Monday, June 13, 2011

അണ്ണാമാരും ബാബാമാരും അഥവാ അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം



സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ ഏറ്റവും ഭീമമായ അഴിമതികളുടെ ഭാരംപേറിയാണ് യുപിഎ ഗവണ്‍മന്റെ് മുന്നോട്ടുനീങ്ങുന്നത്. നിരവധി വ്യവസായികളും രാഷ്ട്രീയക്കാരും 2 ജി സ്പെക്ട്രം അഴിമതിയുടെ ഭാഗമായി ജയിലിലാണ്. മറ്റു...സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ ഏറ്റവും ഭീമമായ അഴിമതികളുടെ ഭാരംപേറിയാണ് യുപിഎ ഗവണ്‍മന്റെ് മുന്നോട്ടുനീങ്ങുന്നത്. നിരവധി വ്യവസായികളും രാഷ്ട്രീയക്കാരും 2 ജി സ്പെക്ട്രം അഴിമതിയുടെ ഭാഗമായി ജയിലിലാണ്. മറ്റു നിരവധി പേര്‍ സംശയത്തിന്റെ നിഴലിലാണ്. 2 ജി സ്പെക്ട്രത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതമായി തമിഴ്നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം ഗവണ്‍മന്റെില്‍നിന്ന് തുടച്ചെറിയപ്പെട്ടു. കേരളത്തിലും മമതാബാനര്‍ജിയുടെ സഖ്യം വിജയിച്ച പശ്ചിമബംഗാളിലും കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ പരിമിതമായിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന പൊതുജന പിന്തുണയുടെ ഗ്രാഫ് താഴോട്ടുതന്നെയാണ് എന്നാണ് ഇന്ത്യയൊട്ടുക്കും ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

അഴിമതിക്കെതിരെയുള്ള ജനവികാരം സ്വാഭാവികമാണ്. അഴിമതിയില്‍പെട്ടിട്ടുള്ള സംഖ്യകള്‍ ലക്ഷക്കണണക്കിന് കോടികളാകുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പും മനസ്സിലാക്കാം. 1969 മുതല്‍ ചര്‍ച്ചയിലിരിക്കുന്ന ലോക്പാല്‍ ബില്‍ പാസാക്കാനുള്ള നീക്കങ്ങള്‍ മുതല്‍ എല്ലാ നിയമസഭാംഗങ്ങളുടെയും ആസ്തികള്‍ "സുതാര്യ"മായി പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനവരെയുള്ള അഴിമതി വിരുദ്ധ നിലപാടുകളുടെയെല്ലാം പശ്ചാത്തലം ഇതുതന്നെയാണ്. കേരളത്തിലെ നിരവധി മന്ത്രിമാര്‍ അഴിമതിയുടെ നിഴലിലാകുമ്പോള്‍ ഇത്തരം അഭ്യാസങ്ങളുടെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ഒരു വ്യത്യാസവും പ്രധാനമാണ്. അഴിമതിവിരുദ്ധ സമരങ്ങളുടെ നേതാക്കന്മാരായി രംഗത്തുവരുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്ന് അവകാശപ്പെടുന്ന "സിവില്‍ സമൂഹ" പ്രസ്ഥാനക്കാരാണ്. അവരാണ് ലോക്പാല്‍ ബില്‍ തയ്യാറാക്കാനുള്ള സമിതികളിലും "ജനപ്രതിനിധി"കളായി സ്ഥാനംപിടിക്കുന്നത്. അണ്ണാഹസാരെയും അരവിന്ദ് കേജരിവാളും ശാന്തിഭൂഷണും ഇവരുടെ പ്രതിനിധികളാണ്. പരസ്യമായി രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന ഇത്തരം ആളുകള്‍ രാഷ്ട്രീയക്കാരുടെ അഴിമതിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഇതിനിടയിലാണ് മറ്റൊരു "അഴിമതിവിരുദ്ധ"നായി ബാബാ രാംദേവിന്റെ അരങ്ങേറ്റം. രാംദേവ് ഹര്യാനയില്‍ ജനിച്ചുവളര്‍ന്ന പിന്നോക്ക സമുദായക്കാരനായ സ്വാമിയാണ്. ഹരിദ്വാറില്‍ ആശ്രമം സ്ഥാപിച്ച് യോഗം പഠിപ്പിക്കുകയും മറ്റ് "സേവന" വ്യവസായങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇദ്ദേഹം ഇതിനുമുമ്പുതന്നെ പലവിധത്തില്‍ മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ച വ്യക്തിയാണ്. ദല്‍ഹിക്കുചുറ്റുമുള്ള പലയിടങ്ങളില്‍നിന്നും സ്വന്തം അനുയായികളെ കൊണ്ടുവന്നു താമസിപ്പിക്കുകയും രാംലീലാമൈദാനിയില്‍ നാലുകോടിയോളം ചെലവുമതിക്കുന്ന പന്തല്‍നിര്‍മ്മിക്കുകയും ചെയ്താണ് രാംദേവ് തന്റെ അഴിമതിവിരുദ്ധ ഉപവാസം നടത്തിയത്. അദ്ദേഹവുമായി സംഭാഷണം നടത്താനായി സീനിയര്‍ മന്ത്രിമാരായ കപില്‍സിബലും സുബോധ്കാന്ത് സഹായിയും നിയോഗിക്കപ്പെട്ടു. അവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അനുസരിച്ച് ഒരു സമവായത്തിലെത്തിയതാണ്. പിന്നീട് നാം കേള്‍ക്കുന്നത് രാംദേവ് ഉപവാസം തുടരാന്‍ തീരുമാനിച്ചുവെന്നാണ്. അന്നുരാത്രി പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെതന്നെ രാംദേവിനെ അറസ്റ്റ്ചെയ്ത് ഹരിദ്വാറിലേക്കു മാറ്റുകയും ചെയ്തു. രാംദേവിനെ ഒരു വഞ്ചകനായി ചിത്രീകരിക്കാനും ആര്‍എസ്എസുകാരുടെ പിന്തുണയോടെയാണ് അയാള്‍ സമരം നടത്തിയതെന്ന് ആരോപിക്കാനും കോണ്‍ഗ്രസുകാര്‍ മറന്നില്ല. ഇതെഴുതുമ്പോള്‍ , രാംദേവ് സംഭവം ശക്തമായ പ്രതിഷേധത്തിനിടയാക്കുകയാണ് . ബിജെപിയും അണ്ണാഹസാരെയും സത്യാഗ്രഹം നടത്തുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമറിയിച്ചുകഴിഞ്ഞു. പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ പ്രതിഷേധസമരം നടത്തുന്ന ആളുകളെ അറസ്റ്റ്ചെയ്ത രീതിക്കെതിരെ ബുദ്ധിജീവികളും മാധ്യമങ്ങളുമെല്ലാം രംഗത്തുവന്നിട്ടുണ്ട്.

