Wednesday, June 15, 2011

കഥകളി: സമയം, കാലം, സമകാലികംകഥകളി: സമയം, കാലം, സമകാലികം


പ്രശസ്ത കവിയും കലാനിരൂപകനുമായ മനോജ് കുറൂരുമായി ടി എസ് ഐ യുടെ ശ്രീകുമാര്‍. എ. ടി. നടത്തിയ അഭിമുഖം.
മനോജ് കുറൂര്‍ / ശ്രീകുമാര്‍ എ ടി | കൊച്ചി, ജൂണ് 15, 2011 14:28

" ജീവിതകാലത്തിന്‍റെ പകുതിയോളം കഠിനമായ അഭ്യാസത്തിനും, ഒരോ അരങ്ങിലുമുളള അവതരണത്തില്‍ വിശ്രമമില്ലാത്ത അധ്വാനത്തിനുമായി ചെലവഴിക്കുന്ന അവര്‍ക്ക് (കഥകളി കലാകാരന്‍മാര്‍ക്ക്) ലഭിക്കുന്ന പ്രതിഫലത്തിലും ജീവിതനിലവാരത്തിലുമൊന്നും  ഒരു വരേണ്യതയും ഞാന്‍ കാണുന്നില്ല. അതായത്, നമുക്കുപരിചയമുളള മിക്ക സാംസ്കാരിക വ്യവഹാരങ്ങളിലുമുളള വരേണ്യബോധമേ കഥകളിക്കുമുളളൂ."  കഥകളിയുടെ സൌന്ദര്യശാസ്ത്രം, ചാനല്‍ക്കാലത്തെ കഥകളി ആസ്വാദനം, 'പൂര്‍വ്വപുണ്യത്തിന്‍റെ കയങ്ങളില്‍' മുങ്ങിക്കിടന്നുകൊണ്ടുള്ള പരിഷ്കാരങ്ങള്, വരേണ്യസങ്കല്‍പം‍.... മനോജ് കുറൂര്‍ കഥകളിയുടെ സമകാലത്തെക്കുറിച്ച് സംസാരിക്കുന്നു.കാഴ്ചയുടെ  ലോകം അനിയന്ത്രിതമായ രീതിയില്‍ത്തന്നെ വിപുലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കഥകളിയുടെ ഇന്നത്തെ കാഴ്ചയെ വേറിട്ടുനിര്‍ത്തുന്നത് എന്താണ്?

കാഴ്ചകളൊക്കെ പുറം കാഴ്ചകളായിത്തീരുന്ന ഒരു കാലമാണിതെന്നു തോന്നാറുണ്ട്. നിറപ്പകിട്ടുളള നിരവധി കാഴ്ചകള്‍ മുന്നിലൂടെ നിരന്തരം ഓടി മറയുന്ന ചാനലുകളാണ് ഇന്ന് കൊച്ചുകുട്ടികളുടെ പോലും സൌന്ദര്യ ബോധം രൂപപ്പെടുത്തുന്നത്. നിശ്ചലമായ ദൃശ്യങ്ങളും, നിശ്ചലതയോടടുത്ത ചലനങ്ങളും അവര്‍ക്ക് അന്യമാണ്. മുതിര്‍ന്നവരുടെ കാര്യവും വ്യത്യസ്തമല്ല. മാത്രമല്ല, സവിശേഷമായ ഒരു സാംസ്കാരിക പരിസരത്തു രൂപപ്പെടുന്ന കാഴ്ചകള്‍ എന്ന അവസ്ഥ മാറിയിരിക്കുന്നു. പല നാടുകളില്‍ പലപ്പോഴായി രൂപപ്പെട്ടതെല്ലാം ഒന്നിനു പുറകേ ഒന്നായി തെളിഞ്ഞുമറയുന്ന ഈ ദൃശ്യങ്ങള്‍ക്കിടക്ക് കഥകളിയുടേയും തെയ്യത്തിന്‍റേയുമൊക്കെ ദൃശ്യങ്ങളും വന്നുപോയേക്കാം. നിറപ്പകിട്ടുളള കാഴ്ചകളാണല്ലോ അവയും. വെറും ദൃശ്യമെന്ന  നിലയില്‍ കഥകളിവേഷങ്ങള്‍ക്ക് പകിട്ട് കൂടിയിട്ടുണ്ട്. പക്ഷേ, കഥകളി എന്ന കലയുടെ ചെറിയൊരു ഭാഗമേ ആകുന്നുളളൂ അവ.
നിശ്ചലമായ നിലകള്‍, സൂക്ഷ്മവും ശൈലീവല്‍കൃതവുമായ ചലനങ്ങള്‍, സംഗീതത്തില്‍ ഗമകങ്ങള്‍ എന്ന പോലെ ശരീരംകൊണ്ടു സൃഷ്ടിക്കുന്ന ചലന വിന്യാസങ്ങള്‍ എന്നിങ്ങനെ പൊതുവേയുളള കാഴ്ചയുടെ സംസ്കാരത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന ഘടകങ്ങളാണ് കഥകളിയുടെ ഒരു പ്രത്യേകത. അതിനിണങ്ങുന്ന ഗീതവും മേളവുമുണ്ട്. അത്തരത്തില്‍ സമകാലികമായ കാഴ്ചകളില്‍ നിന്ന് ഈ കല വേറിട്ടുനില്‍ക്കുന്നു  എന്നുതോന്നുന്നു.

