Thursday, September 15, 2011

My Photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. മുന്‍ ധനകാര്യമന്ത്രി (2006-2011).
വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...
സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി അഴിമതി ഉയര്‍ന്നു വന്നിരിക്കുകയാണ്. അണ്ണാ ഹസാരെയുടെ സമരം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇനിയും തുടരുമെന്നു തീര്‍ച്ചയാണ്. പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അഴിമതി സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിസ്ഥാനത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്. ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ പ്രതിപ്പട്ടികയിലെങ്ങുമില്ല. ഈ മൂവരുടെയും അഴിമതി മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കു നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തിലെ ഈ പ്രതിഭാസത്തെക്കുറിച്ച് സാമാന്യം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അഴിമതി പര്‍വം എന്ന പേരില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് ഞാന്‍. ഈ ഗ്രന്ഥം തീരുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുത്തേയ്ക്കാം. ഓരോ അധ്യായവും തീരുന്ന മുറയ്ക്ക് ബ്ലോഗില്‍ അപ്‍ലോഡു ചെയ്യും. ആമുഖവും ഉപസംഹാരവും മാത്രമാണ് സൈദ്ധാന്തികമായ വിശകലനത്തില്‍ ഊന്നുന്നത്. ബാക്കിയെല്ലാ അധ്യായങ്ങളും അഴിമതികളെക്കുറിച്ചുളള ഉദാഹരണ പഠനങ്ങളാണ്. ഇവയില്‍ പലതിനെക്കുറിച്ചും നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും കൂടുതല്‍ ആഴത്തില്‍ അറിവുണ്ടാകും.

നിങ്ങളുടെ കമന്‍റുകള്‍, തിരുത്തലുകള്‍, നുറുങ്ങു കഥകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഇവയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗ്രന്ഥത്തിന് അവസാനരൂപം നല്‍കുമ്പോള്‍ ഇവയില്‍ സ്വീകാര്യമായതെല്ലാം പൂര്‍ണ ക്രെഡിറ്റു നല്‍കിക്കൊണ്ട് ഉള്‍ക്കൊളളിക്കുന്നതാണ്. ഈ ഗ്രന്ഥം നമ്മുടെ ഒരു കൂട്ടായ പ്രവര്‍ത്തനമാകട്ടെ.

ആമുഖ അധ്യായം ഇവിടെ

Wednesday, September 14, 2011

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

അധ്യായം ഒന്ന്

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ടാം വയസില്‍ ഗൗതം അദാനി ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയത്. കൈയിലുണ്ടായിരുന്നത് ഏതാനും നൂറു രൂപാ നോട്ടുകള്‍. മഹീന്ദ്രാ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ വജ്രം ഇനം തിരിയ്ക്കുന്ന തൊഴിലാളിയായി തുടങ്ങിയ അദാനിയ്ക്ക് ഇപ്പോള്‍ വയസ് 49. ഇതിനിടെ കൈക്കലാക്കിയത് അമ്പതിനായിരം കോടി രൂപയുടെ സ്വത്ത്. വെറും 31 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ആറാമനായി വളര്‍ന്നു, ഈ കേമന്‍. തലമുറകളായി ശതകോടീശ്വരപദവിയില്‍ വിഹരിക്കുന്ന ബിര്‍ലാ കുടുംബം പോലും ഇന്ന് അദാനിക്ക് കാതങ്ങള്‍ പിന്നിലാണ്. ഒറ്റവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ സ്വത്ത് സ്വരുക്കൂട്ടിയ ബിസിനസുകാരന്‍ എന്ന ബഹുമതി 2011ല്‍ അദാനിയ്ക്കായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് അദാനി സമ്പത്ത് ഇരട്ടിയാക്കി പെരുപ്പിച്ചപ്പോള്‍ അസിം പ്രേംജി (വിപ്രോ), രാഹുല്‍ ബജാജ് (ബജാജ്) സുനില്‍ മിത്തല്‍ (ഭാരതി എയര്‍ടെല്‍) തുടങ്ങിയ വമ്പന്മാരാണ് പുറകിലായത്.
 

ഈ അത്ഭുത വളര്‍ച്ചയുടെ അമ്പരപ്പു മുഴുവന്‍ രണ്ടുവരി കണക്കില്‍ അടക്കം ചെയ്യാം. 2008 ഡിസംബര്‍ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുളള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപ. 2009 ഡിസംബര്‍ 31 ആയപ്പോഴേയ്ക്കും ഈ സ്വത്തിന്റെ മൂല്യം പെരുകിക്കയറിയത് 46,605 കോടിയിലേയ്ക്കാണ്. വളര്‍ച്ചയ്ക്കുളള ഊര്‍ജം മുഴുവന്‍ ഗൗതം അബാനി വലിച്ചെടുത്തത് സാക്ഷാല്‍ നരേന്ദ്രമോഡിയുമായുളള സൗഹൃദത്തില്‍ നിന്നാണ്. സര്‍വശക്തനായ ഈ ബിജെപി മുഖ്യമന്ത്രിയുമായുളള ചങ്ങാത്തമാണ് എണ്‍പതുകളില്‍ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ സമ്പത്തിന്റെ ഗോപുരമുകളിലെത്തിച്ചത്. 

ഗൗതം അദാനി വളര്‍ന്നു പടര്‍ന്നതെങ്ങനെ?
1988ല്‍ അഞ്ചു ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കം. ഇന്ന് അദാനി സാമ്രാജ്യത്തിന്റെ പതാകയാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 260 ബില്യണ്‍ രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമ, ഏറ്റവും വലിയ ബഹുമുഖ സെസിന്റെ സംരംഭകന്‍ എന്നിവ അദാനി കൈക്കലാക്കിയ ബഹുമതികളില്‍ ചിലതു മാത്രമാണ്. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ആഗോള വ്യാപാരം, എണ്ണയും പ്രകൃതി വാതകവും, ഖനനം, വൈദ്യുതി, തുടങ്ങി നിക്ഷേപിക്കുന്ന പണം പലമടങ്ങു പെരുക്കുന്ന ഏതാണ്ട് എല്ലാ മേഖലയിലും അദാനിയുടെ സാന്നിദ്ധ്യമുണ്ട്.


ഉദാരവത്കൃത ഇന്ത്യയുടെ ഉല്‍പന്നമാണ് ഈ ശതകോടീശ്വരന്‍. 1991ല്‍ മന്‍മോഹന്‍ സിംഗ് വീശിയ ഉദാരവത്കരണത്തിന്റെ മാന്ത്രിക വടിയാണ് ഗൗതം അദാനിമാരെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ അതിനും മൂന്നു വര്‍ഷം മുമ്പ് 1988ല്‍ അദാനി എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്‌സ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ പിവിസി ഇറക്കുമതി ചെയ്യുമ്പോള്‍ അദാനി സാക്ഷാല്‍ റിലയന്‍സിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുളള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.
 

ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ കാലത്താണ് മുണ്ഡ്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25000 ഏക്കര്‍ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവര്‍ഷത്തിനുളളില്‍ നൂറു മടങ്ങിന്റെ മൂല്യവര്‍ദ്ധന.
 

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുളള വഴിയും അദാനി സ്വയം വെട്ടി. തുറമുഖത്തിലേയ്ക്കുളള ഗതാഗതസൗകര്യം സര്‍ക്കാര്‍ ഏറ്റിരുന്നതാണെങ്കിലും പണി വൈകി. 250 കോടി ചെലവില്‍ 64 കിലോ മീറ്റര്‍ റെയില്‍പാത സ്വയം നിര്‍മ്മിച്ചുകൊണ്ട് അദാനി സര്‍ക്കാരിനെ 'സഹായിച്ചു'. സര്‍ക്കാര്‍ ദൈവമൊന്നുമല്ലെന്നും കഴിയുന്നതെല്ലാം സ്വന്തമായി ചെയ്യുക എന്നതാണ് തന്റെ സിദ്ധാന്തമെന്നും ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ അദാനി വ്യക്തമാക്കി.

