Monday, November 29, 2010

ചന്ദ്രപ്പന്‍ സഖാവും ചില മദ്ധ്യവര്‍ഗ്ഗ ചിന്തകളും - കിരണ്‍ തോമസ്


സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശ്രീ സി.കെ ചന്ദ്രപ്പന്‍ വിവിധ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. സി.പി.എമിനെതിരെയുള്ള ഒളിയമ്പുകളാണ്‌ ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത്. മാധ്യമങ്ങളില്‍ വിവാദമാകുന്ന പല പ്രസ്താവനകളും പാര്‍ട്ടി മുന്നണി വേദികളില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും എന്നതാണ്‌ ഇരുവരുടെയും പ്രസ്താവനകളുടെ പ്രത്യെകത

ചന്ദ്രപ്പന്‍ പ്രധാനമായും ഉന്നയിച്ച മൂന്ന് വിഷയങ്ങള്‍ ഒന്നൊന്നായി പരിശോധിക്കാം
1) മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല
2) കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം
3) ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം


മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്‌ ശേഷം നടന്ന പല മാധ്യമ ചര്‍ച്ചയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം പറഞ്ഞ ഒരു പ്രധാന കാര്യം ഒരുപാട് കാര്യങ്ങള്‍ പാവങ്ങള്‍ക്ക് അനുകൂലമായി ചെയ്ത സര്‍ക്കരിന്‌ മദ്ധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താന്‍ പറ്റിയ പദ്ധതികളോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ പോയീ. ഇത് തന്നെയാണ്‌ ചന്ദ്രപ്പനും പറയുന്നത്. ഈപ്പറയുന്നതില്‍ വലിയൊരു യഥാര്‍ത്ഥ്യം ഉണ്ട് താനും. എന്നാല്‍ ഈ സര്‍ക്കാര്‍ മദ്ധ്യവര്‍ഗ്ഗത്തിന്‌ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്നതും ഈ അവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്

എന്താണ്‌ മദ്ധ്യവര്‍ഗ്ഗം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ,
  • സഞ്ചാരത്തിന്‌ നല്ല റോഡുകള്‍, പറ്റുമെങ്കില്‍ നാലുവരിപ്പാത തന്നെ ,
  • വിദ്യാഭ്യാസത്തിന്‌ സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,
  • ഷോപ്പിങ്ങിന്‌ മാളുകള്‍, കുത്തക റീട്ടെയില്‍ ഷോപ്പുകള്‍ ( റിലയന്‍സ്, മോര്‍....)
  • തൊഴിലിന്‌ സ്പെഷ്യല്‍ ഇക്ണോമിക് സോണുകള്‍ (സെസുകള്‍)
  • പിന്നെ കുറഞ്ഞ നിരക്കില്‍ തടസങ്ങളില്ലാതെ വൈദ്യുതി വെള്ളം

മുകളില്‍ പറഞ്ഞ ഒട്ടുമിക്ക വിഷയത്തിലും സി.പി.ഐ എന്ന പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്ക് വലിയ തോതിലുള്ള എതിര്‍പ്പാണ്‌ ഉള്ളത്. അത് നാലുവരിപ്പാത ആയാലും സെസുകളായലും സ്വയാശ്രയ വിദ്യാഭ്യാസമായാലും . കാനം രാജെന്ദ്രനും വി.എസ് സുനില്‍ കുമാര്‍ സുപാലും ജിസ് മോനുമെല്ലാം ഇവക്കൊക്കെ എതിരെ ഈ സര്‍ക്കാരിന്റെ കാലത്തും സമരങ്ങള്‍ നയിച്ചിട്ടുണ്ട്. സെസ് എന്ന് കേട്ടാല്‍ കാനം രാജെന്ദ്രന്‍ ഉറഞ്ഞു തുള്ളും റീട്ടെയില്‍ ചെയിന്‍ എന്ന് കേട്ടാല്‍ സുനില്‍ കുമാറും സുപാലും കല്ലെടുക്കും സ്വയാശ്രയ സ്ഥാപനം എന്ന് കേട്ടാല്‍ ജിസ് മോനും വടിയെടുക്കും.വ്യവസായ വകുപ്പ് കൊണ്ടുവന്ന എല്ലാ സ്വകര്യ പ്രോജക്ടുകളും തടയുന്നതില്‍ സിപിഐ അവരുടെതായ പങ്കുവഹിച്ചിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ ഓര്‍ക്കെണ്ടതുണ്ട്. ആ പ്രോജക്റ്റുകളെല്ലാം വിവാദങ്ങളിലൂടെ കടന്നു പോയീ പലതും നിയമയുദ്ധത്തിലേക്കും എത്തി നില്‍ക്കുന്നു. മാധ്യമങ്ങളൊന്നടങ്കം തീവ്ര ഇടതുപക്ഷമായ നാലര വര്‍ഷമാണ്‌ കടന്നു പോയത്. ഈ വസ്തുതകള്‍ കാണാതെ മദ്ധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് വ്യാകുലപ്പെട്ടിട്ട് എന്ത് കാര്യം.

കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സി.പി.എമിന്റെ ഭാഷയും രീതിയും മാറണം

കത്തോലിക്ക സഭയും സി.പി.എമും തമ്മില്‍ എന്തുകൊണ്ടാണ്‌ തര്‍ക്കങ്ങളുണ്ടായതെന്ന വസ്തുത് പോലും പരിഗണിക്കാതെയാണ്‌ ചന്ദ്രപ്പന്‍ ഈ വിഷയത്തില്‍ സി.പി.എമിനെ ഉപദേശിക്കുന്നത്. സ്വയാശ്രയ കോളെജ് വിഷയത്തിലാണ്‌ സഭയും സര്‍ക്കാരും ( ചന്ദ്രപ്പന്റെ കാഴ്ചപ്പാടില്‍ സി.പി.എം) ഉടക്ക് ആരംഭിക്കുന്നത്. സ്വയാശ്രയ നിയമവും തുടര്‍ന്നുണ്ടായ പുകിലുകളുമാണ്‌ സഭ ഇടത് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കാരണമായത്. മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ക്രൈസ്തവ ബിഷപ്പ് അനഭിലഷണീയമായ പരമര്‍ശം നടത്തിയപ്പോഴാണ്‌ പിണറായി വിജയന്‍ അതെ നാണയത്തില്‍ തിരിച്ചടിച്ചത്. തുടര്‍ന്ന് വന്ന തിരുവമ്പാറ്റി ഉപതിരഞ്ഞെടുപ്പില്‍ കൂടരഞ്ഞി പള്ളി വികാരി അടക്കമുള്ളവര്‍ പരസ്യമായി ഇടത് വിരുദ്ധ പ്രചരണം നടത്തി എന്നിട്ടും അവിടെ ഇടതുപക്ഷം വിജയിച്ചു.

പിന്നെ അങ്ങോട്ട് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലായിരുന്നു സഭാ നേതൃത്വം. മുരിങ്ങൂര്‍ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി ഇടപെടല്‍ പോലും പാര്‍ട്ടി ഇടപെട്ട് നടത്തിയതാണ്‌ എന്ന് സഭയിലെ പുരോഹിതര്‍ ആരോപിച്ചു. തുടര്‍ന്ന് പാഠപുസ്തക വിവാദം അവസാനം ഇടതു സര്‍ക്കാരിനെ എങ്ങനെയും പാഠം പഠിപ്പിക്കും എന്ന നിലപാടാണ്` സഭ കൈക്കൊണ്ടത്. ലോകസഭ തിരഞ്ഞെടുപ്പിലും പഞ്ചയത്ത് തിരഞ്ഞെടുപ്പിലുമൊക്കെ സഭ ഇടതുപക്ഷത്തിനെതിരെ നിലയുറപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ സഭാവിശ്വാസികള്‍ ഇടത് സ്വതന്ത്രര്‍ പോലുമാകരുത് എന്ന് ഇടയലെഖനങ്ങളിലൂടെ ഉല്‍ബോധിപ്പിച്ചു.


ഈ സാഹചര്യത്തിലാണ്‌ സഭ രാഷ്ട്രിയത്തില്‍ ഇടപെടരുത് എന്ന് ഇടത് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അതില്‍ തെറ്റില്ല എന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. പക്ഷെ ചന്ദ്രപ്പന്‍ പറയുന്നത് ഇതിന്റെ ഇടയില്‍ എവിടെ വരും എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല

ഇനി നികൃഷ്ട ജീവി എന്ന മാനാന്തവാടി ബിഷപ്പിനെതിരായ പരാമര്‍ശത്തെയാണോ ചന്ദ്രപ്പന്‍ ഇപ്പോഴും ആധാരമാക്കുന്നതെന്ന് അറിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്‌ പിതാക്കന്മാരെ അപമാനിച്ചത് പിണറായി ആണെങ്കില്‍ മാത്രമെ സഭക്ക് പ്രശ്നമുള്ളൂ എന്നതും ചന്ദ്രപ്പന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ മാണിഗ്രുപ്പിന്റെ ഏക വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ് കാഞ്ഞിരപ്പള്ളിപ്പിതാവിനെപ്പറ്റി ഇന്ത്യാവിഷന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞത് പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ്‌ ( ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍). അറക്കപ്പിതാവ് ഒരു ബിഷപ്പാകാന്‍ മാത്രമല്ല ഒരു കത്തോലിക്കനാകാന്‍ പോലും യോഗ്യത ഇല്ലാത്ത ആളാണ്‌ എന്ന് ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. അന്നൊന്നും സഭ പ്രകോപിതമായില്ല എന്ന് മാത്രമല്ല ഇന്ന് ജോര്‍ജ്ജ് സഭയുടെ സ്വന്തക്കാരനുമാണ്‌

ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും സംഘടനപരമായും നേരിടും എന്ന സി.പി.എമിന്റെ രീതി ജനങ്ങള്‍ അംഗീകരിക്കുമോ എന്ന് പരിശോധിക്കണം

ചന്ദ്രപ്പനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നത് ലാവ്‌ലിന്‍ കേസില്‍ അദ്ദേഹം പരാമര്‍ശം നടത്തുന്നത് കൊണ്ടു കൂടെയാണ്‌.എന്നാല്‍ സി.പി.എം പറയാത്ത നിലപാടാണ്‌ ചന്ദ്രപ്പന്‍ പറയുന്നത് എന്നതാണ്‌ ഇതിലെ തമാശ. രാഷ്ട്രിയപരമായും നിയമപരമായും ലാവ്‌ലിന്‍ കേസ് നേരിടും എന്നാണ്‌ സി.പി.എം പറഞ്ഞിട്ടുള്ളത് എന്നാല്‍ അത് ചന്ദ്രപ്പന്‍ പറയുമ്പോള്‍ രാഷ്ട്രീയപരമായും സംഘടനപരമായും എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് പറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ ചിന്തിക്കുക സി.പി.എം ഈ കേസ് നിയമപരമായി നേരിടുന്നില്ല എന്നാണ്. ചന്ദ്രപ്പന്റെ ഉദ്യേശവും അങ്ങനെ തന്നെ. എന്നാല്‍ ചന്ദ്രപ്പന്‍ ഈ വിഷയം ആദ്യം പറയേണ്ടത് സി.പി.ഐ മന്ത്രിമാരുടെ അടുത്താണ്‌. പിണറായിയെ പ്രോസ്യുക്ക്യുട്ട് ചെയ്യെണ്ട എന്ന് മന്ത്രിസഭ യോഗത്തില്‍ നിലപാട് സ്വീകരിച്ച സി.പി.ഐ മന്ത്രിമാരും അതിന്‌ അവരെ അനുവദിച്ച് സി.പി.ഐ പാര്‍ട്ടിയും ഈ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചു എന്നത് വിശദീകരിക്കേണ്ടതുണ്ട്. അന്ന് മൌനം പാലിച്ച ചന്ദ്രപ്പന്‍ ലാവ്‌ലിന്‍ തിരഞ്ഞെടുപ്പ് വിഷമല്ലാതെ ആയ സാഹചര്യത്തില്‍ വീണ്ടും കുത്തിപ്പൊക്കുന്നതിലുള്ള സ്വാര്‍ത്ഥ താല്‍പ്പര്യമെന്ത് എന്നത് ഇനിയും വെളിപ്പെടാനിരിക്കുന്നതെ ഉള്ളൂ.

കിരണിന്റെ പേജ്

Thursday, November 25, 2010

മായുന്ന മാമ്പഴക്കാലം -എം.കെ. കൃഷ്ണകുമാര്‍








കിളിയും തവളയും ഇരകള്‍


കാലാവസ്ഥാമാറ്റം കിളികളെ ബാധിച്ചു തുടങ്ങിയോ? ഒരു പഠനവും ഇതിനുത്തരം നല്‍കുന്നില്ല. എന്നാല്‍, വര്‍ഷങ്ങളോളം കിളികള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്ന, അവയുടെ ജീവിതം ശ്രദ്ധിക്കുന്ന, പക്ഷിനിരീക്ഷകര്‍ക്ക് ആശങ്കകളുണ്ട്. നാട്ടിലെ കാവുകളും മരങ്ങളും ചതുപ്പുകളും ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ കുറഞ്ഞതോടെ പലയിനം കിളികളെയും കാണാതായിട്ടുണ്ട്. കാടുകളില്‍ത്തന്നെ കിളികള്‍ പലതും കുറഞ്ഞുതുടങ്ങി. ഈ സാഹചര്യത്തിലാണ് മാറുന്ന കാലാവസ്ഥയുടെ സ്വാധീനം കൂടുതല്‍ ഭീഷണിയാവുന്നത്.

