Monday, November 29, 2010

ചന്ദ്രപ്പന്‍ സഖാവും ചില മദ്ധ്യവര്‍ഗ്ഗ ചിന്തകളും - കിരണ്‍ തോമസ്


സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശ്രീ സി.കെ ചന്ദ്രപ്പന്‍ വിവിധ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. സി.പി.എമിനെതിരെയുള്ള ഒളിയമ്പുകളാണ്‌ ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത്. മാധ്യമങ്ങളില്‍ വിവാദമാകുന്ന പല പ്രസ്താവനകളും പാര്‍ട്ടി മുന്നണി വേദികളില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും എന്നതാണ്‌ ഇരുവരുടെയും പ്രസ്താവനകളുടെ പ്രത്യെകത

ചന്ദ്രപ്പന്‍ പ്രധാനമായും ഉന്നയിച്ച മൂന്ന് വിഷയങ്ങള്‍ ഒന്നൊന്നായി പരിശോധിക്കാം
1) മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല
2) കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം
3) ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം


മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്‌ ശേഷം നടന്ന പല മാധ്യമ ചര്‍ച്ചയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം പറഞ്ഞ ഒരു പ്രധാന കാര്യം ഒരുപാട് കാര്യങ്ങള്‍ പാവങ്ങള്‍ക്ക് അനുകൂലമായി ചെയ്ത സര്‍ക്കരിന്‌ മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ പറ്റിയ പദ്ധതികളോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ പോയീ. ഇത് തന്നെയാണ്‌ ചന്ദ്രപ്പനും പറയുന്നത്. ഈപ്പറയുന്നതില്‍ വലിയൊരു യഥാര്‍ത്ഥ്യം ഉണ്ട് താനും. എന്നാല്‍ ഈ സര്‍ക്കാര്‍ മദ്ധ്യവര്‍ഗ്ഗത്തിന്‌ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്നതും ഈ അവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്

എന്താണ്‌ മദ്ധ്യവര്‍ഗ്ഗം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ,
  • സഞ്ചാരത്തിന്‌ നല്ല റോഡുകള്‍, പറ്റുമെങ്കില്‍ നാലുവരിപ്പാത തന്നെ ,
  • വിദ്യാഭ്യാസത്തിന്‌ സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,
  • ഷോപ്പിങ്ങിന്‌ മാളുകള്‍, കുത്തക റീട്ടെയില്‍ ഷോപ്പുകള്‍ ( റിലയന്‍സ്, മോര്‍....)
  • തൊഴിലിന്‌ സ്പെഷ്യല്‍ ഇക്ണോമിക് സോണുകള്‍ (സെസുകള്‍)
  • പിന്നെ കുറഞ്ഞ നിരക്കില്‍ തടസങ്ങളില്ലാതെ വൈദ്യുതി വെള്ളം

മുകളില്‍ പറഞ്ഞ ഒട്ടുമിക്ക വിഷയത്തിലും സി.പി.ഐ എന്ന പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്ക് വലിയ തോതിലുള്ള എതിര്‍പ്പാണ്‌ ഉള്ളത്. അത് നാലുവരിപ്പാത ആയാലും സെസുകളായലും സ്വയാശ്രയ വിദ്യാഭ്യാസമായാലും . കാനം രാജെന്ദ്രനും വി.എസ് സുനില്‍ കുമാര്‍ സുപാലും ജിസ് മോനുമെല്ലാം ഇവക്കൊക്കെ എതിരെ ഈ സര്‍ക്കാരിന്റെ കാലത്തും സമരങ്ങള്‍ നയിച്ചിട്ടുണ്ട്. സെസ് എന്ന് കേട്ടാല്‍ കാനം രാജെന്ദ്രന്‍ ഉറഞ്ഞു തുള്ളും റീട്ടെയില്‍ ചെയിന്‍ എന്ന് കേട്ടാല്‍ സുനില്‍ കുമാറും സുപാലും കല്ലെടുക്കും സ്വയാശ്രയ സ്ഥാപനം എന്ന് കേട്ടാല്‍ ജിസ് മോനും വടിയെടുക്കും.വ്യവസായ വകുപ്പ് കൊണ്ടുവന്ന എല്ലാ സ്വകര്യ പ്രോജക്ടുകളും തടയുന്നതില്‍ സിപിഐ അവരുടെതായ പങ്കുവഹിച്ചിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ ഓര്‍ക്കെണ്ടതുണ്ട്. ആ പ്രോജക്റ്റുകളെല്ലാം വിവാദങ്ങളിലൂടെ കടന്നു പോയീ പലതും നിയമയുദ്ധത്തിലേക്കും എത്തി നില്‍ക്കുന്നു. മാധ്യമങ്ങളൊന്നടങ്കം തീവ്ര ഇടതുപക്ഷമായ നാലര വര്‍ഷമാണ്‌ കടന്നു പോയത്. ഈ വസ്തുതകള്‍ കാണാതെ മദ്ധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് വ്യാകുലപ്പെട്ടിട്ട് എന്ത് കാര്യം.

കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം

കത്തോലിക്ക സഭയും സി.പി.എമും തമ്മില്‍ എന്തുകൊണ്ടാണ്‌ തര്‍ക്കങ്ങളുണ്ടായതെന്ന വസ്തുത് പോലും പരിഗണിക്കാതെയാണ്‌ ചന്ദ്രപ്പന്‍ ഈ വിഷയത്തില്‍ സി.പി.എമിനെ ഉപദേശിക്കുന്നത്. സ്വയാശ്രയ കോളെജ് വിഷയത്തിലാണ്‌ സഭയും സര്‍ക്കാരും ( ചന്ദ്രപ്പന്റെ കാഴ്ചപ്പാടില്‍ സി.പി.എം) ഉടക്ക് ആരംഭിക്കുന്നത്. സ്വയാശ്രയ നിയമവും തുടര്‍ന്നുണ്ടായ പുകിലുകളുമാണ്‌ സഭ ഇടത് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കാരണമായത്. മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ക്രൈസ്തവ ബിഷപ്പ് അനഭിലഷണീയമായ പരമര്‍ശം നടത്തിയപ്പോഴാണ്‌ പിണറായി വിജയന്‍ അതെ നാണയത്തില്‍ തിരിച്ചടിച്ചത്. തുടര്‍ന്ന് വന്ന തിരുവമ്പാറ്റി ഉപതിരഞ്ഞെടുപ്പില്‍ കൂടരഞ്ഞി പള്ളി വികാരി അടക്കമുള്ളവര്‍ പരസ്യമായി ഇടത് വിരുദ്ധ പ്രചരണം നടത്തി എന്നിട്ടും അവിടെ ഇടതുപക്ഷം വിജയിച്ചു.

പിന്നെ അങ്ങോട്ട് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലായിരുന്നു സഭാ നേതൃത്വം. മുരിങ്ങൂര്‍ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി ഇടപെടല്‍ പോലും പാര്‍ട്ടി ഇടപെട്ട് നടത്തിയതാണ്‌ എന്ന് സഭയിലെ പുരോഹിതര്‍ ആരോപിച്ചു. തുടര്‍ന്ന് പാഠപുസ്തക വിവാദം അവസാനം ഇടതു സര്‍ക്കാരിനെ എങ്ങനെയും പാഠം പഠിപ്പിക്കും എന്ന നിലപാടാണ്` സഭ കൈക്കൊണ്ടത്. ലോകസഭ തിരഞ്ഞെടുപ്പിലും പഞ്ചയത്ത് തിരഞ്ഞെടുപ്പിലുമൊക്കെ സഭ ഇടതുപക്ഷത്തിനെതിരെ നിലയുറപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ സഭാവിശ്വാസികള്‍ ഇടത് സ്വതന്ത്രര്‍ പോലുമാകരുത് എന്ന് ഇടയലെഖനങ്ങളിലൂടെ ഉല്‍ബോധിപ്പിച്ചു.


