Tuesday, October 11, 2011

നിര്‍മല്‍ മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്


നിര്‍മല്‍ മാധവ് എന്ന വിദ്യാ‍ര്‍ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്‍ത്ഥിയുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല്‍ പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്‍ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില്‍ പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്‍ച്ചാവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള്‍ മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.

ഈ സാഹചര്യത്തില്‍ നിര്‍മല്‍ മാധവ് വിഷയത്തില്‍ സമരം തുടങ്ങിയ 2011 ജൂലൈ മുതല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതും വെബ് സൈറ്റില്‍ ലഭ്യമായതും ആയ എല്ലാ വാര്‍ത്തകളും തീയതി ക്രമത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇടത്- വലത്(നിഷ്പക്ഷം ഉള്‍പ്പെടെ) പക്ഷപാതിത്വം കൃത്യമായി ദൃശ്യമാകുന്നുണ്ട് ഈ വിഷയത്തില്‍ എങ്കില്‍, അതിലെ ഒരു പക്ഷം എന്തൊക്കെ പറഞ്ഞു എന്നതിന്റെ ലഭ്യമായ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വസ്തുതയില്‍ ഊന്നിയ ചര്‍ച്ചകള്‍ക്ക് സഹായകമാകും എന്ന് കരുതുന്നു. അത്തരമൊരു നിലപാട് മറുപക്ഷവും എടുക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ ആരോഗ്യപരമാകും എന്നതില്‍ തര്‍ക്കമില്ല. അതിന് ഇത്തരമൊരു സംരംഭം തുടക്കമാകുമെങ്കില്‍ ഉദ്ദേശ്യം സഫലമായി.

ഈയടുത്ത ദിവസങ്ങളിലെ ബ്ലോഗുകളും അവസാ‍നം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും, സര്‍വകലാശാലാ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നേടിയ വമ്പന്‍ വിജയങ്ങളുടെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും വിസ്തരഭയത്താല്‍ അവ ഉള്‍പ്പെടുത്തിയിട്ടില്ല. :))

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നാളെ എസ്എഫ്ഐ മാര്‍ച്ച്
Posted on: 09-Jul-2011 11:51 PM
തിരു: സര്‍വകലാശാല സ്വയംഭരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ തിങ്കളാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് മൂന്നാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കാതെ പഠനം അവസാനിപ്പിച്ച ടി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്കാണ് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മൂന്ന്, നാല് സെമസ്റ്ററുകളിലെ പരീക്ഷ എഴുതാത്ത നിര്‍മലിന് അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടാന്‍ യോഗ്യതയില്ലാത്തപ്പോഴാണ് സര്‍വകലാശാലാ ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായി സര്‍ക്കാര്‍തീരുമാനം എടുത്തത്. അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാനുളള അധികാരം മാനേജ്മെന്റുകള്‍ക്ക് നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 15ന് ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണയും 20ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും നടത്തും. സ്കൂള്‍ഫീസ് നിശ്ചയിക്കാന്‍ മാനദണ്ഡമുണ്ടാക്കുകയും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് ഇനിയും വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എസ് കെ സജീഷ്, എ എ റഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് അനധികൃത പ്രവേശനം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ചു
Posted on: 19-Jul-2011 11:08 PM
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചും ബലംപ്രയോഗിച്ചും അറസ്റ്റുചെയ്ത് നീക്കി. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ മെറിറ്റ് സീറ്റില്‍ നിര്‍മല്‍ മാധവിന് നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെക്കുറിച്ച് നടപടിയെടുക്കുമെന്ന ഉറപ്പ് രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഭരണകാര്യാലയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കവാടത്തിനുമുന്നില്‍ രണ്ടര മണിക്കൂര്‍ കുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്ള നവാസ് സമരം ഉദ്ഘാടനംചെയ്തു.

നേതാക്കളെ ചര്‍ച്ചക്കുവിളിച്ച രജിസ്ട്രാര്‍ പ്രവേശനം നല്‍കിയ നടപടി റദ്ദുചെയ്യാനാകില്ലെന്നും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്നും അറിയിച്ചു. എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും രജിസ്ട്രാറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂരങ്ങാടി സിഐ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റുചെയ്തുനീക്കിയത്.

സര്‍വകലാശാല എന്‍ജിനിയറിങ് കോളേജില്‍ ബിടെക് മെക്കാനിക്കല്‍ കോഴ്സിനിടെ മൂന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയ നിര്‍മല്‍ മാധവിന് കോഴിക്കോട് ഗവ. എന്‍ജിനിറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശനം നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ മൗനംപാലിക്കുകയാണ്. അനധികൃത വിദ്യാര്‍ഥി പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞത്. വൈസ് ചാന്‍സലര്‍ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് എന്നിവര്‍ സംഭവം വിവാദമായിട്ടും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. ഒരാഴ്ച മുമ്പ് എസ്എഫ്ഐ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ചാര്‍ളി കബീര്‍ദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഫാസില്‍ ബാപ്പു, അപര്‍ണ വേണു എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി കെ മുബഷീര്‍ സ്വാഗതവും തിരൂരങ്ങാടി ഏരിയാ സെക്രട്ടറി അഖില്‍ നന്ദിയും പറഞ്ഞു

മനോരമയുടെത് അപവാദ പ്രചാരണം: എസ്എഫ്ഐ

സ്വാശ്രയ കോളേജില്‍ പാതിവഴിക്ക് പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥിക്ക് വഴിവിട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. സര്‍ക്കാരിന്റെ ഈ നടപടിയെ എതിര്‍ത്തതിന് എസ്എഫ്ഐയെ ആക്ഷേപിച്ച് മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ലേഖനം. മനോരമയുടെ അപവാദപ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കലിക്കറ്റ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍നിന്ന് 2010 നവംബര്‍ 1ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ ക്രമവിരുദ്ധമായിപ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥിക്ക് മൂന്നും നാലും സെമസ്റ്ററുകളിലെ ഇന്റേണല്‍ , എക്സ്റ്റേണല്‍ പരീക്ഷകള്‍ പ്രത്യേകമായി നടത്തണമെന്ന വിചിത്രമായ ഉത്തരവും സര്‍ക്കാര്‍ ഇറക്കി. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍മല്‍ മാധവ് മൂന്നും നാലും സെമസ്റ്റര്‍ പഠിക്കേണ്ടതില്ല. സര്‍ക്കാര്‍ പൊതുപ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുന്നത്. അയ്യായിരത്തില്‍ ചുവടെ റാങ്കുള്ളവര്‍ക്ക് മാത്രമേ കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുകയുള്ളൂ. അവിടേക്കാണ് മെറിറ്റില്‍പോലും പ്രവേശനം കിട്ടാത്ത ഒരു വിദ്യാര്‍ഥിക്ക് അവിഹിത മാര്‍ഗത്തിലൂടെ പ്രവേശനം നല്‍കിയത്.

ഇതിനെതിരെ എസ്എഫ്ഐ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഒരുനടപടിയും ചാന്‍സലറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ് കേസ് കൊടുത്ത് ജയിലിലാക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥിയുടെ രക്ഷിതാവും ഭീഷണിപ്പെടുത്തിയത്. നിര്‍മല്‍ മാധവ് കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ആരും എതിരല്ല. മനോരമയുടെ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കാളികളാവണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

Deshabhimani 01 ആഗസ്റ്റ് 2011

അനധികൃത പ്രവേശനം നിര്‍മല്‍ മാധവിനെ പുറത്താക്കുംവരെ സമരം: എസ്എഫ്ഐ
Posted on: 11-Aug-2011 01:05 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മല്‍ മാധവിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മല്‍ മാധവിന്റെ പഠനത്തിന് എസ്എഫ്ഐ എതിരല്ല. അനധികൃതമായി പ്രവേശനം നല്‍കിയ വിഷയത്തില്‍ കോടതിയെ സമീപിക്കും.

എസ്എഫ്ഐ നേതൃത്വത്തില്‍ നിര്‍മല്‍ മാധവിനെ ആക്രമിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. പ്രശ്നം പരിഹരിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പലുള്‍പ്പെടെയുള്ളവര്‍ ന്യായമായ സമീപനങ്ങള്‍ സ്വീകരിക്കുന്നില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പിടിഎ യോഗംചേര്‍ന്ന് ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ ഇടപെടുവിക്കാന്‍ തീരുമാനിച്ചു. എസ്എഫ്ഐ കഴിഞ്ഞ ദിവസം ഗവ. എന്‍ജിനിയറിങ് കോളേജിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ല. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കാവ് പൊലീസിന്റേതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാനകമ്മിറ്റിയംഗം കിരണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഉത്തരവാദികളായ പൊലീസുകാരെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: സിപിഐ എം
Posted on: 12-Aug-2011 12:50 AM

കോഴിക്കോട്: വിദ്യാര്‍ഥിവേട്ടക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് സംസ്ഥാന ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിയമവിരുദ്ധമായി സ്പെഷല്‍ ഉത്തരവിലൂടെ അനര്‍ഹനായ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ പ്രവേശനം നല്‍കിയതിനെതിരായിട്ടാണ് എസ്്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്നത്തിലെ ന്യായവശങ്ങള്‍ പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. എന്നാല്‍ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്.

കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ പ്രത്യേക ഉത്തരവിലൂടെയാണ് നിര്‍മല്‍ മാധവന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായി പ്രവേശനം ഒപ്പിച്ചെടുത്തത്. ഇയാള്‍ക്ക് മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതാതെ അഞ്ചാം സെമസ്റ്ററില്‍ നേരിട്ട് പ്രവേശനം ലഭിച്ചതെങ്ങനെയെന്ന് അധികാരികള്‍ വ്യക്തമാക്കണം. താരതമ്യേന മിടുക്കരായ കുട്ടികള്‍ക്ക് മാത്രം എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ 22787-ാം റാങ്കുകാരനായ ഒരാള്‍ക്ക് എങ്ങനെ പ്രവേശനം ലഭിച്ചുവെന്നത് ദുരൂഹമാണ്. ഇതിനുവേണ്ടി സര്‍ക്കാറും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവും ഇടപെട്ടുവെന്നത് അങ്ങാടിപ്പാട്ടാണ്. തികച്ചും സമാധാനപരമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തും മറ്റും ക്രൂരമായി പീഡിപ്പിക്കാനാണ് പൊലീസ് നിരന്തരമായി ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെയാണ് കോഴിക്കോട് നടക്കാവില്‍ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത്. പൊലീസ് സേനക്കുതന്നെ അപമാനം വരുത്തിയ നിരവധി കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളെന്ന് ജനസംസാരമുള്ള നോര്‍ത്ത് അസി. കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെയും നടക്കാവ് എസ്ഐ ശ്യാം, എഎസ്ഐ ജയചന്ദ്രന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് അതിക്രമങ്ങളെല്ലാം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നതിന് മുഴുവന്‍ ജനങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

പൊലീസിന്റെ ക്രൂരതയില്‍ പ്രതിഷേധമിരമ്പി
സ്വന്തം ലേഖകന്‍
Posted on: 12-Aug-2011 12:51 AM

കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കിഡ്സണ്‍ കോര്‍ണറില്‍ അവസാനിച്ചു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, ജോ. സെക്രട്ടറി എം സമീഷ്, വൈസ് പ്രസിഡന്റ് അനൂപ്, സെക്രട്ടറിയറ്റ് അംഗങ്ങളായ യു ജിബിന്‍ , ലിജു, ഭവേഷ്, നികേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച പകല്‍ 11.30 ഓടെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. ടിയര്‍ഗ്യാസ്, ഗ്രനേഡ് എന്നിവയ്ക്ക് പുറമേ ജലപീരങ്കിയുമായാണ് പൊലീസ് മാര്‍ച്ചിനെ നേരിട്ടത്. ലാത്തികൊണ്ടടിച്ച് വിദ്യാര്‍ഥിയുടെ തല പൊട്ടിച്ചു. എട്ടോളം വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കസ്റ്റഡിയില്‍ എടുത്ത എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫ് ഉള്‍പ്പെടെ ആറുപേരെ ജീപ്പിലും ലോക്കപ്പ് മുറിയിലുമിട്ട് പൊലീസ് മര്‍ദിച്ചു. എസ് ഐ ശ്യാം, എഎസ്ഐ ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഡിവൈഎഫ്ഐ നേതാക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത്. കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് ശരിയല്ലെന്ന് കാട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി എസ്എഫ്ഐ പ്രതിഷേധം പൊളിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു നടക്കാവ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്.

പൊലീസ് ഭീകരത:വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി
Posted on: 13-Aug-2011 12:19 AM
കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ്സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതിലും വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയിലിലടയ്ക്കുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പഠിപ്പുമുടക്കി പ്രതിഷേധപ്രകടനം നടത്തി. കോഴിക്കോട് നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനം പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, എം സമീഷ്, വി ടി ഷംസീന, കെ കെ ഷനീഷ് എന്നിവര്‍ സംസാരിച്ചു. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച നടക്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ വെള്ളിയാഴ്ച നടക്കാവ് പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. എ പി ജാഫര്‍ ഷെറീഫ്, ടി നിസാമുദ്ദീന്‍ , ലിന്റോ, രവിശങ്കര്‍ , ജിബിന്‍ , എം അരുണ്‍ എന്നിവര്‍ സംസാരിച്ചു.പഠിപ്പുമുടക്കിന്റെ ഭാഗമായി തലക്കുളത്തൂര്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറമ്പത്ത്ബസാര്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. എസ്എഫ്ഐ തലക്കുളത്തൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ടി കെ മനേഷ്, യൂണിറ്റ് സെക്രട്ടറി എം എസ് അഖില്‍ , പി ടി അമര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണം: പിടിഎ
Posted on: 18-Aug-2011 12:53 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജിലെ നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി പത്തംഗ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. കേരളയൂണിവേഴ്സിറ്റിയ്ക്കു കീഴിലെ പുന്നപ്രയില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശനം നല്‍കിയത് സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത പിടിഎ യോഗം കോളജ് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ടു. അതിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. പക്ഷേ സബ്കമ്മിറ്റിയോഗം വിളിച്ചുചേര്‍ക്കുന്നതില്‍ അധികൃതര്‍ വിയോജിപ്പ് രേഖപ്പെടുത്തി. രണ്ടാഴ്ചയായി അടഞ്ഞു കിടക്കുന്ന കോളജ് ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനും പ്രശ്ന പരിഹാരത്തിന് കലക്ടറെ സമീപിക്കാനും യോഗം തീരുമാനി്ച്ചു. നിര്‍മല്‍ മാധവിന്റെ പരാതിയില്‍ ജയിലിലടക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എം ജിതീഷിനെ മോചിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സബ് കമ്മിറ്റി നേതൃത്വം നല്‍കും. ഭാരവാഹികളായി എംവി രാമകൃഷ്ണന്‍( ചെയര്‍മാന്‍) പി ജയശീലന്‍(കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് റിയാസിനെതിരെ കള്ളക്കേസ്
Posted on: 20-Aug-2011 12:34 AM
കോഴിക്കോട്: പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ എസ്എഫ്ഐ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റിനെ പൊലീസ് കള്ളക്കേസില്‍പെടുത്തി. അഡ്വ. പി എ മുഹമ്മദ് റിയാസിനെതിരെയാണ് നടക്കാവ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ നല്‍കിയ റിപ്പോര്‍ട്ടില്‍ റിയാസിന്റെ നേതൃത്വത്തില്‍ എത്തിയ എഴുപത്തഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ട്രാഫിക് എസ്ഐയെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്.

വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ചട്ടങ്ങള്‍ പാലിക്കാതെ പ്രവേശനം നല്‍കിയതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത ജിതേഷിനെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ആഗസ്ത് 11 ന് ആയിരുന്നു മാര്‍ച്ച്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പൊലീസ് സംഘം മാര്‍ച്ച് തടയുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടനം തുടങ്ങുന്നതിനു മുമ്പുതന്നെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം കഴിഞ്ഞ് റിയാസ് മടങ്ങിയ ശേഷം പൊലീസ് ജലപീരങ്കി, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. സ്ഥലത്ത് ഇല്ലാതിരുന്ന നേതാവിനെതിരെയാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജില്ലാജയിലില്‍ റിമാന്‍ഡിലാണ്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ വ്യാപകമായി പൊലീസ് കള്ളക്കേസ് എടുക്കുകയാണ്.