ക്ലാസിക് കലയായിട്ടും, ചിട്ടകളുടെ സുഘടിതമായ ഘടനാരൂപം കൈവിടാതിരുന്നിട്ടും, പുതുതലമുറയെ, കാലഘട്ടത്തെ, എങ്ങിനെ അതിന് ആകര്‍ഷിക്കാന്‍ കഴിയുന്നു?

ചോദ്യത്തില്‍ത്തന്നെ ഉത്തരവും ഉണ്ട്. ഇതൊരു ക്ലാസിക്കല്‍ കലയാണ്. അതിന് അതിന്‍റേതായ സൌന്ദര്യശാസ്ത്രമുണ്ട്. ചിട്ട എന്നത് ഈ കലയെ തടവിലിടുന്ന ഒന്നായി കാണേണ്ടതില്ല. മറ്റു കലകളില്‍ നിന്ന് പലതും സ്വീകരിക്കുമ്പോഴും, സ്വന്തം സൌന്ദര്യശാസ്ത്ര പരിസരത്തുവെച്ച് തനിക്കിണങ്ങുന്നത് തന്‍റേതായ രീതിയില്‍ സ്വാംശീകരിച്ചുകൊണ്ടാണ്, കഥകളിയെ കഥകളിയാക്കുന്ന ഘടകങ്ങള്‍കൊണ്ടാണ്, ചിട്ടകള്‍ രൂപപ്പെട്ടിരിക്കുന്നത്. ദൈനംദിന വ്യവഹാരങ്ങളും പരിചയവുമുളള ജനപ്രിയകലകളും ചേര്‍ന്ന് ജീവിതവും സൌന്ദര്യബോധവുമെല്ലാം നിശ്ചിത വൃത്തത്തിലൊതുക്കുമ്പോള്‍ വ്യത്യസ്തമായ കലകളോട് മമതയുണ്ടാവുക സ്വാഭാവികമാണല്ലോ. കേരളത്തില്‍  അത് ക്ലാസിക്കല്‍ കലയായ കഥകളിയോടായി. കലയുടെ ഒരോ ഘടകത്തേയും ആവുന്നത്ര ശൈലീവല്‍കരിക്കുന്ന ഈ കലയുടെ സ്വഭാവം,  പതഞ്ഞൊഴുകുന്ന കാഴ്ചകളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്ക്, ആശ്വാസമാകുന്നുണ്ടാകാം. കഥകളിക്കമ്പക്കാര്‍ പലവിധമുണ്ട്. കുട്ടികളുണ്ടാകാന്‍ തിരുവല്ല  ക്ഷേത്രത്തില്‍ സന്താനഗോപാലം കഥ വഴിപാടു നേരുകയും വഴിപാടായി അതു നടത്തുമ്പോള്‍ അവതരണത്തിലൊന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും, അവസാനത്തെ രംഗത്തില്‍ സ്വന്തം കുട്ടിയെ, ബ്രാഹ്മണവേഷം കെട്ടിയ നടനില്‍ നിന്നും സ്വീകരിക്കാനായി കാത്തുനില്‍ക്കുകയും ചെയ്യുന്ന ‘വഴിപാടു’ കാരുണ്ട്. കൃഷ്ണവേഷം വരുമ്പോള്‍ എഴുന്നേറ്റുനിന്നു തൊഴുന്നവരുണ്ട്. അലര്‍ച്ചകളും യുദ്ധങ്ങളും കണ്ടു ഹരം കൊളളുന്നവരുണ്ട്. ഭാവാഭിനയത്തില്‍ മാത്രം രസിക്കുന്നവരുണ്ട്. പാട്ടും മേളവും പ്രധാനമായ മേളപ്പദം കഴിഞ്ഞാല്‍ പോകുന്നവരും, അതു കഴിഞ്ഞാല്‍ മാത്രം വരുന്നവരുമുണ്ട്. പാരമ്പര്യത്തെ നിലനിര്‍ത്തുന്ന എന്തോ മഹനീയമായ സംഗതിയായിക്കണ്ട് കളികണ്ടില്ലെങ്കിലും രോമാഞ്ചമണിയുന്നവരുണ്ട്. ഇവരെയൊക്കെ ഏതെങ്കിലും തരത്തില്‍ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ഉളളതുകൊണ്ടാകാം, ഈ കല ഇന്നും നിലനില്‍ക്കുന്നത്. പുതുതലമുറയിലും ഈ വൈവിധ്യമൊക്കെ കാണാമെങ്കിലും, അടുത്ത കാലത്ത് ആസ്വാദനത്തില്‍ വലിയൊരു പരിണാമം സംഭവിക്കുന്നതായി തോന്നുന്നു. കഥകളിയുടെ ചരിത്രമോ, പാരമ്പര്യമോ, അതിന്‍റെ പ്രത്യയശാസത്ര വിവക്ഷകളോ അല്ല, ശൈലീവല്‍കൃതമായ അതിന്‍റെ   അവതരണമാണ് പുതുതലമുറയില്‍ പലരേയും ഈ കല കാണാന്‍ പ്രേരിപ്പിക്കുന്നത്. ആഹാര്യം മുതല്‍  അവതരണത്തിന്‍റെ സൂക്ഷ്മ ഘടകങ്ങള്‍ വരെ അവര്‍ ശ്രദ്ധിക്കുന്നു. നേരത്തേ പറഞ്ഞതുപോലെ, കാഴ്ചയുടെ മുഖ്യധാരയില്‍ നിന്ന് വേറിട്ട ഒരു ദൃശ്യകലയെ അവര്‍ ആഗ്രഹിക്കുന്നു എന്നുതോന്നുന്നു. അത് തൃപ്തിപ്പെടുത്താന്‍  ഈ ക്ലാസിക്കല്‍ കലയയെത്തന്നെ ആശ്രയിക്കുകയും ചെയ്യുന്നു.

