Saturday, July 30, 2011

ശങ്കര്‍ വരച്ചത്‌ - ജമാല്‍ കൊച്ചങ്ങാടിജൂലൈ 31 - കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിയൊമ്പതാം ജന്മവാര്‍ഷികം. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്നറിയപ്പടുന്ന ഇല്ലിക്കുളത്ത് ശങ്കരപിള്ള. ചരിത്രത്തില്‍ ആദ്യത്തെ വിനോദമാസികയായ 'ലാ കാരിക്കേച്ചറി'ന്റെ പത്രാധിപര്‍ ചാള്‍സ് ഫിലിപ്പോണിനെപ്പോലെ ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ആദ്യതലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശങ്കരപ്പിള്ളയുടെ പത്രാധിപത്യത്തിലുള്ള ശങ്കേഴ്‌സ്‌വീക്കിലി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ 'പഞ്ച്'ആയിരുന്നു ഈ കാര്‍ട്ടൂണ്‍ വാരിക. അബുഎബ്രഹാം, കുട്ടി, സാമുവല്‍, കേരളവര്‍മ, ഒ.വി. വിജയന്‍, യേശുദാസന്‍, ബി.എം. ഗഫൂര്‍ തുടങ്ങി ഇന്നറിയപ്പെടുന്ന മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമല്ല, മിക്കി പട്ടേലിനേയും പ്രകാശ് ഘോഷിനേയുംപോലുള്ള പ്രതിഭാശാലികളും ശങ്കേഴ്‌സ് വീക്കിലിയുടെ തട്ടകത്തില്‍ പയറ്റിത്തെളിഞ്ഞവരാണ്.

കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ മാത്രമായിരുന്നില്ല ശങ്കറിന്റെ പ്രസക്തി. ലോകത്തെങ്ങുമുള്ള കുട്ടികള്‍ക്ക് പ്രിയപ്പെട്ട അങ്കിള്‍ശങ്കറായിരുന്നു അദ്ദേഹം. ശങ്കേഴ്‌സ്‌വീക്കിലി തുടങ്ങിയ കാലത്തുതന്നെ അദ്ദേഹം വര്‍ഷംതോറും നടത്തിവന്ന കുട്ടികളുടെ ചിത്രരചനാ മത്സരം, ദേശീയപ്രാധാന്യമുള്ള ഒരു സംഭവം തന്നെയായിരുന്നു. അദ്ദേഹം സ്ഥാപിച്ച ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റും ഡോള്‍മ്യൂസിയവും കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായി.

കായങ്കുളത്തെ ഇല്ലക്കുളത്ത് തറവാട്ടില്‍ 1902 ജൂലായ് 31ന് പിറന്ന ശങ്കരപിള്ളയുടെ പിതാവ് ചെറുപ്പത്തില്‍തന്നെ മരിച്ചുപോയി. അമ്മ പുനര്‍വിവാഹിതനായി. വലിയമ്മാവനാണ് വളര്‍ത്തിയത്.

കഷണ്ടിത്തലയും കുടവയറും വലിയ മീശയുമുള്ള ഹെഡ്മാസ്റ്ററുടെ ഹാസ്യചിത്രം വരച്ചതിന്ന് ക്ലാസ്സില്‍നിന്ന് പുറത്താക്കപ്പെട്ട കുട്ടി ശങ്കരന്റെ തുണയ്‌ക്കെത്തിയത് ഈ അമ്മാവനായിരുന്നു. കായങ്കുളത്ത് പ്രാഥമികക്ലാസ്സുകളില്‍ പഠിച്ചതിന്നുശേഷം ഹൈസ്‌കൂള്‍ പഠനം മാവേലിക്കരയിലാണ് നടത്തിയത്. ഫുട്‌ബോളിലും നീന്തലിലും സജീവമായി ആ വിദ്യാര്‍ഥി പങ്കെടുത്തു. തിരുവനന്തപുരം മഹാരാജാസ് കോളേജ് ഓഫ് സയന്‍സിലായിരുന്നു ബിരുദപഠനം. കോളേജ് പഠനകാലത്ത് നാടകങ്ങളില്‍ നായികയായും മറ്റും അഭിനയിക്കുകയും പോസ്റ്ററുകളും കാരിക്കേച്ചറുകളും രചിക്കുകയും ചെ യ്തിരുന്നു. 1920-കളില്‍ 'മലയാളരാജ്യ'ത്തില്‍ അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ബി.എ. പാസായതിനുശേഷം ബോംബെയില്‍ ലോ കോളേജില്‍ ചേര്‍ന്ന് നിയമം പഠിക്കാന്‍ തുടങ്ങിയെങ്കിലും രണ്ടു വര്‍ഷമേ അത് നീണ്ടുനിന്നുള്ളു. സ്വന്തമായ ഒരു ജോലിക്കുവേണ്ടിയായി പിന്നീട് ശ്രമം. സന്ധ്യാ സ്റ്റീം ഷിപ്പ്കമ്പനിയുടമ നരോത്തം മൊറാര്‍ജി അന്നവിടെ ജില്ലാ സ്‌കൗട്ട് കമ്മീഷണറായിരുന്നു; അദ്ദേഹം ശങ്കറെ തന്റെ അസിസ്റ്റന്റായി നിയമിച്ചു. മൊറാര്‍ ജിയുടെ നിര്യാണത്തിന്നുശേഷവും അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു.