കിളിമുട്ടകള്‍ വിരിയാതെ നശിക്കുന്ന പ്രവണത കൂടിവരുന്നുവെന്നാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം വെളിപ്പെടുത്തുന്നത്.
വയനാട്ടിലെ തൃക്കൈപ്പറ്റ മുതല്‍ മണിക്കുന്ന് മല വരെയുള്ള മൂന്നു കിലോമീറ്റര്‍ പ്രദേശത്ത് വിവിധ കിളികളുടെ പത്ത് കൂടുകള്‍ വീതം നിരീക്ഷിച്ചത് എന്‍.വി.കൃഷ്ണന്‍ എന്ന പക്ഷി നിരീക്ഷകനാണ്. 2007, 2008, 2009, 2010 ന്റെ ആദ്യപകുതി മാസങ്ങള്‍ എന്നീ കാലങ്ങളിലാണ് കിളിക്കൂടുകള്‍ ശ്രദ്ധിച്ചത് (ചിത്രങ്ങള്‍ കാണുക).



ഇരട്ടത്തലച്ചി എന്ന റെഡ്‌വിസ്‌കേഡു ബുള്‍ബുള്ളിന്റെ പത്ത് കൂടുകള്‍ നിരീക്ഷിച്ചപ്പോള്‍ 2007-ല്‍ നാല് കൂട്ടിലെ മുട്ടകളെല്ലാം വിരിഞ്ഞതായി കണ്ടു. ഒരു കൂട്ടിലെ മുട്ടകള്‍ വിരിയാതെ നശിച്ചു. അഞ്ചെണ്ണത്തിലെ മുട്ടകള്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. എന്നാല്‍ 2009-ലെ പത്ത് കൂടുകളിലെ മൂന്നു കൂടുകളിലേത് മുഴുവന്‍ വിരിഞ്ഞപ്പോള്‍ രണ്ടു കൂടുകളിലേത് വിരിഞ്ഞില്ല. 2010-ല്‍ വിരിയാത്ത കൂടുകള്‍ മൂന്നെണ്ണമായി. ഇതിനനുസരിച്ച് ഈ കിളികളെ കാണുന്നതും കുറഞ്ഞുതുടങ്ങി. നീലപ്പാറ്റപിടിയന്‍ എന്ന ബ്ലാക്ക് നേപ്ഡ് മൊണാര്‍ക്ക്, മരതകപ്രാവ്, പുള്ളിപ്രാവ് എന്നിവയുടെ മുട്ടകളും ഇതുപോലെ വിരിയാന്‍ 'മടിക്കുന്ന'തായി കാണുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റം മാത്രമാണ് ഇതിന് കാരണമെന്ന് തീര്‍ച്ചയില്ലെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. കിളികളുടെ തീറ്റയില്‍ വന്ന മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ടാവാം.

ദിവസേന കാണുന്ന മേല്‍പ്പറഞ്ഞ പക്ഷികളുടെ എണ്ണം 2007 മുതല്‍ 74, 77, 62, 54 എന്നിങ്ങനെയാണ്.
വംശനാശം വന്ന കിളികളുടെ കൂട്ടത്തിലേക്ക് പുതിയ ഇനങ്ങള്‍ ചേര്‍ക്കാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ഈ നിരീക്ഷണങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളോട് കിളികള്‍ പെട്ടെന്ന് പ്രതികരിക്കുന്നു. ലോകത്ത് എല്ലായിടത്തും അതങ്ങനെയാണ്. വടക്കേ അമേരിക്കയിലെ 305 ഇനം കിളികളില്‍ പകുതിയും മഞ്ഞുകാലദേശാടനത്തിന് മുമ്പ് പോയിരുന്നതിനേക്കാള്‍ 35 മൈല്‍ അകലേക്കാണ് ഇപ്പോള്‍ പോകുന്നത്. ഇവയില്‍ ചിലയിനങ്ങള്‍ കൂടുതല്‍ തീറ്റതേടിയും വാസസ്ഥലങ്ങള്‍ തേടിയുമാകാം പോകുന്നത്. എന്നാല്‍, ഇത്രയധികം ഇനം ദേശാടനസ്ഥലം മാറ്റുന്നത് കാലാവസ്ഥാമാറ്റം കൊണ്ടുതന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. 40 കൊല്ലത്തെ പഠനങ്ങള്‍ പറയുന്നത്, അമേരിക്കയിലെ ജനവരിയിലെ ശരാശരി ചൂട് അഞ്ചു ഡിഗ്രി ഫാറന്‍ഹീറ്റ് കൂടിയെന്നാണ്.
നമ്മുടെ വീട്ടുപറമ്പിലേക്ക് നോക്കിയാലും ഈ മാറ്റം കാണാം. കടുത്ത വേനലില്‍ അവിടെ കിളികള്‍ വളരെ കുറവായിരിക്കും. കാറ്റും തണുപ്പും വരുന്നതോടെ പലതും വന്നുചേരുന്നു.

കാലാവസ്ഥാമാറ്റം കിളികളുടെ വംശവര്‍ധനയെ സാരമായി ബാധിക്കുമെന്നതിന് വയനാട്ടില്‍ നിന്നുമാത്രമല്ല സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും തെളിവുണ്ട്. 2005-ല്‍ അലാസ്‌കയില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം സാന്‍ഫ്രാന്‍സിസ്‌കോയുടെ പടിഞ്ഞാറന്‍ ദ്വീപിലെ 'ഓക്‌ലെറ്റ്' എന്ന കടല്‍പ്പക്ഷികളെ ബാധിക്കുകയുണ്ടായി. അതിങ്ങനെയാണ് : അലാസ്‌ക ഉള്‍ക്കടലില്‍ ഉണ്ടായ മാറ്റംകാരണം അപ്‌വെല്ലിങ് (കടലിലെ അടിവെള്ളം മുകളിലെത്തുന്ന പ്രതിഭാസം) ഇല്ലാതായി. അപ്പോള്‍, പോഷകസമൃദ്ധവും തണുപ്പുള്ളതുമായ വെള്ളം മുകളിലെത്താതാവുകയും ചെറുസസ്യങ്ങളും ചെറുജീവികളും വളരാതാവുകയും ചെയ്തു. ഇതോടെ കടല്‍പ്പക്ഷികള്‍ പട്ടണിയായി. മുട്ടകള്‍ വിരിയാതായി. വിരിഞ്ഞുവന്ന കുഞ്ഞുങ്ങള്‍ തന്നെ പട്ടിണികിടന്നു ചത്തു. ദ്വീപിലെ നാല്പതിനായിരത്തോളം പക്ഷിക്കുഞ്ഞുങ്ങളാണ് ഇങ്ങനെ ഇല്ലാതായത്. ദ്വീപ് വലിയൊരു മോര്‍ച്ചറി പോലെയായി എന്നാണ് ജൈവശാസ്ത്രജ്ഞര്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. കൂട്ടില്‍ വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാനാവാതെ അസ്വസ്ഥത പ്രകടിപ്പിച്ച അമ്മക്കിളികള്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് അവര്‍ രേഖപ്പെടുത്തുന്നു.
ആഗോളതാപനം കാലക്രമത്തില്‍ കടല്‍പ്പക്ഷികളെ കൂട്ടത്തോടെ വംശനാശം വരുത്തുമെന്ന ഭയം ശാസ്ത്രജ്ഞര്‍ക്കുണ്ട്. 2005-ലെ ദുരന്തം തുടര്‍ച്ചയായി ആവര്‍ത്തിക്കാനുള്ള സാധ്യതയും അവര്‍ പ്രവചിക്കുന്നു.
എല്‍-നിനോയുടെ ഭാഗമായി ചൂടേറിയവെള്ളം പസഫിക് തീരത്ത് അനേകം ഓക്‌ലെറ്റ് കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിരുന്നു. 1983-ലും 1998-ലുമാണ് ഇതുണ്ടായത്. എന്നാല്‍ 2005-ലെ സംഭവമാണ് ഏറ്റവും വലിയ ദുരന്തമായത്. ഇത് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ദുരിതത്തിന്റെ ആഴം കൂട്ടി.

കാലാവസ്ഥാമാറ്റത്തിന്റെ ഭാവിഫലങ്ങള്‍ വിവരണാതീതമാണ്. 25 ശതമാനം ഇനം സസ്തനികളും 12 ശതമാനം ഇനം പക്ഷികളും മുപ്പതോ നാല്പതോ കൊല്ലത്തിനുള്ളില്‍ വംശനാശത്തിലാവും. വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയ ആവാസകേന്ദ്രങ്ങള്‍ നശിക്കുന്നതുകൊണ്ടാണിത് സംഭവിക്കുക. ഭൂമിയുടെ ഒട്ടേറെ ഭാഗങ്ങളിലും മനുഷ്യന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എത്തുന്നതുകൊണ്ട് ഈ ജീവികള്‍ക്ക് എവിടേക്കെങ്കിലും ദേശാടനം ചെയ്ത് രക്ഷപ്പെടാനും വഴിയില്ലാതാവും.
തവളകളില്‍ കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന സ്വാധീനം മറ്റൊരു വിധമാണ്. തവളകള്‍ രോഗംവന്നു ചാവുന്നതു കൂടുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതു സംബന്ധിച്ച ഒരു നിരീക്ഷണം ഇങ്ങനെ: ''രോഗം തവളകളെ കൊല്ലുന്ന വെടിയുണ്ടയാണെങ്കില്‍ അതിനുള്ള കാഞ്ചി വലിക്കുന്നത് കാലാവസ്ഥാമാറ്റമാണ്.''
110 ഇനം ഹാര്‍ലിക്വിന്‍ സ്​പീഷിസ് തവളകളില്‍ മൂന്നില്‍ രണ്ടുഭാഗവും നശിച്ചത് ഒരിനം ഫംഗസ് രോഗം കാരണമാണ്. 1980-കളിലും 90 കളിലുമാണ് ഇത് സംഭവിച്ചത്. കനം നന്നേകുറഞ്ഞ തൊലിയുള്ള തവളകളെപ്പോലുള്ള ഉഭയജീവികളെ ചൂട്, ഈര്‍പ്പം, വായു-ജല ഗുണനിലവാരം എന്നിവയിലെ ചെറിയ മാറ്റങ്ങള്‍പോലും സാരമായി ബാധിക്കും. തവളകള്‍ക്ക് ഫംഗസ് രോഗം ബാധിച്ചത് ഇതുകൊണ്ടാണെന്ന് പറയുന്നു. പകല്‍ ചൂട് കുറഞ്ഞിരിക്കുകയും രാത്രി കൂടുകയും ചെയ്യുന്ന കാലാവസ്ഥയില്‍ ഫംഗസ് ഈ തവളകളെ രൂക്ഷമായി ബാധിക്കുകയാണുണ്ടായത്. 2050-ഓടെ ഉഭയജീവികളില്‍ മൂന്നിലൊരുഭാഗം അന്യം നില്‍ക്കുമെന്ന് ബ്രിട്ടനിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനത്തില്‍ പറയുന്നു.

കാടിറങ്ങുന്ന രാജവെമ്പാലകള്‍


മൃഗശാലകളിലല്ലാതെ രാജവെമ്പാലയെ കാണാന്‍ കഴിയുന്നത് അപൂര്‍വമായിരുന്നു. കാടുകളില്‍ തന്നെ ഉള്‍ഭാഗങ്ങളിലായിരിക്കും ഇവയുടെ ജീവിതം. എന്നാല്‍ ഒരു കൊല്ലത്തിനുള്ളില്‍ 17 രാജവെമ്പാലകളെയാണ് തളിപ്പറമ്പ്, കണ്ണവം, കൊട്ടിയൂര്‍ റെയ്ഞ്ചുകളുടെ പരിധിയില്‍നിന്ന് വനം വകുപ്പുകാര്‍ പിടികൂടി കാട്ടിലേക്ക് വിട്ടത്.

കേരളത്തിന്റെ എല്ലാഭാഗത്തും രാജവെമ്പാലകള്‍ നാട്ടിലിറങ്ങിയ വാര്‍ത്തകള്‍ കാണാം. പോലീസും നാട്ടുകാരും പാമ്പുപിടിത്ത വിദഗ്ധരുമെല്ലാം ഇവയെ പിടികൂടി പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും പതിവായിട്ടുണ്ട്.

നിത്യഹരിത വനങ്ങളിലും മുളങ്കാടുകളിലും കഴിയുന്ന ഇവ പുറത്തിറങ്ങാന്‍ കാരണം ചൂട് കൂടിയതും ഭക്ഷണദൗര്‍ലഭ്യവുമാണ്. പാമ്പ് മാത്രമല്ല, ആനയും മാനും ഈ വിധം ഇടയ്ക്കിടെ കാടുവിടുന്നു. ചിലപ്പോള്‍ കിണറ്റിലും കെണിയിലും വന്നുവീഴുന്നു.
അതിരപ്പിള്ളി വനമേഖലയില്‍ രാജവെമ്പാലകളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ബൈജു കെ. വാസുദേവന്‍ പറയുന്നതിങ്ങനെ: ''കാട്ടിലെ ജലാശയങ്ങളില്‍ രാജവെമ്പാലകള്‍ കളിച്ച് രസിക്കുന്നത് കണ്ടിട്ടുണ്ട്. ചൂട് ഇവയ്ക്ക് തീരെ സഹിക്കാനാവില്ല. കാട്ടിനകത്ത് ചൂട് കൂടുമ്പോള്‍ തണുപ്പുതേടി ഇവ പുറത്തിറങ്ങാറുണ്ട്. നാട്ടില്‍ വീടുകളുടെ കുളിമുറി പരിസരങ്ങളിലാണ് രാജവെമ്പാലകളെ കൂടുതല്‍ കണ്ടിട്ടുള്ളത് എന്നതിന് കാരണം ഇതാണ്. തണുപ്പുള്ള മരച്ചുവടുകളിലെ പൊത്തുകളില്‍ മുട്ടയിടുന്നതും ഇതുകൊണ്ടുതന്നെ''
-ബൈജു പറയുന്നു.

ചൂടും തണുപ്പും അപ്രതീക്ഷിതമായി മാറുന്നത് പാമ്പുകളുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഫ്രാന്‍സിലെയും ഓസ്‌ട്രേലിയയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം ഇങ്ങനെയായിരുന്നു- ചെറുപ്പത്തില്‍ ദീര്‍ഘകാലം ഒരേ കാലാവസ്ഥയില്‍ കഴിഞ്ഞ പാമ്പുകള്‍ക്ക് വളര്‍ച്ചയെത്തുമ്പോള്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന കാലാവസ്ഥാമാറ്റത്തോട് പൊരുത്തപ്പെടാനാവുന്നില്ല. മാറ്റത്തെ അതിജീവിക്കാനാവാതെ അവ ചത്തുപോകുന്നു.



