Friday, September 16, 2011

പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണം



പെട്രോള്‍ വില ലിറ്ററിന് ശരാശരി 3.14 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അക്ഷരാര്‍ഥത്തില്‍ ജനങ്ങളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നികുതിയടക്കം 3.32 രൂപയാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാംതവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. 2010 ജൂണിലാണ് പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. വിലനിയന്ത്രണം ഒഴിവാക്കിയെങ്കിലും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണമെന്നായിരുന്നു ധാരണ. വിലനിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം കഴിഞ്ഞ 15 മാസത്തിനിടെ 11 തവണയാണ് പെട്രോളിന് വില വര്‍ധിപ്പിച്ചത്. മുമ്പൊക്കെ വിലവര്‍ധന ഒരു രൂപയോ അതില്‍താഴെയോ ആയിരുന്നു. 2010 ജൂണ്‍ 25ന് മൂന്നര രൂപ വര്‍ധിപ്പിച്ചു. സെപ്തംബര്‍ ഏഴിന് പത്തുപൈസ മാത്രമായിരുന്നു വര്‍ധന. 2011 മെയ് 14ന് അഞ്ചുരൂപ വര്‍ധിപ്പിച്ചു. ഇപ്പോള്‍ മൂന്നേകാല്‍ രൂപയും ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. 15 മാസത്തിനകം മൊത്തം വര്‍ധന 25 രൂപയില്‍ കൂടുതല്‍ . ജൂണ്‍ 25ന് ഡീസല്‍ വിലയും ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചു.

പാചകവാതകത്തിന്റെ വിലയിലും 50 രൂപ വര്‍ധനയുണ്ടായി. ഈ വിലവര്‍ധന ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നതനുസരിച്ച് പെട്രോള്‍വില വര്‍ധിക്കുമെന്നും കുറയുന്നതിനനുസരിച്ച് ആഭ്യന്തരവിപണിയില്‍ വില കുറയ്ക്കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ , അസംസ്കൃത എണ്ണയുടെ വില 86 ഡോളറായി കുറഞ്ഞിട്ടും ആഭ്യന്തരവിപണിയില്‍ വില കുറച്ചില്ല. രണ്ടാഴ്ചമുമ്പ് പെട്രോള്‍വില ഒന്നര രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ പെട്രോള്‍ വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് മൂന്നേകാല്‍ രൂപയോളം വര്‍ധിപ്പിച്ചത്. പെട്രോളിന്റെ വിലവര്‍ധനയില്‍ ഗണ്യമായ ഭാഗം കേന്ദ്ര-സംസ്ഥാന നികുതിയാണ്. നികുതിയില്‍ സിംഹഭാഗവും കേന്ദ്രസര്‍ക്കാരാണ് കൈക്കലാക്കുന്നത്. നികുതി ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞതവണ നികുതി വേണ്ടെന്ന് തീരുമാനിച്ചു. ഇത്തവണ വില വര്‍ധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് പ്രതികരണമൊന്നും ഉണ്ടായതായി കാണുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 111 ഡോളറാണെന്നാണ് സ്വകാര്യ എണ്ണക്കമ്പനിക്കാര്‍ പറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മുഖ്യമായും ഡീസലാണ് വില്‍പ്പന നടത്തുന്നത്. ഈ കമ്പനികള്‍ക്ക് 2450 കോടി രൂപ നഷ്ടമുള്ളതായി പറയുന്നുണ്ട്. ഇത്തരം നഷ്ടത്തിന്റെ കണക്കുകളൊന്നും ശരിയല്ല. കമ്പനികളുടെ ലാഭനഷ്ടക്കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് മനസിലാകും. നഷ്ടത്തിന്റെ കണക്ക് ജനങ്ങളെ വഞ്ചിക്കാന്‍ കെട്ടിച്ചമച്ചതാണെന്ന ആക്ഷേപം മുമ്പുതന്നെ ഉയര്‍ന്നുവന്നതാണ്. ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത് രൂപയുടെ മൂല്യശോഷണമാണ്. രൂപയുടെ മൂല്യശോഷണം ഒരു താല്‍ക്കാലിക പ്രതിഭാസംമാത്രമാണെന്ന് കഴിഞ്ഞകാല അനുഭവം വ്യക്തമാക്കുന്നുണ്ട്.

