Friday, March 4, 2011

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 4

സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്




ആര്‍ ബാലകൃഷ്ണപിള്ള അകത്തായ ശേഷം യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വലത് വശം ഇരിക്കുന്നത് ടി എം ജേക്കബാണ്. ഉമ്മന്‍ചാണ്ടിയുടെ കൂടെ ദീര്‍ഘകാലം ഇരുമെയ്യാണെങ്കിലും ഒരുമനസ്സായി കഴിഞ്ഞപ്പോഴും ഈ സീറ്റായിരുന്നു ഇഷ്ടം. ഇടക്കാലത്ത് സീറ്റ് നഷ്ടപ്പെട്ടു. അന്ത:പുര നാടകത്തിലൂടെ എ കെ ആന്റണിയെ അട്ടിമറിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബിനെ ചവുട്ടിപ്പുറത്താക്കി. ഇതോടെ ഒപ്പം കിടന്നവരുടെ രാപ്പനി അറിയുന്ന ജേക്കബ്ബ് പലതും വിളിച്ചു പറഞ്ഞു. ഇതില്‍ ഒന്നാണ് സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട 'രഹസ്യങ്ങള്‍'. ഏതാനും മാസം അലഞ്ഞുതിരിഞ്ഞ ജേക്കബ് സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അപേക്ഷിച്ച് യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. വീണ്ടും പഴയ കസേര ലഭിച്ചു. എങ്കിലും അന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സഭാരേഖയില്‍ മായാതെ കിടക്കുന്നു.

എന്താണ് സൈന്‍ബോര്‍ഡ് അഴിമതി? ഇതിന് പിന്നിലെങ്ങിനെ 735 കോടിയൊക്കെ വരുന്നു? സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍.

1998ല്‍ കൊച്ചി നഗരത്തില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ പടിയത്ത് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ അപേക്ഷ നല്‍കി. അന്നത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പനാണ് അപേക്ഷ നല്‍കിയത്. വകുപ്പ് സെക്രട്ടറിയോ സര്‍ക്കാരോ അറിയാതെ കുട്ടപ്പന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. 15 ബോര്‍ഡുകള്‍ സ്ഥാപിക്കാനായിരുന്നു അനുമതി. തുടര്‍ന്നുവന്ന ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു കരാറുകാരനില്‍നിന്നും അപേക്ഷ പോലും വാങ്ങാതെ ബോര്‍ഡുകളുടെ എണ്ണം 76 ആക്കി. കരാറില്‍ ചില ഭേദഗതികള്‍ വരുത്തി അഞ്ച് വര്‍ഷംക്കൊണ്ട് ബോര്‍ഡ് സ്ഥാപിക്കാനും കാലാവധി 30 വര്‍ഷമാക്കാനും തീരുമാനിച്ചു. തുടര്‍ന്ന് ദേശീയപാതയിലും സംസ്ഥാന പാതയിലുമെല്ലാമായി 311 ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജോസഫ് മാത്യു അനുമതി നല്‍കി.

റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവര്‍മെന്റിന്റെ കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് കരാര്‍ നല്‍കിയത്. കൂടാതെ കരാറുകാര്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമായിരുന്നു ലൈസന്‍സ്. ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ പിന്നീട് പരസ്യത്തിന് സ്ഥലം നല്‍കാനുള്ള അവകാശം സര്‍ക്കാരിന് ലഭിക്കും. എന്നാല്‍, 30 വര്‍ഷത്തേയ്ക്ക് കരാര്‍ നല്‍കി ഈ സാധ്യതയും ഇല്ലാതാക്കി.