മാതൃഭൂമി

ഈ മീനുകള്‍ എവിടെപ്പോകുന്നു? - എം.കെ. കൃഷ്ണകുമാര്‍


Posted on: 25 Nov 2010



കുറവല്ല മീന്‍


ഇല്ല. മത്സ്യസമ്പത്ത് മൊത്തത്തില്‍ കുറഞ്ഞിട്ടില്ല. ആവശ്യം കൂടിയതുകൊണ്ട് മറിച്ച് തോന്നുന്നുവെന്ന് മാത്രം. ചിലയിനം മീനുകള്‍ ഇല്ലാതായി. ചിലത് മറ്റുഭാഗങ്ങളിലേക്ക് മാറിപ്പോയി.

1960 മുതല്‍ 1985 വരെ ഉണ്ടായിരുന്ന മീന്‍പിടിത്തം അവിടുന്നങ്ങോട്ട് കുതിച്ചുകയറുകയായിരുന്നു. പുതിയ വലകളും സാങ്കേതിക സഹായങ്ങളുമാണിതിന് കാരണം. '60-കളില്‍ കിട്ടിയിരുന്നതിന്റെ മൂന്നിരട്ടിമീന്‍ '80-കളില്‍ കിട്ടി. എന്നാല്‍ '90-കളില്‍ ഇത് കാര്യമായി കൂടിയില്ല. ടൂണ തുടങ്ങിയവ 1992-നുശേഷം കൂടിയില്ലെന്നതുപോലെ 1993-'94 നുശേഷം അയലയും കൂടിയില്ല. ചാള (നെയ്മത്തി) നേരിയതോതിലേ കൂടിയുള്ളൂ.

1980-കളില്‍ ധാരാളമായി കിട്ടിയ അയല '90 കളില്‍ കിട്ടാതായപ്പോള്‍ കേരളത്തില്‍ വന്‍ വിലക്കയറ്റമുണ്ടായത് ഓര്‍ക്കുക.മുമ്പ് പ്രധാനമായും കേരളത്തില്‍ മാത്രം കിട്ടിയിരുന്ന ചാള 1990-നുശേഷം ചെന്നൈയിലും എത്തി. ഇപ്പോള്‍ വടക്കുകിഴക്കന്‍ തീരത്തുവരെ ചാള കിട്ടുന്നുണ്ട്.

''മീനെന്ന് പറഞ്ഞാല്‍, അതൊക്കെ പണ്ട് തന്നെ. എത്രതരം മീനാ..... അയലയും ചാളയും മാത്രമല്ല. മുള്ളനും മാന്തളും സ്രാവും ഒക്കെ പലതരം.....'' ചാവക്കാട് കടലില്‍ വഞ്ചിയിറക്കാനുള്ള തിരക്കിനിടെ പാലക്കല്‍ മോഹനന്‍ പറഞ്ഞു. പഴയ പ്രതാപകാലം ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെ പിടഞ്ഞു.

ശരിയാണ്, പലതരം മീനുകളും കുറഞ്ഞു. മീന്‍ കിട്ടുന്ന കാലവും തെറ്റുന്നു. കാലാവസ്ഥയിലെ മാറ്റം രണ്ടു തരത്തിലാണ് നമ്മുടെ മീനുകളെ ബാധിക്കുന്നത്. ഒന്ന്: കടലിലെ ചൂട് കൂടുന്നു. രണ്ട്: അസിഡിറ്റി അഥവാ, അമ്ലത കൂടുന്നു.

ചൂടിനുതന്നെ പ്രധാന പങ്ക്. മീനുകള്‍ക്ക് മുട്ടയിടാന്‍ അനുയോജ്യമായ പ്രത്യേക താപനില ആവശ്യമാണ്. എല്ലാ സാഹചര്യങ്ങളും ഒത്തുചേര്‍ന്നാലും ഈ ചൂട് തെറ്റിയാല്‍ അവ മുട്ടയിടാറില്ല. ഉദാഹരണത്തിന് ഏപ്രിലില്‍ മുട്ടയിടാറുള്ള പല മീനുകളും കുറച്ച് വര്‍ഷങ്ങളായി ആ കാലത്ത് അത് ചെയ്യുന്നില്ലെന്ന് കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ (*ങ/ഞക) പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആ മീനുകള്‍, മുട്ടയിടുന്നത് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ ധാരാളം കിട്ടാറുള്ള കിളിമീന്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചെന്നൈ ഭാഗത്ത് കൂടുതല്‍ കണ്ടുതുടങ്ങി. വെയിലിനുശേഷം വരുന്ന തണുപ്പ് നോക്കി മുട്ടയിടുന്ന മീനുകളും ഉണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. കൂടിയ ചൂടിനെ അതിജീവിക്കാന്‍ കഴിയുമെങ്കിലും മീനുകളുടെ പ്രജനനത്തിന് താളം തെറ്റുകയാണ്. അതോടെ ചിലയിനം മീനുകള്‍ ചില കാലങ്ങളില്‍ കിട്ടാതാവുന്നു.

ചൂടിന്റെ മാറ്റം മീനുകളുടെ വാസസ്ഥാനങ്ങളില്‍ മാറ്റമുണ്ടാക്കുന്നതും ശ്രദ്ധേയമാണ്. കടലില്‍ അധികം ആഴത്തിലല്ലാതെ കാണുന്ന ചാള (നെയ്മത്തി), അയില തുടങ്ങിയ വിഭാഗം മീനുകള്‍ ചൂടുകൂടുമ്പോള്‍ തണുപ്പ് തേടിപ്പോകും. മുകള്‍പ്പരപ്പില്‍ നിന്ന് ആഴങ്ങളിലേക്ക് പോകുന്നവയും ഉണ്ട്. അയല ആഴക്കടലില്‍ നിന്ന് കിട്ടാറില്ല. എന്നാലിപ്പോള്‍ അവിടെനിന്നു കിട്ടുന്നു എന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. ഓരോ കടല്‍മത്സ്യത്തിനും അനുയോജ്യമായ ചൂട് വ്യത്യസ്തമാണ്. ഇതില്‍വരുന്ന മാറ്റം അവയുടെ മുട്ടയിടലിലും വാസസ്ഥലങ്ങളിലും മാറ്റമുണ്ടാക്കുന്നു.

കടലിലെ ചൂടിന്റെ വര്‍ധന മീനുകളുടെ ഭക്ഷണത്തിലും മാറ്റം വരുത്തുന്നുണ്ട്. ഫൈറ്റോപ്ലാങ്ടണ്‍ എന്ന അതിസൂക്ഷ്മസസ്യങ്ങളാണ് കടലിലെ ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓകൈ്‌സഡ് വലിച്ചെടുത്ത് അവ ഭക്ഷണമുണ്ടാക്കുന്നു. ചൂട് കൂടുമ്പോള്‍ ചിലയിനം ഫൈറ്റോപ്ലാങ്ടണുകള്‍ നശിക്കുന്നു. അപ്പോള്‍ അവയെ ഭക്ഷിച്ച് വളരുന്ന മീന്‍ കുഞ്ഞുങ്ങള്‍ക്കും നിലനില്‍ക്കാനാവുന്നില്ല. ചിലയിനം ചെറുസസ്യങ്ങളാകട്ടെ ചൂട് കൂടുന്നതുകാരണം കൂടുതല്‍ വലുപ്പത്തില്‍ വളരും. അപ്പോള്‍ ചെറുമീന്‍ കുഞ്ഞുങ്ങള്‍ക്ക് അവയെ തിന്നാന്‍ പറ്റാതാവും. ചില കാലങ്ങളില്‍ ചൂട് കൂടുമ്പോള്‍ ഫൈറ്റോപ്ലാങ്ടണുകള്‍ വളരെ വേഗത്തില്‍ വളര്‍ച്ചയെത്തുകയും വേഗം നശിക്കുകയും ചെയ്യുന്നതായും കണ്ടിട്ടുണ്ട്. ഇതും മീന്‍കുഞ്ഞുങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണ്.

കടലിന് ചുവപ്പ്, തവിട്ട്, ഓറഞ്ച് നിറങ്ങള്‍ വരുന്നതായി വാര്‍ത്തകളുണ്ടാവാറുണ്ട്. കടല്‍ച്ചൂട് വ്യത്യാസപ്പെടുമ്പോള്‍ ചിലതരം ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതലായി ഉണ്ടാവുന്നതാണ് ഇതിന് കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലയിനം മീനുകള്‍ കൂടുകയും മറ്റു ചിലത് കുറയുകയും ചെയ്യും. മീനുകള്‍ക്ക് ദോഷകരമായ വിഷസസ്യങ്ങള്‍ പെരുകുന്നതും പതിവാണ്. ഇത്തരം പ്രവണതകള്‍ കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നുണ്ട്.

ഏട്ടയെ കാണാനുണ്ടോ?


കേരളത്തില്‍ കാണാതായ മീനാണ് ഏട്ട (കാറ്റ്ഫിഷ്). ഈ മീനിനെപ്പോലെ അതിന്റെ മുട്ടയ്ക്കും പ്രിയം കൂടിയത് നാശത്തിന് കാരണമായിട്ടുണ്ടാവാം. അല്ലെങ്കില്‍, പുതിയ വാസകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ടാവാം.

തൃശ്ശൂരിന്റെ തീരത്തുനിന്ന് മുള്ളന്‍ മാറിപ്പോയിരിക്കുകയാണിപ്പോള്‍. എന്നാല്‍, കോഴിക്കോട് ഭാഗത്ത് ഇവ കിട്ടാനുണ്ട്. സ്രാവുകളാണ് തൃശ്ശൂരില്‍ കിട്ടാതായ മറ്റൊരു മീനെന്ന് മോഹനന്‍ പറഞ്ഞു. പച്ചക്കണ്ണന്‍, കയറെട്ടി, തൂമ്പന്‍, ചടയന്‍ ഇനങ്ങളൊന്നും ഇപ്പോള്‍ കിട്ടാതായി. ചെറിയ മണങ്ങ് ആണ് ഇവിടെ അപ്രത്യക്ഷമായ മറ്റൊരു മീന്‍.

കഴിഞ്ഞ 41 കൊല്ലത്തെ വിവരങ്ങളില്‍ നിന്ന് വിശകലനംചെയ്ത വസ്തുതകളിലൊന്ന് , സമുദ്ര ഉപരിതല താപത്തില്‍ (സീ സര്‍ഫസ് ടെമ്പറേച്ചര്‍ -എസ്.എസ്.ടി) വര്‍ധന ഉണ്ടായി എന്നുതന്നെയാണ്. 1967-ല്‍ 28.3 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു എസ്.എസ്.ടി. 2007-ല്‍ അത് 28.94 ആയി.

സാധാരണ കാലവര്‍ഷത്തിനുമുമ്പ് കടലിനുമുകളിലെ ചൂട് കൂടുതലായിരിക്കും. കാലവര്‍ഷത്തില്‍ അത് കുറയും. എന്നാല്‍ 41 കൊല്ലത്തെ പ്രവണത മറ്റൊന്നാണ്. കാലവര്‍ഷത്തിലെ താപനില (എസ്.എസ്.ടി.) 1967-ല്‍ 27.16 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു. 2007-ല്‍ അത് 28.46 ആയി. അതായത് ചൂട് കാലവര്‍ഷത്തില്‍ കാര്യമായി കുറയുന്നില്ല.

കാലവര്‍ഷത്തിനു തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ചാള കൂടുതല്‍ കിട്ടുന്നത്; അയല കാലവര്‍ഷത്തിലും. ചൂടിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്.

മഴ തുടരുമ്പോള്‍ കടല്‍ വെള്ളത്തിന്റെ തണുപ്പ് ആഴത്തില്‍നിന്ന് മുകളിലേക്ക് വ്യാപിക്കാന്‍ തുടങ്ങും. അപ്പോള്‍ പല മീനുകളും മുകള്‍പ്പരപ്പിലെത്താന്‍ തുടങ്ങും. ടൂണ മത്സ്യത്തിന് ഈ ശീലമുണ്ട്. തണുപ്പ് കൂടിയ, പോഷകം കൂടിയ അടിവെള്ളം മുകളിലേക്ക് എത്തുന്ന കടല്‍മറിയല്‍ അഥവാ, അപ്‌വെല്ലിങ് നടക്കുന്ന ഭാഗങ്ങളിലും ഇവ കൂട്ടംകൂടാറുണ്ട്. തൃശ്ശൂര്‍ തീരത്ത് സപ്തംബറില്‍ കൂന്തല്‍ ധാരാളം കിട്ടിയത് ഇതുകൊണ്ടാണെന്ന് കരുതുന്നു.

പോളക്കര: കൊല്ലാനും വളര്‍ത്താനും


കടലിലെ മീനുകളുടെ ഭക്ഷണമായ ചെറുസസ്യങ്ങള്‍ വളരെവേഗം പെരുകി നിറയുന്നതിനെയാണ് മത്സ്യത്തൊഴിലാളികള്‍ പോളക്കരയെന്ന് പറയുന്നത്. വിഷാംശമുള്ള സസ്യങ്ങളുടെ പോളക്കര വന്നാല്‍ മീനുകള്‍ കൂട്ടത്തോടെ ചാവും. പലപ്പോഴും തീരത്ത് മീനുകള്‍ ചത്തടിയുന്നത് ഇതുകൊണ്ടാണ്. എന്നാല്‍, മീനുകള്‍ക്ക് യോജിച്ച ഭക്ഷണമാണ് നിറയുന്നതെങ്കില്‍ അത് മീനുകള്‍ വളരുന്നതിനും പെരുകുന്നതിനും സഹായിക്കും.