അതുകൊണ്ടാണ് 4000 കിലോമീറ്റര്‍ അകലെയുളള ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കല്‍ക്കരി കൊണ്ടുവരാന്‍ അദ്ദേഹം നിശ്ചയിച്ചത്. ഇന്ത്യന്‍ റെയില്‍വെ വഴി 1000 മീറ്റര്‍ കല്‍ക്കരി കടത്തുന്നതിനെക്കാള്‍ ചെലവു കുറവ് അതിനാണെന്ന് ബുദ്ധിമാനായ അദാനി തിരിച്ചറിഞ്ഞു. ഇന്തോനേഷ്യയില്‍ ഒരു കല്‍ക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ട്രയില്‍ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തില്‍ സ്ഥാപിച്ചു. മുണ്ട്ര തുറമുഖം റെയില്‍വേയില്‍ നിന്ന് 40 മൈല്‍ അകലെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യറെയില്‍വേയും അദാനി സ്ഥാപിച്ചു.
ഇന്ത്യയില്‍ തന്ത്രപരമായ സ്ഥാനങ്ങളില്‍ വൈദ്യുതി നിലയങ്ങള്‍ അതിവേഗതയില്‍ സ്ഥാപിക്കുകയാണ് അദാനി. ഇന്തോനേഷ്യയിലെ ഖനി കൂടാതെ ആസ്‌ട്രേലിയയിലെ ഒരു കല്‍ക്കരി ഖനി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തു. 9000 കോടി രൂപയുടെ മുടക്കുമുതല്‍.