തിരുവനന്തപുരം കേശവദാസപുരത്ത് ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍നിന്ന് ഒരുവര്‍ഷത്തേയ്ക്ക് ഏഴുലക്ഷംരൂപയാണ് ഈ കരാറുകാരന്‍ വാങ്ങിയത്. ഈ കണക്ക് കൂട്ടിയാല്‍തന്നെ 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് രണ്ടു കോടിയില്‍പരം രൂപയാണ്. ആദ്യവര്‍ഷത്തെ കണക്ക് പ്രകാരം മാത്രം 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് 700 കോടിയോളം രൂപ. ബോര്‍ഡിന്റെ മറവിലെ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടനെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഐജി ടിപി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. സര്‍വീസിലുള്ള എന്‍ജിനിയര്‍ ജോസഫ് മാത്യുവിനെ സസ്പെന്‍ഡ് ചെയ്യണമെന്നും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തണമെന്നും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ സര്‍ക്കാരിനെ അറിയിച്ചു. പ്രതികളായ എന്‍ജിനിയര്‍മാരുടെയും കരാറുകാരുടെയും വീടുകളില്‍ റെയ്ഡ് നടത്തുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല, കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കുകയുംചെയ്തു. കേസിലെ പ്രതിയും കരാറുകാരനുമായ ഹബീബ്റഹ്മാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കിയ ഒരുനിവേദനത്തിന്റെ മറവിലായിരുന്നു ഈനടപടി.

ഒരാഴ്ചയ്ക്കു ശേഷം കേരളത്തില്‍ എവിടെയും സൈന്‍ബോര്‍ഡ് സ്ഥാപിക്കാനും യഥേഷ്ടം അനുമതി നല്‍കി. 310 നൊപ്പം ഒരു 50 എണ്ണംകൂടി ഉമ്മന്‍ചാണ്ടിയുടെ വകയും. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ കൊച്ചിയിലെ ഒരു കെപിസിസി ഭാരവാഹി ഇടനിലക്കാരനായിനിന്നാണ് ഇടപാടുകള്‍ നടന്നത്. അങ്ങനെ 735 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞ കേസ് അട്ടിമറിച്ചു.

ഇനി ഉമ്മന്‍ചാണ്ടിയുടെ പ്രിയ സുഹൃത്ത് ടി എം ജേക്കബ് പറയട്ടെ, ജേക്കബിന്റെ നിയമസഭാപ്രസംഗത്തിലെ ഏതാനും വരികള്‍

'ശ്രീ ഉമ്മന്‍ചാണ്ടി, ഞാന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചുതരാം വെറുതെ പറയുന്നതല്ല. 735 കോടിരൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നത്.'

ജേക്കബ് പറഞ്ഞപോലെ അധികാരമൊഴിയുന്നതിന് ഏതാനും ദിവസംമുമ്പ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും ചെയ്തു.

ദേശാഭിമാനി 240211

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 3

വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി



യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ വിദ്യാഭ്യാസ വായ്പാ കുംഭകോണത്തില്‍ സംസ്ഥാന സഹകരണബാങ്കിന് നഷ്ടപ്പെട്ടത് 50 കോടിയാണ്. വെള്ളത്തിലായതോ ഇടുക്കി ജില്ലയിലെ പാവങ്ങളും. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയെ തുടര്‍ന്ന് അരങ്ങേറിയ നേഴ്സിങ് പഠന വായ്പാത്തട്ടിപ്പ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്.

സംസ്ഥാന സഹകരണബാങ്കിന്റെ ഇടുക്കി ബ്രാഞ്ച് ഒറ്റയടിക്ക് 750 പേര്‍ക്കാണ് വിദ്യാഭ്യാസവായ്പ നല്‍കിയത്. ഇത് ഓരോ വിദ്യാര്‍ഥിയും ബാങ്കില്‍വന്ന് അപേക്ഷ നല്‍കി കൊടുത്ത വായ്പയല്ല, ഒരുഇടനിലക്കാരന്‍ മുഖേന വാരിക്കോരി നല്‍കിയതാണ്. സാധാരണനിലയില്‍ വിദ്യാഭ്യാസവായ്പയെടുക്കാന്‍ സമീപിക്കുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വട്ടം കറക്കുന്ന ബാങ്ക് അധികൃതര്‍ ഇവിടെ 'ഉദാരമായ' സമീപനം സ്വീകരിച്ചു. സിഎംപി നേതാവായ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കെ ആര്‍ അരവിന്ദാക്ഷന്‍, കോണ്‍ഗ്രസ് നേതാവായ വൈസ് പ്രസിഡന്റ് എം കെ രാഘവന്‍ എം പി എന്നിവരാണ് വായ്പാത്തട്ടിപ്പിന് കളമൊരുക്കിയത്. (ഉമ്മന്‍ചാണ്ടിയുടെയും എ കെ ആന്റണിയുടെയും വിശ്വസ്തനായ എം കെ രാഘവന്റെ കടലാസ് സംഘത്തിന്റെ മറവില്‍ തട്ടിയെടുത്ത കോടികളുടെ കഥ വേറെ.) ഇടുക്കിക്ക് പുറമെ ആലപ്പുഴയില്‍ 401 പേര്‍ക്കും പത്തനംതിട്ടയില്‍ 244 പേര്‍ക്കും കൊല്ലത്ത് 362 പേര്‍ക്കും കണ്ണൂരില്‍ 151 പേര്‍ക്കും തൃശൂരില്‍ 131 പേര്‍ക്കും വായ്പ അനുവദിച്ചു.

