ഹഹഹഹഹഹ നല്ല രസം :)))
ലേബല്‍ : ആദിയെ വല്ലാതെ മിസ്സു ചെയ്യുന്നു :((
മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Wednesday, September 14, 2011
Thursday, September 8, 2011
Wednesday, September 7, 2011
മഹാകവി പിയോട് മഹാകവി അക്കിത്തം സംസാരിക്കുന്നു
മരണം! അവള്‍ക്കു വേണ്ടി - അതെ! കവിതയ്ക്കുവേണ്ടിയുള്ള മരണം. ആ നിത്യകന്യകയ്ക്കു വേണ്ടിയുള്ള നിരന്തര മരണം...! അനശ്വരമായ മരണം!വാക്കുകളുടെ മഹാബലി മഹാകവി പി.കുഞ്ഞിരാമന് നായരുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാകവി അക്കിത്തം നടത്തിയ അപൂര്‍വമായ അഭിമുഖം ചുവടെ. പിയുടെ കാവ്യവിചാരങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള സ്നേഹപൂര്‍ണ്ണമായ കടന്നുപോകലിനൊപ്പം രണ്ട് വലിയ കവികളുടെ കൂടിച്ചേരലിന്റെ അത്യപൂര്‍വ്വത കൂടിയുണ്ട് ഈ മുഖാമുഖത്തിന്. മഹാകവിയോടുള്ള സ്നേഹാഞ്ജലിയായി ഈ അഭിമുഖം സമര്‍പ്പിക്കുന്നു, ഒപ്പം അക്കിത്തം എന്ന ഇതിഹാസമെഴുത്തുകാരനോടുള്ള ധന്യതയും
അക്കിത്തം: നമസ്കാരം. വല്ലപ്പോഴുമൊരിക്കലേ കണ്ടുകിട്ടാറുള്ളു. കണ്ടാല്‍ത്തന്നെ രണ്ടാമത്തെ നോട്ടത്തിനുമുമ്പ് അങ്ങ് അപ്രത്യക്ഷനാകും. ഇന്നേതായാലും വിടാന്‍ ഭാവമില്ല. എന്റെ കൈയില്‍ ഏതാനും ചോദ്യങ്ങളുണ്ട്. കുഞ്ഞിരാമന്‍നായര്‍ ആ ചോദ്യങ്ങള്‍ക്ക് അര്‍ഥമുണ്ടാക്കിത്തരേണമെന്ന അപേക്ഷയുണ്ട്.
കുഞ്ഞിരാമന്‍നായര്‍: നമസ്കാരം. ഞാന്‍ സ്വതേ ഒരു അനര്‍ഥക്കാരനാണ്. എങ്കിലും ചോദിച്ചോളൂ.

കുഞ്ഞിരാമന്‍നായര്‍ക്ക് കവിതാരചന സുഖമാണോ?
ഈ ചോദ്യം ഞാന്‍ പലവട്ടം പനിനീര്‍മൊട്ടിനോട് ചോദിച്ചതാണ്. ധനുമാസത്തിലെ കുയിലിനോടു ചോദിച്ചതാണ്. ചന്ദ്രോത്സവത്തിലെ കടലിനോട് ചോദിച്ചതാണ്. ഈ വികാരം സുഖമാണോ? ഈ രാഗലഹരി സുഖമാണോ? ഈ പ്രേമവായ്പിന്റെ വേലിയേറ്റം സുഖമാണോ? അവരുടെ മറുപടി ഞാന്‍ ആവര്‍ത്തിക്കാം - ഇതു സുഖമാണ്. ഇതു മാത്രമാണ് സുഖം - ഈ സുഖം നേടാനുള്ള ദുഃഖവും സുഖമാണ്.
എന്നു തുടങ്ങി ഈ സുഖാന്വേഷണം എന്നറിഞ്ഞാല്‍ കൊള്ളാം.
ഒന്നുമറിയാത്ത, എല്ലാമറിയുന്ന, ശൈശവത്തില്‍. പന്ത്രണ്ടാം വയസ്സില്‍. ഇരുട്ടു കുത്തി, തോരാത്ത കര്‍ക്കടകപ്പേമാരിയുടെ ശ്രുതി. മുത്തശ്ശന്റെ രാമായണഭാരത പാരായണം. രാമചരിതം പാട്ട്. എന്നെ അലിയിച്ചു. മധുരം നിറച്ച ആ ശീലുകള്‍ മറ്റൊരു ലോകത്തിലെത്തിച്ചു. കവിത-സംഗീതം-കേള്‍ക്കുമ്പോള്‍ സ്വയം മറന്ന് അതില്‍ മുങ്ങാന്‍ മനസ്സാശിച്ചു. പിന്നീട്, പതിന്നാലാമത്തെ വയസ്സില്‍ പട്ടാമ്പി പരിസരത്തുവെച്ച്-കവിതയുടെ ഉറവു കിനിഞ്ഞു.
പന്ത്രണ്ടാമത്തെ വയസ്സെന്നു പറഞ്ഞുവല്ലോ. പ്രാഥമിക വിദ്യാഭ്യാസം നേടിയ നാളുകളെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്?
വളരെയൊന്നും ഓര്‍മയില്ല. എങ്കിലും ഒന്നോര്‍ക്കുന്നു. കണക്കു പീര്യഡ് അന്നെനിക്കൊരു പേടിസ്വപ്നമായിരുന്നു. പാഠപുസ്തകങ്ങളിലെ കവിതകള്‍ നീട്ടിപ്പാടി സ്വയം മറക്കാറുണ്ടായിരുന്നു. അതൊരു ആവേശം തന്നെയായിരുന്നു.
കുഞ്ഞിരാമന്‍നായരുടെ ആദ്യത്തെ കവിത ഏതാണ്? അതെഴുതിയത് എവിടെ വച്ചായിരുന്നു?
പ്രകൃതിഗീതം! അതാണെന്റെ ആദ്യത്തെ കവിത. അതെഴുതുകയല്ല ഉണ്ടായത്. ഏറെനാള്‍ അതിലെ ഈരടികള്‍ മൂളിപ്പാടി തന്നത്താന്‍ രസിച്ചുകൊണ്ടു നടന്നു. പിന്നീട് എത്രയോ കഴിഞ്ഞ്, കുറുവന്‍തൊടി ശങ്കരനെഴുത്തച്ഛന്റെ നിര്‍ബന്ധപ്രകാരം ഒരു കടലാസ്സില്‍ പകര്‍ത്തി, അദ്ദേഹം നടത്തിവന്നിരുന്ന 'പൈങ്കിളി' മാസികയില്‍ ചേര്‍ത്തു.
പട്ടാമ്പി പരിസരവും ഭാരതപ്പുഴയും അങ്ങയുടെ മിക്ക കവിതകളുടെയും പശ്ചാത്തലമായി വര്‍ത്തിച്ചതെന്തുകൊണ്ടാണ്? ഒന്നു വിശദീകരിക്കാമോ?
എന്തോ! പട്ടാമ്പി-പുന്നശ്ശേരി പരിസരം ഉറങ്ങുന്ന കവിതയെ തട്ടിയുണര്‍ത്തിവിട്ടു. ഭാരതപ്പുഴയും വെണ്‍മണല്‍ത്തിട്ടും ചെറുതോണികള്‍, പച്ച പുതച്ച ഈങ്ങയൂര്‍ കുന്ന്. സന്ധ്യയ്ക്ക് ഇത്തിരി നേരം അന്തിത്തിരി മിന്നിമറയുന്ന ആ ശിവക്ഷേത്രം, നിശ്ശബ്ദമായി കാലുവച്ചു വരുന്ന പ്രഭാതങ്ങള്‍, നീണ്ട പാത, പലതരം യാത്രക്കാര്‍ - എല്ലാം ഒരു മഹാകാവ്യത്തിലെ വരികളായി തോന്നി. അന്നത്തെ അനുഭൂതിയെക്കുറിച്ച് 'പുലരിയെന്നവളോട്' എന്ന കവിതയില്‍ കാണാം. ആ കവിത നഷ്ടപ്പെട്ടു.

ഒരു വിദ്യാര്‍ഥിയായി അങ്ങ് പട്ടാമ്പിയിലെത്തിച്ചേര്‍ന്നുവെന്നാണല്ലോ പറഞ്ഞത്. അന്ന് അങ്ങ് നേടിയ വിദ്യാഭ്യാസത്തിന്റെ സ്വഭാവം ഒന്നു വിവരിച്ചുതന്നാല്‍ തരക്കേടില്ല. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അങ്ങ് എന്തെല്ലാം നേടി?
ഒരു വ്യാഴവട്ടക്കാലത്തിലധികം സംസ്കൃതപഠനത്തിന്നായി ചെലവഴിച്ചിട്ടുണ്ട്. ആദ്യം പട്ടാമ്പിയില്‍, പിന്നീട് തഞ്ചാവൂരിലും. പട്ടാമ്പിയില്‍ വച്ച്, സാക്ഷാല്‍ മഹാവിദ്വാന്‍ പുന്നശ്ശേരി നമ്പി ഗുരുനാഥന്റെ കീഴിലായിരുന്നു. കാവ്യങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ പഠിച്ചു. ഏഴര വെളുപ്പിന് ഉറക്കം തൂങ്ങിക്കൊണ്ടുള്ള ആ ശ്ലോകം ചൊല്ലലും, ഗുരുനാഥന്റെ ഇടയ്ക്കുള്ള 'കുഞ്ഞിരാമാ' എന്നുള്ള വിളിയും 'ഉറങ്ങുകയാണോ?' എന്ന ചോദ്യവും ഇപ്പോഴും കാതിലുണ്ട്.
സാക്ഷാല്‍ പുന്നശ്ശേരി നമ്പിയെക്കുറിച്ച് അങ്ങ് പ്രസ്താവിച്ചുവല്ലോ. ആ പുണ്യശ്ലോകനെക്കുറിച്ച് അല്‍പ്പം കൂടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്. അതും ഒരാപ്തശിഷ്യന്റെ മുഖത്തുനിന്നും.
ഭസ്മരുദ്രാക്ഷമാലകളണിഞ്ഞ ആ തേജോരൂപം, ഇപ്പോഴും ചുമര്ച്ചിത്രമായി ഉള്ളറയിലുണ്ട്. കാലത്തു മൂന്നുമണി തൊട്ട് എട്ടു മണിവരെയും വൈകുന്നേരം അഞ്ചുമണിമുതല്‍ എട്ടുമണിവരെയും അദ്ദേഹം തന്റെ ഉപാസനാമൂര്‍ത്തിയായ ദേവിയുടെ ക്ഷേത്രത്തിലായിരിക്കും. അതു കഴിഞ്ഞ് മറ്റു സമയങ്ങളിലാണ് അധ്യാപനം. ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍ - ദുര്‍ഗ്രഹശാസ്ത്രങ്ങള്‍-പഠിപ്പിച്ചിരുന്നു.
തഞ്ചാവൂര്‍ പരിസരം അങ്ങയെ എത്ര കണ്ടു സ്വാധീനിച്ചിട്ടുണ്ട്?
ഇവിടെ ഭാരതപ്പുഴ എന്നപോലെ അവിടെയും എന്നെ പിടികൂടാന്‍ ഒരുത്തിയുണ്ടായിരുന്നു. ഇളം നീലച്ചേലയുടുത്ത കാവേരി! കരിമ്പുതോട്ടങ്ങളില്‍ക്കൂടി മെല്ലെ മെല്ലെ അടിവച്ചടിവച്ച് ത്യാഗരാജകീര്‍ത്തനങ്ങളുടെ മധുരമൊഴുക്കി എങ്ങോ നടന്നകലുന്ന കാവേരി! കാവേരിയിലെ പ്രഭാതം! പാതിരാവിലെ ചന്ദ്രോദയം - കാവേരീനദിയിലേക്ക് കെട്ടിയിറക്കിയ ആ കൂറ്റന്‍ കെട്ടിടത്തിന്റെ, ഓളങ്ങളുരുമ്മുന്ന ഒരു മുറിയിലാണ് രണ്ടു കൊല്ലം ഞാന്‍ ജീവിച്ചിരുന്നത്. അവളെക്കുറിച്ച് മൂന്നാലു കവിതകള്‍ അന്നു മനസ്സിലെഴുതിവച്ചു.
അപ്പോള്‍ ഒരു ചോദ്യം - കവിതകള്‍ മനസ്സിലെഴുതിവെച്ചുവെന്ന് പറഞ്ഞല്ലോ. ആ ഏര്‍പ്പാട് ഇന്നുമുണ്ടോ?
ചങ്ങാതീ, ഇന്നത് സാധ്യമല്ല. കടലാസ്സും പേനയും എന്നും തുണയ്ക്കു വേണം എന്ന മട്ടാണിന്ന്: കിഴവന്നു വടിപോലെ.
തികച്ചും ബോധപൂര്‍വമായ ഒരു പ്രക്രിയയാണോ, ഈ കവിതാരചന?
ഓരോരുത്തരുടെയും കവിതാരചന ഓരോ മട്ടിലായിരിക്കും. എന്നെ സംബന്ധിച്ച് തുറന്നുപറയാം. തികച്ചും ബോധപൂര്‍വമല്ല ആ പ്രക്രിയ. ആകാശത്ത് പെട്ടെന്ന് എങ്ങുനിന്നോ മേഘമാലകള്‍ അടിഞ്ഞുകൂടുന്നു. പൂവില്‍ തനിയെ തേന്‍ കിനിയുന്നു. എട്ടുകാലി അവനറിയാതെ മനോഹരമായ വല നെയ്യുന്നു. മങ്ങിയ വെളിച്ചത്തില്‍ മങ്ങിയ ഇരുട്ടില്‍വെച്ച് ആ സര്‍ഗപ്രക്രിയ നടക്കുന്നു.
സാഹിത്യം-കവിത. ജീവിതഗന്ധിയാവണമെന്ന് പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍, കവി തനിക്കു ചുറ്റുമുള്ള ജീവിതം നിരീക്ഷിക്കേണ്ടതല്ലേ? അതങ്ങനെത്തന്നെ പകര്‍ത്തിവെച്ചാല്‍ കവിതയാകുമോ?
വെറും ഫോട്ടോഗ്രാഫറല്ല കവി. കവി ചിത്രകാരനാണ്. മണ്ണ്, മനോഹരമായ മണ്‍കുടമാകുന്നു. പരുത്തി വെണ്മയേറിയ പൂന്തുകിലാകുന്നു. മുള്ളുള്ള കൈതയോല, മിനുമിനുത്ത തഴപ്പായാകുന്നു. പുതിയൊരു പ്രപഞ്ചസൃഷ്ടി തന്നെയാണത്. കവിയുടെ മൂലധനം ഭാവനാവിലാസംതന്നെ. ഉണക്കുവൈക്കോല്‍ തിന്നുന്ന പശു നറുംപാല് ചുരത്തുന്നു. ഈ പ്രപഞ്ചം ഈ ഭാവനാശില്‍പ്പത്തില്‍ക്കൂടി, നിത്യസുന്ദരമായ ഭാവനാകാവ്യമായി ഉരുത്തിരിയുന്നു.
കവിയുടെ നിത്യനൂതനമായ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് അങ്ങ് ഭംഗിയായി അപഗ്രഥിച്ചു. ഒരു കാര്യം കൂടി. ഈ സൃഷ്ടി നടത്തുന്ന കവിയുടെ ആന്തരാനുഭവങ്ങളെക്കുറിച്ച് വല്ലതും പറയാന്‍ പറ്റുമോ?
വെളിച്ചപ്പാടിന്റെ കാര്യം ഞാന്‍ പലതവണ പറഞ്ഞതാണ്. പോസ്റ്റുമേന്റെ കാര്യവും അതേപോലെതന്നെ. തന്നെ മറക്കുക എന്നതാണ് സുഖരഹസ്യം. കലാരഹസ്യവും അതുതന്നെ. സ്വന്തം മേല്‍വിലാസം നഷ്ടപ്പെടുമ്പോഴാണ് നേട്ടമുണ്ടാകുന്നത്. ഈ 'അഹ'ത്തില്‍നിന്ന് എത്രയ്ക്ക് അകന്നുപോകുന്നുവോ, അത്രയ്ക്ക് അവനുയരുന്നു. ആ നിമിഷങ്ങളില്‍ കവി വ്യക്തിയല്ല, മഹാശക്തിയാണ്. അനശ്വരമായ മഹാകാവ്യമാണ്. ശരിയായ നിയോഗം വരുമ്പോള്‍ അത് വെളിച്ചപ്പാടിന്റെ ശബ്ദമല്ല. മറ്റേതോ ശബ്ദമായിരിക്കും. അവന് ഒരോടക്കുഴലായി മാറും. അനശ്വരമായ തൂലികയായി മാറും. ആദ്യം താങ്കള്‍ ചോദിച്ച ചോദ്യത്തിന്ന് ഇവിടെയാണ് ശരിയായ ഉത്തരം വരുന്നത്. കവിതാരചന സുഖമാണോ, എന്നു ചോദിച്ചുവല്ലോ - ഈ നിമിഷങ്ങളില്‍ കവിതാരചന സുഖമാണ്. ഫോട്ടോഗ്രാഫറുടെ ഡാര്‍ക്ക് റൂമാണ് കവിയുടെ പണിപ്പുര.
അപ്പോള്‍ കവിയുടെ അലൗകികാനുഭൂതികളില്‍ അങ്ങ് വിശ്വസിക്കുന്നു. അല്ലേ?
സാധാരണ മനുഷ്യര്ക്കില്ലാത്ത ചില അലൗകികാനുഭൂതി വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണല്ലോ അവനെ കവിയെന്നു വിളിക്കുന്നത്. അവന്റെ ജീവിതവീക്ഷണം - ലോക വീക്ഷണം - ജീവിതവ്യാപാരം - ഇരിപ്പ്, നടപ്പ്, കിടപ്പ് - പോരാ, ഓരോ ചലനംപോലും വ്യത്യസ്തമായിരിക്കും. പ്രത്യേകതകള്‍ ഉള്ളതായിരിക്കും. ഈ അസാധാരണത്വം - അലൗകികത്വം - അവന്റെ മുദ്രയാണ്. അതു നിലനില്ക്കുമ്പോഴേ, അവന്നു കവിത എഴുതാന്‍ പറ്റൂ. ആര്‍ഷകാവ്യങ്ങള്‍ അതിനു തെളിവാണല്ലോ. കാളിദാസകാവ്യങ്ങള്‍ ഉള്‍പ്പെടെ. ഓരോ നിമിഷവും കവിതയ്ക്കുള്ള തപസ്യയായി മാറ്റാന്‍ വെമ്പുന്നു. ക്ഷണികവും നശ്വരവുമായ ഈ പ്രപഞ്ചജീവിതം അയാള്‍ അനശ്വരമായ കവിതയാക്കി മാറ്റുന്നു.
ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം മറ്റൊരു സ്വരത്തില്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണിവിടെ. സമകാലിക ജീവിതത്തിന്റെ ആശകളും നിരാശകളുമെല്ലാം ഒരു കവിക്കു കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ? കവിയും സമൂഹത്തിലൊരു ഭാഗമല്ലേ? അത്തരം പ്രശ്നങ്ങളെ കവി നേരിട്ടില്ലെങ്കില്‍, കാലഘട്ടത്തിന്റെ ശബ്ദം ചെവിക്കൊള്ളാതിരിക്കലെന്ന മട്ടാവില്ലേ.
ഉത്തരം മുമ്പ് പറഞ്ഞതാണ്. കവി വ്യക്തിയല്ല, ശക്തിയാണെന്ന്. കവിയുടെ ആത്മാവ് വിശ്വാത്മാവാണെന്ന്, വിശ്വപ്രേമമാണെന്ന്. കവിയുടെ രൂപം - സത്യം പറയട്ടെ ചങ്ങാതീ! വിശ്വരൂപമാണെന്ന്! കവിയുടെ ഹൃദയസ്പന്ദനം വിശ്വത്തിന്റെ ഹൃദയസ്പന്ദനമാണെന്ന്. സര്‍വചരാചരങ്ങളുടെയും ഹൃദയസ്പന്ദനമാണെന്ന്. മര്‍ദനമേല്‍ക്കുന്ന തൊഴിലാളിയും ഭാരം വലിച്ച്, ചാട്ടയടിയേല്‍ക്കുന്ന വണ്ടിക്കാളയും - അയാളെ വേദനിപ്പിക്കുന്നു. പുഴ അറിയാതെ, പരിസരം അതില്‍ ബിംബിക്കുന്നു. ചുറ്റുമുള്ളതെല്ലാം അതില്‍ പ്രതിബിംബിക്കുന്നു. അത് അകൃത്രിമമാകണം. ആത്മാര്‍ഥമാകണം. അപ്പോഴതിന്ന് അഴകുണ്ട്. അനുഭൂതിയുണ്ട്. മറിച്ചാവുമ്പോള്‍ വിരൂപവും.
കവിതയ്ക്ക് - അല്ലെങ്കില്‍ കവിക്ക് എന്തെങ്കിലും ഒരു ലക്ഷ്യം വേണ്ടതുണ്ടെന്ന് കുഞ്ഞിരാമന്‍നായര്‍ക്ക് അഭിപ്രായമുണ്ടോ?
ഒറ്റ വാക്കില്‍ പറയാം. ആരും സ്വീകരിച്ചുകൊള്ളണമെന്നില്ല. ജീവിതത്തിനെന്നപോലെ, കവിതയ്ക്കും ഒരു ലക്ഷ്യമുണ്ട്. അതിതാണ്:
പൊട്ടിത്തകരാന് മുഹൂര്‍ത്തമടുത്തൊരീ-
മൃത്യുപാത്രത്തിലമൃതു മോന്തുക,
ലോകത്തിന് മോന്താന് കൊടുക്കുക.
കവി ഉപദേഷ്ടാവാകേണ്ടതുണ്ടോ? എന്ത് പറയുന്നു?
നേരിട്ട് ഉപദേശത്തിനൊരുങ്ങുമ്പോള്‍, കവി കവിയല്ലാതാകുന്നു. ആ പഴയ വരിയാണ് ഇതിനു പ്രമാണമെന്ന് എനിക്കു തോന്നുന്നു:
കാന്താസമ്മിതതയോ ഉപദേശയുജേ.
(സ്നേഹമുള്ള, സുന്ദരിയായ ഭാര്യയെപ്പോലെ പറയാതെ പറയുക).
പല കവികളും ഈ പ്രപഞ്ചത്തെ എങ്ങനെ വീക്ഷിക്കണമെന്നു പറഞ്ഞുവെച്ചു പോയിട്ടുണ്ട്. കുഞ്ഞിരാമന്‍നായര്‍ ഏത് നിലയ്ക്കാണ് ഈ ലോകത്തെ വീക്ഷിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.
