മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് കോടതിയില്‍
ലോട്ടറി കേസില്‍ അന്യസംസ്ഥാന ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി രാജ്യസഭാംഗവും കോണ്‍ഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യസംസ്ഥാന ലോട്ടറികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് പ്രക്ഷോഭം നടത്തുമ്പോഴാണ് പാര്‍ടിയുടെ ദേശീയവക്താവുതന്നെ മേഘ ഡിസ്ട്രിബ്യൂട്ടഴ്സിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായി ലോട്ടറി മാഫിയയുമായുള്ള കോണ്‍ഗ്രസ് ബന്ധം തുറന്നകാട്ടിയത്. ലോട്ടറി സംബന്ധിച്ച് നിയമം നിര്‍മിക്കാനോ നിയന്ത്രിക്കാനോ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്ന് സിങ്വി കോടതിയില്‍ വാദിച്ചു. മുഖംമൂടി അഴിഞ്ഞുവീണ് പിടിച്ചുനില്‍ക്കാനാവാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ വക്താവിനെ തള്ളിപ്പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനും നറുക്കെടുപ്പിന്റെ നികുതി വര്‍ധിപ്പിക്കാനും കേരളസര്‍ക്കാര്‍ 2010ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ ചോദ്യംചെയ്തു നല്‍കിയ ഹര്‍ജിയിലാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി സിങ്വി ഹാജരായത്. കേന്ദ്ര ലോട്ടറിചട്ടത്തിനു വിരുദ്ധമായി സംസ്ഥാനസര്‍ക്കാരിന് നറുക്കെടുപ്പിന്റെ നികുതി നിശ്ചയിക്കാന്‍ അധികാരമില്ലെന്ന് സിങ്വി വാദിച്ചു. കനത്ത നികുതി ചുമത്തുകവഴി മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറിനടത്തിപ്പില്‍ ഇടപെടുകയാണ് കേരളം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്ത കേസുകളില്‍ മേഘയുടെ ഹര്‍ജി ഉണ്ടായിരുന്നില്ല. രാവിലെ നേരിട്ട് കോടതിയില്‍ ഹാജരായ സിങ്വി കോടതിയുടെ പ്രത്യേകാനുമതി വാങ്ങിയാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഹര്‍ജി പരിഗണിച്ചു. മേഘ ഉടമ ജോണ്‍ കെന്നഡി, വന്‍കിട വിതരണക്കാരായ അമ്മ അറുമുഖം, തൃശൂരിലെ യദുകൃഷ്ണ എന്നിവരാണ് ഹര്‍ജി നല്‍കിയത്. സാന്തിയാഗോ മാര്‍ട്ടിന്റെ ഭാര്യാസഹോദരനായ ജോണ്‍ കെന്നഡിയുടെ പേരിലാണ് മേഘ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടിയാണ് കോടതിയില്‍ ഹാജരായതെന്ന് സിങ്വി കോടതിക്കു പുറത്ത് അവകാശപ്പെട്ടു. കേന്ദ്രനിയമത്തിനുവേണ്ടിയാണ് താന്‍ വാദിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് മാനേജര്‍ രാജീവ്, അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളുടെ മെഗാ സ്റ്റോക്കിസ്റ്റുകളായ തൃശൂരിലെ യദുകൃഷ്ണയെന്ന രാജേഷ്, അഭിഭാഷകനായ റഹീം അഗര്‍വാള്‍ എന്നിവരാണ് സിങ്വിക്ക് ഒപ്പമുണ്ടായിരുന്നത്.
സിങ്വി താമസിക്കുന്ന മറൈന്‍ഡ്രൈവിലെ ഗേറ്റ്വേ ഹോട്ടലില്‍ മേഘയുടെ പേരില്‍ ബുക്ക്ചെയ്തിരുന്ന നാലു മുറികളിലൊന്നിലാണ് സിങ്വി താമസിച്ചിരുന്നതെന്നും വ്യക്തമായി.
സിങ്വി ലോട്ടറി ഏജന്റിനുവേണ്ടി ഹാജരായത് വിവാദമായതോടെ മുഖംരക്ഷിക്കാനായി കോണ്‍ഗ്രസിന്റെ ശ്രമം. സിങ്വിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ഇതിനിടെ, സിങ്വിക്കെതിരെ കരിങ്കൊടിയുമായി അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. വിവാദമറിഞ്ഞ് ഹൈക്കോടതിക്കു പിന്നിലുള്ള മംഗളവനം വഴിയുള്ള റോഡിലൂടെയാണ് സിങ്വി ഹോട്ടലിലേക്കു മടങ്ങിയത്. ആഴ്ചയില്‍ രണ്ട് നറുക്കെടുപ്പു മാത്രമേ പാടുള്ളുവെന്ന ഹൈക്കോടതിവിധിക്കെതിരെ വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന റിവ്യു ഹര്‍ജിയിലും ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി സിങ്വി ഹാജരാകും.
