Thursday, September 30, 2010

അയോധ്യ: രാഷ്ട്രീയ ചതുരംഗത്തിലെ കരു . എം.കെ. അജിത്കുമാര്‍


Posted on: 30 Sep 2010






ചരിത്രത്തിലേക്ക് തിരികെനടക്കാന്‍ ആര്‍ക്കുമാവില്ല. തിരിഞ്ഞുനോക്കാനേ പറ്റൂ. ഓരോ തിരിഞ്ഞുനോട്ടവും നല്‍കുന്ന പാഠം മുന്നോട്ടുള്ള യാത്രയില്‍ വഴികാട്ടിയാവണം. വ്യക്തിജീവിതത്തിലെന്നപോലെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലും തിരിഞ്ഞുനോട്ടത്തിനും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ഏറെ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരികെപോവാനും ബോധപൂര്‍വമോ അല്ലാതെയോ ആരോ പണ്ടുചെയ്ത തെറ്റുകള്‍ ബലപ്രയോഗത്തിലൂടെ ഇപ്പോള്‍ തിരുത്താനും ശ്രമിക്കുന്നതിന് കൊടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കും-രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ വിശേഷിച്ചും.

അയോധ്യാ പ്രക്ഷോഭവും അതിന്റെ അന്ത്യത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതും നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെക്കുറിച്ച് ഓര്‍ക്കുന്നത് ആ ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കൂടിയാണെന്ന് അതിന്റെ തിക്തഫലം അനുഭവിച്ച ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടിയന്തരാവസ്ഥയും കഴിഞ്ഞ് ഒരു വ്യാഴവട്ടത്തിനുശേഷം-രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ്- രാജ്യത്തെ ഇളക്കിമറിച്ച അയോധ്യാ പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്നു അദ്വാനി. അദ്ദേഹത്തിന്റെ ആ വാക്കുകളുടെ വെളിച്ചത്തില്‍ തന്നെവേണം ഇപ്പോള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടത്-രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കത്തിന്റെ കാതലായ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ കോടതിയുടെ ആദ്യവിധിവരുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.

1992 ഡിസംബര്‍ ആറ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍ ഒന്നാണ്. അയോധ്യയില്‍ തടിച്ചുകൂടിയ കാര്‍സേവകര്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നു. തുടര്‍ന്ന് വ്യാപകമായുണ്ടായ കലാപത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

ഹിന്ദു-മുസ്‌ലിം ബന്ധത്തില്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത് രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് പ്രക്ഷോഭത്തിനുശേഷമാണ്. 1990-കളിലെ സംഭവങ്ങള്‍ക്കുശേഷം, വോട്ടവകാശമുള്ള പുതിയൊരു തലമുറതന്നെ വളര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഗ്രാമീണബന്ധത്തിന്റെ പൊട്ടിയ ഇഴകള്‍ പഴയതുപോലെ വിളക്കിച്ചേര്‍ക്കപ്പെട്ടിട്ടില്ല. മുറിവുകള്‍ ഇപ്പോഴും പൂര്‍ണമായും ഉണങ്ങിയെന്ന് പറയാനാവില്ല.