ആശ മുഴുവന്‍ ഫലിക്കാറില്ലല്ലോ. ഞാന്‍ ആശിക്കുന്നതിതാണ്. അജ്ഞാത രഹസ്യം - അജ്ഞാതസത്യം തിരയുന്ന ഒറ്റപ്പറവയായി, കണ്ണീരില്‍ക്കുതിര്‍ന്ന അലസ മേഘശകലമായി, വിദൂരനക്ഷത്രമായി, നിസ്സംഗനായി, നിര്‍ല്ലോപനായി പ്രകൃതിയെ വീക്ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

അങ്ങയുടെ അഭിപ്രായത്തില്‍ സാക്ഷാല്‍ കവി ആരാണ്?
'കവി പുരാണം അനുശാസിതാരം' എന്ന് ഉപനിഷത്ത് വാഴ്ത്തുന്ന കവി തന്നെ സാക്ഷാല്‍ കവി. കണ്ടെഴുതുന്നവനല്ല, കാണേണ്ടതെഴുതുന്നവനാണ് കവി.
ഉത്തമകവിതയോ?
ഈ പ്രപഞ്ചത്തേക്കാള്‍ വലിയ ഉത്തമകവിത മറ്റെന്തുണ്ട്? രസാത്മകമായ ഉത്തമകവിത! ഇതിന്റെ നിര്‍ജീവമായ വിവര്‍ത്തനമല്ല മനുഷ്യസാഹിത്യം. പ്രഭാതവും പ്രഭാതത്തിന്റെ കടലാസു ചിത്രവും ഒന്ന് ഒത്തുനോക്കൂ!
അങ്ങേയ്ക്കു പ്രത്യേക ശീലങ്ങളുണ്ടോ?
ദുശ്ശീലങ്ങളാണേറെ! നല്ലതും ചിലത് ഉണ്ടെന്നു തോന്നുന്നു. അതിലൊന്ന് ഇതാണ്. താങ്കള്‍ എന്തു പറയും എന്നറിഞ്ഞുകൂടാ. പറയാം. എല്ലാവരും ഉറക്കമായാല്, വിളക്കണച്ച് തുറന്ന സ്ഥലത്ത്, ഇരുട്ടത്ത് ഒറ്റയ്ക്കിരുന്ന് നക്ഷത്രം നിറഞ്ഞ നീലാകാശം നോക്കിയിരിക്കുക. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥപാരായണമാണത്. മനുഷ്യനെ ഒറ്റയ്ക്കും ഒറ്റയായും പെരുപ്പിച്ചും കാണാനിഷ്ടമില്ല. പ്രപഞ്ചകുടുംബത്തിലെ ഒരംഗമായി, മഹാസമുദ്രത്തിലെ നുരയായി മനുഷ്യനെ കാണാനിഷ്ടപ്പെടുന്നു. പുറംകണ്ണടച്ച്, ഭാവന-ദൃഷ്ടി-ദിവ്യദൃഷ്ടി-യില്‍ക്കൂടി എല്ലാം കാണാനാശിക്കുന്നു. കുട്ടിയുടെ ലോകം ഭാവനാലോകമാണ്. കവിയുടേതും ഭാവനാലോകം തന്നെ. ഒരു ഇളംപൈതലിന്റെ കണ്ണില്‍ എല്ലാം സുന്ദരമാണ്, അത്ഭുതമാണ്. മുറ്റത്തെ പുല്‍ക്കൊടി, ഒരു ഉരുളന്‍കല്ല്, മണല്‍ത്തരി, കൊഴിഞ്ഞുവീണ പക്ഷിത്തൂവല്‍ - എല്ലാം അദ്ഭുതമാണ്. ഒരു ഇളംപൈതലിന്റെ ജിജ്ഞാസ - അടങ്ങാത്ത ജിജ്ഞാസ, അത്ഭുതം, ആനന്ദം - ഈ ഹൃദയമുള്ളവനേ കവിയാവാന്‍ കഴിയുള്ളൂ. അവന് കല്ല് കല്‍ക്കണ്ടമാക്കുന്നു. തെങ്ങിന്‍മടലിനെ കാളയാക്കുന്നു, പൂച്ചക്കുട്ടിയെ ഉമ്മവെക്കുന്നു, തീക്കനല്‍ കടന്നെടുക്കുന്നു, പാമ്പിനെ വാരിയെടുക്കുന്നു - ഈ ഭാവനാവിലാസം നിലനിര്ത്തുന്നവന് ആജീവനാന്തം കവിയാവുന്നു.
കുഞ്ഞിരാമന്‍നായരുടെ ലോകവീക്ഷണത്തെപ്പറ്റി മനസ്സിലായി. ഇത്തരമൊരു വീക്ഷണമുണ്ടായിത്തീരാന്‍ ഇതിഹാസങ്ങളും ഉപനിഷത്തുകളും ഏറെ സ്വാധീനം ചെലുത്തിയിരിക്കണമല്ലോ.
പുത്രരക്തത്തില്‍ പിതൃരക്തബിന്ദുക്കള്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടോ, എന്നാണല്ലോ ചോദ്യം. താങ്കള്‍ക്കറിയാവുന്ന സംഗതിയല്ലേ അത്. ഏതു കവിയുടെയും പ്രാണവായുവില്‍ അതാതു നാട്ടിലെ ഇതിഹാസവും സംസ്കാരവും ചരിത്രവും അവനറിയാതെ കൈ ചെലുത്തുന്നുണ്ട്.
കൂട്ടത്തില്‍ ഒരു ചോദ്യം -കുഞ്ഞിരാമന്‍നായര്‍ ആദ്യകാലത്ത്, ബംഗാളി നാടകങ്ങള്‍ ഒന്നാന്തരമായി തര്‍ജമ ചെയ്തിട്ടുണ്ടല്ലോ. പ്രത്യേകിച്ചും ദ്വിജേന്ദ്രലാല്‍ റോയിയുടെ. അങ്ങേയ്ക്ക് ബംഗാളി വശമുണ്ടോ? അറിയാവുന്ന, അവഗാഹമുള്ള മറ്റു ഭാഷകളേതെല്ലാമാണ്?
എന്റെ ജന്മദേശം കാഞ്ഞങ്ങാടാണെന്ന് അറിയുമല്ലോ. സ്കൂളില്‍ പഠിച്ചതു കര്‍ണാടകമാണ്. ബംഗാളി അറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ, കര്‍ണാടകത്തില്‍നിന്നാണ് പ്രശസ്ത നാടകങ്ങള്‍ ഞാന്‍ മലയാണ്മയ്ക്കു കാഴ്ചവെച്ചത്.
അതു ശരി. ജന്മദേശം വിട്ട് മധ്യമലയാളത്തില്‍ത്തന്നെ ഏതാണ്ട് സ്ഥിരവാസമായത് എന്തുകാരണത്താലാണ്?
ഒരു സാഹിത്യകാരന് പറ്റിയ അന്തരീക്ഷമല്ല വടക്കുള്ളത് എന്നെനിക്കു തോന്നി. കാഞ്ഞങ്ങാട്ട് കൃഷിയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ്. നല്ല പത്രമാസികകളോ പ്രസിദ്ധീകരണശാലകളോ ഇന്നും വടക്കില്ല. ഒരുദാഹരണം പറയട്ടെ. ഓണക്കാലത്തെപ്പറ്റി ഒട്ടേറെ കവിതകളുണ്ടല്ലോ? ഇതിന്റെയെല്ലാം പശ്ചാത്തലം മധ്യകേരളമാണ്. ഓണാഘോഷം മധ്യകേരളത്തിലാണ്. അതു നടന്നുകണ്ടാണ് കവിതയെഴുതിയത്. മധ്യകേരളത്തിലെ തിരുവാതിരയെപ്പറ്റിയും ഒട്ടേറെ കവിതയുണ്ട്. തിരുവാതിരയും കണ്ട് അനുഭവിച്ചതാണ്. ഒന്നിനുവേണ്ടി ജനിച്ച്, ഒന്നിനുവേണ്ടി ജീവിച്ചു മരിക്കണമെന്നു ഞാന്‍ പണ്ടേ ആശിച്ചു. ഇന്നും ആശിക്കുന്നു. മധ്യകേരളത്തില്‍ പല സ്ഥലങ്ങളിലുമുണ്ടായ ബന്ധങ്ങള്‍പോലും ഗ്രാമീണജീവിതം നേരില്‍ക്കണ്ടു കവിതയില്‍ പകര്‍ത്തുക എന്ന സ്വപ്നം വച്ചായിരുന്നു. സത്യം പറയട്ടെ ചങ്ങാതി! ഞാന്‍ ജീവിതത്തില്‍ ഒരു സ്ത്രീയെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. ആത്മാര്‍ഥമായി! അവളുടെ പേരിതാണ് - കവിത!
സാഹിത്യജീവിതംകൊണ്ട് അങ്ങേക്കെന്തു നേട്ടമുണ്ടായി?
സാഹിത്യജീവിതത്തിനുവേണ്ടി, ഭൗതികമായതെല്ലാം നഷ്ടപ്പെടുത്തിയവനാണ് ഞാന്‍. അതെല്ലാം നീണ്ട കഥകളാണ്. അതിന്റെ ലാഭനഷ്ടങ്ങള്‍ നോക്കിയിട്ടില്ല.
പല വ്യാഖ്യാതാക്കളും നിരൂപകരും അങ്ങയുടെ കവിതകളുടെ അന്തര്‍ധാരയായി ഒഴുകുന്ന വിഷാദഭാവത്തെ, വ്യക്തിപരമായ വിഷാദമായി വിലയിരുത്തിയിട്ടുണ്ട്. അതേക്കുറിച്ച് വല്ലതും പറയാനുണ്ടോ?
ഏവര്‍ക്കും വ്യക്തിപരമായ വിഷാദങ്ങള്‍ കാണും. എന്നാല്‍ എന്റെ കവിതയില്‍ കാണുന്ന ആ വിഷാദം ഒട്ടും തന്നെ വ്യക്തിപരമല്ല. അതു സ്വതന്ത്രഭാരതത്തിന്റെ വിഷാദവും നിരാശയുമാണ്. ആത്മാവ് നഷ്ടപ്പെട്ട സ്വതന്ത്ര ഭാരതത്തിന്റെ... അതിന്റെ സ്വരൂപം വിഷാദമാണെന്ന് ചിലരെങ്കിലും അറിയും.
അപ്പോള്‍ ഒരു ചോദ്യം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒട്ടനവധി കവിതകളിലൂടെ പോരാടിയ ഒരു കവിയാണല്ലൊ അങ്ങ്. സ്വാതന്ത്ര്യാനന്തര ഭാരതത്തെപ്പറ്റി എന്തു തോന്നുന്നു? ആശയോ, നിരാശയോ?
അതിനുത്തരം 'നരബലി', 'മാതൃചരണങ്ങളില്‍' തുടങ്ങിയ കവിതകള്‍ പറയും.
മലയാള കവിതാരംഗത്തെ പരീക്ഷണങ്ങളെന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക കവിതകളെക്കുറിച്ച്, പുതിയ എഴുത്തുകാരെപ്പറ്റി അങ്ങേയ്ക്കുള്ള അഭിപ്രായമെന്താണ്?
കവിത എന്നും കവിത തന്നെ. ഇന്നലെയുടെ തുടര്‍ച്ചയാണ് ഇന്നെന്ന പൂമൊട്ട്. അതിന്റെ തുടര്‍ച്ചയാണ് നാളെയെന്ന പൂവ്. ഒരു ചങ്ങലക്കണ്ണിയുടെ തുടര്‍ച്ച. മാറ്റമാണ് പ്രകൃതി. സ്വാഭാവികമായ വളര്‍ച്ച സുഖമാണ്. കരുത്തന്മാര് എന്നുമുണ്ടാകും. ഒരിക്കലും പൂക്കളവസാനിക്കുന്നില്ല. എന്നാലൊന്നുണ്ട്. ഏതു കലയുടെയും ആത്മാവ് രസമാണ്. ഉടല് സൗന്ദര്യവും.
അടുത്ത കാലത്തായി വളരെയധികം വിലയിരുത്തപ്പെട്ടിട്ടുള്ള ഒരു മലയാള കവിയാണ് അങ്ങ്. നിരൂപകര്‍ വിവിധ വീക്ഷണകോണുകളിലൂടെ അങ്ങയുടെ കവിതയെ നോക്കിക്കണ്ടിട്ടുണ്ട്. ഒരേ ഒരു ചോദ്യം - മലയാളത്തിലെ നിരൂപണത്തെക്കുറിച്ച് എന്താണഭിപ്രായം?
മലയാള നിരൂപണഗോദയിലെ പ്രമുഖഗുസ്തിവിദഗ്ധനായിരുന്ന നമ്മുടെ കുട്ടികൃഷ്ണമാരാരു പോലും, ഒറ്റയ്ക്കിരിക്കുമ്പോള്‍ തന്റെ പഴയ നിരൂപണ വിക്രിയകളെക്കുറിച്ച് ഓര്‍ത്തു പശ്ചാത്തപിക്കുന്നതായി ആരോ പറഞ്ഞു കേള്‍ക്കുകയുണ്ടായി. പലരും പശ്ചാത്തപിക്കുവാന്‍ ഇനിയും ബാക്കിയാണ്- മനസ്സാക്ഷിയുടെ കുത്തേറ്റ്.
ഭാവി പരിപാടിയെന്താണ്?
ഭാവി പരിപാടി ഇതു മാത്രമാണ്. മരണം! അവള്‍ക്കു വേണ്ടി - അതെ! കവിതയ്ക്കുവേണ്ടിയുള്ള മരണം. ആ നിത്യകന്യകയ്ക്കു വേണ്ടിയുള്ള നിരന്തര മരണം...! അനശ്വരമായ മരണം!
പേജിലേക്ക്
Monday, September 5, 2011
പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല - അഭിമുഖം: പിണറായി വിജയന് / പി.കെ. പാറക്കടവ്

മുണ്ടയില്‍ കോരന്‍െറയും കല്യാണിയുടെയും മകനായ വിജയന് കേരളത്തിലെ
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മംകൊടുത്ത പിണറായിയില്‍നിന്ന് ഒരു സാദാ കമ്യൂണിസ്റ്റുകാരനായി
തുടങ്ങി പാര്‍ട്ടിയുടെ അമരത്തെത്തി. ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള,
സംഘടനാകാര്യങ്ങളിലും പാര്‍ട്ടിനിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത,
കാര്‍ക്കശ്യമുള്ള പിണറായി, മാധ്യമങ്ങളുടെ ലാളനയേറ്റുവളര്‍ന്ന ഒരാളല്ല.
സമരമുഖങ്ങളിലൂടെയായിരുന്നു ആ യാത്ര.
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന്
ക്രൂരമായി മര്‍ദിച്ചു. വീണുപോയ പിണറായിയെ നിലത്തിട്ടുചവിട്ടി. മര്‍ദനത്തിനിടയില്‍
ഇടതുകാല് ഒടിഞ്ഞു. ഏറെനാള്‍ കഴിഞ്ഞ് അന്നത്തെ ജയില്‍ എസ്.പി ജോസഫ് തോമസ്
എത്തിയപ്പോള്‍ പിണറായി പറഞ്ഞു: ‘‘കാലൊക്കെ ശരിയായി കേട്ടോ. ജയില്‍ ഞങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, നിങ്ങള്‍ക്കുള്ളതല്ല.’’എസ്.പിയുടെ മുഖം വിവര്‍ണമായി.
ലോക്കപ്പ് മര്‍ദനങ്ങളും ജയിലുകളും ഗുണ്ടാമര്‍ദനങ്ങളുമൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്
വിധിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിശ്വസിക്കുന്ന വിജയന് ഇന്നും നട്ടെല്ലുവളയാതെ
തലയുയര്‍ത്തി നില്ക്കുന്നു.
രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്ററില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍
മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി പിണറായി വിജയന് മനസ്സ് തുറക്കുന്നു.
സി.പി.എമ്മിനെ എപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തിയാണല്ളോ അടുത്തകാലത്ത് മാധ്യമങ്ങള്‍ പാര്‍ട്ടി വിഷയങ്ങള്‍ ആഘോഷിക്കുന്നത്. എന്താണ് കേരളത്തിലെ മാധ്യമങ്ങളും സി.പി.എമ്മും തമ്മിലുള്ള അകലത്തിനുകാരണം? കേരളത്തിലെ മാധ്യമങ്ങള്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തുന്നുണ്ട്?
l മാധ്യമങ്ങള്‍ കൃത്യമായ രാഷ്ട്രീയമുള്ള വിഭാഗമാണ്. വര്‍ഗതാല്‍പര്യമുള്ളവരാണ്. ലോകത്തുതന്നെ കോര്‍പറേറ്റുകള്‍ക്കാണ് മാധ്യമരംഗത്ത് ആധിപത്യം. കോര്‍പറേറ്റുകള്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ നല്ലരീതിയില്‍ ഇടപെടും. അതായത്, മോശം കാര്യങ്ങളെതന്നെ നല്ലതായി ചിത്രീകരിക്കും. ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ ആദ്യം ഇറാഖ് വലിയ ആക്രമണകാരിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ലോകത്തിന്‍െറ ഏതുഭാഗത്തെ മാധ്യമം ആയിരുന്നാലും ആ രീതിയിലാണ് പ്രവര്‍ത്തിച്ചത്. രാസായുധം ഉണ്ടെന്ന ഭീതിപരത്തി. ആ ഭീതിയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ അവരെ ആക്രമിച്ചേ മതിയാകൂ. അതുകൊണ്ട്, അവരെ ആക്രമിക്കണം. ഇങ്ങനെയുള്ള തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. അതാണ് മാധ്യമങ്ങളുടെ ഒരു രീതി. അത് സാമ്രാജ്യത്വത്തിനുവേണ്ടി ചെയ്യുന്നതാണ്. സാമ്രാജ്യത്വത്തിന്‍െറ പങ്ക് ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര നമ്മള് കാണാറില്ല.
ലോകത്ത് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ ഇത്തരം മാധ്യമങ്ങളുടെ നിലപാടുകളിലും സാമ്രാജ്യത്വത്തിന് വലിയൊരു റോളുണ്ട്. കേരളത്തില്‍ നമ്മുടെ അനുഭവമെടുത്താല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വാഭാവികമായും എതിര്‍പ്പുള്ളവര്‍ക്ക് ശത്രുതയുണ്ടാകും. തുടക്കംമുതലേ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടായിരുന്നു. പക്ഷേ, അതില്‍നിന്ന് കുറെക്കൂടി വ്യത്യസ്തത ഇപ്പോള്‍ വന്നിട്ടുണ്ട്. പഴയൊരു ആക്രമണരീതിയില്‍നിന്ന് വ്യത്യാസം ഉണ്ടായതായി കാണാന്‍ കഴിയും. ഒരു മാധ്യമത്തെ എടുത്താല്‍ ആ മാധ്യമം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി വാര്‍ത്തകള്‍ കൊടുക്കും. കാരണം, അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാണാന്‍കഴിയുന്നത് ഇത്തരം മാധ്യമങ്ങള്‍തമ്മില്‍ ഒരു യോജിപ്പ് ഉണ്ടായിരുന്നു. ആ യോജിപ്പ് മാധ്യമരംഗത്തുള്ള ഏതാനും ആളുകള്‍ ചേര്‍ന്നുണ്ടാക്കിയതാണ്. ഇത് വന്നത് ഞങ്ങളുടെ പാര്‍ട്ടിയില്‍ പാര്‍ട്ടിക്ക് ചേരാത്ത വിഭാഗീയത കടന്നുവന്ന സമയത്താണ്. ചിലര്‍ അതിന്‍െറ ഭാഗമായി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അത്തരം ചില ആളുകള്‍ കൊടുക്കുന്ന വിവരങ്ങള്‍ അതിനെ ആസ്പദമാക്കി ഒരു വിഭാഗം വാര്‍ത്തകളെഴുതുന്നു. അന്നതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് ഞാന്‍ വിളിച്ചപ്പോള്‍ വലിയ പുകിലായി. പക്ഷേ, എന്നെ എതിര്‍ത്തവര്‍ക്കടക്കം പിന്നെ ഈ പറയുന്ന ഒരു കാര്യം ഉണ്ട് എന്ന് ചിലര്‍ സമ്മതിച്ചു. ചിലര്‍ സമ്മതിച്ചില്ളെങ്കില്‍പോലും ബോധ്യപ്പെട്ടു. സി.പി.എമ്മിനെതിരെ പ്രചാരണം നടത്തിയവര്‍ ഉദ്ദേശിച്ചകാര്യം വാര്‍ത്തയായി ഒന്നില്‍ വന്നു. ആ പത്രത്തില്‍ മാത്രം വന്നാല്‍ അത് അവരുടെ സൃഷ്ടിയാണെന്ന് കരുതും.
എന്നാല്‍, മൂന്നു നാലു മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത ഒരേപോലെ പദാനുപദം വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെ പദാനുപദം വ്യത്യാസമില്ലാതെ വന്നപ്പോഴാണ് ഇതൊരു പ്രത്യേക കേന്ദ്രത്തില്‍നിന്ന് വന്നതാണെന്ന തോന്നല്‍ ഉണ്ടായത്. ഇത് വിശ്വാസ്യത ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാത്തിലും ഒരുപോലെ വാര്‍ത്ത വന്നാല്‍ അത് ആളുകള്‍ വിശ്വസിക്കും. അങ്ങനെയൊരു അവസ്ഥ ഈ അടുത്തകാലത്തായി ഉണ്ടായി. അതില്‍ ഒരു ഭാഗത്ത് മാധ്യമ പ്രവര്‍ത്തകരുടെ മിടുക്കാണെന്നുതോന്നും. പാര്‍ട്ടിക്കകത്തുണ്ടായിരുന്ന വിഭാഗീയതുടെ ഭാഗമായി പാര്‍ട്ടിക്കകത്തെ ചില കാര്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ചിലര്‍ തയാറായതിന്‍െറ ഭാഗമായിട്ടുകൂടിയാണ് ഇക്കാര്യങ്ങളൊക്കെ വന്നത്. പിന്നെ, അതൊരു സംസ്കാരമായി വരുന്ന സ്ഥിതിയുണ്ടായി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ മാധ്യമരംഗത്തും പുതിയ തലമുറകളൊക്കെ കാണുമല്ളോ. പഴയ ആളുകള്‍ക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏതെങ്കിലും ചില വാര്‍ത്തകള്‍കൊണ്ട് തകര്‍ക്കാന്‍ കഴിയില്ളെന്ന് അവരുടെ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പുതിയ ചെറുപ്പക്കാര്‍ കരുതുന്നത് ഇത് പാര്‍ട്ടിയെ ഉലയ്ക്കും. അതുകൊണ്ട്, അവരെ തളര്‍ത്താനാകും എന്നുള്ള ചില കണക്കുകൂട്ടലുകളുമായി ആഞ്ഞാക്രമിക്കുന്ന ഒരു സ്ഥിതിയുണ്ടായി. പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അതിന്‍േറതായ പ്രത്യേകതകള്‍ ഉണ്ടെന്നും എന്തെല്ലാം തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടാലും ആ ഒരു പ്രചാരണത്തിന്‍െറ ഭാഗമായിമാത്രം ആ പ്രസ്ഥാനം തകര്‍ന്നുപോകില്ല എന്ന് അവര്‍ക്കും ബോധ്യമായി. പിന്നെ, കുറച്ചൊരു സാവകാശം ഉണ്ടായി. എന്നാലും ഇടക്ക് കാര്യങ്ങള്‍ തികട്ടിവരുന്നുണ്ട്. ഇപ്പോള്‍ സമ്മേളനം അടുത്തുവരുന്നുണ്ട്. സമ്മേളനം അടുത്തുവരുമ്പോള്‍ കുറച്ചുകൂടി പണികളെല്ലാം വീണ്ടും ഒന്നു ശക്തിപ്പെടുത്താന്‍ നീക്കങ്ങള്‍ തുടങ്ങിയതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. അത് സമ്മേളനം അടുക്കുന്നതിന്‍െറ ഭാഗമായിട്ടുമാത്രമേ കാണാനാകൂ. എന്നാല്‍, അതൊന്നും പാര്‍ട്ടിയെ അത്രകണ്ട് ബാധിക്കുന്ന ഒരുകാര്യമായി ഞാന്‍ കാണുന്നില്ല.