നിര്‍മല്‍ മാധവിന് സംരക്ഷണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കോഴിക്കോട്: സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പഠന സംരക്ഷണസമിതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നിര്‍മല്‍ മാധവിന് കോളേജില്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പഠനം തുടരാന്‍ കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പി ടി തോമസ് എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെ സഹായിക്കാന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു ചെയര്‍മാനായും പി എം നിയാസ് ജനറല്‍ കണ്‍വീനറുമായി സംരക്ഷണ സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി അബു, പി എം നിയാസ് എന്നിവരും പങ്കെടുത്തു.

എന്നാല്‍ കോളേജില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കണമെന്നും അടഞ്ഞുകിടക്കുന്ന കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എ അച്യുതന്‍ ചെയര്‍മാനും അഡ്വ. പി എ മുഹമ്മദ് റിയാസ് ജനറല്‍ കണ്‍വീനറുമായുള്ള പ്രത്യേക പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി ടി തോമസ് രംഗത്തെത്തിയത്. മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തുന്ന കോളേജില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവേശന റാങ്ക് 1819 ആയിരിക്കെയാണ് 22,787-ാം റാങ്കുകാരനായ നിര്‍മലിനെ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ നിയമിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് മൂന്നാം സെമസ്റ്റര്‍ പഠനം ഉപേക്ഷിച്ച നിര്‍മല്‍ 2010ല്‍ പുന്നപ്ര കോളേജ് ഓഫ് എന്‍ജി. ആന്‍ഡ് മാനേജ്മെന്റില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ ഒന്നാംവര്‍ഷ അഡ്മിഷന്‍ നേടിയിരുന്നു. രണ്ട് സെമസ്റ്ററിനു ശേഷം ഇവിടുത്തെ പഠനവും ഉപേക്ഷിക്കുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ സാമൂഹിക നീതി അട്ടിമറിക്കുന്നതിനായി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍ജി. കോളേജില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത്. പിന്‍വാതിലിലൂടെ നിയമിച്ച വിദ്യാര്‍ഥിയെ കോളേജില്‍നിന്നും പുറത്താക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളുടെ സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരുന്നു. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ച രാഷ്ട്രീയ പാര്‍ടി -വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍നിന്നും ഡിസിസി പ്രസിഡന്റ് കെ സി അബു ഇറങ്ങിപ്പോവുകയായിരുന്നു. സ്ഥലം എംപിയായ എം കെ രാഘവനെ പങ്കെടുപ്പിക്കാതെ ജില്ലക്ക് പുറത്തുനിന്നുമുള്ള എം പിയെ കൊണ്ടുവന്ന് വാര്‍ത്താസമ്മേളനം നടത്തിയത് കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം നേതാക്കളെ അസംതൃപ്തരാക്കിയിട്ടുണ്ട്.

Deshabhimani 10 സെപ്തംബര്‍ 2011

നിര്‍മല്‍മാധവിനെ പുറത്താക്കി ഗവ. എന്‍ജിനിയറിങ് കോളേജ് തുറക്കണം
Posted on: 11-Sep-2011 11:59 PM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കി കോളേജ് ഉടന്‍ തുറക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യോഗ്യതയില്ലാത്ത വിദ്യാര്‍ഥിയെ സംരക്ഷിച്ച് പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം മുടക്കാനാണ് സര്‍ക്കാറും കോളേജ് അധികാരികളും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംകൊടുക്കുമെന്നും ജില്ലാസെക്രട്ടറിയറ്റ് മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി ടി പി ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചട്ടം ലംഘിച്ച് എന്‍ജി. പ്രവേശനം: ഡി സി സി ഇരുട്ടില്‍ തപ്പുന്നു
സ്വന്തം ലേഖകന്‍
Posted on: 16-Sep-2011 12:11 AM
കോഴിക്കോട്: ചട്ടങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു. നിര്‍മല്‍ മാധവ് പഠനസംരക്ഷണ സമിതിയുമായി രംഗത്തെത്തിയ ഡിസിസി പ്രസിഡന്റ് കെ സി അബുവിന് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകാതെ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിയേണ്ടിവന്നു.

നിര്‍മല്‍ മാധവ് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയത്. പ്രവേശനം നല്‍കിയ നടപടിയില്‍ തെറ്റില്ലെന്നാണ് കെ സി അബു പറഞ്ഞത്. സ്വാശ്രയ കോളേജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറ്റം നല്‍കുന്നത് സാമൂഹിക നീതി അട്ടിമറിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ അക്കാര്യം ശനിയാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ നേരിട്ടു ചോദിക്കൂവെന്നായിരുന്നു മറുപടി. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അറിയിക്കാന്‍വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ഡിസിസി പ്രസിഡന്റ് കുഴങ്ങിയത്. ഒടുക്കം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ കാര്യങ്ങള്‍ ചോദിക്കൂവെന്ന് പറഞ്ഞ് വിഷയത്തില്‍ തടിതപ്പുകയായിരുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ്പാര്‍ടി അനുഭാവികളായ അധ്യാപകരും വിദ്യാര്‍ഥികളും അനാവശ്യ സമരങ്ങള്‍ നടത്തി ക്ലാസുകള്‍ മുടക്കുകയാണെന്ന് അബു ആരോപിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ചത്. നിര്‍മല്‍ മാധവിന്റെ പ്രവേശനം പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത തന്നെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഡിസിസി പ്രസിഡന്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അബു പ്രസിഡന്റ് പദവിയിലെത്തിയതോടെ പാര്‍ടിയെ സാധരണക്കാരില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജില്ലയിലെ ചില നേതാക്കള്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെതിരെയുള്ള സമരം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കിയിലെ എംപി പി ടി തോമസ് രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. തൊട്ടതിനെല്ലാം ഇടപെടുന്ന സ്ഥലം എംപി കൂടിയായ എം കെ രാഘവനെ തഴഞ്ഞ് നിര്‍മല്‍മാധവ് പഠനസഹായ സമിതി രൂപീകരിച്ചതും പാര്‍ട്ടിക്കകത്ത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പഠനസഹായസമിതിയുടെ ഭാരവാഹികളിലേറെയും സ്ഥലത്തുള്ള ജനപ്രതിനിധികളാണ്. എന്നിട്ടും എംപിയെ തഴയുകയായിരുന്നു. എന്നാല്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇടപെട്ടാല്‍ ദുഷ്പേരുണ്ടാകുമെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹം നിശബ്ദത പാലിക്കുന്നതെന്നും കേള്‍ക്കുന്നു. സംഭവത്തില്‍ കെഎസ്യു സംസ്ഥാന നേതൃത്വവും യൂത്ത്കോണ്‍ഗ്രസും മൗനം പാലിക്കുകയുമാണ്.

നിര്‍മല്‍ മാധവ് പ്രശ്നം: യോഗത്തില്‍ വാക്കേറ്റം
Posted on: 21-Sep-2011 11:30 PM
കോഴിക്കോട്: നിയമവിരുദ്ധമായി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നേടിയ നിര്‍മല്‍മാധവിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വാക്കേറ്റം. പ്രത്യേക കാരണത്താല്‍ കോളേജില്‍ പഠിക്കാന്‍ കഴിയാതെവരുന്ന വിദ്യാര്‍ഥിക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും സന്നദ്ധമാവണമെന്ന യൂണിവേഴ്സിറ്റി രജിസ്ട്രാറെ പ്രതിനിധീകരിച്ച് യോഗത്തിലെത്തിയ ജോര്‍ജ് ജോസഫിന്റെ അഭിപ്രായമാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. ഈ വാദം തിരുത്തണമെന്ന് ജോര്‍ജ് ജോസഫിനോട് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ഇതിനിടെ യൂത്ത്കോണ്‍ഗ്രസ് മുന്‍സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖും ഡിസിസി പ്രസിഡന്റ് കെ സി അബുവും ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് എ പ്രദീപ്കുമാര്‍ എംഎല്‍എക്കും പി മോഹനനുമെതിരെ കയര്‍ത്തു. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങിയതോടെ കലക്ടര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

അനധികൃതമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നിയമം മറികടന്നാണ് നിയമനം എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മറുവാദം ഉന്നയിക്കുന്നത് ശരിയല്ല. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജ് ഇനിയും അടച്ചിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയാകുമെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് എതിരല്ലെന്നും മാനദണ്ഡങ്ങള്‍ മറികടന്നുള്ള പ്രവേശനത്തിനാണ് എതിരെന്നും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കോളേജില്‍ നടക്കുന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥി സംഘടനകളും യോഗത്തില്‍ അറിയിച്ചു.

നിര്‍മല്‍ മാധവിന് പ്രവേശനം വിദഗ്ധ സമിതി അന്വേഷിക്കും
Posted on: 22-Sep-2011 01:14 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി നിര്‍മല്‍ മാധവ് പ്രവേശനം നേടിയ വിഷയം പഠിക്കാന്‍ ഒമ്പതംഗ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണം. ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണീ തീരുമാനം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കും. ഇതേത്തുടര്‍ന്ന് ഒന്നരമാസമായി അടച്ചിട്ട കോളേജ് വ്യാഴാഴ്ച തുറക്കും. വിദ്യാര്‍ഥിസമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായി. കോളേജിലെ പഠനാന്തരീക്ഷം സുഗമമാക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുമായി രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനാപ്രതിനിധികളടങ്ങിയ സബ്കമ്മിറ്റിയും രൂപീകരിച്ചു. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ , മുന്‍ രജിസ്ട്രാര്‍ , കോളേജ് പ്രിന്‍സിപ്പല്‍ , ഹയര്‍ എഡ്യുക്കേഷന്‍ ജോയിന്റ് സെക്രട്ടറി, ഫാക്കല്‍റ്റി ഓഫ് എന്‍ജിനിയറിങ് കലിക്കറ്റ് സര്‍വകലാശാല, ആര്‍ഡിഒ, എന്‍ട്രന്‍സ് കമീഷണറുടെ പ്രതിനിധി, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ , കോളേജില്‍നിന്നുള്ള അധ്യാപക പ്രതിനിധി എന്നിവരടങ്ങുന്നതാണ് വിദഗ്ധസമിതി. സമിതിയുടെ കണ്‍വീനറായി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സെഡ് എ സോയയെ തെരഞ്ഞെടുത്തു. വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മല്‍മാധവിന് കോളേജില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രവേശനം ലഭിച്ച ആര്‍ക്കും ക്ലാസില്‍ ഹാജരാവാമെന്നായിരുന്നു കലക്ടറുടെ മറുപടി. റിപ്പോര്‍ട്ട് നല്‍കുംവരെ നിയമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥി കോളേജില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് സബ്കമ്മിറ്റി തീരുമാനമെന്നറിയുന്നു.

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേസെടുത്തതുമൂലം കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത ജിതേഷിന് പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ പഠിച്ച നിര്‍മല്‍ മാധവിന് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കോളേജില്‍ പ്രവേശനം നല്‍കിയത്. ഈ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം സമരത്തിലായിരുന്നു. നിര്‍മലിന്റെ പ്രവേശനം നിയമവിരുദ്ധമാണെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ എ കെ പ്രേമജം, പി മോഹനന്‍ , ടി വി ബാലന്‍ , കെ സി അബു, ടി സിദ്ദിഖ്, പി രഘുനാഥ്, എസ് കെ സജീഷ്, വി വസീഫ്, ടി പി ബിനീഷ് എന്നിവരും യൂണിവേഴ്സിറ്റി അധികൃതരും രക്ഷിതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു. കോളേജ് തുറന്നുപ്രവര്‍ത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം കലക്ടറെ ചുമതലപ്പെടുത്തിയത്.

അക്കാദമിക് സമിതി: ആരോപണ വിധേയരെ അംഗീകരിക്കില്ല - എസ ്എഫ് ഐ
സ്വന്തം ലേഖകന്‍
Posted on: 24-Sep-2011 12:26 AM
കോഴിക്കോട്: നിര്‍മല്‍ മാധവ് പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയ കലക്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ അംഗീകരിക്കില്ല. കലക്ടറുടെ നടപടി പ്രശ്നം വീണ്ടും വഷളാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണ വിധേയരെ സമിതിയില്‍ എടുക്കരുതെന്ന് കലക്ടര്‍ പി ബി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ പൊതു തീരുമാനമാണ്. അത് ലംഘിച്ച്, വിജിലന്‍സ് അന്വേഷണം വേണമെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എയും എസ്എഫ്ഐയും ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സമിതിയില്‍ അംഗങ്ങളാക്കി. ഇതുസംബന്ധിച്ച് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫും സെക്രട്ടറി ടി പി ബിനീഷും കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം വിയോജനകത്ത് നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ പ്രതികരിച്ചില്ല. ഒന്നര മാസമായി അടച്ചിട്ടിരുന്ന വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നിര്‍മല്‍ മാധവിന് അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശിച്ചത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായ ടോം ജോസഫാണ്. ഈ കത്ത് എന്‍ജി. കോളേജ് പ്രിന്‍സിപ്പലിന് അയച്ചതും തുടര്‍ന്ന് പ്രവേശനം വരെയുള്ള കാര്യങ്ങള്‍ ചെയ്തതും കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫും പിന്നീട് രജിസ്ട്രാറായ പി മുഹമ്മദുമാണ്. ഇവര്‍ മൂന്നുപേരും അക്കാദമിക് സമിതിയില്‍ അംഗങ്ങളാണ്. എന്‍ജി. കോളേജില്‍നിന്ന് ഒരാളെ മാത്രം കമ്മിറ്റിയില്‍ അംഗമാക്കിയാല്‍ മതിയെന്നായിരുന്നു സര്‍വകക്ഷി തീരുമാനം. എന്നാല്‍ രണ്ടുപേരെ അംഗങ്ങളാക്കി. പുതുതായി ചാര്‍ജെടുത്ത കോളേജ് പ്രിന്‍സിപ്പലും സ്ഥലംമാറി വന്ന അധ്യാപകനായ അബ്ദുള്‍ഹമീദുമാണ് മറ്റംഗങ്ങള്‍ . സ്വാശ്രയ കോളേജില്‍ ഒരുവര്‍ഷം പഠിച്ച വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്ററില്‍ ഗവ. കോളേജില്‍ പ്രവേശനം നല്‍കാമോ, ഇന്റേണല്‍ പരീക്ഷ എഴുതാതെ തുടര്‍പഠനം സാധ്യമോ, സ്വാശ്രയ കോളേജില്‍ പഠിച്ച വിദ്യാര്‍ഥിക്ക്, മറ്റൊരു സര്‍വകലാശാലയുടെ സ്വാശ്രയ കോളേജില്‍ വേറൊരു വിഷയത്തിന്് പഠിച്ച ശേഷം ആദ്യകോഴ്സിന്റെ തുടര്‍പഠനത്തിനായി മൂന്നാം തവണ ഗവ. എന്‍ജി. കോളേജില്‍ പ്രവേശനം നല്‍കാമോ എന്നീ വിഷയങ്ങളാണ് അക്കാദമിക് സമിതിയുടെ അന്വേഷണപരിധിയിലുള്ളത്. നിഷ്പക്ഷമായ ഏത് വ്യക്തി അന്വേഷിച്ചാലും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് ഉറപ്പുണ്ട്. കലക്ടര്‍ ഇടപെട്ട് സമിതിയുടെ വിശ്വാസ്യത തകര്‍ത്തു. പ്രശ്നം പുറത്ത് കൊണ്ടുവരാന്‍ ഏതു സമരത്തിനും തയ്യാറാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് വി വസീഫ്, സെക്രട്ടറി ടി പി ബിനീഷ്, സംസ്ഥാന കമ്മിറ്റി അംഗം വി കെ കിരണ്‍രാജ്,വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് യൂണിറ്റ് പ്രസിഡന്റും സര്‍വകലാശാല കൗണ്‍സിലറുമായ സാഗിന്‍ എന്നിവരും പങ്കെടുത്തു.


എന്‍ജി. കോളേജ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് നിര്‍മല്‍ മാധവ് ക്ലാസിലെത്തി
Posted on: 26-Sep-2011 11:42 PM
കോഴിക്കോട്: കലക്ടറുടെ മധ്യസ്ഥതയില്‍ രൂപീകരിച്ച സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജില്‍ ക്ലാസില്‍ ഹാജരായ നിര്‍മ്മല്‍ മാധവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍മല്‍മാധവ് കോളേജില്‍ വരേണ്ടതില്ല എന്നതായിരുന്നു സബ്കമ്മിറ്റിയുടെ തീരുമാനം. ആ തീരുമാനത്തെ ധിക്കരിച്ചാണ് നിര്‍മല്‍ മാധവ് കോളേജിലെത്തിയത്. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോളേജില്‍നിന്നും നിര്‍മല്‍ മാധവ് പോയതിനുശേഷം ക്ലാസ് തുടര്‍ന്നു.

