സംക്രമിക്കുന്ന മറ്റു ദൈവങ്ങൾക്ക് വിപരീതമാണിത്. ഭക്തിയുടെ പൊതുബോധം വാർത്തെടുത്തിരിക്കുന്ന ഈ സ്വരൂപങ്ങളുടെ നിരയിലേക്ക് അയ്യപ്പനെയും മാറ്റിപ്രതിഷ്ഠിച്ച് ഹസ്താന്തരപത്രം രചിയ്ക്കപ്പെടുകയാണുണ്ടായത്. ഹരിവരാസനത്തിൽ കേരളീയനാടൻ ദൈവ പ്രതിബിംബസഞ്ചയങ്ങളൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു. മറ്റൊരു വ്യക്തിത്വമുള്ള ഹരിഹരപുത്രൻ മാത്രമാക്കി മാറ്റി തനതുദൈവമായ അയ്യപ്പനെ ഇല്ലാതാ‍ാക്കുക എന്ന അട്ടിമറി. ഗാനരചയിതാവ് അറിഞ്ഞോ അറിയാതെയോ ചെയ്ത കൃത്യം. നാടങ്കഥകളിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നും വിടുതി നേടിയ ഹരിഹരാത്മജൻ ആണിതിൽ. അതീവസുന്ദരനും ഭരണലോലുപനും നിത്യേന നർത്തനം ചെയ്യ്ത് അതിന്റെ ആലസ്യത്തിൽ മുഴുകുന്നവനും വിശ്വമോഹനനും അരുണഭാസുരനും സുപ്രഭാഞ്ചിതനും സുന്ദരാനനനും ഭുവനമോഹനനും കളമൃദുസ്മിതനും ഗാത്രമോഹനനും ആയവൻ. ഗീതത്തിൽ ലാലസിയ്ക്കുന്നവൻ. ആന കുതിര സിംഹം ഇവയൊക്കെ വാഹനമാക്കിയവൻ. ഗദയേന്തിയവൻ. ഭസ്മം പൂശിയവൻ. മൂന്നുകണ്ണുള്ളവൻ. ശത്രുക്കളെ മർദ്ദിച്ച് ജയിക്കുന്നവൻ. വേദസാരം ഭൂഷണമാക്കിയവൻ. അതുമാത്രമല്ല പ്രണയസത്യകനായി മാറ്റിയിരിക്കയാണ് നിത്യബ്രഹ്മചാരിയായി മാളികപ്പുറത്തമ്മയെ നിരാകരിച്ച് ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളായി നിർവ്വാണം കൊള്ളുന്നവനെ. അയ്യപ്പത്തനിമ വിടുവിച്ച് പൊതു ഹിന്ദു ദൈവനിരയിലേക്ക് എഴുന്നെള്ളിച്ച് ഇരുത്താനുള്ള തീവ്ര ശ്രമം തന്നെ ഇത്. നാടൻ പാട്ടുകളിലൂടെ ജീവൻ വച്ചു വന്നിരുന്ന അയ്യപ്പനെ സംസ്കൃതജഡിലമായ വിശേഷണങ്ങളിലൂടെ ഹരിഹരാത്മജൻ മാത്രമായി ചുരുക്കുന്നത് ഈ സ്ഥാനാന്തരണത്തിനു വേണ്ടിയാണ്. കൂടുതൽ ആഢ്യവൽക്കരിക്കപ്പെട്ട വേദവിഭൂഷണനെ വാർത്തെടുക്കൽ.കാട്ടിനുള്ളിൽ ഏകാന്തവാസം ചെയ്യുന്ന യോഗിസ്വരൂപനെ അഖിലഹിന്ദുദേവതാഗണത്തിലെ പ്രമുഖനായി മാറ്റിയെടുക്കൽ കൃത്യമാണിത്. മറ്റു ദൈവങ്ങളുടെ മേൽ ജയിച്ചു നിൽക്കുന്നവൻ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത് ഒരു വൻപൻ ദൈവത്തെ സ്വരൂപിയ്ക്കൽ തന്നെ ഇത്. മറ്റു നാഗരിക ദൈവങ്ങളോടൊപ്പം ഇരുത്തി ഈ മലദൈവത്തെ ഒരു ദേശീയദൈവം എന്ന പ്രതിബിംബത്തിലേക്ക് രൂപാന്തരണം ചെയ്യുകയാണ് ആത്യന്തികമായി ഹരിവരാസനം സാധിച്ചെടുത്തിരിക്കുന്നത്. പ്രാദേശികദൈവങ്ങളെയൊക്കെ ശിവന്റേയൊ വിഷ്ണുവിന്റേയോ കുടുംബത്തിലേക്ക് ചേർക്കുക എന്ന അനുസ്യൂതപ്രക്രിയയുടെ വർത്തമാനകാലദൃഷ്ടാന്തം. ശബരിമല ക്ഷേത്രത്തിനും പരിസരത്തിനും വന്ന മാറ്റങ്ങൾ ഇതിനു യോജിച്ചു പോകുന്നവയാണ്. ഒരു ടൌൺഷിപ്പിന്റെ ഛായയും രൂപവിന്യാസവും ഘടനയും സംസ്കാരവും ആണ് പച്ചമല പവിഴമലവാസനു നിർമ്മിച്ചു നൽകിയിരിക്കുന്നത്. സ്വർണ്ണം കൊണ്ടു മൂടിയ മേൽക്കൂരയ്ക്കു താഴെ സ്വർണ്ണച്ചുവരുകൾക്കുള്ളിൽ സ്വർണ്ണവാതിലിനു പിറകിൽ ഇരിയ്ക്കുന്ന അയ്യപ്പന്റെ സ്വത്വം മറ്റൊന്നാകാതെ തരമില്ല. ഈ പുതിയ അഖിലേന്ത്യാബിരുദം അയ്യപ്പൻ സ്വീകർച്ചു എന്നതിന്റെ തെളിവ് പ്രഘോഷണമാണ് ഇത് കേട്ടേ അദ്ദേഹം ഉറങ്ങൂ എന്ന് കഥ കെട്ടിച്ചമയക്കലിലൂടെ സാധിച്ചെടുത്തിരിക്കുന്നത്. തന്നെ നിത്യനർത്തകനാക്കിയതിൽ ഹരിവരാസനയോഗിക്ക് പരാതിയില്ലത്രെ.