ഒമ്പതുമാസത്തിനിടെ വിദേശത്ത് അദാനി ഗ്രൂപ്പ് നടത്തിയ മൂന്നാമത്തെ വന്‍കിട സംരംഭമാണിത്. ആസ്‌ട്രേലിയയിലെ തന്നെ ലിങ്ക് എനര്‍ജിയുടെ കല്‍ക്കരി ഖനി 12,600 കോടി രൂപയ്ക്ക് 2010 ആഗസ്റ്റില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 165 കോടി ഡോളറിന് ഇന്തോനേഷ്യയിലെ വിദേശത്തെ മൂന്നാമത്തെ സംരംഭമാണിത്. കല്‍ക്കരിക്ക് സ്വന്തം ഖനികള്‍, ചരക്കുകടത്തിന് സ്വന്തം കപ്പലും തുറമുഖവും റെയില്‍വേയും, വൈദ്യുതി യന്ത്രങ്ങള്‍ക്ക് മുണ്ട്ര സെസില്‍ ഫാക്ടറികള്‍, എല്ലാം ഒത്തുചേരുന്ന അദാനി ഇന്ത്യയിലെ ഏറ്റവും ഉദ്ഗ്രഥിത വൈദ്യുതി കമ്പനിയാണ്.
ഇതിനുളള പണമെല്ലാം അദാനിയുടെ പൂര്‍വികരോ അദ്ദേഹം തന്നെയോ സമ്പാദിച്ചതല്ല. 25000 ഏക്കറിന്റെ തുറമുഖവും സെസ് പദവിയും കാണിച്ചാല്‍ എവിടെ നിന്നാണ് വായ്പ കിട്ടാന്‍ പ്രയാസം? പോരാത്തതിന് മോഡിയുടെ പിന്തുണയും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലേയ്ക്ക് മോഡി ഇന്ത്യയിലെ ശതകോടീശ്വരന്മാരെയെല്ലാം ക്ഷണിച്ചു. അംബാനിമാരും ടാറ്റമാരുമെല്ലാം എത്തിച്ചേര്‍ന്നു. പക്ഷേ, മോഡിയുടെ ഏറ്റവും അടുത്ത് ഇരിപ്പടം ലഭിച്ചത് അദാനിയ്ക്കായിരുന്നു. ഗുജറാത്തില്‍ നടത്താന്‍ പോകുന്ന ഏതാണ്ട് 90,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി അവിടെ വെച്ച് പ്രഖ്യാപിച്ചു. കോടീശ്വരന്മാരും മോഡിയും തമ്മിലുളള വിശേഷബന്ധത്തിന്റെ പ്രഖ്യാപനമായി മാറി ഈ ഉന്നതതല സമ്മേളനം.
അദാനിയുടെ നിശിത വിമര്‍ശകനാണ് കച്ചിലെ റാപ്പാര്‍ കോണ്‍ഗ്രസ് എംഎല്‍എയായ ബാബു മേഘ്ജി ഷാ. അദ്ദേഹം ചോദിക്കുന്നു, ''ആരാണ് അയാളെ പണക്കാരനാക്കിയത്? ഗുജറാത്ത് സര്‍ക്കാരാണ് അദാനിയെ പണക്കാരനാക്കിയത്''. നാമമാത്ര നഷ്ടപരിഹാരം മാത്രം കിട്ടിയ കൃഷിക്കാര്‍, തുറമുഖം വന്നതോടെ മത്സ്യവിഭവശോഷണത്തില്‍ വലയുന്ന മത്സ്യത്തൊഴിലാളികള്‍ എന്നിവരൊക്കെ എംഎല്‍എയുടെ കൂടെയാണ്. പക്ഷേ, അദാനിയ്‌ക്കൊരു കുലുക്കവുമില്ല. ''സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ പിന്തുണയും അനുഗ്രഹവുമില്ലാതെ ഒരുവലിയ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കാനാവില്ല. മുഖ്യമന്ത്രി ആരായാലും അദ്ദേഹവുമായി യോജിച്ചു പ്രവര്‍ത്തിച്ചേ പറ്റൂ'' എന്നാണ് അദാനിയുടെ ന്യായം.
രണ്ടു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ആറാമത്തെ ശതകോടീശ്വരനായി വളര്‍ന്ന അദാനിയുടെ ജീവിതകഥയുടെ രത്‌നച്ചുരുക്കമാണിത്. ശതകോടീശ്വരപ്പട്ടികയിലെ എട്ടാം സ്ഥാനക്കാരനായ ഭാരതി ടെലിക്കോമിനെക്കുറിച്ചോ ഒമ്പതാം സ്ഥാനക്കാരനായ അനില്‍ അഗര്‍വാളിന്റെ വേദാന്തയെക്കുറിച്ചോ ജെറ്റ് എയര്‍വെയ്‌സിനെക്കുറിച്ചോ ഇന്‍ഫോസിസിനെ കുറിച്ചോ എന്തിന് വിപ്രോയെക്കുറിച്ചു പോലുമോ ഉദാരവത്കരണകാലത്തിനു മുമ്പ് ആരും കേട്ടിരുന്നില്ല. ഇവരെല്ലാവരും അദാനിയുടെ മാര്‍ഗത്തിലൂടെയാണ് വളര്‍ന്നത് എന്നല്ല പറയുന്നത്. ഇന്‍ഫോസിസ്, ജെറ്റ് എയര്‍വെയ്‌സ്, ഭാരതി തുടങ്ങിയവയെല്ലാം പുതിയ കാലഘട്ടത്തില്‍ അതിവേഗം വളര്‍ന്ന വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. അങ്ങനെ ഇന്ത്യയിന്ന് അറിയപ്പെടുന്നത് ശതകോടീശ്വരന്മാരുടെ രാജ്യങ്ങളിലൊന്നായാണ്.
ശതകോടീശ്വരന്മാരുടെ ഭാരതം
2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് ഡോളറിലുളള കണക്ക്. രൂപയിലാക്കുമ്പോള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അയ്യായിരത്തിലേറെ കോടിയുടെ സ്വത്തെങ്കിലുമുണ്ടാകും. ഈ കുബേരന്മാരുടെ എണ്ണം 2009-ല്‍ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു, ശതകോടീശ്വരന്‍മാരുടെ സ്വത്ത്. 2005-ല്‍ അത് 4 ശതമാനമായും 2010-ല്‍ 31 ശതമാനമായും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം ഇന്ത്യയുടെ വരുമാനത്തിന്റെ 31 ശതമാനം 69പേരുടെ കയ്യിലാണെന്നല്ല. അവരുടെ സ്വത്ത് ദേശീയവരുമാനത്തിന്റെ 31 ശതമാനം വരുമെന്നാണ്. ദേശീയവരുമാനം വളരുന്നതിനെക്കാള്‍ വളരെ വേഗതയില്‍ അവരുടെ സ്വത്തു കുമിഞ്ഞു കൂടുന്നു.
ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30000 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്!
ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും വലിയ കുബേരന്‍ വിദേശ ഇന്ത്യക്കാരാനായ ലക്ഷ്മി മിത്തലാണ്: 3100 കോടി ഡോളര്‍. ലോക റാങ്കിംഗില്‍ മിത്തല്‍ രണ്ടാം സ്ഥാനക്കാരനാണ്. അദ്ദേഹത്തിന്റെ മിത്തല്‍ ആര്‍സലോണ്‍ എന്ന കമ്പനിയുടെ 2010ലെ ലാഭം 290 കോടി ഡോളറാണ്. ലണ്ടനില്‍ 2012ല്‍ നടക്കേണ്ടുന്ന ഒളിമ്പിക്‌സിന്റെ അഭിമാനസ്തംഭമായി ഉയര്‍ത്തിയിട്ടുളള ആഴ്‌സലോ മിത്തല്‍ ഓര്‍ബിറ്റ് എന്ന ടവര്‍ ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ടവറാണ്.
മിത്തല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനിയാണ്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനം. ആറുപേരടങ്ങുന്ന കുടുംബത്തിനു താമസിക്കാന്‍ അദ്ദേഹം 27 നിലയില്‍ 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള ഒരു വീടു മുംബെയില്‍ പണിതിട്ടുണ്ട്. ഹെലിപാഡുകള്‍, കൃത്രിമ മഞ്ഞു നിറഞ്ഞ ഐസ് റൂം. വിശാലമായ സിനിമാ തീയേറ്റര്‍. വിശാലമായ പൂന്തോട്ടം, കൃഷ്ണഭഗവാന് താമരക്കുളത്തോടു കൂടിയ ഒരമ്പലവും ആന്റില എന്ന ഈ സമുച്ചയത്തിലുണ്ട്. ഗ്രീക്ക് മിഥോളജിയിലെ ഒരു ദ്വീപിന്റെ പേരാണിത്. 600 ജോലിക്കാരാണ് അടിച്ചു വാരാനും മറ്റുമുളളത്. 70 ലക്ഷം രൂപയാണ് 2010 സെപ്തംബര്‍ മാസത്തെ വൈദ്യുതി ബില്ല്. ധാരാളിത്തത്തിന്റെ അറപ്പുളവാക്കുന്ന ഈ വീടിന്റെ പാലുകാച്ചല്‍ ആഘോഷത്തില്‍ പങ്കെടുത്ത ശോഭാ ഡേ ബിബിസിയോടു പറഞ്ഞത്, ''ടാജ്മഹാള്‍ ലോകാത്ഭുതങ്ങളിലൊന്നാണ്. ഇത് ആധുനിക ഇന്ത്യയുടെ ഒരു മഹാത്ഭുതമാണ് എന്നെനിക്കുറപ്പുണ്ട്''.
കോടീശ്വരന്മാരുടെ താഴെ ലക്ഷപ്രഭുക്കളുണ്ട്. അവരെ സംബന്ധിച്ചും കണക്കുകള്‍ ലഭ്യമാണ്. ബാങ്കുപോലുളള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം അതിസമ്പന്നരുടെ അക്കൗണ്ട് കരസ്ഥമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ അവര്‍ക്കു ചെയ്തു കൊടുക്കാറുണ്ട്. അത്യാഡംബര ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ ഇവരുടെ കണക്കെടുക്കാറുണ്ട്. ഏറ്റവും അംഗീകാരമുളള നിര്‍വചനം അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷന്റേതാണ്. ഒരു ദശലക്ഷം ഡോളര്‍ അഥവാ അമ്പതു കോടി രൂപയെക്കാള്‍ കൂടുതല്‍ നിക്ഷേപയോഗ്യമായ ഫണ്ടോ ആസ്തിയോ ഉളളയാളെ അതിസമ്പന്നന്‍ (high networth individuals) എന്നും 30 ദശലക്ഷം ഡോളര്‍ അഥവാ 1500 കോടി രൂപയെക്കാള്‍ കൂടുതല്‍ ഉളളയാളെ അത്യതി സമ്പന്നന്‍ (ultra high networth individuals) എന്നും വിളിക്കുന്നു.
ലോകത്താകെ 80,000 അത്യതി സമ്പന്നന്മാരാണുളളത്. ഓരോരുത്തര്‍ക്കും ശരാശരി 8 കാറുകള്‍, മൂന്നോ നാലോ വീടുകള്‍, ഏതാണ്ട് എല്ലാവര്‍ക്കും വിനോദനൗകകള്‍, മുക്കാല്‍ പങ്കിനും സ്വന്തം ജെറ്റ് എയര്‍വെയ്‌സ് ഒക്കെയുണ്ട്.
മെരില്‍ ലിഞ്ച് വെല്‍ത്ത് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടു പ്രകാരം 2011ല്‍ ലോകത്താകെ 10.9 ലക്ഷം അതിസമ്പന്നന്മാരാണുളളത്. ഇന്ത്യയില്‍ ഇവരുടെ എണ്ണം 1,53,000 വരും. ലോകത്തെ അതി സമ്പന്നരുടെ 1.4 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിലുളളൂ. ഭൂരിപക്ഷവും അമേരിക്കയിലും ജപ്പാനിലും ജര്‍മ്മനിയിലുമാണ് (53 ശതമാനം). പക്ഷേ, അതിവേഗം ഇന്ത്യയുടെ വിഹിതം ഉയരുമെന്നു തീര്‍ച്ചയാണ്. 2005ല്‍ ഇന്ത്യയില്‍ 70,000 അതിസമ്പന്നരേ ഉണ്ടായിരുന്നുളളൂ. ലോകത്തെ അതിസമ്പന്നരുടെ എണ്ണം 2005നും 2011നുമിടയില്‍ 31 ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അവരുടെ എണ്ണം 118 ശതമാനം ഉയര്‍ന്നു. 2011ല്‍ ഇവരുടെ മൊത്തം ആഗോള നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 2000 ലക്ഷം കോടി വരും. ഇന്ത്യയിലെ അതിസമ്പന്നരുടെ നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 65 ലക്ഷം കോടി രൂപ വരും.
കൊടാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ഏജന്‍സി, ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയെക്കാള്‍ കൂടുതല്‍ അസല്‍ ആസ്തിയുളളവരെയാണ് സമ്പന്ന ഗണത്തില്‍ അവര്‍ പെടുത്തിയിരിക്കുന്നത്. 2011ല്‍ ശരാശരി 75 കോടി വീതമുളള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2016 ആകുമ്പോഴേയ്ക്കും ഇവരുടെ എണ്ണം ശരാശരി 100 കോടി രൂപ വീതമുളള 2,19,000 ആയി വര്‍ദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇവരുടെ മൊത്തം സ്വത്ത് 45 ലക്ഷം കോടിയില്‍ നിന്ന് 235 ലക്ഷം കോടി ആയി ഉയരും. ഇവരുടെ വരുമാനത്തിന്റെ 20 ശതമാനം ആഡംബര ചെലവുകള്‍ക്കായും 30 ശതമാനം സ്വന്തം ബിസിനസ് മേഖലയിലെ റീ ഇന്‍വെസ്റ്റ്‌മെന്റിനായും 20 ശതമാനം മറ്റ് പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നതിനുമാണ് ചെലവഴിക്കുന്നത്. ഈ പുതുമേഖലയില്‍ 37 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. ഡല്‍ഹിയില്‍ ഈ തോത് 50 ശതമാനം വരും. 33 ശതമാനം ഷെയറിലും 20 ശതമാനം വായ്പയും ഡെപ്പോസിറ്റുമാണ്. 9 ശതമാനം സ്വര്‍ണം, പെയിന്റിംഗുകള്‍, സ്റ്റാമ്പുകള്‍ അപൂര്‍വശേഖരങ്ങള്‍ എന്നിവയിലാണ്.
ഇവരുടെ ആഡംബര ആഭരണക്കമ്പോളം 2015ല്‍ 22900 കോടി രൂപയുടേതായിരിക്കും. ആഡംബര കാറുകളുടേത് 15000 കോടി രൂപയുടേതായിരിക്കും. ഇവരുടെ ആഡംബരക്കമ്പോളം ലക്ഷ്യമിട്ടു കൊണ്ടുളള കടകള്‍ മെട്രോ നഗരങ്ങളുടെ പുതിയ നിക്ഷേപ മേഖലയായിട്ടുണ്ട്. ഈ സമ്പന്നരുടെ ഏറ്റവും പ്രധാന ഹോബി വിനോദ സഞ്ചാരമാണ്. ഭൂരിപക്ഷവും പ്രതിവര്‍ഷം ശരാശരി 2 തവണയെങ്കിലും ഇവര്‍ ഇപ്രകാരമുളള വെക്കേഷനുകള്‍ക്ക് പോകും. 15-20 ശതമാനം പേര്‍ മൂന്നോ അതിലേറെയോ തവണ വിനോദ സഞ്ചാരത്തിനു പോകും.
കുത്തക കുടുംബങ്ങളുടെ വളര്‍ച്ച
പുതിയ കോടീശ്വരന്മാരുടെ വളര്‍ച്ചയെക്കുറിച്ച് ഇതുവരെ നടത്തിയ പ്രതിപാദനം ഒരു തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളെ പിന്തളളി ഒരു പുതുകൂറ്റന്‍ മുതലാളിവര്‍ഗം മുന്നോട്ടു വന്നിരിക്കുന്നുവെന്ന്. ഇതുവരെ ചര്‍ച്ച ചെയ്തത് മുതലാളിമാരുടെ വ്യക്തിപരമായ സ്വത്തിനെക്കുറിച്ചാണ്. എന്നാല്‍ അവര്‍ നയിക്കുന്ന കമ്പനികളുടെ സ്വത്ത് ഇതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. ചെറിയ ഒരു കമ്പനി നിയന്ത്രിക്കാന്‍ ഭൂരിപക്ഷം ഷെയര്‍ പോലും ആവശ്യമില്ല. ഇങ്ങനെയുളള ഒരു മാതൃകമ്പനി ഉപയോഗിച്ചു കൊണ്ട് മറ്റു ചെറു കമ്പനികളെ വരുതിയിലാക്കുന്നതിനും പ്രയാസമില്ല. ഇത്തരത്തില്‍ പരസ്പരം ഉടമസ്ഥ ബന്ധമുളള കമ്പനികളുടെ കൂട്ടത്തെയാണ് കുത്തകക്കുടുംബം എന്നു പറയുന്നത്. ടാറ്റ, ബിര്‍ള, ബജാജ്, ഗോയെങ്ക, ഥാപ്പര്‍, സിങ്കാനിയ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളാണ്. പുത്തന്‍കൂറ്റ് മുതലാളിമാര്‍ അതിവേഗം മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ഇന്നും മേധാവിത്തം പരമ്പരാഗത കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ക്രോണി കാപ്പിറ്റലിസം ആന്‍ഡ് ഇന്ത്യ, ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍ ലിബറലൈസേഷന്‍ എന്ന തന്റെ പ്രബന്ധത്തില്‍ പ്രൊഫ. സുരജിത് മജുംദാര്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വ്യവസായമേഖലകളുമടങ്ങുന്ന 126 വ്യവസായങ്ങളെയാണ് അദ്ദേഹം വിശകലനത്തിനായി തിരഞ്ഞെടുത്തത്. ഈ 126 വ്യവസായങ്ങളുടെ മൊത്തം വില്‍പന 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ പൊതുമേഖലാ സഹകരണ സംഘങ്ങളുടെ വിഹിതം ഏതാണ്ട് 10 ശതമാനമേ വരൂ. പഴയ ഇന്ത്യന്‍ കുത്തക കുടുംബങ്ങളുടെ വിഹിതം 45 ശതമാനവും പഴയ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 9 ശതമാനവും വരും. പുത്തന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 10 ശതമാനവും മറ്റ് ഇന്ത്യന്‍ ബഹുരാഷ്ട്രകളുടെ വിഹിതം 34 ശതമാനവും വരും. ചുരുക്കത്തില്‍ പുത്തന്‍കൂറ്റ് കമ്പനികള്‍ മുന്‍പന്തിയിലേയ്ക്കു വന്നിട്ടുണ്ടെങ്കിലും പഴയ കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് വ്യവസായമേഖലയില്‍ പ്രാമുഖ്യം. പുതിയ കുത്തക കുടുംബങ്ങള്‍ കൂടൂതല്‍ രൂപം കൊണ്ടിട്ടുളളത് ഐടി പോലുളള പുതിയ മേഖലകളിലും സ്വകാര്യ മേഖലയ്ക്കു പുതുതായി തുറന്നു കൊടുത്ത വ്യോമഗതാഗതം, ടെലികോം തുടങ്ങിയ മേഖലകളിലുമാണ്. ഇവിടങ്ങളിലേയ്ക്കു പോലും പഴയ കുത്തക കമ്പനികളില്‍ ചിലവ ശക്തമായ കടന്നുവരവ് നടത്തി. ഉദാഹരണത്തിന് ഐടി മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്ന് ടാറ്റയുടെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. 