ഷാ ബാനു കേസും പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടവും




1980-കളില്‍ അയോധ്യാപ്രക്ഷോഭത്തിന് തുടക്കം കുറിച്ചതും മുന്നോട്ടുകൊണ്ടുപോയതും വിശ്വഹിന്ദു പരിഷത്ത് ആണെങ്കിലും അത് ദേശീയമുഖ്യധാരയില്‍ കൊണ്ടുവന്നത് ബി.ജെ.പി.യാണ്. 1983-ല്‍ വി.എച്ച്.പി.യും വിവിധ ഹൈന്ദവ വിഭാഗക്കാരും ചേര്‍ന്ന് ഏകാത്മകതാ യജ്ഞം സംഘടിപ്പിച്ചു. രാമജന്മഭൂമി മോചിപ്പിക്കാന്‍ സംന്യാസിമാരുടെ സമ്മേളനം ചേര്‍ന്നു. തര്‍ക്കഭൂമിയുടെ മോചനത്തിനായി 1984 ജൂലായ് 27 ന് രാമജന്മഭൂമി മുക്തി യജ്ഞസമിതി രൂപവത്കരിച്ചു. ഒക്ടോബറില്‍ അയോധ്യ മുതല്‍ ലഖ്‌നൗ വരെയും പിന്നീട് യു.പി.യിലെ പ്രധാന പട്ടണങ്ങളിലും ശ്രീരാമ-സീതാ രഥയാത്ര നടത്തി. യാത്ര ഡല്‍ഹിയിലെത്തിയെങ്കിലും നവംബര്‍ രണ്ടിന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹെന്ദവ സമ്മേളനം ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് റദ്ദാക്കി.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1986-ല്‍ കൈക്കൊണ്ട രണ്ടുനടപടികള്‍ തര്‍ക്കം കൂടുതല്‍ വഷളാക്കി. ഷാ ബാനു കേസും ബാബ്‌റി മസ്ജിദില്‍ പ്രതിഷ്ഠിച്ച ശ്രീരാമവിഗ്രഹത്തിന്റെ ദര്‍ശനം ഭക്തജനങ്ങള്‍ക്ക് അനുവദിച്ചതും ആയിരുന്നു അവ.
ഷാ ബാനു കേസില്‍ മുസ്‌ലിം മതമൗലികവാദികളുമായി അനുരഞ്ജനത്തിലെത്തിയ സര്‍ക്കാര്‍ ഒരേസമയം ഹിന്ദു തീവ്രവാദികളെ അനുനയിപ്പിക്കാനുള്ള വഴിയായി അയോധ്യാപ്രശ്‌നത്തെ കണ്ടു. തൊട്ടടുത്തവര്‍ഷം ദൂരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ച രാമായണം സീരിയില്‍ രാജ്യമൊട്ടുക്കും ഒരു തരംഗംതന്നെ ഉണ്ടാക്കി.

മറ്റ് ടെലിവിഷന്‍ ചാനലുകളോ കേബിള്‍ ടി.വി.യോ ഇല്ലാത്ത കാലമായിരുന്നു അത്. 1987 ജനവരിയില്‍ തുടങ്ങി എല്ലാ ഞായറാഴ്ചകളിലും സംപ്രേഷണം ചെയ്ത സീരിയല്‍ ഒന്നരക്കൊല്ലത്തോളം നീണ്ടു. പലരും കുളിച്ച് കുറിതൊട്ട് ഞായറാഴ്ച രാവിലെകളില്‍ രാമായണം സീരിയല്‍ ഭക്തിപൂര്‍വം ആസ്വദിച്ചു. അയോധ്യാ പ്രക്ഷോഭവുമായി നേരിട്ട് ബന്ധമില്ലെങ്കില്‍പ്പോലും ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ സീരിയല്‍ ചെലുത്തിയ സ്വാധീനം നിസ്സാരമല്ല. സീരിയലിലഭിനയിച്ച നായകരും നായികമാരും പിന്നീട് ബി.ജെ.പി. ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ജയിച്ചുവന്നത് സ്വാഭാവികം.

ബി.ജെ.പി.യുടെ രംഗപ്രവേശം, ശിലാന്യാസം


989 നവംബറിലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജൂണില്‍ ഹിമാചല്‍പ്രദേശിലെ പാലംപുറില്‍ ചേര്‍ന്ന ബി.ജെ.പി.യുടെ ദേശീയ നിര്‍വാഹകസമിതി അയോധ്യാപ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെയാണ് അതിന് പുതിയ മാനം കൈവന്നത്. 1989-നുശേഷം ഇന്നേവരെയുള്ള ബി.ജെ.പി.യുടെ വളര്‍ച്ച യഥാര്‍ഥത്തില്‍ രാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതേസമയം, ബി.ജെ.പി.യെ വര്‍ഗീയകക്ഷിയെന്ന് കുറ്റപ്പെടുത്തുന്ന മതേതര പാര്‍ട്ടികള്‍ എടുത്ത ചില തീരുമാനങ്ങളും അവരുമായി ഉണ്ടാക്കിയ രാഷ്ട്രീയസഖ്യങ്ങളും പ്രക്ഷോഭത്തിന് വളംവെച്ചുകൊടുക്കുകയും അവര്‍ക്ക് രാഷ്ട്രീയലാഭം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