ഇടുക്കി ജില്ലയിലെ പഴയരിക്കണ്ടം പ്ളാത്തോട്ടത്തില്‍ സെബാസ്റ്റ്യന്‍ പി ജോണ്‍ എന്ന 'വിദ്യാഭ്യാസ' പ്രേമിയുടെ രംഗപ്രവേശത്തോടെയാണ് അരങ്ങ് കൊഴുത്തത്. ഇയാള്‍ എംഡിയായി കൊച്ചിയില്‍ സ്കൈബ്ളൂ എന്റര്‍പ്രൈസസ് എന്ന കടലാസ് സ്ഥാപനം രജിസ്റര്‍ചെയ്തു. സ്കൈ ബ്ളൂ എന്റര്‍പ്രൈസസ് ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഉദ്ഘാടനം ചെയ്തതിനു പുറമെ ഉമ്മന്‍ചാണ്ടി സെബാസ്റ്റ്യന്‍ പി ജോണ്‍ ആവശ്യപ്പെടുന്നത്രയും വായ്പ കൊടുക്കണമെന്ന് ബാങ്കിന് നിര്‍ദേശം നല്‍കുകയുംചെയ്തു. പിന്നീടങ്ങോട്ട് വായ്പാപ്രളയമായിരുന്നു. നേഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരം നല്‍കുന്നുവെന്ന് കാണിച്ച് സ്കൈ ബ്ളു ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തട്ടിക്കൂട്ടി. ഈ പ്രോജക്ട് റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയോടെ സംസ്ഥാന സഹകരണബാങ്കിന് സമര്‍പ്പിച്ചു. ശുപാര്‍ശയുടെ ചുവടുപിടിച്ച് ഒരു ഈടും വാങ്ങാതെ വായ്പ വാരിക്കോരി നല്‍കി.

കര്‍ണ്ണാടകത്തിലെ പത്ത് നേഴ്സിങ് കോളേജില്‍ അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് നേഴ്സിങ് ഉന്നതപഠനത്തിന് അവസരമൊരുക്കിയെന്ന് അവകാശപ്പെടുന്ന പദ്ധതിക്ക് ഒരു പേരും നല്‍കി- 'സ്കൈ ബ്ളൂ വിദ്യാരക്ഷ'. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രതിവര്‍ഷം 30 ലക്ഷംരൂപവരെ ശമ്പളം ലഭിക്കുമെന്നും കാണിച്ച് സ്കൈ ബ്ളു തയ്യാറാക്കിയ പ്രോജക്ടിന്റെ സാധ്യത പോലും കണക്കിലെടുക്കാതെയാണ് വായ്പ നല്‍കാന്‍ തയ്യാറായത്. ഓരോ വിദ്യാര്‍ഥിയ്ക്കും നാലുലക്ഷം രൂപവരെ വായ്പ നല്‍കണമെന്ന നിര്‍ദേശവും ഒരുപരിശോധനയും കൂടാതെ അംഗീകരിച്ചു. സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളും വായ്പ വാരിക്കോരി നല്‍കി. വിദ്യാര്‍ഥിയോ രക്ഷിതാവോ ബാങ്കിന്റെ അതതുശാഖകളില്‍ അപേക്ഷ നല്‍കി വായ്പ നല്‍കുന്ന പതിവ് രീതി ഉന്നതങ്ങളില്‍ നിന്നും ഇടപെട്ട് അട്ടിമറിച്ചു. ഓരോ അപേക്ഷയിലും വായ്പ അനുവദിക്കുന്നതിന് ഹെഡ് ഓഫീസില്‍നിന്നും ശാഖകളിലേക്ക് ഇടയ്ക്കിടെ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു.