ഇതിനിടയ്ക്ക് തിരുവനന്തപുരത്തുപോയി വിവാഹവും നടത്തി. നവവധു തങ്കത്തോടൊപ്പം ബോംബെയില്‍ തിരിച്ചെത്തി ഒരു വാടകവീട്ടില്‍ ശങ്കരപിള്ള പൊറുതിയാരംഭിച്ചു.

ഈ ഘട്ടത്തില്‍ ബോംബെ ക്രോണിക്കിള്‍, ഫ്രീപ്രസ്സ് ജേര്‍ണല്‍ തുടങ്ങിയ പത്രങ്ങളില്‍ ശങ്കര്‍ കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ടിരുന്നു. പിന്നീട്, ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഹിന്ദു സ്ഥാന്‍ ടൈംസില്‍ ചേര്‍ന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പോത്തന്‍ ജോസഫിന്റെ പ്രേരണയും അതിന്നു പിന്നിലുണ്ടായിരുന്നു. ടൈംസില്‍ അദ്ദേഹം വരച്ച കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കപ്പെട്ടു. വൈസ്രോയി വെല്ലിംഗ്ടണ്‍പ്രഭുപോലും വിളിച്ച് അഭിനന്ദിച്ചു. അധി കം വൈകാതെ കാര്‍ട്ടൂണിലും ചിത്രകലയുടെ മറ്റു മേഖലകളിലും ഉപരിപഠനത്തിന്നായി ശങ്കറിനെ അദ്ദേഹത്തിന്റെ പത്രസ്ഥാപനം ലണ്ടനിലേയ്ക്കയച്ചു. മൂന്ന് വിവിധ കലാലയങ്ങളിലായി കമേഷ്യല്‍ ആര്‍ട്ടും ഹ്യൂമന്‍ അനാട്ടമിയും കാര്‍ട്ടൂണ്‍രചനയും പഠിച്ചു. പതിനാലുമാസം നീണ്ടുനിന്ന ലണ്ടന്‍ജീവിതം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലും കലാസങ്കല്പങ്ങളിലുമൊക്കെ കാതലായ മാറ്റങ്ങള്‍ വരുത്തി.

തിരിച്ചെത്തിയതിന്നു ശേഷം ഹിന്ദുസ്ഥാന്‍ടൈംസില്‍തന്നെ ശങ്കര്‍ തുടര്‍ന്നു. ഇതിന്നിടെ അഞ്ചുമക്കളുടെ പിതാവായിക്കഴിഞ്ഞിരുന്നു അദ്ദേഹം. രണ്ടാം ലോകയുദ്ധകാലത്ത് കുടുംബം നാട്ടിലേയ്ക്ക് പോയെങ്കിലും ശങ്കര്‍ തലസ്ഥാനനഗരിയില്‍ സജീവസാന്നിധ്യമായി. സ്വാതന്ത്ര്യസമരത്തിന്റെ അലയടികളുയര്‍ന്നുകൊണ്ടിരുന്ന അക്കാ ലത്ത് സ്വാഭാവികമായും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ വിദേശാധിപത്യത്തിനെതിരായി. ടൈംസില്‍ പതിനാലു വര്‍ഷം നീണ്ടുനിന്ന തൊഴില്‍ ജീവിതം ഉപേക്ഷിക്കാന്‍ അദ്ദേഹം പില്‍ക്കാലത്ത് നിര്‍ബന്ധിതനായി. പ്രമുഖ വ്യവസായി ഡാല്‍മിയയുമായി ചേര്‍ന്നാരംഭിച്ച 'ഇന്ത്യന്‍ ക്രോണിക്കിള്‍' അധികകാലം നീണ്ടുനിന്നുമില്ല.

1948-ല്‍ 'ശങ്കേഴ്‌സ്‌വീക്കിലി ആരംഭിച്ചതോടെ, ശങ്കറിന്റെ ജീവിതം ആകപ്പാടെ മാറി. ആദ്യകാലത്ത് മിക്കവാറും ഹാസ്യചിത്രങ്ങള്‍ വരച്ചത് അദ്ദേഹം തന്നെയായിരുന്നു. സമൂഹത്തിലെ കപടനാട്യക്കാരെ കളിയാക്കുന്ന ബഡാസാബ്, മേംസാബ് തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ചലപതിറാവു, എടത്തിട്ട നാരായണന്‍, അമിതാമാലിക്, സി.പി. രാമചന്ദ്രന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ പത്രപ്രവര്‍ത്തകരുടെ പിന്തുണ വീക്കിലിയുടെ ശക്തിയായി മാറി. മലയാളികളായ കാര്‍ട്ടൂണിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ശങ്കര്‍ പ്രത്യേക ശ്രദ്ധവെച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കളുമായുള്ള സൗഹൃദവും ശങ്കറിന്റെ വ്യക്തിപ്രഭാവത്തിന് തിളക്കം നല്‍കി.

