മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Monday, March 14, 2016
ജനാധിപത്യ കേരളം ഇതുവരെ
ഇന്ത്യയില്‍തന്നെ ഏറ്റവും ചലനാത്മകമായ ജനാധിപത്യസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും ഇതിന് സഹായകമായ ജനകീയരാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനൊപ്പമാണ് നിയമനിര്‍മാണസഭയും വളരാന്‍ തുടങ്ങിയത്.
ഇന്നത്തെ കേരള നിയമസഭയിലെത്തിച്ചേര്‍ന്ന നിയമനിര്‍മാണസഭകളുടെ ചരിത്രം 1888ലാണ് ആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാള്‍ രാമവര്‍മയുടെ ഭരണകാലത്ത് നിയമനിര്‍മാണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ഒരു കൌണ്‍സില്‍ രൂപീകരിക്കാനാണ് 1888ല്‍ തീരുമാനിച്ചത്. ഒരു റഗുലേഷനിലൂടെയാണ് ഇത് നിലവില്‍വന്നത്. 1888 ആഗസ്ത് 23ന് സെക്രട്ടറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയിലായിരുന്നു ആദ്യയോഗം. എട്ടുപേരായിരുന്നു അംഗങ്ങള്‍. ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൌദ്യോഗികാംഗങ്ങളും.
1898 മാര്‍ച്ച് 21ന് മറ്റൊരു റഗുലേഷനിലൂടെ കൌണ്‍സിലിന്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഒമ്പത് ഔദ്യോഗികാംഗങ്ങളും ആറ് അനൌദ്യോഗികാംഗങ്ങളും. 1904ല്‍ കൌണ്‍സിലിനു പുറമെ 100 അംഗങ്ങളുള്ള ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. കാര്‍ഷിക– വ്യാവസായിക– വാണിജ്യമേഖലകളില്‍നിന്ന് ഓരോ താലൂക്കിലും രണ്ടുപേരെവീതം ഡിവിഷന്‍ പേഷ്കാര്‍ നിര്‍ദേശിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1904 ഒക്ടോബര്‍ 22നായിരുന്നു ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം. വിജെടി ഹാളിലാണ് യോഗം ചേര്‍ന്നത്. നിയമപരമായി വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയായി ഈ സഭ.
1933 ജനുവരി ഒന്നിന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം), ശ്രീചിത്രാ സ്റ്റേറ്റ് കൌണ്‍സില്‍ (ഉപരിമണ്ഡലം) എന്നീ സഭകള്‍ സ്ഥാപിച്ചു. ദിവാനായിരുന്നു രണ്ട് സഭകളുടെയും എക്സ് ഒഫീഷ്യോ ചെയര്‍മാന്‍. 1947 സെപ്തംബര്‍ നാലിന് ഉത്തരവാദിത്തഭരണം പ്രഖ്യാപിക്കുംവരെ ഈ സംവിധാനം തുടര്‍ന്നു.
കൊച്ചിരാജ്യത്ത് 1925ല്‍ 45 അംഗങ്ങളുള്ള ആദ്യ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ നിലവില്‍വന്നു. 1938ല്‍ ദ്വിഭരണ വ്യവസ്ഥ വന്നു. കൌണ്‍സില്‍ അംഗമായ അമ്പാട്ട് ശിവരാമമേനോന്‍ ഏകാംഗമന്ത്രിയായി. 1946ലാണ് നാലംഗ മന്ത്രിസഭ നിലവില്‍ വന്നത്. 1947 ആഗസ്ത് 14ന് കൊച്ചിയില്‍ ഉത്തരവാദിത്തഭരണം സ്ഥാപിച്ചു. 1947 സെപ്തംബര്‍ ഒന്നിന് പനമ്പള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ നിലവില്‍ വന്നു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് ടി കെ നായര്‍ പ്രധാനമന്ത്രിയായി. 1948ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തി ലെജിസ്ളേറ്റീവ് അസംബ്ളി സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ഇക്കണ്ടവാര്യരുടെ നേതൃത്വത്തില്‍ 1948 സെപ്തംബര്‍ 20ന് മന്ത്രിസഭ അധികാരമേറ്റു.
1948 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരുവിതാംകൂറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ പ്രതിനിധിസഭ രൂപീകരിച്ചു. 1948 മാര്‍ച്ച് 20ന് ചേര്‍ന്ന സഭയുടെ ആദ്യ യോഗത്തില്‍ എ ജെ ജോണിനെ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1948 മാര്‍ച്ച് 24ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പട്ടം രാജിവച്ചതിനെത്തുടര്‍ന്ന് 1948 ഒക്ടോബര്‍ 22ന് പറവൂര്‍ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു.