2001ല്‍ യുഡിഎഫ് ബാങ്കില്‍ അധികാരമേല്‍ക്കുമ്പോള്‍ ആകെ നല്‍കിയ വിദ്യാഭ്യാസവായ്പ 25 ലക്ഷം മാത്രമായിരുന്നു. ഇത് 2004-05ല്‍ 50 കോടി കവിഞ്ഞു. 50 കോടിയും നല്‍കിയത് ഒരു സ്ഥാപനത്തിന്. ഒടുവില്‍ 50 കോടി കിട്ടിയ സ്കൈ ബ്ളൂ ആകാശ നീലിമ പോലെ അപ്രത്യക്ഷമായി. സ്കൈ ബ്ളൂ മുഖേന പഠിക്കാന്‍ ചെന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കോളേജിലും ചേരാനായില്ല. ഇവരുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി സ്കൈ ബ്ളൂവിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം നടക്കുകയാണ്.

അതേസമയം, വ്യാജ രേഖ ചമച്ച് ഇല്ലാത്ത വിദ്യാര്‍ഥികളുടെ പേരില്‍ തട്ടിയെടുത്ത വായ്പയുടെ സിംഹഭാഗവും ആവിയായി. ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായി. വായ്പാ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ വിജിലന്‍സ് അന്വേഷണവും തുടങ്ങി. വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷണവും തുടരുകയാണ്. പ്രതിക്കൂട്ടിലേക്ക് കയറേണ്ടുന്നവരില്‍ ഉമ്മന്‍ചാണ്ടിയും കെ ആര്‍ അരവിന്ദാക്ഷനും എം കെ രാഘവന്‍ എംപിയുമെല്ലാമുണ്ട്.

ദേശാഭിമാനി 230211

ആഗോളശാസ്ത്രജ്ഞന്‍ സര്‍ ഡോ ശരത് പവ്വാര്‍ സാര്‍ വായിച്ചറിയുവാന്‍

എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യമുണ്ടാക്കുന്നുവെന്ന് മണിപ്പാല്‍ സംഘം
Posted on: 05 Mar 2011


ഫലപ്രദമായ ചികിത്സയ്ക്കും വഴിതുറക്കുന്നു

ബാംഗ്ലൂര്‍: എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്ന വാദത്തിന് ശാസ്ത്രീയാടാസ്ഥാനമില്ലെന്ന വാദം പൊളിച്ചുകൊണ്ട് മണിപ്പാല്‍ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ രംഗത്തുവന്നു. ഈ കീടനാശിനിയുടെ അംശം ശരീരത്തില്‍ കലരുന്നത് ജനിതകഘടനയെത്തന്നെ മലീമസമാക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്‍ഡോസള്‍ഫാനെതിരെ തെളിവില്ലെന്ന അതിന്റെ നിര്‍മാതാക്കളുടെയും പെസ്റ്റിസൈഡ്‌സ് ഫോര്‍മുലേറ്റേഴ്‌സ് ആന്‍ഡ് മാനുഫാകചറേഴ്‌സ് ആസോസിയേഷന്റെയും വാദത്തിനെ അടിസ്ഥാനപരമായിത്തന്നെ ഖണ്ഡിക്കുന്നതാണിത്.