പക്ഷേ, ഇതിനൊരു  മറുവശം കൂടിയുണ്ട്. മിക്ക കഥകളി ആസ്വാദകര്‍ക്കും, കഥകളിയല്ലാതെ മറ്റൊരു കലയില്ല. ഉണ്ടെങ്കില്‍ത്തന്നെ, അതു കര്‍ണാടക സംഗീതമോ, സമ്പ്രദായ ഭജനയോ മേളമോ പഞ്ചവാദ്യമോ ഒക്കെയാണ്. പരിചയമുളള ഏതു കലയേയും കഥകളിയുമായി താരതമ്യപ്പെടുത്തി ഈ കലയുടെ ആസ്വാദനത്തില്‍ മാത്രം ആനന്ദിക്കുന്നവരാണ്ഏറെയും. മോഹിനിയാട്ടം, കൂടിയാട്ടം, തുടങ്ങിയ കലകള്‍ക്കൊന്നും ഈ ശ്രദ്ധ ലഭിക്കുന്നതായി  തോന്നുന്നില്ല. ധാരാളം കൂത്തമ്പലങ്ങള്‍ പൊടിപിടിച്ചുകിടക്കുന്നു. വിവിധ സമുദായങ്ങളിലുളള നാടോടിക്കലകള്‍ മിക്കതും വല്ലപ്പോഴും മാത്രമുളള അനുഷ്ഠാനപരമായ അവതരണങ്ങളിലൊതുങ്ങുന്നു. പുതു തലമുറയുടെ ശ്രദ്ധ നാടകം പോലുളള സമകാലിക കലകള്‍ക്കു ലഭിക്കാത്തതുകൊണ്ട് ആ രംഗങ്ങളില്‍ സംഭവിക്കുന്ന പരീക്ഷണങ്ങള്‍ക്ക് അവതരണങ്ങളുടെ തുടര്‍ച്ച ഉണ്ടാകില്ല. മറ്റു കലാരംഗങ്ങളിലുളളവര്‍ക്ക് കഥകളിയോട് ഒരു ശത്രുതാ മനോഭാവം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കഥകളിയെ  കഥകളിയായിക്കാണുകയും, ഇതരകലകളില്‍ നിന്ന് കഥകളി പ്രതീക്ഷിക്കാതിരിക്കുകയും ചെയ്താലേ മറ്റുകലകള്‍ക്ക് ഈ ശ്രദ്ധ കിട്ടുകയുളളൂ  എന്നുതോന്നുന്നു. ഒരോ കലയ്ക്കും അതതിന്‍റേതായ സൌന്ദര്യശാസ്ത്രമുണ്ട്. ക്ലാസിക്കല്‍ കലകള്‍ക്ക് ശക്തമായ വേരോട്ടമുളള ഇടങ്ങളില്‍ ഇതരകലകള്‍ക്ക് സ്വന്തമായ വഴികള്‍ കണ്ടെത്തുക എന്നത് എത്രത്തോളം ശ്രമകരമാവുന്നുവോ അത്രത്തോളം അനിവാര്യവുമാണ്.