യഥാര്‍ഥത്തില്‍ പെട്രോളിന്റെ വില വര്‍ധിപ്പിക്കാന്‍ ഒരു പുതിയ കാരണം കണ്ടെത്തുകയാണ് സ്വകാര്യ എണ്ണക്കമ്പനികള്‍ ചെയ്തിരിക്കുന്നത്. ഒരു പരിശോധനയുമില്ലാതെ, ചര്‍ച്ചയില്ലാതെ തോന്നുമ്പോള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കാന്‍ സ്വകാര്യ കോര്‍പറേറ്റ് മാനേജ്മെന്റുകളെ അനുവദിച്ചിരിക്കുകയാണ്. റിലയന്‍സ് കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരം കമ്പനികള്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . നരസിംഹറാവുവിന്റെ സര്‍ക്കാരിന് പിന്തുണ ലഭിക്കാന്‍}ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ എംപിമാര്‍ക്ക് പണം നല്‍കിയതായി അന്നുതന്നെ വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ അത് പരസ്യമായിത്തന്നെ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിരിക്കുന്നു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പണം നല്‍കിയത് സത്യമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. അന്ന് അതിന് ഒത്താശചെയ്ത സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് അറസ്റ്റിലായി. ഇപ്പോള്‍ താല്‍ക്കാലിക ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. എംപിമാര്‍ക്ക് പണം നല്‍കി കൂറുമാറ്റുന്നതിനെതിരെയുള്ള സിബിഐ അന്വേഷണം മൂന്നു വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. സുപ്രീംകോടതി ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതും അമര്‍സിങ്ങും മറ്റുചിലരും അറസ്റ്റിലായതും. കൂറുമാറാന്‍ എംപിമാര്‍ക്കും വോട്ടുചെയ്യാന്‍ സമ്മതിദായകര്‍ക്കും തങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്ത തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും (പെയ്ഡ് ന്യൂസ്) നല്‍കാന്‍ കോണ്‍ഗ്രസിന് ഇത്രയധികം പണം എവിടെനിന്ന് കിട്ടുന്നുവെന്ന ചോദ്യം പ്രസക്തമാണ്. അധികാരം ഉറപ്പിക്കാന്‍ പണം നല്‍കുകയും അധികാരം ലഭിച്ചാല്‍ കുത്തകക്കാരില്‍നിന്ന് ശതകോടികള്‍ കോഴയായി വാങ്ങുകയുംചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടാന്‍ ഒരു വൈമനസ്യവും ഉണ്ടായില്ല. പെട്രോളിന്റെ വില വര്‍ധിപ്പിച്ചതിന് ഒരു ന്യായീകരണവുമില്ല. വില കുറയ്ക്കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ പരിശോധിക്കാന്‍ പോലും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് പണപ്പെരുപ്പം 9.78 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പറയുന്നത് ചീത്തയായ വാര്‍ത്ത എന്നുമാത്രമാണ്.

പണപ്പെരുപ്പം രണ്ടക്കസംഖ്യയിലെത്താന്‍ ഇനി താമസമില്ല. നിത്യോപയോഗവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. രൂപയുടെ മൂല്യം ശോഷിച്ചു. വ്യാവസായിക ഉല്‍പ്പാദനം 3.3 ശതമാനമായി കുറഞ്ഞു. എല്ലാ മേഖലയിലും തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്. ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളോടൊപ്പം കുതിച്ചുമുന്നേറുന്നു എന്നുപറയുന്ന ഇന്ത്യയുടെ നില ഇതാണ്. രണ്ടാം യുപിഎ സര്‍ക്കാരിന് അഴിമതി നടത്തി ധനം സമ്പാദിക്കാനല്ലാതെ മറ്റൊന്നിനും സമയമില്ല. ഈ ദുഃസ്ഥിതിക്ക് പരിഹാരംകണ്ടേ മതിയാകൂ. പെട്രോളിന്റെ വിലവര്‍ധന ഉടന്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം അഴിമതിവിരുദ്ധ സമരംപോലുള്ള ബഹുജനമുന്നേറ്റം ഉയര്‍ന്നുവരണം. വിലവര്‍ധന നടപ്പാക്കിയ ഉടന്‍തന്നെ വിവിധ വിഭാഗം ജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങള്‍ ലാത്തിയും തോക്കും ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന ധാരണ ആര്‍ക്കും വേണ്ട.

ദേശാഭിമാനി മുഖപ്രസംഗം

No comments:

Post a Comment