ഈ ജീവനാശിനിയുടെ ഇരകളുടെ ചികിത്സയില്‍ 5എഎസ്എ(5അമിനോ സാലിസിലക്ക് ആസിഡ്) ഫലപ്രദമാകുന്നുവെന്നും ഗവഷേണത്തില്‍ വ്യക്തമായി. ആണെലികളുടെ ശരീരത്ത് എന്‍ഡോസള്‍ഫാന്‍കടത്തിവിട്ട ശേഷം നടത്തിയ പരിശോധനയില്‍ ബീജാണുക്കള്‍ക്ക് രൂപഭേദം വരുന്നതായാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ആണെലികളുടെ പ്രത്യുത്പാദന ഹോര്‍മോണുകളില്‍ പ്രതിലോമകരമായ വ്യതിയാനം വരുന്നതായും ബീജോത്പാദനവുമായി ബന്ധപ്പെട്ട ആന്തരികാവയവങ്ങളില്‍ വൈകല്യവും വളര്‍ച്ചാമുരടിച്ചയും സംഭവിക്കുന്നതായും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മണിപ്പാല്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ ഫാര്‍മക്കോളജി വിഭാഗം പ്രൊഫസറായ ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗ്, ഡോ. അമര്‍ദീപ് ജയ്‌സ്വാള്‍, ഡോ. വിപിന്‍കുമാര്‍ പരിഹാര്‍, ഡോ:എം.കെ. ഉണ്ണികൃഷ്ണന്‍, കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. എസ്.ഡി. മഞ്ജുള, ഡോ .ബി.ആര്‍. കൃഷ്ണാനന്ദ് എന്നവരുടെ സംഘമാണ് പഠനം നടത്തിയത്. ഇവരുടെ കണ്ടെത്തലിന്റെ വിശദവിവരങ്ങള്‍ പ്രമുഖ ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണമായ സയന്‍സ് ഡയറക്ടില്‍ (www.sciencedirect.com)പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരമ്പര്യഘടകങ്ങളെ തലമുറകളിലേക്ക് കൈമാറുന്ന ജനിതകഘടന മലീമസമാക്കിക്കളയുന്ന സ്വധീനമാണ് എന്‍ഡോസള്‍ഫാന്‍ ജീവജാലങ്ങളില്‍ ഉണ്ടാക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.ജനിക്കുന്ന കുട്ടികള്‍ക്ക് ശാരീരിക വൈകല്യം, മാനസിക വൈകല്യം, പുതിയ തരം രോഗങ്ങള്‍, അവയവങ്ങളുടെ വലുപ്പത്തിലും വളര്‍ച്ചയിലുമുള്ള വ്യത്യാസം, പ്രത്യുത്പാദനം തടസ്സപ്പെടല്‍, ഗര്‍ഭമലസല്‍ പോലെയുള്ള അപൂര്‍ണമായ പ്രതുത്പാദന പ്രക്രിയ എന്നിവയ്‌ക്കൊക്കെ ജീന്‍ മലീമസമാകുന്നത് കാരണമാകുന്നുണ്ടെന്ന് രവീന്ദ്രനാഥ് ഷാന്‍ബാഗ് പറഞ്ഞു. ഈ കീടനാശിനി ഏറെ ദുരിതം വിതച്ച കാസര്‍കോട്ടെ പദ്രെയില്‍ പത്തുവര്‍ഷമായി ഇദ്ദേഹം ഗവേഷണത്തിലാണ്.

എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് ഫലപ്രദമായ ചികിത്സാരീതി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഈ കീടനാശിനി ജീവികളുടെ ജനിതകഘടനയെത്തന്നെ ബാധിക്കുന്നുവെന്ന് സംഘം നിരിക്ഷിച്ചത്. 35 ശതമാനം എന്‍ഡോസള്‍ഫാന്‍ നാല്‍പ്പത് മടങ്ങ് നിലക്കടല എണ്ണ ഉപയോഗിച്ച് വീര്യം കുറച്ച ശേഷം പൂര്‍ണ്ണ ആരോഗ്യമുള്ള ആണെലികളില്‍ വിവിധ തോതില്‍ കുത്തിവെക്കുകയായിരുന്നു. മരണത്തെ അതിജിവിച്ച എലികളിലാണ് ജനിതക മലിനീകരണം കണ്ടെത്തിയത്. ബീജാണുക്കളിലെ കോശങ്ങളെ നശിപ്പിക്കുന്നതായും ഇതുമൂലം ബീജാണുക്കളുടെ രൂപംതന്നെ വികലമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ ശരീരഭാരം ഗണ്യമായാ കുറയുന്നതായും ഹൃദയം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും പഠനത്തിന്റെ ഫലത്തെ ഉദ്ധരിച്ചുകൊണ്ട് ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, ഈ എലികളില്‍ 5എഎസ്എ( 5 അമിനോ സാലിസിലക്ക് ആസിഡ്) പ്രയോഗിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ശരീരത്തില്‍ കലര്‍ന്നതുമൂലമുണ്ടായ ദോഷഫലങ്ങള്‍ കുറയുന്നതായും കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെയും അതിനോട് ചേര്‍ന്ന കര്‍ണാടകത്തിലെ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടെത്തലെന്ന് ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗ് പറഞ്ഞു.