പുതു തലമുറക്ക് കഥകളിയോടു തോന്നുന്ന ആഭിമുഖ്യത്തില്‍ സന്തോഷമുണ്ടെങ്കിലും, ഇതരകലകളിലും അത്രതന്നെ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.

ആവിഷ്കാരത്തില്‍ കാലികമായ പരിഷ്കാരങ്ങള്‍ കൈവരിക്കാന്‍ കഥകളിക്കായിട്ടുണ്ടോ? സിനിമപോലുളള നിരന്തരം പരിഷ്കരിക്കപ്പെടുന്ന കലാരൂപങ്ങളുമായി അതിനെ താരതമ്യപ്പെടുത്താമോ?

കാലികമായ പരിഷ്കാരങ്ങള്‍ എന്നത് സങ്കീര്‍ണമായ കാര്യമാണ്. കഥകളിപോലുളള ഒരു കഥ കാലത്തെ നേരിട്ട് സംബോധന ചെയ്യുന്നില്ല. അതില്‍ സംഭവിക്കുന്ന പരിഷ്കാരങ്ങളും സൂക്ഷ്മമാണ്. ജര്‍മന്‍ നാടകവും ബൈബിള്‍ കഥയും ആട്ടക്കഥാരൂപത്തിലാക്കുന്നതും തിരശ്ശീല എടുത്തുമാറ്റുന്നതും, വേഷങ്ങളില്‍ ചില നിസാരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതുമൊക്കെയാണ് പൊതുവേ പരിഷ്കാരങ്ങളായി കണക്കാക്കിപ്പോരുന്നത്. ഉപരിപ്ലവമായ ഈ പരിഷ്കാരങ്ങള്‍ ഈ കലയെ കാര്യമായി സ്പര്‍ശിക്കുന്നതുപോലുമില്ല.
 ഇതുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ ആധുനികത കൊണ്ടുവന്ന പരിഷ്കാരങ്ങളും സ്വാതന്ത്ര്യസമരവുമെല്ലാം  കേരളീയ സമൂഹത്തെ ആവേശിച്ചിരുന്ന കാലത്ത്, അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്നുകൊണ്ട് പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍റെ  നേതൃത്വത്തില്‍ കഥകളിയില്‍ നടന്ന  പരിഷ്കാരങ്ങള്‍ ഓര്‍ക്കുക. കഥകളി സങ്കേതങ്ങളിലാണ് അതു സംഭവിച്ചത്. വൈവിധ്യമാര്‍ന്ന ചിട്ടകളെ സംയോജിപ്പിച്ചുകൊണ്ട് സങ്കേതങ്ങളെ പുനര്‍ നിര്‍ണയിക്കുക, ചലനങ്ങള്‍ക്ക് ഭംഗി വരുത്തുക, പാട്ടും മേളവും അതിനിണങ്ങുന്ന തരത്തിലാക്കുക  എന്നിങ്ങനെ കാലവുമായ് നേരിട്ട് ബന്ധപ്പെടാത്ത പരിഷ്കരണങ്ങളാണ് അന്നു സംഭവിച്ചത്. കഥകളി അതില്‍ത്തന്നെ ഉളളടങ്ങുന്ന ഒരു വ്യവഹാരമായാണ് അന്ന് പരിഗണിക്കപ്പെട്ടത്. നടപ്പില്‍വരുത്തിയ കാലവുമായി അതിനുളള ബന്ധം പരോക്ഷമാണ്. ‘അണുധൂളിപ്രസാരത്തിന്‍ അവിശുദ്ധദിനങ്ങളില്‍ ’ ‘പൂര്‍വപുണ്യത്തിന്‍റെ കയങ്ങളില്‍’ മുങ്ങിക്കിടന്നുകൊണ്ടാണ് അതു നിറവേറ്റപ്പെട്ടത്.
 പെട്ടെന്നുകാണാവുന്ന ചിലതും തുടര്‍ന്നു സംഭവിക്കുന്നുണ്ട്. മൈക്രോഫോണിന്‍റേയും ഇലക്ട്രോണിക്ക് ശ്രുതിപ്പെട്ടിയുടേയും ആവിര്‍ഭാവം കഥകളി സംഗീതത്തത്തെ കൂടുതല്‍ ഭാവാത്മകവും, ശ്രുതി ബദ്ധവുമാക്കി. ഇലക്ട്രിക്ക് ലൈറ്റുകളുടെ ഉപയോഗം, നിലവിളക്കില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അതിന്‍റെ ദീപവിധാനത്തിനു വലിയ മാറ്റങ്ങള്‍ വരുത്തി. അപ്പോഴും കഥകളിയുടെ പൊതുവേയുളള സൌന്ദര്യശാസ്ത്രത്തെ  അടിമുടി മാറ്റുന്നതിനല്ല, ലഭ്യമായ പുതിയ സാമഗ്രികള്‍ നിലവിലുളള അവതരണത്തെ കൂടുതല്‍ ഭദ്രമാക്കുന്ന നിലയിലാണ് ഈ പരിഷ്കാരങ്ങളും സംഭവിച്ചത് എന്നു കാണാം.
സിനിമപോലുളള കലകളില്‍ സംഭവിച്ച പരിഷ്കാരങ്ങളില്‍ നിന്നുളള വ്യത്യാസം  ഇവിടെ വ്യക്തമാണല്ലോ. നിശ്ശബ്ദ സിനിമയിലെ ദൃശ്യ സംയോജനത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ആദ്യകാലസിനിമയുടെ സൌന്ദര്യശാസ്ത്രം, ശബ്ദം കടന്നുവന്നപ്പോള്‍ വലിയൊരു പൊളിച്ചെഴുത്തിനു വിധേയമായതുപോലെ, സാങ്കേതിക വികാസത്തിലൂടെ അടിയ്ക്കടി വന്ന മാറ്റങ്ങള്‍ സിനിമയുടെ സൌന്ദര്യ ശാസ്ത്രത്തെ നിരന്തരം പുനര്‍നിര്‍ണയിച്ചതുപലെ ഒന്നും കഥകളിയില്‍ സംഭവിച്ചിട്ടില്ല. പ്രമേയ തലത്തിലാണെങ്കില്‍, സമകാലികമായ ജനജീവിതം സിനിമയില്‍ ആവിഷ്കരിക്കപ്പെടുന്നതുപോലെ, കഥകളിയില്‍ ആവിഷ്കരിക്കപ്പെടുന്നില്ല. പൊതുവേ, ഏതു കാലത്തുമുളള ചില മനുഷ്യാവസ്ഥകളുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളുമൊക്കെയാണ് കഥകളിയില്‍ പുരാണ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷീകരിക്കുന്നത്. ക്ലാസിക് കൃതികളുടെ വായനയില്‍ സംഭവിക്കുന്നതുതന്നെയാണ് പ്രമേയ തലത്തിലുളള കഥകളി ആസ്വാദനത്തിലും സംഭവിക്കുന്നത്.