കടല്‍മറിയല്‍ നടക്കുമ്പോഴാണ് പോളക്കര കൂടുക. ശക്തമായ കാറ്റ് കടല്‍പ്പരപ്പിനെ നീക്കിക്കൊണ്ടുപോകുമ്പോള്‍ അടിയിലുള്ള ചൂട് കുറഞ്ഞ വെള്ളം മുകളിലെത്തുന്നു. കോഴിക്കോട് ഭാഗത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ണിമേരി, പുയ്യാപ്ലക്കോര എന്നീ മീനുകള്‍ ധാരാളം ലഭിക്കാറുണ്ട്. എന്നാല്‍ വലിയ പരവമീന്‍ ഇപ്പോള്‍ നന്നേ കുറഞ്ഞു. 15 സെന്റിമീറ്ററില്‍ കൂടുതല്‍ ഉണ്ടാവാറുള്ള പരവ ഇപ്പോള്‍ രണ്ടിഞ്ച് വലിപ്പത്തിലാണ് കാണുന്നത്. ഇവയ്ക്ക് യോജിച്ച ഭക്ഷണം കാലാവസ്ഥാമാറ്റത്തില്‍ കുറഞ്ഞുപോയതാവാം കാരണമെന്ന് കരുതുന്നു.

കല്ലുമ്മക്കായയുടെ രുചി മാറിയോ?


ഇപ്പോഴത്തെ മീനുകള്‍ക്കും മറ്റു കടല്‍വിഭവങ്ങള്‍ക്കും പഴയ രുചിയില്ലെന്ന് തോന്നുന്നുണ്ടോ? ശരിയാണ്. കടലിലെ ഉപ്പിന്റെ അളവും അമ്ലസാന്നിധ്യവും ഇവയുടെ രുചി മാറ്റുന്നുണ്ട്. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട വിഭവമായ കല്ലുമ്മക്കായയ്ക്ക് ഇത് സംഭവിച്ചിട്ടുണ്ട്. കായലില്‍ വളര്‍ത്തുന്ന കല്ലുമ്മക്കായയ്ക്ക് പ്രകടമായ രുചി വ്യത്യാസമുണ്ട്. അതുപോലെ പഴമക്കാര്‍ കഴിച്ച രുചിയോടെയല്ല പല മീനുകളും ഇപ്പോള്‍ നമ്മുടെ തീന്‍മേശയിലെത്തുന്നത്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓകൈ്‌സഡ് കടല്‍വെള്ളത്തില്‍ ലയിച്ച് കാര്‍ബോണിക് ആസിഡ് ആകുന്നതുവഴിയാണ് കടലില്‍ അമ്ലത കൂടുന്നത്. മീനുകളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ഇത് തകരാറിലാക്കുന്നു. മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാവുന്നില്ല. കുഞ്ഞുങ്ങള്‍ തന്നെ വളര്‍ച്ചയിലെത്തുന്നില്ല. ചെറുസസ്യങ്ങള്‍ നശിക്കുന്നതിനും അമ്ലത ഇടയാക്കുന്നു.
പവിഴപ്പുറ്റുകളെയും ചിപ്പികളെയുമാണ് അമ്ലത കൂടുതല്‍ ബാധിക്കുന്നത്. ഇവയുടെ പുറന്തോടുകള്‍ വളര്‍ച്ചയെത്തുന്നതിനെ അമ്ലത തടയുന്നു. മീനുകളുടെ ജീവിതത്തില്‍ ഉപ്പ് രസത്തിനും നിര്‍ണായക സ്വാധീനമുണ്ട്. അറബിക്കടലിന്റെ വടക്ക് അയലയ്ക്കും തെക്ക് ചാളയ്ക്കും പ്രിയപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുകാരണം, മിക്കപ്പോഴും മംഗലാപുരത്തിന് വടക്ക് ഉപ്പുരസം പെട്ടെന്ന് കൂടുന്നു എന്നതാണ്
ചൂടില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം ഉപ്പുരസവുമായി പൊരുത്തപ്പെടാനുള്ള മീനുകളുടെ കഴിവിനെ സ്വാധീനിക്കുന്നുമുണ്ട്. ചൂട് കൂടുന്നത് ഇക്കാര്യത്തില്‍ വിപരീതഫലം ഉണ്ടാക്കും. ഉപ്പുരസവും താപനിലയുംചേര്‍ന്ന് കടല്‍ജീവികളുടെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ (ഉപാപചയം), രക്തത്തിലെ ഇരുമ്പിന്റെ അളവ് എന്നിവയെ സ്വാധീനിക്കുകയും അതുവഴി വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു.കാലാവസ്ഥാമാറ്റം വളരെ ആഴത്തില്‍ ബാധിക്കുന്നു എന്നതിന് മറ്റു തെളിവുകളെന്തിന്?

ചാളയെ വിശ്വസിക്കാം


തെങ്ങ് ചതിക്കി ല്ല എന്ന് പറയാറുള്ളതുപോലെ ചാളയും ചതിക്കില്ലെന്ന് നമുക്ക് വിശ്വസിക്കാം. കാരണം, കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് പോഷകസമ്പുഷ്ടമായ ഈമീന്‍ ഇതിനകം പലതവണ തെളിയിച്ചിട്ടുണ്ട്.
ചാള വേഗം വളരുകയും വേഗം വളര്‍ച്ചയെത്തുകയും ചെയ്യും. രണ്ട് വയസ്സ് പിന്നിടുന്നത് അപൂര്‍വമാണ്.
ഭക്ഷണം കുറയുമ്പോഴും വെള്ളത്തിന്റെ ചൂട്കൂടുമ്പോഴും ഇവ പുതിയമേഖലകള്‍ തേടിപ്പോവുകയും അനുയോജ്യസാഹചര്യത്തില്‍ തിരിച്ചുവരികയും ചെയ്യും. ചാളകള്‍ക്ക് യോജിച്ച താപനില 27-28 ഡിഗ്രിസെല്‍ഷ്യസ് ആണ്. അമ്ലത 22.8-33.5 ജ.ട.ഡ..ഉം ഇതില്‍ മാറ്റമുണ്ടായാല്‍ ചാള കിട്ടുന്നത് കുറയും. 1962-63 ല്‍ കണ്ണൂര്‍ തീരത്ത് ഇത്തരം മാറ്റം ചാളയുടെ ലഭ്യതയില്‍ പൊടുന്നനെ കുറവ് ഉണ്ടാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മൊത്തം വാര്‍ഷിക മീന്‍പിടിത്തത്തില്‍ 20 ശതമാനം ചാളയാണ്. മഴ ഇതില്‍ പിന്നെയും വര്‍ധനയുണ്ടാക്കും. കൂടുതല്‍ ഓക്‌സിജന്‍ വെള്ളത്തില്‍ കലരുന്നതുകൊണ്ടും കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുന്നതുകൊണ്ടുമാണ് ഇത്. ഇക്കാലത്താണ് ചാളകൂടുതല്‍ മുട്ടയിടുന്നത്. മഴപെയ്യുന്നത് ഇവയുടെ പ്രജനനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. ചൂടും ഉപ്പുരസവും കുറയുന്നതാണിതിനു കാരണം. അതുകൊണ്ടുതന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ചാളയുടെ ലഭ്യതയില്‍ വ്യത്യാസമുണ്ടാക്കുന്നുണ്ട്.
പവിഴപ്പാറകള്‍
നശിച്ച തിക്കോടി

കടല്‍വെള്ളത്തിന്റെ അമ്ലത (അസിഡിറ്റി) കൂടുന്നത് പവിഴപ്പാറകളുടെ വ്യാപകനാശത്തിന് കാരണമായിട്ടുണ്ട്. ലോകമെമ്പാടും ആഗോളതാപനത്തിന്റെ പ്രധാന വിപത്തുകളിലൊന്നായി പറയുന്നതും ഈ നാശമാണ്.

1998 മെയിലെ കണക്കുപ്രകാരം ലക്ഷദ്വീപിലെ 78 ശതമാനം പവിഴപ്പുറ്റുകള്‍ നശിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ദ്വീപുകളില്‍ 50 ശതമാനവും നിക്കോബാര്‍ ദ്വീപുകളില്‍ 20 ശതമാനവും കച്ച് ഉള്‍ക്കടലില്‍ 10 മുതല്‍ 30 ശതമാനം വരെയും പവിഴപ്പുറ്റുകള്‍ ഇക്കാലത്ത് നഷ്ടപ്പെട്ടു. മാന്നാര്‍ ഉള്‍ക്കടലിലെ 60 ശതമാനം പുറ്റുകള്‍ക്ക് 1998 ജൂണിലെ കണക്കുപ്രകാരം നാശമുണ്ടായി. പാക് ഉള്‍ക്കടലിലെ പവിഴപ്പുറ്റുകളെ 60 ശതമാനം വരെ ബാധിച്ചിട്ടുണ്ടെന്നാണ് 2002 ഏപ്രിലിലെ കണക്ക്.

കേരളത്തില്‍ കോഴിക്കോടിനടുത്ത തിക്കോടിയിലാണ് പവിഴപ്പുറ്റുകള്‍ നശിച്ചതായികണ്ടെത്തിയത്.

പാറയുള്ളതിനാല്‍ വെള്ളത്തിന്റെ ഗുണം കൂടുതലായിരുന്നു തിക്കോടിയില്‍. വലിയ മാന്തളുകളും കല്ലുമ്മക്കായയും ഇവിടെ കൂടുതലുള്ളത് അതുകൊണ്ടാണ്. എന്നാല്‍, അമ്ലത കൂടുമ്പോള്‍ ഈ ജീവികളെയും അത് ബാധിക്കുന്നു. ലഭ്യതയിലും രുചിയിലും മാറ്റമുണ്ടാകുന്നു.

വല നിറയെ മഞ്ഞപ്പാര


അഞ്ചുകിലോ ഗ്രാംവരെ തൂക്കമുള്ളതാണ് മഞ്ഞപ്പാരമീന്‍. ആഴക്കടലില്‍ നിന്ന് അപൂര്‍വമായേ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് കിട്ടാറുള്ളൂ. എന്നാല്‍ പരപ്പനങ്ങാടിയില്‍ നിന്ന് കടലില്‍ പോയ ഫൈബര്‍ വഞ്ചികള്‍ക്ക് ഒറ്റയടിക്ക് അഞ്ച്‌ലക്ഷംരൂപയുടെ മഞ്ഞപ്പാരയാണ് കിട്ടിയത്. ആവോലിയും ഇതുപോലെ കൂട്ടത്തോടെ കിട്ടാറുണ്ട്. കടലിലെ താപനിലയിലും ഭക്ഷണലഭ്യതയിലും മാറ്റം വരുമ്പോള്‍ മീനുകള്‍ ആവാസവ്യവസ്ഥ മാറ്റുന്നതാണ് ഇതിനു കാരണം. മീനുകളുടെ കൂട്ടപ്പാലായനമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

മാതൃഭൂമി

Tuesday, November 23, 2010

വിശപ്പുള്ളവനായിരിക്കുക.വിഡ്ഢിയായിരിക്കുക.

സ്റ്റീവ് ജോബ്‌സ്‌
ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''


സ്റ്റീവ് ജോബ്‌സ് നടത്തിയ പ്രഭാഷണത്തിന്റെ ഇംഗ്ലീഷ് രൂപം

Monday, November 15, 2010

സൈബര്‍ പുലീസ് - മരത്തലയന്‍


നിങ്ങളല്ലെടേയ് അങ്ങേരെന്തരോ പിതൃസ്വരൂപമാണെന്നോ ഭീതീന്റെ മൊത്തചില്ലറ കച്ചവടക്കാരനാണെന്നോ ഒക്കെ പറഞ്ഞോണ്ട് നടക്കണത്..എന്നിട്ടും അങ്ങേരുടെ കാര്‍ട്ടൂണ്‍ ചറപറേന്ന് വരയ്ക്കുമ്പോ നിങ്ങളു തന്നെ നിങ്ങളു പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുകയല്ലെഡേയ്?..ഒരു പുല്ലും വരൂല്ലാന്ന് ഒറപ്പുള്ളത് കൊണ്ടല്ലേടേയ് ഇത്ര തൈരിയം?

വിട്ട് പിടിയണ്ണാ...എന്ത് വന്നാലും നേരിടാന്‍ ഒള്ള ചങ്കൂറ്റത്തോട് തന്നെ അണ്ണാ വരയ്ക്കണത്...കേസ് ഞങ്ങക്ക് പുല്ലാണണ്ണാ..

ചിരിപ്പിക്കല്ലെടേയ്...അങ്ങേരുടെ പേരില്‍ വ്യാജരേഖ ഒണ്ടാക്കണതും കാര്‍ട്ടൂണ്‍ ബരക്കണതും രണ്ടാണെന്നും രണ്ടാമത്തേത് അങ്ങേരു മൈന്‍ഡ് ചെയ്യത്തുപോലുമില്ലാന്ന് നിനക്കൊക്കെ ഒറപ്പുണ്ടെന്ന് അറിയാമെടേയ്..അഫിനയം വിട്..പിന്നെ കിട്ടിയ ചാന്‍സീ നീയൊക്കെ ഹീറോ ആവാന്‍ നോക്കണതാന്നും അറിയാമെടേയ്..







ഡേയ് ഡേയ്..നില്ലെടേയ്..എങ്ങോട്ടെക്കെടേയ് ഓടണത്...

അര്‍ജന്റായിട്ട് ഒരു പെന്‍സിലു വാങ്ങണമണ്ണാ...ഒള്ളതൊരെണ്ണം ബരച്ച് ബരച്ച് തീര്‍ന്ന്

നീ ഷോട്ടാന്‍ഡ് പടിക്കാന്‍ തൊടങ്ങിയാ?

അതല്ലണ്ണാ...പിണറായി വിജയന്റെ ഒരു കാര്‍ട്ടൂണ്‍ പരമ്പര വരയ്ക്കാനാനണ്ണാ..

അതെന്തരെടേയ്..ഇത്ര ആക്രാന്തപ്പെട്ട് വരയ്ക്കണത്..?

ഒന്നും അറിയാത്തപോലെ കാണിക്കരുത് കേട്ടാ അണ്ണാ...ഇപ്പഴത്തെ നാട്ടുനടപ്പതല്ലേ അണ്ണാ..