തിരുവിതാംകൂര്‍ മഹാരാജാവിനെ രാജപ്രമുഖായി പ്രഖ്യാപിച്ച് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു– കൊച്ചി രൂപീകരണം നടന്നു. പറവൂര്‍ ടി കെ നാരായണപിള്ള മുഖ്യമന്ത്രിയായി. ടി കെ നാരായണപിള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നിന് സി കേശവന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്ഥാനമേറ്റ് 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.
1951–52ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസായിരുന്നു. എ ജെ ജോണിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാര്‍ച്ച് 12ന് അധികാരമേറ്റെങ്കിലും 1952 സെപ്തംബര്‍ 13ന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1954ല്‍ തെരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ്റ് പാര്‍ടി, പിഎസ്പി, ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികള്‍ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പിഎസ്പി കാലുമാറി. പ്രതിപക്ഷത്തിരുന്ന് പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ വീണ് അവര്‍ സ്വന്തം മന്ത്രിസഭ രൂപീകരിച്ചു. അങ്ങനെ പിഎസ്പി നേതാവ് പട്ടം താണുപിള്ള 1954 മാര്‍ച്ച് 17ന് മന്ത്രിസഭ രൂപീകരിച്ചു. എന്നാല്‍, പട്ടം താണുപിള്ള കോണ്‍ഗ്രസിന്റെ മേധാവിത്വം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇടയ്ക്കിടെ ഉരസലുകള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികളുടെയും നിരന്തര ആവശ്യത്തെതുടര്‍ന്ന് ചില ഭൂപരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവരാന്‍ പട്ടം ഒരുങ്ങിയതോടെ കോണ്‍ഗ്രസിന് സമനില തെറ്റി. അവര്‍ വലിയതോതില്‍ പ്രതിഷേധസമരങ്ങള്‍ ഉയര്‍ത്തി. 1955 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് കാലുവാരി. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1955 ഫെബ്രുവരി 14ന് പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു. ഈ മന്ത്രിസഭയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 1956 മാര്‍ച്ച് 23ന് രാജിവച്ചു. പിന്നീട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.
ബ്രിട്ടീഷ് അധീനതയില്‍ മദിരാശി പ്രവിശ്യയിലായിരുന്നു മലബാര്‍. മദിരാശി നിയമസഭയില്‍ 1920 മുതല്‍ മലബാറിന്റെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1951–52ലെ തെരഞ്ഞെടുപ്പില്‍ 375 സീറ്റില്‍ കോണ്‍ഗ്രസ് 152 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി 62 സീറ്റിലും ജയിച്ചു. മദിരാശി നിയമസഭയില്‍ മലബാറില്‍നിന്നുള്ള അംഗസംഖ്യ 29 ആയിരുന്നു. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ടി, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടി, കോണ്‍ഗ്രസ് എന്നിവര്‍ ഏഴുവീതം സീറ്റ് നേടി. സോഷ്യലിസ്റ്റ് പാര്‍ടി നാല് സീറ്റിലും മുസ്ളിംലീഗ് രണ്ട് സീറ്റിലും ജയിച്ചു. രാജാജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മലബാറില്‍നിന്ന് കെ പി കുട്ടിക്കൃഷ്ണന്‍നായര്‍ അംഗമായിരുന്നു. 1954 ഏപ്രിലില്‍ കെ കാമരാജ് മുഖ്യമന്ത്രിയായി.
1956 നവംബര്‍ ഒന്നിന് സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍ വന്നു. തിരു–കൊച്ചിയും മലബാറും സംയോജിച്ച് കേരള സംസ്ഥാനം രൂപംകൊണ്ടു. രാഷ്ട്രപതിഭരണത്തിലേക്കാണ് കേരളം പിറന്നുവീണത്. 1957 ഏപ്രില്‍ അഞ്ചുവരെ നീണ്ടു രാഷ്ട്രപതിഭരണം. 1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. ലോകചരിത്രത്തില്‍തന്നെ പുതിയൊരു അനുഭവമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. 114 മണ്ഡലത്തിലായിരുന്നു വോട്ടെടുപ്പ്. 12 മണ്ഡലത്തില്‍നിന്ന് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തു. 11 പട്ടികവിഭാഗ സീറ്റുകളിലും ഒരു ജനറല്‍ സീറ്റിലുമാണ് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തത്.
ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചിരുന്നു. എന്നാല്‍, അമിതമായ അവകാശവാദങ്ങളാണ് ഈ പാര്‍ടികള്‍ ഉന്നയിച്ചത്. കൊല്ലം ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒറ്റ സീറ്റും നല്‍കില്ലെന്നായിരുന്നു ആര്‍എസ്പിയുടെ നിലപാട്. തൃശൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ പാര്‍ടിക്ക് സീറ്റ് നല്‍കാനാകില്ലെന്ന നിലപാട് കെഎസ്പിയും സ്വീകരിച്ചു. അതോടെ സഖ്യശ്രമം പൊളിഞ്ഞു. ഒറ്റയ്ക്ക് 28 സീറ്റില്‍ മത്സരിച്ച ആര്‍എസ്പിക്ക് ഒരു സീറ്റിലും ജയിക്കാന്‍ കഴിഞ്ഞില്ല. 24 സീറ്റില്‍ കെട്ടിവച്ച കാശുംപോയി.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് 23ന് ഫലം പുറത്തുവന്നു. 60 സീറ്റാണ് കമ്യൂണിസ്റ്റ് പാര്‍ടി നേടിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ അഞ്ച് സ്വതന്ത്രരും ജയിച്ചു. കോണ്‍ഗ്രസ് 43 സീറ്റില്‍ ജയിച്ചു. ഇതടക്കം കമ്യൂണിസ്റ്റ് പാര്‍ടിയെ എതിര്‍ക്കുന്നവര്‍ 61 പേരായിരുന്നു സഭയില്‍. മാര്‍ച്ച് 25ന് ഇ എം എസിനെ കമ്യൂണിസ്റ്റ് പാര്‍ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ആദ്യ കേരള നിയമസഭയുടെ സ്പീക്കറായി ആര്‍ ശങ്കരനാരായണന്‍ തമ്പിയെ തെരഞ്ഞെടുത്തു. ഇ എം എസ് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. സി അച്യുതമേനോന്‍ (ധനകാര്യം), ടി വി തോമസ് (ഗതാഗതം, തൊഴില്‍), കെ സി ജോര്‍ജ് (ഭക്ഷ്യം, വനം), കെ പി ഗോപാലന്‍ (വ്യവസായം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തന്‍ (തദ്ദേശസ്വയംഭരണം), ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം, സഹകരണം), കെ ആര്‍ ഗൌരി (റവന്യൂ, എക്സൈസ്), വി ആര്‍ കൃഷ്ണയ്യര്‍ (നിയമം, വൈദ്യുതി), ഡോ. എ ആര്‍ മേനോന്‍ (ആരോഗ്യം) എന്നിവരായിരുന്നു മറ്റ് മന്ത്രിമാര്‍. ഈ മന്ത്രിസഭ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു.
കേരളത്തില്‍ ജന്മി നാടുവാഴിത്തത്തിന്റെ വേരറുക്കുകയും കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും കൃഷിഭൂമി കര്‍ഷകന് ലഭ്യമാക്കുകയുംചെയ്ത കാര്‍ഷികബന്ധ ബില്‍, വിദ്യാഭ്യാസമേഖലയുടെ വമ്പിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ വിദ്യാഭ്യാസബില്‍ എന്നിവ സമ്പന്നവര്‍ഗത്തെ പ്രകോപിപ്പിച്ചു. മന്ത്രിസഭയെ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗവും അവര്‍ പയറ്റി. 65 പേരില്‍ സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ 64 പേരുടെ പിന്തുണയാണ് മന്ത്രിസഭയ്ക്കുള്ളത്. ഇതില്‍നിന്ന് രണ്ടുപേരെ കാലുമാറ്റിക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുപിടിച്ച് ശ്രമിച്ചു. കമ്യൂണിസ്റ്റ് എംഎല്‍എമാരെവരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചു. ഇതിനായി വലിയ പണച്ചാക്കുകളുടെ സഹായം തേടി. അന്താരാഷ്ട്ര ഏജന്‍സികള്‍വരെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ധനസഹായം നല്‍കിയ കാര്യം പിന്നീട് പുറത്തുവന്നു. 1958ല്‍ ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. '57ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച റോസമ്മ പുന്നൂസ് നിയമപരമായ ചില കാരണങ്ങളാല്‍ അയോഗ്യയാക്കപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. റോസമ്മ പുന്നൂസിനെതന്നെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമാകെ കമ്യൂണിസ്റ്റ് പാര്‍ടിയെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങി. എന്നാല്‍, 7089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റോസമ്മ പുന്നൂസ് ജയിച്ചു.
എല്ലാ ജാതി– മത ശക്തികളെയും ഭൂപ്രഭുക്കളെയും കൂട്ടിയോജിപ്പിച്ച് 'വിമോചനസമരം' നടത്തിയാണ് ആദ്യത്തെ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തെ ഇടപെടുവിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുതന്നെ ഈ അട്ടിമറിക്ക് കൂട്ടുനിന്നു. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തിലുള്ള പലര്‍ക്കും സംസ്ഥാന സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എഐസിസി അധ്യക്ഷകൂടിയായിരുന്ന മകള്‍ ഇന്ദിര ഗാന്ധിയുടെ കടുത്ത സമ്മര്‍ദത്തിനുവഴങ്ങിയാണ് നെഹ്റു കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.
1959 ജൂലൈ 31ന് ഭരണഘടനയുടെ 356–ാം വകുപ്പ് ഉപയോഗിച്ച് കേരളമന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ട ഈ സംഭവം ഇന്ത്യയില്‍ ആദ്യത്തേതായി
Subscribe to:
Post Comments (Atom)
No comments:
Post a Comment