എറ്റവും സ്വീകാര്യമായ ഈ ഉൽ‌പ്പന്നം ‘ബ്രാൻഡഡ്’ ആയിത്തീർന്നിട്ടുണ്ട്. ഹരിവരാസനം പ്രോജക്റ്റുകൾ ഇന്ന് പലതാണ്. ഭക്തിവ്യവസായത്തിൽ വിറ്റഴിക്കപ്പെടുന്ന ഉൽ‌പ്പന്നത്തിനു ഭക്തിയിൽ നിന്നും ഉറവെടുത്ത സ്വീകാര്യതായുക്തി മതി. ഹരിവരാസനം കേൾക്കുമ്പോഴുള്ള യൂഫോറിയ അയ്യപ്പനും അനുഭവിച്ചറിയുന്നെന്ന് അദ്ദേഹത്തെ ഉറക്കത്തിലേക്ക് വഴുതിവീഴ്ത്തുന്നു എന്ന കൌതുകകൽ‌പ്പന ന്യായീകരിക്കുന്നു. ഭക്തനും ഹരിഹരാത്മജനും ഒരേ നിലവാരത്തിൽ എത്തുന്നു. സായൂജ്യത്തിന്റെ കൃത്യത തെളിയുന്നു.
  എതിരന്ജിയുടെ പോസ്റ്റ്  

No comments:

Post a Comment