തെന്നെ? എന്തരെടേയ് അങ്ങേരോടിത്ര കലിപ്സ്?

അണ്ണാ..പതുക്കെ മാന്തി മാന്തി അണ്ണന്‍ വിവരങ്ങളു തെരക്കണത് മനസിലാവുന്നുണ്ട് കേട്ടാ..പിന്നെ അണ്ണന്‍ ഒരു മൊണ്ണനായതോണ്ട് വേണേല്‍ ചെല കാര്യങ്ങളു പറയാം..

ഡേയ്..ഡേയ്...ഊതാതെ കാര്യം പറേഡേയ്

ഞങ്ങളൊക്കെ സൈബര്‍ ആക്റ്റിവിസ്റ്റുകളാണണ്ണാ..അഭിപ്രായസൊതന്ത്രത്തിന്റെം ആവിഷ്കാരസൊതന്ത്രത്തിന്റെം ഒക്കെ ആക്റ്റിവിസ്റ്റുകള്‍..സങ്കടം വന്നാലും സന്തോയം വന്നാലും ഞങ്ങളു വരയ്ക്കുമണ്ണാ..പിണറായീന്റെ കാര്‍ട്ടൂണ്‍ ഒരെണ്ണം..പറ്റിയാലെക്കൊണ്ട് ഒരു കമ്പൂട്ടര്‍ പടോം..

നിങ്ങളല്ലെടേയ് അങ്ങേരെന്തരോ പിതൃസ്വരൂപമാണെന്നോ ഭീതീന്റെ മൊത്തചില്ലറ കച്ചവടക്കാരനാണെന്നോ ഒക്കെ പറഞ്ഞോണ്ട് നടക്കണത്..എന്നിട്ടും അങ്ങേരുടെ കാര്‍ട്ടൂണ്‍ ചറപറേന്ന് വരയ്ക്കുമ്പോ നിങ്ങളു തന്നെ നിങ്ങളു പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുകയല്ലെഡേയ്?..ഒരു പുല്ലും വരൂല്ലാന്ന് ഒറപ്പുള്ളത് കൊണ്ടല്ലേടേയ് ഇത്ര തൈരിയം?

വിട്ട് പിടിയണ്ണാ...എന്ത് വന്നാലും നേരിടാന്‍ ഒള്ള ചങ്കൂറ്റത്തോട് തന്നെ അണ്ണാ വരയ്ക്കണത്...കേസ് ഞങ്ങക്ക് പുല്ലാണണ്ണാ..

ചിരിപ്പിക്കല്ലെടേയ്...അങ്ങേരുടെ പേരില്‍ വ്യാജരേഖ ഒണ്ടാക്കണതും കാര്‍ട്ടൂണ്‍ ബരക്കണതും രണ്ടാണെന്നും രണ്ടാമത്തേത് അങ്ങേരു മൈന്‍ഡ് ചെയ്യത്തുപോലുമില്ലാന്ന് നിനക്കൊക്കെ ഒറപ്പുണ്ടെന്ന് അറിയാമെടേയ്..അഫിനയം വിട്..പിന്നെ കിട്ടിയ ചാന്‍സീ നീയൊക്കെ ഹീറോ ആവാന്‍ നോക്കണതാന്നും അറിയാമെടേയ്..

അണ്ണനൊരു ഭക്തനാണെന്ന് അണ്ണന്‍ വായകം കേട്ടാ അറിയാമണ്ണാ..ബുഷിനെപ്പോലെ അധികാരസ്വരൂപസ്ഥനായിരിക്കുന്ന പിണറായിയെയാണണ്ണാ ഞങ്ങളു എതിര്‍ക്കണത്..

നല്ല വെവരം, നല്ല കൂട്ടിക്കെട്ട്..തലകാറ്റുകൊള്ളിക്കല്ലെടേയ്..

അണ്ണനു വെവരമില്ല്ലാത്തെ പോയതിനു ഞാനെന്തരു ചെയ്യാനാണണ്ണാ?

നെയമത്തെ നീയൊന്നും എതിര്‍ക്കുന്നില്ലെടേയ്..

ഒണ്ടണ്ണാ...നിയമത്തിന്റെ കെടപ്പ് വശങ്ങളുടെ മലയാളം പരിഭാഷ ഇട്ടിരുന്നണ്ണാ..

അതാണോടേയ് നെയമത്തിനെതിരെയായ പ്രതിഷേധം?

അണ്ണാ, നെയമം ഒക്കെ കരിനിയമം തന്നണ്ണാ..പക്ഷേ അതുപയോഗിക്കുന്നതിനെ വേണം കൂടുതല്‍ എതിര്‍ക്കാന്‍ എന്നതാ നെലപാട്...ആരുപയോഗിക്കുന്നു എന്നതാണണ്ണാ നെയമത്തെ കരിയും പച്ചയും ഒക്കെ ആക്കണത്...

അതെന്തരെടേയ്..?

കുത്തിക്കുത്തി ചോയ്ക്കല്ലണ്ണാ..ഉദാരണമായി പറയുകാണേല്‍ ബ്ലോഗിനും ചെല നിയമങ്ങളൊക്കെ ഒണ്ടണ്ണാ..അത് നമ്മക്കൊരു പ്രൊട്ടക്ഷനാണണ്ണാ...സപ്പോസ് എന്റെ പേരു ചുക്ക് ചെക്കന്‍ ആണെന്ന് കരുതുക. അണ്ണന്‍ എന്നെ കളിയാക്കാന്‍ വേണ്ടി ചക്ക ചെക്കന്‍ എന്നോ ചക്കപ്പെണ്ണെന്നോ എഴുതിയാല്‍, ലതില്‍ intent to harm ഒണ്ടെന്ന് പോലീസണ്ണന്മാര്‍ക്ക് തോന്നിയാ അണ്ണന്‍ അകത്താണണ്ണാ..

അപ്പ നിന്നെ ഒന്നും പറയാന്‍ പാടില്ലാ‍..നിനക്ക് ആരെം എന്തും പറയാം എന്നാണോടേയ്?

ഞാന്‍ ആരെ എന്തരു പറഞ്ഞണ്ണാ?..നമ്മളു ഡീസന്റാണണ്ണാ...

പിണറായിയെ പന്നറായി എന്ന് ആവര്‍ത്തിച്ച് ബിളിച്ചത് നീയല്ലെടേയ്? അത് നെന്റെ മോളിലെ നെയമപ്രകാരം ഉണ്ട തിന്നാവുന്ന കുറ്റമല്ലെടേയ്.?

അത് ഫലിതമാരുന്നെന്ന് മനസ്സിലാക്കാന്‍ അണ്ണനു പറ്റൂലേ അണ്ണാ...സന്ദേശം സില്‍മേലെ ഡൈലോഗുപോലൊരു ഫലിതം? ഇതതാണോ അണ്ണാ?

പിണറായിയെ പന്നറായി എന്നും ഇഡിയറ്റ് എന്നും ബിളിക്കണതും നെന്നെ ചക്കിപ്പെണ്ണെന്നോ മറ്റോ വിളിക്കണതും എങ്ങനെടേയ് വ്യത്യാസപ്പെടണത്?

ഉത്തരം മുട്ടിക്കാന്‍ നോമ്പു നോറ്റ് എറങ്ങിയിരിക്കയാണോ അണ്ണാ? ഉത്തരമൊന്നും മുട്ടൂലണ്ണാ..പിണറായി വിജയനും ഒരു ബിംബം ആണണ്ണാ..എന്നാ ഞാന്‍ ഒരു ബിംബം അല്ല കേട്ടാ...എന്നെ തൊട്ടാ വെവരമറിയും..നെയമപരിരക്ഷാന്ന് പറേണത് എന്നെപ്പോലേം അണ്ണനെപ്പോലേം ഒള്ള പാവങ്ങള്‍ക്കുള്ളതാണണ്ണാ..

എനിക്കും കൂടി വേണ്ടിയാന്നുള്ള നമ്പറ് എറക്കല്ലെടേയ്..ചെലവാവൂല്ലാ....നെയമത്തിന്റെ കണ്ണീ ബിംബോം കിംബോം ഒന്നും ഇല്ലെടേയ്..അങ്ങേരും നെന്നെപ്പോലൊരു മനുഷേന്‍ തന്നെടേയ്..അങ്ങേരുടെ വീടാണെന്ന് പറഞ്ഞോണ്ട് സീരിയല്‍ ഷൂട്ടിംഗിനു കൊടുക്കുന്ന കെട്ടിടം അയച്ച അങ്ങേരൊരു അഴിമതിക്കാരനാണെന്ന് പറഞ്ഞ് നൊണകളു പരത്തണത് ആണോടേയ് നിന്റെയൊക്കെ രാഷ്ട്രീയബിമര്‍ശനം? അളമുട്ടിയാ ചെലപ്പോ അങ്ങേരും ഒന്ന് തിരിച്ച് കടിക്കും..ഇത്രേം കാലം അങ്ങേരേം കുടുംബത്തേം കുറിച്ച് എയുതിവിട്ട നൊണകളൊക്കെ കണ്ടില്ലാന്ന് നടിച്ചും, അതൊക്കെ അങ്ങ് ആസ്വദിച്ചും, പ്രചരിപ്പിച്ചും സന്തോഷിച്ച നീയൊക്കെ ഇപ്പോ ഈ പരാതി മാത്രം പൊക്കിപ്പിടിച്ച് ബിംബം, അധികാരം, പിതൃസ്വരൂപം എന്നൊക്കെ ഉടായിപ്പ് വിടണതിതിലുണ്ടെടേയ് നെന്റെയൊക്കെ ഇരട്ടത്താപ്പ്.

ഇത്തിരി കട്ടി സാഹിത്യം ആസ്വദിക്കാനും അണ്ണനു പറ്റൂലെന്നാ‍യാ അണ്ണാ? കഷ്ടം തന്നെ ഈ ഇടതന്മാരുടെ കാര്യം..

വെഷയം മാറ്റിക്കൊണ്ട് പോവല്ലെടേയ്..അങ്ങേരുടെ ഫോട്ടേം വെച്ച് അങ്ങേരുടെ അവലോകനമെന്നും പറഞ്ഞ് അയച്ചതാണു കേസായതെന്നും തമാശ ഒപ്പിച്ചതിനല്ല കേസെന്നും നീയെന്തരെടേയ് എപ്പോഴും ഇങ്ങനെ മറച്ച് വെക്കണത്? അതിനെക്കുറിച്ച് പറേഡേയ്..അല്ലാതെ തമാശയൊപ്പിച്ചതിനു പരാതി കൊടുത്തെന്ന് ആദ്യമേ നീയങ്ങ് ഒറപ്പിച്ചിട്ട് അതിന്റെ പൊറത്ത് വ്യാക്യാനങ്ങളു ചമയ്ക്കല്ല്..

പത്രങ്ങളു പറേണത് തമാശയൊപ്പിച്ചതിനു പാവത്തിനെ പൊക്കീന്നു തന്നെയാണണ്ണാ?

അങ്ങേര്‍ക്കോ ഇടതുപക്ഷത്തിനോ എതിരായ ലെവന്‍ എന്തരു ചെയ്താലും പാവം, തമാശ, നിര്‍ദ്ദോഷം എന്നൊക്കെ ഉപയോഗിക്കാതെ പത്രങ്ങളു വാര്‍ത്തകളു ചമക്കണത് നീ കണ്ടിട്ടൊണ്ടോടെയ്..ഈ നമ്പറു മനസ്സിലാവാന്‍ പറ്റാത്തവണ്ണം ഉണ്ണാക്കന്മാരാണോടെയ് നീയൊക്കെ?

അതണ്ണാ..അങ്ങേരുക്ക് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന് സമ്മയ്ച്ചല്ലോ അണ്ണാ...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്...ഇതിപ്പോ തര്‍ക്കത്തില്‍ തോല്‍ക്കാതിരിക്കാന്‍ പറയണതല്ലെടേയ്.. ലാവലിന്‍ കേസില്‍ അങ്ങേര്‍ക്കു ഒരു ഇന്ത്യാ പൌരനു അവകാശമുള്ള പ്രതിരോധം പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് വാദിച്ച് നടന്നതല്ലെടേയ് നീയൊക്കെ? അതിന്റെ തൊടര്‍ച്ച തന്നെ അല്ലെടേയ് ഇതൊക്കെ? മാരീയണ്ണന്‍ പോസ്റ്റിട്ടപ്പോ അതിനെതിരെ പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് വന്നപ്പോ നീയൊക്കെ സമ്മതിക്കും അല്ലെടേയ് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന്..?

സമ്മയ്ച്ചതും കുറ്റായാ‍ അണ്ണാ?

ഇങ്ങനാണോടേയ് നീയൊക്കെ കാര്യങ്ങളെ വ്യാക്യാനിക്കണത്..അതാണോടേയ് പറഞ്ഞതിന്റെ അര്‍ത്ഥം?

അണ്ണനെന്തരൊക്കെ പറഞ്ഞാലും ഞങ്ങളിനീം ബരയ്ക്കുമണ്ണാ..ബര നമ്മടെ ജന്മാവകാശമണ്ണാ..

നീ എത്ര ബേണേല്‍ വരച്ചോഡേയ്...പച്ചേങ്കി വ്യാജരേഖ ചമയ്കല്ലും കേട്ടാ.ക്യേസ് മാറും..പിന്നെ ചെലപ്പോ കരഞ്ഞിട്ട് കാര്യമില്ലെന്ന് ബരും..ഫീഷണിയാണെന്നൊന്നും പറയല്ല്..ഒള്ള കാര്യം പറഞ്ഞെന്നേ ഒള്ള്..

അണ്ണനോട് സംസാരിച്ച് സംസാരിച്ച് ടൈം വേസ്റ്റായി....കടേല്‍ പെന്‍സിലു തീര്‍ന്നിട്ടൊണ്ടേ എന്റെ സൊഭാവം മാറും കേട്ടാ അണ്ണാ..ഞാന്‍ പായട്ട്..ബാക്കി കൂട ബരച്ചില്ലേ എനിക്കിന്നുറക്കം ബരൂല്ല..

