ആര്‍ക്കും ഏത് വിധേനെയും അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമുളള രാഷ്ട്രീയ നേതാവത്രേ, പിണറായി വിജയന്‍. എങ്ങനെ അപകീര്‍ത്തിപ്പെടുത്തിയാലും പിണറായി പ്രതികരിക്കാനേ പാടില്ല എന്ന് ശാഠ്യം പിടിക്കാന്‍ നാണില്ലാത്ത നവയുഗ സാംസ്ക്കാരിക നായകരുടെ ആക്രോശങ്ങളാല്‍ ഞെട്ടിവിറച്ചു വിറങ്ങലിച്ചു നില്‍ക്കുകയാണ് സൈബര്‍ലോകം. ജരാസന്ധനെ വലിച്ചുകീറിയ ശ്രീകൃഷ്ണന്റെ ആസുരഭാവത്തില്‍ അങ്കത്തട്ടില്‍ നിഗ്രഹോത്സുകരായി നില്‍ക്കുന്ന "ആവിഷ്കാരാവകാശ മാഫിയ"യുടെ കൈയില്‍ ആരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുളള ആയുധങ്ങളുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടി ഉറുമിയും ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി ഉലക്കയും എടുത്തു പെരുമാറുമ്പോള്‍ ഒരുമാതിരിപ്പെട്ടവരൊക്കെ പടയണിയ്ക്ക് പിന്നണിചേരും. മറുവശത്ത് സിപിഎമ്മും പിണറായി വിജയനുമാണെങ്കില്‍ പറയുകയും വേണ്ട. തന്റെ പേരും പടവും ഉപയോഗിച്ച് വ്യാജമായ പ്രസ്താവന സൃഷ്ടിച്ച് പ്രചരിപ്പിച്ച നടപടി നിഷ്കളങ്കമെന്ന് കരുതി പിണറായി തളളിക്കളയേണ്ടതായിരുന്നു എന്നത്രേ, അങ്കത്തട്ടിലെ വായ്ത്താരി. ആ നിര്‍ബന്ധത്തിന് പിണറായിയെ കീഴ്പ്പെടുത്തുക എന്നതാണ് സൈബര്‍ ലോകത്തെ "പോക്രിത്തരാവകാശസംരക്ഷണ ഘോഷയാത്ര"യുടെ ലക്ഷ്യം.
പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും വിചാരണയ്ക്കും അതീതനല്ല. കഴിഞ്ഞ കുറേക്കാലമായി സകലമാന മാധ്യമങ്ങളുടെയും സ്വന്തം പാര്‍ട്ടിയിലും പുറത്തുമുളള രാഷ്ട്രീയ എതിരാളികളുടെയും അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനുമാണ് അദ്ദേഹം. എന്നാല്‍, കാര്‍ട്ടൂണുകള്‍ക്കോ കാരിക്കേച്ചറുകള്‍ക്കോ എതിരെയോ പത്രങ്ങളിലെയും ചാനലുകളിലെയും നിലവാരമുളളതും അല്ലാത്തതുമായ ആക്ഷേപഹാസ്യ പംക്തികള്‍ക്കെതിരെയോ അദ്ദേഹം കൊടുത്ത ഒരു കേസും സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷനിലുമില്ല. അതിന്റെ പേരില്‍ ആരെയെങ്കിലും ഉണ്ട തീറ്റിക്കുമെന്നൊരു ഭീഷണിയും നിലവിലില്ല. പ്രഥമദൃഷ്ട്യാപോലും നിലനില്‍ക്കുന്നതല്ല, രാഷ്ട്രീയ പരിഹാസം പിണറായി വിജയനെ അസഹിഷ്ണുവാക്കുന്നു എന്ന ആരോപണം.
സ്ഥാനത്തും അസ്ഥാനത്തുമുളള കൊടിയ വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നിവര്‍ന്ന് നിന്ന് നേരിടുന്ന പിണറായി, മലപ്പുറം കുറ്റിപ്പുറം സ്വദേശി മൊയ്തു സൃഷ്ടിച്ച ഒരു ഇമെയിലിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് ഓടണമായിരുന്നോ എന്ന് സന്ദേഹം പ്രസക്തം തന്നെയാണ്. അത്തരം സന്ദേഹങ്ങളും പ്രകടിപ്പിക്കാനുളളതാണ് ജനാധിപത്യം. അതുവേണ്ടായിരുന്നു എന്നു തന്നെയാണ് ഇതെഴുതുന്നയാളിന്റെയും അഭിപ്രായം.
