Monday, July 11, 2011

യുപിഎ സര്‍ക്കാര്‍ : വഴിതെറ്റലും വഞ്ചനയും പ്രകാശ് കാരാട്ട്

Posted on: 12-Jul-2011 12:01 AM
അഴിമതിയുടെ ഭൂതം കേന്ദ്രസര്‍ക്കാരിനെ തുടര്‍ച്ചയായി വേട്ടയാടുകയാണ്. 2ജി സ്പെക്ട്രം കേസില്‍ വഴിത്തിരിവുണ്ടായി ഒന്‍പത് മാസത്തിനുശേഷം, യുപിഎ സര്‍ക്കാര്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ഉയരുന്ന അഴിമതി ആരോപണങ്ങളില്‍പെട്ട് ഉലയുകയാണ്. ഇവ ഓരോന്നും മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ കൂടുതല്‍ തകര്‍ക്കുന്നു. വിദേശത്തേക്ക് കടത്തിയ കള്ളപ്പണം തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിക്ക് പകരം മുന്‍ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി നിയോഗിക്കുകയുംചെയ്തു. വിചിത്രമായ രാഷ്ട്രീയ സ്ഥിതിഗതിയാണ് നിലവിലുള്ളത്.

മേയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം യുപിഎ സര്‍ക്കാര്‍ ദിശാബോധം നഷ്ടമായ രീതിയിലാണ് നീങ്ങുന്നത്. അഴിമതിയാരോപണങ്ങള്‍ നിരന്തരം ഉയരുമ്പോള്‍ സര്‍ക്കാര്‍ രണ്ട് കാര്യങ്ങളില്‍മാത്രമാണ് ശ്രദ്ധിക്കുന്നത്-ആദ്യം, പ്രശ്നമൊന്നും ഇല്ലെന്ന് വരുത്താന്‍ ശ്രമിക്കുന്നു, പിന്നീട്, ഇത് വരുത്തിയ കെടുതികള്‍ പരിമിതമായ തോതിലെങ്കിലും പരിഹരിക്കാനും ശ്രമിക്കുന്നു. അതായത്, സര്‍ക്കാര്‍ വലിയ കുഴപ്പത്തിലാണ്, സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നവര്‍പോലും അപകടം തിരിച്ചറിഞ്ഞിരിക്കുന്നു. നവഉദാരവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വന്‍കിട ബിസിനസുകാരും അവരുടെ ലോബികളും വിലപിക്കുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി പിറുപിറുപ്പുകള്‍ ഉയരുന്നു. പ്രധാനമന്ത്രി തീരുമാനമെടുക്കാനുള്ള ശേഷിയും കാര്യക്ഷമതയും ഇല്ലാത്ത വ്യക്തിയാണെന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സര്‍ക്കാരും ഭരണകക്ഷിയും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തക്കേടുകളാണ്. അധികാരത്തില്‍ മൂന്നുവര്‍ഷം തികയുംമുമ്പുതന്നെ ഈ സര്‍ക്കാരിനെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സര്‍ക്കാരായി ചില നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നു. സര്‍ക്കാരിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നത് വസ്തുതയായിരിക്കുമ്പോള്‍തന്നെ സ്ഥിതിഗതിയെ വിചിത്രമാക്കുന്നത് അസ്ഥിരതയ്ക്ക് പ്രകടമായ ഘടകങ്ങള്‍ ഇല്ലെന്നതാണ്. സര്‍ക്കാരിന്റെ കാര്യം നോക്കുമ്പോള്‍ രാഷ്ട്രീയ ഭീഷണിയൊന്നും ഉയര്‍ന്നുവന്നിട്ടില്ല. യുപിഎ ഘടകകക്ഷികള്‍ ഏതെങ്കിലും വിട്ടുപോവുകയോ പുറത്തുനിന്ന് പിന്തുണ നല്‍കുന്ന കക്ഷികള്‍ ആരെങ്കിലും അത് പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. അപ്പോള്‍ സര്‍ക്കാര്‍ ദുര്‍ബലവും തകര്‍ന്നതുമായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാരിന്റെ ദൃഢതയ്ക്കും വിശ്വാസ്യതയ്ക്കും ഭീഷണി ഉയര്‍ത്തുന്ന തോതില്‍ വന്‍അഴിമതികള്‍ സംഭവിക്കാന്‍ ഇടയാക്കിയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടത്. നവഉദാരനയങ്ങളുടെ ഫലമാണ് അഴിമതിയും പൊതുമുതലിന്റെ വന്‍കൊള്ളയും. ഈ പ്രക്രിയയുടെ സഹായിയും സൗകര്യദാതാവുമായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ . വന്‍കിട ബിസിനസുകാരും ഭരണകക്ഷി രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള അവിഹിത ഇടപാടുകള്‍ 2ജി കേസ് നാടകീയമായി പുറത്തുകൊണ്ടുവന്നു, ഇത്തരം ബന്ധങ്ങള്‍ നവഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് ഈ അഴിമതിക്കെതിരെ ഉയരുന്ന പ്രതിഷേധം തങ്ങള്‍ പിന്തുടരുന്ന നയങ്ങള്‍ക്കും സൃഷ്ടിക്കുന്ന ചട്ടക്കൂടിനും ഭീഷണിയാകുമെന്ന ആശങ്ക ഉദാരവല്‍ക്കരണത്തിന്റെ ശില്‍പ്പികള്‍ക്ക് അനുഭവപ്പെടുന്നത്. ഈ അവിഹിതബന്ധത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഇന്ന് തിഹാര്‍ ജയിലില്‍ എത്തിയിട്ടുണ്ട്-