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 2



ബാര്‍ ലൈസന്‍സിനായി സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നത് നേരില്‍ക്കണ്ടെന്നു പറഞ്ഞത് കണ്ണൂരിലെ കോണ്‍ഗ്രസ് 'ശിങ്ക'മാണ്. വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയുന്ന, എന്തു നെറികേടിനും സങ്കോചമില്ലാത്ത, രാഷ്ട്രീയ കച്ചവടക്കാരനാണ് കെ സുധാകരന്‍. പക്ഷേ, കൊട്ടാരക്കരയിലെ വെളിപ്പെടുത്തല്‍ ആവേശത്തില്‍ പറഞ്ഞതല്ലെന്നും ആലോചിച്ചുറപ്പിച്ചു പറഞ്ഞതാണെന്നും തൊട്ടടുത്ത ദിവസം സുധാകരന്‍ ആവര്‍ത്തിച്ചു. സുപ്രീംകോടതി ശിക്ഷ വിധിച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് ഇതു പറഞ്ഞതെന്നത് ശ്രദ്ധേയം. സുധാകരന്‍ തുറന്നുവിട്ട അഴിമതിയുടെ ദുര്‍ഭൂതം കേന്ദ്രമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ വയലാര്‍ രവിയെയും പിടികൂടി. രവി മാത്രമല്ല, രഘുചന്ദ്രബാലും പത്മജയും റോസക്കുട്ടിയും സാക്ഷാല്‍ സുധാകരനും അഴിമതിയുടെ പങ്ക് പറ്റിയവരാണെന്ന് ബാര്‍ ഉടമ തന്നെ വെളിപ്പെടുത്തി.

സംഭവങ്ങളുടെ തുടക്കം 1992 ഒക്ടോബറിലാണ്.

കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരുന്നു രഘുചന്ദ്രബാല്‍. ക്രമംവിട്ട് 130 എക്സൈസ് ഗാര്‍ഡുമാരെ നിയമിച്ചത് ഉള്‍പ്പെടെ ഇക്കാലയളവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേറെ. 21 ബാറിന് ലൈസന്‍സ് നല്‍കിയതിലും ലക്ഷങ്ങളുടെ കോഴ വാങ്ങിയെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചു. അബ്കാരി ചട്ടങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തിയാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇതിനിടെ, അപകടത്തില്‍ പരിക്കേറ്റ് മുഖ്യമന്ത്രി കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോയി. സി വി പത്മരാജനായിരുന്നു താല്‍ക്കാലിക ചുമതല. പ്രതിപക്ഷ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാര്‍ ലൈസന്‍സ് അനുവദിച്ച ഉത്തരവ് റദ്ദാക്കി. ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചു. ഈ വിധി ഒപ്പിച്ചെടുക്കാന്‍ ഡല്‍ഹി കേരള ഹൌസിലെ മുറിയില്‍ വച്ച് ജഡ്ജിക്ക് കോഴ നല്‍കുന്നത് നേരില്‍ക്കണ്ടെന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്.