ലോട്ടറി മാഫിയക്കുവേണ്ടി നളിനി ചിദംബരം ഹാജരായത് ശരിയോ: ഐസക്
ചിദംബരം മന്ത്രിയായശേഷം ഭാര്യ നളിനി ചിദംബരം ഒരു ഡസനിലധികം തവണ ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയത് ശരിയാണോയെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ അന്നത്തെ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ചട്ടം നിയമവിരുദ്ധമെന്നു സമര്‍ഥിക്കാനാണ് ചിദംബരം വന്നത്. മന്ത്രിയായ ഉടനെ ചിദംബരം ഓണ്‍ലൈന്‍ ലോട്ടറി നിയമവിധേയമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയിലെത്തി സംസ്ഥാനസര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്തത് ശരിയായിരുന്നോഎന്നും ഉമ്മന്‍ചാണ്ടി പറയണം. ലോട്ടറിനിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികളില്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ അയക്കുമോയെന്നും ഐസക് ചോദിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ സുപ്രീംകോടതിയില്‍ കേരളം പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം കോടതിയില്‍ പറയുമോ. ഏഴ്(മൂന്ന്) വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ കേരളത്തിന് അധികാരം തരുമോ. നിയമം വന്ന് 12 വര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇനിയും പ്രതിക്കൂട്ടിലാകുമെന്നും ഐസക് പറഞ്ഞു.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഉയര്‍ന്ന സമ്മാനങ്ങളുടെ ടിക്കറ്റ് ഹാജരാക്കിയ അന്യസംസ്ഥാനങ്ങളിലെ 150 ഓളം പേര്‍ക്ക് സമ്മാനത്തുക നല്‍കാന്‍ ഉത്തരവിറക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. കള്ളപ്പണം വെളുപ്പിക്കാനായി ഉയര്‍ന്ന സമ്മാനടിക്കറ്റുകള്‍ കൈമാറുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും വിജിലന്‍സ് പറഞ്ഞു. ഇതേതുടര്‍ന്ന് ലോട്ടറിവകുപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനെതിരായ പരാതി പരിഗണിച്ചാണ് 2005ല്‍ ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ ആദായനികുതി വകുപ്പിനെ അറിയിച്ചും പാന്‍ കാര്‍ഡ് പരിശോധിച്ചും സമ്മാനം നല്‍കാന്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവു വഴിയാണ് 150 പേര്‍ സമ്മാനത്തുക വാങ്ങിയതെന്ന് ഐസക്ക് വ്യക്തമാക്കി. കൂടുതല്‍ പണം നല്‍കി സമ്മാനാര്‍ഹരില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ ശേഷം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിക്ക് കേരളത്തിന് അധികാരമുണ്ടെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കലാണ്. ഭാഗ്യക്കുറി സംരക്ഷണ സമിതി ധനമന്ത്രിയെയും ആഭ്യന്തര മന്ത്രി ചിദംബരത്തെയും കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. പ്രമോട്ടര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും നിരോധിച്ച് സംസ്ഥാന ഭാഗ്യക്കുറി നടത്താനാവില്ലെന്നാണ് ചിദംബരം പറഞ്ഞത്. സ്വന്തം ലോട്ടറി നിരോധിച്ചേ മറ്റു ലോട്ടറികള്‍ നിരോധിക്കാനാവൂ എന്നും ചിദംബരം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് അഭിപ്രായസമനയമുണ്ടാക്കണമെന്നും ചിദംബരം ഉപദേശിച്ചു. കേന്ദ്രനിയമം നടപ്പാക്കുമോയെന്നും സംസ്ഥാനത്തിന് അധികാരം നല്‍കുമോയെന്നും പ്രണബ് മുക്കര്‍ജി വ്യക്തമാക്കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു.
സോണിയ ഹാജരായതിനു തുല്യം: പിണറായി
ഇടുക്കി: ലോട്ടറി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹാജരാകുന്നതിനു തുല്യമാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വക്കാലത്തെന്ന് പിണറായി വിജയന്‍ പറഞ്ഞു. അഭിഭാഷകയായി ഹാജരാകാന്‍ കഴിയുമെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി സോണിയ ഗാന്ധി സുപ്രീംകോടതിയില്‍ ഹാജരായേനേ. അത്ര ബന്ധമാണ് കോണ്‍ഗ്രസും ലോട്ടറി മാഫിയയും തമ്മില്‍. നെടുങ്കണ്ടത്ത് നടന്ന സിപിഐ എം റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ പണസഞ്ചിയായ ലോട്ടറിരാജാവ് മണികുമാര്‍ സുബ്ബയ്ക്കുവേണ്ടിയാണ് സിങ്വി ഹാജരായത്. ഇതോടെ ഇവിടെ നടന്ന സംവാദങ്ങളില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വാദങ്ങളെല്ലാം ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് വ്യക്തമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനങ്ങളെ ചെറുതാക്കാന്‍ വേണ്ടിയാണ് വലതുപക്ഷ മാധ്യമങ്ങള്‍ ലോട്ടറി വിഷയത്തിലടക്കം വിവാദങ്ങളുയര്‍ത്തിയതെന്നും പിണറായി പറഞ്ഞു.
കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധത്തിന്റെ തെളിവ്: എം വി ജയരാജന്‍
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് അഖിലേന്ത്യാ വക്താവ് അഭിഷേക് സിങ്വി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ്- ലോട്ടറി മാഫിയ ബന്ധത്തിന്റെ തെളിവാണെന്ന് കേരള ഭാഗ്യക്കുറിസംരക്ഷണസമിതി കണ്‍വീനര്‍ എം വി ജയരാജന്‍ പറഞ്ഞു.
ലോട്ടറി മാഫിയ കോണ്‍ഗ്രസിന് പണം നല്‍കുന്നുണ്ടെന്നത് നാട്ടിലെങ്ങും പാട്ടാണ്. അതിന്റെ പ്രത്യുപകാരമായാണ് കോണ്‍ഗ്രസ് വക്താവിനെ തന്നെ സോണിയാഗാന്ധി നിയോഗിച്ചത്. ലോട്ടറി വിവാദത്തിന് നേതൃത്വം കൊടുക്കാന്‍ കെപിസിസി നേതാക്കള്‍ ലോട്ടറിമാഫിയയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് ഇത്. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും എന്തുപറയുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
കേന്ദ്രമന്ത്രി ചിദംബരം, മകന്‍ കാര്‍ത്തിക് തുടങ്ങിയവരൊക്കെ നേരത്തേ ഇവര്‍ക്കായി കോടതിയില്‍ വാദിച്ചു. ഇക്കൂട്ടര്‍ കോടതിയിലും ഉമ്മന്‍ചാണ്ടി മുതല്‍ വി ഡി സതീശന്‍ വരെയുള്ളവര്‍ പുറത്തും മാഫിയാസംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. കേരളഭാഗ്യക്കുറി സംരഷിക്കാന്‍ എംപിമാരടക്കമുള്ള പ്രതിനിധിസംഘം ചിദംബരത്തെയും പ്രണബ്കുമാര്‍ മുഖര്‍ജിയും കണ്ടപ്പോള്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. എല്ലാ സംസ്ഥാനങ്ങളും സമവായമുണ്ടാക്കിയാലേ കേരളഭാഗ്യക്കുറിയെ സംരക്ഷിക്കാനും പ്രമോട്ടര്‍- ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കാനും കഴിയുകയുള്ളൂവെന്നാണ് ചിദംബരം പറഞ്ഞത്.
അന്യ സംസ്ഥാന ലോട്ടറിക്കെതിരെയുള്ള നടപടി ചിദംബരത്തിന്റെ അജന്‍ഡയിലില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഉമ്മന്‍ചാണ്ടിയേക്കാള്‍ പേടി ചിദംബരത്തെയാണ്. ലോട്ടറി മാഫിയയുടെ സ്വാധീനമാണ് കാരണം. അതുകൊണ്ടാണ് കേസ് വാദിക്കാന്‍ സിങ്വിയെ അയച്ചത്. മണികുമാര്‍ സുബ്ബയെ പ്രമോഷന്‍ നല്‍കി എഐസിസിയിലേക്ക് എടുത്ത കോണ്‍ഗ്രസില്‍ സതീശന്റെ അഭിപ്രായത്തിന് പുല്ലുവിലയാണ്. മാന്യതയുണ്ടെങ്കില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം വീണ്ടും തെളിഞ്ഞു: ഐസക്
കോണ്‍ഗ്രസ് നേതൃത്വം ലോട്ടറിമാഫിയക്കൊപ്പമാണെന്ന് അഭിഷേക് സിങ്വി ഒരിക്കല്‍ക്കൂടി തെളിയിച്ചതായി ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ലോട്ടറി നികുതി വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹാജരായ സിങ്വി മണികുമാര്‍ സുബ്ബയെപ്പോലുള്ള ലോട്ടറിരാജാക്കന്മാര്‍ നിയന്ത്രിക്കുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ഥമുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിങ്വി ചെയ്തത് തെറ്റായെന്നു പറഞ്ഞ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി 2003ല്‍ യുഡിഎഫ് ഭരണകാലത്ത് ലോട്ടറിമാഫിയക്കുവേണ്ടി ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ചിദംബരം ഹൈക്കോടതിയില്‍ വാദിച്ചത് ശരിയായിരുന്നോയെന്ന് വ്യക്തമാക്കണം. ലോട്ടറിനിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികളില്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ അയക്കുമോയെന്നും ഐസക് ചോദിച്ചു.
ദേശാഭിമാനി 30092010
http://jagrathablog.blogspot.com/2010/09/blog-post_4853.html
No comments:
Post a Comment