എങ്കിലും നിരവധി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഒന്നാമത്തേത്, രാംദേവിനോടുള്ള ഗവണ്‍മന്റെിന്റെ സമീപനമാണ്. ഒരു ജനാധിപത്യ രാഷ്ട്രീയത്തില്‍ താന്‍ തെറ്റാണെന്നു കരുതുന്ന പ്രവണതയ്ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാനും സമരം നടത്താനും ആര്‍ക്കും അവകാശമുണ്ട്. അതിനുവേണ്ടി ആളുകളെ സംഘടിപ്പിക്കുക സ്വാഭാവികമാണ്. അതുതന്നെയാണ് രാംദേവും ചെയ്തത്. ആദ്യഘട്ടത്തില്‍ ഗവണ്‍മന്റെ് ഈ സന്യാസിയെ അല്‍പം വഴിവിട്ട് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ഫലിച്ചില്ലെന്നു കണ്ടപ്പോള്‍ അയാളെ അതേ തീവ്രതയോടെ അധിക്ഷേപിക്കുന്നു. ഇപ്പോള്‍ പറയുന്നത് രാംദേവിന് ഇരുന്നൂറിലധികം സ്ഥാപനങ്ങളും ഇന്ത്യയിലും വിദേശത്തും ആസ്തികളും ഉണ്ടെന്നാണ്. അയാള്‍ നടത്തിയ ആദായനികുതി വെട്ടിപ്പിന്റെയും കള്ളപ്പണത്തിന്റെയും കഥകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. ഇതൊന്നും പുതിയ കഥയല്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബൃന്ദാകാരാട്ട് രാംദേവിന്റെ ആശ്രമത്തിലെ സ്ത്രീപീഡനത്തെക്കുറിച്ചുള്ള പരാതി ഉന്നയിച്ചിരുന്നു. ഇയാളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. അപ്പോള്‍ ഇവയെല്ലാം അവഗണിക്കപ്പെട്ടു. രാംദേവ് ഒരു വ്യാജ സന്ന്യാസിയാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ പിന്നെയെന്തുകൊണ്ട് ഗവണ്‍മന്റെ് നടപടിയെടുത്തില്ല? എന്തുകൊണ്ട് ഇയാള്‍ക്ക് അര്‍ഹതയില്ലാത്ത മാന്യതയും അംഗീകാരവും നല്‍കി? പിന്നെയെന്തുകൊണ്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു?