ഓരോ വ്യവസായ ഉല്‍പന്ന മേഖലയും പ്രത്യേകമെടുത്ത് പരിശോധിക്കുകയാണെങ്കില്‍ പരമ്പരാഗത കുത്തക കുടുംബങ്ങളുടെ മേധാവിത്തം കൂടുതല്‍ വ്യക്തമാകും. 126 വ്യവസായങ്ങളില്‍ 119 എണ്ണത്തിലും 1990-91ല്‍ മുന്‍പന്തിയിലുണ്ടായിരുന്ന കമ്പനികള്‍ക്കു 2005-06ലും കുത്തക നിയന്ത്രണം ഉണ്ടായിരുന്നു. 51 എണ്ണത്തില്‍ പാരമ്പര്യ കുത്തക ഗ്രൂപ്പുകളുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായിരുന്നു എന്നു പറയാം.
മറ്റൊരു 51 വ്യവസായ മേഖലകളില്‍ പുതിയ ബിസിനസ് ഗ്രൂപ്പുകള്‍ പ്രബലമായി തീര്‍ന്നിട്ടുണ്ട്. ഇങ്ങനെ പുതുതായി മുന്‍പന്തിയിലേയ്ക്ക് കടന്നു വന്ന വ്യവസായ ഗ്രൂപ്പുകളില്‍ ബഹുരാഷ്ട്ര കുത്തകകളുമുണ്ട്. 23 വ്യവസായ ഗ്രൂപ്പുകളില്‍ മാത്രമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവിലുളളവയെ ഏറ്റെടുത്തോ പുതിയ കമ്പനികള്‍ സ്ഥാപിച്ചോ പുതുതായി പ്രാമുഖ്യത്തിലേയ്ക്ക് ഉയര്‍ന്നത്. മൊത്തം വില്‍പനയുടെ പതിനഞ്ചു ശതമാനമാണ് ഈ മേഖലകളുടെ വില്‍പന വിഹിതം. അതേസമയം പുതിയ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ 28 വ്യവസായങ്ങളില്‍ പ്രാമുഖ്യത്തിലേയ്ക്കു വന്നു. മൊത്തം വില്‍പനയില്‍ ഈ വ്യവസായങ്ങളുടെ വിഹിതം 40 ശതമാനം വരും. പക്ഷേ, ഇവയില്‍ ഏഴ് വ്യവസായങ്ങളില്‍ മാത്രമാണ് ഈ പുതിയ കുത്തക കമ്പനികള്‍ക്ക് 50 ശതമാനത്തിലേറെ ഉല്‍പന്ന നിയന്ത്രണം വരുന്നത്. മറ്റൊരു 12 കമ്പനികള്‍ക്ക് 25-50 ശതമാനം കമ്പോള നിയന്ത്രണമുണ്ട്.
ഏതാണ്ട് ഇതേ ചിത്രം തന്നെയാണ് ഏറ്റവും വലിയ 25 കുത്തക കുടുംബങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാലും കാണാന്‍ കഴിയുക.  
താഴെ പട്ടിക 1.1ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ 25 കുത്തക ഗ്രൂപ്പുകളുടെ 1991-92ലെയും 2005-06ലെയും ആസ്തികളുടെ താരതമ്യം കൊടുത്തിരിക്കുന്നു.

