മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Monday, June 27, 2011
ഇരുണ്ട കാലം പീഡനപര്‍വം
1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ
പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.
വന്ന കാര്യം തിരക്കി- എന്താണ്?
അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.
എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.
ആരില്‍നിന്ന്?
എസ്പി ജോസഫ് തോമസില്‍നിന്ന്.
ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.
ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...
ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.
ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...
കൂത്തുപറമ്പ് സ്റേഷനിലെ രാത്രി
പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.
കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.
ലോക്കപ്പിനുള്ളില്‍
സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.
ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-
നിന്റെ പേരെന്താ.
വിജയന്‍.
എന്ത് വിജയന്‍?
പിണറായി വിജയന്‍.
ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.
കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.
നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.
രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.
പിറ്റേന്ന് പ്രഭാതം
രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.
ജയില്‍ദിനങ്ങള്‍
ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.
മുഖാമുഖം
രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.
ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...
അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.
സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.
വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.
സഹതടവുകാര്‍
അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.
ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.
കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.
വ്യായാമം
ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.
1977 മാര്‍ച്ച് 30
ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.
വീണ്ടും കണ്ടപ്പോള്‍
അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.
അതിക്രമങ്ങളുടെ ഇരുണ്ട കാലം
യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...
*
സജീവ് പാഴൂര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ജൂണ്‍ 2011 പേജിലേക്ക്
Subscribe to:
Post Comments (Atom)
No comments:
Post a Comment