കഥകളിയിലെ നാടോടി വഴക്കങ്ങളെപ്പറ്റി? താളം, സംഗീതം, അഭിനയം, അന്തരീക്ഷം തുടങ്ങിയ മേഖലകളില്‍ അതുപുലര്‍ത്തുന്ന മൌലികമായ ബദല്‍ വഴി, ഒരു ആധുനികോത്തര സൌന്ദര്യശാസ്ത്ര പരിസരത്തില്‍ എങ്ങനെ വിശദീകരിക്കാം?

 പൊതുവേ, ക്ലാസിക്കല്‍ കലാഘടകങ്ങള്‍ക്കാണ് കഥകളിയില്‍ മുന്‍തൂക്കം  എങ്കിലും, നാടോടി കലാഘടകങ്ങള്‍  അതില്‍ പല തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസിക്കല്‍ സങ്കേതങ്ങള്‍തന്നെ ഈ നാടോടി ഘടകങ്ങള്‍ ശൈലീവല്‍കരിക്കുന്നതിലൂടെ രൂപപ്പെട്ടതാവാന്‍ സാധ്യതയുണ്ട്. ആദ്യകാലത്തെ രാമനാട്ടത്തിന്‍റെ സൂചനകള്‍ വായിച്ചാല്‍ അടില്‍ നാടോടികലാ ഘടകങ്ങള്‍ക്കാണ് മുന്‍തൂക്കമുണ്ടായിരുന്നത്  എന്നുതോന്നും. മുടിയേറ്റിലെ പോരിനുവിളിയും യുദ്ധവും, വിഷ്ണുമൂര്‍ത്തി തെയ്യത്തിന്‍റെ അവതാരവുമൊക്കെ കാണുമ്പോള്‍, കഥകളിയും ഇവയും പങ്കുവെക്കുന്ന കലാസങ്കേതങ്ങള്‍ക്കു  സാദൃശ്യം തോന്നാം. കഥകളിയില്‍ ഉപയോഗിക്കുന്ന താളങ്ങളും, നാടോടിക്കലകളിലെ താളങ്ങളും തമ്മില്‍ പേരിലും പ്രയോഗത്തിലും സമാനതയുണ്ട്. കഥകളിയിലെ നിഴല്‍ക്കുത്ത് എന്ന കഥ ഒരു നാടോടി ഇതിഹാസകാവ്യത്തില്‍നിന്ന് സ്വീകരിച്ചതാണല്ലോ. ഈ കഥയുടെ അവതരണത്തില്‍ മലയന്‍റെ മന്ത്രവാദവും, നാടോടിപ്പാട്ടുമട്ടിലുളള പദങ്ങളുമൊക്കെ കാണുകയും ചെയ്യാം. പെണ്‍ കരിവേഷങ്ങള്‍, നിണം, ഭീരു, ആശാരി, മണ്ണാന്‍ തുടങ്ങിയ വേഷങ്ങള്‍ക്കും അവയുടെ അവതരണങ്ങള്‍ക്കും ഇത്തരം നാടോടി ബന്ധം കാണാം. കലാ സങ്കേതങ്ങളെ ആവുന്നത്ര ശാലീവല്‍കരിക്കുന്ന ക്ലാസിക്കല്‍ കലകളുടെ സ്വഭാവം മാറ്റിവെച്ചാല്‍ , കേരളീയകലകളിലെ താളമുള്‍പ്പെടെയുളള സങ്കേതങ്ങളില്‍ ഈ ക്ലാസിക്കല്‍-നാടോടി വിഭജനം അത്രയൊന്നും വ്യക്തമല്ല. കഥകളിയിലാവട്ടെ, ഇനിയും ശൈലീവല്‍കരിക്കാവുന്ന ഘടകങ്ങളുടെ സാന്നിധ്യവുമുണ്ട്. പാട്ടിലാവട്ടെ, നാടോടിച്ഛായയുളള രാഗങ്ങളും മറ്റും പ്രയോഗിക്കപ്പെടുന്നുണ്ട്. ക്ലാസിക്കല്‍ സംഗീതം പോലെ പൂര്‍ണമായും സ്വരപ്പെടുത്താവുന്ന