2005-06ലെ ഏതാണ്ട് എല്ലാ കുത്തക ഗ്രൂപ്പുകളും 1991-92ല്‍ നിലവിലുണ്ടായിരുന്നു. ഇവയില്‍ 15 എണ്ണം അന്നും ഏറ്റവും വലിയ 25 കുത്തകഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതി ടെലികോം, വിപ്രോ, ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ്, ജെറ്റ് എയര്‍വേസ് ലിമിറ്റഡ്, മോസര്‍ബെയര്‍ ഗ്രൂപ്പ് എന്നിവയാണ് പൂര്‍ണമായും ഉദാരവത്കരണ കാലഘട്ടത്തിന്റെ സന്തതികള്‍.
ഏറ്റവും പ്രമുഖമായ വസ്തുത കുത്തകകള്‍ പുതിയവയും പഴയവയും അതിവേഗത്തില്‍ വളരുന്നു എന്നുളളതാണ്. ഇതുമൂലം ഉദാരവത്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ കുത്തക നിയന്ത്രണം വര്‍ദ്ധിച്ചിരിക്കുന്നു. പട്ടിക 1.1ല്‍ 25 കുത്തക കുടുംബങ്ങളുടെ മൊത്തം ആസ്തി 1991-92ല്‍ 73,273 കോടി രൂപയായിരുന്നത് 2005-06 ആയപ്പോഴേയ്ക്കും 6,92,186 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയിലെ കോര്‍പറേറ്റ് മൂലധനവും മൊത്തത്തില്‍ ഉദാരവത്കരണ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നു. 1991ല്‍ സ്വകാര്യ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനം 74,798 കോടി രൂപയായിരുന്നത് 2005ല്‍ 6,78,321 കോടി രൂപയായി ഉയര്‍ന്നു. ഈ വളര്‍ച്ച ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയിലാണ് ഉണ്ടായത്. 1991ല്‍ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനത്തില്‍ 27 ശതമാനം മാത്രമായിരുന്നു സ്വകാര്യമേഖലയുടേത്. 2005ല്‍ അത് 76 ശതമാനമായി ഉയര്‍ന്നു. ദേശീയ വരുമാനത്തില്‍ സംഘടിത സ്വകാര്യമേഖലയുടെ വിഹിതം 1990-91ല്‍ 12.3 ശതമാനമായിരുന്നത് 2004-05ല്‍ 19.25 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ സംഘടിത മേഖലയുടെ വളര്‍ച്ചയാകട്ടെ, കൂടുതല്‍ സേവന വ്യവസായങ്ങളിലാണ് ഉണ്ടായത്. സ്വകാര്യ സംഘടിത മേഖലയുടെ വരുമാനത്തില്‍ 1990-91ല്‍ സേവനങ്ങളുടെ വിഹിതം 24.41 ശതമാനമായിരുന്നത് 2004-05ല്‍ 50.32 ശതമാനമായി ഉയര്‍ന്നു. അതേസമയം വ്യവസായ മേഖലയുടെ വിഹിതം ഈ കാലയളവില്‍ 64.48 ശതമാനത്തില്‍ നിന്ന് 37.66 ശതമാനമായി താഴ്ന്നു.
ശതകോടീശ്വരന്മാര്‍ എങ്ങനെ?
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും വിസ്മയകരമായ വളര്‍ച്ചയെ എങ്ങനെ വിശദീകരിക്കാം? നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാര്‍ വിരല്‍ചൂണ്ടുക ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ ഉയര്‍ന്ന വേഗതയിലേയ്ക്കാണ്. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളില്‍ മൂന്നര ശതമാനത്തില്‍ കിടന്നിരുന്ന സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ എട്ടര - ഒമ്പത് ശതമാനത്തില്‍ വന്നു നില്‍ക്കുന്നു. ഈ വളര്‍ച്ചയില്‍ കൂടുതല്‍ ഉയര്‍ന്ന പങ്കു പണക്കാര്‍ക്ക് കിട്ടിയെങ്കില്‍ അതു സ്വാഭാവികം. മാത്രമല്ല, ഷെയറുകളുടെ വിലയും ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഷെയറുടമസ്ഥരുടെ സമ്പത്ത് വെറുതെയിരുന്നാലും ഇതുമൂലം വര്‍ദ്ധിക്കുന്നു. ഇതിലൊക്കെ ശരിയുണ്ടെങ്കിലും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയെ സാധാരണഗതിയിലുളള ലാഭവര്‍ദ്ധന കൊണ്ടു വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗതയിലാണ് ഇവരുടെ വളര്‍ച്ച.
ശതകോടീശ്വരന്മാരുടെ വളര്‍ച്ച എന്ന പ്രതിഭാസം പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അഥവാ നവലിബറല്‍ നയങ്ങളുടെ കാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഈ നയങ്ങളും ഇവരുടെ വളര്‍ച്ചയും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിന സുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്.
നവലിബറല്‍ നയങ്ങള്‍ എപ്രകാരം മൂലധന സംഭരണപ്രക്രിയയെ സ്വാധീനിക്കുന്നു എന്നാണ് പരിശോധിക്കേണ്ടത്. ലാഭവര്‍ദ്ധനയ്ക്ക് തടസം നില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്ത് സ്വകാര്യ ഉടമസ്ഥതയിലുളള തുറന്ന കമ്പോള വ്യവസ്ഥയ്ക്ക് രൂപം നല്‍കലാണ് നവലിബറല്‍ നയങ്ങളുടെ ലക്ഷ്യം. ലാഭവര്‍ദ്ധന മൂലധന സംഭരണത്തിന് പ്രചോദനമാകും. അതാകട്ടെ, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇതാണ് നവലിബറലിസത്തിന്റെ സിദ്ധാന്തം. ഏതെങ്കിലും സംരംഭകന്‍ അതിവേഗതയില്‍ കൂടുതല്‍ പണം ആര്‍ജിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതയാളുടെ മികവിന്റെ ലക്ഷണമായി കണക്കാക്കിയാല്‍ മതിയെന്നാണ് നവലിബറലുകളുടെ നിലപാട്. നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ അത് തെറ്റോ അഴിമതിയോ ആകുന്നുളളൂ. സര്‍ക്കാരിന്റെ സ്വത്തോ പൊതുസ്വത്തോ ഇത്തരത്തില്‍ നിയമവിധേയമായി സ്വകാര്യമുതലാളിയുടെ പക്കല്‍ ചെന്നുചേരുന്നതില്‍ ഒരു തെറ്റും ഈ സിദ്ധാന്തക്കാര്‍ കാണുന്നില്ല. പൊതുസ്വത്തിന്റെ കൊളള പ്രോത്സാഹിപ്പിക്കുന്ന തത്ത്വശാസ്ത്രമാണ്. ഈ കൊളളയാണ് ശതകോടീശ്വരന്മാരുടെ വളര്‍ച്ചയുടെ ഉറവിടം.
നവലിബറല്‍ നയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്) പൊതുമേഖലയുടെയും മറ്റ് പൊതുസ്വത്തുക്കളുടെയും സ്വകാര്യവത്കരണം : ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. വനം, പുറമ്പോക്കു ഭൂമി, ഭൂമിയ്ക്കടിയിലുളള ഖനിജങ്ങള്‍, എണ്ണ, വാതകം, വെളളം തുടങ്ങിയവയെല്ലാം നാടിന്റെ പൊതുസ്വത്താണ്. എന്നാല്‍ സ്വകാര്യ സ്വത്തായി മാറ്റിയാല്‍ മാത്രമേ അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്താനാവൂ എന്നാണ് നവലിബറല്‍ കാഴ്ചപ്പാട്. ഇവയുടെ സ്വകാര്യവത്കരണം കൊളളലാഭത്തിനു വഴിയൊരുക്കുന്നു എന്നു മാത്രമല്ല, ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്.