പെട്ടെന്ന് ചെല്ലെടെയ്.. നെന്റെ ഒറക്കം കളയണ്ട..ഗുഷ്‌നൈറ്റ്..

ഗുഷ്നൈറ്റണ്ണാ...


ഇന്നത്തെ നിങ്ങളുടെ ഭക്ഷണം ഈ പാത്രങ്ങളില്‍ നിന്നാവാതിരിക്കട്ട ; നാളത്തേയും.



Saturday, November 13, 2010

പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര.. മാരീചന്‍

ആര്‍ക്കും ഏത് വിധേനെയും അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമുളള രാഷ്ട്രീയ നേതാവത്രേ, പിണറായി വിജയന്‍. എങ്ങനെ അപകീര്‍ത്തിപ്പെടുത്തിയാലും പിണറായി പ്രതികരിക്കാനേ പാടില്ല എന്ന് ശാഠ്യം പിടിക്കാന്‍ നാണില്ലാത്ത നവയുഗ സാംസ്ക്കാരിക നായകരുടെ ആക്രോശങ്ങളാല്‍ ഞെട്ടിവിറച്ചു വിറങ്ങലിച്ചു നില്‍ക്കുകയാണ് സൈബര്‍ലോകം. ജരാസന്ധനെ വലിച്ചുകീറിയ ശ്രീകൃഷ്ണന്റെ ആസുരഭാവത്തില്‍ അങ്കത്തട്ടില്‍ നിഗ്രഹോത്സുകരായി നില്‍ക്കുന്ന "ആവിഷ്കാരാവകാശ മാഫിയ"യുടെ കൈയില്‍ ആരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുളള ആയുധങ്ങളുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടി ഉറുമിയും ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി ഉലക്കയും എടുത്തു പെരുമാറുമ്പോള്‍ ഒരുമാതിരിപ്പെട്ടവരൊക്കെ പടയണിയ്ക്ക് പിന്നണിചേരും. മറുവശത്ത് സിപിഎമ്മും പിണറായി വിജയനുമാണെങ്കില്‍ പറയുകയും വേണ്ട. തന്റെ പേരും പടവും ഉപയോഗിച്ച് വ്യാജമായ പ്രസ്താവന സൃഷ്ടിച്ച് പ്രചരിപ്പിച്ച നടപടി നിഷ്കളങ്കമെന്ന് കരുതി പിണറായി തളളിക്കളയേണ്ടതായിരുന്നു എന്നത്രേ, അങ്കത്തട്ടിലെ വായ്ത്താരി. ആ നിര്‍ബന്ധത്തിന് പിണറായിയെ കീഴ്പ്പെടുത്തുക എന്നതാണ് സൈബര്‍ ലോകത്തെ "പോക്രിത്തരാവകാശസംരക്ഷണ ഘോഷയാത്ര"യുടെ ലക്ഷ്യം.

പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും വിചാരണയ്ക്കും അതീതനല്ല. കഴിഞ്ഞ കുറേക്കാലമായി സകലമാന മാധ്യമങ്ങളുടെയും സ്വന്തം പാര്‍ട്ടിയിലും പുറത്തുമുളള രാഷ്ട്രീയ എതിരാളികളുടെയും അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനുമാണ് അദ്ദേഹം. എന്നാല്‍, കാര്‍ട്ടൂണുകള്‍ക്കോ കാരിക്കേച്ചറുകള്‍ക്കോ എതിരെയോ പത്രങ്ങളിലെയും ചാനലുകളിലെയും നിലവാരമുളളതും അല്ലാത്തതുമായ ആക്ഷേപഹാസ്യ പംക്തികള്‍ക്കെതിരെയോ അദ്ദേഹം കൊടുത്ത ഒരു കേസും സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷനിലുമില്ല. അതിന്റെ പേരില്‍ ആരെയെങ്കിലും ഉണ്ട തീറ്റിക്കുമെന്നൊരു ഭീഷണിയും നിലവിലില്ല. പ്രഥമദൃഷ്ട്യാപോലും നിലനില്‍ക്കുന്നതല്ല, രാഷ്ട്രീയ പരിഹാസം പിണറായി വിജയനെ അസഹിഷ്ണുവാക്കുന്നു എന്ന ആരോപണം.

സ്ഥാനത്തും അസ്ഥാനത്തുമുളള കൊടിയ വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നിവര്‍ന്ന് നിന്ന് നേരിടുന്ന പിണറായി, മലപ്പുറം കുറ്റിപ്പുറം സ്വദേശി മൊയ്തു സൃഷ്ടിച്ച ഒരു ഇമെയിലിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് ഓടണമായിരുന്നോ എന്ന് സന്ദേഹം പ്രസക്തം തന്നെയാണ്. അത്തരം സന്ദേഹങ്ങളും പ്രകടിപ്പിക്കാനുളളതാണ് ജനാധിപത്യം. അതുവേണ്ടായിരുന്നു എന്നു തന്നെയാണ് ഇതെഴുതുന്നയാളിന്റെയും അഭിപ്രായം.

പക്ഷേ, ആ സന്ദേഹങ്ങളെ മാനിക്കാനുളള യാതൊരു ബാധ്യതയും പിണറായി വിജയനില്ലെന്ന യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളാനുളള ബോധവും സന്ദേഹികള്‍ക്കുണ്ടാകണം. കാരണം മൊയ്തു ദുരുപയോഗം ചെയ്തത് പിണറായി വിജയന്റെ ഫോട്ടോയാണ്, സന്ദേഹികളുടേതല്ല. പിണറായി വിജയനെ സംബന്ധിച്ച് സൈബര്‍ നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചും അതൊരു കുറ്റകൃത്യമാണ്. കുറ്റകൃത്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇരയുടെ അവകാശമാണ്. വ്യക്തമായി പറഞ്ഞാല്‍, പിണറായി വിജയന്‍റെ ചിത്രം ഉപയോഗിച്ച് മൊയ്തു കൃത്രിമമായി നിര്‍മ്മിച്ച രാഷ്ട്രീയ വിശദീകരണക്കുറിപ്പിന്റെ പേരില്‍ നിയമനടപടികള്‍ക്കൊരുങ്ങാനുളള പിണറായിയുടെ അവകാശത്തിന്മേല്‍, മൂന്നാമതൊരാളിന്റെ സന്ദേഹങ്ങള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും നിയമപരമായോ ധാര്‍മ്മികമായോ യാതൊരു നിലനില്‍പ്പുമില്ല.

പിണറായിയെ ആക്രമിക്കുന്ന കാര്യത്തില്‍ സകല സദാചാര മര്യാദകളും ലംഘിച്ചുതുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പിണറായിയുടെ വീടിന്റെ വ്യാജഫോട്ടോ പ്രചരിപ്പിച്ചതു മുതല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് ഗോകുലം ഗോപാലനുമായി വിവാഹം നിശ്ചയിച്ചതു വരെയുളള സംഭവങ്ങളൊക്കെയും അരങ്ങേറിയത് സൈബര്‍ ലോകത്താണ്. (ഉദാഹരണം ഒന്ന്, രണ്ട്) അത്തരം പ്രചരണങ്ങള്‍ നിസങ്കോചം ആസ്വദിച്ചവര്‍, പരാതികളുണ്ടായപ്പോള്‍ ഒരുളുപ്പുമില്ലാതെ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെ പെയ്തിറങ്ങുന്ന അപവാദങ്ങള്‍ പിണറായി നിസംഗതയോടെ സഹിക്കണമെന്ന കല്‍പന എത്ര നിഷ്കളങ്കമായാണ് പൊതുമണ്ഡലത്തില്‍ ആധിപത്യം നേടുന്നത്.

പിണറായി വിജയന്‍ എന്തു ചെയ്യണമെന്ന് അദ്ദേഹമല്ല, ചില വേതാളങ്ങളാണുപോലും തീരുമാനിക്കേണ്ടത്. തന്റെ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയെഴുതിക്കൊടുക്കാന്‍ പോലും അവകാശമില്ലാത്ത മനുഷ്യനാകുന്നു, സിപിഎം സംസ്ഥാന സെക്രട്ടറി. പരാതിയുണ്ടെങ്കില്‍ അദ്ദേഹം നഗ്നപാദനായി നടന്നുകയറേണ്ടത് സൈബര്‍ ലോകത്തെ ആവിഷ്കാരാവകാശമാഫിയയുടെ ഹെഡ്ഡാപ്പീസിലേയ്ക്കാണ്. അവിടുന്ന് കിട്ടുന്ന വാറോലയിലെ ലിഖിതമനുസരിച്ചുവേണം പിന്നീടുളള ചലനങ്ങള്‍. കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ പുറപ്പെടുവിക്കുമ്പോഴും, അറിയുക ജനാധിപത്യാവകാശങ്ങളെക്കുറിച്ചുളള അപരിമേയമായ സങ്കല്‍പങ്ങളാണ് ആവിഷ്കാരമാഫിയ പങ്കുവെയ്ക്കുന്നത്!

ഒരുവശത്ത് കൊടിയ അപവാദങ്ങള്‍ അഴിച്ചുവിട്ട് നിര്‍ഭയം, നിരന്തരം പിണറായിയെയും കുടുംബത്തെയും വേട്ടയാടുക, മറുവശത്ത് അത്തരം പ്രചരണങ്ങള്‍ക്കെതിരെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളില്‍ക്കൂടി പ്രതികരിക്കാനുളള പിണറായി വിജയന്റെ അവകാശത്തിന് വില പറയുക. ഒരേ സംഘമാണ് ഇത് രണ്ടും ചെയ്യുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കലല്ല ഇക്കൂട്ടരുടെ ലക്ഷ്യം. മറിച്ച് പിണറായിയെ അവമതിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന പൈശാചികമായ ഹുങ്കിന്റെ പെരുമ്പറയാണ് ഇവിടെ മുഴങ്ങുന്നത്.

സിമി നസ്രേത്ത് വരച്ച ഈ കാര്‍ട്ടൂണ്‍ കാണുക. ഇതിലുദ്ധരിച്ചിരിക്കുന്ന വാചകങ്ങള്‍ പിണറായി വിജയന്റെ ഫോട്ടോയും വെച്ച് "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു, മലപ്പുറം മൊയ്തു. സിമിയുടെ കാര്‍ട്ടൂണ്‍ ഒരു രാഷ്ട്രീയ പരിഹാസത്തിന്റെ ആശയാവിഷ്കാരമാണെങ്കില്‍ മൊയ്തുവിന്റെ ചെയ്തി തികഞ്ഞ തല്ലുകൊള്ളിത്തരമാണ്. കാര്‍ട്ടൂണും കാരിക്കേച്ചറും വഴി ചൊരിയുന്ന പരിഹാസവും ഒരുത്തന്റെ പടം അതുപോലെ പ്രതിഷ്ഠിച്ച് നടത്തുന്ന പരിഹാസാഭാസവും നിയമത്തിന്റെ ദൃഷ്ടിയില്‍ രണ്ടുതന്നെയാണ്.

മൊയ്തുവിന്റെ വക ഇമെയിലെ ശങ്കരാടിയുടെ ഡയലോഗിലാണ് വിമര്‍ശനകേസരികള്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍, അതിലെ പിണറായിയുടെ ചിത്രവും "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന വ്യാജപ്രസ്താവനയുമാണ് കേസിനാസ്പദമെന്നും മൊയ്തു അകത്തുകിടക്കണോ വേണ്ടയോ എന്ന തീരുമാനിക്കപ്പെടുന്നത് ഇങ്ങനെ ചെയ്യാന്‍ ഒരു വ്യക്തിയ്ക്ക് അവകാശമുണ്ടോ എന്ന പ്രശ്നത്തിന്മേലുളളള തീര്‍പ്പിന്മേലാണെന്നും വിമര്‍ശകര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. ഈ ചെയ്തിയുടെ ന്യായാന്യായങ്ങളെക്കുറിച്ചുളള ചര്‍ച്ചകളില്‍ നിന്ന് അവരൊക്കെയും ഒളിച്ചോടുകയും ചെയ്യുന്നു.

വാസ്തവം എന്ന് തോന്നിപ്പിക്കുന്ന ഇത്തരം രേഖകള്‍ തയ്യാറാക്കുന്നത് ഐപിസി 471 പ്രകാരം ശിക്ഷാര്‍ഹമാണ്. രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം. 2008ലെ സൈബര്‍ നിയമം ഇല്ലെങ്കിലും പിണറായി വിജയന് പരാതിയുണ്ടെങ്കില്‍ മൊയ്തു അകത്ത് കിടക്കും എന്നര്‍ത്ഥം.

വേറൊരുദാഹരണം നോക്കുക. "റെജീനയോട് താന്‍ ചെയ്തത് ശരിയാണെന്ന് മലപ്പുറത്തെ മുസ്ലിംങ്ങള്‍ ഒടുവില്‍ തിരിച്ചറി‍ഞ്ഞു എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. അതിനുളള തെളിവാണ് മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗിനുണ്ടായ മഹാവിജയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി " എന്നൊരു പത്രവാര്‍ത്ത കുഞ്ഞാലിക്കുട്ടിയുടെ ചിത്രം സഹിതം കൃത്രിമമായി നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. പത്രത്തിന്റെ മാസ്റ്റ്ഹെഡും ഫോണ്ടുമൊക്കെ കോപ്പിയടിക്കാന്‍ ഏറെ വൈദഗ്ധ്യമൊന്നും വേണ്ടതാനും. അങ്ങനെയൊന്നുണ്ടാക്കിയാല്‍, കോട്ടക്കല്‍ നഗരസഭാ കൌണ്‍സിലറും വനിതാലീഗ് നേതാവുമായ ടി വി സുലേഖാബീവിയുടെയും, മുസ്ളിംലീഗ് നേതാവും മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ എം റഷീദിന്റെയും മകളുടെ ഭര്‍ത്താവായ മൊയ്തു അതൊരു സാദാ രാഷ്ട്രീയ തമാശയായി തളളിക്കളയുമായിരുന്നോ എന്ന് നമുക്കറിയില്ല. പക്ഷേ, അത് ഐപിസി 471 പ്രകാരമുളള ക്രിമിനല്‍ കുറ്റമാണെന്നും മെയില്‍ ഫോര്‍വേഡായി അയച്ചാല്‍ സൈബര്‍ ആക്ട് പ്രകാരമുളള നടപടികള്‍ക്ക് ഇരയാകുമെന്നും അതുണ്ടാക്കുന്നവര്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ കേസും ജയിലുമൊക്കെ വഴിയേ വന്നേക്കാം. അന്നേരം ആവിഷ്കാരസ്വാതന്ത്ര്യം കുഞ്ഞാലിക്കുട്ടി കവര്‍ന്നേയെന്ന് വിലപിച്ച് ഓട്ടന്‍തുളളല്‍ നടത്തിയിട്ട് എന്തുകാര്യം...?

