നേരക്കുറികള്‍
മാധ്യമരാജാക്കന്മാര്‍ നഗ്‌നരാണ് എന്ന സത്യം വിളിച്ചുപറഞ്ഞുകൊണ്ട് ഗാര്‍ഡിയന്‍ ലേഖകന്‍ നിക് ഡേവിസ് ആദ്യ നിറയൊഴിച്ചപ്പോള്‍തന്നെ ഒരു കുത്തകപത്രം ഇഹലോകവാസം വെടിഞ്ഞു. ആ പത്രത്തിന്റെ വഴിവിട്ട വാര്‍ത്തചോര്‍ത്തലിന് പ്രോത്സാഹനമേകിയ മാധ്യമചക്രവര്‍ത്തി റൂപര്‍ട്ട് മര്‍ഡോക്കിനെയും മകന്‍ ജെയിംസ് മര്‍ഡോക്കിനെയും ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതി വിസ്തരിക്കുകയും ശക്തമായി ശാസിക്കുകയും ചെയ്ത രംഗങ്ങള്‍ ടെലിവിഷന്‍ ശൃംഖലകള്‍ വഴി മാലോകരെല്ലാം വീക്ഷിക്കുകയുണ്ടായി. ഒരുപക്ഷേ, അവരുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയ്ഡുകള്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളിലേതിനു സമാനമായ സ്‌തോഭജനകങ്ങളായ ദൃശ്യങ്ങളായിരുന്നു ഈ വിചാരണസീനുകളും.
ഈ വിസ്താരരീതിയെ ഇനി നമ്മുടെ രാജ്യവുമായി ഒന്നു താരതമ്യം ചെയ്തുനോക്കാം. അല്ലെങ്കില്‍ ഇന്ത്യയിലെ കുറ്റാരോപിതരെ ഈ മാതൃകയില്‍ വിസ്തരിക്കുന്നത് ഒരുവട്ടം നമുക്ക് സങ്കല്‍പിച്ചുനോക്കാം. വോട്ടിനു കോഴ നല്‍കി പാര്‍ലമെന്റംഗങ്ങളെ വിലക്കെടുത്തവരെ ഈ മാതൃകയില്‍ പാര്‍ലമെന്റിനകത്തേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്യുക. അവയുടെ ദൃശ്യങ്ങള്‍ ഓരോ പൗരനും വീക്ഷിക്കാന്‍ സാധിക്കുംവിധം ടെലിവിഷന്‍ വഴി സംപ്രേഷണവും ചെയ്യുക. ഓരോ ചോദ്യത്തിനും അവര്‍ നല്‍കുന്ന ഉത്തരങ്ങള്‍ മറയില്ലാത്ത സംപ്രേഷണം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ എം.പിമാരുടെയും ഭരണനേതൃത്വത്തിന്റെയും അസാന്മാര്‍ഗികത ആവരണങ്ങളില്ലാതെ ജനങ്ങള്‍ക്കു മുന്നില്‍ വെളിവാകാതിരിക്കില്ല.
തടവറകളിലും പൊലീസ് സ്‌റ്റേഷനുകളിലും ആരോപിതരെ അതിക്രൂരമായി ഭേദ്യംചെയ്യുന്ന നിയമപാലകരെയും ഈ രീതിയില്‍ സഭയിലേക്ക് ആനയിക്കുന്നത് ഗുണകരമാകും. പൊലീസുകാര്‍ മൂന്നാംമുറകള്‍ പ്രയോഗിക്കുന്നവരാണെന്ന സത്യം ഏവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍, പിടിക്കപ്പെടുന്നവരുടെ പദവിസ്വാധീനഭേദങ്ങള്‍ക്കനുസരിച്ച് ഈ മുറകളുടെ രീതിയിലും തോതിലും എത്ര വ്യതിയാനം സംഭവിക്കുന്നു എന്ന് തിട്ടപ്പെടുത്താന്‍ പ്രയാസം. രാഷ്ട്രീയ കക്ഷികളുമായി ബന്ധമില്ലാത്ത ചേരിവാസിയാണ് പിടിക്കപ്പെടുന്നതെങ്കില്‍ അവന്റെ കഥ കഴിഞ്ഞതുതന്നെ. അടിയേറ്റ് ഹൃദയം സ്തംഭിച്ചോ ചവിട്ടേറ്റ് ശ്വാസംനിലച്ചോ ആകും മരണം. ജീവന്‍ തിരിച്ചുകിട്ടാന്‍ ഭാഗ്യമുള്ളവര്‍ക്ക് എല്ലും തൊലിയുമായി ശിഷ്ടകാലം ജീവിക്കാം. മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് പിടിയിലായ ഫയാസ് ഉസ്മാന്‍ എന്ന തെരുവുകച്ചവടക്കാരന്റെ കഥ നാം ശ്രദ്ധിക്കയുണ്ടായി. നിസ്സാരമായ സംശയത്തിന്റെ പേരില്‍ ചെറുതായൊന്ന് ചോദ്യംചെയ്യാനാണ് അയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് ഓഫിസര്‍മാര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍, ചോദ്യംചെയ്യലിന്റെ കലശലായ വൈദഗ്ധ്യംമൂലം ഒന്നോ രണ്ടോ മണിക്കൂറിനകം ആ സാധുവിന്റെ ജീവന്‍ കവര്‍ന്നെടുക്കാന്‍ നിയമപാലകര്‍ക്ക് സാധിച്ചു. കാര്യമായെന്തെങ്കിലും പറയുംമുമ്പേ കുറ്റാരോപിതര്‍ മരിച്ചുവീഴുന്നുവെങ്കില്‍ ഇത്തരം ചോദ്യംചെയ്യല്‍ നടപടികൊണ്ട് എന്തു പ്രയോജനം?