വിദ്യാഭ്യാസരംഗം: മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു- പിണറായി
സ്വന്തം ലേഖകന്‍
Posted on: 04-Oct-2011 10:24 PM
തിരു: വിദ്യാഭ്യാസരംഗത്ത് അര്‍ഹതയും മാനദണ്ഡവുമെല്ലാം സര്‍ക്കാര്‍തന്നെ കാറ്റില്‍പ്പറത്തുകയാണെന്നും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റൈന്‍ പ്രതിഭയും സംയുക്തമായി നല്‍കുന്ന ബഹ്റൈന്‍ പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒരു മാനദണ്ഡവും പാലിക്കാത്തതിന്റെ ഉദാഹരണമാണ് റാങ്ക്ലിസ്റ്റില്‍ വളരെ പിന്നിലുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവിന് മൂന്നും നാലും സെമസ്റ്റര്‍ ഒഴിവാക്കി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയ സംഭവം. ഇങ്ങനെ പ്രവേശനം നല്‍കാന്‍ ആര്‍ക്കാണ് അധികാരം. വിദ്യാര്‍ഥിക്ക് രണ്ടു സെമസ്റ്റര്‍ ഒഴിവാക്കിക്കൊടുത്തതില്‍ എന്തു ന്യായമാണുള്ളത്. കേരളത്തില്‍ ഒരിക്കലും നടക്കാത്തതും നടക്കാന്‍ പാടില്ലാത്തതുമായ സംഗതിയാണിത്. ഈ നടപടിയെ എസ്എഫ്ഐ ചോദ്യംചെയ്താല്‍ എന്താണ് പിശക്. ഇങ്ങനെയാണോ വിദ്യാഭ്യാസരംഗം കൊണ്ടുപോകേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കണം. ഇഷ്ടക്കാരുടെ കാര്യത്തില്‍ ഒരു മാനദണ്ഡവും പാലിക്കേണ്ടെന്ന വിചാരം ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും. അര്‍ഹത വളരെ പ്രധാനമാണ്. പൊതുമാനദണ്ഡം ലംഘിക്കപ്പെടരുത്. സര്‍ക്കാരാണ് അര്‍ഹതയും മാനദണ്ഡവും പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത്. അവര്‍ അന്യായം പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞാല്‍ ഗതിയെന്താകും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തെ ശത്രുകേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. തെറ്റ് ചെയ്യാത്ത വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു. ബോധപൂര്‍വം പൊലീസിലെ ഒരുവിഭാഗം ആസൂത്രണംചെയ്ത അക്രമമാണ് യൂണിവേഴ്സിറ്റി കോളേജിനു നേരെയുണ്ടായത്. മര്‍ദനങ്ങള്‍ക്ക് വിധേയരായി നാട് ഒതുങ്ങിപ്പോയ ചരിത്രമില്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ
Posted on: 04-Oct-2011 06:39 AM
സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എന്‍ജിനിയറിങ് കോഴ്സിന്റെ മെറിറ്റ് ലിസ്റ്റും പ്രവേശന മാനദണ്ഡങ്ങളും അട്ടിമറിക്കാമോ എന്ന ചോദ്യമാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നുയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നത് എന്ന് ഉറക്കെ ചോദിച്ച് വിദ്യാര്‍ഥികള്‍ അവിടെ സമരത്തിലാണ്. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി ആ കോളേജില്‍ പഠനം മുടങ്ങി. പ്രശ്നപരിഹാരത്തിന് കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയ നടപടി വിദ്യാഭ്യാസമേഖലയിലെ മെറിറ്റിനെ ഇല്ലാതാക്കുമെന്നുള്ള വിമര്‍ശമാണ് ഏറ്റവും&ാറമവെ;ശക്തമായി ഉയര്‍ന്നത്. തുടര്‍ന്ന് പ്രവേശനം നല്‍കിയതിലെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല അക്കാദമിക് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ക്ലാസുകളും ലാബുകളും നഷ്ടമായതിനാല്‍ ഇനിമുതല്‍ കോളേജിലെ പഠനാന്തരീക്ഷം തകരരുതെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ആരോപണവിധേയനായ വിദ്യാര്‍ഥി, സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ കോളേജില്‍ പ്രവേശിക്കരുതെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. നിര്‍മല്‍ കോളേജില്‍ പ്രവേശിക്കില്ലെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചതാണ്. എന്നാല്‍ , കലക്ടറുടെ തീരുമാനം ലംഘിച്ച് നിര്‍മല്‍ വീണ്ടും കോളേജിലെത്തി; മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സമരം തുടങ്ങേണ്ടിവന്നു. സര്‍വകക്ഷിയോഗത്തിലെ തീരുമാനം മറികടന്ന് ആരോപണവിധേയരായവരെ വിദഗ്ധസമിതിയില്‍ ഉള്‍പ്പെടുത്താന്‍ കലക്ടര്‍ തയ്യാറായി. ഇതിനെതിരെ വിദ്യാര്‍ഥിസംഘടനാപ്രതിനിധികളും ജനപ്രതിനിധികളും വിയോജനക്കത്ത് നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. കോളേജില്‍ 2010ല്‍ ജനറല്‍ മെറിറ്റില്‍ പ്രവേശനം നേടിയ അവസാന റാങ്ക് 1819 ആയിരുന്നു. റാങ്ക്ലിസ്റ്റില്‍ 22,787 എന്ന സ്ഥാനമാണ് നിര്‍മല്‍ മാധവിന്. അത്തരക്കാര്‍ക്കുള്ളത് സ്വാശ്രയകോളേജാണ്. അങ്ങനെയൊരാള്‍ക്ക് റാങ്ക്ലിസ്റ്റില്‍ രണ്ടായിരത്തിനും താഴെയുള്ളവര്‍ പഠിക്കുന്ന സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റം നല്‍കാമോ?

സ്വാശ്രയകോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒരുവര്‍ഷം പഠിച്ചശേഷം മറ്റൊരു സ്വാശ്രയകോളേജില്‍ വേറൊരു കോഴ്സിന് ചേര്‍ന്നയാളാണ് നിര്‍മല്‍ . മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി അഞ്ചാം സെമസ്റ്ററില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിക്കാമോ എന്ന ചോദ്യം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നുമെല്ലാം ഉയരുന്നുണ്ട്. ഈ തെറ്റിനെ ന്യായീകരിക്കാന്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പഠിക്കവെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തുവെന്നും അതിനാല്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. തെറ്റായ തീരുമാനത്തിന് സാധുതയുണ്ടാക്കാനായി അന്വേഷണം അട്ടിമറിക്കാനാണ് ആസൂത്രിത നീക്കം നടക്കുന്നത്. സര്‍വകലാശാലയ്ക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസഫ്, കത്ത് ഉത്തരവാക്കി കോളേജിലേക്ക് അയച്ച രജിസ്ട്രാര്‍ പി മുഹമ്മദ്, രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫ്, ക്രമവിരുദ്ധ പ്രവേശനം അംഗീകരിച്ച അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് അതിനുവേണ്ടിയാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ സ്വാശ്രയ കോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം മറ്റൊരു യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയകോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം സെമസ്റ്ററിന് ചേര്‍ന്ന നിര്‍മലിന് മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയത് ഗുരുതരമായ ക്രമക്കേടാണെന്ന് വിദഗ്ധസമിതി യോഗത്തിലും അഭിപ്രായമുയര്‍ന്നതാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്വാശ്രയകോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയാണ് ശരിയെന്നും അഭിപ്രായമുണ്ടായി. ഇതെല്ലാം മറികടന്ന് നിര്‍മലിന് പ്രവേശനം നല്‍കണമെന്നാണ് കലക്ടര്‍ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടത്.

ഒരു മലയാളപത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് പി ടി തോമസ് എംപിയാണ് സംഭവം മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. എന്നാല്‍ , കോഴിക്കോട്ടുനിന്നുള്ള എംപിയോ, കെഎസ്യുവോ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രി പോലും അറിയാതെയാണ് പ്രവേശനത്തിനുള്ള നീക്കം നടന്നത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്ന് പ്രവേശനത്തിന് അനുമതി കൊടുത്തു എന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ചട്ടവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ച കാര്യം എ പ്രദീപ്കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അക്കാര്യം അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയത്. അനധികൃത പ്രവേശനത്തെ ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണ് സര്‍ക്കാര്‍ . 75 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി. 24 വിദ്യാര്‍ഥികളെ കോഴിക്കോട്ടും 42 വിദ്യാര്‍ഥികളെ മലപ്പുറത്തും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ലാത്തിച്ചാര്‍ജ് നടന്നു. സര്‍വകലാശാലയ്ക്കു കീഴിലുള്ള&ാറമവെ;തേഞ്ഞിപ്പലത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ നിര്‍മല്‍ രണ്ടുവര്‍ഷം മുമ്പാണ് ബിടെക് മെക്കാനിക്കല്‍ പഠനം ഉപേക്ഷിച്ചത്. സെമസ്റ്ററായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം ഹാജര്‍നിലയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ , മൂന്നും നാലും സെമസ്റ്റര്‍ ക്ലാസുകളില്‍ ഹാജാരാവാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയും ചെയ്ത നിര്‍മലിനാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ സര്‍വകലാശാല തുടര്‍പഠനത്തിന് അവസരംനല്‍കിയത്.

മാനേജ്മെന്റ്ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ല. സര്‍വകലാശാല ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യഥാര്‍ഥ റാങ്കുകാരായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ജനങ്ങളുടെയാകെ പിന്തുണ അര്‍ഹിക്കുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്
സ്വന്തം ലേഖകന്‍
Posted on: 11-Oct-2011 12:36 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് ബോധ്യമായിട്ടും മെറിറ്റ് സംവിധാനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. ന്യായമായ സമരത്തെ ചോരയില്‍ മുക്കി ജനശ്രദ്ധ തിരിക്കാനാണ് വിദ്യാര്‍ഥികള്‍ക്കുനേരെ ആസൂത്രിതമായി പൊലീസ് വെടിവച്ചതെന്ന് വ്യക്തം. തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠനം മതിയാക്കി പുന്നപ്രയിലെ സ്വാശ്രയകോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മലിനെ സര്‍വവകലാശാല ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിച്ച നടപടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനാധാരമായത്.

2010 നവംബര്‍ ഒന്നിന് തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും മൂന്നാം സെമസ്റ്ററില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനം നിര്‍ത്തി നിര്‍മല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയായി എന്‍ആര്‍ഐ ക്വോട്ടയില്‍ സ്പോട്ട് പ്രവേശനം നേടി. നിര്‍മല്‍ ഒരുതടസ്സവുമില്ലാതെ പുന്നപ്രയില്‍ പഠിക്കുമ്പോള്‍ എന്തിനാണ് മെറിറ്റടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന ഗവ. എന്‍ജി. കോളേജില്‍ ചേര്‍ത്തതെന്നാണ് ആര്‍ക്കും പിടികിട്ടാത്തത്. 2009 ലെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് പ്രകാരം ഗവ. എന്‍ജി. കോളേജില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ റാങ്ക് 1316 ആണ്. അനധികൃതമായി പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണ്.

കലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ പ്രകാരം മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മറ്റുകോളേജിലേക്ക് മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാനേജ്മെന്റ് സീറ്റില്‍ 65,000 രൂപ വാര്‍ഷികഫീസ് നിരക്കില്‍ പഠിച്ച വിദ്യാര്‍ഥിയെ രണ്ടുസെമസ്റ്റര്‍ മറികടന്ന് 6200 രൂപ നിരക്കില്‍ പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്തിന്? മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ നാലാം സെമസ്റ്ററില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയെ അഞ്ചാംസെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്തത് യൂണിവേഴ്സിറ്റിയുടെ ഏത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍വകലാശാലയ്ക്കും സര്‍ക്കാരിനുമുണ്ട്. മറ്റാരാണെങ്കിലും യൂണിവേഴ്സിറ്റി നിയമങ്ങള്‍ പ്രകാരം "ഇയര്‍ഔട്ട്" ആവുമായിരുന്നു. എന്നാല്‍ നിര്‍മലിന്റെ വിഷയത്തില്‍ അതുണ്ടായില്ല. 2011 ജൂലൈ നാലിന് സര്‍വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച നിര്‍മലിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററിയാക്കി നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ നിയമം നിലനില്‍ക്കേ മൂന്നും നാലും സെമസ്റ്റര്‍ പഠിക്കാത്ത വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നറിയുന്ന കോളേജ് പ്രിന്‍സിപ്പലും മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം തലവനും കൂടിയാണ് പ്രവേശനം നല്‍കിയത്. ഇതിനേക്കാള്‍ വിചിത്രമായത് ഗവ. കോളേജില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ മൂല്യനിര്‍ണയം നടക്കുന്ന സമയത്ത് നിര്‍മല്‍ പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജ് ഒന്നാം വര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയുമാണെന്നതാണ്. ഇതേത്തുടര്‍ന്നാണ് ജൂലൈയില്‍ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയത്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ മൂല്യങ്ങളെപോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനധികൃതപ്രവേശം റദ്ദാക്കുന്നതിനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭം ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ ബാധിക്കുന്ന നടപടിക്കെതിരായ എസ്എഫ്ഐ സമരത്തിന് കാമ്പസിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്നത് ശ്രദ്ധേയമാണ്.


പേജിലേക്ക്

Monday, October 10, 2011

കലിതുള്ളി കാക്കിപ്പട


ശത്രു സൈന്യത്തെ നേരിടുമ്പോലെയാണ് പോലീസുകാർ വിദ്യാർത്ഥികളെ വെടിയുണ്ടകളും ഗ്രാനേഡും കൊണ്ട് വേട്ടയാടിയത്. അടിയേറ്റ് ചോരയിൽ കുളിച്ചു കിടന്നവർക്ക് നേരെപോലും ഗ്രനേഡുകൾ എറിയുന്ന ക്രൌര്യം....

കേരള മന:സാക്ഷിയെ ഞെട്ടിച്ച മൃഗീയ പോലീസ് വേട്ടയുടെ ചോര കിനിയുന്ന കാഴ്‌ചകൾ










*****


ചിത്രങ്ങൾ : കടപ്പാട് : ദേശാഭിമാനി
 വര്‍ക്കേഴ്സ് ഫോറം

Saturday, October 8, 2011

അടിതെറ്റുന്ന കുത്തക മുതലാളിത്ത വാഴ്ച - പി ഗോവിന്ദപ്പിള്ള



  • ലോക സമ്പത്തിെന്‍റ ഭൂരിപക്ഷവും പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അമേരിക്കയിലുമാണ്. അവയിലൊന്നാം സ്ഥാനം അമേരിക്കക്ക് തന്നെ. കൊളോണിയല്‍ കാലഘട്ടം മുതല്‍ പിന്‍ നില രാഷ്ട്രങ്ങളെ കടന്നാക്രമിച്ച് കൊള്ള നടത്തിയാണ് ഈ രാജ്യങ്ങള്‍ സമ്പന്നമായത്. സോവിയറ്റ് യൂണിയെന്‍റയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും തകര്‍ച്ചക്കുശേഷം സോഷ്യലിസത്തിെന്‍റ കഥ കഴിഞ്ഞുവെന്നും മുതലാളിത്തത്തിന് പുത്തനുണര്‍വിെന്‍റ ഒരു കാലം പിറന്നിരിക്കുന്നുവെന്നും മുതലാളിത്ത വൈതാളികര്‍ ഉദ്ഘോഷിക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചക്കുശേഷം രണ്ട് പതിറ്റാണ്ട് തികയും മുമ്പ് ഈ മുതലാളിത്ത ഭീമ രാഷ്ട്രങ്ങള്‍ ശക്തിയാര്‍ജിക്കുകയല്ല, അടിയിളകി വീഴാന്‍ തുടങ്ങുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്കന്‍ ഐക്യനാടിലാണ് ഇത് തുടങ്ങിയത്. 2008ല്‍ ആരംഭിച്ച മുതലാളിത്ത സാമ്പത്തികകുഴപ്പം പരിഹരിക്കപ്പെട്ടു വരുന്നുവെന്ന തോന്നല്‍ ഉണ്ടായെങ്കിലും, അത് വീണ്ടും 2011 ആയപ്പോഴേക്കും പൊട്ടിത്തെറിയുടെ വക്കത്തേക്ക് നീങ്ങുകയാണ്. എന്ത് ചെയ്യേണ്ടുവെന്നറിയാതെ പ്രസിഡന്‍റ് ഒബാമയും കൂട്ടരും താല്‍ക്കാലിക രക്ഷാമാര്‍ഗങ്ങള്‍ ആരായുകയാണ്. ലോക മുതലാളിത്തത്തിെന്‍റ രണ്ടാം ശക്തി കേന്ദ്രമായ പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളെയും ഈ കുഴപ്പം അലട്ടുകയാണ്.