പൊതുമേഖലയുടെയും പൊതുസ്വത്തിന്റെയും കൊളള പോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്വകാര്യഭൂമിയുടെ കൈയേറ്റവും. ചെറുകിടക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സ്വത്തിന്റെയും അവകാശത്തിന്റെയും മേലുളള കൈയ്യേറ്റം നമുക്ക് ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഇത്തരത്തിലുളള ഏറ്റവും വലിയ കൊള്ളയാണ് അവിടെ പാര്‍ലമെന്റു തന്നെ പാസാക്കിയ എന്‍ക്ലോഷര്‍ ആക്ട് അഥവാ വളച്ചുകെട്ടല്‍ നിയമം. പരമ്പരാഗത ഫ്യൂഡല്‍ ക്രമത്തില്‍ ഭൂമിയില്‍ ഗണ്യമായ ഭാഗം കന്നുകാലികളെ മേയ്ക്കുന്നതിനും വിറകിനും മറ്റും വേണ്ടിയുളള പൊതുസ്ഥലങ്ങളായിരുന്നു. ഇവയെല്ലാം ജന്മിമാര്‍ വളച്ചുകെട്ടിയെടുത്തു. അങ്ങനെ ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ട കൃഷിക്കാരാണ് വ്യവസായങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടീഷ് നഗരങ്ങളിലേയ്ക്ക് ചേക്കേറിയത്. ഏതാണ്ട് ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള കൈയേറ്റങ്ങളാണ് സര്‍ക്കാര്‍ സഹായത്തോടെ സ്വതന്ത്രവ്യാപാരമേഖലയ്ക്കും ടൗണ്‍ഷിപ്പുകള്‍ പണിയുന്നതിനും മറ്റുംവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ സമരങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം തന്നെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
രണ്ട്) ഡീ റെഗുലേഷന്‍ അഥവാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യല്‍ : നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ടുവശങ്ങളുണ്ട്. നേരത്തെ സ്വകാര്യമേഖലയ്ക്ക് നീക്കിവെച്ചിരുന്ന വ്യവസായ മേഖലകളില്‍പോലും നിക്ഷേപത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിനെയാണ് ലൈസന്‍സ് പെര്‍മിറ്റ് രാജ് എന്നുവിളിച്ച് ആക്ഷേപിച്ചിരുന്നത്. ഇവയെല്ലാം ഇപ്പോഴേതാണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഇതോടൊപ്പം നേരത്തെ ചെറുകിട വ്യവസായികള്‍ക്കും പൊതുമേഖലയ്ക്കും വേണ്ടി നീക്കിവെച്ചിരുന്ന വ്യവസായമേഖലകളുണ്ട്. അവയെല്ലാം കോര്‍പറേറ്റ് മൂലധനത്തിന് തുറന്നുകൊടുക്കലും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ഇങ്ങനെ തുറന്നുകൊടുക്കുമ്പോള്‍ വിഭവപരിമിതികൊണ്ടോ സാങ്കേതിക പരിമിതികൊണ്ടോ താല്‍പര്യമുളളവര്‍ക്കെല്ലാം ഈ തുറകളില്‍ നിക്ഷേപം നടത്താന്‍ കഴിയണമെന്നില്ല. ഉദാഹരണത്തിന് ടെലികോം മേഖല തുറന്നു കൊടുക്കുമ്പോള്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ലേലം വിളിയ്‌ക്കേണ്ടി വരുന്നു, അല്ലെങ്കില്‍ സ്‌പെക്ട്രം വില്‍പന നടത്തേണ്ടി വരുന്നു. ഇവ കരസ്ഥമാക്കുന്നവര്‍ക്കേ നിക്ഷേപകരാകാന്‍ കഴിയൂ. ഖനനമേഖലകള്‍ തുറന്നു കൊടുക്കുമ്പോള്‍ വിഭവപരിമിതി മൂലം നിക്ഷേപകരെ നിയന്ത്രിക്കേണ്ടി വരുന്നു. സര്‍ക്കാരുമായി കൂടുതല്‍ അടുത്ത ബന്ധമുളള മുതലാളിമാര്‍ക്ക് ഈ പരിപാടികളില്‍ നിന്ന് വലിയ തോതില്‍ ലാഭം കൊളളയടിക്കാന്‍ കഴിയും.
മൂന്ന്) വിദേശ ഉദാരവത്കരണം - ആഭ്യന്തര കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല വിദേശ കുത്തകകളുടെ മേലുമുളള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യണമെന്നുളളതാണ് നവലിബറല്‍ പരിപാടി. ചരക്കുകളുടെ കയറ്റുമതി ഇറക്കുമതി ഉദാരവത്കരണം നടപ്പായിക്കഴിഞ്ഞു. ഇനി മൂലധനത്തിന്റെ കയറ്റുമതി ഇറക്കുമതി സ്വതന്ത്രമാക്കുക എന്നുളളതാണ് അജണ്ട. ഇതുവരുന്നതോടു കൂടി വിദേശവിനിമയത്തിന്മേലുളള നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതാകും. ആര്‍ക്കുവേണമെങ്കിലും വിദേശപണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് രൂപയാക്കി മാറ്റുന്നതിനോ ഇന്ത്യയില്‍ നിന്ന് രൂപ വിദേശപണമാക്കി പുറത്തേയ്ക്കു കൊണ്ടുപോകുന്നതിനോ സ്വാതന്ത്ര്യമുണ്ടായിരിക്കും. ധനകാര്യമേഖലയുടെ ഉദാരവത്കരണമാണ് ഫിനാന്‍സ് മൂലധനം ഉറ്റുനോക്കുന്നത്. ഇത് കളളപ്പണം വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നു. 