പക്ഷേ, ആ സന്ദേഹങ്ങളെ മാനിക്കാനുളള യാതൊരു ബാധ്യതയും പിണറായി വിജയനില്ലെന്ന യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളാനുളള ബോധവും സന്ദേഹികള്‍ക്കുണ്ടാകണം. കാരണം മൊയ്തു ദുരുപയോഗം ചെയ്തത് പിണറായി വിജയന്റെ ഫോട്ടോയാണ്, സന്ദേഹികളുടേതല്ല. പിണറായി വിജയനെ സംബന്ധിച്ച് സൈബര്‍ നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചും അതൊരു കുറ്റകൃത്യമാണ്. കുറ്റകൃത്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇരയുടെ അവകാശമാണ്. വ്യക്തമായി പറഞ്ഞാല്‍, പിണറായി വിജയന്‍റെ ചിത്രം ഉപയോഗിച്ച് മൊയ്തു കൃത്രിമമായി നിര്‍മ്മിച്ച രാഷ്ട്രീയ വിശദീകരണക്കുറിപ്പിന്റെ പേരില്‍ നിയമനടപടികള്‍ക്കൊരുങ്ങാനുളള പിണറായിയുടെ അവകാശത്തിന്മേല്‍, മൂന്നാമതൊരാളിന്റെ സന്ദേഹങ്ങള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും നിയമപരമായോ ധാര്‍മ്മികമായോ യാതൊരു നിലനില്‍പ്പുമില്ല.
പിണറായിയെ ആക്രമിക്കുന്ന കാര്യത്തില്‍ സകല സദാചാര മര്യാദകളും ലംഘിച്ചുതുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പിണറായിയുടെ വീടിന്റെ വ്യാജഫോട്ടോ പ്രചരിപ്പിച്ചതു മുതല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് ഗോകുലം ഗോപാലനുമായി വിവാഹം നിശ്ചയിച്ചതു വരെയുളള സംഭവങ്ങളൊക്കെയും അരങ്ങേറിയത് സൈബര്‍ ലോകത്താണ്. (ഉദാഹരണം ഒന്ന്, രണ്ട്) അത്തരം പ്രചരണങ്ങള്‍ നിസങ്കോചം ആസ്വദിച്ചവര്‍, പരാതികളുണ്ടായപ്പോള്‍ ഒരുളുപ്പുമില്ലാതെ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെ പെയ്തിറങ്ങുന്ന അപവാദങ്ങള്‍ പിണറായി നിസംഗതയോടെ സഹിക്കണമെന്ന കല്‍പന എത്ര നിഷ്കളങ്കമായാണ് പൊതുമണ്ഡലത്തില്‍ ആധിപത്യം നേടുന്നത്.
പിണറായി വിജയന്‍ എന്തു ചെയ്യണമെന്ന് അദ്ദേഹമല്ല, ചില വേതാളങ്ങളാണുപോലും തീരുമാനിക്കേണ്ടത്. തന്റെ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയെഴുതിക്കൊടുക്കാന്‍ പോലും അവകാശമില്ലാത്ത മനുഷ്യനാകുന്നു, സിപിഎം സംസ്ഥാന സെക്രട്ടറി. പരാതിയുണ്ടെങ്കില്‍ അദ്ദേഹം നഗ്നപാദനായി നടന്നുകയറേണ്ടത് സൈബര്‍ ലോകത്തെ ആവിഷ്കാരാവകാശമാഫിയയുടെ ഹെഡ്ഡാപ്പീസിലേയ്ക്കാണ്. അവിടുന്ന് കിട്ടുന്ന വാറോലയിലെ ലിഖിതമനുസരിച്ചുവേണം പിന്നീടുളള ചലനങ്ങള്‍. കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ പുറപ്പെടുവിക്കുമ്പോഴും, അറിയുക ജനാധിപത്യാവകാശങ്ങളെക്കുറിച്ചുളള അപരിമേയമായ സങ്കല്‍പങ്ങളാണ് ആവിഷ്കാരമാഫിയ പങ്കുവെയ്ക്കുന്നത്!
