രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബാബ്റി മസ്ജിദ് കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് വിധി പറഞ്ഞു. 1989ല്‍ രേഖപ്പെടുത്തപ്പെട OOS No 1-4, 1989ന്റെ വിധിയാണ് ഇപ്പോള്‍ വന്നത്. ബാബ്റി മസ്ജിദ് നിന്നിരുന്ന സ്ഥലം ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്നതുള്‍പ്പെടെ കഴിഞ്ഞ അറുപത് വര്‍ഷമായി നിയമത്തിന്റേയും രാജ്യത്തിന്റേയും മുന്നിലുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നു പ്രധാനപ്പെട്ട നീരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. ഒന്ന്: രാമന്‍ ജനിച്ചത് ‘രാമജന്മഭൂമി’ എന്നറിയപ്പെടുന്ന സ്ഥലത്തു തന്നെ. രണ്ട്: തര്‍ക്കസ്ഥലത്ത് ‘ഒരു വലിയ ഹിന്ദു ആരാധനാലയം ഉണ്ടായിരുന്നു’. മൂന്ന്: ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളിലാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി നിര്‍മിച്ചത്. മുസ്ലിങ്ങള്‍ ബാബ്റി മസ്ജിദ് ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നില്ലായെന്നും, അതിന്റെ നിര്‍മിതി സാധാരണ പള്ളിയുടേതു പോലെയല്ല എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. തര്‍ക്ക സ്ഥലം ഉള്‍പ്പെടുന്ന 2.7 ഏക്കര്‍ സ്‌ലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. പള്ളി നിന്നിരുന്നിടത്താണ് രാമന്‍ ജനിച്ചതെന്നും, അതുകൊണ്ട് തന്നെ രാമന്റെ ആരാധകര്‍ക്ക് പ്രാര്‍ത്ഥനയും പൂജയും നടത്താന്‍ അവകാശമുണ്ടെന്നും ചൂണ്ടി കാട്ടിയ കോടതി തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും, മറ്റു രണ്ടു ഭാഗങ്ങള്‍ നിര്‍മോഹി അവാരോ വിഭാഗത്തിനും, രാമലല്ല വിഭാഗത്തിനും നല്‍കണമെന്ന് പറയുന്നു. മൂന്നു മാസത്തിനുള്ളില്‍ അതിനു വേണ്ടുന്ന നടപടി ക്രമങ്ങള്‍ ആരംഭിക്കാനും അതു വരെ നിജസ്ഥിതി തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എസ് യു ഖാന്‍ ജസ്റ്റിസ് ഡി വി ശര്‍മ, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മൂന്നക്ക ബഞ്ചിലെ ഭൂരിപക്ഷ അഭിപ്രായമെന്ന നിലയ്ക്കാണ് ഈ വിധി വന്നിരിക്കുന്നത്. ആയിരത്തില്‍ പരം പേജുകള്‍ വരുന്ന റിപോര്‍ട്ടില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) 2003ല്‍ നടത്തിയ വിവാദ എക്സ്സ്കവേഷന്‍ റിപോര്‍ട്ട് വലിയ രീതിയില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിക്കല്‍ കേസിലെ പ്രതിയായ മുരളി മനോഹര്‍ ജോഷിയുടെ മന്ത്രാലയത്തിന്റെ കീഴിലാണ് എഎസ്ഐ ഇങ്ങിനെയൊരു പഠന റിപോര്‍ട്ട് തെയ്യാറാക്കിയത്. 2003 ജൂണില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന് ഘടകവിരുദ്ധമായി രാമജന്മഭൂമി വാദത്തിന് തെളിവുകള്‍ നല്‍കാന്‍ തെയ്യാറാക്കിയതു പോലെയാണ് ഫൈനല്‍ റിപോര്‍ട്ട് എഎസ്ഐ തയ്യാറാക്കിയതെന്ന് അന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീട് പല ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഈ റിപോര്‍ട്ടിന്റെ ശാസ്ത്രീയതയും സമഗ്രതയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം കോടതിക്കു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. എല്ലാം തൃണവത്ഗണിച്ചു കൊണ്ട് എഎസ്ഐ റിപോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി അയോധ്യയില്‍ അമ്പലമുണ്ടായിരുന്നുവെന്നും, അതിനാല്‍ പള്ളി പൊളിച്ചു മാറ്റിയ സ്ഥലം ഹിന്ദു സംഘടകള്‍ക്ക് വിട്ടുകൊടുക്കണമെന്നുമുള്ള ഈ വിധി ഇന്ത്യയുടെ (ലോകത്തിന്റെ തന്നെ) നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഒരു തീരാ കളങ്കമായിരിക്കുമെന്നതില്‍ ഒട്ടും സംശയമില്ല.