അടിയന്തരാവസ്ഥയിലടക്കം പോരാട്ടങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. തികച്ചും രാഷ്ട്രീയ അച്ചടക്കംപാലിക്കുന്ന താങ്കളെ മുന്‍വിധിയോടെ വ്യക്തിപരമായി ആക്രമിക്കുന്ന മാധ്യമങ്ങള്‍ എന്താണ് ശത്രുവിനെപോലെ കാണുന്നത്?
l മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ ഒന്നുംതന്നെ ഞാന്‍ വ്യക്തിപരമായി കണ്ടിട്ടില്ല. കാരണം, എനിക്കുണ്ടായിരുന്ന ഒരു ബോധ്യം, ഏതെങ്കിലുമൊരു കാര്യം പറഞ്ഞ് എനിക്കുനേരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് എന്നെയങ്ങ് തകര്‍ത്തുകളയാന്‍ പറ്റും എന്ന ഒരുനില ഒരിക്കലും എന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. അങ്ങനെ ആശങ്കപ്പെടാതിരിക്കുന്നതിന് എന്‍േറതായ ജീവിതരീതി ഒരു ഘടകമായിരുന്നു. പക്ഷേ, സി.പി.എമ്മിന്‍െറ സംസ്ഥാന സെക്രട്ടറിയായി എപ്പോഴാണോ ഞാന്‍ വന്നത് അതിനുശേഷമാണ് ഈ ആക്രമണമൊക്കെ വന്നത്. രാഷ്ട്രീയ ശത്രുത അതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ജീവനെടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. വലിയതോതില്‍ ശത്രുക്കള്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ, അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലയാണ് ഈ സി.പി.എം സെക്രട്ടറിയായി വന്നശേഷം ഉണ്ടായിട്ടുള്ളത്. അതിന്‍െറ കാര്യം സി.പി.എമ്മിനെ ആക്രമിക്കുക. പാര്‍ട്ടിയെ ആക്രമിക്കുന്നതിനുവേണ്ടി പാര്‍ട്ടിയുടെ പ്രതീകമായി ഇട്ടുകൊണ്ട് എന്നെ ആക്രമിക്കുക. പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പ്രസ്്ഥാനത്തെ ആക്രമിക്കുമ്പോള്‍ അതിന്‍െറ നേതൃത്വത്തിന്‍െറ വിശ്വാസ്യതയെ തകര്‍ത്തെറിയുക വളരെ പ്രധാന സംഗതിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത നേതൃത്വത്തിന് മറ്റ് നേതൃത്വങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു സ്ഥാനംതന്നെയുണ്ട്. ആ നേതൃത്വത്തിന്‍െറ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. ഇത് ജീര്ണിച്ചതാണ്, അഴിമതിനിറഞ്ഞതാണ്. അങ്ങനെയൊക്കെയുള്ളതരത്തില്‍ പ്രചാരണം നടത്തി ആളുകളിലേക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. അപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ വരുമ്പോള്‍ മറ്റ് ആശങ്കകള്‍ സാധാരണ നിലക്ക് ഉയരുന്നില്ല. മന്ത്രിയായി ഇരിക്കെയാണ് ഞാന്‍ സെക്രട്ടറിസ്ഥാനത്തേക്ക് വരുന്നത്. സാധാരണനിലക്ക് മന്ത്രിയൊക്കെ ആയിരിക്കുമ്പോഴാണല്ളോ വലിയ ആക്ഷേപങ്ങളും ആരോപണങ്ങളുമൊക്കെ ഉണ്ടാകുന്നത്. ആ ഘട്ടത്തില്‍ അങ്ങനെയൊരു ആക്രമണത്തിനും ഞാന്‍ ഇരയായിരുന്നില്ല. മാത്രമല്ല, പിന്നെ എന്നെ അതിശക്തമായി എതിര്‍ത്ത മാധ്യമങ്ങള്‍ ആ ഘട്ടത്തില്‍ വ്യക്തിപരമായിതന്നെ എന്നെ അനുമോദിച്ചിരുന്നു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി സ്ഥാനത്തേക്ക് പോകുമ്പോള്‍ അവരുടെ അഭിപ്രായമായിട്ടുതന്നെ പറഞ്ഞത് സംസ്ഥാനത്തിനു നഷ്ടവും പാര്‍ട്ടിക്ക് നേട്ടവും എന്നാണ്. അതൊക്കെ അവര്‍ എനിക്കുതന്ന കോംപ്ളിമെന്റുകളാണ്. അങ്ങനെയെല്ലാമുള്ള അവര്‍ മാറിയത് പാര്‍ട്ടിയെ എതിര്‍ക്കുക എന്നുള്ളതുകൊണ്ടാണ്. അങ്ങനെയേ ഞാനതിനെ കാണുകയുള്ളൂ. പക്ഷേ, വലിയ വ്യാപകമായ പ്രചാരണമാണല്ളോ വന്നത്. അത് നേരത്തേ പറഞ്ഞതുപോലെ അല്പം പാര്‍ട്ടിക്കകത്തുണ്ടായ വിഭാഗീയതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍കൂടിയുണ്ട്. അതിലപ്പുറം ഞാനതിലേക്ക് പോകുന്നില്ല. അങ്ങനെയെല്ലാം എതിര്‍പ്പുകള്‍ വരുമ്പോള്‍ ചിലര്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് ഉറങ്ങാനൊക്കെ കഴിയുന്നുണ്ടോ?
പക്ഷേ, എന്നെ അതൊന്നും ആ തരത്തില്‍ ബാധിച്ചിട്ടില്ല എന്നായിരിക്കും മറുപടി. കാരണം, പരസ്യമായി ഞാന്‍ പല പത്രസമ്മേളനങ്ങളിലും പറഞ്ഞ ഒരു കാര്യമുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ. അങ്ങനെ എന്തെങ്കിലുമൊരു മോശമായ കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലാണ് ഇത്തരം കാര്യങ്ങളൊക്കെവരുമ്പോള്‍ നമ്മള് പതറിപ്പോകുന്നത്. അല്ളെങ്കില്‍, വളരെ മോശമായ കാര്യംപറയുമ്പോള്‍ ഒരു ചെറുചിരിയോടെ നമുക്കത് കേള്‍ക്കാന്‍ കഴിയും.
വിദേശ മലയാളിയുടെ വീട് ഇന്റര്‍നെറ്റിലൂടെയും ചില മാധ്യമങ്ങളിലൂടെയും പിണറായി വിജയന്‍െറ വീടാണെന്ന തലക്കെട്ടില്‍ പ്രചരിപ്പിച്ചില്ളേ. വ്യക്തിപരമായി ആക്രമിക്കുന്ന അത്തരം സംഘടിത പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?
l അതായത്, നമ്മുടെ മാധ്യമങ്ങളുടെ കൂട്ടത്തില്‍ നാം കാണേണ്ട ഒരു കാര്യം, നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗം ചില കാര്യങ്ങള്‍മാത്രം മനസ്സിലാക്കുന്നവരാണ്. ഒരു മാധ്യമത്തിന്‍െയും പേര് ഞാന്‍ പറയുന്നില്ല. പക്ഷേ, ഒരു മാധ്യമം മാത്രം വായിക്കുന്ന ചില ആളുകള്‍ ഉണ്ടാകും. അവരുടെ മുന്നില്‍ കിട്ടുന്ന ചിത്രം എന്താണ്? എന്നെ എതിര്‍ക്കുന്ന ഒരു മാധ്യമത്തിന്‍െറ വായനക്കാരനോ വരിക്കാരനോ മുന്നില്‍ ഉണ്ടാകുന്നത് എല്ലാ തെറ്റുകളുടെയും മൂര്‍ത്തീകരണമായിട്ടുള്ള ഒരു മനുഷ്യന് എന്നുള്ള ഒരു ചിത്രമാണ്. ആ ഒരു ചിത്രം അവരില്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, ഏതെങ്കിലും കാലത്ത് അത്തരം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവരും എന്നുള്ളനിലയില്‍ ഞാനതിലത്ര ആശങ്കപ്പെട്ടിട്ടില്ല.
കേരളത്തിന്‍െറ പൊതുസമൂഹം മാധ്യമ സാക്ഷരത നേടണം. വാര്‍ത്തകളെ വളച്ചൊടിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുകയാണ് എന്ന് മുമ്പൊരിക്കല്‍ ആലപ്പുഴയിലെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നല്ളോ? ദൃശ്യമാധ്യമങ്ങള്‍ പൊതുവെ ഒരു വര്‍ഗീയവത്കരണ സമീപനത്തിലേക്ക് നീങ്ങുകയാണോ?
l വര്‍ഗീയതയെ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര അവഗാഹം ഇല്ലാതെയാണ് പലരും ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതായത്, പെട്ടെന്ന് ആളുകളില്‍ ഒരു എതിര്‍പ്പ് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു നിലയാണ് ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു താടിയും തൊപ്പിയും ഒക്കെ ഉണ്ടായാല്‍ അതാണ് വര്‍ഗീയത എന്ന ഒരു പ്രതീതി ജനിപ്പിക്കുന്നതരത്തിലേക്ക് നമ്മുടെ സമൂഹം എത്താന്‍പറ്റുന്ന വാര്‍ത്തകളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. അത് ശരിയല്ല. വര്‍ഗീയത ഏത് വിഭാഗത്തില്‍നിന്ന് വന്നാലും വര്‍ഗീയതയാണ്. അതില്‍ വര്‍ഗീയതയുടെ അടിസ്ഥാനമായിട്ടെടുത്താല്‍ എപ്പോഴും നാം കാണേണ്ടത് ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ ആപത്ത്. ഭൂരിപക്ഷ വര്‍ഗീയത നമ്മുടെ നാട്ടിലായാലും രാജ്യത്തായാലും ഉണ്ടാക്കിയിട്ടുള്ള അപകടങ്ങള്‍ വിവരണാതീതമായിട്ടുള്ളതാണ്. എന്നാല്‍, അതിനെ നേരിടുന്നതില്‍ ഒരു തെറ്റായവശം ന്യൂനപക്ഷ വര്‍ഗീയതയിലും വന്നുചേര്‍ന്നിട്ടുണ്ട്. അതിന് ഇന്നത്തെ സാര്‍വദേശീയ സാഹചര്യവും ഒരു ഘടകമായി വന്നിട്ടുണ്ട്. എന്നാല്‍, അതാണ് പ്രധാന ആപത്തെന്ന് കണ്ടാണ് നമ്മള് വലിയ തെറ്റിലേക്ക് പോകുന്നത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു സാഹചര്യം വളര്‍ന്നുവരുന്നുണ്ട്.
സി.പി.എമ്മിനുള്ളില്‍ പാരമ്പര്യവാദികളും പരിഷ്കരണവാദികളും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ടോ?
l അതൊക്കെ നമ്മുടെ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എഴുതുന്ന ആളുടെ ഭാവനക്ക് അനുസരിച്ച് കാര്യങ്ങള്‍ എത്തുന്ന നിലയുണ്ട്. യഥാര്‍ഥത്തില്‍ സി.പി.എമ്മിനകത്ത് അങ്ങനെയൊരുനില ഇല്ല. അഥവാ, അങ്ങനെ ഉണ്ടെങ്കില്‍ വരേണ്ടത് ഏതെങ്കിലും താഴേതട്ടിലല്ല, അത് നേതൃതലത്തിലാണ്. അത് ആശയമാണ്. ആശയമെന്നനിലക്ക് തെറ്റായ ആശയങ്ങള്‍ ഉണ്ടാകാം. ആശയങ്ങള്‍ ഒരുപാട് പല ഘട്ടത്തിലും പാര്‍ട്ടിക്കുള്ളില്‍ വന്നിട്ടുണ്ട്. ആ തെറ്റായ ആശയങ്ങളെ പാര്‍ട്ടി നേരിട്ടിട്ടുമുണ്ട്. ഇന്നത്തെ പാര്‍ട്ടിയുടെനില അതല്ല , ഇത്തരത്തിലുള്ള ഒരു ആശയവ്യതിയാനവും പാര്‍ട്ടിയിലില്ല. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എടുത്താല്‍ യോജിച്ചുതന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചിട്ടുള്ളത്്. അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള ആശയഭിന്നതയും നിലനില്ക്കുന്നില്ല. പാരമ്പര്യ വാദികളും അതിനെതിരായി നില്‍ക്കുന്നവരും എന്നൊന്നും പറയുന്ന ചിത്രം സി.പി.എമ്മില്‍ ഇല്ല. അത് വെറുതെ പറയുന്ന വാദഗതി മാത്രമാണ്. അത് കേരളത്തെ സംബന്ധിച്ച് കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതിനുവേണ്ടി കണ്ടുപിടിച്ച ഒറ്റമൂലിയായിട്ടുവരും. അതും പക്ഷേ, ചീറ്റിപ്പോയി.
കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷങ്ങള്‍, പൊതുവെ മുസ്ലിംകള് പാര്‍ട്ടിയില്‍നിന്ന് അകന്നുപോയതായി ചില സൂചനകളുണ്ട്. മലപ്പുറത്ത് കോപ്പിയടിച്ചിട്ടാണ് വിജയം നേടിയത് എന്നൊക്കെയുള്ള ചില അഭിപ്രായങ്ങള്‍ വന്നിരുന്നല്ളോ? ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന എന്തെങ്കിലും നിലപാടുണ്ടോ?
l ന്യൂനപക്ഷ വിഭാഗം പ്രത്യേകിച്ച്, മുസ്ലിംവിഭാഗത്തെയെടുത്താല്‍ അത് ഇപ്പോഴും നല്ലതുപോലെ സി.പി.എമ്മുമായി ബന്ധപ്പെട്ട് നില്ക്കുന്ന വിഭാഗമാണ്. ചിലപ്പോള്‍, ചില കാര്യങ്ങളില്‍ ചില തെറ്റിദ്ധാരണകളോ അതിന്‍െറ ഭാഗമായിട്ടുള്ള ഏകീകരണമോ ഒക്കെ വന്നിട്ടുണ്ടാകാം. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിലേടങ്ങളില്‍ ഏകീകരണം ഉണ്ടായി എന്നത് ശരിയാണ്. എന്നാല്‍, ഒരു മുസ്ലിം ഏകീകരണം ഞങ്ങള്‍ക്കെതിരായി പൂര്‍ണമായും ഉണ്ടായിരുന്നെങ്കില്‍ കോഴിക്കോട് ഞങ്ങള്‍ ഇത്തരത്തില്‍ ജയിച്ച് വരുമായിരുന്നില്ല. കോഴിക്കോട് ജില്ലയിലെ ഞങ്ങളുടെ വിജയം നല്ല നിലക്കാണ് വന്നത്. പലേടങ്ങളിലും ആ തരത്തിലുള്ള അനുഭവം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏകീകരണം ഉണ്ടായിട്ടുണ്ട്. ആ ഏകീകരണത്തിന്‍െറ ഭാഗമായി സാധാരണ വിവിധ സംഘടനകള്‍ ഉണ്ടല്ളോ. അതില്‍ ചിലരെ ആക്ഷേപിക്കാന്‍ അവരുടെ എതിരാളികള്‍ ഞങ്ങളുടെ പേരുകൂടി ചേര്‍ത്തു. എന്നാല്‍, മൊത്തത്തില്‍ അവര്‍ ഞങ്ങളെ എതിര്‍ക്കുന്ന ഒരു സമീപനമല്ല പൊതുവെ സ്വീകരിച്ചുവരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കണ്ട ഒരു പ്രത്യേകത, ഞങ്ങളുമായി നല്ല ബന്ധത്തിലുള്ള അത്തരം ചില സംഘടനകള്‍, അതില്‍ ഒരു പ്രധാനപ്പെട്ട സംഘടന നല്ല രീതിയില്‍തന്നെ ലീഗിനോടൊപ്പംനിന്നു. ലീഗാണ് അവരെ നല്ലതുപോലെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നത്. ഞങ്ങളുമായി നല്ല രീതിയില്‍ അടുക്കുന്ന അവസ്ഥ വന്നതും അതുകൊണ്ടാണ്. ഞങ്ങളാണെങ്കില് മാന്യമായ സമീപനം മാത്രമാണ് സ്വീകരിച്ചത്. അല്ലാതെ, പ്രീണിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് നമ്മുടെ ശത്രുക്കള്‍ക്കുപോലും ആക്ഷേപിക്കാന്‍ കഴിയില്ല. പക്ഷേ, അവരോട് മുസ്ലിംലീഗൊക്കെ കാണിച്ച അനീതി പരിഹരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വിചിത്രമായ നിലപാടാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അത് സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതും അവര്‍ക്കുണ്ട് എന്ന് നമ്മളെല്ലാം കാണുന്ന മാന്യതക്ക് നിരക്കാത്തതുമായിരുന്നു. അതൊരു ഏകീകരണത്തിന്‍െറ ഭാഗമായിരുന്നു. ആ ഏകീകരണത്തിന്‍െറ കാരണമെന്താണെന്ന് ഞങ്ങളിനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. പൂര്‍ണ നിഗമനത്തിലെത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ?
l പാര്‍ട്ടിക്ക് പാകപ്പിഴ ഒന്നും സംഭവിച്ചിട്ടില്ല. മൊത്തത്തിലുള്ള സമീപനത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല. എന്നാല്‍, അവരില്‍ ഏതോ ഒരിനം, ഒരു കാര്യം അവരെ പ്രകോപിപ്പിച്ചിരിക്കണം. ചിലപ്പോള്‍ എന്തെങ്കിലും കാണുമായിരിക്കും. അത് ഞങ്ങള്‍ കൂടുതല്‍ പരിശോധനയിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പിന്‍െറ ഘട്ടംവരെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഞങ്ങളുമായി സംസാരിക്കുമ്പോള്‍ അവരടക്കം ഞങ്ങളോട് പറഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുംപോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പെന്നുപറയുമ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടാകും. അത് നിങ്ങളുടെ കൂടെത്തന്നെ ആയിരിക്കും എന്ന് ശക്തമായി പറഞ്ഞതാണ്. പക്ഷേ, അപ്പോള്‍ ഏതോ ഒരു കാര്യം മറച്ചുവെച്ചിട്ടുണ്ടാകും. എന്താണെന്ന് നമുക്ക് വ്യക്തമല്ല. അങ്ങനെ ഒരു നിലപാടെടുത്തതില്‍ പിന്നെ മാറിപ്പോവുകയാണ് ചെയ്തത്.
പൊതുവെ നമ്മുടെ രാഷ്ട്രീയ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിനപ്പുറം പ്രതിച്ഛായ നിര്‍മിക്കാനും നിലനിര്‍ത്താനും ഓടിനടക്കുന്ന ഒരു പ്രവണതയുണ്ട്. അടുത്തകാലത്തായി അത് സി.പി.എം നേതാക്കളിലും കണ്ടുവരുന്നു. അതിനെ എങ്ങനെ പാര്‍ട്ടി കാണുന്നു?
l അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒരഭിപ്രായം പറയാതിരിക്കലാണ് നല്ലത്. കാരണം, അത് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തുന്ന വിഷയമാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന വാദഗതികള്‍ ഉണ്ടായിരുന്നു. അടുത്തിടെ ബിനോയ് വിശ്വം ഒക്കെ എഴുതിയിരുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?
l അത് ഇടക്കൊരു വിവാദമായി വരുകയും ഇപ്പോള്‍ ശമിക്കുകയും ചെയ്ത ഒരു വിഷയമാണ്. ഇപ്പോഴത്തെ പ്രശ്നം, നമ്മുടെ സംസ്ഥാനത്തായാലും രാജ്യത്തായാലും ഇടതുപക്ഷ ഐക്യം നല്ല രീതിയില്‍ നടപ്പില്ല എന്നതാണ്. ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി മറ്റ് ജനാധിപത്യ ശക്തികളെകൂടി ഇടതുപക്ഷത്തിന്‍െറ കൂടെ പിടിച്ചുനിര്‍ത്താന്‍ കഴിയും. ഇപ്പോള്‍ ആ ഐക്യത്തിനാണ് നമ്മള് മുന്‍തൂക്കം കൊടുക്കുന്നത്. ആ നിര്‍ദേശംവെച്ച ബിനോയ്വിശ്വത്തിനുമൊക്കെ ആ അഭിപ്രായംതന്നെയാണെന്ന് കാണുന്നത് സന്തോഷകരമായ കാര്യമാണ്.