    ലണ്ടനില്‍ ആഗസ്ത് ആദ്യം നടന്ന അഭൂതപൂര്‍വമായ കലാപവും കൊള്ളയും കൊള്ളിവെയ്പും ഗ്രീസിലെ സാമ്പത്തികത്തകര്‍ച്ചയെ മുന്‍നിറുത്തിയുള്ള പ്രതിഷേധ പ്രകടനങ്ങളും ന്യൂയോര്‍ക്കില്‍ കോര്‍പ്പറേറ്റ് ആധിപത്യത്തിനും തൊഴിലില്ലായ്മക്കുമെതിരെ നടന്ന പ്രകടനങ്ങളും - ഇവയെ "അറബ് വസന്തം" എന്ന പേരിലറിയപ്പെടുന്ന കലാപങ്ങളോടാണ് മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന വന്‍പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് എഴുന്നൂറ് പേരെയാണ് അറസ്റ്റ് ചെയ്ത് കുറ്റവിചാരണക്ക് വിധേയരാക്കിയത്. എല്ലായിടത്തും തൊഴിലില്ലായ്മ ആണ് മുഖ്യപ്രശ്നം. ജനങ്ങളുടെ പുത്തനുണര്‍വ് ഈ അടുത്തകാലം വരെ സാമ്പത്തിക വളര്‍ച്ചക്കും സമൃദ്ധിക്കും ഉള്ള എളുപ്പ വഴിയായി ഭരണാധികാരികള്‍ സ്വീകരിച്ചിരുന്ന ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നടപടികള്‍ ആകെ അവതാളത്തിലാവുകയും തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയരുകയും ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങളും മറ്റ് വ്യവസായങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതി സംജാതമാവുകയും ചെയ്തിരിക്കുന്നത് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഈ നയങ്ങളെ ബ്രിട്ടനിലെ ടോറികളും ഫ്രാന്‍സിലെ ഗോളിസ്റ്റുകളും യാഥാസ്ഥിതിക കക്ഷികളും മാത്രമല്ല സോഷ്യലിസ്റ്റെന്ന് സ്വയം അവകാശപ്പെടുന്ന ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയും ഫ്രഞ്ച് സോഷ്യലിസ്റ്റ് പാര്‍ടിയും മറ്റും അംഗീകരിച്ചിരുന്നു.

    ബ്രിട്ടീഷ് ലേബര്‍ പാര്‍ടി ടോണി ബ്ലെയര്‍ എന്ന നേതാവിെന്‍റ നേതൃത്വത്തില്‍ ഇതിന് "പുതിയ ലേബര്‍ നിയമം" എന്നാണ് പേരിട്ടത്. മൂന്ന് തവണ തുടര്‍ച്ചയായി (1998-2006) ഭരിച്ച ബ്ലെയര്‍ ആഭ്യന്തരരംഗത്ത് ടോറികളുടെ നയവും വിദേശരംഗത്ത് അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുമാണ് പിന്‍തുടര്‍ന്നത്. പ്രസിഡന്‍റ് ജോര്‍ജ് ബുഷിെന്‍റ (2001-2008) കടുത്ത ആക്രമണനയങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി പിന്തുണച്ച്, ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ബുഷ് നടത്തിയ ആക്രമണങ്ങളില്‍ ബ്രിട്ടനെ പങ്കാളിയാക്കുകയാണ് അദ്ദേഹം ചെയ്തത്; ഇറാനും പലസ്തീനും എതിരെ അമേരിക്കന്‍ നീക്കങ്ങള്‍ക്ക് അരുനില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയില്‍ മാറ്റത്തിെന്‍റ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു. ടോണി ബ്ലെയറുടെ "പുതിയ ലേബര്‍" നയങ്ങള്‍ക്കെതിരെ പഴയ സോഷ്യലിസ്റ്റ് നയങ്ങളിലേക്ക് പോകാനുള്ള പ്രവണത പ്രകടമായിരിക്കുകയാണ്. ഇപ്പോഴത്തെ ലേബര്‍ കക്ഷി നേതാവും പ്രതിപക്ഷ നേതാവും ആയ എഡ്മില്ലിബാന്‍റ്, കഴിഞ്ഞ ആഴ്ച ലിവര്‍പൂളില്‍ ചേര്‍ന്ന ലേബര്‍പാര്‍ടി വാര്‍ഷിക സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണം ടോണി ബ്ലെയറുടെയും പിന്‍ഗാമി ഗോര്‍ഡന്‍ ബ്രൗണിെന്‍റയും നയങ്ങളെ പൂര്‍ണമായും തിരസ്കരിക്കുന്ന ഒന്നായിരുന്നു. വീണ്ടും സാമൂഹ്യസുരക്ഷാ തൊഴിലില്ലായ്മാ പരിഹാരം എന്നിവ ഏര്‍പ്പെടുത്തുക, ധനികരുടെ നികുതി വെട്ടിച്ചുരുക്കല്‍ നടപടികള്‍ തുടങ്ങി ടോറി - പുതിയ ലേബര്‍ നയങ്ങളെ തിരസ്കരിക്കുക, വിദേശ രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന കടന്നാക്രമണങ്ങളില്‍നിന്ന് പിന്‍വാങ്ങുക, ഇപ്പോള്‍ പുറത്തുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ പടിപടിയായി പിന്‍വലിക്കുക മുതലായവ മില്ലിബാന്‍റിനെ പഴയ നയങ്ങളുടെ പുനരുദ്ധാരകനാക്കി തീര്‍ത്തിരിക്കുന്നു. ഫ്രാന്‍സിലും സോഷ്യലിസ്റ്റ് മുന്നേറ്റം വലതുപക്ഷനയങ്ങളുടെ തിരസ്കാരം ഫ്രാന്‍സിലും മറ്റു ചില പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകടമാണ്. ഫ്രാന്‍സ് ഇപ്പോള്‍ ഭരിക്കുന്നത് യാഥാസ്ഥിതികനായ സര്‍ക്കോസി ആണ്. പഴയ ഗോളിസ്റ്റ് നയങ്ങളോട് അമേരിക്കന്‍ ആഗോളവല്‍ക്കരണാദി നയങ്ങളും കൂടിച്ചേര്‍ത്ത് സര്‍ക്കോസി ഭരിക്കുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് ഫാസിസത്തിനെതിരെ പോരാടുകയും ഫ്രാന്‍സിലെ ഫാസിസ്റ്റ് പാവ പ്രസിഡന്‍റ് ലെവാള്‍ തുടങ്ങിയവരെ ഒറ്റപ്പെടുത്തുകയും ഒരു സ്വതന്ത്ര ഫ്രഞ്ച് സര്‍ക്കാര്‍ ലണ്ടനില്‍ സ്ഥാപിച്ച് സഖ്യകക്ഷികളുമായി യോജിച്ച് പടവെട്ടുകയും ചെയ്ത വീരപുരുഷനായി തീര്‍ന്ന യാഥാസ്ഥിതികനാണ് ചാള്‍സ് ഡിഗോള്‍ . എങ്കിലും രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടനെ വിജയത്തിലേക്കു നയിച്ച പ്രധാനമന്ത്രി വിന്‍സ്റ്റെന്‍റ് ചര്‍ച്ചിലിനെയെന്നപോലെ ചാള്‍സ് ഡിഗോളിനെയും ഫ്രഞ്ച് ജനത അധികാരത്തില്‍നിന്ന് ഭ്രഷ്ടനാക്കി. തുടര്‍ന്ന് സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും പുരോഗമന വാദികളായ ചെറിയ ഗ്രൂപ്പുകളും മാറിയും മറിഞ്ഞും സഖ്യങ്ങള്‍ ഉണ്ടാക്കി ഭരിക്കുകയാണ് ചെയ്തത്. ഒരിക്കലും കാലാവധി പൂര്‍ത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ 1950കളില്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നിട്ടില്ല. ഈ അസ്ഥിരത കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ വീണ്ടും ഡിഗോളിനേയും അദ്ദേഹത്തിെന്‍റ യാഥാസ്ഥിതിക കക്ഷിയേയും അധികാരത്തിലേറ്റി.

    1958ലായിരുന്നു അത്. ഇനി ഈ അസ്ഥിരത തുടരരുത് എന്ന് കരുതി ഡിഗോള്‍ ഭരണഘടനയാകെ തിരുത്തിയെഴുതി. അതിന്‍പ്രകാരം ഒരാള്‍ പ്രസിഡന്‍റ് ആയാല്‍ അയാള്‍ക്ക് 7 വര്‍ഷം വരെ തുടര്‍ച്ചയായി ഭരിക്കാം. അയാളെ മാറ്റാന്‍ സെനറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് അധികാരമില്ല. പ്രസിഡന്‍റിെന്‍റ കീഴിലുള്ള മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയും മറ്റും ഉണ്ട് എങ്കിലും അവരുടെ തീരുമാനങ്ങളെ വീറ്റോ ചെയ്യാനും അവരെ വേണമെങ്കില്‍ പിരിച്ചുവിടാനും മന്ത്രിസഭ പുനഃസംഘടിപ്പിക്കാനും പ്രസിഡന്‍റിന് അവകാശമുണ്ട്. ഡിഗോളിെന്‍റ പുതിയ ഭരണഘടന പ്രകാരം രൂപംകൊണ്ട ഫ്രാന്‍സിനെ 5-ാം റിപ്പബ്ലിക് എന്നാണ് വിളിച്ചുവരുന്നത്. സര്‍ക്കോസിയുടെ യാഥാസ്ഥിതിക ഭരണത്തിനെതിരെ കഴിഞ്ഞ നാലു കൊല്ലക്കാലം പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഏറ്റവും ഒടുവിലായി ഇപ്പോള്‍ സെനറ്റില്‍ സോഷ്യലിസ്റ്റ് പാര്‍ടിയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. ഇതിന് മുമ്പ് ഫ്രാന്‍സുവാ മിത്ത്റാങ് ഏഴുവര്‍ഷം അഞ്ചാം റിപ്പബ്ലിക്കില്‍ പ്രസിഡന്‍റായിരുന്നുവെങ്കിലും സെനറ്റില്‍ അദ്ദേഹത്തിെന്‍റ സോഷ്യലിസ്റ്റ് പാര്‍ടിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇത് പശ്ചിമ യൂറോപ്പിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണ്. ഇങ്ങനെ പശ്ചിമ യൂറോപ്പിലും അമേരിക്കയിലും യാഥാസ്ഥിതികരുടെ കാലിടറുകയാണ്. ഇടതുപക്ഷം അടിവെച്ച് അടിവെച്ച് മുന്നേറുമ്പോള്‍ , പ്രതീക്ഷയുടെ കാഹളം വിളികളുമായി 20 വര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന പുത്തന്‍ മുതലാളിത്തത്തിന് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അടിതെറ്റിയാല്‍ ആനയും വീഴും, കുത്തക മുതലാളിത്ത ഗജത്തിെന്‍റ അടി തെറ്റിക്കൊണ്ടിരിക്കുകയാണ് എന്നു വ്യക്തം.

    ചിന്ത

Wednesday, October 5, 2011

ബുലൈറ്റിന്റെ മരണം - മുരളി തുമ്മാരങ്കുടി

ബുലൈറ്റിന്റെ മരണം



സപ്തംബര്‍ 27ലെ മാതൃഭൂമിയിലെ വാര്‍ത്ത ഏറെ ദുഃഖിപ്പിക്കുന്നതാണ്. പശ്ചിമബംഗാള്‍ സ്വദേശിയായിരുന്ന ബുലൈറ്റ് ഒറോണ്‍ എന്ന യുവാവ് പട്ടണക്കാട് റെയില്‍വേ ക്രോസിംഗിന് സമീപമുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റെ മുന്നിലെ മണിയില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. പ്രവാസികളുടെ മരണവും ആത്മഹത്യയും അത്രയൊരു വാര്‍ത്തയല്ല. പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച അനുഭവങ്ങള്‍ നടുക്കമുണ്ടാക്കുന്നു.

പശ്ചിമബംഗാളിലെ ജല്‍പായ് ഗുരിയില്‍ നിന്നും ചെങ്ങന്നൂരിലെ പണിസ്ഥലത്തേക്കു വരികയായിരുന്നു ഇയാള്‍. ട്രെയിനിലെ തിരക്കു കാരണം വാതില്‍ക്കല്‍ നിന്ന ബുലൈറ്റ് ട്രെയിനില്‍ നിന്നും അറിയാതെ പുറത്തേക്കു വീണു. തലയ്ക്ക് പരുക്കേറ്റ് രക്തം ഒലിപ്പിച്ച് സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന ഇദ്ദേഹത്തെ ആരും സഹായിച്ചില്ലെന്നു മാത്രമല്ല വെള്ളം പോലും കൊടുക്കാതെ വാതില്‍ അടച്ചുവത്രെ. (പേടിച്ചിട്ടാകാം, ഭാഷ അറിയാത്തതുകൊണ്ടും ആവാം) അവസാനം ഈ അമ്പലത്തില്‍ എത്തിയ ഇയാളെക്കണ്ട് തെരുവുനായ്ക്കള്‍ പുറകെയെത്തി. പിന്നാലെ നാട്ടുകാരും. അന്യോന്യം സംസാരിക്കാന്‍ ഭാഷയില്ലാതിരുന്ന ഇവര്‍ തമ്മില്‍ എന്താണുണ്ടായതെന്ന് വ്യക്തമല്ല. നാട്ടുകാര്‍ നോക്കിനില്‍ക്കേ ഇയാള്‍ അമ്പലമണിയുടെ കയറില്‍ തൂങ്ങിമരിച്ചു. ഇതായിരുന്നു വാര്‍ത്ത.

ജീവിതകാലത്തിന്റെ പകുതിയില്‍ ഏറെയായി പ്രവാസിയായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരും വേണ്ടപ്പെട്ടവരും എല്ലാം ആയിരക്കണക്കിന് മൈല്‍ ദൂരെയാണ്. അവരില്‍ നിന്നും അകലെ ഏതെങ്കിലും ഒരു രാജ്യത്ത് എന്തെങ്കിലും ഒരു അപകടത്തില്‍പെട്ട് ആരും സഹായിക്കാനില്ലാതെ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ലാതെ തെരുവ് നായ്ക്കളാലും ഭാഷ മനസിലാക്കാനാവാത്ത നാട്ടുകാര്‍ക്കും ഇടയില്‍ രാത്രി ഒറ്റപ്പെട്ടാല്‍ എന്റെ മാനസികാവസ്ഥ എന്താകും?

ബുലൈറ്റിന്റെ മരണത്തില്‍ ഒരു വ്യക്തിയേയോ കുടുംബങ്ങളെയോ കുറ്റപ്പെടുത്താനുള്ള വസ്തുതകള്‍ ഇല്ലെങ്കിലും ഒരു സമൂഹം എന്ന നിലയില്‍ നാം മറുനാട്ടുകാരോട് എങ്ങനെ പെരുമാറുന്നു എന്നു ചിന്തിക്കാനുള്ള അവസരമാണിത്. പ്രത്യേകിച്ചും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും ഭദ്രതയുടെയും ഒരു പ്രധാന ഘടകം നാട്ടില്‍ നിന്നും പുറത്തുപോയി ജോലിചെയ്യുന്നവര്‍ അയക്കുന്ന പണം ആകുമ്പോള്‍.

കേരളത്തില്‍ ജോലി ചെയ്യുന്ന മറുനാട്ടുകാരുടെ എണ്ണം കൂടുകയാണ്. പെരുമ്പാവൂരിലെ നൂറുകണക്കിന് തടിമില്ലുകളില്‍ ജോലിചെയ്യാന്‍ പതിനായിരക്കണക്കിന് യുവാക്കളാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും (കുറച്ചൊക്കെ മറ്റുരാജ്യങ്ങളില്‍ നിന്നും) എത്തുന്നത്. പെരുമ്പാവൂരിലേക്കുള്ള ബസുകളുടെ മുമ്പില്‍ ഇപ്പോള്‍ ഹിന്ദിയിലെ ബോര്‍ഡ് സാധാരണ കാഴ്ചയാണ്. ഞായറാഴ്ചകളിലെ പെരുമ്പാവൂര്‍ പട്ടണം വെള്ളിയാഴ്ചയിലെ റൂഖി (മസ്‌കറ്റ്) പോലെയാണ്. പതിനായിരക്കണക്കിന് മറുനാട്ടുകാര്‍. മലയാളികളെ കാണാനേ ഇല്ല. (റൂഖിയില്‍ പതിനായിരക്കണക്കിന് മലയാളികളും ബംഗ്ലാദേശികളും ആണെന്നു മാത്രം വ്യത്യാസം).