1989 നവംബര്‍ മൂന്നാംവാരം സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വി.എച്ച്.പി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശിലകളുടെ പൂജകള്‍ രാജ്യമൊട്ടുക്കും തുടങ്ങിയിരുന്നു. വി.എച്ച്.പി. യുമായി സര്‍ക്കാര്‍ നടത്തിയ അണിയറചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഒടുവില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തര്‍ക്കഭൂമിയുടെ ഒരുഭാഗം തര്‍ക്കരഹിത ഭൂമിയായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ ഒമ്പതിന് വി.എച്ച്.പി. ശിലാന്യാസം നടത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങ്ങിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ശിലാന്യാസത്തെത്തുടര്‍ന്ന് പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. ബിഹാറിലെ ഭാഗല്‍പുറില്‍ വന്‍ ലഹളതന്നെ നടന്നു.

മണ്ഡല്‍ കമ്മീഷന്‍, രഥയാത്ര


1990 മുതലുള്ള മൂന്നുവര്‍ഷം 'മണ്ഡലിന്റെതും കമണ്ഡലു'വിന്റെതും ആയിരുന്നു. ബി.ജെ.പി. യുടെ വര്‍ഗീയനിലപാടുകള്‍ അറിയാതെയല്ല വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവരുടെ പിന്തുണ തേടിയത്. ദേശീയ മുന്നണിയെ നിലനിര്‍ത്താന്‍ ഇടതുപക്ഷം ബി.ജെ.പി. യുമായി സഹകരിച്ചതും അക്കാര്യം അറിയാതല്ല.

1990 ഫിബ്രവരി 14 ന് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് വി.എച്ച്.പി. പ്രഖ്യാപിച്ചു. പഞ്ചാബിലെയും ജമ്മു-കശ്മീരിലെയും സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി വി.പി. സിങ് ഒരുവിധം അവരെ അനുനയിപ്പിച്ചു. നിര്‍മാണം ജൂണ്‍ എട്ടിലേക്ക് മാറ്റി. അനുരഞ്ജനത്തിന്റെ സാധ്യതകളടഞ്ഞതോടെ ഹരിദ്വാറില്‍ സംന്യാസി സമ്മേളനം വിളിച്ചുചേര്‍ത്ത് ക്ഷേത്രനിര്‍മാണം ഒക്ടോബര്‍ 30 ന് തുടങ്ങുമെന്ന് അന്തിമമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും ജനതാദളിനകത്തെ തര്‍ക്കം മൂര്‍ച്ഛിച്ച് ഉപപ്രധാനമന്ത്രി ദേവീലാല്‍ വി.പി. സിങ്ങിനെതിരെ പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞിരുന്നു.

നവംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ പടുകൂറ്റന്‍ കര്‍ഷകറാലി അദ്ദേഹം സംഘടിപ്പിച്ചു. അതിനു രണ്ടുദിവസംമുമ്പാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടുകൊണ്ട്, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം വി.പി. സിങ് പ്രഖ്യാപിച്ചത്. ഒരുവെടിക്ക് രണ്ടുപക്ഷി. അതായിരുന്നു വി.പി. സിങ്ങിന്റെ തന്ത്രം. ഹൈന്ദവ ഏകീകരണത്തിനുള്ള ബി.ജെ.പി. യുടെ ശ്രമത്തെ അതിനുള്ളിലെ ജാതി വൈവിധ്യവും പിന്നാക്കാവസ്ഥയും എന്ന യാഥാര്‍ഥ്യംകൊണ്ടു അദ്ദേഹം നേരിട്ടു. പിന്നാക്ക ജാതികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഹിന്ദി മേഖലയില്‍ പ്രക്ഷോഭം ആരംഭിച്ചു.