കേരളത്തിലെ ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരുപതിഞ്ഞ ഒന്നായിരുന്നു ഇടതുപക്ഷപ്രസ്ഥാനങ്ങള്‍. യുവാക്കള്‍ക്കിടയിലേക്ക് വേഗത്തില്‍ വേരോട്ടം ഉണ്ടായ സംഘടന. എന്നാല്‍, അടുത്തിടെയായി യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നതിന്‍െറ തോത് കുറയുന്നു എന്നൊരു ആരോപണമുണ്ട്. അത്തരത്തില്‍ യുവാക്കളുടെ വരവിന് കുറവ് സംഭവിച്ചിട്ടുണ്ടോ?
l കേരളം നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തതയുള്ള ഒന്നായിട്ടാണ് നില്‍ക്കുന്നത്. അങ്ങനെ നില്‍ക്കുന്നതിന് ഇടയാക്കിയത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടന്നിട്ടുള്ള പഴയകാലംതൊട്ടേയുള്ള നിരവധി പ്രക്ഷോഭങ്ങള്‍, സമരങ്ങള്‍ ഒക്കെ ഒരു ഘടകമാണ്. വടക്കേ മലബാറിനെയൊക്കെയെടുത്താല്‍ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കര്‍ഷകപ്രസ്ഥാനം ശക്തിപ്പെട്ടുവന്നു. വിവിധതരത്തിലുള്ള പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ഈ പറയുന്ന, അവശരായി നില്ക്കുന്ന ആളുകളെ നല്ലരീതിയില്‍ സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവന്നത്. ഒരുപാട് എതിര്‍പ്പുകള്‍ അന്നത്തെ ജന്മിമാരില്നിന്നും നാടുവാഴികളില്‍നിന്നും ഉണ്ടായിട്ടുണ്ട്. അന്നത്തെ സമരത്തിന് നേതൃത്വം നല്‍കിയവരെ തല്ലാനും കൊല്ലാനും കഴിവുള്ളവരായിരുന്നു എതിരാളികള്‍. ഇതിനെയൊക്കെ നേരിട്ടുകൊണ്ടാണ് ഓരോ ദേശത്തും പ്രസ്ഥാനം വളര്‍ന്നുവന്നത്. അങ്ങനെ വളര്‍ന്ന ഒരു ഇടതുപക്ഷ സ്വാധീനം കേരളത്തില്‍ ശക്തമായി. കേരളത്തിലെ ഇടതുപക്ഷ സ്വാധീനം എന്നുപറയുന്നത് ചെറുതല്ല. കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷക്കാരനില്‍പോലും ഇടതുപക്ഷത്തിന്‍േറതായ ഒരു സ്വാധീനം ഉണ്ടായിരുന്നു. അതാണ് ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം. യഥാര്‍ഥത്തില്‍, ’57ല്‍ തന്നെ ഈ അപകടം സാമ്രാജ്യത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആ ഗവണ്മെന്റിനെ തിരിച്ചിറക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പണം ഇറക്കിയത്. അമേരിക്കന്‍ സാമ്രാജ്യത്വം കേരളത്തിലെ ഒരു ഗവണ്മെന്റിനെ താഴെയിറക്കാന്‍ എന്തിനാ പണം ചെലവാക്കുന്നത്. ലോകത്തിന്‍െറ മൂലക്കുള്ള ഒരു ഗവണ്മെന്റ്, ചെറിയ ഒരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഉണ്ടായാല്‍ അവര്‍ക്കെന്താ അപകടം ഉണ്ടാവുക? പക്ഷേ, അവര്‍ ചിന്തിച്ചത് അങ്ങനെയല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചാല്‍ അത് ആപത്താണ്. അത് രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിവന്നാല്‍, അത് ഇന്ത്യയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒക്കെ കണ്ടുകൊണ്ടാണ് അവര്‍ തടയാന്‍ ശ്രമിച്ചത്. എന്നാലതിന്‍െറ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരെയുള്ള ഒരു കൂട്ടുകെട്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമമുണ്ടായി. അതിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേരിട്ടു. രാഷ്ട്രീയമായിത്തന്നെ നേരിട്ടു. ഈ രാഷ്ട്രീയമായ ഏറ്റുമുട്ടലുകള്‍ ദശാബ്ധങ്ങള്‍ നിലനിന്നുപോന്നു. അപ്പോഴേക്കും ഇന്ത്യയിലാകെയും ശക്തമായി വന്ന കോണ്‍ഗ്രസ് രാജ്യത്ത് ഏകകക്ഷി മേധാവിത്വത്തിന്‍െറ അവസ്ഥയില്‍നിന്ന് ഇല്ലാതായി. അതൊന്നും ഒരു കാലത്തും ഇന്ത്യയില്‍ ഊഹിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. അങ്ങനെയൊരു തകര്‍ച്ച അവര്‍ക്ക് സംഭവിച്ചു. തകര്‍ച്ച വന്നപ്പോള്‍ പകരംവരാന്‍ നോക്കുന്നത് രാജ്യത്തിന് വലിയ ആപത്തുളവാക്കുന്ന വര്‍ഗീയശക്തികളാണ്. ആറ് വര്‍ഷക്കാലം ബി.ജെ.പിയുടെ ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിനുണ്ടായ ആപത്ത് ചെറുതല്ല. എന്നാല്‍, ഇതില്‍ രണ്ടില്‍നിന്നും വ്യത്യസ്തമായ ഒരു ഗവണ്മെന്റ് ദേശീയതലത്തില്‍ രൂപവത്കരിക്കാന്‍വേണ്ട ശ്രമങ്ങള്‍ നടന്നു. അത് വളരെ കുറഞ്ഞകാലത്ത് മാത്രമേ ദേശീയ രാഷ്ട്രീയത്തില്‍ നിലനിന്നുള്ളൂ. ഇതുമായിട്ടൊക്കെ ബന്ധപ്പെട്ട് കേരളത്തില്‍ വന്നുചേര്‍ന്ന ഒരു സാഹചര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒക്കെ രാജ്യത്ത് നിലനില്ക്കുമ്പോള് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പോറലൊന്നും ഏല്ക്കാതെ നിലനിന്നു. വമ്പിച്ച കുതിച്ചുചാട്ടം സ്വാധീനത്തില്‍ ഉണ്ടായെന്ന് പറയാന്‍ കഴിയില്ല. സ്വാധീനത്തില്‍ കുതിച്ചുചാട്ടം ഇല്ലാതിരുന്നതിന് ഒരു കാര്യം കേരളത്തിന്‍െറ സാമൂഹിക വിഭാഗങ്ങളെ നോക്കിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആ വിഭാഗത്തില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറുകയാണ് ചെയ്തത്. അവരെ മതമേധാവികളും മറ്റും പറഞ്ഞ് ധരിപ്പിച്ചിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നുപറഞ്ഞാല്‍ എന്തോ മതത്തിനെതിരായിട്ടുള്ള ഒരു വിഭാഗം ആണെന്നാണ്. അത് വലിയ ആപത്താകും എന്നുപറഞ്ഞിരുന്നു. പക്ഷേ, അവര്‍ സ്വന്തം അനുഭവത്തില്‍നിന്ന് അവര്‍ക്ക് മനസ്സിലായി ഇത് ആപത്തൊന്നും അല്ല എന്ന്. അങ്ങനെ നല്ലമാറ്റം ഉണ്ടായി. അതില്‍ ഏറ്റവും കൂടുതല്‍ മാറ്റം മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്നാണ് സംഭവിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാനിടയായ സാഹചര്യങ്ങള്‍ ഉണ്ടായി. ഈ സാഹചര്യം വന്നപ്പോഴാണ് സമൂഹത്തില്‍ ശക്തമായ അരാഷ്ട്രീയവത്കരണത്തിനുള്ള ശ്രമം വന്നത്. കേരളത്തിലെ ഇടതുപക്ഷത്തിനെതിരായിട്ടുള്ള ശ്രമമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിക്കാതിരിക്കാന്‍വേണ്ടിയുള്ള ശ്രമമാണ് ഉണ്ടായത്. യഥാര്‍ഥത്തില്‍ അതിന്‍െറ പിന്നില്‍ നമ്മള് ഇവിടെ കാണുന്ന ശക്തികള്‍ മാത്രമല്ല. അതിന്‍െറ പിന്നില്‍ സാമ്രാജ്യത്വമാണ്. നമ്മുടെ യുവത്വത്തെ അരാഷ്ട്രീയവത്കരിച്ച് ഒന്നിനും പറ്റാത്തവരാക്കുക, സമൂഹത്തിന് പറ്റാത്തവരാക്കുക. ഇതാണ് അവര്‍ ഉദ്ദേശിക്കുന്ന കാര്യം. അത് ബോധപൂര്‍വം നടക്കുന്നുണ്ട്. അതിനെ നേരിട്ടുകൊണ്ടുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വന്നത്. ആ നേരിടാനുള്ള ശ്രമം കമ്യൂണിസ്റ്റ് പാര്‍ട്ടി നല്ല നിലക്ക് നടത്തുന്നു. എന്നാല്‍, നമുക്കത് ഉണ്ടാക്കാന്‍ ഇടയുള്ള ആപത്ത് തിരിച്ചറിഞ്ഞ് നമ്മുടെ സമൂഹത്തിലെ ജനാധിപത്യശക്തികള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ല എന്ന ഒരു ദൗര്‍ഭാഗ്യവും ഉണ്ട്. ചിന്ത ഒരു ഭാഗത്ത്, അങ്ങനെയെല്ലാം കൂടി ഈ അരാഷ്ട്രീയവാദം വളര്‍ന്നു. അതിനെ നേരിട്ടുകൊണ്ടാണ് നമ്മുടെ പ്രസ്ഥാനം വളര്‍ന്നത്. വിദ്യാര്‍ഥികളെയാണെങ്കിലും യുവജനങ്ങളെയാണെങ്കിലും മഹിളാരംഗത്തെയാണെങ്കിലും എല്ലാം ശക്തിപ്പെടുത്താനുള്ള ശ്രമം ഞങ്ങള്‍ നടത്തി. അതിലൊരു വല്ലാത്ത പിറകോട്ടുപോക്ക് ഉണ്ടായെന്നുപറയാന്‍ കഴിയില്ല. എന്നാല്‍, ഈ പറഞ്ഞ ഒരാപത്തുണ്ട്. ആ ആപത്തുകാരണം ജനാധിപത്യശക്തികളും ഇതില്‍ നല്ല പങ്ക് വഹിക്കേണ്ടവരാണ്. അവരിതിനെ താല്‍ക്കാലികമായിട്ടാണ് കാണുന്നത്. രാഷ്ട്രീയരംഗത്ത് ഒരുപാട് കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ട്. രാജ്യവ്യാപകമായിതന്നെ നടക്കുന്ന അഴിമതിയുടെ കാര്യങ്ങളും മറ്റും എടുത്താല്‍ ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളാണ്. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയരംഗം എന്നുള്ളത് വല്ലാതെ മലീമസമായിപ്പോകുന്നു എന്ന് നമ്മള് തിരിച്ചറിയേണ്ടതുണ്ട് എന്നുതന്നെയാണ് ഓര്‍മിപ്പിക്കാനുള്ളത്.
നമ്മുടെ കാമ്പസുകളില്‍ അടുത്തകാലത്തായി മതസംഘടനകളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇത് ഇടത് വിദ്യാഭ്യാസ സംഘടനകളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടോ? ഈ പുതിയ പ്രവണതകളെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l കലാലയങ്ങളില്‍ ഒരു പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നു എന്നത് ശരിയാണ്. കലാലയങ്ങളിലൊക്കെ ഉണ്ടാകുന്നത് ചെറുപ്രായത്തിലുള്ള കുട്ടികളാണല്ളോ. അപ്പോള്‍ ചില സംഘടനകള്‍ തെറ്റായി അവരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന കാര്യം ശരിയാണ്. അതിന് വലിയ തോതില്‍ ഫണ്ടും ചെലവഴിക്കുന്നുണ്ട്. അതിലുള്ള ഒരു അപകടകരമായ വശം പരസ്പര സ്പര്‍ധ വളര്‍ത്തുന്നു എന്നുള്ളതാണ്. തമ്മില്‍ മിണ്ടാന്‍ പാടില്ല, ഇടപഴകാന്‍ പാടില്ല ഇങ്ങനെയുള്ള ചില പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, അങ്ങനെയൊക്കെ ഉണ്ടെങ്കിലും മുന്‍തൂക്കം കൂട്ടായ്മക്കുതന്നെയാണ്. രാഷ്ട്രീയ സംഘടനകളും അതിന്‍െറ പ്രവര്‍ത്തനങ്ങളുംതന്നെയാണ് കലാലയങ്ങളെ നല്ലരീതിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍, പരസ്പരവിദ്വേഷം വിതക്കുന്ന ഏര്‍പ്പാടിനെ ഒറ്റപ്പെടുത്തുകതന്നെ വേണം.
കേരളത്തില്‍ അടിയന്തരാവസ്ഥക്കുശേഷം കാര്യമായ പ്രക്ഷോഭങ്ങള്‍ക്ക് അവസരം ഉണ്ടായിട്ടില്ല. എങ്കിലും ചെറിയതോതിലുള്ള സമരങ്ങള്‍ വേണ്ടിവന്നു. എന്നാല്‍, ആ സമരങ്ങള്‍ പലതും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകളുടെ ഭാഗമായി അവസാനിച്ചു. എന്താണ് ഇപ്പോള്‍ സമരങ്ങള്‍ ദുര്‍ബലമായി പോകുന്നത്? സ്വാശ്രയ സമരംതന്നെ ആയുസ്സില്ലാതെ തീവ്രത കുറഞ്ഞുപോയതായി ആരോപണവുമുണ്ട്?
l സ്വാശ്രയ പ്രശ്നം നേരത്തേ 2001 -2006 കാലഘട്ടത്തിലാണ് വരുന്നത്. അതിനു മുമ്പ് കേരളത്തില്‍ അത്തരമൊരു പ്രശ്നവുമില്ല. 1996-2001 കാലഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ സര്‍ക്കാര്‍തലത്തിലുള്ളതാണ്. ഞാന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്തുള്ളതാണ് ‘കെപ്പ്’ . സഹകരണ ഫണ്ട് ഉപയോഗിച്ച് സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 2001ല്‍ യു.ഡി.എഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ അത് കുറെക്കൂടി വിപുലമായി. നല്ല കച്ചവട മനഃസ്ഥിതിയോടെ ആളുകള്‍ അതിലേക്ക് കടന്നുവരാന്‍ തുടങ്ങി. അതില്‍ മറ്റ് മാനദണ്ഡങ്ങള്‍ വെക്കാതെ കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അനുവദിക്കുന്ന അവസ്ഥയുണ്ടായി. യഥാര്‍ഥത്തില്‍ അതിനെതിരായിട്ടാണ് പ്രക്ഷോഭം വേണ്ടത്.
യു.ഡി.എഫ് അന്ന് പറഞ്ഞിരുന്നത് 50 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനത്തിനു മാറ്റിവെക്കുമെന്നാണ്. അപ്പോള്‍ രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു ഗവണ്മെന്റ് കോളജ് .അതായിരുന്നു അന്നുയര്‍ത്തിയ വാദം. എന്നാല്‍, അതൊന്നും നടന്നില്ല. അതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയതും സമരങ്ങള്‍ ഉണ്ടായതുമൊക്കെ. എല്‍.ഡി.എഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും ഈ പറഞ്ഞ 50 ശതമാനം നടപ്പാക്കി. കുറെകൂടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചു. ആ കാര്യത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അതിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അപ്പോള്‍ പഴയതില്‍നിന്ന് വ്യത്യസ്തമായ ചിത്രമുണ്ടായി. പണ്ടുനടന്ന അതേ രീതിയില്‍ സമരം നടത്തേണ്ട സാഹചര്യമില്ല. അങ്ങനെയാണ് അതിന് മാറ്റംവരുന്നത്. ഗവണ്‍മെന്റ്മാറ്റം മാത്രമല്ല സാഹചര്യത്തിലും മാറ്റമുണ്ടായി. എന്തിനെതിരെയാണോ സമരം നടത്തിയത് ആ പ്രശ്നത്തില്‍ അനുകൂലമായ നിലപാടുകള്‍ വന്നു. അതിന്‍െറ ഭാഗമായിട്ടുകൂടിയാണ് സമരങ്ങള്‍ ഇല്ലാതായത്.
പാര്‍ട്ടിക്കുമേലുള്ള മറ്റൊരു ആരോപണം, പാര്‍ട്ടി സഭക്ക് എതിരാണ് എന്നതാണ്. സത്യത്തില്‍ പാര്‍ട്ടി ക്രൈസ്തവ സഭക്ക് എതിരാണോ?
l ക്രൈസ്തവ സഭ എന്നുപറയുമ്പോള്‍ നിരവധി സഭകളുണ്ട്. ആ നിരവധി സഭകളുടെ കാര്യമെടുത്താല്‍ പൊതുവെ ഞങ്ങള്‍ക്കെതിരായ ഒരു വികാരമില്ല. അതില്‍ വളരെ വാശിയോടെ ഞങ്ങളെ എതിര്‍ക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമൊക്കെ നേതൃപരമായ നിലപാട് സ്വീകരിച്ചത് കത്തോലിക്കാ സഭയാണ്.
അതിന് അവരെ എന്താണ് പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. കാരണം, ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും ഒരു തെറ്റായ നിലപാട് ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്താല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ മേഖലയുടേതാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്ക് പഴയ ക്രൈസ്തവ മിഷനറിമാര്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ലാഭേച്ഛ ഉണ്ടായിട്ടില്ല. വേറെതരം പരാതികള്‍ അത് സംബന്ധിച്ചുണ്ട്. മതപ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നൊക്കെയുള്ള ചില പ്രചാരണങ്ങള്‍. എന്നാല്‍, വളരെ സൂക്ഷ്മതയോടെ നോക്കിയാല്‍ കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളെ ഉപയോഗിച്ച് വല്ലാത്ത മതപ്രചാരണം നടത്തിയെന്നൊന്നും പറയാനാകില്ല. മതത്തെ വളര്‍ത്താന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വല്ലാതെ നടത്തിയെന്നുപറയാന്‍ കഴിയില്ല. ലാഭം ആഗ്രഹിച്ചിട്ടേയില്ലായിരുന്നു. ഇങ്ങനെയാണ് ആര്‍ട്സ് കോളജുകളും ഹൈസ്കൂളുകളും ഉണ്ടാവുന്നത്. എന്നാല്‍, ഈ രംഗം വന്നപ്പോള്‍ ചിത്രം മാറി. ഇവിടെ വലിയ തോതിലുള്ള ലാഭത്തിലാണ് കണ്ണുവെച്ചത്. ഞങ്ങളുടെ നിലപാടും അവരുടെ നിലപാടും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസം എന്തെന്നുനോക്കിയാല്‍ ഒരു സ്വാശ്രയ കോളജ് തുടങ്ങി, ആ സ്വാശ്രയ കോളജ് നടത്തി നഷ്ടം സഹിക്കണം എന്ന് ഒരു ഘട്ടത്തിലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആ സ്വാശ്രയ കോളജ് നടത്തുന്നതിനാവശ്യമായ വരുമാനം എത്രയാണോ വേണ്ടത് അത് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാം എന്ന നിലപാടുതന്നെയാണ് എല്ലാ ഘട്ടത്തിലും ഞങ്ങള്‍ എടുത്തിരുന്നത്. തുടക്കത്തില്‍ ഒരു കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് തര്‍ക്കം ഉണ്ടായിരുന്നുള്ളൂ. ഒരു സ്വാശ്രയ കോളജ് തുടങ്ങുന്നതിന് സ്ഥലം വേണം, കെട്ടിടം വേണം മറ്റ് സൗകര്യങ്ങള്‍ വേണം ഇതിനെല്ലാം വേണ്ടി ഇറക്കുന്ന പണം , ആ പണം അവര്‍ക്ക് ഒരു വര്‍ഷംകൊണ്ടോ രണ്ടുവര്‍ഷം കൊണ്ടോ മൂന്നു വര്‍ഷംകൊണ്ടോ കിട്ടണം എന്നുപറഞ്ഞാല്‍ അത് ശരിയാവില്ല. അങ്ങനെ ഈടാക്കാന്‍ കഴിയില്ല. അത് സ്ഥിരമായ ആസ്തിയാണ്. എന്നുവെച്ച് അത് പൂര്‍ണമായും നഷ്ടപ്പെടുത്തണമെന്നും പറയുന്നില്ല. കുറച്ച് വര്‍ഷംകൊണ്ട് ഈടാക്കാന്‍ കഴിയുന്ന രീതി നോക്കുക. അപ്പോള്‍, ഓരോ വര്‍ഷവും കുറച്ച് മെച്ചപ്പെട്ട സ്ഥിതിയുണ്ടാവും. ഇത് ഞങ്ങള്‍ അവരുമായി സംസാരിച്ച കാര്യമാണ്. ഇതാണ് ഞങ്ങളുടെ സമീപനം. പക്ഷേ, അവര്‍ അതിനോടൊന്നും യോജിക്കാന്‍ തയാറായിരുന്നില്ല. അപ്പോഴേക്കും രാജ്യത്തൊരു ബില്‍ വന്നു. ഒരു നിയമം. അതിന്‍െറ ഭാഗമായിട്ട് മൈനോറിറ്റി സ്റ്റാറ്റസ് വന്നു. മൈനോറിറ്റി സ്റ്റാറ്റസ് കിട്ടിയാല്‍ പിന്നെ മുഴുവന്‍ കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അധികാരം ഇവര്‍ക്കാണ്. നേരത്തേ സുപ്രീംകോടതിയൊക്കെ 50 ശതമാനം പറഞ്ഞതാണ്. അതില്‍നിന്ന് വ്യത്യസ്തമായിട്ട് പൂര്‍ണമായും കുട്ടികളെ എടുക്കാനുള്ള അവകാശം അവര്‍ക്ക് കൊടുത്തു.
കേരളത്തില്‍ എന്താണ് അതിന്‍െറ സാങ്കേതികത്വം. കേരളത്തിന്‍െറ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പ്രത്യേക മൈനോറിറ്റിക്കാര്‍ക്ക് അതുകാരണം പഠിക്കാന്‍ കഴിയുന്നില്ളെന്ന സാഹചര്യം എവിടെയെങ്കിലുമുണ്ടോ? അങ്ങനെയൊരു സാഹചര്യമില്ല. അപ്പോള്‍ 50 ശതമാനം മെറിറ്റ് അടിസ്ഥാനത്തില്‍ കൊടുക്കുമ്പോള്‍ അതില്‍ റിസര്‍വേഷന്‍ വരും, പാവപ്പെട്ടവര്‍ വരും. എല്‍.ഡി.എഫ് ഗവണ്മെന്റ് എടുത്തത് മുന്നാക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം ഒരു നിശ്ചിത ശതമാനം പ്രവേശനം കൊടുക്കാവുന്ന, എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന ഒരു നിലപാടാണ്. ഇതിനൊന്നിനും അവര്‍ സന്നദ്ധരായില്ല. ഇതിന്‍െറ ഏറ്റവും വലിയ പ്രത്യേകത, പല ഘട്ടങ്ങളിലും അവരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചില ഘട്ടങ്ങളില്‍ മന്ത്രിമാര്‍ക്ക് പുറമെയുള്ളവര്‍ ചര്‍ച്ച നടത്തി. ഉന്നതരായ ബിഷപ്പുമാരുമായി ഇരുന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്‍െറ ഭാഗമായി ഏറക്കുറെ ഒത്തുതീര്‍പ്പിന്‍െറ ഘട്ടത്തില്‍ എത്തുന്നു. പരസ്പരം പറയുമ്പോള്‍ വലിയ ന്യായങ്ങള്‍ ഒന്നും ഇതിനകത്തില്ല. വേഗം കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും. അപ്പോള്‍ ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ഇനി ഒത്തുതീര്‍പ്പാകാം. പിന്നെ, പിറകോട്ടുപോകുന്നു. ഇങ്ങനെ പിറകോട്ടുപോയ ഒന്നിലധികം ഘട്ടങ്ങളുണ്ട്. ബോധപൂര്‍വമായിരുന്നു. എല്‍.ഡി.എഫ് ഗവണ്മെന്റ് അധികാരത്തിലിരുന്ന ഘട്ടങ്ങളിലൊക്കെ ഇവര്‍ സ്വീകരിച്ച നിലപാട്, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വീകരിച്ച നിലപാട് ഗവണ്മെന്റ് അംഗീകരിച്ചില്ല. ഈ വര്‍ഷം ഉണ്ടായ ഒരു പ്രത്യേകത ആ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാട് ഗവണ്മെന്റ് അംഗീകരിച്ചുകൊടുത്തു എന്നതാണ്. കാരണം, ഗവണ്മെന്റ് ആദ്യം എടുത്ത നിലപാട് ഒരു വര്‍ഷം, ഈ വര്‍ഷം, അവര്‍ക്ക് കഴിയില്ലാ എന്നു പറയുന്നു. അതുകൊണ്ട് ഈ വര്‍ഷം അവരുടെ നിലപാട് നമുക്ക് അംഗീകരിക്കാം എന്നൊരു നിലപാട് സര്‍ക്കാര്‍ എടുത്തു. ഇത് അവരുടെ നിലപാടുകളെ ശരിവെച്ചുകൊടുക്കലാണ്. അത് ഇതുവരെ കേരളത്തില്‍ ഇല്ലാത്ത ഒരു നിലപാടാണ്. ഞങ്ങള്‍ അതിനെയാണ് ഇത്തവണ വിമര്‍ശിക്കുന്ന നില ഉണ്ടായത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ യഥാര്‍ഥത്തില്‍ സാമ്പത്തിക താല്പര്യം വെച്ചുകൊണ്ട് ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് എടുത്തത്. ഏതെങ്കിലുമൊരു കാര്യത്തില്‍ സഭക്കോ സഭാവിശ്വാസികള്‍ക്കോ എന്തെങ്കിലും പ്രയാസം ഉണ്ടാക്കുന്ന നിലപാട്് എല്‍.ഡി.എഫ് ഗവണ്‍മെന്റിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായി എന്ന്് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു ന്യൂനപക്ഷവിഭാഗത്തിനും എല്‍.ഡി.എഫ് ഗവണ്‍മെന്റിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പ്രയാസങ്ങള്‍ ഉണ്ടായിട്ടില്ല.