പ്ലൈവുഡ് ഫാക്ടറിയില്‍ മാത്രമല്ല, നിര്‍മ്മാണരംഗത്തും മറുനാടന്‍ തൊഴിലാളികളുടെ എണ്ണം വളരെയേറെയാണ്. മറ്റു വ്യവസായങ്ങളിലും പ്രത്യേകിച്ച് കഠിനമായ ജോലിയും സുരക്ഷാക്കുറവും ഉള്ള തൊഴിലുകളില്‍ മറുനാടന്‍ ജോലിക്കാര്‍ അനവധി ആണ്. ഇതുകൊണ്ടുതന്നെ ഇടയ്ക്കിടക്ക് ഒന്നോ അതിലധികമോ മറുനാടന്‍ തൊഴിലാളികള്‍ ജോലിസ്ഥലത്ത് അപകടം മൂലം കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും നമുക്ക് പുത്തരിയല്ല. പണിസ്ഥലത്തെ അപകടങ്ങളില്‍ തൊഴിലാളികള്‍ കൊല്ലപ്പെടുന്നത് മലയാളികളെന്നോ മറുനാട്ടുകാരാണോ എന്നനുസരിച്ചാണ് എല്ലാവരും, ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ, അതിനോട് പ്രതികരിക്കുന്നത്. മലയാളി തൊഴിലാളി ആണ് മരിക്കുന്നതെങ്കില്‍ പണിനിര്‍ത്തിവക്കലായി, വേണ്ട നഷ്ടപരിഹാരം ആയി, ഏതു യൂണിയനില്‍ ആണെന്നു വെച്ചാല്‍ അവരുടെ വക സഹായനിധിയായി, കൂടാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു സഹായം അതുവേറെയും ആയി. പക്ഷേ മരിക്കുന്നത് മറുനാട്ടുകാരന്‍ ആണെങ്കില്‍ മൃതദേഹം കൂട്ടുകാരെ ആരെയെങ്കിലും കൂട്ടി നാട്ടിലേക്ക് അയക്കുന്നു. നിസാരമായ എന്തെങ്കിലും തുക (ഒരു ലക്ഷമോ അതില്‍ താഴെയോ) കുടുംബത്തിനു നല്‍കുന്നു. നമ്മുടെ സര്‍ക്കാര്‍ പോലും നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് രണ്ടുതട്ടില്‍ ആണെന്ന് ശ്രദ്ധിച്ചാല്‍ അറിയാം. മറുനാടുകളില്‍ മലയാളികള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ എല്ലാം നമ്മള്‍ മറുനാട്ടുകാരോട് കാണിക്കുമ്പോള്‍ ദുഖം തോന്നാറുണ്ട്.

മറുനാട്ടുകാര്‍ക്ക് കൊടുക്കേണ്ടി വരുന്ന നഷ്ടപരിഹാരം കുറവായതിന്റെ ഒരു ഫലം കൂടുതല്‍ അപകട സാദ്ധ്യതയുള്ള ജോലികളിലോ സ്ഥാപനങ്ങളിലോ അവരെതന്നെ ജോലിക്കുവെയ്ക്കുന്നു എന്നതാണ് ഇതും പ്രവാസികള്‍ക്ക് പരിചയമുള്ള കാര്യമാണ്. ചത്തുപോയാലും ചോദിക്കാന്‍ ആരുമില്ല. വലിയ ചെലവുമില്ല.

മരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മള്‍ മറുനാട്ടുകാരോട് വിവേചനം കാണിക്കുന്നത്. ഗള്‍ഫിലെ ലേബര്‍ കാമ്പുകളിലെ തിരക്ക്, ശുചിത്വമില്ലായ്മ, കഷ്ടപ്പാടുകള്‍ ഇവയെല്ലാം ടി.വി.വഴിയും അറബിക്കഥ വഴിയും നമുക്ക് പരിചയമാകുമ്പോള്‍ നമ്മുടെ ചുറ്റുമുള്ള ലേബര്‍ ക്യാമ്പിലെ ജീവിതങ്ങളെപ്പറ്റി നമുക്ക് ഒരു ബോധവുമില്ല. അടുത്തിടയ്ക്ക് ട്രെയിനില്‍ നിന്നും തള്ളിയിടപ്പെട്ട് പരിക്കേറ്റ ഒറിയ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത് ഒരു രണ്ട് മുറി വീട്ടില്‍15 ഒറിയാക്കാരുമൊത്താണന്ന് വായിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഗള്‍ഫിലെ ലേബര്‍ ക്യാമ്പിലെ പോലെ ഇവിടെയും മഞ്ഞപ്പിത്തമോ, ചിക്കന്‍പോക്‌സോ മറ്റു പകര്‍ച്ച വ്യാധികളോ ഒക്കെ കൂട്ടമായിവരുന്നതില്‍ അതിശയമുണ്ടോ?

അപകടവും ജീവിതസാഹചര്യവും കഴിഞ്ഞാല്‍ മൂന്നാമത്തെ കാര്യം കുറ്റകൃത്യങ്ങളുടേതാണ്. ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന മട്ടിലാണ് പലപ്പോഴും നമ്മുടെ പെരുമാറ്റം. യാത്രക്കിടയില്‍ ആരുതന്നെയായാലും മാല നഷ്ടപ്പെട്ടാല്‍ വണ്ടിയിലുള്ള നാടോടി സ്ത്രീകളുടെ വസ്ത്രം അഴിച്ചു നോക്കുന്നതിനോ, ഗര്‍ഭിണി ആണെങ്കില്‍ പോലും അവര്‍ക്കിട്ട് രണ്ടു കൊടുക്കുന്നതിനോ നമുക്ക് ഒരു മടിയുമില്ലായെന്ന് പലവട്ടം കണ്ടിട്ടുള്ളതാണ്. ഭാഷ അറിയാത്ത,ഈ നാട്ടിലെ എം.പി.യോ എം.എല്ലേയേയോ,ഒരു പഞ്ചായത്ത് മെമ്പറെപ്പോലും അറിയാത്ത ഇവര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ പരാതി പറയാനായി പോലീസ് സ്റ്റേഷനില്‍ പോകാനുള്ള ധൈര്യം ഒരിക്കലുംഉണ്ടാകാറില്ല. അഥവാ കേറിയാല്‍ തന്നെ നാട്ടുകാരോട് അനുഭാവമായ സമീപനമേ പോലീസുകാരും സ്വീകരിക്കാനിടയുള്ളു.

പല പുറംരാജ്യങ്ങളിലും വാഹനം ഓടിക്കുമ്പോള്‍ ഒരു അപകടം ഉണ്ടായാല്‍ മറുവശത്ത് ഒരു നാട്ടുകാരന്‍ ആണെങ്കില്‍ കുറ്റം പ്രവാസിയുടേതാകുമെന്ന് നൂറുശതമാനം ഉറപ്പാണ്. ഇതിനെതിരെ വാദിച്ചതു കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് ഞങ്ങള്‍ക്ക് അറിയാം. അറിയാത്ത ഭാഷയില്‍ നടക്കുന്ന തെളിവെടുപ്പ്, വിചാരണ, അവസാനം ഫലം മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. അതുകൊണ്ടാണ് 97 ശതമാനം പേരും കേസിനു പോകാറുമില്ല.

വന്നു താമസിക്കുന്ന മറുനാട്ടുകാരില്‍ ചീത്തയാളുകള്‍ ഇല്ല എന്ന് ഇതിന് അര്‍ത്ഥമില്ല. എല്ലാവരിലും ഉണ്ടല്ലോ നല്ലതും ചീത്തയും. കേരളത്തില്‍ സ്ത്രീ പീഡനം തൊട്ട് കൊലപാതകം വരെ നടത്തിയവര്‍ മറ്റു നാടുകളിലേക്ക് വിമാനം കയറിപ്പോകുന്നത് അപൂര്‍വ്വമല്ലല്ലോ. അതിനര്‍ത്ഥം കേരളത്തിന് പുറത്തുള്ള ബഹുഭൂരിപക്ഷം മലയാളികള്‍ കള്ളന്മാരാണെന്നോ അതോ അവരെ സഹായിക്കുന്നവര്‍ ആണെന്നോ എന്തിന് അനുഭാവികള്‍ ആണെന്നോ അല്ലല്ലോ?

ഒരു കാര്യം കൂടെ പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. പ്രവാസികള്‍ക്കിടയില്‍ ഞാന്‍ കണ്ടിട്ടുള്ള പല പ്രശ്‌നങ്ങളില്‍ ഏറ്റവും കഷ്ടമായത് അവരുടെ കുട്ടികളുടെ കാര്യമാണ്. പല കുടുംബങ്ങളിലും അവരുടെ കുട്ടികളെ സ്‌ക്കൂളില്‍ വിടാന്‍പോലും പറ്റാത്ത അവസ്ഥയായിരിക്കും. പ്രത്യേകിച്ച് പിതാവിന്റെയോ മാതാവിന്റെയോ പെര്‍മിറ്റ് നഷ്ടപ്പെടുമ്പോള്‍ ചെയ്യാത്ത ഒരു കുറ്റത്തിന് അവര്‍ ശിക്ഷിക്കപ്പെടുകയും അവരുടെ ഭാവി ഇരുട്ടിലാവുകയുമാണ്.

കേരളത്തില്‍ വരുന്ന ഭൂരിഭാഗം ആളുകളും ഗള്‍ഫിലെ മലയാളികളെപ്പോലെ ഒറ്റയാന്‍മാരാണ്. എന്നാല്‍ കുടുംബങ്ങളും ഇല്ലാതില്ല. അവരിലാര്‍ക്കും തന്നെ റേഷന്‍കാര്‍ഡോ മറ്റു രേഖകളോ ഇല്ല. അതുകൊണ്ടുതന്നെ പലര്‍ക്കും സ്‌ക്കൂളുകളില്‍ പ്രവേശനം നിഷേധിച്ച അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ഇപ്പോള്‍ചെറിയമാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് അറിയുന്നു. അത് നല്ലതാണ്.

കേരളത്തില്‍ നിന്നും പുറത്തേക്ക് പോകുന്നവരുടെ ക്ഷേമത്തിന് വകുപ്പും പദ്ധതികളുമൊക്കെ ഉള്ളതുപോലെ കേരത്തിനകത്തേക്ക് വരുന്നവര്‍ക്ക് വേണ്ടിയും വകുപ്പുകളും പദ്ധതികളും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവര്‍ക്ക് നമ്മുടെ ഭാഷ പഠിക്കാന്‍, നമ്മുടെ സംസ്‌കാരത്തെപ്പറ്റി അറിയാന്‍, നമ്മുടെയിടയില്‍ നമ്മോട് ചേര്‍ന്ന് ജീവിക്കാന്‍ പറ്റിയാല്‍ അവര്‍ക്കുംമലയാളികളാകാനുള്ള അവസരം നമ്മള്‍ ഒരുക്കി കൊടുക്കണം. ഒരു സ്ഥലത്തേക്ക് മറ്റു നാടുകളില്‍ നിന്നുള്ള ആളുകളുടെ വരവ് അവിടുത്തെ സംസ്‌കാരത്തേയും സമ്പദ് വ്യവസ്ഥയേയും പുഷ്ടിപ്പെടുത്തുമെന്നാണ് എല്ലാ പാഠനങ്ങളും തെളിയിച്ചിട്ടുള്ളത്. മലയാളികള്‍ പുറം നാടുകളില്‍ പോവുകയും അവിടെ വളരെക്കാലം ജീവിക്കുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്യുന്നത് സാധാരണമാണല്ലോ. മറ്റുള്ള നാട്ടുകാര്‍ പ്രവാസി മലയാളികളോട് എങ്ങനെ പെരുമാറണം എന്നു നാം ആഗ്രഹിക്കുന്നതു പോലെ നമ്മുടെ നാട്ടില്‍ വരുന്ന മറുനാടന്‍ തൊഴിലാളികളോട് നാം പെരുമാറണം.

ബുലൈറ്റിന്റെ മരണം നമുക്ക് ഒരു കളങ്കമാണ്. നമ്മുടെ സമൂഹത്തിന്റെ മുന്നില്‍ ഒരു ചോദ്യമാണ്. ഇനിയതുപോലെ ഒന്ന് സംഭവിച്ചുകൂടാ.

Tuesday, October 4, 2011

ഭൗതികത്തിലെ പ്രതിസന്ധി - വി.ടി.സന്തോഷ്‌








ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടന്നാല്‍ ആപേക്ഷികതാ സിദ്ധാന്തത്തിന് എന്തു സംഭവിക്കും?


ഗുമസ്തപ്പണിയെല്ലാം വിട്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ കോളേജില്‍ പ്രൊഫസറായി ജോലി നോക്കുന്ന കാലം. കൊല്ലപ്പരീക്ഷ നടക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി പരിഭ്രമിച്ചു കടന്നുവന്നു.

'ഇത്തവണത്തെ പരീക്ഷയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ അപ്പടി ആവര്‍ത്തിച്ചിരിക്കുകയാണ്, സര്‍'

'ചോദ്യങ്ങള്‍ പഴയതു തന്നെ', ഐന്‍സ്റ്റൈന്‍ ഒന്നു ചിരിച്ചു. 'പക്ഷേ ഇക്കൊല്ലം ഉത്തരങ്ങള്‍ പുതിയതാണല്ലോ!'

ഇതു വെറും കഥയാവാം. മഹാന്‍മാരുടെ ജീവചരിത്രത്തിനു കൊഴുപ്പേകാന്‍ എഴുത്തുകാര്‍ കൂട്ടിച്ചേര്‍ക്കുന്ന തൊങ്ങലുകളിലൊന്ന്. കഥയായാലും അല്ലെങ്കിലും ഐന്‍സ്‌റ്റൈന്‍ പറഞ്ഞതു കാര്യമായിരുന്നു. പഴയ ചോദ്യങ്ങള്‍ക്ക് അപ്പോഴേക്കും പുതിയ ഉത്തരങ്ങള്‍ തയ്യാറായിരുന്നു.

ഭൗതികശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്കു നൂറ്റാണ്ടുകളായി പറഞ്ഞുപോരുന്ന ഉത്തരങ്ങളാണ് ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പുതുക്കിയത്. പഴയ സമവാക്യങ്ങള്‍ അദ്ദേഹം തിരുത്തി. പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതിച്ചു. വൈജ്ഞാനിക ലോകത്ത് പുതുവിപ്ലവം സൃഷ്ടിച്ചു.

ഇപ്പോള്‍ ശാസ്ത്ര ലോകം ചര്‍ച്ച ചെയ്യുന്നത് മറ്റൊരു വിപ്ലവത്തെക്കുറിച്ചാണ്. അതു യാഥാര്‍ഥ്യമായാല്‍ ഭൗതികത്തില്‍ വീണ്ടുമൊരു കോളിളക്കമുണ്ടാകും. പഴയ വിപ്ലവനായകന്‍ ഐന്‍സ്റ്റൈന്‍ പഴഞ്ചനാകും. ആപേക്ഷികതാ സിദ്ധാന്തം കാലഹരണപ്പെടും. കോലാഹലമെല്ലാം കെട്ടടങ്ങുമ്പോള്‍, ആ പഴയ ചോദ്യങ്ങള്‍ക്ക് കുറേക്കൂടി പുതിയ ഉത്തരങ്ങള്‍ ലഭിക്കും.

പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങള്‍ തേടി കണികാ പരീക്ഷണം നടത്തുന്ന യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണ ഏജന്‍സി(സേണ്‍)യിലെ ശാസ്ത്രജ്ഞരാണ് ഭൗതിക ശാസ്ത്രത്തെ പിടിച്ചുലച്ചേക്കാവുന്ന കണ്ടെത്തലിനു പിന്നില്‍. കണികാ പരീക്ഷണം എങ്ങുമെത്തിയിട്ടില്ലെങ്കിലും അവരുടെ 'ഒപേര' പദ്ധതി പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് മുന്നേറിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള 'സേണി'ല്‍ നിന്ന് അവര്‍ 730 കിലോമീറ്റര്‍ അകലെ ഇറ്റലിയില്‍ റോമിനടുത്തുള്ള ഗ്രാന്‍ സാസോ ഗവേഷണ ശാലയിലേക്ക് പദാര്‍ഥത്തിന്റെ മൗലിക കണങ്ങളിലൊന്നായ ന്യൂട്രിനോ തൊടുത്തുവിട്ടു. ജനീവയില്‍ നിന്നു റോമിലേക്കുള്ള സഞ്ചാരത്തിന് ആ കുഞ്ഞു കണങ്ങളെടുത്ത സമയം നോക്കിയപ്പോള്‍ ശാസ്ത്രജ്ഞര്‍ ഞെട്ടിപ്പോയി. 'പ്രകാശത്തേക്കാള്‍ വേഗത്തിലാണ് ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നത്'.