ഒരുവശത്ത് കൊടിയ അപവാദങ്ങള്‍ അഴിച്ചുവിട്ട് നിര്‍ഭയം, നിരന്തരം പിണറായിയെയും കുടുംബത്തെയും വേട്ടയാടുക, മറുവശത്ത് അത്തരം പ്രചരണങ്ങള്‍ക്കെതിരെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളില്‍ക്കൂടി പ്രതികരിക്കാനുളള പിണറായി വിജയന്റെ അവകാശത്തിന് വില പറയുക. ഒരേ സംഘമാണ് ഇത് രണ്ടും ചെയ്യുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കലല്ല ഇക്കൂട്ടരുടെ ലക്ഷ്യം. മറിച്ച് പിണറായിയെ അവമതിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന പൈശാചികമായ ഹുങ്കിന്റെ പെരുമ്പറയാണ് ഇവിടെ മുഴങ്ങുന്നത്.
സിമി നസ്രേത്ത് വരച്ച ഈ കാര്‍ട്ടൂണ്‍ കാണുക. ഇതിലുദ്ധരിച്ചിരിക്കുന്ന വാചകങ്ങള്‍ പിണറായി വിജയന്റെ ഫോട്ടോയും വെച്ച് "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു, മലപ്പുറം മൊയ്തു. സിമിയുടെ കാര്‍ട്ടൂണ്‍ ഒരു രാഷ്ട്രീയ പരിഹാസത്തിന്റെ ആശയാവിഷ്കാരമാണെങ്കില്‍ മൊയ്തുവിന്റെ ചെയ്തി തികഞ്ഞ തല്ലുകൊള്ളിത്തരമാണ്. കാര്‍ട്ടൂണും കാരിക്കേച്ചറും വഴി ചൊരിയുന്ന പരിഹാസവും ഒരുത്തന്റെ പടം അതുപോലെ പ്രതിഷ്ഠിച്ച് നടത്തുന്ന പരിഹാസാഭാസവും നിയമത്തിന്റെ ദൃഷ്ടിയില്‍ രണ്ടുതന്നെയാണ്.
മൊയ്തുവിന്റെ വക ഇമെയിലെ ശങ്കരാടിയുടെ ഡയലോഗിലാണ് വിമര്‍ശനകേസരികള്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍, അതിലെ പിണറായിയുടെ ചിത്രവും "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന വ്യാജപ്രസ്താവനയുമാണ് കേസിനാസ്പദമെന്നും മൊയ്തു അകത്തുകിടക്കണോ വേണ്ടയോ എന്ന തീരുമാനിക്കപ്പെടുന്നത് ഇങ്ങനെ ചെയ്യാന്‍ ഒരു വ്യക്തിയ്ക്ക് അവകാശമുണ്ടോ എന്ന പ്രശ്നത്തിന്മേലുളളള തീര്‍പ്പിന്മേലാണെന്നും വിമര്‍ശകര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. ഈ ചെയ്തിയുടെ ന്യായാന്യായങ്ങളെക്കുറിച്ചുളള ചര്‍ച്ചകളില്‍ നിന്ന് അവരൊക്കെയും ഒളിച്ചോടുകയും ചെയ്യുന്നു.
വാസ്തവം എന്ന് തോന്നിപ്പിക്കുന്ന ഇത്തരം രേഖകള്‍ തയ്യാറാക്കുന്നത് ഐപിസി 471 പ്രകാരം ശിക്ഷാര്‍ഹമാണ്. രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം. 2008ലെ സൈബര്‍ നിയമം ഇല്ലെങ്കിലും പിണറായി വിജയന് പരാതിയുണ്ടെങ്കില്‍ മൊയ്തു അകത്ത് കിടക്കും എന്നര്‍ത്ഥം.