ഐപിസി 471 പ്രകാരമുളള കുറ്റം ചെയ്യുന്നതിനുളള അവകാശത്തിനുവേണ്ടി പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര നയിക്കുകയാണ് സൈബര്‍ ലോകത്തെ പിണറായി വിരുദ്ധര്‍. കുറ്റകൃത്യം ചെയ്യുന്നതിനുളള അവകാശത്തിനു വേണ്ടി വാദിക്കാനും ആളിനും യുക്തിയ്ക്കും കേരളത്തില്‍ പഞ്ഞമൊന്നുമില്ല, ഇരയുടെ കൂട്ടില്‍ പിണറായി വിജയന്‍ അടങ്ങിക്കിടക്കണമെന്ന് മാത്രം.

ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പരിമിതികളുളള രാജ്യമാണ് ഇന്ത്യ. എന്തും ചെയ്യാനുളള സ്വാതന്ത്ര്യമൊന്നും ഇവിടെയാര്‍ക്കുമില്ല. രാഷ്ട്രീയപരിഹാസം നടത്തുന്നതിനും ചില വ്യവസ്ഥകളൊക്കെയുണ്ട്. നിയമം അറിയില്ല എന്ന് പറയുന്നത് ഒരൊഴിവുകഴിവുമല്ല. എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നിയമവിദ്യാഭ്യാസം നല്‍കുന്ന ഏര്‍പ്പാടും ഇന്ത്യയില്ല. അറിയാത്ത പിളളമാരൊക്കെ വിവരങ്ങള്‍ അറിയുന്നത് ചൊറിയുമ്പോള്‍ തന്നെയാണ്. മൊയ്തുവിന്റെ അനുഭവം ഒരു മുന്നറിയിപ്പാണ്. പിണറായിയുടെ വീടെന്ന മട്ടില്‍ സീരിയല്‍ ഷൂട്ടിംഗ് നടന്ന മണിമാളികയുടെ ചിത്രം പ്രചരിപ്പിച്ചവരുടെ അനുഭവം പാഠമായി ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവര്‍ക്കുളള മുന്നറിയിപ്പ്. രാഷ്ട്രീയ പരിഹാസം വ്യാജരേഖ തയ്യാറാക്കിയല്ല വേണ്ടൂ എന്ന് പുതിയ കംസന്മാര്‍ തിരിച്ചറിയുക തന്നെ വേണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ പോലീസ് സ്റ്റേഷനൊക്കെ ഒന്നു സന്ദര്‍ശിക്കേണ്ടി വരും.

മാരീചന്റെ പേജിലേക്ക്

Friday, November 12, 2010

ഒരു തലീബാന്‍ കൊടുംക്രൂരതയുടെ കഥ - മുഹമ്മദ് റഫീഖ്




ടൈം മാസികക്ക് വേണ്ടി ആയിഷ ക്യാമറക്ക് മുന്നില്‍ എത്തിയപ്പോള്‍:
ഇത് നേരെത്തെ പത്രത്തില്‍ വന്നൊരു വാര്‍ത്ത‍യാണ് ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കായ്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ് .........

ടൈം മാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപെട്ട പത്തൊന്‍പതു വയസുകാരി .ഇവള്‍ താലിബാന്‍ ദുരവസ്ഥയുടെ നേര്‍കാഴ്ച.മനുഷ്യ മനസാക്ഷിയെ കുത്തി നോവിക്കുന്ന ജീവിക്കുന്ന രക്തസാക്ഷി.താലിബാന്‍ നടത്തുന്ന അതിക്രമങ്ങളുടെ ഒരു ഇര മാത്രം, ‚ഇവള്‍ ആയിഷ. 12 -ആം വയസില്‍ അഫ്ഗാനിലെ ഉറുസ്ഗാന്‍ പ്രവിശ്യയിലെ ഒരു കുടുംബാംഗമാണ് .തന്റെ അമ്മാവന്‍ ഒരാളെ യാദൃച്ഛികമായി വധിച്ചതിനെ തുടര്‍ന്നാണ് കഷ്ടകാലം തുടങ്ങുന്നത്. ദയാധനം നല്‍കാത്തതിനെ തുടര്‍ന്ന് തന്നെയും അനിയത്തിയെയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സ്വന്തം അച്ഛന്‍ വേറെ മാര്‍ഗമില്ലാതെ കൈമാറി.അവിടുത്തെ ഗോത്ര സംസ്ക്കാരത്തിന്റെ ഭാഗമായി പ്രശങ്ങള്‍ ഒതുക്കി തീര്‍ക്കുന്നതിന്റെ നിയമമാണ് ഈ കൈമാറ്റം .ഒരു താലിബാന്‍ നേതാവിന്റെ ഭവനമാണ് ആയിഷയെ കാത്തിരുന്നത്.അയാളുമായി വിവാഹം ഉറപ്പിക്കാം എന്ന കരാറിന്‍ മേലാണ് 12 -ആം വയസില്‍ ആയിഷ അവിടെയെത്തുന്നത്.പ്രായപൂര്‍ത്തിയായപ്പോള്‍ അയാള്‍ ആയിഷയെ വിവാഹം കഴിച്ചു,പക്ഷെ പീഡനങ്ങളുടെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു ആയിഷക്കു നേരിടേണ്ടി വന്നത്.ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങളും കൂടാതെ മൃഗങ്ങളുടെ കൂടേ രാത്രി ഉറങ്ങേണ്ടി വരെ വന്നു ‚ഈ സാധു പെണ്‍കുട്ടിക്ക്.തന്റെ അനിയത്തിയും ഇതേ സ്ഥിതി നേരിടുന്നു എന്ന് ആയിഷ മാധ്യമങ്ങളോട് പറയുന്നു.പീഡനങ്ങള്‍ ഒരു വിധത്തിലും സഹിക്കാതെ വന്നു അവള്‍ ഓടി രക്ഷപെട്ടെങ്കിലും ഭര്‍ത്താവായ ക്രൂരതാലിബാന്‍ നേതാവ് അവളെ കൈയ്യോടെ പിടികൂടി .രക്ഷപെടാന്‍ ശ്രമിച്ചു എന്ന കാരണത്താല്‍ ആയിഷയുടെ മൂക്കും രണ്ടു ചെവികളും നിഷ്കരുണം അരിഞ്ഞെടുത്തു.”എന്റെ മൂക്കും ചെവികളും മുറിച്ചപ്പോള്‍ ഞാന്‍ ബോധരഹിതയായി.രാത്രിയുടെ മധ്യത്തില്‍ എന്റെ മൂക്കില്‍ തണുത്ത വെള്ളം വീണത്‌ പോലെ പോലെ തോന്നി കണ്ണ് തുറക്കാന്‍ ശ്രമിച്ചു,പക്ഷെ അത് രക്തമായിരുന്നു,കണ്ണ് തുറക്കാന്‍ പോലും കഴിയാത്ത അത്രയും രക്തം” ആയിഷ പറയുന്നു. ആരോ തന്നെ അവിടെ നിന്നും രക്ഷിച്ചു യൂ എസ് സന്നദ്ധ സംഘടനയുടെ കൈകളില്‍ എത്തിച്ചു.അവര്‍ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു .ആ സമയത്തും ആയിഷയുടെ മാനസികാരോഗ്യം തകരാറില്‍ ആയിരുന്നു എങ്കിലും സുഖം പ്രാപിച്ചു.

മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതിബിംബമായി മാറിയ ആയിഷയെ ആ സമയത്തൊന്നും മാധ്യമങ്ങള്‍ കണ്ടില്ല.തുടര്‍ന്ന് ലോക പ്രശസ്തമായ ‘ടൈം ’ മാസികയുടെ ലേഖകര്‍ ആയിഷയെ കണ്ടെത്തുകയും ‚അവരുടെ ചിത്രം പിറ്റേ ലക്കത്തിലെ കവര്‍ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ആഗോള ശ്രദ്ധ ആയിഷ പിടിച്ചു പറ്റി.അവരുടെ സഹായത്തോടെ തന്റെ ഒരു വയസ് പ്രായമുള്ള കുഞ്ഞുമായി അമേരിക്കയിലേക്ക് ആയിഷ പറന്നു.മനുഷ്യ സ്നേഹികളുടെയും ‚ഗ്രോസ്മാന്‍ ബേണ്‍ ഫൌണ്ടേഷന്‍ എന്നിവയുടെ സഹായത്തോടും ആയിഷക്കു അടുത്ത സമയത്ത് ശാസ്ത്രക്രിയയിലൂടെ കൃത്രിമ മൂക്ക് ഘടിപ്പികുകയും ചെയ്തു.ഇപ്പോള്‍ ടീ വി സ്ക്രീനില്‍ ആയിഷയുടെ പുഞ്ചിരിയാര്‍ന്ന മുഖം തെളിയുകയാണ്.പക്ഷെ സങ്കടങ്ങള്‍ ആയിഷക്കു ഇനിയുമുണ്ട്.തന്റെ അനിയത്തിയും ഇതേ പീഡനങ്ങള്‍ ആ വീട്ടില്‍ നേരിടുകയാണെന്നും തന്നോടുള്ള വാശി അവര്‍ അവളോട്‌ തീര്‍ക്കുമെന്നും,ഇത് കൂടാതെ തന്റെ കുടുംബത്തില്‍ നിന്നും ഇനിയും പെണ്‍ കുട്ടികളെ ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നും ആയിഷ മനസ് തുറക്കുന്നു.
ടൈം മാസിക
:Our cover image this week is pow er ful, shock ing and dis turb­ing. It is a por trait of Aisha, a shy 18-year-old Afghan woman who was sen tenced by a Tal iban com man der to have her nose and ears cut off for flee ing her abu sive in-laws. Aisha posed for the pic ture and says she wants the world to see the effect a Tal iban resur gence would have on the women of Afghanistan, many of whom have flour ished in the past few years. Her pic ture is accom pa nied by a pow er ful story by our own Aryn Baker on how Afghan women have embraced the free doms that have come from the defeat of the Tal iban — and how they fear a Tal iban revival. I thought long and hard about whether to put this image on the cover of TIME. First, I wanted to make sure of Aisha’s safety and that she under stood what it would mean to be on the cover. She knows that she will become a sym bol of the price Afghan women have had to pay for the repres sive ide­ol ogy of the Tal iban. We also con firmed that she is in a secret loca tion pro tected by armed guards and spon sored by theNGO Women for Afghan Women. Aisha will head to the U.S. for recon struc tive surgery spon sored by the Gross man Burn Foun da tion, a human i tar ian orga ni za tion in Cal i for nia. We are sup port ing that effort.ടൈം മാസികയുടെ ഈ പ്രവര്‍ത്തനം അഫ്ഗാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആഖ്യാനമാകുകയാണ്.ഇതോടെ ലോകം മുഴുവന്‍ ഈ പ്രശ്നത്തിലേക്ക് ഉറ്റു നോക്കുകയാണ്.അതിനു വേണ്ടി തന്നെയാണ് താന്‍ ടൈം മാസികക്ക് വേണ്ടി ചിത്രം നല്‍കിയതെന്നും ആയിഷ പറയുന്നു.അതെ ആയിഷ ഒരു സമൂഹത്തിന്റെ പ്രതീകമാണ്,വായടച്ചു കളഞ്ഞ ‚അവഗണിക്കപ്പെടുന്ന അഫ്ഗാന്‍ സ്ത്രീകളുടെ ജീവനുള്ള പ്രതീകം. ഇനിയും ആയിരകണക്കിന് ആയിഷമാര്‍ അഫ്ഗാനിലുണ്ട്,പ്രതികരിക്കാനാവാതെ താലിബാന്റെ ക്രൂര വിനോദങ്ങളും പേറി മറിച്ച് ജീവിക്കുകയാണ്.അവര്‍ക്ക് വേണ്ടി നമ്മുക്കും മനസാക്ഷിയുടെ ജനലുകള്‍ തുറന്നിടാം.…

മുഹമ്മദ് റഫീഖിന്റെ പേജ്

സിബിഐയുടെ അട്ടിമറി .പി.എം മനോജ്

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന്‍ കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷിച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂണ്‍ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒച്ച കേട്ടുതുടങ്ങി. യുഡിഎഫ് ഉയര്‍ത്തിയ ലോട്ടറിയടക്കമുള്ള വിഷയങ്ങള്‍കൊണ്ടൊന്നും രാഷ്ട്രീയമായി അവര്‍ക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇറക്കിയ വര്‍ഗീയകാര്‍ഡ് ജനങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇതിന്റെ ബാധ്യതയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ഒരു വിഭാഗത്തിന്റെ ചിന്ത. ലാവ്ലിന്‍ കേസിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചാല്‍മാത്രം ശ്വാസം നേരെ വിടുന്ന ചില കുബുദ്ധികള്‍ വേറെയുമുണ്ട്. പൊടുന്നനെ ലാവ്ലിന്‍ ഉയര്‍ന്നുവരാനുള്ള പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്. സുപ്രീംകോടതി പരിശോധിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സിബിഐയുടെ വക്കീല്‍ മറ്റൊരുകോടതിയില്‍ നടത്തിയ വാദം പ്രധാന വാര്‍ത്തയായതിനുപിന്നിലും തൊട്ടടുത്ത ദിവസം ചാനലുകളില്‍ ലാവ്ലിന്‍ ആഘോഷം തുടങ്ങിയതിനുപിന്നിലും അത്യധികമായ അത്ഭുതമില്ല എന്നര്‍ഥം.