ശൂന്യതയിലൂടെ പ്രകാശം സഞ്ചരിക്കുന്ന വേഗത്തെ മറികടക്കാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റൊന്നിനുമാവില്ലെന്ന ആശയമാണ് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കാതല്‍. അതാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനം. പ്രകാശ വേഗത്തെ എന്തെങ്കിലും മറികടന്നാല്‍ ഈ അടിത്തറയ്ക്കുമേല്‍ കെട്ടിപ്പൊക്കിയ ശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം തകിടം മറിയും. ഒരു നൂറ്റാണ്ടു പിന്നിട്ട ആപേക്ഷികതാ സിദ്ധാന്തത്തെ മറികടന്നുകൊണ്ട് ശാസ്ത്രം പുതുവഴികള്‍ തേടും. അതുകൊണ്ടെന്താ പ്രശ്‌നം എന്നു ചോദിക്കുന്നവരുണ്ടാകും. അവര്‍ക്ക് ആപേക്ഷികതാ സിദ്ധാന്തം എന്താണെന്നറിയില്ല എന്നു മനസ്സിലാക്കിയാല്‍ മതി. ആപേക്ഷികതാ സിദ്ധാന്തത്തെ പിന്തുടര്‍ന്നുവന്നുണ്ടായ സിദ്ധാന്തങ്ങളെക്കുറിച്ച് അത്രയും അറിവുണ്ടാകില്ല. അതില്‍ ലജ്ജിക്കാനൊന്നുമില്ല. നമ്മള്‍ സാധാരണക്കാര്‍ക്ക് അത്രയെളുപ്പം മനസ്സിലാകുന്നതല്ല ഇതൊന്നും.

ആപേക്ഷികതാ സിദ്ധാന്തം

ആപേക്ഷികതാ സിദ്ധാന്തം ശരിക്കുള്‍ക്കൊണ്ടിട്ടുള്ളവരുടെ എണ്ണം ഒരു ഡസനില്‍ താഴെയേ വരൂ എന്ന് ഐന്‍സ്‌റ്റൈന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിരുന്ന ആര്‍തര്‍ എഡിങ്ടണോട് ഒരിക്കല്‍ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു. 'ആപേക്ഷികതാ സിദ്ധാന്തം പൂര്‍ണമായി മനസ്സിലായിട്ടുള്ളത് മൂന്നു പേര്‍ക്കു മാത്രമാണ് എന്നു പറയുന്നത് ശരിയാണോ?' എന്ന്. 'ആരാണാ മൂന്നാമന്‍?' എന്നായിരുന്നു എഡിങ്ടന്റെ മറുചോദ്യം.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആര്‍ക്കിമിഡീസും ഗലീലിയോയും ന്യൂട്ടനുമെല്ലാം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് എളുപ്പം മനസ്സിലാവും. കാരണം നമ്മള്‍ക്കു ചിരപരിചിതമായ വസ്തുക്കള്‍ ചൂണ്ടിക്കാണിച്ചും കണ്‍മുന്നിലുള്ള പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടിയുമാണ് അവര്‍ ശാസ്ത്ര തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചത്. മൂന്നര നൂറ്റാണ്ടു മുമ്പ് സര്‍ ഐസക് ന്യൂട്ടന്‍ അവതരിപ്പിച്ച ചലന നിയമങ്ങളും ഗുരുത്വാകര്‍ഷണ സിദ്ധാന്തവുമായിരുന്നു, ഐന്‍സ്റ്റൈന്‍ വരുന്നതുവരെ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ശില. പ്രപഞ്ച പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ ന്യൂട്ടന്റെ ചലനനിയമങ്ങളായിരുന്നു, ആശ്രയം. അതായിരുന്നു അവസാന വാക്ക്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് കഥ മാറാന്‍ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി പുതിയ കണ്ടുപിടിത്തങ്ങള്‍ വന്നു. പരമാണുവിന്റെ ഉള്ളറകളിലെ സൂക്ഷ്മപ്രപഞ്ചത്തിലേക്കു മനുഷ്യന്റെ ദൃഷ്ടികള്‍ തുളച്ചിറങ്ങി. അതി വിദൂരതയിലുള്ള ആകാശഗോളങ്ങളിലേക്ക് അവന്റെ കണ്ണുകള്‍ പറന്നുചെന്നു. അവിടെ കണ്ടറിഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ന്യൂട്ടന്റെ നിയമങ്ങള്‍ മതിയാവാതെ വന്നു. അപ്പോഴാണ് ഐന്‍സ്‌റ്റൈന്‍ പുതിയൊരു പ്രപഞ്ച വീക്ഷണം അവതരിപ്പിച്ച് ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കിയത്.
സ്ഥലകാലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗുരുത്വാകര്‍ഷണ സിദ്ധാന്തമാണ് ഐന്‍സ്റ്റൈന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തം എന്നു പറയാം. നീളം, വീതി, ഉയരം എന്നീ മൂന്നു മാനങ്ങള്‍ക്കു പുറമെ കാലം എന്ന നാലാമതൊരു മാനം കൂടിയുള്ള ചതുര്‍മാന സാന്തത്യം (Four Dimentional Space-time Continuum) ആണ് ഐന്‍സ്‌റ്റൈന്റെ പ്രപഞ്ചം. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളെയും ഈ ചതുര്‍മാന ജ്യാമിതിയുപയോഗിച്ചു വിശദീകരിക്കാമെന്ന് അദ്ദേഹം തെളിയിച്ചു.

സ്ഥലം(space), കാലം(time) ഇവ ആപേക്ഷികമാണെന്ന ആശയമാണ് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ചലനത്തിനനുസരിച്ച് വസ്തുക്കളുടെ ദ്രവ്യമാന(mass)വും നീളവും മാറും. അതിവേഗം ചലിക്കുമ്പോള്‍ സമയം നീങ്ങുന്നതു പോലും പതുക്കെയാവും. ചലിക്കുന്ന ദണ്ഡിന്റെ നീളം കുറയും, ദ്രവ്യമാനം കൂടും. വേഗം പ്രകാശ വേഗത്തിനൊപ്പമായാല്‍ ദ്രവ്യമാനം അനന്തമാവും. പ്രകാശ വേഗത്തില്‍ ചലിക്കുമ്പോള്‍ കാലം മുന്നോട്ടു പോവില്ല. അങ്ങനെവരുമ്പോള്‍ പ്രകാശ വേഗത്തിനുമപ്പുറം വേഗമാര്‍ജിച്ചാല്‍ കാലത്തിലൂടെ പിന്നിലേക്കു സഞ്ചരിക്കാന്‍ പറ്റണം. അതെങ്ങനെ പറ്റും?

അങ്ങനെയൊരപകടം വരാതിരിക്കാന്‍ ആപേക്ഷികതാ സിദ്ധാന്തം വസ്തുക്കളുടെ ചലന വേഗത്തിന് പരിധി വച്ചു. ഈ പ്രപഞ്ചത്തില്‍ ഏറ്റവും വേഗമുള്ളത് പ്രകാശത്തിനാണ്. ഒരു പദാര്‍ഥത്തിനും പ്രകാശ വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ പറ്റില്ല. ശൂന്യതയില്‍ പ്രപഞ്ചത്തിന്റ വേഗം സാര്‍വലൗകിക സ്ഥിരാങ്കം (Universal constant) ആണെന്ന് ഐന്‍സ്‌റ്റൈന്‍ സ്ഥാപിച്ചു. ഇ സമം എംസി സ്‌ക്വയേഡ് എന്ന വിഖ്യാത സമീകരണത്തിലെ സിയാണ് ഈ സ്ഥിരാങ്കം.

കോടികള്‍ ചെലവിട്ടു നടത്തിയ പരീക്ഷണങ്ങളിലൂടെയോ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തിയ കണക്കുകൂട്ടലുകളിലൂടെയോ അല്ല, ഐന്‍സ്‌റ്റൈന്‍ ഈ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചത്. കടലാസും പെന്‍സിലും മാത്രമായിരുന്നു, പേറ്റന്‍്‌റ് ഓഫീസില്‍ ഗുമസ്തനായിരുന്ന ഐന്‍സ്റ്റൈന്റെ ഗവേഷണ സാമഗ്രികള്‍. സ്ഥിരവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്കു മാത്രം ബാധകമായ വിശിഷ്ടാപേക്ഷികതാ സിദ്ധാന്തവുമായി ഐന്‍സ്റ്റൈന്‍ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നത് 1905ലാണ്. എല്ലാ വസ്തുക്കള്‍ക്കും ബാധകമായ സാമാന്യാപേക്ഷികതാ സിദ്ധാന്തം 1916ല്‍ അവതരിപ്പിച്ചു. മടിച്ചുമടിച്ചാണ് ശാസ്ത്രലോകം ഈ ആശയങ്ങള്‍ സ്വീകരിച്ചത്. പക്ഷേ പില്‍ക്കാലത്തു നടന്ന പരീക്ഷണങ്ങള്‍ ഐന്‍സ്്‌റ്റൈന്റെ നിഗമനങ്ങള്‍ ശരിവെച്ചു. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഒന്നൊന്നായി ശരിയെന്നു തെളിഞ്ഞു. അതോടെ ഐന്‍സ്‌റ്റൈന്റെ ആശയങ്ങള്‍ ഭൗതിക ശാസ്ത്രത്തിലെ ആണിക്കല്ലായി, അവസാന വാക്കായി. വര്‍ഷം 106 ആയിട്ടും അതിന് ഇളക്കമൊന്നും പറ്റിയില്ല.

എങ്കിലും ഐന്‍സ്റ്റൈനു തെറ്റുപറ്റിയെന്ന അവകാശ വാദങ്ങളുമായി ഇടക്കിടെ ചിലരൊക്കെ മുന്നോട്ടുവരാറുണ്ട്. ആപേക്ഷികതാ സിദ്ധാന്തം വായിച്ചു മനസ്സിലാക്കാന്‍ പോലും ശേഷിയെത്തിയിട്ടില്ലാത്ത കുട്ടികളും ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെല്ലാം ഉപനിഷത്തുകളിലും മതഗ്രന്ഥങ്ങളിലുമുണ്ടെന്ന അവകാശവാദവുമായെത്തുന്ന കപട ചിന്തകരും മുതല്‍ വിഖ്യാത ശാസ്ത്രജ്ഞര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. പക്ഷേ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ചുവടിളക്കാന്‍ പോന്ന കണ്ടെത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് സേണിലെ 'ഒപേര' പരീക്ഷണം ഞെട്ടലുളവാക്കുന്നത്.

ന്യൂട്രിനോ പരീക്ഷണം

പരമാണുവിലെ സൂക്ഷ്മകണങ്ങളിലൊന്നാണ് ന്യൂട്രിനോ. പരമാണു കേന്ദ്രത്തിലെ കണമായ പ്രോട്ടോണ്‍ ഗ്രാഫൈറ്റ് പാളിയില്‍ ചെന്നിടിച്ചാല്‍ ന്യൂട്രിനോകള്‍ സ്വതന്ത്രമാവും. ചില തരം റേഡിയോ ആക്ടീവ് ക്ഷയത്തിലൂടെയും കോസ്മിക് രശ്മികള്‍ പരമാണുക്കളുമായി ഇടിക്കുമ്പോളും സൂര്യനില്‍ നടക്കുന്നതു പോലുള്ള ആണവ പ്രവര്‍ത്തനത്തിലൂടെയും അവ സൃഷ്ടിക്കപ്പെടും. 1930ല്‍ വോള്‍ഫ്ഗാങ് പൗളിയാണ് ഇങ്ങനെയൊരു കണമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആദ്യമായി പ്രവചിച്ചത്. 1956ലാണ് അതു കണ്ടെത്തുന്നത്. വൈദ്യുതി ചാര്‍ജില്ലാത്ത ഈ കണങ്ങള്‍ക്ക് ഇത്തിരിയാണെങ്കിലും പിണ്ഡമുണ്ടെന്നു കണ്ടെത്തിയത് ജപ്പാനിലെ സൂപ്പര്‍ കാമിക്കോന്‍ഡെ ഡിറ്റക്ടറുപയോഗിച്ച് 1998ല്‍ നടത്തിയ പരീക്ഷണത്തിലാണ്.

പ്രകാശകണമായ ഫോട്ടോണുകളെപ്പോലെയല്ല ന്യൂട്രിനോകള്‍. പാറക്കെട്ടുകള്‍ തുളച്ചും അതു കടന്നുപോകും. ഇതു വായിക്കുമ്പോഴേക്ക് കോടാനുകോടി ന്യൂട്രിനോകള്‍ നിങ്ങളറിയാതെ, നിങ്ങളുടെ ശരീരം തുളച്ചു കടന്നു പോയിട്ടുണ്ടാകും. കണ്ടത്താന്‍ നന്നെ പ്രയാസമായതുകൊണ്ട് ചെകുത്താന്‍ കണമെന്നാണ് അതിന്നു വിശേഷണം. മറ്റൊരു മാധ്യമത്തിലൂടെ കടന്നുപോവുമ്പോള്‍ ന്യൂട്രിനോയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരും. അതേക്കുറിച്ചായിരുന്നു സേണിലെ 'ഒപേര' പരീക്ഷണം. 11 രാജ്യങ്ങളില്‍ നിന്നുള്ള 160 ശാസ്ത്രജ്ഞര്‍ 'ഒപേര' പദ്ധതിയില്‍ പങ്കാളികളാണ്.

നേരത്തേ പറഞ്ഞ പോല, 'ഒപേര'യിലെ ശാസ്ത്രജ്ഞര്‍ സേണില്‍ നിന്് ഗ്രാന്‍ സാസോ ഭൂഗര്‍ഭ ഗവേഷണശാലയിലേക്ക് ന്യൂട്രിനോകള്‍ തൊടുത്തുവിട്ടു. ആല്‍പ്‌സ് പര്‍വതനിരകള്‍ തുളച്ചുകടന്ന് ഇറ്റലിയിലെ ഗ്രാന്‍ സാസോയിലെത്തിയപ്പോള്‍ അവയെ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ പകര്‍ത്തി. അവ സഞ്ചരിച്ച ദൂരമളക്കാന്‍ ജി.പി.എസ് സംവിധാനം ഉപയോഗിച്ചു. ആറ്റമിക് ക്ലോക്കുകളുപയോഗിച്ച് സഞ്ചാര സമയം നിര്‍ണയിച്ചു. പത്തു നാനോ സെക്കന്‍ഡു(ഒരു സെക്കന്‍ഡിന്റെ നൂറുകോടിയിലൊന്നാണ് ഒരു നാനോ സെക്കന്‍ഡ്) വരെ കൃത്യമായിരുന്നു സമയനിര്‍ണയം. 20 സെന്റീമീറ്റര്‍ വരെ കൃത്യമായിരുന്നു ദൂരനിര്‍ണയം. ഭൂമിയുടെ ഭ്രമണം മൂലം പദാര്‍ഥകണത്തിന്റെ വേഗത്തില്‍ വന്നേക്കാവുന്ന വ്യത്യാസം അവര്‍ കണക്കിലെടുത്തിരുന്നു. ന്യൂട്രിനോയുടെ സഞ്ചാര പാതയിലുള്ള തുരങ്കങ്ങളിലെ വാഹന ഗതാഗതംപോലും വിര്‍ത്തിവെച്ചിരുന്നു. കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടായതുകൊണ്ട് കറുത്തീയ പാളികള്‍കൊണ്ടുവേര്‍തിരിച്ച് നിരനിരയായിവെച്ച 150,000 ഫോട്ടോഗ്രാഫിക് ഫിലിമുകളിലാണ് ന്യൂട്രിനോകളെ പകര്‍ത്തിയത്.