വേറൊരുദാഹരണം നോക്കുക. "റെജീനയോട് താന്‍ ചെയ്തത് ശരിയാണെന്ന് മലപ്പുറത്തെ മുസ്ലിംങ്ങള്‍ ഒടുവില്‍ തിരിച്ചറിഞ്ഞു എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. അതിനുളള തെളിവാണ് മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗിനുണ്ടായ മഹാവിജയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി " എന്നൊരു പത്രവാര്‍ത്ത കുഞ്ഞാലിക്കുട്ടിയുടെ ചിത്രം സഹിതം കൃത്രിമമായി നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. പത്രത്തിന്റെ മാസ്റ്റ്ഹെഡും ഫോണ്ടുമൊക്കെ കോപ്പിയടിക്കാന്‍ ഏറെ വൈദഗ്ധ്യമൊന്നും വേണ്ടതാനും. അങ്ങനെയൊന്നുണ്ടാക്കിയാല്‍, കോട്ടക്കല്‍ നഗരസഭാ കൌണ്‍സിലറും വനിതാലീഗ് നേതാവുമായ ടി വി സുലേഖാബീവിയുടെയും, മുസ്ളിംലീഗ് നേതാവും മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ എം റഷീദിന്റെയും മകളുടെ ഭര്‍ത്താവായ മൊയ്തു അതൊരു സാദാ രാഷ്ട്രീയ തമാശയായി തളളിക്കളയുമായിരുന്നോ എന്ന് നമുക്കറിയില്ല. പക്ഷേ, അത് ഐപിസി 471 പ്രകാരമുളള ക്രിമിനല്‍ കുറ്റമാണെന്നും മെയില്‍ ഫോര്‍വേഡായി അയച്ചാല്‍ സൈബര്‍ ആക്ട് പ്രകാരമുളള നടപടികള്‍ക്ക് ഇരയാകുമെന്നും അതുണ്ടാക്കുന്നവര്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ കേസും ജയിലുമൊക്കെ വഴിയേ വന്നേക്കാം. അന്നേരം ആവിഷ്കാരസ്വാതന്ത്ര്യം കുഞ്ഞാലിക്കുട്ടി കവര്‍ന്നേയെന്ന് വിലപിച്ച് ഓട്ടന്‍തുളളല്‍ നടത്തിയിട്ട് എന്തുകാര്യം...?
ഐപിസി 471 പ്രകാരമുളള കുറ്റം ചെയ്യുന്നതിനുളള അവകാശത്തിനുവേണ്ടി പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര നയിക്കുകയാണ് സൈബര്‍ ലോകത്തെ പിണറായി വിരുദ്ധര്‍. കുറ്റകൃത്യം ചെയ്യുന്നതിനുളള അവകാശത്തിനു വേണ്ടി വാദിക്കാനും ആളിനും യുക്തിയ്ക്കും കേരളത്തില്‍ പഞ്ഞമൊന്നുമില്ല, ഇരയുടെ കൂട്ടില്‍ പിണറായി വിജയന്‍ അടങ്ങിക്കിടക്കണമെന്ന് മാത്രം.
ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പരിമിതികളുളള രാജ്യമാണ് ഇന്ത്യ. എന്തും ചെയ്യാനുളള സ്വാതന്ത്ര്യമൊന്നും ഇവിടെയാര്‍ക്കുമില്ല. രാഷ്ട്രീയപരിഹാസം നടത്തുന്നതിനും ചില വ്യവസ്ഥകളൊക്കെയുണ്ട്. നിയമം അറിയില്ല എന്ന് പറയുന്നത് ഒരൊഴിവുകഴിവുമല്ല. എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നിയമവിദ്യാഭ്യാസം നല്‍കുന്ന ഏര്‍പ്പാടും ഇന്ത്യയില്ല. അറിയാത്ത പിളളമാരൊക്കെ വിവരങ്ങള്‍ അറിയുന്നത് ചൊറിയുമ്പോള്‍ തന്നെയാണ്. മൊയ്തുവിന്റെ അനുഭവം ഒരു മുന്നറിയിപ്പാണ്. പിണറായിയുടെ വീടെന്ന മട്ടില്‍ സീരിയല്‍ ഷൂട്ടിംഗ് നടന്ന മണിമാളികയുടെ ചിത്രം പ്രചരിപ്പിച്ചവരുടെ അനുഭവം പാഠമായി ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവര്‍ക്കുളള മുന്നറിയിപ്പ്. രാഷ്ട്രീയ പരിഹാസം വ്യാജരേഖ തയ്യാറാക്കിയല്ല വേണ്ടൂ എന്ന് പുതിയ കംസന്മാര്‍ തിരിച്ചറിയുക തന്നെ വേണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ പോലീസ് സ്റ്റേഷനൊക്കെ ഒന്നു സന്ദര്‍ശിക്കേണ്ടി വരും.
മാരീചന്റെ പേജിലേക്ക്
ഹഹഹഹ.... വിപ്ലവപ്പാര്‍ട്ടിഭക്തര്‍ നിയമം പറയാനും ഉദ്ദരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ ഭഗവാനെ !!! ഇമ്മാതിരി നല്ല മര്യാദരാമന്മാരെ ബ്രാഹ്മണ ജനത പാര്‍ട്ടിയില്‍ പോലും ഇപ്പോള്‍ കാണാന്‍ പ്രയാസമാണ് :)കമ്മീഷന്‍ ഏജറ്റുമാരുടെ പാര്‍ട്ടിയായ കാങ്രസ്സിലും അന്തോണിയെക്കൂടാതെ മര്യാദരാമന്മാരേയില്ലാതായിരിക്കുംബോഴാ നാഴ്സറി കുട്ടികാളുടെ നിഷ്ക്കളങ്ക ഭാവത്തോടെ മര്യാദാരാമന്മാരായ ജയരാജ കിങ്കരന്മാര്‍ ഇറങ്ങിയിരിക്കുന്നത് !!! ഹഹഹ......