മനോരമയില്‍ വന്ന വാര്‍ത്തയാണ്: "സിപിഎം സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായിരുന്നുവെന്ന്ìസിബിഐ.'' സിബിഐക്ക് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനുള്ള ചുമതലയുംകൂടി വന്നുപെട്ടിരിക്കുന്നു. 'മന്ത്രിസഭ തെറ്റുചെയ്തു; ഗവര്‍ണര്‍ അത് തിരുത്തി' എന്നും 'ഗവര്‍ണറുടേതാണ് അന്തിമവും ഭരണഘടനാപരവുമായ തീരുമാന' മെന്നും സിബിഐയുടെ വക്കീല്‍ പ്രത്യേക കോടതിയെ അറിയിച്ചതായാണ് മനോരമയുടെ മുഖ്യവാര്‍ത്ത. മന്ത്രിസഭയുടെ വാദമുഖങ്ങള്‍ 'അതിശക്തനായ പാര്‍ടി സെക്രട്ടറി' പ്രതിയാക്കപ്പെട്ടതിനാലുണ്ടായതാണത്രേ. കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി മന്ത്രിസഭകളെടുക്കുന്ന തീരുമാനങ്ങളെ വികലമായി സിബിഐ വ്യാഖ്യാനിക്കുന്നത് ഇതാദ്യമായല്ല. 'പക്ഷപാതപരം', 'തെറ്റിദ്ധരിപ്പിച്ച് കൈക്കൊണ്ടത്' തുടങ്ങി സൌകര്യപൂര്‍വമുള്ള വ്യാഖ്യാനങ്ങളാണ് കോണ്‍ഗ്രസ് ഇതര മന്ത്രിസഭകളുടെ തീരുമാനങ്ങളോടുള്ള സിബിഐയുടെ പതിവ് ശൈലി.

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കരാറിന്റെ വിവിധ വശങ്ങള്‍ 97-98 കാലത്ത് മൂന്നുവട്ടം മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണ്. അന്നത്തെ മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെല്ലാം പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തതുമാണ്. എന്നിട്ടും സിബിഐ ആരോപിച്ചു, പിണറായി വിജയന്‍ മന്ത്രിസഭയെ 'തെറ്റിദ്ധരിപ്പിച്ചു' എന്ന്. അങ്ങനെയൊരാക്ഷേപം അന്നത്തെ മന്ത്രിസഭാംഗങ്ങള്‍ ഉന്നയിച്ചിട്ടില്ല. തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രിമാര്‍ പറയാതെതന്നെ സിബിഐ അത്തരമൊരു വാദം സങ്കല്‍പ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്.

മന്ത്രിസഭ എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിന്റെ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഏറ്റവും ഉന്നതമായ വേദിയാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തത്തിലധിഷ്ഠിതമായി ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടനയനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രിസഭയെ അവിശ്വസിക്കുന്ന രീതിയാണ് സിബിഐ ഈ കേസിലുടനീളം കൈക്കൊണ്ടത്. അതുതന്നെയാണ് ഇന്നു കാണുന്ന ലാവ്ലിന്‍ കേസിനടിസ്ഥാനം. ആരും പറയാതെ സിബിഐയുടെ ഭാവനയില്‍മാത്രമാണ് 'മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു' എന്ന തിരക്കഥയും അതിനെ അടിസ്ഥാനപ്പെടുത്തിമാത്രം കേസും വന്നത്.

ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പാകെ സിബിഐ കെട്ടിച്ചമച്ച കേസുമായി പ്രോസിക്യൂഷന് അനുമതി തേടി. അനുമതി നല്‍കേണ്ടതില്ലെന്ന് ഗവമെന്റ് തീരുമാനമെടുത്തത്, ഭരണഘടനാപരമായി ചുമതലപ്പെട്ട അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ, നിയമപരവും ഭരണഘടനാപരവുമായ എല്ലാ നടപടിക്രമവും പാലിച്ച് എടുത്ത തീരുമാനത്തെയാണ് 'പിഴച്ചുപോയതെ'ന്നും 'പക്ഷപാതപരമെന്നും' സിബിഐ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസിതര ഗവമെന്റാണ് തീരുമാനമെടുത്തത് എന്നതിനാല്‍ സിബിഐ ഇതല്ലാതെ മറ്റെന്തുപറയാന്‍. ഗവര്‍ണറാകട്ടെ, അടുത്തൂ പറ്റി വക്കീല്‍പണിയെടുക്കുന്ന ഒരു മുന്‍ ജഡ്ജിയെക്കൊണ്ട് ഇഷ്ടത്തിനനുസരിച്ച് കടലാസ് എഴുതി വാങ്ങിയാണ് മന്ത്രിസഭാ തീരുമാനത്തെ മറികടന്നത്. അതും നിയമോപദേശം നല്‍കാന്‍ അര്‍ഹതപ്പെട്ട അറ്റോര്‍ണി ജനറല്‍, സൊളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികളെയാകെ അവഗണിച്ചുകൊണ്ട്. ഗവര്‍ണറാണ് ജനാധിപത്യ ധ്വംസനം നടത്തിയത്. അതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കേരളത്തിന്റെ മന്ത്രിസഭാ തീരുമാനം അവിഹിത മാര്‍ഗത്തിലൂടെ മറികടന്ന ഗവര്‍ണറുടെ നടപടി ശരിയും മന്ത്രിസഭയുടേത് 'പിഴവും' ആണെന്ന് സിബിഐ വാദിക്കുന്നിടത്താണ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും രാഷ്ട്രീയ ഇടപെടലും. ഭരണഘടനയെ വെല്ലുവിളിക്കലല്ലാതെ മറ്റൊന്നല്ല അത്. എല്ലാ അര്‍ഥത്തിലും ജനാധിപത്യം പരാജയപ്പെടുന്നതും ഇവിടെത്തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപന ദിവസമാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ക്യാബിനറ്റ് നോട്ടുപോലുമില്ലാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തിരക്കിട്ട് തീരുമാനിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയവേട്ടയാണ് അന്ന് നടന്നത്. അത്തരത്തിലൊന്നിനെ ജനാധിപത്യപരം എന്ന് ന്യായീകരിക്കുകയാണ് സിബിഐയും ചില മാധ്യമങ്ങളും. അതേസമയം 49 ശതമാനം വോട്ടും 100 സീറ്റും നേടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം ജനാധിപത്യത്തിനു നിരക്കുന്നതല്ലപോലും. ഇതെന്തു കഥ? 30 ശതമാനത്തില്‍ താഴെ സീറ്റും വോട്ടും നേടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തിലേക്ക് നോമിനേറ്റ് ചെയ്ത് അയച്ച ഗവര്‍ണര്‍ തൊട്ടാല്‍ ജനാധിപത്യം വിളയുമെന്ന്. തങ്ങളുടെ സൌകര്യത്തിനൊത്ത് വളച്ചൊടിക്കാനുള്ളതാണ് സിബിഐക്കും മനോരമയ്ക്കും ന്യായങ്ങള്‍. ഇതേ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവും കൂട്ടരും രാജ്ഭവനില്‍ ചെന്ന് സമ്മര്‍ദം ചെലുത്തിയതും മറന്നുപോകരുത്. രാഷ്ട്രീയ താല്‍പ്പര്യവും കേന്ദ്ര ഭരണാധികാരവും ഉപയോഗിച്ച് പ്രതിപക്ഷം പറയുന്നിടത്ത് ഗവര്‍ണര്‍ ഒപ്പുവച്ചതാണോ ജനാധിപത്യ സംരക്ഷണമെന്ന് സിബിഐ പറയുന്നത്? ക്യാബിനറ്റിന്റെ തീരുമാനത്തിന് പുല്ലുവിലയും തോറ്റ പ്രതിപക്ഷം പറയുന്നത് വേദവാക്യവുമാകുന്നത് എന്തിനോടുള്ള വെല്ലുവിളിയാണ്? കേന്ദ്ര ക്യാബിനറ്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും സോണിയ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിന്റെ ഇംഗിതത്തിനും താല്‍പ്പര്യത്തിനുംവേണ്ടി 'പക്ഷപാതപരമായി' കൈക്കൊണ്ടതാണെന്നു പറയാന്‍ ഇതേ സിബിഐ തന്റേടം കാണിക്കുമോ?
ഒറ്റക്കാര്യമേ ഓര്‍ക്കേണ്ടതുള്ളൂ. നാം കാശുമുടക്കി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചില മാധ്യമങ്ങളെങ്കിലും എത്രമാത്രം തരംതാണുപോയി എന്നത്. വിടുപണി, ഉപജാപം തുടങ്ങിയ വാക്കുകള്‍ക്ക് നാം മനസ്സിലാക്കുന്നതിനേക്കാള്‍ അധമമായ അര്‍ഥമുണ്ടെന്നു തെളിയുകയാണിവിടെ. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഒരു ഫയലില്‍ പിണറായി വിജയന്‍ എഴുതിയതായി പറയുന്ന വരദാചാരി എന്ന ഉദ്യോഗസ്ഥനെപ്പറ്റിയുള്ള ഒരു അഭിപ്രായം 'ലാവ്ലിന്‍ കേസിലെ തലപരിശോധന'യാക്കി മാറ്റിയ ഉളുപ്പില്ലായ്മ കാട്ടിയവരാണ് ഇവിടത്തെ ഉപജാപകര്‍. ആ കള്ളം കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്ത് അതിന് കള്ളസാക്ഷികളെയുമുണ്ടാക്കിയവരാണ് സിബിഐ. ഇല്ലാത്ത ഫയല്‍ മുക്കിയെന്ന് കേസുണ്ടാക്കിയതും ഫോചോര്‍ത്തല്‍ കഥ മെനഞ്ഞതും ഇതേ കൂട്ടര്‍തന്നെ. എല്ലാം പൊളിഞ്ഞിട്ടും പുതിയ കഥകളെയും കഥാപാത്രങ്ങളെയും എഴുന്നള്ളിക്കാന്‍ അവര്‍ക്ക് ലജ്ജതോന്നുന്നില്ല. ഒരു പൈസയുടെ അഴിമതി പിണറായി വിജയന്‍ നടത്തി എന്ന് സിബിഐ പറഞ്ഞിട്ടില്ല- സംശയം പ്രകടിപ്പിച്ചിട്ടുമില്ല. കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് സിപിഐ എമ്മിന്റെ ബദ്ധശത്രുക്കളായ ബിജെപി നേതൃത്വംപോലും പറഞ്ഞു. പ്രഗത്ഭരായ നിയമ പണ്ഡിതര്‍ പറഞ്ഞു- രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സൃഷ്ടിച്ച കേസാണിതെന്ന്. കേരളത്തിലെ ജനങ്ങള്‍ ലാവ്ലിന്‍ കേസിനെ കൃത്യമായി മനസ്സിലാക്കിയത് അത്തരം വസ്തുതകളിലൂടെയാണ്. ഇപ്പോള്‍ പുതുതായി കഥമെനയുന്നവര്‍ക്ക് അതിലൂടെ ആത്മനിര്‍വൃതി അടയാമെന്നേയുള്ളൂ. ഏതായാലും പിണറായി വിജയനും സിപിഐ എമ്മും ഇക്കഥകളില്‍ കക്ഷിയല്ല.

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നതാണ് ഇന്നലത്തെ ഒരു വാര്‍ത്ത. അതിനെതിരെ കേസ് കൊടുക്കുമെന്ന് ഒരു വിരുതന്‍. പിറ്റേന്ന് ചെന്നൈയില്‍നിന്ന് ഒരു 'മുഖ്യസാക്ഷി'യുമായി ചാനലാഫീസുകളില്‍ കയറിയിറക്കം. പൊടുന്നനെ ലാവ്ലിന്‍ 'കത്തുന്നു'. ചെന്നൈക്കാരന്‍ സാക്ഷി പറയുന്നത് നാട്ടുകാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാകണം, ചാനലിന്റെ പ്രത്യേക ലേഖകന്റെ വക തര്‍ജമയും വിശദീകരണവും.

കഥയില്‍ പുതിയ ചില ചേരുവകളുമായാണ് സാക്ഷിപ്പട്ടികയില്‍ പേരില്ലാത്ത 'മുഖ്യസാക്ഷി'യുടെ വരവ്. അയാള്‍ പറയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഒരു കേന്ദ്ര മന്ത്രി ഇടപെട്ടാണെന്ന്. അത് ചാനലുകള്‍ സഹര്‍ഷം ഏറ്റുപാടി. ഈ കേസില്‍ തുടക്കംമുതല്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസെന്നുമാണ് സിപിഐ എം തെളിവുകള്‍ നിരത്തി പറഞ്ഞിട്ടുള്ളത്. പുതിയ 'മുഖ്യസാക്ഷി'യെ അവതരിപ്പിച്ച് മാധ്യമങ്ങള്‍ അത് ശരിവയ്ക്കുന്നു- പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും മറ്റു ചിലര്‍ക്കും ഇതിലുള്ള അജന്‍ഡയ്ക്കനുസൃതമാണെന്ന പ്രത്യേകത മാത്രം. അപ്പോള്‍ ഈ ലാവ്ലിന്‍ കേസില്‍ ഉണ്ടായതു മുഴുവന്‍ രാഷ്ട്രീയ ഇടപെടലുകളായിരുന്നോ? കേസില്‍ രാ‍ഷ്ട്രീയമായി ഇടപെട്ടവരും ഇടപെടുവിച്ചവരും അന്വേഷണം വഴിതിരിച്ചുവിട്ടവരും വൈകിവന്ന സാക്ഷികളും ജനാധിപത്യത്തെയും ഭരണഘടനയെയും ധ്വംസിച്ചവരും മറുപടി പറയട്ടെ പുതിയ വെളിപാടുകള്‍ക്ക്.

പി.എം.മനോജിന്റെ പേജ്