പ്രത്യേകിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവുമായി വ്യക്തിപരമായി വലിയ അടുപ്പമായിരുന്നു. കാര്‍ട്ടൂണ്‍ വിമര്‍ശനത്തില്‍നിന്ന് തന്നെ ഒഴിവാക്കരുതെന്നാണ് അദ്ദേഹം ശങ്കറോട് പറഞ്ഞിരുന്നത്. തന്നെക്കുറിച്ചുവരുന്ന കാര്‍ട്ടൂണുകളുടെ ഒറിജിനല്‍ ചോദിച്ചുവാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു. ശങ്കേഴ്‌സ്‌വീക്കിലിയുടെ പ്രഥമ ലക്കം പ്രകാശനംചെയ്തതും, പാവമ്യൂസിയത്തിന്ന് സ്ഥലവും പണവും നല്‍കിയതും നെഹ്‌റുവിന്റെ ഈ സൗഹൃദത്തിന്ന് ഉദാഹരണങ്ങളാണ്.

ശങ്കര്‍ ഗുരുതുല്യനായിരുന്നുവെങ്കിലും, കാര്‍ട്ടൂണിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ സങ്കല്പങ്ങള്‍ യാഥാസ്ഥിതികമായിരുന്നു. പുതിയ പ്രവണതകളോട് താത്പര്യപൂര്‍വമായിരുന്നില്ല അദ്ദേഹം പ്രതികരിച്ചതെന്ന്, അദ്ദേഹത്തോടൊപ്പം അന്ന് ജോലി ചെയ്തവര്‍ പറ ഞ്ഞിട്ടുണ്ട്. വീക്കിലിയില്‍ വരച്ചുകൊണ്ടിരുന്ന കലാകാരന്മാരോട് സ്‌ക്കൂള്‍കുട്ടികളോടെന്നോണമാണ് അദ്ദേഹം പെരുമാറിയിരുന്നതെന്നതെന്നും ആക്ഷേപമുണ്ട്.

ശങ്കേഴ്‌സ്‌വീക്കിലി വര്‍ഷംതോറും നടത്തിക്കൊണ്ടിരുന്ന അന്താരാഷ്ട്ര ചിത്രരചനാമത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് കുട്ടികളാണ് പങ്കെടുത്തുകൊണ്ടിരുന്നത്. അവയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ വീക്കിലി പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രാദേശികതലത്തിലും ബാലചിത്രരചനാമത്സരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു.

ദല്‍ഹിയിലെ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗില്‍ നിര്‍മിക്കപ്പെട്ട 'നെഹ്‌റു ഹൗസി'ലാണ് ശങ്കര്‍ ആരംഭിച്ച ചില്‍ഡ്രന്‍സ് സൊസൈറ്റിയും പാവമ്യൂസിയവും പ്രവര്‍ത്തിക്കുന്നത്.

പത്മശ്രീ (1956), പത്മഭൂഷണ്‍ (1966), പത്മവിഭൂഷണ്‍ (1976) എന്നീ അത്യുന്നതദേശീയബഹുമതികള്‍ നേടിയ ശങ്കറിന് പോളണ്ടിലെയും കാനഡയിലെയും കുട്ടികളുടെ ബഹുമതിയും ലഭിച്ചിട്ടുണ്ട്. പശ്ചിമജര്‍മനിയും ചെക്കോസ്ലാവാക്യയും ഹംഗറിയും അദ്ദേഹത്തിന് അംഗീകാരം നല്‍കി ആദരിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനും ബള്‍ഗേറിയയും കുട്ടികളുടെ സമ്മേളനങ്ങളില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ച് ശങ്കറങ്കിളിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചു.

നെഹ്‌റുവിന്നു ശേഷം ആര്? -ശങ്കര്‍ നെഹ്‌റുവിനെക്കുറിച്ച് അവസാനം വരച്ച കാര്‍ട്ടൂണുകളിലൊന്ന്. അദ്ദേഹത്തിനു പിന്നില്‍ ഓടുന്നവരില്‍ കൃഷ്ണമേനോന്‍ മാത്രമാണ് പ്രധാനമന്ത്രിയാവാതെപോയത്

1989 ഡിസംബര്‍ 26-ാം തീയതി ദല്‍ഹിയില്‍ വെച്ച് അന്തരിക്കുന്നതുവരെ ശങ്കര്‍ വിവിധ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിന്നു പതിനാലു വര്‍ഷം മുമ്പ്, 1975-ല്‍ ഒരു പ്രത്യേക പതിപ്പായി പ്രസിദ്ധീകരിച്ചുകൊണ്ട് ശങ്കേഴ്‌സ്‌വീക്കിലിയും നിലച്ചിരുന്നു.
(സത്യം പറയുന്ന നുണയന്മാര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
(കാര്‍ട്ടൂണുകള്‍ക്ക് കടപ്പാട്: കേരള കാര്‍ട്ടൂണ്‍ അക്കാദമി)

No comments:

Post a Comment