ReplyDeleteഹാ... എന്തെന്തു മനോഹരമായ ലോ പോയിന്റുകളാണ് ചീട്ടിടുന്ന ലാഘവത്തില്‍ മുന്നിലേക്കിടുന്നത്. ആ പിണറായിയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും വേരടക്കം നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ ആനപ്പിണ്ഢ ആരാധകര്‍ !!!
മണല്‍ ചിറകൊണ്ട് മലവെള്ളത്തിന് തടയണകെട്ടുന്നതൊക്കെ കൊള്ളാം.
പിണറായിയെ ഇരയാക്കി ചോരയൊലിപ്പിച്ച് പ്രദര്‍ശിപ്പിച്ചാലൊന്നും ഇനി കേരളത്തില്‍ വോട്ടുകിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുനേരെ മുഖം തിരിച്ചുനില്‍ക്കാതെ ആത്മാര്‍ത്ഥമായി സാമൂഹ്യപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകതന്നെ വേണം.
ഹ.... ഹാ..... നിയമം പാലിക്കാന്‍ ഉള്ള ഒരുവെമ്പലേ..........!!!!!!!
ReplyDeleteIPC യും സൈബര്‍ നിയമവും പഠിക്കാന്‍ ശ്രമിച്ചത് നന്നായി.. അത് ഇവിടെ വിവരിച്ചതിനും... കേരള രാഷ്ട്രീയത്തില്‍ തലമുതിര്‍ന്ന ഒരു നേതാവ് ആയതിനാല്‍ (ആരായാലും ) വ്യക്തി ഹത്യ കൊടിയ പാപം (കുറ്റം ) തന്നെ... അത് ആക്ഷേപ ഹാസ്യ ലേബലില്‍ ആകുമ്പോള്‍ ; അതും ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഈ സമയത്ത് ആയത് മഹാ അപരാധം തന്നെ ...
ReplyDeleteതാങ്കള്‍ സൈബറും പീനല്‍ കോഡും വിട്ടു ബഹുമാന്യ സഖാക്കന്മാരുടെ പ്രസംഗ രീതി ഒന്ന് ശ്രദ്ധിക്കൂ... ഇത്രയും മാതൃകാ രാഷ്ട്രീയ പ്രസംഗം കേരളത്തില്‍ വേറെ ഉണ്ടാവില്ല... പത്രം മഞ്ഞ , പച്ച, കാവി ഒക്കെ ഉണ്ടെങ്കിലും കാമറ കണ്ണുകള്‍ കള്ളം പറയില്ലല്ലോ? (ഒറ്റ ക്കണ്ണന്‍ സാക്ഷി !!) സാമാന്യ ജനം ഇതൊക്കെ കാണുമെന്നും ശ്രദ്ധിക്കുമെന്നും അറിയാത്തവരാണോ നേതാക്കന്മാര്‍ ?
ഇത് തന്നെയാണ് നാം പറയുന്ന അസഹിഷ്ണുത (അത് ഒരു വാദം എന്ന് പറയാമെങ്കിലും)
എന്നാലും ഇത്തരം നിയമങ്ങള്‍ ഒക്കെ വശമുള്ള സഖാക്കള്‍ നിയമ പരിരക്ഷ നടത്താന്‍ ശ്രമിക്കുന്നത് നല്ല ലക്ഷണം തന്നെ
(സമരം, ഹര്‍ത്താല്‍ , എന്നുള്ള കലാ പരിപാടികള്‍ ഇനി മുതല്‍ അക്രമാസക്തമാവില്ല എന്ന് വിശ്വസിക്കാം...കാരണം നാം തന്നെ നിയമ സംരക്ഷകര്‍ .. അതില്‍ ഒരു പോഴന്മാരും കൊണ്ജാനന്മാരും പഠിപ്പിക്കേണ്ട ആവശ്യമില്ല.. ) അപ്പോള്‍ പറഞ്ഞു വന്നത്... അങ്ങിനെയാണ് താമരശ്ശേരി ചുരം ഉണ്ടായത്... ഇപ്പോള്‍ മനസ്സിലായില്ലേ?