രീതിയില്‍ സാങ്കേതികമായ ഭദ്രത കഥകളിസംഗീതം കൈവരിച്ചിട്ടില്ല. അതായത് പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതവും മറ്റും പോലെ അതുരൂപപ്പെട്ട സാംസ്കാരിക മുദ്രകലെയാകെ മറച്ചുവെച്ചുകൊണ്ടുളള സാങ്കേതികമായ ശൈലീവല്‍കരണം കഥകളിപോലുളള കലകളില്‍ പൂര്‍ണമായി നടന്നിട്ടില്ല.

ആധുനികോത്തര സൌന്ദര്യശാസ്ത്ര പരിസരത്തില്‍ കഥകളി ഒരു ബദല്‍ ആണോ സൃഷ്ടിക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് തീര്‍ച്ചപോരാ. പിന്നെ കഥകളി സമകാലികമായി  എങ്ങനെ ആസ്വദിക്കപ്പെടുന്നു എന്നത് സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. കാലത്തിന്‍റെ വേഗത്തിനും, സമകാലികമായി രൂപപ്പെടുന്ന സാങ്കേതിക വികാസത്തിനുമനുസരിച്ച് നിരന്തരം പരിണമിക്കുന്ന കലകളിലാണ് സമകാലിക ജീവിതത്തോടുളള പ്രത്യക്ഷമായ പ്രതികരണങ്ങളുളളത്. പാശ്ചാത്യ ആധുനികതയുടെ പരിസരത്തില്‍ അഡോര്‍ണോ  ആധുനിക ക്ലാസിക്കല്‍ സംഗീതത്തെ പരമ്പരാഗതമായ ക്ലാസിക്കല്‍  സംഗീതത്തിനും ജനപ്രിയകലകള്‍ക്കും ഒരു ബദല്‍ ആയി കണ്ട അവസ്ഥ ഇവിടെയില്ല. കാരണം, ആധുനിക ക്ലാസിക്കല്‍ സംഗീതത്തില്‍ ഷോയെന്‍ബര്‍ഗിനെപ്പോലുളള സംഗീതജ്ഞര്‍ വരുത്തിയ സമൂലമായ പൊളിച്ചെഴുത്തുകള്‍ ഇവിടെ ഒരു ക്ലാസിക്കല്‍ കലയിലും സംഭവിച്ചിട്ടില്ല. കാലത്തിനൊപ്പം സഞ്ചരിക്കുന്ന കലകളെ  അപഗ്രഥിക്കുന്ന രീതിശാസ്ത്രമുപയോഗിച്ച്  ക്ലാസിക്കല്‍ കലകളെ ഒരു പരിധിക്കപ്പുറം വിലയിരുത്താനാവില്ല. അവയുടെ അവതരണ സന്ദര്‍ഭത്തെ പലകാലങ്ങളില്‍ ആവര്‍ത്തിക്കുന്നത് എന്ന നിലയില്‍ സവിശേഷമായി കണ്ടുകൊണ്ടുളള ഒരു വിശകലനത്തിനാണ് ഇക്കാര്യത്തില്‍ പ്രസക്തിയുളളത് എന്നു തോന്നുന്നു. കലകളുടെ കാര്യത്തില്‍ ഒന്നിനെ പ്രസക്തി മറ്റൊന്ന് ഇല്ലാതാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

കഥകളിയെ വരേണ്യതയുമായി ബന്ധിപ്പിക്കുന്നതില്‍ എല്ലാവരും ആവേശം കാണിക്കുന്നു. എന്നാല്‍ എങ്ങിനെയാണ് കഥകളി ആ വാദങ്ങളെ എതിരിടുന്നത്?