സ്‌ഫോടനങ്ങളെ രാഷ്ട്രീയ നിറഭേദങ്ങേളാടെ കാണാനാണ് സര്‍വര്‍ക്കും ഔത്സുക്യം. മുംബൈ സ്‌ഫോടന ചര്‍ച്ചകള്‍ക്കായി ചാനല്‍ സ്റ്റുഡിയോകളില്‍ രാഷ്ട്രീയക്കാര്‍ കെട്ടിയൊരുങ്ങി പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ വലതുപക്ഷ ചിന്താഗതിക്കാരോ മൗലിക വിപ്ലവപ്രവര്‍ത്തകരോ തുടങ്ങിയ നിരവധി സന്ദേഹങ്ങള്‍ ഉയര്‍ത്തി ഇസ്തിരിയിട്ട വാക്യങ്ങളിലായിരുന്നു ഈ വിശാരദന്മാരുടെ വിശകലനങ്ങള്‍. നിരപരാധികളെ കൊലപ്പെടുത്തുന്ന ഭീകരതയാണ് അരങ്ങേറിയത് എന്ന സത്യം ആദ്യമേ അംഗീകരിക്കണം. ഇത്തരം ഭീകരതകള്‍ ഉന്മൂലനം ചെയ്യപ്പെടണമെങ്കില്‍ രാജ്യം ഒറ്റക്കെട്ടാകണം. എന്നാല്‍, അത്തരമൊരു ഒരുമ ഇവിടെ നിലനില്‍ക്കുന്നില്ല എന്നതാകുന്നു ദുഃഖകരമായ യാഥാര്‍ഥ്യം.
ഡി.എന്‍.എ ടെസ്റ്റിനെ തിവാരി എന്തിന് ഭയപ്പെടുന്നു?
എന്‍.ഡി. തിവാരിയെ നിങ്ങള്‍ മറന്നുകാണില്ലെന്ന് വിശ്വസിക്കുന്നു. മെത്തയില്‍ ശയിക്കുന്ന നിലയിലാണ് ആ രാഷ്ട്രീയ വയോധികനെ അവസാനമായി നാം ടെലിവിഷനിലൂടെ ദര്‍ശിച്ചത്. ശയ്യയില്‍ അങ്ങോര്‍ ഒറ്റക്കായിരുന്നില്ല. ലലനാമണികളും സഹശയനത്തിന് കൂട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ജനങ്ങള്‍ മുറവിളി കൂട്ടിയതോടെ അങ്ങോര്‍ ആന്ധ്രാ ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവെച്ചു.
അദ്ദേഹം പെട്ടിയും പ്രമാണവും എടുത്ത് നേരെ സ്വന്തം സംസ്ഥാനമായ ഉത്തരഖണ്ഡിലേക്ക് തിരിച്ചു. രാഷ്ട്രീയവും രാസകേളികളും അവസാനിപ്പിച്ച് റിട്ടയര്‍മെന്റ് ലൈഫ് തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ, ഉടന്‍ മറ്റൊരു ബോംബുകൂടി പൊട്ടി. രോഹിത് ശേഖര്‍ എന്നൊരു ചെറുപ്പക്കാരന്‍ അവിടെ രംഗപ്രവേശം ചെയ്തു. താന്‍ സാക്ഷാല്‍ എന്‍.ഡി. തിവാരിയുടെ പുത്രനാണെന്ന വിളംബരവുമായായിരുന്നു കക്ഷിയുടെ വരവ്.
പിതൃത്വവും പുത്രത്വവും തെളിയിക്കുന്നതിനാവശ്യമായ രേഖകളും പ്രമാണങ്ങളും ഹാജരാക്കിക്കൊണ്ടായിരുന്നു രോഹിതിന്റെ രംഗപ്രവേശം.
