വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതം പഠിക്കാനായി നിയോഗിച്ച സമിതിയിലെ അംഗമായിരുന്നു മായി. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സമിതി എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സമിതി റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ അനുകൂലമാകുകയും വര്‍ഷങ്ങളായുള്ള ഈ കീടനാശിനിയുടെ ഉപയോഗം കാസര്‍കോട്ടെ ജനങ്ങളെ ദുരന്തത്തിലേയ്ക്ക് നയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പുതിയ പഠന സമിതിയില്‍ മായിയെ ഉള്‍പ്പെടുത്തരുതെന്ന് സംസ്ഥാനത്തുനിന്നും ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. സമിതിയില്‍ മായിയെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് എത്തി. എന്നാല്‍ ഈ എതിര്‍പ്പുളെല്ലാം അവഗണിച്ചുകൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രാലയം പുതിയ പഠന സമിതിയുടെ അധ്യക്ഷനായി മായിയെ നിയോഗിച്ചത്.
അഗ്രികള്‍ച്ചര്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് സി ഡി മായി. പുതിയ സമിതി അധ്യക്ഷനായി നിയോഗിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചതായും എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍മൂലം പദവി സ്വീകരിക്കണമോ എന്നകാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്നലെ കേന്ദ്ര കൃഷിമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ശേഷമേ അഭിപ്രായം പറയാന്‍ കഴിയൂ. പതോളജിസ്റ്റ് ആയതിനാല്‍ തന്റെ വിലയിരുത്തലുകള്‍ ശരിയാകുമെന്ന് ഉറപ്പില്ല. സമിതിക്കല്ല മറിച്ച് ഇത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കേന്ദ്രകൃഷിമന്ത്രാലയവും കേന്ദ്ര രാസവള മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനി നിര്‍മാണ കമ്പനികളാണ്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്ന് മുറവിളി സംസ്ഥാനത്ത ശക്തമായി തുടരുന്നതിനിടെയാണ് എന്‍ഡോസള്‍ഫാന്റെ നിര്‍മാതാക്കളായ എക്‌സല്‍ ക്രോപ് കെയര്‍, കൊറമാണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൃഷിമന്ത്രാലയത്തിന്റെ ത്രിദിന സെമിനാര്‍ നടക്കുന്നത്.
മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം മുപ്പത് സ്വകാര്യ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധന ആവശ്യത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണിത് വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കപ്പുറം സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് പരിപാടി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. സെമിനാറില്‍ 'കീടനാശിനി മിഥ്യയും യാഥാര്‍ഥ്യവും പരിഹാര നടപടികളും' എന്ന വിഷയത്തില്‍ നടന്ന പ്രത്യേക ചര്‍ച്ച നയിച്ചത് എക്‌സല്‍ ക്രോപ് കെയര്‍ പ്രതിനിധി കെ ധുരിയാണ്.
(റെജി കുര്യന്‍)
കേന്ദ്രതീരുമാനം അപലപനീയം: മുഖ്യമന്ത്രി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനുപകരം വീണ്ടും പരിശോധനാ സമിതിയെ നിയോഗിക്കാനുള്ള തീരുമാനം അപലപനീയമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രകൃതിയെയും നശിപ്പിക്കുന്ന മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടും ഇന്ത്യ അതിന്റെ വക്താക്കളാകുകയാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന കുത്തകകളുടെ ആശ്രിതരും ഒത്താശക്കാരുമായി കേന്ദ്ര ഗവണ്‍മെന്റും മറ്റ് ബന്ധപ്പെട്ടവരും മാറിയിരിക്കുകയാണ്.
കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലെ 500ഓളം പേര്‍ നരകിച്ച് മരിക്കാനിടയാക്കിയ കൊലയാളിയാണ് എന്‍ഡോസള്‍ഫാന്‍. ഇപ്പോഴും മരണം തുടരുന്നു. എന്‍ഡോസള്‍ഫാന്റെ മാരക സ്വഭാവം കേന്ദ്രത്തിന്റെ തന്നെ വിദഗ്ധ്ധ സമിതികള്‍ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഒരു വിദഗ്ധനെതന്നെ മേധാവിയാക്കി അന്വേഷണത്തിനിറങ്ങിയിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതംകാരണം നരകയാതന അനുഭവിക്കുന്ന, അംഗവൈകല്യം സംഭവിച്ച 4000ല്‍പ്പരം പേരെയും അവരുടെ കുടുംബങ്ങളെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് തുല്യമാണിത്. കാസര്‍കോട് ജില്ലയില്‍ മാത്രമല്ല കര്‍ണാടകയിലെ ചില ഭാഗങ്ങളിലും പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ ഭീകരത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കുകയും അതിന്റെ ഉല്‍പ്പാദനം തടയുകയും അത് മറ്റ് വ്യാജപേരുകളില്‍ വിപണിയില്‍ എത്തിക്കുന്നത് തടയാന്‍ മുന്‍ കരുതല്‍ എടുക്കുകയും വേണം.
എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ക്ഷേമപദ്ധതിയും സമഗ്ര പുനരധിവാസവും ഉറപ്പാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ്‌നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. സമഗ്ര പുനരധിവാസപദ്ധതിക്കായി 100 കോടി രൂപ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളോടുള്ള വെല്ലുവിളി: ബിനോയ് വിശ്വം
കോട്ടയം: എന്‍ഡോസള്‍ഫാന്‍ പഠന സമിതിയില്‍ മുന്‍ പഠനസംഘത്തിലെ അംഗം സി ഡി മായിയെ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വനം മന്ത്രി ബിനോയ് വിശ്വം. കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ കലവറ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലാഭക്കൊതി മൂത്ത വിഷക്കമ്പനിക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് മായി. മുന്‍ പഠനസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് അനുകൂലമായ തീരുമാനമാണ് മായി എടുത്തത്. അതുകൊണ്ടുതന്നെ ജനവികാരം മാനിച്ച് മായിയെ പഠനസംഘത്തില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
janayugom 05121
പേജിലേക്ക്
No comments:
Post a Comment