ഇടതു-വലത് കക്ഷികള്‍ ഭരിക്കുമ്പോഴെല്ലാംതന്നെ നമ്മുടെ വിദ്യാഭ്യാസരംഗം എന്നും കുത്തഴിഞ്ഞ ഒരു രീതിയിലാണ് പോകുന്നത്. സ്വാശ്രയപ്രശ്നമാണെങ്കില്‍കൂടി വിദ്യാഭ്യാസമേഖല എന്നും വിവാദങ്ങളുടെ ഒരു ഭാഗത്താണ്. വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു വ്യക്തമായ രൂപമോ നയമോ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനുപോലും കഴിയാതെപോയതെന്താണ്?
l സ്വാശ്രയരംഗത്തെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ ഫലപ്രദമായ ചില നടപടികള്‍ സ്വീകരിച്ചു. ആ സ്വീകരിച്ച നടപടികളിലെ കോടതിയുടെ ഇടപെടല്‍വന്നപ്പോള്‍ ആ നിയമം അതേരീതിയില്‍ നടപ്പാക്കാന്‍ കഴിയാതെയായി. അതിനകത്ത് ഉയര്‍ന്നുവന്ന പ്രശ്നം ന്യൂനപക്ഷവിഭാഗങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുകയാണെങ്കില്‍ അവര്‍ക്ക് തോന്നുന്ന അധികാരം. സംസ്ഥാന ഗവണ്മെന്റിന് ഇടപെടാനേ അധികാരമില്ല. ഇത് ഇന്ത്യയിലെ സാഹചര്യംവെച്ചുവന്ന ഒരു നിയമമാണ്. ആ നിയമത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എതിര്‍ക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തിന്‍െറ മറ്റ് ചില പ്രദേശങ്ങളില്‍ ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പഠിക്കാനുള്ള സൗകര്യമില്ല. സ്ഥാപനങ്ങളില്ല. പൊതുസ്ഥാപനത്തില്‍പോയി പഠിക്കാന്‍ കഴിയില്ല. എന്നാല്‍, ആ വിഭാഗം പുതിയ സ്ഥാപനം തുടങ്ങാമെന്ന് വിചാരിച്ചാല്‍ അതിന് അംഗീകാരം കൊടുക്കില്ല. ചിലപ്പോള്‍ അഫിലിയേഷന് കൊടുക്കില്ല. ഈ ഒരു സാഹചര്യംവെച്ചുകൊണ്ട്് ന്യൂനപക്ഷ വിഭാഗത്തിന് സ്ഥാപനം തുടങ്ങാം. ആ സ്ഥാപനത്തിന് ഇന്ന യൂനിവേഴ്സിറ്റിയില്‍തന്നെ അഫിലിയേഷന് വേണമെന്നില്ല. പിന്നെ, പൂര്‍ണ അധികാരം അവര്‍ക്കുതന്നെ ആയിരിക്കും. മുകളില്‍നിന്ന് ഇടപെടാന്‍ കഴിയില്ല. അത് സംഘ്പരിവാറിന്‍െറ സ്വാധീനമുള്ള ഗവണ്മെന്റുകള് ഉള്ളതുകൊണ്ടാണ് അത്തരം ഒരു നിലയിലേക്ക് നിയമം വരുന്നത്. ആ ഗവണ്മെന്റുകള് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാന്‍ തയാറാവുന്നുണ്ടായിരുന്നില്ല. ഇത് ഇന്ത്യന്‍ പശ്ചാത്തലമാണ്. പക്ഷേ, കേരളത്തില്‍ ഏതെങ്കിലും ഭാഗത്ത് നമ്മുടെ ഒരു ന്യൂനപക്ഷവിഭാഗത്തിന് ന്യൂനപക്ഷം ആയിപ്പോയി എന്നതുകൊണ്ട് അവര്‍ക്ക് പഠിക്കാന്‍പറ്റാത്ത സാഹചര്യം ഉണ്ടോ? ഏതെങ്കിലും ഒരു പൊതുസ്ഥാപനത്തില്‍ പോയി പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഇവിടെയുണ്ടോ? അപ്പോള്‍ കേരളം തികച്ചും വ്യത്യസ്തമായി നില്‍ക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ഇതാണ് ബാധകമാവുന്നത്. ഇത് ബാധകമായപ്പോള് ഇവിടെ ധാരാളം സ്ഥാപനങ്ങളുള്ള ക്രൈസ്തവ വിഭാഗം എടുത്ത നിലപാട് ഇതൊരു അവസരമായെടുത്ത് തങ്ങള്‍ക്ക് ലാഭം വരട്ടേ എന്നാണ്. എല്ലാ അധികാരവും ഞങ്ങള്‍ക്കാണ്, എല്ലാവരെയും പ്രവേശിപ്പിക്കാന്‍ അധികാരം ഞങ്ങള്‍ക്കാണ്, ഇവിടെ ആര്‍ക്കും ഇതില്‍ ഇടപെടാന്‍ ആകില്ല എന്ന നിലപാടിലാണ് എത്തിയത്. ഇവിടെയാണ് പ്രശ്നമുണ്ടായത്. നിയമം ഒരു ഭാഗത്ത്, നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഗവണ്മെന്റ് മറ്റൊരു ഭാഗത്ത്. അവിടെയാണ് വല്ലാത്തൊരു പ്രതിസന്ധിക്ക് കാരണം. എല്‍.ഡി.എഫ് ഗവണ്മെന്റ് ചെയ്തുവന്ന നടപടികള്‍ക്ക് സാധാരണഗതിയില്‍ അന്നത്തെ പ്രതിപക്ഷമാണ് സഹായം ചെയ്തുതരേണ്ടിയിരുന്നത്. എന്നാല്‍, അന്ന് പ്രതിപക്ഷം സ്വീകരിച്ച നിലപാട് എല്‍.ഡി.എഫ് ഗവണ്‍മെന്റിന്‍െറ നിലപാടുകള്‍ പിന്താങ്ങുന്നതായിരുന്നില്ല. ആ പ്രതിപക്ഷം ഇപ്പോള്‍ ഗവണ്മെന്റായി. ആ ഗവണ്മെന്റ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച ചെയ്ത് അവരുടെ നിലപാട് ആദ്യം അംഗീകരിച്ചുകൊടുത്തു. പിന്നെ, അവര്‍ക്ക് ഒരു ഘട്ടത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാടിനോട് യോജിക്കാന്‍ പറ്റാതെയായി. ആ ഘട്ടത്തില്‍ നേരത്തേ ഭരണപക്ഷമായിരുന്ന പ്രതിപക്ഷം, അതായത് ഞങ്ങള്‍ ഒരു കലവറയുമില്ലാതെ പറഞ്ഞു, നിങ്ങള്‍ക്കെല്ലാ പിന്തുണയുമുണ്ടെന്ന്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഈ നിലപാട് സ്വീകരിച്ചുപോകാന്‍ പറ്റില്ല. അങ്ങനെ കേരളം ഒറ്റക്കെട്ടായി നില്ക്കുകയാണെങ്കില് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. പക്ഷേ, യു.ഡി.എഫ് ഗവണ്മെന്റ് സ്വീകരിക്കുന്ന നിലപാടുകള്‍ അതിനാണോ സഹായിക്കുന്നത്? കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് നാലരലക്ഷം രൂപ 50 ശതമാനം കുട്ടികളും കൊടുക്കേണ്ടിവരും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നാണ്. ഇത് നടപ്പാകുമോ എന്നറിയില്ല. നടപ്പില്‍ വന്നാല്‍ മെറിറ്റ് മാത്രമേ ഉണ്ടാകൂ. സര്‍ക്കാര്‍ കോളജില്‍ കുട്ടികള്‍ കൊടുക്കുന്ന ഫീസില്‍നിന്ന് മൂന്നു ലക്ഷത്തിലധികം ഫീസ് കൊടുക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. ഇതൊക്കെയാണ് പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്‍.ഡി.എഫ് മാത്രം പ്രതികരിച്ചാല്‍ പോരാ. കേരളമാകെ ഒരു പൊതുധാരയില്‍ ഇരുന്നുകൊണ്ട് പ്രവര്‍ത്തിച്ചാലേ കഴിയൂ. കേന്ദ്രഗവണ്മെന്റ് പാസാക്കിവെച്ച ഒരു നിയമമുണ്ട്. ആ നിയമം പരിചയാക്കിക്കൊണ്ട് ഈ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലാണ് ഏറ്റവും കൂടുതല്‍ കളിക്കുന്നത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, നേരത്തേ എം.ഇ.എസിന്‍െറ നേതാവായ ഫസല്‍ ഗഫൂര്‍ ഒരു പ്രസ്താവനയിറക്കിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത് പാണക്കാട് തങ്ങളുടെ കുടുംബത്തില്‍പെട്ട ഒരാള്‍ ചെയര്‍മാനായുള്ള ഒരു സ്ഥാപനം ഈ ഗവണ്മെന്റ് നിര്‍ദേശം അംഗീകരിക്കാന്‍ തയാറായി, 50 ശതമാനം എന്നത് എം.ഇ.എസ് അംഗീകരിച്ചു എന്നാണ്. ഈ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വിഭാഗം മാത്രമേ ഇങ്ങനെയൊരു നിലപാടെടുത്തിരുന്നുള്ളൂ. എന്നാല്‍, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിലില്ല. ചില ക്രൈസ്തവ വിഭാഗങ്ങള്‍ ഗവണ്‍മെന്റിന്‍െറ നിലപാടിനൊപ്പംനിന്നു. അതാണ് അതിലുള്ള യഥാര്‍ഥ പ്രശ്നം.
അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ സാധാരണ ജനങ്ങളുടെ ആശ്രയം സി.പി.എംപോലുള്ള ഇടത് സംഘടനകളായിരുന്നു. എന്നാല്‍, അടുത്തകാലത്തായി പാര്‍ട്ടിയിലെതന്നെ പല ഉന്നതരും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. അടുത്തകാലത്തായി അത് വര്‍ധിക്കുന്നതായും കാണുന്നു. ഇതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
lനിയതമായ ചില മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. ആ മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിച്ചുപോകുന്ന അവസ്ഥവന്നാല്‍ അത് ഒരു തരത്തിലും പൊറുക്കുന്ന പാര്‍ട്ടിയല്ല. ഏത് തലത്തിലായാലും പാര്‍ട്ടി അത്തരം കാര്യങ്ങളെ പൊറുക്കുന്നതല്ല. ജീവിക്കുന്ന സമൂഹത്തിന്‍െറ സ്വാധീനത്തില്‍, മനുഷ്യരാണ്, ചിലര്‍ ചില കാര്യങ്ങളില്‍ ഇരയായിപ്പോകും. അത്തരം കാര്യങ്ങള്‍വന്നാല്‍ അതിനോട് കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റായ കാര്യങ്ങളാണെന്ന് ബോധ്യംവന്നാല്‍ വളരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ചാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. എല്ലായ്പോഴും അത് അങ്ങനെതന്നെയായിരിക്കും.
ഒരു കാലത്ത് ജന്മികളും മുതലാളികളുമായിരുന്നു പാര്‍ട്ടിയുടെ ആശയപരമായ ശത്രുക്കള്‍. ഇപ്പോള്‍ ആ കാലം മാറിയിരിക്കുന്നു. പുതിയ ഈ കാലത്ത് പാര്‍ട്ടിയുടെ ആശയപരമായ ശത്രുത ആരോടാണ്?
l രാജ്യത്തിന്‍െറ നില എടുത്താല്‍ വന്‍കിട, ഞങ്ങള്‍ കണ്ടെത്തിയത്, ബുര്‍ഷ്വാസികളാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വ-ഭൂവുടമ ഗവണ്മെന്റ് എന്നാണ്. ആ ഭൂവുടമ എന്നത് നമ്മുടെ രാജ്യത്തിന്‍െറ ഒരു ഭാഗംതന്നെയാണ്്. ബൂര്‍ഷ്വാസിയുമുണ്ട് ഭൂവുടമയുമുണ്ട്. രണ്ടും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. വന്‍കിട ബൂര്‍ഷ്വാസിയാണ് സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തില്‍ ഭൂപരിഷ്കരണം നടന്നപ്പോള്‍ അതിന്‍െറ ഭാഗമായി പഴയ നാടുവാഴികളും ജന്മിത്തവുമെല്ലാം പോയി. എന്നാല്‍, രാജ്യവ്യാപകമായി കടുത്ത മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു, കാര്‍ഷിക രംഗത്ത് മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്‍െറ ഭാഗമായാണല്ളോ പാര്‍ട്ടിയുടെ നിലപാട് വരുന്നത്. കേരളത്തില്‍ ഈ ഒരു പ്രത്യേകത ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, പൂര്‍ണമായി എല്ലാം തുടച്ചു നീക്കപ്പെട്ടു എന്ന നിലയിലേക്ക് നമുക്കെത്താറായിട്ടില്ല. കേരളത്തിന്‍െറ അവസ്ഥയെടുത്താല്‍, പഴയതുപോലെ ഇടപെടാനുള്ളശേഷി അന്നത്തെ കാലത്ത് ജന്മിക്കും നാടുവാഴിക്കും ഉണ്ടായിരുന്നെങ്കില്‍ ആ ഒരു അവസ്ഥകളില്‍ തീര്‍ത്തും മാറിപ്പോയി. ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ധാരാളംപേര്‍, നേരത്തേ അവകാശം ഇല്ലാത്തവര്‍ അവകാശവുമായി വന്നല്ളോ?
രണ്ടുമൂന്നു ഘട്ടങ്ങള്‍ ഉണ്ടായല്ളോ. ഒന്ന് നിയമത്തിന്‍െറ ഭാഗമായി കുടിയാന്മാര്ക്ക് കിട്ടിയ അവകാശം. പിന്നെ അതിന്‍െറ തുടര്‍ച്ചയായി കുടികിടപ്പ് അവകാശം വന്നു. ഇതൊക്കെ വലിയ മാറ്റങ്ങളാണല്ളോ സംസ്ഥാനത്ത് ഉണ്ടാക്കിയത്.
കേരളത്തിന്‍െറ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അഞ്ചുവര്‍ഷം ഇടതുപക്ഷം, അഞ്ചുവര്‍ഷം വലതുപക്ഷം. എല്ലാതവണയും ഭരണപക്ഷം മത്സരത്തിനിറങ്ങുമ്പോള്‍ ദയനീയമായി പരാജയപ്പെടുന്ന ഒരു ചിത്രമാണ് കാണാന്‍ കഴിയുക. എന്നാല്‍, ഇത്തവണ ഭരണപക്ഷമായിരുന്ന എല്‍.ഡി.എഫ് ഫോട്ടോഫിനിഷിലാണ് പുറത്തായത്. തെരഞ്ഞെടുപ്പില്‍ അത്രമാത്രം ശക്തമായി മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ നേട്ടമായിട്ടാണോ അതോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടമായിട്ടാണോ താങ്കള്‍ വിലയിരുത്തുന്നത്?
l ഇതില്‍ എല്‍.ഡി.എഫ് ഗവണ്മെന്റ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുതിയ ഗവണ്‍മെന്റിന്‍െറ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ടാകുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത ഗവണ്മെന്റാണ് കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്മെന്റ്. ഗവണ്‍മെന്റിന്‍െറ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത വീടുകള്‍ കുറവാണെന്നതാണ് അവസ്ഥ. അത്ര വ്യാപകമായിരുന്നു, സര്‍വവ്യാപിയായിരുന്നു ആനുകൂല്യങ്ങള്‍. അതൊരുകാര്യം. അതോടൊപ്പം മൊത്തമായി കേരളത്തിന്‍െറ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍, തുടര്‍ന്ന് എന്തുചെയ്യണമെന്നത് ബജറ്റിന്‍െറ ഭാഗമായി പ്രഖ്യാപിച്ച കാര്യങ്ങള്‍. പിന്നെ, എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍. ഇതെല്ലാം ജനങ്ങളില്‍ നല്ല അഭിപ്രായം ഉണ്ടാക്കിയിരുന്നു. അതിന്‍െറ ഭാഗമായി തന്നെയാണ് ജനങ്ങളുടെ നല്ല പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചത്. അതുതന്നെയാണ് പ്രധാന കാരണം.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സംഘടനകള്‍ കേരളത്തിന്‍െറ രാഷ്ട്രീയത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? അവര്‍ പറയുന്നപോലെയുള്ള സ്വാധീനം കേരളത്തിലുണ്ടോ?
l യഥാര്‍ഥത്തില്‍ ജാതിസംഘടനകള്‍ക്ക് നമ്മുടെ പഴയ സമൂഹത്തില്‍ വളരെ സുപ്രധാന പങ്കുവഹിക്കാനുണ്ടായിരുന്നു. അങ്ങനെ സുപ്രധാന പങ്കുവഹിച്ച സംഘടനകളാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമെല്ലാം. യഥാര്‍ഥത്തില്‍ ഇപ്പോള്‍ ആ ധര്‍മം ഇല്ല. ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു ചുമതല നിറവേറ്റാനില്ല. അങ്ങനെയൊരു അവസ്ഥയിലേക്ക് ജാതിസംഘടനകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് അവരുടേതായ ഒരു സ്വാധീനം കേരളത്തിലുണ്ട്. ആ സ്വാധീനം രാഷ്ട്രീയമായി ഉപയോഗിക്കുകയും പല സംഘടനകളെയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അതില്‍ എന്‍.എസ്.എസ് നേരത്തേ അത്തരം ശ്രമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. സമദൂരം എന്നുപറഞ്ഞ് അതില്‍തന്നെ നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ അവര്‍ അതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ അത്തരമൊരു നിലപാട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയത് തിരുത്തേണ്ടതാണ്. എസ്.എന്‍.ഡി.പി പലപ്പോഴും വര്‍ത്തമാനമൊക്കെ എല്‍.ഡി.എഫിന് അനുകൂലമാണ്. വലിയ ഉച്ചത്തിലൊക്കെ എല്‍.ഡി.എഫിനെ കുറിച്ച് സംസാരിക്കും. എന്നാല്‍, പ്രവൃത്തിയിലൊക്കെ യു.ഡി.എഫിനെ അനുകൂലിക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. പറയുന്ന രീതിയിലല്ല പ്രവര്‍ത്തനം എന്നതാണ് കണ്ട അനുഭവം. ഇത്തരം സംഘടനകള്‍ ഒരു നിലപാടെടുത്താല്‍ അതിന്‍െറ ഭാഗമായി മുഴുവനാളുകളെയും അവര്‍ക്ക് സ്വാധീനിക്കാനൊന്നും കഴിയില്ല. കാരണം, അതിനകത്തുള്ളവരും രാഷ്ട്രീയ അഭിപ്രായം ഉള്ളവരാണ്. ഓരോ സംഘടനക്കകത്തും രാഷ്ട്രീയ അഭിപ്രായം അവര്‍ക്കൊക്കെയുണ്ട്. ആ രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ രാഷ്ട്രീയത്തിനുതന്നെ മുന്‍തൂക്കം കൊടുക്കും. എന്നാല്‍, വലിയ വാശിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലരെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞെന്നുവരും. മതസംഘടനകളെ സ്വാധീനിക്കാന്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. അതിന് കേന്ദ്ര ഗവണ്‍മെന്റിന്‍െറ സ്വാധീനംകൂടി ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചു. അത് വസ്തുതയാണ്.
മന്ത്രിമാരെയും എം.എല്‍.എമാരെയും നിശ്ചയിക്കുമ്പോള്‍ ജാതി- സമുദായം നോക്കുന്ന പ്രവണത ഇത്തവണ പരസ്യമായി പറഞ്ഞു. എന്താണ് ആ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം?
l കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അവസ്ഥയാണ്. അതില്‍ പരസ്യമായിട്ട് ജാതിക്കാര്യം പറയാനുള്ള ധാര്‍ഷ്ട്യം, അതില്‍ ഇവര്‍ വഴങ്ങിക്കൊടുക്കുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുതരത്തിലും ചെയ്യാന്‍പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനത്ത് ജാതിസംഘടനകള്‍ ഇന്നയാള് മന്ത്രിയാകണമെന്ന് പറയുകയും അത് അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നത് വളരെ തെറ്റായ നിലപാടാണ്. നവോത്ഥാനത്തെ വളരെ പിന്നോട്ടടിക്കുന്ന അവസ്ഥയാണ്. കേരളത്തിന്‍െറ ഇന്നത്തെ അവസ്ഥയില്‍നിന്ന് ദശാബ്ദങ്ങള്‍ പിറകോട്ടുപോകുന്ന സാഹചര്യമാണുണ്ടായത്.
അബ്ദുല്ലക്കുട്ടി, മഞ്ഞളാംകുഴി അലി, സിന്ധുജോയി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടാണ് പുറത്തുപോയത്. ഇതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
lഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് ഗൗരവമായ പ്രശ്നമായിട്ട് ഞങ്ങള്‍ കാണുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലക്ഷ്യംവെച്ച് നീങ്ങിയ നീക്കം മാത്രമാണ്. അതിനെ ആ തരത്തില്‍ മാത്രമേ കാണേണ്ടതുള്ളൂ.