ഹിന്ദു ഐക്യം തകര്‍ക്കാന്‍ വി.പി. സിങ് നടത്തിയ ശ്രമമായിട്ടാണ് സംഘ് പരിവാര്‍ മണ്ഡല്‍ കമ്മീഷനെ തുടക്കത്തില്‍ കണ്ടത്. മണ്ഡല്‍ വിഷയത്തില്‍ വ്യക്തമായൊരു നിലപാടെടുക്കാതെ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്താനുള്ള തീരുമാനം അദ്വാനി പ്രഖ്യാപിച്ചു. സപ്തംബര്‍ 25 ന് തുടങ്ങി ഒക്ടോബര്‍ 30 ന് അയോധ്യയില്‍ അവസാനിക്കുംവിധമാണ് യാത്ര പ്ലാന്‍ ചെയ്തത്. യാത്ര നിരോധിക്കാനും അദ്വാനിയെ അറസ്റ്റു ചെയ്യാനും വി.പി. സിങ്ങിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റുചെയ്യാന്‍ അദ്വാനി വി.പി. സിങ്ങിനെ വെല്ലുവിളിച്ചു. ഒരുവശത്ത് സംഘര്‍ഷവും മറുവശത്ത് സര്‍ക്കാറിന്റെ നിലനില്പിനെച്ചൊല്ലിയുള്ള ആശങ്കയും.

നാലാഴ്ച കഴിഞ്ഞ് രഥയാത്ര ബിഹാറിലെ സമസ്തിപുറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റുചെയ്തു. ഇതേത്തുടര്‍ന്ന് ദേശീയ മുന്നണി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചു. ശക്തമായ രാഷ്ട്രീയ-മത ദ്രുവീകരണമുണ്ടാക്കിയ രഥയാത്രയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 30 ന് കാര്‍സേവകര്‍ ബാബ്‌റി മസ്ജിദിലേക്ക് മാര്‍ച്ചുചെയ്തു. മുഖ്യമന്ത്രി മുലായം സിങ് യാദവ് ശക്തമായി അവരെ നേരിട്ടു. പോലീസ് വെടിവെപ്പില്‍ ഒട്ടേറെ കാര്‍സേവകര്‍ കൊല്ലപ്പെട്ടു. പിന്തുണ നഷ്ടപ്പെട്ടിട്ടും രാജിവെക്കാതെ പിടിച്ചുനിന്ന വി.പി. സിങ് തന്നെ ലോക്‌സഭയില്‍ വോട്ട് ചെയ്തു പുറത്താക്കാന്‍ വെല്ലുവിളിച്ചു. വിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ ബി.ജെ.പി.യോടൊപ്പം കോണ്‍ഗ്രസ്സും സിങ്ങിനെതിരെ വോട്ടു ചെയ്തു.

വി.പി. സിങ്ങിനുശേഷം കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ചന്ദ്രശേഖറുടെ മധ്യസ്ഥതയില്‍ വി.എച്ച്.പി. യും ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും അനുരഞ്ജന ചര്‍ച്ച നടത്തുകയും തെളിവുകള്‍ പരസ്​പരം കൈമാറുകയും ചെയ്തു. എങ്കിലും ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്. ചന്ദ്രശേഖര്‍ സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചശേഷം 1991-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 120 സീറ്റ് ലഭിച്ചു. ഇതോടൊപ്പം യു.പി., രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി. അധികാരത്തിലെത്തി. യു.പി.യില്‍ കല്യാണ്‍ സിങ് മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധിയുടെ വധത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്.