ഈ സാഹചര്യത്തിലാണ്‌ സഭ രാഷ്ട്രിയത്തില്‍ ഇടപെടരുത് എന്ന് ഇടത് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അതില്‍ തെറ്റില്ല എന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. പക്ഷെ ചന്ദ്രപ്പന്‍ പറയുന്നത് ഇതിന്റെ ഇടയില്‍ എവിടെ വരും എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല

ഇനി നികൃഷ്ട ജീവി എന്ന മാനാന്തവാടി ബിഷപ്പിനെതിരായ പരാമര്‍ശത്തെയാണോ ചന്ദ്രപ്പന്‍ ഇപ്പോഴും ആധാരമാക്കുന്നതെന്ന് അറിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്‌ പിതാക്കന്മാരെ അപമാനിച്ചത് പിണറായി ആണെങ്കില്‍ മാത്രമെ സഭക്ക് പ്രശ്നമുള്ളൂ എന്നതും ചന്ദ്രപ്പന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ മാണിഗ്രുപ്പിന്റെ ഏക വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ് കാഞ്ഞിരപ്പള്ളിപ്പിതാവിനെപ്പറ്റി ഇന്ത്യാവിഷന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞത് പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ്‌ ( ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍). അറക്കപ്പിതാവ് ഒരു ബിഷപ്പാകാന്‍ മാത്രമല്ല ഒരു കത്തോലിക്കനാകാന്‍ പോലും യോഗ്യത ഇല്ലാത്ത ആളാണ്‌ എന്ന് ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. അന്നൊന്നും സഭ പ്രകോപിതമായില്ല എന്ന് മാത്രമല്ല ഇന്ന് ജോര്‍ജ്ജ് സഭയുടെ സ്വന്തക്കാരനുമാണ്‌

ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം

ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത് ലാവ്‌ലിന്‍ കേസില്‍ അദ്ദേഹം പരാമര്‍ശം നടത്തുന്നത് കൊണ്ടു കൂടെയാണ്‌.എന്നാല്‍ സി.പി.എം പറയാത്ത നിലപാടാണ്‌ ചന്ദ്രപ്പന്‍ പറയുന്നത് എന്നതാണ്‌ ഇതിലെ തമാശ. രാഷ്ട്രിയപരമായും നിയമപരമായും ലാവ്‌ലിന്‍ കേസ് നേരിടും എന്നാണ്‌ സി.പി.എം പറഞ്ഞിട്ടുള്ളത് എന്നാല്‍ അത് ചന്ദ്രപ്പന്‍ പറയുമ്പോള്‍ രാഷ്ട്രീയപരമായും സംഘടനപരമായും എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് പറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ ചിന്തിക്കുക സി.പി.എം ഈ കേസ് നിയമപരമായി നേരിടുന്നില്ല എന്നാണ്. ചന്ദ്രപ്പന്റെ ഉദ്യേശവും അങ്ങനെ തന്നെ. എന്നാല്‍ ചന്ദ്രപ്പന്‍ ഈ വിഷയം ആദ്യം പറയേണ്ടത് സി.പി.ഐ മന്ത്രിമാരുടെ അടുത്താണ്‌. പിണറായിയെ പ്രോസ്യുക്ക്യുട്ട് ചെയ്യെണ്ട എന്ന് മന്ത്രിസഭ യോഗത്തില്‍ നിലപാട് സ്വീകരിച്ച സി.പി.ഐ മന്ത്രിമാരും അതിന്‌ അവരെ അനുവദിച്ച് സി.പി.ഐ പാര്‍ട്ടിയും ഈ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചു എന്നത് വിശദീകരിക്കേണ്ടതുണ്ട്. അന്ന് മൌനം പാലിച്ച ചന്ദ്രപ്പന്‍ ലാവ്‌ലിന്‍ തിരഞ്ഞെടുപ്പ് വിഷമല്ലാതെ ആയ സാഹചര്യത്തില്‍ വീണ്ടും കുത്തിപ്പൊക്കുന്നതിലുള്ള സ്വാര്‍ത്ഥ താല്‍പ്പര്യമെന്ത് എന്നത് ഇനിയും വെളിപ്പെടാനിരിക്കുന്നതെ ഉള്ളൂ.

കിരണിന്റെ പേജ്

No comments:

Post a Comment