വന്‍കിട ബിസിനസുകാരില്‍നിന്നും (അഴിമതിക്കേസില്‍പ്പെട്ട കമ്പനികളുടെ സിഇഒമാരും ഉയര്‍ന്ന എക്സിക്യൂട്ടീവുകളും); ഭരണകക്ഷി രാഷ്ട്രീയക്കാരില്‍നിന്നും(മുന്‍ മന്ത്രി രാജയെപ്പോലുള്ളവര്‍); ബ്യൂറോക്രാറ്റുകളില്‍നിന്നും(മുന്‍ ടെലികോം സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍) പ്രതിനിധികള്‍ . ചുരുക്കത്തില്‍ സര്‍ക്കാരിനുണ്ടായ "സ്തംഭനം" അഴിമതിയുടെ വ്യവസ്ഥാപിത സ്വഭാവം കാരണമാണ്. രാജ്യത്തെ കോഴയില്‍ കുടുക്കിയത് വന്‍കിട ബിസിനസുകാരാണെന്നത് പുറത്തുവന്നിരിക്കുന്നു. മൊത്തം വ്യവസ്ഥയെത്തന്നെ കാര്‍ന്നുതിന്നുന്ന രീതിയില്‍ വളര്‍ന്ന അഴിമതിയെന്ന അര്‍ബുദം നിയന്ത്രിക്കാന്‍ സുപ്രീംകോടതി സ്വീകരിച്ച മാര്‍ഗം എക്സിക്യൂട്ടീവിന്റെ തകര്‍ന്ന വിശ്വാസ്യതയ്ക്ക് കൂടുതല്‍ പ്രഹരമായി. രാഷ്ട്രീയതലത്തില്‍ അഴിമതിപ്രശ്നം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് സംയുക്തപാര്‍ലമെന്ററി സമിതി രൂപീകരിക്കുന്ന കാര്യത്തില്‍ കഴിഞ്ഞവര്‍ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഉണ്ടായ സംഭവങ്ങളും അഴിമതിക്കെതിരെയുണ്ടായ ജനകീയപ്രക്ഷോഭവും നമുക്ക് കാണിച്ചുതന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനും യുപിഎ സര്‍ക്കാരിനും രാഷ്ട്രീയമായി അഴിമതിപ്രശ്നം കൈകാര്യംചെയ്യാന്‍ കഴിയാത്തതിന് കാരണം അവര്‍തന്നെ സൃഷ്ടിച്ച സാമ്പത്തികഘടനയുടെ ഭാഗമാണ് ഇതെന്നുള്ളതുകൊണ്ടാണ്. ഇതേ സാമ്പത്തികനയങ്ങള്‍ പിന്തുടര്‍ന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരം അഴിമതികള്‍ ഉണ്ടായത് നാം കണ്ടതാണ്. യുപിഎ സര്‍ക്കാര്‍ ഏതെല്ലാം രക്ഷാനടപടികള്‍ സ്വീകരിച്ചാലും ഉന്നതതലത്തിലെ അഴിമതി അകറ്റാന്‍ കഴിയില്ല. രണ്ട് കേന്ദ്രമന്ത്രിമാര്‍ (ദയാനിധി മാരനും മുരളി ദേവ്റയും) അന്വേഷണം നേരിടുകയാണ്. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കെജി എണ്ണപ്പാടം ക്രമക്കേടിന്റെ അനന്തരഫലം അറിയാനിരിക്കുകയാണ്. സിഎജിയുടെ കടമകളെക്കുറിച്ചും എക്സിക്യൂട്ടീവിന്റെ പ്രവര്‍ത്തനത്തില്‍ ജുഡീഷ്യറി അതിരുകടന്ന് ഇടപെടുന്നതായും പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ അവര്‍ എത്രത്തോളം നിരാശയിലാണെന്ന് വ്യക്തമാക്കുന്നു. ഫലപ്രദമായ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യത്തിന് വന്‍തോതില്‍ ജനപിന്തുണ ലഭിക്കുന്നു. അണ്ണ ഹസാരെ സംഘം മുന്നോട്ടുവച്ച ലോക്പാല്‍ ബില്‍ കരടിലെ എല്ലാ നിര്‍ദേശങ്ങളോടും ഒരാള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് വന്നേക്കാം, എന്നാല്‍ ലോക്പാലിനെ ഫലപ്രദമായ സംവിധാനമായി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പൊതുവെ കരുതുന്നത്. ചുരുക്കത്തില്‍ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാടിന് പിന്തുണ നേടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്, കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന എന്ന സിദ്ധാന്തത്തില്‍ ചുറ്റിത്തിരിയുകയാണ്. ഈയിടെ സര്‍ക്കാരിലെ രണ്ടാമനും കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജി ആരോപിച്ചത് അണ്ണ ഹസാരെയെയും ബാബാ രാംദേവിനെയുംപോലെ ബിജെപിയും സിപിഐ എമ്മും "സ്വയം മിശിഹാമാരായി" പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ്. ഹസാരെയും രാംദേവും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെ നടത്തുന്ന ആക്രമണത്തിന് സിപിഐ എം സഹായം നല്‍കുന്നതായും പ്രണബ് കുറ്റപ്പെടുത്തി. സിഎജിയെയും സുപ്രീംകോടതിയെയും ഈ ഗൂഢാലോചനയില്‍ പങ്കാളികളാക്കാത്തതിന് നമുക്ക് പ്രണബിനോട് നന്ദി പറയാം. യഥാര്‍ഥത്തില്‍ പ്രണബും സഹപ്രവര്‍ത്തകരുമാണ് പാര്‍ലമെന്ററി സംവിധാനത്തെ തുടര്‍ച്ചയായി അവഹേളിക്കുന്നത്.