രാംദേവിന്റെ സംഘത്തില്‍ സാധ്വി ഋതാംബരയെപ്പോലുള്ള ഹിന്ദുതീവ്രവാദികളുണ്ടായിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് ഗവണ്‍മന്റെ് "സന്ധി സംഭാഷണ"ത്തിന് ഒരുങ്ങിയത്. അത് വിജയിക്കാത്തപ്പോഴാണ് അയാള്‍ ഹിന്ദു തീവ്രവാദികളുടെയും ആര്‍എസ്എസിന്റെയും ചട്ടുകമാണെന്നുള്ള ആരോപണമുയര്‍ന്നത്. ഇതിനിടയില്‍ മാധ്യമങ്ങളില്‍നിന്നുയര്‍ന്നുവരുന്ന മറ്റാരോപണങ്ങളുണ്ട്. രാംദേവും അണ്ണാഹസാരെയും തമ്മിലുള്ള താരതമ്യമാണ് ഏറ്റവും പ്രധാനം. രാംദേവ് ഹിന്ദുമതവാദിയാണെങ്കില്‍ അണ്ണ "സെക്കുലറാ"ണ്. അണ്ണ ലളിതമായ സമരം നടത്തിയെങ്കില്‍ രാംദേവ് "പഞ്ചനക്ഷത്ര" സമരമാണ് നടത്തിയത്. അണ്ണയുടെ സമരത്തിന് ആളുകള്‍ സ്വമേധയാ പിന്തുണ പ്രഖ്യാപിച്ചു. രാംദേവ് പണമെറിഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു. അവസാനം ഒന്നുംകൂടി ചേര്‍ക്കാം. അണ്ണ മാന്യനും ലോക്പാല്‍ സമിതിയിലെ അംഗവുമാണ്. ബാബാ ദുരൂഹമായ നിലയില്‍ പണമുണ്ടാക്കിയ ചെറുകിട യോഗാധ്യാപകനുമാണ്. അതുകൊണ്ട് ഒരാളെ അംഗീകരിക്കാം. മറ്റെയാളെ തള്ളിപ്പറയാം. രണ്ടുപേരും പ്രതികരിച്ചത് ഒരേ വ്യവസ്ഥയ്ക്കെതിരെയാണെന്ന സത്യം സമര്‍ത്ഥമായി മറച്ചുവെച്ച് പഴി ഇരയുടെമേല്‍ ചാരാം. ഇത്തരം കസര്‍ത്തുകള്‍ മറച്ചുവയ്ക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. അണ്ണാഹസാരെ ഒരു ഗാന്ധിയനാണ്. റെലെഗന്‍സിദ്ധിയില്‍ ഗാന്ധിയന്‍ ആശ്രമം നടത്തുന്ന അദ്ദേഹം സ്വയം അരാഷ്ട്രീയവാദിയായി പ്രഖ്യാപിക്കുന്ന ആളാണ്. അതായത് ഗാന്ധിസത്തില്‍നിന്ന് "പൗരസമൂഹ" പ്രസ്ഥാനങ്ങളിലേക്ക് കുടിയേറിയ നിരവധിപേരുടെ പ്രതിനിധിയാണദ്ദേഹം. അഴിമതിയെ രാഷ്ട്രീയ സമൂഹത്തിന്റെ ജീര്‍ണ്ണതയായിട്ടാണ് അദ്ദേഹവും മറ്റു "പൗരസമൂഹ" പ്രസ്ഥാനങ്ങളും കാണുന്നത്.