ഇടതുപക്ഷ ചിന്തകര്‍തന്നെ പറയുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്ന മുനീറും ഷാജിയുമാണ് ലീഗിലെ രണ്ട് സെക്കുലര്‍ ആയ നേതാക്കള്‍ എന്ന്. ഇത് എത്രത്തോളം ആശയപരമായി ശരിയാണ്? ഇടതുപക്ഷ ചിന്തകര്‍തന്നെ ഇങ്ങനെ പറയുമ്പോള്‍ ഇത് മറ്റെന്തിലേക്കെങ്കിലും വിരല്‍ചൂണ്ടുന്നതായി സംശയിക്കാമോ?
l അത് താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ക്കുവേണ്ടി കാര്യങ്ങള്‍ പറയുന്നതുപോലെ പുറത്തുവരുകയാണ്. ഇടതുപക്ഷ ചിന്തകര്‍ എന്നുവിളിക്കപ്പെടുന്നവര്‍ മാത്രമാണ് അവര്‍. ശരിക്കും ഇടതുപക്ഷ ചിന്തകരാകില്ല.
അടുത്തിടെ വന്നുപോയ മറ്റൊരു വിവാദമാണ് സ്വത്വവാദം. ഇപ്പോള്‍ കെട്ടടങ്ങിയെങ്കിലും ഇത് അംഗീകരിക്കാവുന്നതാണോ?
l സ്വത്വവാദം എന്നുപറയുന്നത് പാര്‍ട്ടിയില്‍ ഒരുതരത്തിലും അംഗീകരിക്കാവുന്ന ഒന്നല്ല. അതേസമയം, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണുതാനും. അത് കണ്ടുകൊണ്ടുള്ള നിലപാടാണ് ഞങ്ങള്‍ എടുത്തത്. അതില്‍ ഉദ്ദേശിച്ച രീതിയിലുള്ള തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടില്ല. അത് പുറത്തിങ്ങനെ പ്രചരിച്ചു എന്നു മാത്രം.
പുറത്ത ്പ്രചരിക്കുംവിധം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടോ?
l പാര്‍ട്ടിക്കകത്ത് വിഭാഗീയത ഉണ്ടായിരുന്നു നേരത്തേ. അത് നമ്മുടെ കേരളത്തിലെ പാര്‍ട്ടിയുടെ അനുഭവത്തില്‍തന്നെ എടുത്താല്‍ ഓരോ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള വിഭാഗീയതയുടെ കാര്യം എടുത്തുനോക്കിയാല്‍ പാര്‍ട്ടിയും സഖാക്കളും അതിന്‍െറ ദോഷം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലൂടെ ഇതൊരു ദോഷമാണ്, പാര്‍ട്ടി ശരീരത്തില്‍ ഏല്ക്കുന്ന കാന്‍സറാണ് എന്നൊക്കെ ശരിയായരീതിയില്‍ സഖാക്കള്‍ക്ക് ബോധ്യമായി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി കേരളത്തിലെ പാര്‍ട്ടിയാകെ യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അതോടൊപ്പം ഈ ബോധ്യം, ഇത് വലിയ ആപത്താണ് നമുക്ക് ഉണ്ടാക്കിത്തരുന്നത് എന്ന കാര്യം മനസ്സിലായതിന്‍െറ ഭാഗമായി കേരളത്തില്‍ ഇന്ന് അത്തരമൊരു അവസ്ഥയില്ല. നമ്മുടെ 14 ജില്ലകളും എടുത്തുപരിശോധിച്ചാല്‍ വിഭാഗീയതയുടേതായ വല്ലാത്ത പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന പ്രദേശങ്ങള്‍ ഇന്നത്തെ കേരളത്തില്‍ കാണാന്‍ കഴിയില്ല. ഏതെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ അത് വിഭാഗീയതയാണെന്നതരത്തില്‍ ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ അന്തരീക്ഷം പരിശോധിച്ചാല്‍ വിഭാഗീയത ഇന്ന് വലിയ പ്രശ്നമായിട്ട് കാണുന്നില്ല.
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇടതുപക്ഷത്തിനാവും മേല്‍ക്കൈ കിട്ടുക എന്ന് പല കേന്ദ്രങ്ങളും പറയുന്നു. പാര്‍ട്ടി അങ്ങനെ വിശ്വസിക്കുന്നുണ്ടോ?
l ഏത് ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ക്ക് മുന്നിലെത്താന്‍ കഴിയും എന്നുതന്നെയാണ് വിശ്വാസം. അതില്‍ ഒരു വ്യത്യാസവുമില്ല. ഇത്തവണ ഒന്നു തെന്നിമാറി എന്നേ ഉള്ളൂ. ഏതു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ മുന്നിലെത്തും.
പാര്‍ട്ടിക്കുവേണ്ടി പല ത്യാഗങ്ങളും സഹിച്ച് ആരോപണങ്ങള്‍ കേട്ട് വളര്‍ന്നുവരുന്ന ഒരാളാണ് താങ്കള്‍. അത്തരം ആരോപണങ്ങളെയൊക്കെ വലിച്ചെറിഞ്ഞ് ധൈര്യസമേതം മുന്നേറുന്ന ഒരു പാര്‍ട്ടി നേതാവാണ്. സത്യത്തില്‍ ആരാണ് പിണറായി വിജയന്‍െറ ദൈവം, പാര്‍ട്ടിയാണോ പ്രത്യയശാസ്ത്രമാണോ?
l ഞങ്ങള്‍ പാര്‍ട്ടിക്കുവേണ്ടിയാണല്ളോ നിലകൊള്ളുന്നത്. പാര്‍ട്ടിയാണല്ളോ നമുക്ക് വലുത്. പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ പാര്‍ട്ടി.
പൊതുവെ പറഞ്ഞാല്‍ പാര്‍ട്ടി വികസനങ്ങള്‍ക്ക് എതിരാണെന്ന ഒരു പ്രചാരണമുണ്ട്. ആദ്യകാലത്ത് കമ്പ്യൂട്ടറിനെ എതിര്‍ത്തതൊക്കെ ഇപ്പോഴും വിവാദമായി നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ വികസനനയം എന്താണ്?
l പുതിയതിനെ ആകെ നിഷേധിക്കുന്ന ഒരു പാര്‍ട്ടിയല്ല സി.പി.എം. പുതിയ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന് ഗുണകരമായിട്ടുള്ളതാകുമ്പോള്‍ ആ ഗുണകരമായിട്ട് വരുന്നതിനെ അതേരീതിയില്‍ കാണുകയും പിന്താങ്ങുകയും ചെയ്യുന്ന പാര്‍ട്ടി തന്നെയാണ്, അതിനെക്കുറിച്ച് ഒരാശങ്ക ഉണ്ടാകേണ്ടതില്ല. വികസന കാര്യങ്ങളിലും അതുതന്നെയാണ് നിലപാട്. നമ്മുടെ നാടിന്‍െറ വികസനമാണ് പ്രധാനം. ഒപ്പം നാടിന്‍െറ താല്പര്യം സംരക്ഷിക്കപ്പെടണം. നാടിന്‍െറ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള വികസന സംരംഭങ്ങള്‍ സി.പി.എം എപ്പോഴും പ്രോത്സാഹിപ്പിക്കും. അതിന്‍െറ മറവില്‍ നാടിനെ തകര്‍ക്കാന്‍ നോക്കരുത്. അത് പാര്‍ട്ടി എതിര്‍ക്കും.
വികസനത്തെക്കുറിച്ചുള്ള പൊതുസങ്കല്പം എന്താണ്? സ്മാര്‍ട്ട്സിറ്റി വരുന്നു, എക്സ്പ്രസ് വേ വരുന്നു, അടിസ്ഥാനപരമായ കേരള വികസനം പൂര്‍ത്തിയാകാത്ത ഘട്ടത്തില്‍ ഇങ്ങനെയുള്ള വികസനത്തിലേക്ക് കടന്നുചെല്ലുകയും അതിനെ താങ്ങാനുള്ള സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടോ?
lസ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ ഞങ്ങള്‍ അന്ന് എതിര്‍ത്തത്, തുടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ഒരു ഭാഗം സ്ഥലം വേണം എന്നുപറഞ്ഞത് ശരിയല്ല. അതിനോട് നമുക്ക് യോജിപ്പില്ല. സ്മാര്‍ട്ട്സിറ്റി എന്ന ആശയത്തെതന്നെ ഞങ്ങള്‍ എതിര്‍ത്തില്ല. അതെന്തുകൊണ്ടാണ്? ഒരു കുടക്കീഴില് ധാരാളം സ്ഥാപനങ്ങള്‍ വരാനുള്ള ഒരു സാഹചര്യമാണ് സ്മാര്‍ട്ട്സിറ്റിയുടെ ഭാഗമായിവരുന്നത്. ഈ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നവര്‍ ഐ.ടി രംഗത്തെ പ്രധാനികളല്ല. അവര്‍ ഒരു സ്ഥാപനം അവിടെ കൊണ്ടുവരുന്നു. കെട്ടിടസമുച്ചയം കൊണ്ടുവരുന്നു. ആ കെട്ടിടസമുച്ചയത്തിനകത്ത് വിവിധ ഐ.ടി സ്ഥാപനങ്ങള്‍ക്ക് വരാന്‍ കഴിയും. പതിനായിരങ്ങള്‍ക്ക് അവിടെ തൊഴില്‍ ലഭിക്കും. നമ്മുടെ കേരളവും കര്‍ണാടകവും തമിഴ്നാടും എടുത്താല്‍ ഈ സംസ്ഥാനങ്ങളില്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ അതിവേഗതയില്‍ പുരോഗതി നേടാന്‍ കഴിയുന്ന സംസ്ഥാനം കേരളമാണ്. കാരണം, നമ്മള് അഭ്യസ്തവിദ്യരാണ്. നല്ല പശ്ചാത്തല സൗകര്യമുണ്ട്. വിദ്യാഭ്യാസരംഗത്ത് നല്ലതുപോലെ ചെറുപ്പക്കാര്‍ വരുന്നുണ്ട്. എന്നാല്‍, ഈ രണ്ട് സംസ്ഥാനങ്ങളുടെയും പിറകിലാണ് നമ്മള്. ഐ.ടി രംഗത്ത് ബംഗളൂരുവും വലിയതോതില്‍ കൊച്ചിയും മുന്നോട്ടുപോയി. നമുക്കതിന്‍െറ പശ്ചാത്തലസൗകര്യം കൊടുക്കാന്‍ കഴിയും. അതിന്‍െറ ഭാഗമാണ് സ്മാര്‍ട്ട്സിറ്റി. എന്നാല്‍, ഒരു സ്മാര്‍ട്ട്സിറ്റി മാത്രം പോര. അതുപോലെയുള്ള അനേകം കാര്യങ്ങള്‍ വേണം. അതില്തന്നെയാണ് സി.പി.എം നില്‍ക്കുന്നത്. അതിനകത്ത് വേറെ വ്യത്യസ്തതകള്‍ ഒന്നുമില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ വരണമെന്നുതന്നെയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
ബംഗളൂരുവിന്‍െറയും തമിഴ്നാടിന്‍െറയുമൊക്കെ കാര്യം പറഞ്ഞല്ളോ. അവിടത്തെപോലെയല്ല ഇവിടെയുള്ള ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍. എന്താണ് ആ കള്‍ച്ചറിനെക്കുറിച്ചുള്ള അഭിപ്രായം? സ്ഥാപനങ്ങളെ പൂട്ടിക്കുന്ന നയമുണ്ടോ അതിന്?
l ഇപ്പോള്‍ കേരളത്തിലെ ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍കൊണ്ട് എന്തെങ്കിലും തരത്തിലുള്ള അബദ്ധങ്ങളുണ്ടായിട്ടില്ല. ട്രേഡ്യൂനിയന്‍െറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു സ്ഥാപനം അടഞ്ഞുപോയ അവസ്ഥ നമ്മുടെ കേരളത്തില്‍ ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. വളരെ മുമ്പ് ഈ ആരോപണം ശരിയാണ്. ഒരു സ്ഥാപനത്തിന്‍െറ താല്പര്യം നോക്കാതെ ഇടപെടുന്ന അവസ്ഥ ചില ട്രേഡ്യൂനിയനുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പക്ഷേ, ട്രേഡ്യൂനിയന്‍തന്നെ പൊതുവില്‍ അതിനെ കാണുകയും സ്വയംവിമര്‍ശപരമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ചിലേടങ്ങളില്‍ നിലനില്‍ക്കുന്നത് കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട അനഭിലഷണീയമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. അത് തിരുത്തിപോകേണ്ട കാര്യമേ ഉള്ളൂ. പക്ഷേ, അതിനെപ്പറ്റിയല്ല പറയുന്നത്. പറയുന്നത് മുഴുവന്‍ മറ്റേതിനെപ്പറ്റിയാണ്. സ്ഥാപനം വരാത്തതിനുകാരണം ട്രേഡ്യൂനിയന്‍ എന്ന മട്ടിലാണ്. അത് ശരിയല്ല. നമ്മുടെ കേരളത്തില്‍ അത് അത്രകണ്ട് ബാധകമല്ല. വലിയ കമ്പനികള്‍തന്നെ ഇവിടെ വന്ന് ഇവിടത്തെ പ്രവര്‍ത്തനങ്ങളൊക്കെ കണ്ട് പങ്കാളിത്തം വഹിച്ചപ്പോള്‍ നല്ല പ്രതികരണമാണ് ഉണ്ടായത്.
കേരളത്തിലും ബംഗാളിലുമെല്ലാം ശക്തമായി നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തുകൊണ്ടാണ് ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ വേരോട്ടമില്ലാതെയായിപോകുന്നത്? അതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l അതൊരു പ്രശ്നംതന്നെയാണ്. അതില്‍ ഈ അടുത്തകാലത്തായി അവിടങ്ങളിലൊക്കെ കൂടുതല്‍ ശക്തിയായി വന്നുകൊണ്ടിരിക്കുന്നത് ജാതീയതയാണ്. ആ ജാതിശക്തികള്‍ വലിയ തോതില്‍ ഇടപെടുന്ന അവസ്ഥ വരുന്നുണ്ട്. അതിന്‍െറ ഭാഗമായുള്ള ആക്രമണങ്ങളും വരുന്നുണ്ട്. ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലമായിപോവുകയും ചെയ്യുന്നുണ്ട്. ചിലേടങ്ങളില്‍ ഇടതുപക്ഷത്തിന്‍െറ സ്വാധീനമടക്കം കടന്നാക്രമിക്കുന്ന തരത്തില്‍ ജാതിശക്തികള്‍ വളര്‍ന്നിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളുണ്ട്. അത് എല്ലാം കണ്ടുകൊണ്ടുതന്നെയാണ് പുതിയ ചില കാര്യങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ ആലോചിച്ചിട്ടുള്ളത്. ആ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ബംഗാളിന്‍െറ തകര്‍ച്ച വലിയ വാര്‍ത്തയായി. അവിടെ വലിയൊരു പിന്നോട്ടുപോക്ക് ഉണ്ടായെന്നാണ് തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നത്. ആ സാഹചര്യത്തെ എങ്ങനെ കാണുന്നു?
l അങ്ങനെ വലിയൊരു തകര്‍ച്ചയൊന്നുമുണ്ടായിട്ടില്ല. ഉണ്ടായ പിന്നോട്ടുപോക്ക് നികത്താവുന്നതേയുള്ളൂ. 43 ശതമാനം വോട്ട് സമ്പാദിക്കാന്‍ അവിടെ കഴിഞ്ഞിട്ടുണ്ട്. അതുവെച്ചുകൊണ്ട് നല്ല ഇടപെടല്‍തന്നെയാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും മാത്രമല്ല, ഇപ്പോള്‍ കോണ്‍ഗ്രസിനെയും ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ ആക്രമണങ്ങളെ നേരിട്ടുകൊണ്ടുതന്നെ നല്ല ചെറുത്തുനില്പ് അവിടെ നടന്നുകൊണ്ടിരിക്കുന്നു. അവിടെ ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ആ ഭൂമി തിരിച്ചുപിടിക്കുകയാണ്. മുപ്പതു വര്‍ഷം മുമ്പ് ഭൂമി ലഭിച്ച ഒരാള്‍, മുപ്പത് വര്‍ഷം മുമ്പ് തങ്ങളുടെ ഭൂമി നിയമപ്രകാരം നഷ്ടപ്പെട്ടതാണ് എന്നുപറഞ്ഞ് അവകാശം ഉന്നയിക്കുന്നു, ട്രേഡ്യൂനിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നു പറഞ്ഞെല്ലാമാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഇങ്ങനെ വിവിധ രീതിയിലുള്ള ആക്രമണങ്ങള്‍ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടിക്ക് ഇതില്‍ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടോ?
l ബംഗാളിലുള്ള ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വയം വിമര്‍ശപരമായ പരിശോധന പാര്‍ട്ടിയും നടത്തി. ചില കാര്യങ്ങളില്‍ ഗവണ്‍മെന്റിന്‍െറ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചു എന്നുതന്നെയാണ് പാര്‍ട്ടി കാണുന്നത്. അത് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അത് വേണ്ടത്ര വേഗതയിലായിട്ടില്ല. അത് വീഴ്ചയായിട്ടുതന്നെ പാര്‍ട്ടി കാണുന്നു.
കേരളത്തിലെ പലേടങ്ങളിലും നടക്കുന്ന ചെറുസമരങ്ങള്‍, പരിസ്ഥിതിസമരങ്ങള്‍ ഇതിലെല്ലാം പാര്‍ട്ടി ഇടപെടാതെ മാറിനില്‍ക്കുന്ന ഒരു അവസ്ഥയുണ്ട്. ചിലപ്പോള്‍ ചിലേടങ്ങളില്‍ ശത്രുപക്ഷത്തും പാര്‍ട്ടിയെ കാണാറുണ്ട്. എന്താണ് ഈ പുതിയ പ്രവണതക്കുപിന്നില്‍?
l അതില്‍ ചില ഘടകങ്ങള്‍ ഉള്ളത് സാധാരണനിലക്ക് പിന്താങ്ങാന് പറ്റാത്ത ഘടകങ്ങള്‍ ഒത്തുവരുമ്പോഴാണ്. അതിന്‍െറ പ്രത്യേകമായിട്ടുള്ള സാഹചര്യം നോക്കിയിട്ടായിരിക്കും മാറിനില്‍ക്കുന്നത്. ചില കാര്യങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശന്ങ്ങളുണ്ട്. അതിനെ പിന്താങ്ങാന് പറ്റാത്ത അവസ്ഥ പാര്‍ട്ടിക്കും ഉണ്ടാകും. അതാണ് പ്രശ്നം.
അങ്ങനെവരുമ്പോള്‍ അടിസ്ഥാനവര്‍ഗം -ദലിതര്‍പോലുള്ള വിഭാഗം- പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്ന സ്ഥിതി ഉണ്ടാകില്ളേ?
l പരിസ്ഥിതി പ്രശ്നങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുതന്നെ ഉണ്ടല്ളോ. പരിസ്ഥിതി അപകടപ്പെടാന്‍ പാടില്ല എന്ന നിലപാടുതന്നെയാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍, കേവല പരിസ്ഥിതിവാദത്തില്‍ പാര്‍ട്ടി നില്ക്കുന്നില്ല.
ഭൂരിപക്ഷവര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമില്ളേ. ആ സാഹചര്യം കണക്കാക്കി പലരും പിന്നാക്കവിഭാഗങ്ങളെ അവയിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഏര്‍പ്പാട് നടക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി എന്താണ് ചെയ്യുന്നത്?
l പാര്‍ട്ടിയുടെ പ്രവര്‍ത്തനംതന്നെയാണ് ഇതിലൊക്കെയുള്ള പ്രതിരോധം. പാര്‍ട്ടിയുടെ പ്രവര്‍ത്തനമുണ്ട്, മറ്റ് ബഹുജനസംഘടനകളുടെ പ്രവര്‍ത്തനമുണ്ട്. ആ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടുവരുന്ന പ്രതിരോധമുണ്ട്. എന്നാല്‍, പലരെയും ആകര്‍ഷിക്കാന്‍വേണ്ടി നടത്തുന്ന പ്രവര്‍ത്തനശൈലിയുണ്ട്. അതിനെയെല്ലാം നേരിട്ടുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് വരുന്നത്. അതിന് പ്രത്യേകമായൊരു സ്കീം ഒന്നും ഇല്ല. സാധാരണഗതിയില്‍ പാര്‍ട്ടിയുടെ ധര്‍മം അതാണ്.
കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളെക്കുറിച്ച് കേരളം മുഴുവന്‍ പലതരം സംസാരമുണ്ട്. അവിടെ ആരെങ്കിലും ചെന്നാല്‍ ചോദ്യംചെയ്യല്‍ നടത്തുമെന്നും ഒരു പത്രം വാങ്ങുന്നതില്‍പോലും പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടെന്നും ഒക്കെ പറയുന്നു. ശരിക്കും കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ ഇങ്ങനെയാണോ?
l തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യമാണ് ഇത്. നമ്മുടെ പ്രദേശങ്ങളില്‍ ചില ഗ്രാമങ്ങള്‍ ചിലപ്പോള്‍ 90-95 ശതമാനം സി.പി.എമ്മുകാരായ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളാവാം. എത്രയോ കാലങ്ങളായി സി.പി.എം അല്ലാത്ത കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഒരു വിഷമവും അവര്‍ക്ക് ഉണ്ടായിട്ടില്ല. അവര്‍ വിഷമം ഉണ്ടായതായി പറയുന്നുമില്ല. പിന്നെ, കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ എടുത്താല്‍ ദേശാഭിമാനിയല്ലായിരുന്നു അവിടത്തെ ഏറ്റവും ഒന്നാമത്തെ പത്രം. പിന്നെ, പാര്‍ട്ടി വലിയ ശ്രമംനടത്തിയാണ് പല സ്ഥലങ്ങളിലും ദേശാഭിമാനിക്ക് മേല്‍ക്കൈ ഉണ്ടാക്കിയത്. എന്നാല്‍, നല്ലതുപോലെ മറ്റ് പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ ഉണ്ട്. ഇത് ബോധപൂര്‍വം അഴിച്ചുവിട്ട ഒരു പ്രചാരണം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ളത് തെറ്റാണ്. എല്ലാ പേരും പോയി വോട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ ഞാന്‍ വോട്ട് ചെയ്യാന്‍പോയപ്പോള്‍ യു.ഡി.എഫിന്‍െറ ഏജന്റിനെ കാണുന്നില്ല. ഞാന്‍ ചോദിച്ചു, അപ്പോള്‍ പറഞ്ഞു ഏജന്റ് ഇല്ല എന്ന്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ എവിടെന്നോ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. അതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും, അവര്‍ക്ക് പ്രവര്‍ത്തകരില്ലാത്തതിന്? അങ്ങനെയുള്ള സ്വാധീനത്തിന്‍െറ ഘടകങ്ങള്‍ അവിടെയുണ്ട്. അതിന്‍െറ ഭാഗമായിട്ടുള്ള എന്തെങ്കിലും അതിക്രമം ഉണ്ടായെങ്കിലേ ഉള്ളൂ.