ഏറ്റവും ഒടുവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം രണ്ടാഴ്ച നീട്ടിവച്ചു. ഏതാനും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പേരില്‍ ബജറ്റ് സമ്മേളനം ഒരു മാസത്തോളം വെട്ടിച്ചുരുക്കിയിരുന്നു. ബിജെപിയെയും ഇടതുപക്ഷത്തെയും പഴിചാരി ഉന്നതസ്ഥാനങ്ങളിലെ അഴിമതിയെന്ന പ്രശ്നത്തില്‍നിന്ന് വഴുതിമാറാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ചിന്തിച്ചാല്‍ ജനങ്ങള്‍ തക്ക മറുപടി നല്‍കും. തങ്ങള്‍ നടപ്പാക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങളാണ് ഈ ചങ്ങാത്തമുതലാളിത്ത വ്യവസ്ഥയ്ക്ക് വഴിയൊരുക്കിയത് എന്നതിനാല്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. ബിജെപിയെ സംബന്ധിച്ച്, കര്‍ണാടകത്തിലെ അവരുടെ മുഖ്യമന്ത്രി യെദ്യൂരപ്പ അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാന്‍ "ഉദാത്തമായ" ഒരു വഴി കണ്ടെത്തി. അദ്ദേഹത്തിന് ലോകായുക്തയിലോ കോടതികളിലോ വിശ്വാസമില്ല. പകരം, ധര്‍മസ്ഥല ക്ഷേത്രം സന്ദര്‍ശിച്ച് മഞ്ജുനാഥ ഭഗവാനോട് സത്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്! കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമായി മാറിയെങ്കില്‍ , മറ്റൊരു കൂട്ടര്‍ അഴിമതി നേരിടാന്‍ ഹിന്ദുത്വമാതൃക സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നു.