ഇത്തരം പൗരസമൂഹ പ്രസ്ഥാനങ്ങളെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്. സോണിയാഗാന്ധി ചെയര്‍മാനായ ദേശീയ ഉപദേശകസമിതിയില്‍ ഇവരുടെ പ്രതിനിധികള്‍ അംഗങ്ങളാണ്. ലോക്പാല്‍ ബില്ലിന്റെ കരടു തയ്യാറാക്കാനുള്ള സമിതിയിലടക്കം നിരവധി കേന്ദ്ര സമിതികളില്‍ പൗരസമൂഹപ്രതിനിധികള്‍ സജീവ അംഗങ്ങളാണ്. രാഷ്ട്രീയപാര്‍ടികള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത മാന്യത ഇന്ന് "പൗരസമൂഹ" പ്രതിനിധികളായ സ്വാമി അഗ്നിവേശനും മേധാപട്കര്‍ക്കും അരുണാറോയിക്കും അരവിന്ദ് കേജരിവാളിനുമുണ്ട്. ഇതേ "മാന്യ പൗരസമൂഹ"ത്തിന്റെ മറുവശമാണ് ബാബാരാംദേവിനേയും ബാബയെ ശക്തമായി "വിമര്‍ശി"ച്ച് രംഗത്തുവന്ന പുരി ശങ്കരാചാര്യരേയും പോലുള്ളവര്‍ . ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഭാഗമല്ലെന്നു വാദിക്കുന്ന രാംദേവ് അതേസമയം ഹിന്ദുത്വവാദികള്‍ മുന്നോട്ടുവയ്ക്കുന്ന സ്വദേശി ജാഗരണിന്റെ പ്രചാരകനാണ്. ഒരര്‍ത്ഥത്തില്‍ ഹൈന്ദവ "പൗരസമൂഹ"ത്തിന്റെ വക്താവായി ബാബയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ബാബാ രാംദേവിന്റെ പതഞ്ജലി ആശ്രമം പുതിയ രീതിയിലുള്ള സര്‍ക്കാരിതര സംഘടനയുമാണ്. അഴിമതി ഇല്ലായ്മചെയ്യാനും രാജ്യത്തിന് പുറത്തുപോയ കള്ളപ്പണം തിരികെ കൊണ്ടുവരാനും എല്ലാ പൗരന്മാരുടെയും ആസ്തികള്‍ പരസ്യമായി പ്രഖ്യാപിക്കാനും രാംദേവ് ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം മറ്റു പൗരസമൂഹ പ്രസ്ഥാനങ്ങളുടേതുപോലെയാണ്. അതായത് രാഷ്ട്രീയക്കാരും പാര്‍ടികളുമാണ് ഇതിനുപിന്നില്‍ എന്നാണ് അദ്ദേഹം വാദിക്കുന്നത്. സ്വയം ഒരു കള്ളനായ ആള്‍ക്ക് ഇങ്ങനെ വാദിക്കാന്‍ അധികാരമില്ലെന്നാണ് കോണ്‍ഗ്രസും പുരിശങ്കരാചാര്യരും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നത്. പറയുന്ന ആള്‍ കള്ളനാണോ അല്ലയോ എന്നതല്ല ഇവിടെയുള്ള പ്രശ്നം. അരാഷ്ട്രീയ സ്വഭാവമുള്ള പൗരസമൂഹപ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ടികളും തമ്മിലുള്ള വേര്‍തിരിവ് അണ്ണാഹസാരെയെപ്പോലെ രാംദേവും ഉയര്‍ത്തുന്നു എന്നതാണ്. അണ്ണാഹസാരെയ്ക്ക് അഴിമതി ഒരു ധാര്‍മ്മിക പ്രശ്നമാണ്. രാംദേവിന് അഴിമതി ഹൈന്ദവ ദേശാഭിമാനം ഇല്ലാത്തതിന്റെ പ്രശ്നമാണ്.