സേണില്‍ നിന്ന് ഗ്രാന്‍ സാസോയിലെത്താന്‍ ന്യൂട്രിനോകളെടുത്ത സമയം നിര്‍ണയിച്ചപ്പോഴാണ് ഗവേഷകരുടെ തല പെരുത്തത്. അത്രയും ദൂരമെത്താന്‍ പ്രകാശത്തിന വേണ്ട സമയത്തിലും 60 നാനോ സെക്കന്‍ഡ് മുമ്പേ ന്യൂട്രിനോകള്‍ എത്തിയിട്ടുണ്ട്. (ഒരു സെക്കന്‍ഡിനെ നൂറുകോടിയായി വിഭജിച്ച് അതില്‍ 60 എണ്ണം എടുത്താല്‍ 60 നാനോ സെക്കന്‍ഡായി. നമുക്കു സങ്കല്‍പിക്കാന്‍പോലുമാവാത്തത്ര ചെറുതാണീ സംഖ്യ. പക്ഷേ സൂക്ഷ്മ കണങ്ങളെപ്പറ്റി പഠിക്കുന്ന കണഭൗതികത്തില്‍ അതത്ര നിസ്സാരമല്ല.) ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗം 299,792,458 മീറ്ററാണ്. സേണിലെ പരീക്ഷണം ശരിയാണെങ്കില്‍ ന്യൂട്രിനോയുടെ വേഗം സെക്കന്‍ഡില്‍ 299,798,454 മീറ്റര്‍ വരും. അതായത് പ്രകാശവേഗത്തിന്റെ 0.002 ശതമാനം അധികമാണ് ന്യൂട്രിനോയുടെ വേഗം. പ്രകാശ കണമായ ഫോട്ടോണ്‍ ശൂന്യതയിലൂടെയാണ് ഈ വേഗത്തില്‍ സഞ്ചരിക്കുന്നത്. ചില്ലുപോലുള്ള മാധ്യമങ്ങളിലൂടെ പോകുമ്പോള്‍ വേഗം കുറയും. പാറയിലൂടെ കടന്നുപോകാന്‍ അതിനാവില്ല. എന്നാല്‍ ന്യൂട്രിനോ കടന്നുപോയത് പാറയിലൂടെയാണ്. എന്നിട്ടുമത് പ്രകാശവേഗത്തെ മറികടന്നു.

എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടാകുമെന്ന സംശയത്തില്‍ അവര്‍ പരീക്ഷണം ആവര്‍ത്തിച്ചു. മൂന്നു വര്‍ഷം കൊണ്ട് 15,000 തവണ ന്യൂട്രിനോകളെ പായിച്ചു സമയമളന്നു. പറ്റിയേക്കാവുന്ന പിഴവുകള്‍ക്കുള്ള കിഴിവുകള്‍ വരുത്തി. പക്ഷേ ന്യൂട്രിനോകള്‍ പ്രകാശത്തെ പിന്നിലാക്കിയെന്നായിരുന്നു, അപ്പോഴെല്ലാം കിട്ടിയ ഉത്തരം. ഇത്ര തവണ പരീക്ഷണം ആവര്‍ത്തിച്ചിട്ടും ഒരേ ഉത്തരമാണു കിട്ടുന്നതെങ്കില്‍ കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കാം. പക്ഷേ സംഗതി പ്രകാശ വേഗത്തിന്റെ കാര്യമായതുകൊണ്ട് ശാസ്ത്രജ്ഞര്‍ക്ക് അതിനു ധൈര്യം വന്നില്ല. ഈ കണ്ടെത്തലിനെ അവിശ്വസനീയം എന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരുമെന്ന് സേണിന്റെ റിസര്‍ച്ച് ഡയരക്ടര്‍ സെര്‍ജിയോ ബെര്‍ത്തലൂച്ചി പറയുകയും ചെയ്തു. എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വീണ്ടും വീണ്ടും വിശദമായി പരിശോധിച്ചെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബേണ്‍ സര്‍വകാലാശാലാ പ്രൊഫസര്‍ അന്റോണിയോ എറെഡിറ്റാറ്റയുടെ വിശദീകരണം. എന്നിട്ടും കണ്ടെത്തല്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.

ഭൗതികശാസ്ത്ര വെബ്‌സൈറ്റില്‍ (arXiv.org) പരസ്യപ്പെടുത്തിയ ഗവേഷണഫലം ലോകത്തിന്റെ നാനാഭാഗത്തുമുള്ള ശാസ്ത്രജ്ഞര്‍ക്ക് വിശകലനത്തിനു വിധേയമാക്കാന്‍വെച്ചിരിക്കുകയാണിപ്പോള്‍. തെറ്റുകളുണ്ടെങ്കില്‍ അവര്‍ക്കു ചൂണ്ടിക്കാണിക്കാം. പറ്റുമെങ്കില്‍ വേറൊരു ഗവേഷണശാലയില്‍ പരീക്ഷണം ആവര്‍ത്തിക്കാം എന്നിട്ടു ഫലങ്ങള്‍ താരതമ്യം ചെയ്യാം. അതും ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

ഇത്തരത്തില്‍ ന്യൂട്രിനോ പരീക്ഷണം നടത്താന്‍ സൗകര്യമുള്ള രണ്ടു ഗവേഷണശാലകളേ ലോകത്തുള്ളൂ. അമേരിക്കയില്‍ ഷിക്കാഗോയിലുള്ള നാഷണല്‍ ഫെര്‍മിലാബാണ് ഒന്ന്. ജപ്പാനിലാണ് രണ്ടാമത്തേത്. ഫെര്‍മി ലാബില്‍ 2007ല്‍ സമാനമായ പരീക്ഷണം നടത്തിയതാണ്. മിനോസ്(ങകചഛട) എന്നു പേരിട്ട ആ പദ്ധതിയില്‍ ന്യൂട്രിനോകള്‍ പ്രകാശ വേഗം മറി കടന്നതായി അവര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സൂക്ഷ്മ പരിശോധന നടത്തിയപ്പോള്‍ അളവുകളില്‍ പിഴവു പറ്റിയിരിക്കാനുള്ള സാധ്യത വെളിപ്പെട്ടു. കണ്ടുപിടിത്തത്തിന്റെ കാര്യം അതോടെ അവര്‍ വിട്ടുകളയുകയും ചെയ്തു. ജപ്പാനില്‍ ടി ടു കെ എന്ന പേരില്‍ നടന്ന സമാന പരീക്ഷണവും ലക്ഷ്യത്തിലെത്തിയില്ല. ഇക്കഴിഞ്ഞ ഭുകമ്പത്തില്‍ അവരുടെ ഗവേഷണ സംവിധാനങ്ങള്‍ക്കു കേടുപാടുപറ്റുകയും ചെയ്തു. എങ്കിലും അടുത്ത വര്‍ഷത്തോടെ രണ്ടിടത്തും ന്യൂട്രിനോ പരീക്ഷണങ്ങള്‍ പുനരാംഭിച്ചേക്കും. അതില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍കൂടി വിശദപഠനത്തിനു വിധേയമാക്കിയ ശേഷമേ ശാസ്ത്രജ്ഞര്‍ അന്തിമ നിഗമനത്തിലെത്തൂ.

അസാധാരണങ്ങളായ അവകാശവാദങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ അസാധാരണ തെളിവുകള്‍തന്നെ നിരത്തേണ്ടി വരുമെന്ന് കാള്‍ സാഗന്‍ പറഞ്ഞിട്ടുണ്ട്. അതാണു ശാസ്ത്രത്തിന്റെ രീതി.

പഴയ ചോദ്യം, പുതിയ ഉത്തരം


ശാസ്ത്രത്തിലാണെങ്കിലും തത്ത്വചിന്തയിലാണെങ്കിലും ചോദ്യങ്ങള്‍ മിക്കതും പഴയതു തന്നെയാണ്. മതങ്ങള്‍ പഴയ ഉത്തരങ്ങളില്‍ത്തന്നെ കടിച്ചുതൂങ്ങും. ശാസ്ത്രമാകട്ടെ, ഉത്തരങ്ങള്‍ പുതുക്കാനുള്ള അന്വേഷണങ്ങള്‍ തുടരും. ന്യൂട്ടന്റെ ചനലനിയമങ്ങളുടെ സ്ഥാനത്ത് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം വന്നപ്പോള്‍ ഭൗതികശാസ്ത്രത്തിനു കരുത്തു വര്‍ധിച്ചതേയുള്ളൂ. ന്യൂട്രിനോ പരീക്ഷണത്തെ വിശദീകരിക്കാന്‍ ഐന്‍സ്റ്റൈന്റെ സിദ്ധാന്തം പോരെന്നുവന്നാല്‍ കുറേക്കൂടി ശക്തമായ മറ്റൊരു സിദ്ധാന്തം പകരം വരും. അപ്പോഴും, നമുക്കു പരിചിതമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ന്യൂട്ടന്റെ സയന്‍സ് മതിയെന്നു പറയുമ്പോലെ, അതിവേഗത്തില്‍ ചരിക്കുന്ന സംഗതികള്‍ മനസ്സിലാക്കാന്‍ ആപേക്ഷികതാ സിദ്ധാന്തം ഉപയോഗിക്കാം. പ്രകാശവേഗം മറികടക്കുന്ന കണങ്ങളുടെ കാര്യത്തില്‍ പുതിയ സിദ്ധാന്തവും.

പക്ഷേ ഇവിടെ വേറൊരു പ്രശ്‌നമുണ്ട്. വേണമെങ്കിലതിനെ ഭൗതികത്തിലെ പ്രതിസന്ധി എന്നു വിളിക്കാം. ഐന്‍സ്റ്റൈന്റെ സിദ്ധാന്തമനുസരിച്ച്, പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന പദാര്‍ഥങ്ങളെ സംബന്ധിച്ചിടത്തോളം കാലം നിശ്ചലമാകണം. പ്രകാശവേഗത്തിനുമപ്പുറം സഞ്ചരിക്കുന്നവര്‍ക്ക് കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കാനാകണം. കാലം മുന്നില്‍നിന്നു പിന്നോട്ടു സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ കാര്യകാരണ ബന്ധവും തകിടംമറിയും. കാര്യം ആദ്യം, അതിന്റെ കാരണം പിന്നെ എന്ന അവസ്ഥ വരും. ലൈറ്റ് കത്തിയതിനു ശേഷം സ്വിച്ച് ഓണാക്കിയാല്‍ മതിയാവും. അതങ്ങനെയാണ്, ഒരുപാടു മുന്നോട്ടുപോകുമ്പോള്‍ ശാസ്ത്രം തത്വചിന്തയോടടുക്കും. കുറേയേറെ കിഴക്കോട്ടു പോകുമ്പോള്‍ പടിഞ്ഞാറെത്തുമെന്നതുപോലെ. എന്നുവെച്ച് സ്വിച്ചിടുന്നതിനു മുമ്പു ലൈറ്റു കത്താന്‍ പാടുണ്ടോ?

കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുന്നതിനെപ്പറ്റി ശാസ്ത്ര കഥകള്‍ ധാരാളമിറങ്ങിയിട്ടുണ്ട്. അങ്ങനെയൊരു സാധ്യതയെപ്പറ്റി ശാസ്ത്രജ്ഞരും ചിന്തിച്ചിട്ടുണ്ട്. പ്രകാശവേഗത്തെ മറികടക്കുന്ന ടാക്കിയോണുകളെന്ന സാങ്കല്‍പിക കണങ്ങളെപ്പറ്റി അവര്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. പ്രശസ്ത ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ആര്‍നോള്‍ഡ് സൊമ്മര്‍ഫെഡ് ആണ് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. മലയാളിയായ ഇ.സി.ജി. സുദര്‍ശന്‍ അതിനെ ഒന്നുകൂടി വികസിപ്പിച്ച് അതിന്റെ വക്താവായി മാറി. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതുകൊണ്ട് ടാക്കിയോണുകള്‍ക്ക് കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കാന്‍ പറ്റും. പക്ഷേ നിലവിലുള്ള പദാര്‍ഥങ്ങളുമായൊന്നും ഇടപെടാന്‍ അതിനു പറ്റില്ല. സൈദ്ധാന്തിക തലത്തില്‍ മാത്രമേ അതിനു നിലനില്‍പ്പുള്ളൂ എന്നര്‍ഥം. ഈ സൈദ്ധാന്തിക കണങ്ങളെ ഇന്നേവരെ കണ്ടെത്താനായിട്ടില്ല. പ്രകാശവേഗം മറികടന്ന ന്യൂട്രിനോകള്‍ക്ക് ടാക്കിയോണുകളുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ സേണിലെ പരീക്ഷണങ്ങള്‍ സുദര്‍ശന്റെ നിഗമനങ്ങള്‍ ശരിവെക്കുന്നു എന്നു പറയാനുമാവില്ല.

എങ്കിലും, കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുന്നത് സൈദ്ധാന്തികായി സാധ്യമാണ് എന്നു വേണമെങ്കില്‍ പറയാം. പക്ഷേ പ്രായോഗിക തലത്തില്‍ തത്ക്കാലം അത് അസാധ്യം തന്നെയാണ്. അതുപയോഗപ്പെടുത്താനുള്ള സാങ്കേതിക വിദ്യ നിലവിലില്ല. ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടന്നു എന്നു തന്നെ വയ്ക്കുക. മനുഷ്യന് അങ്ങനെയൊരു വേഗത്തില്‍ സഞ്ചരിക്കാനുള്ള സംവിധാനം അടുത്ത കാലത്തൊന്നും നിലവില്‍ വരില്ല. പേരിനു മാത്രം പിണ്ഡമുള്ള ന്യൂട്രിനോകളെപ്പോലെ ഭാരമുള്ള കണങ്ങള്‍ക്കു സഞ്ചരിക്കാനാവില്ല.

അപ്പോള്‍പിന്നെ പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ എങ്ങനെ വിശദീകരിക്കും? ഈ പ്രപഞ്ചത്തിന് ആപേക്ഷികതാ സിദ്ധാന്തം മുന്നില്‍ കണ്ടിട്ടില്ലാത്ത ഒരു അഞ്ചാം മാനമുണ്ടാകാം എന്നൊരു സാധ്യത ചില ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്നുണ്ട്. നീളം, വീതി, ഉയരം, കാലം എന്നീ നാലു മാനങ്ങള്‍ക്കു പുറമെ അഞ്ചാമതൊരു മാനം കൂടിയുള്ള, നമുക്ക് പരിചിചമല്ലാത്ത, ആ പ്രപഞ്ചത്തിലെ ഏതെങ്കിലും കുറുക്കുവഴിയിലൂടെയാവാം ന്യൂട്രിനോ സഞ്ചരിച്ചതെന്നാണ് ഇന്‍ഡ്യാന സര്‍വകലാശാലയിലെ അലന്‍ കോസ്‌റ്റെലെക്കി പറയുന്നത്. ആ തലത്തില്‍ പ്രകാശത്തിന്റെ വേഗം വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഐന്‍സ്‌റ്റൈന്‍ പറഞ്ഞ നാലു മാനങ്ങള്‍ വിഭാവനം ചെയ്യാന്‍ തന്നെ നമുക്ക് എളുപ്പമല്ല, അപ്പോളീ അഞ്ചാം മാനത്തെ എവിടെകൊണ്ടുവെക്കും?

അതല്ലെങ്കില്‍ പിന്നെ രണ്ടു വഴികളാണുള്ളത്. ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം പൂര്‍ണമായും തെറ്റായിരുന്നെന്നു തെളിയാനുള്ള സാധ്യതയാണ് ആദ്യത്തേത്. അങ്ങനെയാണെങ്കില്‍ പ്രകാശവേഗം പരമോന്നതമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പ്രകാശവേഗത്തെ മറികടന്നാല്‍ കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കാമെന്നു പറയുന്നതിലും അര്‍ഥമില്ല. പക്ഷേ ചരിത്രത്തില്‍ ഒരു മനുഷ്യന്റെ ബുദ്ധിയില്‍ നിന്നുദിച്ച ഏറ്റവും വലിയ ആശയമെന്നു വിശേഷിപ്പിക്കപ്പെട്ട ആപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്നു സ്ഥാപിക്കാന്‍ ഇപ്പറഞ്ഞ തെളിവുകളൊന്നും പോരാ. അസാധാരണമായ ആ അവകാശവാദത്തിന് അസാധാരണ തെളിവുകള്‍ തന്നെ വേണം.

പിന്നെ ഒരു വഴിയേ ഉള്ളൂ. സേണിലെ ശാസ്്ത്രജ്ഞര്‍ക്ക് എവിടെയെങ്കിലും തെറ്റുപറ്റിയിട്ടുണ്ടാകണം. ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടന്നു എന്ന കണ്ടെത്തല്‍ അബദ്ധത്തില്‍ സംഭവിച്ചതായിരിക്കണം. ദൂരവും സമയവുമളക്കുമ്പോള്‍ എവിടെയോ അവര്‍ക്കു പിശകു പറ്റിയിട്ടുണ്ടാകാം. ആ പിശകു കണ്ടെത്തിയാല്‍ ഐന്‍സ്റ്റൈനും ആപേക്ഷികതാ സിദ്ധാന്തത്തിനും ഒരു കുഴപ്പവുമുണ്ടാകില്ല. കാലത്തിലൂടെ പിന്നോട്ടു ചെല്ലുന്നതുകൊണ്ടുള്ള ആശയക്കുഴപ്പങ്ങളുമുണ്ടാകില്ല. കാര്യകാരണ ബന്ധം ഇന്നത്തെപ്പോലെ സുഭദ്രമായി നിലകൊള്ളും. വാസ്തവത്തില്‍ അങ്ങനെയൊരു പിശക് കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം ശാസ്ത്രജ്ഞരും ന്യൂട്രിനോ ഗവേഷണം സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുന്നത്. അതുകൊണ്ട് തത്ക്കാലം ഇ എന്നാല്‍ എംസി സ്‌ക്വയേഡ് തന്നെയാണ്.