കളളപ്പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തു വെച്ചാണ് കൈമാറുന്നത്. നാട്ടിലുണ്ടാക്കുന്ന കളളപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കുന്നത് വിദേശ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ഇങ്ങനെയുളള പണം വെളുപ്പിച്ചു നാട്ടിലേയ്ക്കു കൊണ്ടുവരുന്നതിന് ഹവാല അല്ലെങ്കില്‍ മൗറീഷ്യസ് പോലുളള സ്വതന്ത്രവ്യാപാര കേന്ദ്രങ്ങള്‍ വഴിയൊരുക്കുന്നു. വിദേശ മൂലധന ഉദാരവത്കരണത്തോടെ ഇതുവളരെ സുഗമമായിത്തീരും. 


നവലിബറലിസത്തിന്റെ മേല്‍പറഞ്ഞ മൂന്നിന പരിപാടികള്‍ എങ്ങനെ അഴിമതിയ്ക്കും സ്വകാര്യക്കൊള്ളയ്ക്കും വഴിയൊരുക്കുന്നു; അതുവഴി ശതകോടീശ്വരന്മാരുടെ വിസ്മയവളര്‍ച്ചയ്ക്ക് ഹേതുവായിത്തീരുന്നു എന്നത് വിശദീകരിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഇതിനായി ഓരോ ഇനപരിപാടിയുമായും ബന്ധപ്പെട്ടുളള ഏതാനും ഉദാഹരണങ്ങള്‍ പഠനങ്ങളായി തുടര്‍ന്നുളള അധ്യായങ്ങളില്‍ നല്‍കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനം ഈ ഉദാഹരണപഠനങ്ങളില്‍ നിന്ന് വീണ്ടും പൊതുവായ വിശകലനത്തിലേയ്ക്കും സൈദ്ധാന്തിക നിഗമനങ്ങളിലേയ്ക്കും എത്തിച്ചേരും.


അധ്യായം 2 - കൊളളക്കാരനായ വേദാന്തി! - പൊതുമേഖലാ കൊള്ള സംബന്ധിച്ച് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്തു തന്നെ മോഡേണ്‍ ബ്രഡ് ഫാക്ടറിയുടെയും കോവളം ഐടിഡിസി ഹോട്ടലിന്റെയും കഥ അറിയാത്തവരുണ്ടാവില്ല. 55 ഏക്കര്‍ വിസ്തൃതിയുളള കോവളം ഐടിഡിസി ഹോട്ടല്‍ 44 കോടിയ്ക്ക് ഗള്‍ഫാര്‍ വാങ്ങിയത് 120 കോടിയ്ക്കാണ് ലീലാ ഗ്രൂപ്പിനു വിറ്റത്. ഇപ്പോഴത് 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നു. ബാല്‍ക്കോ എന്ന ഒറീസയിലെ അലൂമിനിയം ഫാക്ടറി വേദാന്ത എന്ന ബിസിനസ് ഗ്രൂപ്പിന് ബിജെപി സര്‍ക്കാര്‍ വിറ്റ കഥയാണ് പൊതുമേഖലാ വില്‍പനക്കൊള്ളയുടെ വിശകലനത്തിനായി വിവരിക്കുന്നത്.


അധ്യായം 3 - കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും രാജ്യദ്രോഹം- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അഴിമതിയും കൊളളയും സാര്‍വത്രികമാണ്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ റിയല്‍ എസ്റ്റേറ്റ് അഴിമതിക്കേസ്. മുംബെയിലെ കൊളാബായിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്.


അധ്യായം 4 അംബാനിയും മറ്റൊരു കവര്‍ച്ചക്കാരന്‍ - പുത്തന്‍കൂറ്റു പണക്കാരാണ് അഴിമതി, കൊളള എന്നിവയ്ക്കു മുതിരുന്നത് എന്നൊരു തെറ്റുദ്ധാരണയുണ്ട്. 'തറവാടി'കളായ പഴയ മുതലാളിമാരും ഒട്ടും പുറകിലല്ല. ടാറ്റയും 2ജി സ്‌പെക്ട്രം അഴിമതിയുടെ ഗുണഭോക്താവാണ്. ഈ അധ്യായത്തില്‍ സി ആന്‍ഡ് എജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് കമ്പനി കൃഷ്ണാ ഗോദാവരി ബേസിനില്‍ നിന്ന് വാതക ഖനനത്തിനുളള കരാര്‍ അന്യായമായി ഭേദഗതിചെയ്ത് പതിനായിരക്കണക്കിനു കോടികള്‍ തട്ടിയെടുത്തത് എങ്ങനെ എന്നാണ് പരിശോധിക്കുന്നത്. 


അധ്യായം 5 - റെഡ്ഢി സഹോദരന്മാര്‍ നാടുവാണീടും കാലം!! - 2001ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കേവലം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മക്കളായ റെഡ്ഢി സഹോദരങ്ങള്‍ കര്‍ണാടകത്തിലെ ബെല്ലാരിയിലെ ഇരുമ്പയിരും ഗ്രാനൈറ്റും പത്തുവര്‍ഷം കൊണ്ട് കൊളള ചെയ്ത് കോടിപതികളായതെങ്ങനെ? രണ്ടു മുഖ്യമന്ത്രിമാരായിരുന്നു അവരുടെ പോക്കറ്റില്‍. കര്‍ണാടകത്തില്‍ യെദ്യൂരപ്പയും ആന്ധ്രയില്‍ രാജശേഖര റെഡ്ഢിയും. യെദ്യൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളായ റെഡ്ഢി സഹോദരങ്ങള്‍ എന്നോര്‍ക്കുക. 


അധ്യായം 6 - ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാം മുതല്‍ മാരന്‍ വരെ. ടെലികോം മേഖലയിലാണ് ഏറ്റവും വലിയ അഴിമതിക്കഥകളുണ്ടായിട്ടുളളത്. ഇവിടെ ഡീ റെഗുലേഷന്‍ ആരംഭിച്ചതു തന്നെ സുഖറാമിന്റെ അഴിമതിയോടെയാണ്. 2ജി സ്‌പെക്ട്രം കേസില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണ് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്. രാജയും ദയാനിധി മാരനും. 2ജി സ്‌പെക്ട്രം കേസാണ് ഈ അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 7 - കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവ് 2250 കോടിയില്‍ നിന്ന് 30,000 കോടി രൂപയായപ്പോള്‍ - വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴുളള അഴിമതിയും കോണ്‍ട്രാക്ടുകളിലുളള അഴിമതിയും എക്കാലത്തുമുണ്ടായിട്ടുണ്ട്. നമ്മുടെ പൊതുമരാമത്തു വകുപ്പിലെയും ജലസേചനവകുപ്പിലെയും അഴിമതിക്കഥകള്‍ ആര്‍ക്കാണ് അറിയാത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കൈക്കൂലിയും കമ്മിഷനും എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. 


അധ്യായം 8 - ക്രിക്കറ്റില്‍ വെളുക്കുന്ന കളളപ്പണം - അഴിമതിപ്പണത്തിന്റെ സിംഹഭാഗവും കളളപ്പണമായാണ് സൂക്ഷിക്കുന്നത്. അതായത് ആദായനികുതിവകുപ്പിന്റെ കണക്കുകള്‍ക്ക് പുറത്താണ്. ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ അമ്പതു ശതമാനം വരെ കളളപ്പണമാണെന്നു വാദിക്കുന്നവരുണ്ട്. കളളപ്പണം വെളുപ്പിക്കുന്നതിന് പലരീതികളുണ്ട്. അതിലെ ഏറ്റവും നാടകീയമായ ഉദാഹരണമാണ് ഐപിഎല്‍ കുംഭകോണം. ക്രിക്കറ്റു കളിയെ എങ്ങനെ കളളപ്പണത്തിന്റെ ചൂതാട്ടത്തിന് ഉപാധിയാക്കാമെന്നാണ് എട്ടാം അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 9 - കളളപ്പണത്തിന്റെ മൗറീഷ്യസ് റൂട്ട് - ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഹവാല ഇടപാടുകളിലൂടെയാണ് ഈ പണം പുറത്തുപോകുകയും അകത്തുവരികയും ചെയ്യുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക സംവിധാനം തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അതാണ് മൗറീഷ്യസ് റൂട്ട്. 