എന്നാല്‍ അഴിമതിയുടെ ഉറവിടം രാഷ്ട്രീയവും ധാര്‍മ്മികമൂല്യങ്ങളുടെ തകര്‍ച്ചയുമാണോ? അഴിമതിയില്‍പെട്ട ചില വ്യക്തികളുടെ കാര്യത്തില്‍ മൂല്യത്തകര്‍ച്ച പ്രധാനമായിരിക്കാം. പക്ഷേ, അതിനേക്കാള്‍ പ്രധാനമായി ഇന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തം ഭരണകൂടത്തെ ഉപയോഗിക്കുന്ന രീതികളുണ്ട്. ഭരണകൂടം നിയന്ത്രിക്കുന്ന ഘടകങ്ങളില്‍ (ഉപഗ്രഹങ്ങളിലെ ബാന്‍ഡ്വിഡ്ത്ത് ഒരുദാഹരണമാണ്) സ്വന്തം അവകാശം സ്ഥാപിക്കുന്നതിനുവേണ്ടി കുത്തകകള്‍ തമ്മില്‍ നടത്തുന്ന മത്സരമുണ്ട്. ഈ മത്സരത്തില്‍ സ്വന്തം നേട്ടങ്ങളുണ്ടാക്കുന്നതിനുവേണ്ടി ഏതതിരുവരെ വേണമെങ്കിലും പോകാന്‍ തയ്യാറാണെന്ന് കുത്തകകള്‍ പല പ്രാവശ്യവും തെളിയിച്ചതാണ്. അതായത് ഇന്ന് അഴിമതി ഗവണ്‍മന്റെ് ഓഫീസിലെ ക്ലാര്‍ക്കു വാങ്ങുന്ന "കിമ്പള"വും "മാസപ്പടി"യുമല്ല, നവലിബറല്‍ ഭരണകൂടങ്ങളുടെ വിഭവങ്ങളും സാധ്യതകളും കുത്തക മുതലാളിമാര്‍ ഉപയോഗിക്കുന്ന രീതിയാണ്. ഇതില്‍നിന്നുള്ള വരുമാനമുപയോഗിച്ച് മറ്റു കുത്തകകള്‍ വളര്‍ന്നുവരുന്ന രീതിയാണ് കരുണാനിധി കുടുംബത്തില്‍ നാം കാണുന്നത്. ദയാനിധി മാരനെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങള്‍ ഈ കഥയുടെ മറ്റൊരധ്യായമാകാം. അഴിമതിയുടെ പ്രശ്നം ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടം ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍ അടിയുറച്ചതായിരുന്നു. പൊതുവായ സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി പരിശ്രമിക്കുകയും മുതലാളിത്തത്തിന്റെ വികാസത്തെ ഈ പൊതുമാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയായിരുന്നു. അന്ന് ഭരണകൂടം ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങളെത്തന്നെയാണ് സേവിച്ചിരുന്നത്. അതിനോടൊപ്പം പൊതു സമൂഹത്തിനുവേണ്ടി ചിലതു ചെയ്യാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാല്‍ ഇന്ന് ഭരണകൂടത്തിന്റെയും ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെയും സ്വഭാവം വ്യത്യസ്തമാണ്. മുതലാളിത്തത്തിന്റെയും സ്വകാര്യ ബിസിനസ് താല്‍പര്യങ്ങളുടെയും വളര്‍ച്ചയ്ക്ക് എല്ലാവിധ സംരക്ഷണവും ചെയ്തുകൊടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനായി ഇതുവരെ ഭരണകൂടത്തിന്റെ അവകാശങ്ങളുടെ കീഴില്‍ നിലനിന്ന എല്ലാ വിഭവങ്ങളും അവര്‍ സ്വകാര്യ ബിസിനസ്സുകാര്‍ക്കുവേണ്ടി തുറന്നുകൊടുക്കുന്നു. അതിനുവേണ്ടി നടക്കുന്ന പിടിവലിയാണ് അഴിമതിയിലേക്കു നയിച്ചത്.

ഇതിന്റെ ഫലമായി ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മറ്റൊരുമാറ്റവും വരുന്നുണ്ട്. ഇന്ത്യ നിലനിര്‍ത്തുന്ന പാര്‍ലമന്റെറി ജനാധിപത്യ വ്യവസ്ഥയില്‍ ജനതാല്‍പര്യങ്ങളെ പൂര്‍ണ്ണമായി അവഗണിച്ച് മുതലാളിമാരുമായി ഒത്താശചെയ്യാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. അതുകൊണ്ട് മൂലധനത്തിന് ഇന്ത്യയിലെ വിഭവങ്ങളെല്ലാം തുറന്നു കൊടുക്കുമ്പോള്‍തന്നെ അതിന്റെ പ്രത്യാഘാതങ്ങളെ ജനകീയതലത്തില്‍ രാകിമിനുസപ്പെടുത്താനുള്ള തന്ത്രങ്ങളും അവര്‍ ആലോചിക്കും. അതിനുള്ള ഉപകരണം രാഷ്ട്രീയപാര്‍ടികളല്ല, ജനകീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന "പൗരസമൂഹ" പ്രസ്ഥാനങ്ങളാണ്. ഇന്ന് പ്ലാനിങ് കമ്മീഷന്‍ മുതല്‍ വിവിധ മന്ത്രാലയങ്ങള്‍വരെ തങ്ങളുടെ എല്ലാ പദ്ധതികളിലും പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഈ മിനുസപ്പെടുത്തലിന്റെ ഭാഗമാണ്. അതായത് അരാഷ്ട്രീയവാദം ഇന്നത്തെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അതിശക്തമായ ഉപകരണമാണ്. ഗാന്ധിയനായ അണ്ണാഹസാരെയുടെ അരാഷ്ട്രീയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. അവര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ സംവാദങ്ങളുടെ ദിശ നിര്‍ണയിക്കാന്‍ സഹായകരവുമാണ്.