നമ്മുടെ ഭരണാധികാരികള്‍ അവരുടെ തെറ്റായ നയങ്ങള്‍ മൂടിവയ്ക്കാന്‍ സ്വീകരിക്കുന്ന ഉപായങ്ങളുടെയും വഞ്ചനകളുടെയും മറ്റ് രണ്ട് പ്രധാന ഉദാഹരണങ്ങള്‍കൂടി വിശദീകരിക്കാം. യുപിഎ സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഒരിക്കല്‍ക്കൂടി ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു. ഇത്തവണ, ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലയാണ് കൂട്ടിയത്, ഇതിനോടൊപ്പം അസംസ്കൃത എണ്ണയുടെയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിത്തീരുവയില്‍ അഞ്ചു ശതമാനം കുറവും വരുത്തി. ഇതിനെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള നടപടിയായി ചിത്രീകരിക്കുന്നു. അഞ്ച് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയത് 2010-11ലെ ബജറ്റിലാണെന്ന് ഓര്‍ക്കണം. തല്‍ഫലമായി പെട്രോള്‍ -ഡീസല്‍ വില വര്‍ധിച്ചു. അതിനെ ഇടതുപക്ഷവും മറ്റ് പ്രതിപക്ഷകക്ഷികളും ശക്തമായി എതിര്‍ത്തതാണ്. ഇടതുപാര്‍ടികളും മറ്റ് മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളും ഈ വില വര്‍ധനയ്ക്കെതിരെ ദേശവ്യാപക ഏകദിന പണിമുടക്കും നടത്തിയിരുന്നു. അഞ്ച് ശതമാനം അധികനികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഖണ്ഡനോപക്ഷേപവും അവതരിപ്പിച്ചിരുന്നു. അധികവരുമാനം സൃഷ്ടിക്കാനായി ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഭാരം ഇല്ലാതാക്കാന്‍ അന്ന് സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ അങ്ങേയറ്റം അന്യായമായ നികുതിഘടനയില്‍ അടിസ്ഥാനപരമായ മാറ്റമൊന്നും വരുത്താതെ തന്നെ അഞ്ച് ശതമാനം അധികനികുതി സര്‍ക്കാര്‍ പിന്‍വലിച്ചു. 2010-11 സാമ്പത്തികവര്‍ഷം പെട്രോളിയം മേഖലയില്‍നിന്ന് 1,36,000 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഈ മേഖലയില്‍ സബ്സിഡിയായും പൊതുമേഖല എണ്ണവിപണന കമ്പനികള്‍ക്ക് നല്‍കിയ ബോണ്ടുകളുടെ ഇനത്തിലും സര്‍ക്കാര്‍ ചെലവിട്ടത് 40,000 കോടി രൂപയാണ്. അതായത്, നികുതിയായും തീരുവയായും സര്‍ക്കാരിന് ലഭിച്ച ഓരോ 100 രൂപയിലും 20 രൂപ മാത്രമാണ് സബ്സിഡിയായി ചെലവിട്ടത്, ശേഷിക്കുന്ന തുക സര്‍ക്കാര്‍ പോക്കറ്റടിച്ചു. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ എങ്ങനെ കാരണമാകുന്നുവെന്നതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് പെട്രോളിയംമേഖലയിലെ നികുതിഘടന. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പുലര്‍ത്തുന്ന വ്യമോഹങ്ങളുടെ മൂന്നാമത്തെ രംഗം ഇന്ത്യ-അമേരിക്ക ആണവകരാര്‍ സംബന്ധിച്ചുള്ളതാണ്. 45 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആണവവിതരണസംഘത്തിന്റെ (എന്‍എസ്ജി) ഇക്കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന യോഗം സമ്പുഷ്ട യുറേനിയവും സംസ്കരണ സാങ്കേതികവിദ്യകളും കയറ്റുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ ആണവനിര്‍വ്യാപനകരാറില്‍(എന്‍പിടി) അംഗമാകാത്ത രാജ്യങ്ങള്‍ക്ക് കൈമാറാന്‍ പാടില്ലെന്ന് എന്‍എസ്ജി തീരുമാനിച്ചു. അതുകൊണ്ട്, എന്‍പിടിയില്‍ ഒപ്പിട്ടിട്ടില്ലാത്ത ഇന്ത്യക്ക് ഈ സാങ്കേതികവിദ്യകള്‍ ഇറക്കുമതിചെയ്യാന്‍ സാധിക്കില്ല.