1992 ഡിസംബര്‍ ആറ്


989-ലെയും 91-ലെയും തിരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടവും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നരസിംഹറാവു സര്‍ക്കാറിന്റെ അസ്ഥിരതയും മനസ്സിലാക്കിയ ബി.ജെ.പി.യും കൂട്ടരും തുടക്കത്തില്‍തന്നെ അയോധ്യാപ്രശ്‌നം വീണ്ടും എടുത്തിട്ടു. നരസിംഹറാവു സര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകളൊന്നും ഫലിച്ചില്ല. പലതവണ മാറ്റിവെച്ചശേഷം ഒടുവില്‍ 1992 ഡിസംബറില്‍ കര്‍സേവ നടത്താന്‍ തീരുമാനിച്ചു. പതിനായിരക്കണക്കിന് കാര്‍സേവകര്‍ അയോധ്യയിലേക്ക് നീങ്ങി. വിഷയം സുപ്രീംകോടതിയിലും ദേശീയോദ്ഗ്രഥന സമിതിയിലും എത്തി. കാര്‍സേവ സമാധാനപരമായിരിക്കുമെന്ന് വി.എച്ച്.പി. കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതിക്കും ഉറപ്പു നല്‍കി. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ബാബ്‌റി മസ്ജിദിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരസിംഹറാവു രാജ്യത്തിന് ഉറപ്പുനല്‍കി. എന്നാല്‍ ആ ഉറപ്പുകളെല്ലാം ലംഘിക്കപ്പെടുന്നതാണ് ഡിസംബര്‍ ആറിന് അയോധ്യയില്‍ കണ്ടത്. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച പൂര്‍ണമായതോടെ കേന്ദ്രം പിരിച്ചുവിടുന്നതിനു മുമ്പുതന്നെ വൈകിട്ട് മുഖ്യമന്ത്രി കല്യാണ്‍സിങ് രാജിവെച്ചു. കേന്ദ്രം മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ബി.ജെ.പി. സര്‍ക്കാറുകളെ പിന്നീട് പിരിച്ചുവിട്ടു.

ഇനി ഒരു പ്രക്ഷോഭം ഉണ്ടാകുമോ?


ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം ഉത്തരേന്ത്യയുടെ വിവിധഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളുണ്ടായി. ലഹളയുടെ ഒരു പ്രധാനകേന്ദ്രം മുംബൈ ആയിരുന്നു. തര്‍ക്കപ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി. താത്കാലിക രാമക്ഷേത്രത്തിന്റെ സ്ഥാനത്ത് പൂര്‍ണമായ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് വി.എച്ച്.പി. ആവശ്യപ്പെടുന്നതെങ്കിലും ഇനി ഒരു പ്രക്ഷോഭത്തിന് സാധ്യത വളരെ കുറവാണ്. ഹൈന്ദവ ദ്രുവീകരണത്തിനുള്ള സാധ്യത ഇല്ലാതാക്കിക്കൊണ്ട് ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് യു.പി.യിലും ബിഹാറിലും ജാതി രാഷ്ട്രീയം പ്രബലമായിക്കഴിഞ്ഞു. വി.എച്ച്.പി.യുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഏതുനീക്കവും യു.പി.യില്‍ മായാവതി ശക്തമായി എതിര്‍ക്കും.

കേന്ദ്രത്തില്‍ വാജ്‌പേയിയുടെ കൂട്ടുമന്ത്രിസഭ അധികാരത്തിലിരുന്ന വര്‍ഷങ്ങളിലൊന്നും ശ്രീരാമക്ഷേത്രം നിര്‍മിക്കാന്‍ ഗൗരവമായ ശ്രമം നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 20 കൊല്ലത്തിനുശേഷം അയോധ്യ ഒരു വിഷയമല്ലാതായി മാറിക്കഴിഞ്ഞു. ഇന്നത്തെ ബി.ജെ.പി. നേതൃത്വത്തിന് അയോധ്യാപ്രശ്‌നത്തില്‍ വലിയ താത്പര്യവുമില്ല. അന്നു പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത അശോക് സിഘല്‍, ഗിരിരാജ് കിഷോര്‍, അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്കെല്ലാം പ്രായമായി. ഉമാഭാരതിയും കല്യാണ്‍ സിങ്ങും ഇപ്പോള്‍ ബി.ജെ.പി. യിലില്ല. കേന്ദ്രത്തിലും യു.പി. യിലും അനുകൂലമായ സര്‍ക്കാര്‍ ഉണ്ടെങ്കിലേ ഇനി വീണ്ടും അയോധ്യ ഒരുവിഷയമായി മാറ്റാന്‍ ബി.ജെ.പി. ശ്രമിക്കൂ എന്ന് വ്യക്തം. ഏതായാലും വെള്ളിയാഴ്ചത്തെ കോടതിവിധി അയോധ്യാപ്രശ്‌നത്തില്‍ പുതിയൊരു വഴിത്തിരിവാകും.


ഡിസംബര്‍ ആറ് മായാത്ത ഓര്‍മ



18 വര്‍ഷം മുന്‍പ് ഡിസംബര്‍ ആറിന് നടന്ന ആ സംഭവം മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ കാര്‍സേവകര്‍ രണ്ടുദിവസം മുന്‍പുതന്നെ അയോധ്യ കീഴടക്കിക്കഴിഞ്ഞിരുന്നു. പല വേഷത്തിലും ഭാവത്തിലുമുള്ളവര്‍. ഹനുമാന്റെ കോലം കെട്ടിയവര്‍ ഒട്ടേറെ. എങ്ങും 'ജയ് ശ്രീറാം' വിളികള്‍.

സ്വദേശികളും വിദേശികളുമായ മാധ്യമപ്രവര്‍ത്തകര്‍ നേരത്തേ തന്നെ ഫൈസാബാദില്‍ തമ്പടിച്ചിരുന്നു. ബാബ്‌റി മസ്ജിദ് ആക്രമിക്കപ്പെടില്ലെന്നും സമാധാനപരമായ പൂജ മാത്രമേ രാവിലെ നടത്തൂവെന്നുമാണ് സംഘാടകര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ആവേശഭരിതരായ കാര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുമെന്ന് തലേന്ന് രാത്രിതന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. കനത്ത പോലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസേനയെ വിന്യസിച്ചിരുന്നില്ല.

ഞാനുള്‍പ്പെടെയുള്ള മലയാളികളായ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ ഫൈസാബാദില്‍നിന്ന് പുലര്‍ച്ചെതന്നെ അയോധ്യയിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ ഒരു കാറിലാണ് യാത്ര തിരിച്ചത്. രാവിലെ ഏഴര-എട്ടുമണിവരെ ഭക്തരെ ഉള്ളിലേക്ക് കടത്തിവിട്ടിരുന്നു. സംഘാടകര്‍ നേരത്തേ നല്‍കിയ പാസും മറ്റും കൈയിലുള്ള ധൈര്യത്തില്‍ ബാബ്‌റി മസ്ജിദിനകത്തേക്ക് കയറാനെത്തിയ ഞങ്ങളെ പോലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് ഉള്ളിലേക്ക് കടത്തിവിട്ടു. ബാബ്‌റി മസ്ജിദിനുള്ളില്‍ ആ ദിവസം പ്രവേശിച്ച അവസാനസംഘം ഞങ്ങളുടേതായിരുന്നു. സംഭവങ്ങള്‍ വ്യക്തമായിക്കാണാന്‍വേണ്ടി നേരെ എതിരെയുള്ള മാനസ് ഭവന്റെ മുകളിലേക്ക് ഞങ്ങള്‍ നിലയുറപ്പിച്ചു. മാനസ് ഭവന്റെ വലതുഭാഗത്തെ ഒരുകെട്ടിടത്തില്‍ നിന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.

വി.എച്ച്.പി. നേരത്തേ പ്രഖ്യാപിച്ചതുപോലെ പതിനൊന്നുമണിക്ക് ആരംഭിച്ച പൂജയും കാര്യങ്ങളുമെല്ലാം സമാധാനപരമായി നടക്കുന്നുവെന്ന പ്രതീതിയാണ് ആദ്യം ഉണ്ടായത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍മാറി. കാര്‍സേവകര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്തു മുന്നേറുന്നതാണ് കണ്ടത്. ഉടനെ കല്ലേറും ആക്രമവും തുടങ്ങി. പോലീസ് നിസ്സഹായരായ അവസ്ഥ. അവിടെ ഉണ്ടായിരുന്ന സുരക്ഷാഭടന്‍മാര്‍ ജീവനുംകൊണ്ട് ഓടി.

അപ്പോഴേക്കും ബാബ്‌റി മസ്ജിദിന്റെ മറ്റുവശങ്ങളില്‍നിന്നും ആക്രമണം തുടങ്ങിയിരുന്നു. മസ്ജിദ് പൂര്‍ണമായും ആക്രമിക്കപ്പെട്ടു. പിറകുവശത്തുനിന്ന് മസ്ജിദിന്റെ താഴികക്കുടത്തിനുമേല്‍ കാര്‍സേവകര്‍ കയര്‍ എറിഞ്ഞുപിടിപ്പിച്ച് ഏന്തിവലിഞ്ഞു കയറുന്നതാണ് പിന്നെ കണ്ടത്. എങ്ങും 'ജയ് ശ്രീറാം' വിളികളും പൊടിപടലങ്ങളും. ബാബ്‌റി മസ്ജിദും പരിസരവും യുദ്ധക്കളമായി മാറി. ഏതാണ്ട് രണ്ടുമണിയോടെ മസ്ജിദിന്റെ ഒരു താഴികക്കുടം വീണു. ബാബറി മസ്ജിദിലേക്കുള്ള പ്രധാനപാതയുടെ ഭാഗത്തായി ബി.ജെ.പി., വി.എച്ച്.പി. നേതാക്കള്‍ കാര്‍സേവകരെ അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ ബി.ജെ.പി. നേതാക്കള്‍ മുന്‍പന്തിയില്‍ തന്നെ ഇരുന്നു. ''ഒരു തള്ളുകൂടി കൊടുക്കൂ, ബാബ്‌റി മസ്ജിദ് തകര്‍ക്കൂ'' എന്ന് ഉമാഭാരതി വിളിച്ചുപറഞ്ഞത് അവിടെനിന്നാണ്. കാര്‍സേവകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്നുമാണ് പിന്നീട് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞത്. ബാബ്‌റി മസ്ജിദ് നിലനിന്നസ്ഥലത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ താത്കാലിക ശ്രീരാമക്ഷേത്രത്തിന്റെ ഷെഡ് ഉയര്‍ന്നു.

സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ നേരത്തേത്തന്നെ പരിപാടി തയ്യാറാക്കിയിരുന്നു. താഴെ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതുകണ്ടപ്പോഴേക്കും ഞങ്ങള്‍ മാനസ് ഭവനില്‍നിന്ന് ഇറങ്ങി. അതിനിടയില്‍ ചില അക്രമികള്‍ മാനസ്ഭവനിലും എത്തി. ഒന്നാം നിലയിലുള്ള ഒരുമുറിയില്‍ കുറേ പത്രലേഖകര്‍ കുറച്ചുനേരം തങ്ങി. രണ്ടും കല്പിച്ച് പുറത്തിറങ്ങാന്‍ തന്നെ ഞങ്ങള്‍ ഏതാനുംപേര്‍ തീരുമാനിച്ചു. പേനയും പേപ്പര്‍പാഡും ഒളിച്ചുവെച്ച് എല്ലാവരും പുറത്തേക്ക് നടന്നു.
ഏറെദൂരം നടന്ന് ഞങ്ങളുടെ കാറില്‍ കയറിയപ്പോഴാണ് ജീവന്‍ വീണ്ടുകിട്ടിയത്. പതുക്കെ നീങ്ങിയ ഞങ്ങളുടെ കാര്‍ പല സ്ഥലത്തും തടയപ്പെട്ടു. ഊടുവഴികളിലൂടെയും മറ്റും സഞ്ചരിക്കേണ്ടിവന്നു ഒടുവില്‍ അവിടെ നിന്ന് പോരാന്‍ .
 
http://www.mathrubhumi.com/story.php?id=129346

No comments:

Post a Comment