ബാബാ രാംദേവിന്റെ അരാഷ്ട്രീയം നേരെ തിരിച്ചാണ്. കാരണം അത് ഹിന്ദു രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയമാണ്. അഴിമതിയും കള്ളപ്പണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളും ഒരു സാധാരണ ഹിന്ദുവില്‍ സൃഷ്ടിക്കുന്ന അറപ്പും വെറുപ്പും ഉപയോഗിക്കാന്‍ ഒരു കാവിവസ്ത്രധാരിക്ക് സാധിക്കും. കാവിവസ്ത്രധാരി ഒരു യാദവ് വംശജനാകുമ്പോള്‍ ജാതിബോധവും പ്രയോഗത്തില്‍ വരും. (അണ്ണായുടെകൂടെയും ഒരു കാവിയുണ്ട്. സ്വാമി അഗ്നിവേശ്, പക്ഷേ അദ്ദേഹം യാദവനല്ല). അതായത്, ബാബാരാംദേവിന്റെ അഴിമതി വിരോധം വ്യാപിക്കുകയാണെങ്കില്‍ അത് ഭരണകൂടത്തിനെതിരായ മുന്നേറ്റമാകുമെന്ന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് അതിനെ അടിച്ചമര്‍ത്തുമ്പോള്‍ , ബിജെപി അതിനെ ഏറ്റെടുക്കുന്നു. നമ്മുടെ അരാഷ്ട്രീയ പൗരസമൂഹ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്.

പൗരസമൂഹ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയേതരമല്ല. അവര്‍ വ്യക്തമായ രാഷ്ട്രീയത്തോടെ ഇടപെടുന്നവര്‍തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രഖ്യാപിതമായ കര്‍മ്മപരിപാടികളുണ്ട്, അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമന്റെറി ജനാധിപത്യ പ്രക്രിയയില്‍ അവര്‍ പങ്കെടുക്കുന്നു. പൗരസമൂഹ പ്രസ്ഥാനങ്ങള്‍ക്ക് ഈ ഒരു പരിമിതി ഇല്ല. അവര്‍ക്ക് വ്യക്തിപരമോ അല്ലെങ്കില്‍ പൊതുജനാധിപത്യബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആയ ഇടപെടലുകള്‍ നടത്താം. അതുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാനാകാത്ത കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാം. ഉദാഹരണത്തിന്, സ്പെക്ട്രം അഴിമതി നടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡിഎംകെയെ സഖ്യകക്ഷിയെന്നനിലയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണ്. അവര്‍ അതില്‍നിന്ന് പിന്മാറിയാല്‍ ഭരണത്തില്‍നിന്നു പുറത്തുപോകും. അതേസമയം, അഴിമതി സൃഷ്ടിച്ച ജനകീയ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. അതിനായി അരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലിനെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ലോക്പാല്‍ സമിതിയില്‍ സ്ഥാനം നല്‍കുകയും ചെയ്യുന്നു. അവരുടെ താല്‍പര്യത്തിനെതിരായി നീങ്ങിയ രാംദേവിനെ കള്ളനായി മുദ്രകുത്തുന്നു. അതായത് അരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലവിലുള്ള ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പങ്കാളികളായിത്തീരുന്നു. ജനങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അതിനെ ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കാനുമുള്ള സേഫ്റ്റി വാല്‍വുകളായി പൗരസമൂഹ പ്രസ്ഥാനങ്ങള്‍ മാറുന്നു.