അധ്യായം 10 - അഴിമതിക്കൂട്ടുകെട്ട് - റാഡിയ ടേപ്പുകള്‍ പറയുന്നതെന്ത്? -
മേല്‍വിവരിച്ച ഓരോ അഴിമതിക്കേസുകളും രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റുകള്‍ എന്നിവരുടെ മുക്കൂട്ട് മുന്നണിയെ പുറത്തുകൊണ്ടുവരുന്നുണ്ട്. നേരത്തെയും സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ആയിരുന്നുവെങ്കിലും ഒരു താരതമ്യ സ്വതന്ത്രത നിലനിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഭരണസംവിധാനത്തെയാകെ കോര്‍പറേറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ തടവുകാരാക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഈ അവിശുദ്ധ ബന്ധം നാടകീയമായി വെളിപ്പെടുത്തുന്നതാണ് നീരാ റാഡിയ ടേപ്പുകള്‍. ഇതുസംബന്ധിച്ച വിശകലനമാണ് പത്താം അധ്യായത്തില്‍ നല്‍കിയിരിക്കുന്നത്. 


സാര്‍വത്രികമായി മാറിയിരിക്കുന്ന അഴിമതിയും കൊള്ളയും അതിലൂടെ തടിച്ചു കൊഴുക്കുന്ന ശതകോടീശ്വരന്മാരും അവരുടെ ദല്ലാളുമാരായി നടക്കുന്ന രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും രാജ്യവ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. നവലിബറലിസത്തിന്റെ ഗുണഭോക്താക്കളായ ഇടത്തരക്കാരെപ്പോലും ഈ സ്ഥിതി വെറുപ്പിച്ചിരിക്കുന്നു. ഈ ശുദ്ധാത്മാക്കള്‍ കരുതിയിരുന്നത് ലൈസന്‍സ് പെര്‍മിറ്റ് രാജാണ് എല്ലാ അഴിമതിയുടെയും ഉറവിടം എന്നായിരുന്നു. സ്വതന്ത്രമായ കമ്പോള വ്യവസ്ഥയില്‍ എല്ലാ തീരുമാനങ്ങളും അദൃശ്യമായ കമ്പോളമെടുക്കുമ്പോള്‍ അഴിമതി ഇല്ലാതാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ നവലിബറല്‍ കാലഘട്ടം അഴിമതി പര്‍വമായി മാറിയിരിക്കുന്നു. ഇതിനോടുളള പ്രതികരണങ്ങളാണ് അടുത്ത മൂന്ന് അധ്യായങ്ങളില്‍ പരിശോധിക്കുന്നത്.


അധ്യായം 11 - അണ്ണാ ഹസാരെ - റാലെഗനില്‍ നിന്ന് ദില്ലിയിലേയ്ക്ക് - റാലെഗന്‍ ഗ്രാമത്തില്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുവന്ന അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഴിമതിക്കെതിരായ സമരങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തെ നിയന്ത്രിക്കാന്‍ അടിയന്തരമായി ലോക്പാല്‍ നിയമം പാസാക്കണം എന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിച്ചു. അദ്ദേഹത്തിന്റെ നിരാഹാരസമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാരിനു വഴങ്ങേണ്ടിവന്നു. പതിനൊന്നാം അധ്യായത്തില്‍ സംഭവപരമ്പര വിവരണത്തെക്കാള്‍ ലോക്പാല്‍ നിയമത്തെക്കുറിച്ചുളള വ്യത്യസ്ത വീക്ഷണങ്ങള്‍ താരതമ്യം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍, കേന്ദ്രസര്‍ക്കാരിന്റെ കരടു ബില്‍, ഇടതുപക്ഷത്തിന്റെ ബദല്‍, അരുണാ റോയ് തുടങ്ങിയവരുടെ നിലപാട് എന്നിവയാണ് താരതമ്യത്തിനെടുക്കുന്നത്.


അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു. അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്.


അധ്യായം 13 - ചങ്ങാത്ത മുതലാളിത്തവും നവലിബറല്‍ നയങ്ങളും - ഉപസംഹാരമായി അഴിമതി സംബന്ധിച്ച ഉദാഹരണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവലിബറല്‍ നയങ്ങള്‍ എങ്ങനെ അഴിമതി പ്രോത്സാഹിപ്പിക്കുന്നു എന്നത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഭരണകൂടം എന്നത് പ്രാകൃത മൂലധന സംഭരണത്തിനുളള മേച്ചില്‍പ്പുറമായിരിക്കുന്നു. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിഗതികളെ വിശദീകരിക്കുന്നതിന് ചങ്ങാത്ത മുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും.


ഈ ഗ്രന്ഥത്തില്‍ അതിസമ്പന്നരുടെ വളര്‍ച്ചയും അവരുടെ ആഡംബരവും സുഖലോലുപതയുമാണ് കൂടുതല്‍ വിവരിക്കുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട് എന്നെടുത്തു പറയേണ്ടതില്ലല്ലോ. ശതകോടീശ്വരന്മാര്‍ ജൈത്രയാത്ര നടത്തിയ നാളുകളിലാണ് രണ്ടുലക്ഷത്തില്‍പരം കൃഷിക്കാര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്. ചില സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് സാമ്പത്തിക വളര്‍ച്ച. നഗരവും ഗ്രാമവും തമ്മിലുളള അന്തരം പെരുകുകയാണ്. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടുന്നുവെന്നാണ് ഉപഭോക്തൃ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2001-05ല്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2.8 ശതമാനം വെച്ച് ഉയര്‍ന്നുവെങ്കില്‍ 2005-10ല്‍ 0.8 ശതമാനം വീതമാണ് പ്രതിവര്‍ഷം തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത്. വിലക്കയറ്റം പത്തു ശതമാനത്തിലേറെ ആയിരിക്കുന്നു. ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്നു പറയുന്ന ഔദ്യോഗിക കണക്കുകള്‍ക്കു പോലും മറച്ചുവെയ്ക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. എണ്‍പതുകളെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണത്തില്‍ തുച്ഛമായ കുറവേയുണ്ടായിട്ടുളളൂ. മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പുറകോട്ടു പോയി. ഇപ്പോള്‍ 132-ാമതാണ് സ്ഥാനം. 


നമ്മള്‍ ആദ്യം കണ്ട തിളക്കവും മുകളലില്‍ സൂചിപ്പിച്ച ദൈന്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? റിയല്‍ എസ്റ്റേറ്റുകാരും ഖനിയുടമകളും വാങ്ങിക്കൂട്ടുന്ന ഭൂമിയും വര്‍ദ്ധിച്ചുവരുന്ന ഭൂരഹിതരുടെ എണ്ണവും തമ്മിലും ഊഹക്കച്ചവടക്കാരുടെ തിരിമറികളും കൃഷിക്കാരുടെ കടക്കെണിയും തമ്മിലും പുത്തന്‍ യന്ത്രവത്കൃത വ്യവസായങ്ങളും തൊഴില്‍ നഷ്ടപ്പെടുന്ന കൈവേലക്കാരും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ന് യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന അഴിമതികളും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ബന്ധങ്ങള്‍ അന്വേഷിക്കുന്ന അര്‍ത്ഥശാസ്ത്ര വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം. 
 
 



No comments:

Post a Comment