വാല്‍ക്കഷണം


സേണിലെ ന്യൂട്രിനോ പരീക്ഷണത്തെത്തുടര്‍ന്ന് ട്വിറ്ററില്‍ പ്രചരിക്കുന്ന ഫലിതങ്ങളില്‍ ഒന്നിതാ-

'ന്യൂട്രിനോകള്‍ക്ക് ഇവിടെ മദ്യം നല്‍കാറില്ല'- വെയിറ്റര്‍ പറഞ്ഞു. പ്രകാശത്തേക്കാള്‍ വേഗമുള്ള ഒരു ന്യൂട്രിനോ ബാറില്‍ പ്രവേശിച്ചു.

എന്താണിതിലെ തമാശയെന്നാണോ? അതു മനസ്സിലാകാത്തവര്‍ക്കായി വേറൊരു ന്യൂട്രിനോ ഫലിതം 'ഇന്നലെ' വരുമെന്നും ട്വിറ്ററില്‍ കണ്ടു.

പേജിലേക്ക്

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി: കര്‍ഷകക്ഷേമത്തിനും കൃഷിക്കും മുന്‍ഗണന നല്‍കണം - ആര്‍ ഹേലി

                        ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും കൃഷിരംഗത്തും കൃഷിവിഭവങ്ങള്‍ കൈകാര്യംചെയ്യുന്ന മേഖലയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാ കാര്‍ഷികവിഭവങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിച്ചു. ഒപ്പം ജനസംഖ്യയും വിപണനവും. ഇവിടെയാണ് മാറ്റങ്ങളുടെ പ്രത്യേകത തെളിയുന്നത്. ഉല്‍പ്പാദന മേഖലയിലുള്ള കൃഷിക്കാര്‍ പ്രസ്തുത മേഖലയില്‍നിന്ന് മാറാന്‍ കഠിനയത്നം നടത്തുകയും അടുത്ത തലമുറയെ കൃഷിയില്‍നിന്നു മാറ്റാനും ശ്രമിക്കുമ്പോള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൃഷി വിഭവ വിപണി കൈകാര്യം ചെയ്യുന്ന ശക്തികള്‍ , സാമ്പത്തികമായും സാമൂഹ്യമായും അധികാര ശക്തികളുമായി സൗഹൃദം വര്‍ധിപ്പിച്ച് സര്‍വനിലയിലും വളര്‍ന്നിരിക്കുന്നു! $ ഹരിതവിപ്ലവം വിജയിച്ച് ധാന്യമേഖലയിലെ ഇറക്കുമതി ഒഴിവാക്കി ഇന്ത്യ ധാന്യസുരക്ഷ കൈവരിച്ചത് 1978-79ല്‍ ആണ്. അന്നത്തെ ധാന്യ ഉല്‍പ്പാദനം വെറും 13.1 കോടി ടണ്‍മാത്രം ആയിരുന്നു. $ 2010-11ല്‍ ധാന്യ ഉല്‍പ്പാദനം 24.5 കോടി ടണ്‍ ആയി ഉയര്‍ന്നു. ഇതു ശ്രദ്ധേയമായ കര്‍ഷക സംഭാവനയാണ്. $ പാലിന്റെ ഉല്‍പ്പാദന വര്‍ധന അഥവ ധവളവിപ്ലവം ഇന്ത്യയില്‍ സൃഷ്ടിച്ച നേട്ടം ഇതിലും ഗംഭീരമാണ്. 1950ല്‍ 17 ദശലക്ഷം ടണ്‍ ആയിരുന്നത് 2006-07ല്‍ 100 ദശലക്ഷം ടണ്‍ ആയി വര്‍ധിച്ചു. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രം ഇന്ത്യയത്രെ. $ മുട്ട ഉല്‍പ്പാദനം ഇതേ കാലയളവില്‍ 2 ബില്യണില്‍നിന്ന് 50.7 ബില്യണായി കുതിച്ചുയര്‍ന്നു. $ പഴം, പച്ചക്കറി ഉല്‍പ്പാദനത്തില്‍ ഉണ്ടായ ഉയര്‍ച്ചയും ശ്രദ്ധേയം. എട്ടുകോടി ടണ്ണിലേറെ പച്ചക്കറിയും നാലുകോടി ടണ്ണിലേറെ പഴവര്‍ഗങ്ങളും പ്രതിവര്‍ഷം ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നു. പുറമെ രണ്ടരക്കോടി ടണ്‍ ഉരുളക്കിഴങ്ങും മറ്റു വിവിധ വിളകളും ഉണ്ടാക്കുന്നു. അങ്ങനെ കൃഷിരംഗത്തെ ഉല്‍പ്പാദനം വര്‍ധിച്ചിരിക്കുന്നു എന്നത് സത്യം. യഥാര്‍ഥത്തില്‍ ഈ ഉല്‍പ്പാദനത്തിനു പിന്നില്‍ കൃഷിക്കാരും കര്‍ഷക തൊഴിലാളികളുമാണെന്ന സത്യം പലരും മറക്കുന്നു. മൊത്തം ജനസംഖ്യയുടെ 65 ശതമാനം വരും ഇക്കൂട്ടര്‍ എന്നാണ് കണക്ക് സൂചിപ്പിക്കുന്ന്. പക്ഷേ, അവര്‍ കൃഷിയില്‍നിന്ന്, കൂടുതല്‍ സമ്പദ്ഭദ്രതയും മറ്റ് വളര്‍ച്ചാ സൗകര്യങ്ങളുമുള്ള രംഗത്തേക്കു മാറുന്നത് ചെറിയ കാര്യമല്ല. കൃഷിരംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഗുണഫലം ഉള്‍ക്കൊണ്ട് സമൂഹമധ്യത്തില്‍ സുസ്ഥിരമായി ഉയരുന്നത് കാര്‍ഷിക വിഭവങ്ങളുടെ വിപണനം കൈകാര്യംചെയ്യുന്ന ചെറിയ ശതമാനംമാത്രമാണ്. വിപണിശക്തികള്‍ മാനം മുട്ടെ വളരുന്നു. ഉല്‍പ്പാദക സമൂഹം രംഗത്തുനിന്ന്ക്ഷീണിച്ചു മാറുന്നു. ഇതിനെ ശുഭസൂചകമായി കാണുന്നത് ബുദ്ധിപൂര്‍വമായ സമീപനമല്ല. ഉല്‍പ്പാദകരെ രക്ഷിക്കുകയും വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനം ഇന്ത്യയില്‍ വളരെ ദുര്‍ബലമാണ്. വിശേഷിച്ചും കാലാവസ്ഥമാറ്റത്തെ ഭയക്കുന്ന നാം കര്‍ഷകരുടെ രംഗം വിട്ടുപോകാനുള്ള വ്യഗ്രതയുടെ ആഴം മനസിലാക്കുന്നില്ലെന്ന് പറഞ്ഞേ മതിയാകൂ. കൃഷിരംഗത്തെ നവീകരണത്തിന്റെ മുഖ്യഫലങ്ങള്‍ വിപണിയുടെ ശക്തികള്‍ക്കാണ് ലഭിക്കുന്നത്. കടലില്‍ ചായം കലക്കുന്നത് പോലെ ചിലതെല്ലാം കൃഷിക്കാര്‍ക്ക് കിട്ടുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെ പറയപ്പെടുന്നെങ്കിലും, വ്യാപാരിയെയും ഒരു പരിധിവരെ ഉപയോക്താവിനെയും പ്രസാദിപ്പിക്കാനുള്ള ശ്രമംപോലെ കൃഷിക്കാരനെ സംരക്ഷിക്കാനും വളര്‍ത്താനും പദ്ധതികള്‍ ഇല്ലെന്നതാണ് വാസ്തവം. സര്‍ക്കാര്‍ നിയോഗിച്ച് തയ്യാറാക്കിയ "ദേശീയ കാര്‍ഷിക കമീഷന്‍" റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡോ. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷം 4 കഴിഞ്ഞു. ആരും അനങ്ങുന്നില്ല. എന്തിനേറെ കൃഷിമന്ത്രി കാര്യാലയത്തിന്റെ പേര് കൃഷി, കര്‍ഷകക്ഷേമ മന്ത്രി കാര്യാലയം എന്ന് മാറ്റാനുള്ള ശുപാര്‍ശപോലും സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കര്‍ഷകര്‍ക്കോ അവരുടെയുംകൂടി വോട്ട് കൊണ്ട് അധികാരത്തിലേറിയ എംപിമാര്‍ക്കോ കഴിഞ്ഞിട്ടില്ല. ഒരു ചര്‍ച്ചപോലും പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് ഉണ്ടായിട്ടില്ല. ഉല്‍പ്പാദനച്ചെലവ് കുതിച്ചു കയറിയിട്ടും വിപണി എത്ര ശാന്തമായി പരിഭ്രമമില്ലാതെ ഇരിക്കുന്നു. സംഭരണം, പ്രൊസസിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ , വെയര്‍ഹൗസിങ്, വിതരണം, വിപണനം, ഈ രംഗമെല്ലാം ഇന്നിപ്പോള്‍ സമ്പൂര്‍ണമായി സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാത്രമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ . അതിന്റെതന്നെ പ്രവര്‍ത്തനത്തില്‍ സ്വകാര്യ പങ്കാളിത്തം വമ്പിച്ച സ്വാധീനവും നിയന്ത്രണവും ചെലുത്തുന്നുണ്ട്. ഭക്ഷ്യനയവും വിലക്കയറ്റ നിയന്ത്രണവും നിയമങ്ങള്‍കൊണ്ട് നടപ്പാക്കാന്‍പോലും കഴിയാത്തവിധം കച്ചവടശക്തികള്‍ കരുത്ത് പ്രാപിച്ചിരിക്കുന്നു. വിപണിശക്തികള്‍ സര്‍ക്കാരുകള്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയാത്തവിധം കരുത്തുനേടി. ഇത് തുടര്‍ന്നാല്‍ സംഭരണമേഖല ആധുനികവല്‍ക്കരിച്ചും ഗതാഗതസൗകര്യം വിപുലമാക്കിയും കൃഷി വിഭവവില വര്‍ഷം മുഴുവനും ഒരുപോലെ പിടിച്ചുനിര്‍ത്താന്‍ വിപണിക്കു കഴിഞ്ഞേക്കാം. ഉദാരമായ വിദേശ നിക്ഷേപവും തുറന്ന ഇറക്കുമതി- കയറ്റുമതി നിയമങ്ങളും ലാഭംകൊയ്യാനുള്ള ഏറ്റവും നല്ല മേഖലയായി കൃഷിവിഭവ വിപണിയുടെ രംഗം മാറ്റിയേക്കാനിടയുണ്ട്. ഇന്ത്യപോലുള്ള വലിയ രാജ്യത്തില്‍ ഇത്രയും കെട്ടുറപ്പ്, വിപണി എങ്ങനെ നേടി എടുത്തു എന്നതും എന്നെങ്കിലും അന്താരാഷ്ട്ര ഏജന്‍സി പഠനവിധേയമാക്കിയാല്‍ അത്ഭുതമില്ല. ദേശീയ രംഗത്തുള്ള ഒരു പഠന ഏജന്‍സിയും ഇതിന് തയ്യാറാകുകയില്ലെന്ന് വ്യക്തം. അതേസമയം പന്ത്രണ്ടാം പദ്ധതിയുടെ കരടില്‍ കൃഷിക്കുള്ള പ്രാധാന്യം വളരെ കുറവാണ്. വീണ്ടും ഭക്ഷ്യസുരക്ഷ, വിള ഉല്‍പ്പാദന രംഗത്തെ അനീമിയ, കോര്‍പറേറ്റ് സംസ്കാരത്തിന്റെ ഗ്രാമതലത്തിലേക്കുള്ള വ്യാപനത്തിലെ വേഗക്കുറവ്, വന്‍തോതിലെ യന്ത്രവല്‍ക്കരണം, വായ്പ ഉദാരവല്‍ക്കരണം തുടങ്ങിയ പദപ്രയോഗങ്ങളല്ലാതെ കൃഷിഭൂമി സംരക്ഷണം, കര്‍ഷകസമൂഹത്തിന്റെ ഉയര്‍ച്ച, ഗവേഷണവികസന സംവിധാനത്തിന്റെ സമൂര്‍ത്തമായ ആധുനികവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണത്തെയും കൃഷി നവീകരണത്തെയും കൂട്ടിച്ചേര്‍ക്കുക തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന കിട്ടുമോ എന്നു വ്യക്തമല്ല. പൊതുവിതരണ ശൃംഖലയുടെ ശക്തിപ്പെടുത്തല്‍ കാലഹരണപ്പെട്ട മട്ടാണ്. കൃഷി സംസ്ഥാനവിഷയമാണെന്ന് പറഞ്ഞാലും സര്‍വരംഗത്തും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തള്ളിക്കയറ്റമാണ്. തന്മൂലം ധാന്യം കേന്ദ്രത്തിന് നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമേ പ്രത്യേക പരിഗണന നല്‍കാറുള്ളൂ. ഭരണഘടനയിലെ പുതിയ നിബന്ധന അനുസരിച്ച് കൃഷി ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുമാണ്. ഇതെല്ലാംകൂടി കൃഷിയുടെ യഥാര്‍ഥ നാഥന്‍ ആരാണ് എന്നറിയാന്‍ ദേവപ്രശ്നം നടത്തേണ്ട സ്ഥിതിവിശേഷം വന്നിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് കൃഷിഭൂമിയുടെയും കര്‍ഷകരുടെയും സംരക്ഷണമാണ്. ഇതുരണ്ടും ഇന്ത്യയിലും കേരളത്തിലും തന്ത്രപ്രധാനമായ സ്ഥാനവും മുന്തിയ പരിഗണനയും അര്‍ഹിക്കുന്നു. ലോകഭക്ഷ്യ കാര്‍ഷിക സംഘടന പരിഭ്രാന്തരായിട്ടാണ് ആഗോള ഭക്ഷ്യസുരക്ഷയെ പലപ്പോഴും വിലയിരുത്തുന്നത്. ലോകത്തിന് ആവശ്യമായ ഭക്ഷണത്തിന്റെ 90 ശതമാനം കൃഷിഭൂമിയില്‍നിന്നാണ് വരേണ്ടത്. കടലില്‍നിന്ന് കിട്ടുന്നത് വെറും 10 ശതമാനം. ഭൂമിയുടെ മേലുള്ള സമ്മര്‍ദം ഏറുകയാണ്. മനുഷ്യരുടെയും വളര്‍ത്തു മൃഗങ്ങളുടെയും ആഹാരത്തിന് മാത്രമല്ല ഊര്‍ജാവശ്യത്തിന് പെട്രോളിന് പകരം എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതും കൃഷിഭൂമിയുടെയും കര്‍ഷകന്റെയും ചുമലിലേക്ക് മാറുകയാണ്. കൂടുതല്‍ കൃഷിഭൂമി കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ശോഷീകൃത എണ്ണപ്പാടങ്ങളും കരിമ്പു മേഖലയും നികത്താന്‍ നിര്‍ബന്ധിതമാകുമ്പോള്‍ അരിയും ഗോതമ്പും പയറും ചോളവുമൊക്കെ എത്ര വില കൊടുത്താലും ഇറക്കുമതി ചെയ്യാന്‍പോലും കഴിയാത്ത നില വരും. ഭാവിയില്‍ ലോകശക്തികള്‍ ധാന്യസമൃദ്ധിയുള്ള രാഷ്ട്രങ്ങളാകും. തോക്ക് നിര്‍മാതാക്കളുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് പലരും ഉച്ചത്തില്‍ പറയുന്ന ഈ സമയത്ത് രാജ്യത്തിനോടും മാനവരാശിയോടും അല്‍പ്പമെങ്കിലും സ്നേഹമുള്ളവര്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ കൃഷിക്ക് അതിന്റെ സമുന്നത പ്രാധാന്യം പദപ്രയോഗത്തില്‍ മാത്രമല്ല ധനം നല്‍കുന്നതിലും നിലനിര്‍ത്തണം. ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷകരക്ഷയ്ക്കും പിന്നില്‍ത്തന്നെയാണ് മറ്റെല്ലാം എന്ന സമീപനമാണ് ഇന്നത്തെ ആവശ്യം.