ഈ സേഫ്റ്റി വാല്‍വ് രാഷ്ട്രീയത്തിന് വേറൊരു വശവുമുണ്ട്. രാഷ്ട്രീയപാര്‍ടികള്‍ക്ക് സ്വന്തം നിലപാടുകളനുസരിച്ച് മാത്രമാണ് ഭരണകൂട നയങ്ങളെ നേരിടാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം അണികളുടെ എതിര്‍പ്പ് നേരിടേണ്ടിവരും. അരാഷ്ട്രീയ സംഘങ്ങള്‍ക്ക് ഇത് ബാധകമല്ല. അവരുടേത് "മനസ്സാക്ഷി" അരാഷ്ട്രീയമാണ്. അതുകൊണ്ട് ഒരേസമയം സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാനും അതിന്റെ പ്രത്യാഘാതങ്ങളെ വിവിധതരത്തിലുള്ള "ആനുകൂല്യ"ങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനും ഭരണകൂടങ്ങള്‍ക്കു സാധിക്കും. ഉദാഹരണത്തിന് അഴിമതിക്കെതിരെ പോരാടാനും അഴിമതി നടത്തുന്നവര്‍ കൊണ്ടുവരുന്ന അഴിമതി വിരുദ്ധ സംവിധാനങ്ങളുമായി സഹകരിക്കാനും അരാഷ്ട്രീയസംഘങ്ങള്‍ക്കു കഴിയും. ലോക്പാല്‍ ബില്ലിനെപ്പറ്റി ഗവണ്‍മന്റെ് അയച്ച കത്തിനോട് പ്രതികരിക്കാന്‍ ബിജെപിയും ഇടതുകക്ഷികളും വിസമ്മതിച്ചു. ലോക്പാലിനോടുള്ള സ്വന്തം വീക്ഷണമെന്തെന്ന് സര്‍ക്കാര്‍ പറയട്ടെ, അതിനോട് പ്രതികരിക്കാമെന്നാണ് അവര്‍ പറഞ്ഞത്. അത് രാഷ്ട്രീയപാര്‍ടികളുടെ നിലപാടാണ്. അത്തരത്തിലുള്ള നിലപാടില്ലാതെ "അഴിമതിവിരുദ്ധ" ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ അരാഷ്ട്രീയസംഘങ്ങള്‍ അഴിമതി നടത്തുന്ന സര്‍ക്കാരുമായി സഹകരിക്കുന്നു.

ഇതേതരത്തിലുള്ള സഹകരണം അരാഷ്ട്രീയസംഘങ്ങളും മമതാബാനര്‍ജിയും തമ്മില്‍ പശ്ചിമബംഗാളിലുണ്ടായിട്ടുണ്ട്. "ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ"ത്തിന്റെ ഭാഗമായി മമതയുടെ രാഷ്ട്രീയമോ സാമൂഹ്യ സാമ്പത്തിക നിലപാടുകളോ പരിശോധിക്കാതെയാണ് അരാഷ്ട്രീയ സംഘങ്ങള്‍ മമതയെ പിന്തുണച്ചത്. അരാഷ്ട്രീയസംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി പ്രകടമാണ്. "മനസ്സാക്ഷി"യുടെയും "ജീവിതശൈലി"യുടെയും ഭാഗമായി സമൂഹത്തിലെ ഏതു വിഭാഗത്തിന്റെയും പിന്തുണ നേടാന്‍ അവര്‍ക്കു കഴിയും. ഹിന്ദുവും മുസ്ലീമും ദളിതരും സ്ത്രീകളും ആദിവാസികളുമടക്കം എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങളുമായി പൊരുത്തപ്പെടാനും അതേസമയം മദ്ധ്യവര്‍ഗ്ഗങ്ങളുടെ സൗഹാര്‍ദ്ദം നേടാനും അവര്‍ക്കു പ്രയാസമില്ല. അണ്ണായ്ക്കും ബാബായ്ക്കും ലഭിച്ച മാധ്യമ "പ്രീതി" സാധാരണ രാഷ്ട്രീയ നേതാവിന് ലഭിക്കുകയുമില്ല. ഫാസിസം മുതല്‍ അരാജകത്വംവരെ ഏതുതലത്തിലുള്ള നിലപാടു സ്വീകരിക്കാനും മൂലധനത്തിന്റെ സേഫ്റ്റിവാല്‍വ് ആയി മാറാനും അവര്‍ക്ക് സാധിക്കും. ഈ മെയ്വഴക്കം അത്തരം നിലപാടുകളാഗ്രഹിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ പ്രീതിപ്പെടുത്തുകയും ചെയ്യും. അതായത് മൂലധനത്തിന്റെ രാഷ്ട്രീയത്തിന് എതിരില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും അതിനോടുള്ള അസംതൃപ്തികളുടെ ഗതി വേണ്ടവിധത്തില്‍ നിര്‍ണ്ണയിക്കുകയും ചെയ്യാന്‍ അരാഷ്ട്രീയസംഘങ്ങള്‍ക്കു സാധിക്കും. ബൂര്‍ഷ്വാ രാഷ്ട്രീയത്തെ ഇതു ബാധിക്കുകയില്ല. പക്ഷേ, അതിനെ സ്വന്തം നിലപാടുകളുടെ വെളിച്ചത്തില്‍ നേരിടുന്ന പുരോഗമന ഇടതുപക്ഷ ശക്തികളുടെ സ്വാധീനത്തെയാണ് ഇത് ബാധിക്കുക.