അടുത്തിടെ സംസ്ഥാനത്ത് പ്രധാനപ്പെട്ട ചര്‍ച്ചയായിവന്ന ഒരു സംഭവമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി. പലതരം ചര്‍ച്ചകള്‍ നടത്തുന്നെങ്കിലും ആ നിധി എന്തുചെയ്യണം എന്നത് വ്യക്തമായിട്ടില്ല. ഇതിന് പാര്‍ട്ടിയുടെ അഭിപ്രായം എന്താണ്?
l ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്നുപറയുന്നത് യഥാര്‍ഥത്തില്‍ അത് ക്ഷേത്രം വകയുള്ളതുതന്നെയാണ്. ക്ഷേത്രത്തിന്‍െറ സ്വത്തായിതന്നെ നില്‍ക്കുകയാണ്. അതെങ്ങനെ വേണമെന്നുള്ള കാര്യം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കോടതി പരിശോധനയാണെങ്കില്‍ സുപ്രീംകോടതിയാണ് പരിശോധിക്കുന്നത്. സുപ്രീംകോടതിയുടെ നിലപാട് അതില്‍ പ്രധാനമാണ്. എങ്ങനെ അത് ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഒരു നിലപാടുകൂടി വന്ന് അഭിപ്രായം പറയുന്നതാണ് നല്ലത്.
കള്ളപ്പണത്തെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുകയാണ്. സ്വിസ് ബാങ്കില്‍തന്നെയുള്ള നിക്ഷേപത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുകയാണ്. എന്നാല്‍, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടും മന്‍മോഹന്‍സിങ് ആ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ളെന്ന് പറയുന്നു. അപ്പോള്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെയൊക്കെ സ്വാധീനം ഇതിന് പിന്നില്‍ ഉണ്ടെന്നല്ളേ കരുതേണ്ടത്?
l കള്ളപ്പണത്തിന്‍െറ കാര്യത്തില്‍ ഒരു കള്ളക്കളിയാണ് നടക്കുന്നത്. അത് ജര്‍മനി നമ്മുടെ രാജ്യത്തുനിന്ന് അവിടെ നിക്ഷേപിച്ച ആളുകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായി. സുപ്രീംകോടതി പരിശോധനയുടെ ഘട്ടത്തില്‍ ആ പേരുകള്‍ വെളിപ്പെടുത്തി. ജര്‍മനി കൊടുത്ത പേരുകള്‍ പുറത്തുവിടുന്നതിനെന്താ കുഴപ്പം. പക്ഷേ, ഇന്ത്യാ ഗവണ്മെന്റിന് പുറത്തുവിടാന്‍ എന്താണ് വിഷമം? സ്വിസ് ബാങ്കുകാര് സാധാരണ രഹസ്യം സൂക്ഷിക്കുന്നവരാണ്. പക്ഷേ, ചില ഗവണ്മെന്റുകള് അവരില്‍നിന്ന് പേരുകള്‍ വാങ്ങാറുണ്ട്.
ഇവിടെ സമീപനത്തിലാണ് വ്യത്യാസം. അതിനെ കള്ളപ്പണമായി കാണുന്നു. കോടതി ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴാണ് ചില മാറ്റമൊക്കെ ഉണ്ടായത്. ആദ്യം ഗവണ്മെന്റ് എടുത്ത സമീപനം അത് അവരുടെ പണം, ആവശ്യമായ നികുതി അടച്ചാല്‍ ഇത് അവരുടെ പണം ആകുമല്ളോ എന്നാണ്. വളരെ ലാഘവത്തോടെയാണ് അതിനെ സമീപിച്ചത്. യഥാര്‍ഥത്തില്‍ പ്രശ്നം ഈ കള്ളപ്പണത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ധാരാളം പണം ഉണ്ട് എന്നതുതന്നെയാണ്. അതുതന്നെയാണ് അതില്‍ സംശയിക്കേണ്ടത്. നമ്മുടെ രാജ്യത്തിലെ വിവിധ നിയമവിരുദ്ധ നടപടികള്‍ക്ക് കള്ളപ്പണം വല്ലാതെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പുരംഗത്തൊക്കെ. ഇതിലൊക്കെ ഭരണവിഭാഗത്തിന്‍െറ ഒരു സ്രോതസ്സാണ് കള്ളപ്പണം. ആ സ്രോതസ്സ് മുറിച്ചുമാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതാണ് ഈ കള്ളക്കളിക്ക് കാരണം. എന്നാല്‍, കടുത്ത വിമര്‍ശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇതിനെതിരായി വന്നിട്ടുണ്ട്. എന്നിട്ടും നാണംകെട്ട ആ നിലപാട് തുടരുന്നു എന്നതാണ് നമ്മള് കാണേണ്ടത്.
പലപ്പോഴും താങ്കള്‍ പറഞ്ഞുകേട്ടിട്ടുണ്ട് മുസ്ലിംകളുടെ അട്ടിപ്പേറവകാശം ലീഗിനില്ളെന്ന്. പക്ഷേ, ഇങ്ങനെയൊക്കെ പറയുമ്പോഴും ലീഗ് മലപ്പുറം ജില്ലയില്‍ വലിയ സ്വാധീനശക്തിയായി വളരുന്നു. സമ്പന്നരുടെ താല്പര്യമാണ് അവര്‍ സംരക്ഷിക്കുന്നതെന്നും കേള്‍ക്കുന്നു. എന്നിട്ടും സ്വാധീനം വര്‍ധിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. എന്താണ് ഇവര്‍ ശക്തിപ്രാപിക്കാന്‍ മുഖ്യകാരണം?
l മുസ്ലിം, ഒരു ന്യൂനപക്ഷ വിഭാഗം എന്ന നിലയില്‍ അതിലെ സംഘടനകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. ആ സംഘടനകളില്‍ ഒരു സംഘടന ലീഗിനോടൊപ്പം നേരത്തേതന്നെ ഉറച്ചുനില്‍ക്കുന്നു. പിന്നെ ലീഗ്നേതൃത്വത്തിന് ഒരു ആധ്യാത്മിക പരിവേഷംകൂടി ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ കക്ഷി എന്ന നിലയില്‍ ഒരു വിഭാഗവും എന്നാല്‍, മറ്റൊരു വശത്ത് പൂര്‍ണമായും ആധ്യാത്മികതയുടെ പരിവേഷവും ഉണ്ട്. സാധാരണ ആളുകള്‍, നമ്മുടെ സമൂഹത്തിന് നല്ല വിദ്യാഭ്യാസ പുരോഗതി ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ വളരെ പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളുണ്ട്.
ആ വിഭാഗങ്ങളിലാണ് ഈ ആധ്യാത്മിക പരിവേഷം ഒക്കെ നല്ലതുപോലെ സ്വാധീനിക്കപ്പെടുന്നത്. അപ്പോള്‍ അതിന്‍െറയൊരു ഭാഗം ലീഗിന് ഗുണകരമായി ഭവിക്കുന്നുണ്ട്. അത് ചൂഷണം ചെയ്യുകയാണ്. പിന്നാക്കാവസ്ഥ ചൂഷണം ചെയ്യുകയാണ്. എന്നാല്‍, ചില ഘട്ടങ്ങളില്‍ ലീഗ് നേതൃത്വത്തിന്‍െറ സമ്പന്ന വിഭാഗത്തോടൊപ്പംനില്‍ക്കുന്ന നിലപാടും താല്പര്യവുമൊക്കെ തിരിച്ചറിയാന്‍ ചില നടപടികളും സഹായിക്കുന്നുണ്ട്. അപ്പോള്‍, ആ ജനങ്ങള്‍ നേരേ എതിരായി നില്ക്കുന്നു. ചില ഘട്ടത്തില്‍ മുസ്ലിം ജനങ്ങളുടെ പൊതുവികാരത്തിന് എതിരായി ലീഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ഘട്ടങ്ങളിലാണ് കടുത്ത അകല്‍ച്ച ലീഗ് അനുയായികളില്‍നിന്നുതന്നെ ഉണ്ടായത്. പൊതുവെ നമ്മുടെ സംസ്ഥാനത്തുള്ള മുസ്ലിം ബഹുജനങ്ങളെ നോക്കിയാല്‍ കൂടുതല്‍ വികാരപരമായി പ്രതികരിക്കുന്നവരാണെന്ന് കാണാന്‍ സാധിക്കും. ഇത്തരം ഘട്ടങ്ങളില്‍ കടുത്ത വികാരത്തോടെ ലീഗിനെതിരായി അവര്‍ പ്രതികരിച്ചതായി കാണാന്‍ സാധിക്കും. ഈ വികാരപരത പല രീതിയിലും ദോഷം ചെയ്യാറുണ്ട്. ലീഗ് നേതൃത്വം സമര്‍ഥമായി അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, പഴയ ജനതയെ ബോധപൂര്‍വം മറക്കുന്നതിനുവേണ്ടിയുള്ള പ്രചാരവേലകള്‍ ചെയ്യുന്നു. പുതിയ ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ യഥാര്‍ഥ വസ്തുതകളില്‍നിന്ന് ആളുകളെ, അവരുടെ അണികളെതന്നെ, മുസ്ലിം ബഹുജനങ്ങളെ മറ്റ് രീതിയില്‍ ചിന്തിപ്പിക്കാവുന്ന വഴികള്‍തേടുന്ന ശ്രമമാണ് എല്ലാം. അതില്‍ ഒരു വിഭാഗം കുടുങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ട്. അതൊരു ഘടകംതന്നെയാണ്. എന്നാല്‍, സ്ഥായിയായി നില്‍ക്കാന്‍പോകുന്നില്ല. കാരണം, ലീഗ് നേതൃത്വം എപ്പോഴും അവരുടെ പഴയ നിലപാടുതന്നെ തുടര്‍ന്നുകൊണ്ടിരിക്കും. പ്രമാണിവിഭാഗത്തിനും സമ്പന്നവിഭാഗത്തിനും അടിയറവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അപ്പോള്‍, ആ വൈരുധ്യം നിലനില്‍ക്കുകയാണ്. മുസ്ലിം സംഘടനകളും എല്ലാ ഘട്ടത്തിലും ഈ ലീഗിനോടൊപ്പം നില്‍ക്കുന്നത് കാണാന്‍കഴിയും. ഇപ്പോള്‍ മിക്കവാറും സംഘടനകള്‍ ലീഗിനൊപ്പം നില്‍ക്കുന്നത് കാണാന്‍ സാധിക്കും. പക്ഷേ, വലിയ താമസം വേണ്ടിവരില്ല അവരുടെയൊക്കെ തീരുമാനം മാറിവരാന്‍.
ചില മാഗസിനുകള്‍ കൃത്യമായി സി.പി.എം നേതൃത്വത്തിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് പുറത്തുവരുന്നു. പാര്‍ട്ടിക്കെതിരായി വളരെ തീവ്രമായി ആക്രമണം അഴിച്ചുവിടുന്നുണ്ട്. അപ്പോഴും മാര്‍ക്സിസ്റ്റ് ആണെന്ന് ഉറച്ചുനില്‍ക്കുന്ന നിലപാടുള്ള ഇത്തരം മാഗസിനുകളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ്? പ്രത്യേകിച്ച് പരസ്യങ്ങള്‍ ഒന്നും കാര്യമായി ഇല്ലാത്ത ഇവയുടെ സാമ്പത്തിക നിലനില്പിനെപ്പറ്റി പാര്‍ട്ടി എങ്ങനെ വിലയിരുത്തുന്നു?
l അവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എനിക്കറിയാം. പക്ഷേ, ഞാനത് പറയില്ല. നല്ല സാമ്പത്തിക സ്രോതസ്സ് അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ നല്ല രീതിയില്‍ പുറത്തിറക്കുന്നത്. സ്രോതസ്സ് ഞാന്‍ പറയില്ല.
പണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാന്‍ സി.ഐ.എപോലുള്ളവയുടെ സാമ്പത്തികം ഒഴുകിയെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഫണ്ട് പാര്‍ട്ടിക്കെതിരായി മാധ്യമങ്ങളില്‍ വരുന്നുണ്ടോ?
l സി.പി.എം വിരുദ്ധ നിലപാടെടുക്കുന്നതിന് സാമ്പത്തിക സഹായം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ഒരു മാധ്യമം എന്ന നിലക്ക് മാധ്യമ ഉടമകളെ ആകെ സാമ്രാജ്യത്വം വിലയ്ക്കെടുക്കുന്നത് അത് ഇപ്പോഴത്തെകാലത്ത് എത്രകണ്ട് ഉണ്ടെന്ന് വിശദമായി പരിശോധിച്ചാലേ പറയാന്‍ കഴിയൂ. കേരളത്തില്‍ പ്രധാനപ്പെട്ട രണ്ട് മാധ്യമങ്ങളെ എടുത്താല്‍ ഒരു കൂട്ടര് സ്ഥായിയായി കമ്യൂണിസ്റ്റ് വിരോധമുള്ളവരാണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും കമ്യൂണിസ്റ്റ് വിരോധത്തിന് അവര്‍ക്ക് മാറ്റമില്ല. അതിലൂന്നിക്കൊണ്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. വേറൊരു പ്രധാനപ്പെട്ട മാധ്യമത്തിന് അവര്‍ക്കും ഞങ്ങളോട് പ്രത്യേക മമതയൊന്നും പണ്ടേ ഇല്ല. പക്ഷേ, ആദ്യം പറഞ്ഞതില്‍നിന്ന് കുറച്ച് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചുവരാറുണ്ടായിരുന്നത്. എന്നാല്‍, ചില രാഷ്ട്രീയ താല്പര്യങ്ങള് ഉയര്‍ന്നുവന്നപ്പോള്‍ അതിന്‍െറ തലപ്പത്തിരിക്കുന്ന ഉടമക്ക് ഞങ്ങളുടെ പാര്‍ട്ടികാര്യങ്ങളില്‍ കക്ഷിപിടിക്കാന്‍ താല്‍പര്യംവന്നു. അപ്പോള്‍, അദ്ദേഹത്തിന് പലതരത്തിലുള്ള കണക്കുകൂട്ടലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി എന്നത് ആകെ തകര്‍ന്നുപോകാന്‍ പോവുകയാണ്, ഞങ്ങള്‍ ചിലരൊക്കെ രാഷ്ട്രീയ രംഗത്തേ ഇല്ലാതാവും. ഇങ്ങനെയൊക്കെയുള്ള കണക്കുകൂട്ടലുകളോടെയാണ് കാര്യങ്ങള്‍ നീക്കിയത്. അതിന്‍െറയൊരു വീറും വാശിയും അത് സി.പി.എമ്മിനെതിരെയുള്ള പ്രയോഗമായിട്ടാണ് വന്നത്. സി.പി.എമ്മിനെ തകര്‍ക്കാന്‍ നോക്കുന്ന, കടുത്ത സി.പി.എം വിരോധത്തിലേക്കാണ് പോയത്. എവിടെ എത്തി എന്നുള്ളത് നമ്മുടെ എല്ലാം മുന്നിലുള്ള അനുഭവമാണ്. പക്ഷേ, സ്വീകരിക്കുന്ന നിലപാടുകള്‍ ഈ തരത്തിലുള്ളവയാണ്. ഇതിലൊരു സ്ഥാപനം എന്ന നിലക്ക് ഏതെങ്കിലും സ്ഥാപനത്തെ സാമ്രാജ്യത്വം സ്വാധീനിക്കുന്നു എന്നല്ല കാണേണ്ടത്, വ്യക്തികളെ സ്വാധീനിക്കുന്നു എന്നാണ്. അതില്‍ മാധ്യമരംഗത്തെ പ്രധാനികള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഉടമകള്‍ ഉണ്ടാകാം. അതൊക്കെ അപൂര്‍വമായിട്ടേ വെളിപ്പെട്ടുവരൂ. പക്ഷേ, അങ്ങനെ ശങ്കിക്കുന്നതില്‍ തെറ്റില്ല.
പണ്ടൊക്കെ പാര്‍ട്ടിയുടെ വളര്‍ച്ചയും പ്രചാരവും വര്‍ധിപ്പിക്കാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും ശ്രമിച്ചിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങളടക്കം പാര്‍ട്ടിയുടെ വളര്‍ച്ചക്ക് സഹായകമായി. സാഹിത്യകാരന്മാര് ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയോ?
l പൊതുവില്‍ നമ്മുടെ സാഹിത്യകാരന്മാര് പാര്‍ട്ടിവിരുദ്ധ നിലപാടെടുക്കുന്നു എന്നുപറയാന്‍ കഴിയില്ല. എന്നാല്‍, അവരില്‍ പലരും പ്രത്യേകിച്ച് പ്രധാനപ്പെട്ട ആളുകള്‍ നിഷ്പക്ഷരായി കാര്യങ്ങള്‍ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, തെറ്റിനെതിരെ പ്രതികരിക്കാന്‍ അവര്‍ എപ്പോഴും തയാറാണ്. അങ്ങനെ നോക്കിയാല്‍ ഇടതുപക്ഷത്തോടൊപ്പം പല കാര്യങ്ങളിലും ഒന്നായി നില്ക്കുന്നതായി കാണാന്‍ കഴിയും. പണ്ടത്തെ ആ ഗണത്തില്‍പെട്ട ആളുകള്‍ പൂര്‍ണമായി ഞങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകനെപോലെ നില്‍ക്കണം എന്ന് ഞങ്ങളും ആഗ്രഹിക്കുന്നില്ല. അവര്‍ അവരുടേതായ സ്വതന്ത്രമായ നിലയില്‍ നില്‍ക്കുകയാണ്. എന്നാല്‍, പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ സ്വതന്ത്രനിലയില്‍നിന്നുകൊണ്ടുതന്നെയാണ് പ്രതികരിക്കുന്നത്. ചില കാര്യങ്ങളില്‍ ഞങ്ങളെയും വിമര്‍ശിക്കും. അത് ഞങ്ങള്‍ ഈര്‍ഷ്യയോടെ കാണുന്ന കാര്യമല്ല. എന്താണ് ആ പ്രശ്നത്തിന് കാരണം എന്ന് ആത്മപരിശോധന നടത്തുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. എന്നാല്‍, ഒരു സെറ്റ് രാഷ്ട്രീയമായിട്ടുതന്നെ ഞങ്ങളെ എതിര്‍ക്കുന്ന എഴുത്തുകാരും സാഹിത്യകാരന്മാരും ഉണ്ട്. അവര്‍ വളരെ ചുരുക്കമാണ്. മേല്പറഞ്ഞ ഗണമാണ് കൂടുതല്‍. അങ്ങനെയൊരു പരിശോധന നടത്തിയാല്‍ കേരളത്തിലെ എഴുത്തുകാരും സാഹിത്യകാരന്മാരും ഞങ്ങളില്‍നിന്ന് അകന്നുപോയി എന്നു പറയാനാകില്ല. ഞങ്ങള്‍ ഇപ്പോള്‍ അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. പിന്നെ, പഴയകാല കമ്യൂണിസ്റ്റുകളുടെ കൂട്ടത്തില്‍ തോപ്പില്‍ ഭാസിയെപോലെയോ ഒ.എന്‍.വിയെപോലെയോ അറിയപ്പെടുന്ന ആള്‍ക്കാരുണ്ടായിരുന്നു. ആ ഒരു ഗണത്തിലുള്ള ആളുകള്‍ ഇപ്പോള്‍ ഇല്ല എന്നതാണ് കാര്യം. എന്തെങ്കിലും തരത്തിലുള്ള അകല്‍ച്ച ഉണ്ടായി എന്നു പറയാനാകില്ല.
സാധാരണക്കാരനെ ബാധിക്കുന്ന ചില പ്രശ്നങ്ങളില്‍ പാര്‍ട്ടി അടുത്തകാലത്തായി സ്വീകരിച്ച ചില നിലപാടുകള്‍ വ്യക്തതയില്ലാത്തതായി കാണപ്പെട്ടു. ഉദാഹരണത്തിന് ലോട്ടറി കേസ്. ഇതില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടുകളില്‍ വൈരുധ്യം തോന്നിയിരുന്നു. പൊതുവെ പറഞ്ഞാല്‍ അവ്യക്തമായിരുന്നു കാര്യങ്ങള്‍. എന്താണ് പാര്‍ട്ടിയുടെ അഭിപ്രായം?
l ലോട്ടറി കേസ് ഇപ്പോള്‍ ഒരു പ്രശ്നമായി നിലനില്‍ക്കുന്നില്ലല്ളോ. അത് അക്കാലത്ത് ഉണ്ടായ ഒന്നാണ്. അക്കാലത്ത് ഉണ്ടായ പ്രശ്നം എന്നുപറയുമ്പോള്‍ യഥാര്‍ഥത്തില്‍ സംസ്ഥാന ഗവണ്മെന്റിന് കാര്യമായി ഒന്നും ചെയ്യാനില്ല. കാര്യങ്ങള്‍ ചെയ്യേണ്ടത് കേന്ദ്ര ഗവണ്മെന്റാണ്.
കേന്ദ്ര ഗവണ്മെന്റ് ചെയ്യാന്‍ അവരുടേതായ താല്പര്യങ്ങള്വെച്ച് അറച്ചുനില്ക്കുന്നു. അവര്‍ പാസാക്കിയിട്ടുള്ള നിയമംവെച്ചുകൊണ്ടുതന്നെ നടപടികളെടുക്കാന്‍ കേന്ദ്രഗവണ്മെന്റിനു മാത്രമേ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്മെന്റിന് ഒരു തപാല്‍ക്കാരന്‍െറ പണി മാത്രമേയുള്ളൂ, അറിയിക്കാം, അങ്ങോട്ട് നിവേദനം കൊടുക്കാം, പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാം. അതിനപ്പുറം ഒരു കാര്യവും സംസ്ഥാന ഗവണ്മെന്റിന് ചെയ്യാനാകില്ല. ഇവിടെ ഉണ്ടായ പ്രശ്നം എന്താ? സംസ്ഥാന ഗവണ്മെന്റിന് എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ അധികാരം ഉണ്ടെന്ന ധാരണയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ആ ധാരണ ശരിയായിരുന്നില്ല. സംസ്ഥാന ഗവണ്മെന്റിന് എല്ലാ അധികാരവും ഉണ്ടായിരുന്നില്ല. കേന്ദ്ര ഗവണ്മെന്റാണ് നടപടി എടുക്കേണ്ടത്. കേന്ദ്ര ഗവണ്മെന്റിനോട് എല്ലാ ഘട്ടത്തിലും ഈ പ്രശ്നങ്ങള്‍ സംസ്ഥാനം ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിയെടുക്കാന്‍ അവസാനംവരെയും അവര്‍ തയാറായിട്ടില്ല. അതാണ് ഉണ്ടായത്.