യാഥാര്‍ത്ഥ്യത്തിന്റേയും മിത്തിന്റേയും സീമകള്‍ പലയിടങ്ങളില്‍ ലംഘിക്കപ്പെട്ടു എന്നതും അങ്ങേയറ്റം ഉത്കണ്ഠാജനകമാണ്. ഇന്നലെ വരെ മിത്തിക്കല്‍ ഹീറോ ആയിരുന്ന രാമനെ കോടതി തന്നെ ചരിത്രപുരുഷനാക്കി മാറ്റിയിരിക്കുന്നു! അതായത്, സെക്യുലര്‍ ചരിത്ര രചന എന്ന ശാസ്ത്രീയധാരയെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് വര്‍ഗീയ ചരിത്രകാരന്മാര്‍ക്കും, അവരുടെ രാഷ്ട്രീയ പദ്ധതികള്‍ക്കും നിയമത്തിന്റെ പരിരക്ഷയും സാധൂകരണവും നല്‍കിയിരിക്കയാണ് ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍. രാമന്‍ ജീവിച്ചിരുന്നു എന്നതിനു പോലും യാതൊരു തെളിവുമില്ലാതിരിക്കെ തന്നെയാണ്, അദ്ദേഹം ജനിച്ച സ്ഥലം കൃത്യമായി ആദരണീയ കോടതി കണ്ടെത്തിയിരിക്കുന്നത്. ഹിന്ദു തീവ്രവാദികള്‍ പതിനെട്ടു വര്‍ഷം മുന്‍പ് പൊളിച്ചു നീക്കിയ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തു തന്നെയാണ് രാമന്‍ ജനിച്ചതെന്ന് കോടതി പറയുമ്പോള്‍, കത്തിവീഴുന്നത് പൂര്‍വ പിതാക്കന്മാര്‍ വിഭാവനം ചെയ്ത ആധുനിക ഇന്ത്യ എന്ന സങ്കല്പത്തിന്റെ കടയ്ക്കല്‍ തന്നെയാണ്.
ഈ വിധിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ വര്‍ഗീയശക്തികള്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. ‘മധുരാ, കാശി ബാക്കി ഹേ’ എന്നാണ് വര്‍ഗീയവാദികളുടെ മുദ്രാവാക്യം തന്നെ. വിധിയെ സ്വാഗതം ചെയ്ത ഹിന്ദു ഫാഷിസ്റ്റ് സംഘടനകളുടേയും കോണ്‍ഗ്രസിന്റേയും നിലപാടുകളും ആശങ്കാജനകമാണ്.
ഭരണകൂടവും പൊതുസമൂഹവും കൈവെടിയുമ്പോള്‍, നിയമം നീതിയുടെ കാവലാളാകുമെന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ അശരണരുടെ വിശ്വാസമാണ്. ഒരുപറ്റം തീവ്രവാദികള്‍ക്കൊപ്പം ഭരണകൂടം കൂടി കക്ഷി ചേര്‍ന്നാണ് 1992ല്‍ ബാബ്റി മസ്ജിദ് ആധുനിക ഇന്ത്യയുടെ മനസാക്ഷിയെ സാക്ഷിനിര്‍ത്തി നാം പൊളിച്ചു മാറ്റിയത്. പത്തുവര്‍ഷത്തിനു ശേഷം, അതേ ഭരണകൂടത്തെ കക്ഷി ചേര്‍ത്ത്, അതേ സമൂഹ മനസാക്ഷിയെ സാക്ഷി നിര്‍ത്തി ഗുജറാത്തില്‍ ഹിന്ദു തീവ്രവാദികള്‍ ഇരകളെ മൃഗങ്ങളെ പോലെ വേട്ടയാടി. എന്നിട്ടും നിയമത്തില്‍ വിശ്വാസമര്‍പ്പിക്കുകയേ ഈ രാജ്യത്തെ വംശനാശ ഭീഷണി നേരിടുന്ന മതേതരവാദികള്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ, അടുത്ത ദുരന്തത്തിന് പത്തു വര്‍ഷം പോലുമെടുത്തില്ല. നിയമം തന്നെ ഒറ്റുകാരന്റെ വേഷം കെട്ടുമ്പോള്‍ അശരണര്‍ ഇനി എവിടെ പോയി നീതി യാചിക്കും എന്നതാണ് ചോദ്യം. കോടതിക്ക് ഒരു സലാം പറഞ്ഞ് നമുക്കെല്ലാം ഇനി പുറകോട്ടു നടക്കാം.
http://dillipost.in/?p=2219
No comments:
Post a Comment