ഒരു കല രൂപപ്പെടുന്നതും, പ്രവര്‍ത്തിക്കുന്നതുമായ കാലം, അതിന്‍റെ  ആസ്വാദക സമൂഹം, രക്ഷിതാക്കള്‍, കലാകാരന്‍മാര്‍, അവതരണ സ്ഥലങ്ങള്‍ എന്നിങ്ങനെ നിരവധി സാംസ്കാരിക ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടുവേണം അതിന്‍റെ സാംസാക്രികമായ  വിധിനിര്‍ണയം നടത്താന്‍. കഥകളി തീര്‍ച്ചയായും ജന്മിത്തത്തിന്‍റെ  കാലത്തു രൂപം കൊണ്ട കലയാണ്. ഇല്ലങ്ങള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയായിരുന്നു  അവതരണ  സ്ഥലങ്ങള്‍. രാജാക്കന്മാരും ജന്മിമാരുമായിരുന്നു രക്ഷാകര്‍ത്താക്കള്‍. എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുവേ, സമാനമായ ഇതര കലകളിലുളള അനുഷ്ഠാനപരതയും ജാതി വിവേചനവുമൊക്കെ കഥകളിയില്‍ കുറവാണ്. നിശ്ചിത ജാതിയില്‍പ്പെട്ടവരാകണം കലാകാരന്മാര്‍ എന്ന നിബന്ധന ഇതിലില്ല. ഈഴവ സമുദായത്തില്‍പ്പെട്ട കലാകാരന്മാരും, അവരുടെ കഥകളിയോഗങ്ങളും പണ്ടും ഉണ്ടായിരുന്നു. ദലിത് സമുദായങ്ങളില്‍ പെട്ടവരും,  സ്ത്രീകളുംവഇസ്ലാം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരും വിദേശികളും ഇന്ന് ഈ കല അവതരിപ്പിക്കുന്നു. അവതരണ സ്ഥലത്തിനും പ്രത്യേക പരിധികള്‍ ഉണ്ടായിരുന്നില്ല. കൊയ്ത്തുകഴിഞ്ഞ പാടങ്ങളും ഇതിന്‍റെ അവതരണ സ്ഥാനങ്ങളായിരുന്നു. രകഷാകര്‍ത്താക്കളുടെ സ്ഥാനത്തുണ്ടായിരുന്നവര്‍ ഇന്ന് അതിന് പ്രാപ്തിയില്ലാത്തവരായി. ആ സ്ഥാനം  ഉത്സവക്കമ്മിറ്റിക്കാരും, കഥകളി ക്ലബുകളും ഏറ്റെടുത്തു. ആസ്വാദക സമൂഹത്തിലും ജാതിഭേദങ്ങളില്ല.

ഇങ്ങിനെയൊക്കെയാണെങ്കിലും കഥകളിയുടെ സങ്കേതങ്ങളില്‍ ജാതിപരമായ വരേണ്യതയുടെ ഘടകങ്ങളുണ്ട്. ആശാരി, കാട്ടാളന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ അവതരണത്തില്‍ സവര്‍ണ സംസ്കാരത്തില്‍ നിന്നു ഭിന്നമായ സാംസ്കാരികാവസ്ഥയിലുളളവരോടുളള സമീപനം ചിലപ്പോഴെങ്കിലും ദൃശ്യമാകുന്നുണ്ട്. ചില സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തില്‍ പുരുഷ കേന്ദ്രിതമായ കാഴ്ചപ്പാടുകളും പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുണ്ട്. അത്തരം ഘടകങ്ങളില്‍ കേന്ദ്രീകരിച്ചാണ് പുതു തലമുറ ഈ കല ആസ്വദിക്കുന്നത് എന്നുതോന്നുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കെത്തന്നെ, രൂപതലത്തില്‍ ശൈലീവല്‍കരിച്ച സങ്കേതങ്ങളിലും, പ്രമേയതലത്തില്‍ ജീവിതസംഘര്‍ഷങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെ നിസഹായതകളിലുമൊക്കെയാണ് അവരുടെ കാഴ്ചകള്‍ കേന്ദ്രീകരിക്കുന്നത് എന്നുതോന്നുന്നു.  ഏതു വ്യവഹാരത്തിലാണ് ഈ വരേണ്യത ഇല്ലാത്തത്? എഴുത്തച്ഛന്‍ കവിതയും പിന്നീടുളള ആധുനിക കവിതകള്‍ പോലും ഇത്തരം വരേണ്യ ബോധങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സംസ്കൃതത്തിനും, പില്‍ക്കാലത്ത്   ഇംഗ്ലീഷിനും അധികാരവുമായി ബന്ധപ്പെട്ട  വരേണ്യസ്വഭാവമുണ്ട്.