ഇപ്പോഴത്തെ അഴിമതിരാഷ്ട്രീയത്തിനെതിരെ പാര്‍ലമന്റെിനകത്തും പുറത്തും ശക്തമായി പ്രതികരിച്ചത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ജെപിസിക്കുവേണ്ടിയുള്ള ശക്തമായ നിലപാടാണ് അവസാനം വിജയിച്ചതും. സമിതിക്കുള്ളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന യുപിഎ, പിഎസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെ പൊളിച്ചു. അവര്‍തന്നെയാണ് അഴിമതിവിരുദ്ധരുമായി ചര്‍ച്ചനടത്താന്‍ ഓടുന്നത്. പക്ഷേ, ഇതിനെ ജനമനസ്സില്‍ തേച്ചുമാച്ചു കളയാന്‍ അണ്ണാമാര്‍ക്കും ബാബാമാര്‍ക്കും കഴിഞ്ഞു. ഇതുതന്നെയായിരുന്നില്ലേ അവരുടെ ലക്ഷ്യവും?

അടിക്കുറിപ്പ്:

ഇതിന് കേരളത്തില്‍ പ്രസക്തമായ ഒരു അനുബന്ധമുണ്ട്. നമ്മുടെ പുതിയ റവന്യൂമന്ത്രി ഒരു "ബുദ്ധിജീവി"യാണ്. ചെങ്ങറസമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അട്ടപ്പാടിയില്‍ കാറ്റാടി നിര്‍മ്മാണശാലയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവരികയും ചെയ്ത ആളാണ്. സിംഗൂര്‍ -നന്ദിഗ്രാം സമരങ്ങളുടെ രാഷ്ട്രീയസാധ്യതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നര്‍ത്ഥം. ഇപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി നടന്ന മൂലംപള്ളി സമരം "ഒത്തു തീര്‍ന്നിരിക്കുന്നു". ഒത്തുതീര്‍പ്പ് പാക്കേജ് എല്‍ഡിഎഫ് സര്‍ക്കാരിേന്‍റതായിരുന്നുവെന്ന് സമരനേതാവ് ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിയും അതു നിഷേധിച്ചിട്ടില്ല. കഴിഞ്ഞ ഗവണ്‍മന്റെിന്റെ കാലത്ത് ഭൂമി പതിച്ചുനല്‍കിയതിനെതിരെ 12 കുടുംബങ്ങള്‍ കേസുകൊടുത്തിരുന്നു. കേസ് പിന്‍വലിക്കുന്നതനുസരിച്ച് 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന വ്യവസ്ഥയിലാണ് സമരം ഒത്തുതീര്‍പ്പിലായത്. രണ്ടുമാസംമുമ്പ് "ഇടതുപക്ഷ വിരുദ്ധ" രാഷ്ട്രീയത്തിന്റെ ഭാഗമായി കേസ് നിലവിലിരുന്നു. ഇപ്പോള്‍ റവന്യുമന്ത്രി മൂലംപള്ളി ഒത്തുതീര്‍പ്പിന്റെ ഭാഗമായി അരാഷ്ട്രീയ സംഘങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ബംഗാളിലെ ഇടതുപക്ഷ വിരുദ്ധ സമരനായികയായ മഹാശ്വേതാദേവി അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആടിയുലയുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെ സേഫ്റ്റിവാല്‍വായി അരാഷ്ട്രീയ "പൗരസമൂഹ" ബുദ്ധിജീവികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന കാലം അടുത്തുവരുന്നില്ലേ?

*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക  

വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment