Thursday, September 22, 2011

ചിദംബരത്തെ പുറത്താക്കണം; സിബിഐ അന്വേഷിക്കണം



2ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള പുതിയ രേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം രാജിവയ്ക്കേണ്ടതാണ്; ഒപ്പം സിബിഐ അന്വേഷണപരിധിയില്‍ ചിദംബരത്തിന്റെ പങ്കുകൂടി ഉള്‍പ്പെടുത്തണം. 1,76,643 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിനുണ്ടാക്കിയതും ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലുതുമായ ഈ മഹാകുംഭകോണത്തിന്റെ ഉത്തരവാദികളും ഗുണഭോക്താക്കളും ഒരു പ്രാദേശികപാര്‍ടിയുടെ മൂന്നാംനിര നേതാക്കന്മാരും കുറെ ഉദ്യോഗസ്ഥന്മാരും മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് യുപിഎ രാഷ്ട്രീയ നേതൃത്വം കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ പങ്ക് വെളിപ്പെട്ടത്; സംശയത്തിന്റെ സൂചി പ്രധാനമന്ത്രിയിലേക്കുകൂടി തിരിഞ്ഞത്. ഇടപാടില്‍ ക്രമക്കേടോ അഴിമതിയോ ഇല്ല എന്ന് വാദിച്ചിരുന്ന യുപിഎ നേതൃത്വം പ്രശ്നം കോടതി ഏറ്റെടുത്ത ഘട്ടത്തില്‍ മാത്രമാണ് നിസ്സഹായമായത്.

നിരവധിപേര്‍ ജയിലിലാവുന്ന അവസ്ഥയുണ്ടായപ്പോള്‍ , തങ്ങള്‍ക്ക് പങ്കില്ല എന്ന പ്രതീതി ജനിപ്പിക്കാനാണ് ചിദംബരവും ഡോ. മന്‍മോഹന്‍സിങ്ങും ശ്രമിച്ചത്. എന്നാല്‍ , ആ കള്ളം പൊളിയുകയാണ്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെ കേന്ദ്ര ധനകാര്യമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിലേക്കയച്ച കുറിപ്പ് നിസ്സാരവിലയ്ക്ക് സ്പെക്ട്രം ലൈസന്‍സുകള്‍ വിറ്റഴിക്കാന്‍ ചിദംബരം വഹിച്ച പങ്ക് മറനീക്കിക്കാട്ടുന്നു. ലേലത്തിലൂടെയല്ലാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമപ്രകാരം സ്പെക്ട്രം ലൈസന്‍സ് വില്‍ക്കുന്ന നടപടി അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം തടയാതിരുന്നതിലെ ദുരൂഹത ഈ രേഖയില്‍നിന്ന് വെളിവാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സ്പെക്ട്രം ലൈസന്‍സ് വില്‍പ്പനയുടെ അതേ നിരക്കില്‍തന്നെ മതി പുതിയ വില്‍പ്പനയും എന്ന് നിശ്ചയിച്ചത് ചിദംബരത്തിന്റെകൂടി പങ്കാളിത്തത്തോടെയാണ്. അത് ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നത് ചൂണ്ടിക്കാട്ടി എതിര്‍ക്കാന്‍ ചുമതലയുള്ള ചിദംബരം എന്തുകൊണ്ട് കമ്പനികള്‍ക്ക് ചുളുവിലയ്ക്ക് ലൈസന്‍സ് കരസ്ഥമാക്കുന്നതിന് അരങ്ങൊരുക്കിക്കൊടുത്തു? പരസ്യങ്ങളിലൂടെ പ്രഖ്യാപിച്ച അവസാന തീയതിക്ക് വളരെ മുമ്പ്, ഇഷ്ടക്കാരായ കമ്പനിയുടമകളുടെ അപേക്ഷകള്‍ മാത്രം സ്വീകരിച്ച് അപേക്ഷ വാങ്ങല്‍ നിര്‍ത്തിയതെന്തുകൊണ്ട്? ഇത് അറിഞ്ഞിട്ടും ചിദംബരം തടയാതിരുന്നതെന്തുകൊണ്ട്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന രേഖ. കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി രേഖാമൂലംതന്നെ മറ്റൊരു മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കൂട്ടുത്തരവാദിത്തത്തിന്റെ തകര്‍ച്ചയ്ക്ക് ഇതിനേക്കാള്‍ വലിയ തെളിവു വേണ്ട. ഒരേ മന്ത്രിസഭയില്‍ പ്രണബ് മുഖര്‍ജിയും ചിദംബരവും തുടരുന്നതിന് ഇനി എന്ത് രാഷ്ട്രീയ ന്യായീകരണമാണുള്ളത്? 2011 മാര്‍ച്ച് 25നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രണബ് മുഖര്‍ജിയുടെ കുറിപ്പ് കിട്ടുന്നത്. ധനമന്ത്രി വായിച്ച് അംഗീകരിച്ചത് എന്ന ആമുഖത്തോടെ തുടങ്ങുന്ന പതിനൊന്നുപേജുള്ള കുറിപ്പ് ധനകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പി ജി എസ് റാവു പ്രധാനമന്ത്രി കാര്യാലയത്തിലെ ജോയിന്റ് സെക്രട്ടറി വിനി മഹാജനാണ് കൈമാറിയത്. അത് കഴിഞ്ഞ് ആറുമാസമാകുന്നു. പ്രധാനമന്ത്രി എന്തുകൊണ്ട് ഇതിന്മേല്‍ ഒരു നടപടിയുമെടുക്കാതെ നിശബ്ദത പാലിച്ചു? ഉത്തരം കിട്ടേണ്ട പ്രസക്തമായ ചോദ്യമാണിത്. കാലാനുസൃതമായി സ്പെക്ട്രം ലൈസന്‍സിന്റെ വില ഉയര്‍ത്തരുത് എന്ന കാര്യത്തില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയും ധനമന്ത്രിയായിരുന്ന ചിദംബരവും അഭിപ്രായസമന്വയത്തിലെത്തിയിരുന്നുവെന്നാണ് കുറിപ്പില്‍നിന്ന് വ്യക്തമാവുന്നത്.