മലയാളത്തില്‍ ചാനല്‍ യുദ്ധം തുടങ്ങിയ ഒരു കാലത്താണ് വേറിട്ടൊരു ചാനല്‍ എന്ന ആശയവുമായി കൈരളി രംഗപ്രവേശം നടത്തുന്നത്. എന്നാല്‍, അത് വളര്‍ന്നുവന്നതോടെ മറ്റ് ചാനലുകളുടെ നിലവാരത്തിലേക്കുതന്നെയാണ് പോയത്. അങ്ങനെയുള്ള സാധാരണ ഒരു ചാനലാണോ പാര്‍ട്ടി സ്വപ്നം കണ്ടത്? ജനങ്ങള്‍ പ്രതീക്ഷിച്ച ഒരു ചാനലായി മാറാന്‍ കൈരളിക്കെന്താണ് കഴിയാത്തത്?
l കൈരളിയുടെ പ്രശ്നം അവരോടുതന്നെ ചോദിക്കേണ്ടതാണ്. എല്ലാ കാര്യവും എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ, അതിനകത്തുള്ള ഒരു കാര്യം നമ്മുടെ സമൂഹത്തിലുള്ള ചാനലുകള്‍ കൃത്യമായ നിലപാടുകള്‍വെച്ചുകൊണ്ട് പോകുന്നവയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ്. അത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ മതനിരപേക്ഷതയില്‍ നിലനില്ക്കാന് കൈരളിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. എന്നാല്‍, മറ്റ് പല ചാനലുകളും വല്ലാതെ ചാഞ്ചാടുന്നു. ചാഞ്ചാടുക മാത്രമല്ല, ചിലപ്പോള്‍ ഒരു ഭാഗത്ത് ശക്തമായി നില്ക്കാന് ശ്രമിക്കുകയും ചെയ്യും. അത് പലപ്പോഴും ന്യൂനപക്ഷവിരുദ്ധമായി വരുകയും ചെയ്യും. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന നിലപാടാണ് മറ്റ് ചാനലുകള്‍ പലപ്പോഴും സ്വീകരിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് ചെയ്തികള്‍. എന്നാല്‍, അത്തരം നിലപാടുകളൊന്നും കൈരളി സ്വീകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ, മറ്റ് പരിപാടികളുടെ കാര്യത്തില്‍ നോക്കിയാല്‍ അവര്‍ക്കും നിന്നുപോകണ്ടേ? പിഴച്ചുപോകാന്‍ വേണ്ടിയുള്ള അടവുകള്‍ അവരും എടുക്കുന്നുണ്ടാവും. ആ നിലക്കേ അതിനെ കാണേണ്ടതുള്ളൂ.
ഒരു ചാനലില്‍നിന്ന് ഒരാള്‍ മറ്റൊന്നിലേക്ക് പോകുന്നതും പത്രങ്ങളില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ മറ്റ് പത്രങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പോകുന്നതും സാധാരണയാണ്. എന്നാല്‍, കൈരളിയുടെ തലപ്പത്തുനിന്ന് അതിന്‍െറ പ്രധാനിയായ ജോണ്‍ ബ്രിട്ടാസ് പോകുന്നു. ഒപ്പം ചെന്നുചേര്‍ന്നത് മാധ്യമഭീമന് മര്‍ഡോക്കിന്‍െറ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റില്‍. ഇത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നോ? ഇതിനെ എങ്ങനെ കാണുന്നു?
l അതിലിപ്പോള്‍ ബ്രിട്ടാസ് സാധാരണനിലക്ക് നല്ളൊരു മാധ്യമപ്രവര്‍ത്തകനാണ്. അപ്പോള്‍ അദ്ദേഹത്തിന് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് തെളിയിക്കാന്‍ നാഷനല്‍ നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കണം എന്ന ഒരാഗ്രഹമുണ്ടായിരുന്നു. നേരത്തേ, കുറച്ച് മുമ്പുതന്നെ, ബി.ബി.സിയില്‍നിന്നൊരു ഓഫര്‍ ഉണ്ടായിരുന്നു. അപ്പോള്‍ കൈരളി മെച്ചപ്പെടുത്താന്‍വേണ്ടി കൈരളിയുടെ ഈ ഉത്തരവാദിത്തം എടുത്ത് ബ്രിട്ടാസ് പ്രവര്‍ത്തിക്കുന്ന സമയമാണ്. കൈരളിയുമായി ബന്ധപ്പെട്ടവര്‍ അപ്പോള്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു. അങ്ങനെയത് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴദ്ദേഹം ഒരു നാഷനല്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെടാനുള്ള സൗകര്യം ആവശ്യപ്പെട്ടു. അത് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് നേടുന്നതിനുവേണ്ടിയാണ്. സ്ഥായിയായി കൈരളി വിട്ടുപോകുന്നില്ല. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ തയാറാണ് എന്ന നിലക്കാണ്. കുറച്ചുനാള്‍ ഇത്തരമൊരു നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും എന്ന നിലപാടാണ് കൈരളിയുമായി അദ്ദേഹം പറഞ്ഞത്. അങ്ങനെ പോകുമ്പോള്‍ ഈ ഏഷ്യാനെറ്റിലേക്കാണ് പോകുന്നത് എന്ന ധാരണ ഞങ്ങള്‍ക്കാര്‍ക്കുമില്ല. അദ്ദേഹം സംസാരിക്കുന്ന കൂട്ടത്തില്‍ ഏഷ്യാനെറ്റിലേക്ക് പോകുന്നു എന്ന് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ഏഷ്യാനെറ്റ് കേരളത്തില്‍ ആദ്യം വന്ന ഒരു ചാനലാണ്. ഇന്നിപ്പോള്‍ സ്ഥാനംനോക്കിയാല്‍ നമ്മുടെ സംസ്ഥാനത്ത് കൈരളി, ഏഷ്യാനെറ്റ് എന്ന രീതിയിലാണ് മത്സരം ഇല്ളെങ്കിലും ഒരു മത്സരമുള്ളത്. അങ്ങനെയാണല്ളോ ചാനലുകള്‍ തമ്മില്‍, ഒരു ആരോഗ്യകരമായ മത്സരമൊക്കെ ഉണ്ടാകുമല്ളോ. അപ്പോള്‍, കൈരളിയുടെ തലപ്പത്തിരുന്ന ഒരാള്‍ ഇവിടെ ഏഷ്യാനെറ്റിന്‍െറ ഭാഗമായി കാണുമ്പോള്‍ സ്വാഭാവികമായും കൈരളിയിലിരിക്കുന്നവര്‍ക്കെല്ലാം വല്ലാത്ത ഒരു വിഷമബോധം ഉണ്ടാകും. കാരണം, അത് പാടില്ലാത്തതായിരുന്നല്ളോ. എന്താണ് അങ്ങനെ വന്നത് എന്നുള്ള ചിന്തയുണ്ടായി. നാഷനല്‍ നെറ്റ്വര്ക്കിന്െറ ഭാഗമായി പോകുന്നു എന്നുപറഞ്ഞ് ഇവിടത്തെ ഏഷ്യാനെറ്റില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നത് പിന്നെ ആലോചിക്കാനും ചര്‍ച്ചചെയ്യാനും കഴിഞ്ഞിട്ടുമില്ല. അതാണ് അതിലുള്ള അവസ്ഥ.
താങ്കള്‍ പൊതുവെ ഒരു കാര്‍ക്കശ്യക്കാരനാണെന്ന് പറയാറുണ്ട്. സത്യത്തില്‍ പിണറായി വിജയന് ഒരു ഗൗരവക്കാരനാണോ?
l എനിക്ക് പൊതുവെ അങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ പ്രവര്‍ത്തനത്തിന്‍െറ നിലവെച്ചാല്‍ ചിലപ്പോള്‍ ഗൗരവമൊക്കെ ഉണ്ടാകും. അത്രതന്നെ. സദാ ഗൗരവക്കാരനല്ല.
പൂര്‍ണമായും രാഷ്ട്രീയം ജീവിതത്തിലെടുത്ത ഒരാളാണല്ളോ. പൊളിറ്റിക്സിനപ്പുറം സൗഹൃദങ്ങള്‍, സിനിമ എന്നിവയിലൊക്കെ താങ്കളുടെ നിലപാടെന്താണ്?
l ആരെങ്കിലുമൊക്കെ ചേരുമ്പോള്‍ സിനിമകാണേണ്ട സാഹചര്യം വന്നാല്‍ സിനിമ കാണും. സിനിമ കാണില്ല, മറ്റ് വിനോദമൊന്നുമില്ല എന്നുള്ള നിലപാടൊന്നും എനിക്കില്ല. രാഷ്ട്രീയത്തിനപ്പുറം എനിക്ക് നല്ല സൗഹൃദം ഉണ്ട്. കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍പെട്ടതുമായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നെയൊരു ശത്രുവായിട്ട് അവര്‍ കണ്ടിട്ടില്ല. മറിച്ച് ഞാന്‍ അവരെയും കണ്ടിട്ടില്ല. രാഷ്ട്രീയമായിട്ട് വ്യത്യാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതൊന്നും വ്യക്തിപരമായ വൈരാഗ്യമായി കാണാനാകില്ല.
നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പോരാട്ടങ്ങള്‍, പിടിച്ചടക്കലുകള്‍, നഷ്ടങ്ങള്‍, നേട്ടങ്ങള്‍ ഒക്കെയുണ്ടായി. സഖാവ് സംതൃപ്തനാണോ?
l എന്‍െറ രാഷ്ട്രീയജീവിതത്തില്‍ പൂര്‍ണമായും സംതൃപ്തനാണ് ഞാന്‍. എന്‍െറയൊക്കെ കാര്യമെടുത്താല്‍ തനി നാട്ടിന്‍പുറത്ത്, വളരെ ഇടത്തരത്തില്‍ താഴെയുള്ള കുടുംബത്തില്‍ ജനിച്ചൊരാളാണ്്. വലിയ മറ്റ് പശ്ചാത്തലങ്ങളൊന്നുമില്ല. ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്കൊക്കെ നല്ല പശ്ചാത്തലങ്ങളുണ്ട്. അങ്ങനെയൊന്നുമില്ലാതെ, പഠിക്കുന്ന സമയത്ത് സംശയം ചോദിക്കാനാളില്ലാതെയൊക്കെയുള്ള ചുറ്റുപാടിലാണ് പഠിച്ചുവന്നത്. അവിടന്ന് വന്നിട്ടുള്ള ഓരോ ഘട്ടവും നോക്കിയാല്‍ ഞാന്‍ ചിന്തിക്കുന്നതിനപ്പുറമുള്ള, എനിക്ക് സാധാരണഗതിയില്‍ ആകാവുന്നതിലും അപ്പുറത്തുള്ള സ്ഥാനങ്ങളാണ് പാര്‍ട്ടി എപ്പോഴും തന്നുകൊണ്ടിരുന്നത്. ഒരുതരത്തിലുമുള്ള അസംതൃപ്തിയുടെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. പിന്നെ, രാഷ്ട്രീയം എന്നത് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പറയുമ്പോള്‍ അത് ശരിയായിട്ട് വരുമോ എന്നറിയില്ല. കമ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തനം ആരംഭിക്കുക എന്നുപറയുമ്പോള്‍ സാധാരണ പറയുന്നത് കമ്യൂണിസ്റ്റുകാരന്‍െറ ജീവിതം മൂന്നിടത്ത് പരീക്ഷിക്കപ്പെടും എന്നാണ്. ഒന്ന് പൊലീസ് ലോക്കപ്പില്‍, മറ്റൊന്ന് ജയിലില്‍, പിന്നെ ഗുണ്ടകളുടെ മുന്നില്‍. അപ്പോള്‍ ഏത് നിമിഷവും ജീവന് കവര്‍ന്നേക്കാം എന്ന സാഹചര്യം നേരിടാം എന്ന തീരുമാനത്തോടെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. അതുകൊണ്ട്, ഒരു സ്ഥാനമാനവും ചിന്തിക്കുന്നില്ല. ഞാനൊക്കെ പ്രവര്‍ത്തിക്കാന്‍ വന്നത് അത്തരമൊരു മനോഭാവത്തോടെയാണ്. വലിയ മാറ്റം ഇപ്പോഴും വന്നിട്ടില്ല. അതുകൊണ്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതരത്തിലുള്ള വിഷമം എനിക്കില്ലാത്തത്.
താങ്കളില്‍നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് താല്പര്യമുള്ള ഒരു കാര്യമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേട്ട സഖാവ് വി.എസ്. അച്യുതാനന്ദന്‍െറ പ്രഭാവവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. അവിടെയൊക്കെ ചര്‍ച്ചയായ ഒന്നാണ് വി.എസ് ഇഫക്ട് എന്നത്. ശരിക്കുപറഞ്ഞാല്‍ വി.എസ് ഇഫക്ട് എന്നുപറയുന്ന ഒരു സംഭവം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടോ?
l ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരാളെയും പാര്‍ട്ടിയില്‍നിന്ന് അടര്‍ത്തിവെക്കേണ്ടതായിട്ടില്ല. പാര്‍ട്ടിയുടെ ഭാഗമാണ് എല്ലാ പേരും. പാര്‍ട്ടിയുടെ സ്വത്താണ്. അതാണ് ഏതൊരാളുടെയും നില. കേരളത്തില്‍ ഓരോ ഘട്ടത്തിലും നമ്മള് പരിശോധിച്ചാല്‍ വലിയ തോതില്‍ ജനവിഭാഗങ്ങളെ ആകര്‍ഷിച്ച നേതാക്കള്‍ ഉണ്ട്. അവരെയൊന്നും ഒരു കാലത്തും പാര്‍ട്ടിയില്‍നിന്ന് അറുത്തുമാറ്റി രണ്ടും രണ്ടാണെന്ന നിലയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. അവര്‍ പാര്‍ട്ടിയുടെ ഭാഗമാണ്. അത് ഓരോ ഘട്ടത്തിലും ഉണ്ടാകും. അതിനെ ആ തരത്തിലേ കാണേണ്ടതുള്ളൂ. എ.കെ.ജി ഒക്കെ ജീവിച്ചിരിക്കുന്ന ഘട്ടത്തില്‍, അന്ന് പത്തുമണി എന്നൊരു നിബന്ധനയില്ല. പ്രചാരണം പത്തുമണിക്ക് അവസാനിക്കണമെന്നില്ല. 12, 12.30, ഒരു മണിയൊക്കെ ആയാലും ഈ ആളുകളൊക്കെ ഇരിക്കും. ചിലപ്പോള്‍ മരംകോച്ചുന്ന തണുപ്പായിരിക്കും. അവിടെ ഇരിക്കുകയായിരിക്കും ആളുകള്‍. അപ്പോള്‍ എത്തിപ്പോയി, എത്തിപ്പോയി എന്നിങ്ങനെ ഇടക്ക് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ വന്ന് പ്രസംഗിച്ച്, കണ്ട്, സംസാരിച്ചുപോകുന്ന ഒരവസ്ഥയായിരുന്നു എ.കെ.ജി, ഇ.എം.എസ്, നായനാര്‍. അതിന്‍െറ തുടര്‍ച്ചയായി ഇതിനെ കണ്ടാല്‍ മതി.
Thursday, September 1, 2011
യുഗാന്ത്യം
-സ്വന്തം ലേഖകന്‍

ഏതര്‍ഥത്തിലും ഒരു യുഗം അവസാനിക്കുകയാണ്. സമാനതകളില്ലാത്ത ഒന്നിന്റെ അന്ത്യം. ആപ്പിള്‍ മേധാവിപദം സ്റ്റീവ് ജോബ്സ് ഒഴിയുമ്പോള്‍ അതിനെ മറ്റൊരു തരത്തില്‍ വിശേഷിപ്പിക്കാനാവില്ല. ടിം കുക്കിനെ തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചുകൊണ്ടാണ് സ്റ്റീവ് ജോബ്സ് രാജിക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.
സ്റ്റീവ് ജോബ്സിനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ പടിയിറക്കമാണിത്. ഇത്തവണ പക്ഷേ, ആരോഗ്യപരമായ കാരണങ്ങളാലാണെന്ന് മാത്രം. 1976 ല്‍ താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച ആപ്പിളില്‍ നിന്ന് പുറത്തുപോയ അദ്ദേഹം, 1997 ലാണ് വീണ്ടും കമ്പനിയില്‍ തിരിച്ചെത്തുന്നത്.
തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്ന കമ്പനിയെ കൈപിടിച്ചുയര്‍ത്തുക മാത്രമല്ല, ഐപോഡ്, ഐഫോണ്‍ മുതലായ ഗാഡ്ജറ്റുകള്‍ അവതരിപ്പിക്കുക വഴി വിനോദവ്യവസായത്തിന്റെയും ടെക് ലോകത്തിന്റെയും ആശയവിനിമയത്തിന്റെയും അടിത്തറ തന്നെ സ്റ്റീബ് ജോബ്സും ആപ്പിളും പുനര്‍നിര്‍ണയിച്ചു.
1980 കളില്‍ പേഴ്സണല്‍ കമ്പ്യൂട്ടിങിന്റെ തുടക്കം ആപ്പിളില്‍ നിന്നായിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടങിന്റെ പുത്തന്‍ യുഗം കഴിഞ്ഞ വര്‍ഷം ഉത്ഘാടനം ചെയ്തതും സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ തന്നെയാണ്-ഐപാഡ് എന്ന ടാബ്ലറ്റ് കമ്പ്യൂട്ടറിലൂടെ.
ആപ്പിളിന്റെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് സ്റ്റീവ് ജോബ്സിന്റെ രാജി. ആപ്പിള്‍ ഓഹരികള്‍ക്ക് സംഭവിച്ച വന്‍ ഇടിവ്, സ്റ്റീവ് ജോബ്സ് എന്ന മനുഷ്യന്റെ വിപണിയിലെ വിശ്വാസ്യത എത്രയായിരുന്നു എന്നതിന്റെ സൂചനയാകുന്നു.
ഈ അവസരത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് സ്റ്റീവ് ജോബ്സ് മുമ്പൊരിക്കല്‍ സംസാരിച്ചത് ഇവിടെ പുനപ്രസിദ്ധീകരിക്കുകയാണ്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് അദ്ദേഹം സംസാരിച്ചതാണിത്........
സ്വന്തം ജീവിതം സ്വയം ജീവിക്കുക
''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു. സത്യത്തില്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തവനല്ല ഞാന്‍. നിങ്ങളോട് എന്റെ ജീവിതത്തിലെ മൂന്നു കഥകള്‍ പറയാം. അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് പറയാം.
ഞാന്‍ പഠിച്ച റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് ഞാന്‍ ജനിക്കും മുമ്പുള്ള കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് അവിവാഹിതയായ എന്റെ അമ്മ ഗര്‍ഭിണിയായത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും തന്നെ വേണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ എന്നെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നപ്പോള്‍ വേണ്ടത് പെണ്‍കുട്ടിയാണന്ന് പറഞ്ഞ് അവര്‍ പിന്മാറി. വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത ഭര്‍ത്താവ് സ്കൂള്‍ വിദ്യാഭ്യാസം പോലും തികച്ചിട്ടില്ലെന്നും ഭാര്യ ബിരുദമെടുത്തിട്ടില്ലെന്നും പിന്നീടാണ് അമ്മ അറിഞ്ഞത്. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് അമ്മ എന്നെ കൈമാറിയത്.
ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷം കഴിഞ്ഞ് ഞാന്‍ കോളേജില്‍ പോവുക തന്നെ ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് പോലെ ചെലവേറിയതായിരുന്നു റീഡ് കോളേജും. പാവങ്ങളായ മാതാപിതാക്കള്‍ സ്വന്തം വരുമാനം മുഴുവനും എന്റെ പഠിപ്പിന് ചെലവിടുകയായിരുന്നു. ആറ് മാസത്തിനകം എനിക്ക് കഥയില്ലായ്മ ബോധ്യമായി. ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. കോളേജ് വിദ്യാഭ്യാസം ഒരു വഴി തരുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ് ഉപേക്ഷിക്കുകയാണെന്ന് എനിക്ക് തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് മനസ്സിലായി.
ഉറങ്ങാന്‍ മുറിയില്ലാത്തതിനാല്‍ കൂട്ടുകാരുടെ റൂമിലെ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല് കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണ അമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. ആ അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് (കാലിഗ്രാഫി) പരിശീലിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്. രാജ്യത്തെത്തന്നെ ഏറ്റവും മികച്ച കാലിഗ്രാഫി ഇന്സ്റ്റ്യൂട്ടുകളിലൊന്നായിരുന്നു അത്. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രഫിക്ലാസ്സില്‍ ചേര്‍ന്നു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടര്‍ രൂപകല്പന ചെയ്യുമ്പോള്‍ ആ പഠിച്ചതൊക്കെ എനിക്ക് പ്രയോജനമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.
ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.
ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്. ഞാന്‍ ഭാഗ്യവാനായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തിലേ അവസരം കിട്ടി. ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള, 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയാക്കി. എനിക്ക് 29 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ വമ്പന്‍ കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പിരിച്ചുവിടുക?
ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്നമൊന്നുമുണ്ടായില്ല. പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.
അങ്ങനെ മുപ്പതാം വയസ്സില്‍ ഉണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് അപകര്‍ഷത തോന്നി. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.
പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.
ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്റ്റോറി' പിക്സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.
നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്നേഹിക്കണം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.
എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.
എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'
കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്: 'ഇന്ന് എന്റെ അന്ത്യമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഒരു കൊല്ലം മുമ്പ് എനിക്ക് ക്യാന്‍സറുണ്ടെന്ന് കണ്ടെത്തി. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ല, ഡോക്ടര്‍ പറഞ്ഞു. ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ. എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കിയ ശേഷം തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളു, എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്ന്. ഒരു തരം വിടവാങ്ങല്‍ തന്നെ. ഒരു ദിവസം മുഴുവന്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.
വെകുന്നേരം എന്നെ ബയോപ്സിക്ക് കൊണ്ടു പോയി. എന്‍ഡോസ്ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ട്. കോശങ്ങള്‍ മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ഭേദപ്പെടുത്താവുന്ന അപൂര്‍വ്വം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്. എന്റെ ഓപ്പറേഷന് നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്പമാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയും.
ആരും മരിക്കാന്‍ മോഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍ പോലും പെട്ടെന്ന് മരിക്കാന്‍ ഇഷ്ടപ്പെടില്ല. എന്നാലും മരണം നമ്മുടെ എല്ലാം അന്തിമവിധിയാണ്. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ നിങ്ങളാണ് പുതിയത്. എന്നാല്‍ അല്പ കാലം കൊണ്ട് നിങ്ങള്‍ തന്നെ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്പം നാടകീയമായി അതില്‍ ഖേദിക്കുന്നു. എന്ന് വെച്ച് അത് സത്യമല്ലാതാവില്ല.
സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. ആ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.
ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന് ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നു അത്. കംപ്യൂട്ടറും ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960 കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.
സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970 ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശന്നിരിക്കുക. വിഡ്ഢിയായിരിക്കുക.(Stay Hungry. Stay Foolish..)
അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.
ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''
പേജിലേക്ക്
Subscribe to:
Posts (Atom)