ഇന്ത്യ-അമേരിക്ക ആണവകരാറിനെ ഇടതുപക്ഷ പാര്‍ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ആണവഇന്ധനം പൂര്‍ണമായും സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാനും സിവില്‍ ആണവസഹകരണ കരാര്‍ സമ്പൂര്‍ണമായി നിലവില്‍വരാനും ഈ കരാര്‍ വഴിതെളിക്കില്ലെന്നതായിരുന്നു എതിര്‍പ്പിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പിടുന്നതിന് വളരെമുമ്പേ അമേരിക്കന്‍ പാര്‍ലമെന്റില്‍ ഹൈഡ് ആക്ട് അവതരിപ്പിച്ചിരുന്നു. സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതിനെ ഈ നിയമം വഴി വ്യക്തമായി നിരോധിച്ചിരുന്നു. 2006 ആഗസ്ത് 17ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പിന് തീര്‍ത്തും എതിരാണിത്. അന്ന് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: "ആണവ ഇന്ധനം, ആണവ റിയാക്ടറുകള്‍ , ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം തുടങ്ങി പൂര്‍ണമായ ആണവഇന്ധന ചക്രത്തിന്റെ എല്ലാ മേഖലകളിലും സഹകരണത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനുമുള്ള നിയന്ത്രണങ്ങള്‍ സര്‍വതും നീക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്". ഹൈഡ് ആക്ട് വഴി ഏര്‍പ്പെടുത്തിയ നിരോധനം നിഷേധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ എന്‍എസ്ജി നല്‍കിയ "ഇളവ്" വഴി ഇന്ത്യക്ക് മറ്റ് രാജ്യങ്ങളില്‍നിന്ന് ഈ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നാണ് യുപിഎ സര്‍ക്കാര്‍ അവകാശപ്പെട്ടത്. ആണവറിയാക്ടറുകളും ഇന്ധനവും ഇറക്കുമതിചെയ്യാന്‍ എന്‍എസ്ജിയില്‍നിന്ന് ഇന്ത്യക്ക് "ഇളവ്" ലഭിച്ചപ്പോള്‍ ആണവചക്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്യാന്‍ നമുക്ക് "പൂര്‍ണമായ ഇളവ്" ലഭിച്ചുവെന്നാണ് അവകാശവാദം ഉയര്‍ന്നത്. ഇതിനു മുമ്പേ, ഇന്ത്യ ഉള്‍പ്പെടെ എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് ആണവസാങ്കേതികവിദ്യകള്‍ കൈമാറുന്നത് നിരോധിക്കാന്‍ ജി-എട്ട് രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിരുന്നു. അപ്പോഴും പ്രധാനമന്ത്രിയും സംഘവും അവകാശപ്പെട്ടിരുന്നത് ഇന്ത്യക്ക് "പൂര്‍ണമായ ഇളവ്" ലഭിച്ചുവെന്നാണ്. ഇപ്പോള്‍ എന്‍എസ്ജി പുതിയ മാനദണ്ഡങ്ങള്‍ പാസാക്കിയതോടെ വഞ്ചന പൂര്‍ണമായി.

എന്‍എസ്ജിയില്‍നിന്ന് ഇന്ത്യക്ക് ഇളവ് ലഭിക്കുന്നതിനെ അമേരിക്ക "ശക്തമായും തീവ്രമായും" പിന്തുണയ്ക്കുന്നുവെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ സ്ഥാനപതി റോമര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ ഇരട്ടത്താപ്പില്‍ അത്ഭുതം തോന്നുന്നു. 1 2 3 ഉടമ്പടിയെ ഈ പിന്തുണയ്ക്കുള്ള തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ , ഇന്ത്യക്ക് സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യ കൈമാറുമെന്ന് വ്യക്തമാക്കാന്‍ തയ്യാറാകുന്നുമില്ല. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ചെയ്തത് അന്യായമായ ഒരു കരാറില്‍ ഇന്ത്യയെ കെട്ടിയിടുകയാണ്. നമുക്ക് അമേരിക്കന്‍ റിയാക്ടറുകള്‍ വാങ്ങേണ്ടതായും ഇന്ധനം ചില വ്യവസ്ഥകളോടെ ഇറക്കുമതി ചെയ്യേണ്ടതായും വരും. അമേരിക്കന്‍ ആണവവ്യവസായത്തിന് ശതകോടി ഡോളറുകള്‍ നല്‍കാന്‍ നമുക്ക് കഴിയും. പക്ഷേ, ഇപ്പോള്‍ ഫുക്കുഷിമ ആണവദുരന്തത്തിനുശേഷം ആരും ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളുടെ പിന്നാലെ പോകുന്നില്ല. അപ്പോഴും, അമേരിക്കയുമായുള്ള ഇടപാടിന്റെ കാര്യം വരുമ്പോള്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്തെങ്കിലുംചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.

ദേശാഭിമാനി

No comments:

Post a Comment