ടെലിവിഷന്‍ ലീലകള്‍ക്ക് വിശദീകരണം നല്‍കവെ നടത്തിയ ഉരുണ്ടുകളികള്‍കൊണ്ടാണ് രോഹിതിന്റെ വെളിപ്പെടുത്തലിനെയും തിവാരി നേരിട്ടത്. പക്ഷേ, രോഹിതിനു പിന്നില്‍ അവന്റെ അമ്മയും സമുദായവും ഒന്നിച്ചുനിന്നു. ഒടുവില്‍ ഡി.എന്‍.എ ടെസ്റ്റിന് കോടതി ഉത്തരവിട്ടു. ഈ വയസ്സുകാലത്ത് തനിക്കൊരു ഡി.എന്‍.എ ടെസ്റ്റ് ആവശ്യമാണോ എന്ന തൊടുന്യായം നിരത്തി കോടതി ഉത്തരവിനെ മറികടക്കാനാണിപ്പോള്‍ ഈ 'ജനനായകന്റെ' ശ്രമം. ഇത്തരം ജനവഞ്ചകരെ വെറുതെ വിട്ടുകൂടാ.
രോഹിത് എന്ന പുത്രന്റെ ജനനത്തിന് അങ്ങേര്‍ ഉത്തരവാദിയാണ് എങ്കില്‍ അക്കാര്യം പരസ്യമായി സമ്മതിക്കാനും പിതൃബാധ്യതകള്‍ ഏറ്റെടുക്കാനുമുള്ള ആര്‍ജവം തിവാരി കാണിച്ചേ മതിയാകൂ. രോഹിത് അഭിമുഖീകരിക്കുന്നതിനോട് സമാനമായ പ്രതിസന്ധി നമുക്കു മുന്നില്‍ വന്നുചേര്‍ന്നാല്‍ നാം ഏതുവിധമാകും പ്രതികരിക്കുക? എന്റെ ജീവശാസ്ത്രപരമായ ജനയിതാവ് ഈ വി.ഐ.പി ആണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ നമ്മില്‍ എത്രപേര്‍ ധൈര്യം കാണിക്കും? അതിനാല്‍ രോഹിത് ശേഖര്‍ എന്ന യുവാവിന്റെ ധീരരംഗപ്രവേശം സര്‍വരുടെയും പിന്‍ബലവും പിന്തുണയും അര്‍ഹിക്കുന്നു. ചുമ്മാതെയങ്ങ് രക്ഷപ്പെട്ടുകളയാമെന്ന് തിവാരിയെപ്പോലുള്ള ദുഃസാമര്‍ഥ്യക്കാര്‍ കരുതാന്‍ ഇടവരാത്തവിധം ശക്തമായിരിക്കണം നമ്മുടെ സമീപനം.
ടാഗോര്‍ സ്മൃതിയില്‍ പുതിയ പുസ്തകങ്ങള്‍
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിയോഗി ബുക്‌സ് രണ്ട് ഉജ്ജ്വല പുസ്തങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ലോകനിലവാരത്തിലുള്ള കെട്ടിലും മട്ടിലുമാണ് രണ്ട് കൃതികളും. ടാഗോറിന്റെ പെയ്ന്റിങ്ങുകളെ ആധാരമാക്കിയുള്ള പഠനമാണ് അവയിലൊന്ന്. ചിത്രകലാരൂപത്തിലുള്ള അദ്ദേഹത്തിന്റെ ജീവചരിത്രമാണ് രണ്ടാമത്തേത്. ഇവയിലൂടെ കടന്നുപോകുമ്പോള്‍ ആ വിശ്വപ്രതിഭയുടെ സര്‍ഗവൈഭവം ഒരിക്കല്‍ക്കൂടി നമ്മെ വിനീതരാക്കാതിരിക്കില്ല. സ്വന്തം പെയ്ന്റിങ്ങുകളെ സംബന്ധിച്ച് ടാഗോര്‍ എഴുതിയ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: 'എന്റെ പെയ്ന്റിങ്ങുകള്‍ വരകളിലൂടെയുള്ള എന്റെ കവിതാരചന തന്നെയാകുന്നു. അവ അംഗീകാരം അര്‍ഹിക്കുന്നുവെങ്കില്‍ അത് അതിന്റെ രൂപപരമായ താളപ്പൊരുത്തം മൂലമാകും അംഗീകരിക്കപ്പെടുക. എന്റെ ചിത്രങ്ങള്‍ ഏതെങ്കിലും ആശയത്തിന്റെേയാ വസ്തുതയുടെയോ പ്രതിനിധാനമല്ല.'
മാധ്യമം
No comments:
Post a Comment