1,76,643 കോടി രൂപ ഖജനാവിന് നഷ്ടമാക്കിയ നിര്‍ണായക തീരുമാനം ഈ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്നിരിക്കെ എ രാജ ജയിലിലായ കേസില്‍ രാജയെ പ്രതിയാക്കിയ അതേ തീരുമാനത്തില്‍ പങ്കാളിയായ ചിദംബരം എങ്ങനെ മന്ത്രിസഭയില്‍ തുടരും? രാജയുടെ വഴിതന്നെ ചിദംബരത്തിന്റെ മുമ്പിലും തുറക്കപ്പെടേണ്ടതാണ് എന്നത് നീതിനിര്‍വഹണത്തില്‍ പുലരേണ്ട തുല്യതാ സങ്കല്‍പ്പം നിഷ്കര്‍ഷിക്കുന്നു. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന് പറയുന്നതിന് പ്രണബ് മുഖര്‍ജിയുടെ കുറിപ്പു മാത്രമല്ല അടിസ്ഥാനമാകുന്നത്. ചിദംബരം എല്ലാ തീരുമാനത്തിന്റെയും കൂട്ടുപങ്കാളിയായിരുന്നുവെന്ന് എ രാജ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രമന്ത്രിസഭയ്ക്കാണെന്ന് കോടതി മുമ്പാകെ മൊഴിനല്‍കിയ മുന്‍ ടെലികോം സെക്രട്ടറിയും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നയാളുമായ സിദ്ധാര്‍ഥ ബഹുറ ചിദംബരത്തിന്റെ "റോള്‍" എടുത്തുപറഞ്ഞിട്ടുണ്ട്. അന്നത്തെ ധനമന്ത്രാലയം വളരെ പെട്ടെന്ന് നിലപാട് തിരുത്തി പച്ചക്കൊടി കാട്ടിയത് ചിദംബരത്തിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്ന സൂചനയാണ് സിദ്ധാര്‍ഥ ബഹുറ നല്‍കുന്നത്. നയപരമായ തീരുമാനം മന്ത്രിമാര്‍ എടുത്തതാണെന്നും ആ തീരുമാനം നടപ്പാക്കുകമാത്രമാണ് ഉദ്യോഗസ്ഥനായ താന്‍ ചെയ്തതെന്നും ബഹുറ കോടതിയില്‍ പറഞ്ഞത് ചിദംബരത്തിന്റെ പങ്കിലേക്ക് വ്യക്തമായി വിരല്‍ചൂണ്ടുന്നു. 2007 ഡിസംബര്‍ 4ന് സ്പെക്ട്രം ലൈസന്‍സ് വിതരണത്തിന്റെ രീതി എന്താവണമെന്നത് ചര്‍ച്ചചെയ്തപ്പോള്‍ ധനസെക്രട്ടറിയായ സുബ്ബറാവുവിന്റെ നിര്‍ദേശം ചിദംബരമാണ് തള്ളിയതെന്ന് വ്യക്തമായിട്ടുണ്ട്. ലൈസന്‍സിന്റെ വിലനിരക്ക് പുതുക്കണമെന്ന നിര്‍ദേശമാണ് ചിദംബരം ഇടപെട്ട് പൊളിച്ചത്. ഖജനാവിന് വന്‍നഷ്ടമുണ്ടാക്കിയത് ആ വഴിക്കാണ്. സ്പെക്ട്രം ലൈസന്‍സ് നേടിയ സ്വാന്‍ എന്ന കമ്പനി എത്തിസലാത്തിനും യൂണിടെക് ടെലിനോറിനും ലൈസന്‍സ് മറിച്ചുവിറ്റു. വില്‍പ്പന ചിദംബരത്തിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ എന്ന നിലയില്‍ ഓഹരി കൈമാറുന്നതിനെ ലൈസന്‍സ് വില്‍പ്പനയായി കാണേണ്ടതില്ലെന്ന വാദംകൊണ്ട് ചിദംബരം ന്യായീകരിച്ചതായും വ്യക്തമായിട്ടുണ്ട്. ഇങ്ങനെ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ടായിട്ടും ചിദംബരത്തിനെതിരായി അന്വേഷണം വേണ്ടെന്ന നിലപാടാണ് സിബിഐയും കേന്ദ്രവും കൈക്കൊണ്ടത്. അന്വേഷിച്ചാല്‍ മന്‍മോഹന്‍സിങ് കൂടി പ്രതിക്കൂട്ടിലാവുമെന്ന ഭയമാണിതിനു പിന്നിലുള്ളത്. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചതിന് പിറ്റേന്നുതന്നെയാണ് പ്രണബ് മുഖര്‍ജിയുടെ കുറിപ്പ് പുറത്തുവന്നത്. പ്രതിപക്ഷത്തുനിന്നല്ല, സര്‍ക്കാരില്‍നിന്നുതന്നെ ചിദംബരത്തിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലെങ്കിലും സിബിഐ അന്വേഷണപരിധിയിലേക്ക് ചിദംബരത്തെ കൊണ്ടുവരണം; അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയും വേണം.

ദേശാഭിമാനി

No comments:

Post a Comment