 ഒരു കാര്യംകൂടി. എന്നെ സംബന്ധിച്ച് കഥകളി അതവതരിപ്പിക്കുന്ന കലാകാരന്മാരുടെ ജീവിതസംസ്കാരവുമായാണ് ബന്ധപ്പെടുന്നത്. ജീവിതകാലത്തിന്‍റെ പകുതിയോളം കഠിനമായ അഭ്യാസത്തിനും, ഒരോ അരങ്ങിലുമുളള അവതരണത്തില്‍ വിശ്രമമില്ലാത്ത അധ്വാനത്തിനുമായി ചെലവഴിക്കുന്ന അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിലും ജീവിതനിലവാരത്തിലുമൊന്നും  ഒരു വരേണ്യതയും ഞാന്‍ കാണുന്നില്ല. അതായത്, നമുക്കുപരിചയമുളള മിക്ക സാംസ്കാരിക വ്യവഹാരങ്ങളിലുമുളള വരേണ്യബോധമേ കഥകളിക്കുമുളളൂ. എഴുത്തച്ഛന്‍ കവിത  വിപ്ലവാത്മകം, കഥകളി വരേണ്യം എന്ന മട്ടിലുളള സാംസ്കാരിക വിമര്‍ശനം ദുര്‍ബലമായേ അനുഭവപ്പെടുന്നുളളൂ.

ഒരു കല എന്ന നിലയില്‍--ഉളളടക്കപരമായും, രൂപപരമായും-- അതിന്‍റെ ഭാവി പരിഷ്കരണ സാധ്യതകള്‍?

 പട്ടിക്കാന്തൊടിയുടെ കാലത്തുനടന്ന സങ്കേതതല സ്പര്‍ശിയായ പരിഷ്കരണങ്ങളെക്കുറിച്ച് മുമ്പു പറഞ്ഞല്ലോ. അത്തരത്തിലുളള പരിഷ്കരണങ്ങള്‍ പിന്നീട് അധികം നടന്നിട്ടില്ല. പുതിയ കഥകള്‍ വന്നതുകൊണ്ട് കാര്യമില്ല. അവയുടെ അവതരണത്തിനുയോജിച്ച വിധത്തിലുളള സങ്കേതങ്ങള്‍ കൂടി ഒപ്പം രൂപപ്പെടണം. ദീപവിധാനം, മൈക്രോ ഫോണിന്‍റെ ഉപയോഗം എന്നിവയിലൊക്കെ ബാഹ്യമായ ചില പരിഷ്കരണങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്. ചെണ്ട, മദ്ദളം, എന്നിവക്കായി അവയുടെ ശബ്ദം ക്രമീകരിക്കത്തക്ക വിധം മൈക്രോഫോണ്‍ ഉപയോഗിക്കുന്നതു നന്നായിരിക്കും. ദീപ വിധാനത്തില്‍ ചില പരിഷ്കരണ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, അതൊന്നും പ്രചാരം നേടിയില്ല. നടന്മാരുടെ ശരീര വിന്യാസത്തിന്‍റെ ചാരുത കൂടുതല്‍ വ്യക്തമാകും വിധത്തില്‍ ആഹാര്യത്തിലും മുഖാഭിനയത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനു പാകത്തില്‍ ചില വേഷങ്ങളുടെ മുഖത്തെഴുത്ത്, ചുട്ടി എന്നിവയിലും കുറച്ചൊക്കെ മാറ്റങ്ങള്‍ വരാവുന്നതാണ്. ഇത്രയൊക്കെയല്ലാതെ  കഥകളിയുടെ സങ്കേതങ്ങളെ പുനര്‍നിര്‍ണയിക്കാന്‍ പാകത്തിനുളള പരിഷ്കണങ്ങള്‍ ഇനി സംഭവിക്കാന്‍ സാധ്യതയില്ല. വളരെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ട അത്തരം കാര്യങ്ങള്‍ സംഭവിക്കുമോ എന്നു കണ്ടറിയണം. ഏതായാലും വേഷത്തിന്‍റെ കേശഭാരം എടുത്തുമാറ്റുക തുടങ്ങി നിസാരമായ ചില കാര്യങ്ങള്‍ ചെയ്തിട്ട് പരീക്ഷണം എന്നു പറയുന്നതിനോട് യോജിപ്പില്ല.പേജ്

No comments:

Post a Comment