Tuesday, September 28, 2010

ഏതുകാലത്തും വിരുദ്ധചേരികളോട് പൊരുതിപ്പുലരുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം. സമൂഹത്തിന്റെ പുരോഗമനപരമായ പ്രവണതകളെ പിന്നോട്ട് വലിക്കുന്ന എല്ലാ ശക്തികളോടും പോരാടിയ ചരിത്രമാണ് ആ പാര്‍ട്ടിക്കുള്ളത്. വിട്ടുവീഴ്ചയില്ലാത്ത ആ നിലപാടുകള്‍ കാരണം ചിലരുടെയെങ്കിലും മനസ്സില്‍ സി.പി.ഐ.എം നിരന്തരം തെറ്റിദ്ധരിക്കപ്പെടുന്നു.എന്നാല്‍ അത്തരം കുത്സിതപ്രവര്‍ത്തകരുടെ ആക്രോശങ്ങള്‍ക്കൊന്നും പാര്‍ട്ടിയുടെ ജനകീയാടിത്തറയില്‍ ഒരു പോറലുപോലും വീഴ്ത്താന്‍ കഴിഞ്ഞിട്ടില്ല.വര്‍ദ്ധിതവീര്യത്തോടെ അനീതികളോടും അഴിമതിയോടും ഇന്നും ആ പ്രസ്ഥാനത്തിന്റെ സമരഭടന്മാര്‍ പൊരുതിക്കൊണ്ടിരിക്കുന്നു.ആ പോരാട്ടത്തില്‍ പൊലിഞ്ഞുപോയ നിരവധി ജീവിതങ്ങളുണ്ട്. സ്വന്തം സുഖങ്ങളെ നിഷ്കരുണം പിന്നിലുപേക്ഷിച്ച് സമരരംഗത്തേക്ക് കടന്നു വന്നവര്‍ ...
ജാതിമതക്കോമരങ്ങളോടേറ്റ് പിടഞ്ഞുവീണവര്‍ ...
സ്വന്തം പ്രസ്ഥാനത്തിനായി ജീവന്‍ കൊടുത്തവര്‍ ...
വര്‍ഗീയവാദത്തിന്റെ തീജ്വാലകളില്‍ വെന്തെരിഞ്ഞവര്‍ ...
അഴിമതിയുടെ കരാളനീതിയാല്‍ കരിഞ്ഞുപോയവര്‍ ....


വെളിപാടുകളുടെ ആലക്തികഭംഗികളല്ല ,  കൂരിരുട്ടാര്‍ന്ന ജീവിതത്തിന്റെ നേര്‍മുഖങ്ങളാണ് മര്‍ത്യജീവിതത്തിന്റെ ഊടും പാവും എന്ന് തിരിച്ചറിഞ്ഞവര്‍ ...
ആയതുകൊണ്ട് പ്രിയപ്പെട്ട സുഹൃത്തേ,
കൂട്ടത്തില്‍ നിന്നുകൊണ്ട് ഒറ്റിക്കൊടുത്തവന്റെ കുമ്പസാരങ്ങളല്ല പാര്‍ട്ടിജീവിതം എന്ന് നിങ്ങള്‍ തിരിച്ചറിയണം....
ആയതുകൊണ്ട് പ്രിയപ്പെട്ട സുഹൃത്തേ,
മൂര്‍ച്ചയും തീര്‍ച്ചയുമുള്ള ആയുധങ്ങള്‍കൊണ്ട് നിങ്ങളെന്നെ നേരിട്ടോളൂ...
ആയതുകൊണ്ട് പ്രിയപ്പെട്ട സുഹൃത്തേ,
അവസാനജയത്തിനുശേഷം നേരിട്ടു പൊരുതിയ നിങ്ങളെ ഞങ്ങള്‍ വെറുതെവിട്ടേക്കാം...

എന്നാല്‍
ഞങ്ങളോടൊപ്പം നിന്ന് ഞങ്ങളെ ഒറ്റിക്കൊടുത്ത കഴുകന്മാരുടെ കൂട്ടത്തില്‍ നിന്നും
നിങ്ങളെ വേര്‍തിരിച്ചറിയുമ്പോള്‍
ഒരു മുന്‍കമ്യൂണിസ്റ്റ്കാരനാണ് ഞാനെന്ന് നിങ്ങളെന്നോട് പറയരുത്...
ഒരു മുന്‍കമ്യൂണിസ്റ്റ്കാരനോട് ദയ കാണിക്കണേ എന്ന് നിങ്ങള്‍ കേഴരുത്...

ആ യാചനക്ക്, എന്റെ കരവാളം നിങ്ങളുടെ ഹൃദയം പിളര്‍ന്നുകൊണ്ടാകും മറുപടി പറയുക...

No comments:

Post a Comment