സുധാകരന്‍ വെറും കാഴ്ചക്കാരനല്ലെന്നും ഇടനിലക്കാരനായിരുന്നെന്നും പിന്നീടുള്ള സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി. ലൈസന്‍സ് ലഭിക്കാന്‍ ബാര്‍ ഒന്നിന് ഒരുലക്ഷം രൂപവീതവും കിസ്ത് പിടിക്കാന്‍ പിന്നീട് ഒരു 15 ലക്ഷവും ജഡ്ജിക്ക് നല്‍കിയത്രേ. ജഡ്ജിക്ക് മാത്രമല്ല, മറ്റു പലര്‍ക്കും കൈക്കൂലി നല്‍കിയെന്ന് അന്ന് ബാര്‍ ലൈസന്‍സ് ലഭിച്ച കണ്ണൂര്‍ ചിറക്കലിലെ ഗീത ബാറിന്റെ പാര്‍ട്ണര്‍ ജോസ് ഇല്ലിക്കല്‍ വെളിപ്പെടുത്തി. സുധാകരന്‍ സാക്ഷിയല്ല, ഇടനിലക്കാരനാണെന്നും ജോസ് പറഞ്ഞു.

ദീര്‍ഘകാലം ആന്റണിയോടൊപ്പം നിന്ന് ഗുണംപിടിക്കാതെ പോയ വയലാര്‍ രവി ഒടുവില്‍ കൂറുമാറി കരുണാകരനൊപ്പം ചേര്‍ന്ന് കെപിസിസി പ്രസിഡന്റായ സമയം. എന്തിനും ഏതിനും കരുണാകരന്റെ പിന്നില്‍ നിഴല്‍പോലെ നിന്നു. രഘുചന്ദ്രബാലും കരുണാകരന്റെ വിശ്വസ്തന്‍. സുധാകരനും ആ നിരയിലെത്തിയ സമയം. കെപിസിസി പ്രസിഡന്റിനാണ് 10 ലക്ഷം രൂപ നല്‍കിയതെന്നാണ് ബാര്‍ ഉടമ പറഞ്ഞത്. അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന വയലാര്‍ രവി ഇക്കാര്യം നിഷേധിച്ചിട്ടില്ല. ചേര്‍ത്തലയിലെ വീട്ടില്‍ വച്ചാണത്രേ പണം നല്‍കിയത്. ഈ പണം കെപിസിസി അക്കൌണ്ടില്‍ എത്തിയതായി അറിവില്ല. പിന്നെങ്ങോട്ടു പോയെന്നത് അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യം. മുഖ്യമന്ത്രിക്ക് നല്‍കാനായി പത്മജയ്ക്ക് നല്‍കിയത് 10 ലക്ഷം എന്നു പറയുന്നു. ഈ തുക കൊച്ചിയിലെ വീട്ടില്‍ വച്ചാണ് നല്‍കിയത്. പത്മജയെ കാണാന്‍ ഇടനിലക്കാരിയായി നിന്ന റോസക്കുട്ടിക്കും (അന്ന് ബത്തേരി എംഎല്‍എ, കരുണാകര കുടുംബത്തിന്റെ ഇടംകൈ) നല്‍കി അഞ്ചുലക്ഷം. പക്ഷേ, ടീച്ചര്‍ മാന്യത കാട്ടി. ലൈസന്‍സ് റദ്ദാക്കിയപ്പോള്‍ ഒരുരൂപ കുറയാതെ തിരിച്ചുകൊടുത്തു. രഘുചന്ദ്രബാലിനു നല്‍കിയതും 10 ലക്ഷം. മന്ത്രിയും കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിക്കു വേണ്ടി മകള്‍ പത്മജയും വാങ്ങിയത് മടങ്ങിച്ചെന്നിട്ടില്ലെന്നും ജോസ് വെളിപ്പെടുത്തുന്നു.

ഇതിനെല്ലാം ഇടനിലക്കാരന്‍ സുധാകരനാണ്. സുധാകരന്‍ കേരള ഹൌസില്‍ വെറുതെ ചെന്നുനിന്നപ്പോള്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നത് കണ്ടതാണെന്നു വിശ്വസിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു പോലും കഴിയില്ല. ഇനി അറിയേണ്ടത് ഇടനിലക്കാരന് എത്ര കിട്ടിയെന്നാണ്.

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 1

പാമൊലിന്‍ ഇടപാടില്‍ കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ ഉമ്മന്‍ചാണ്ടി വഹിച്ച പങ്ക് ചെറുതല്ല. എ-ഐ ഗ്രൂപ്പ് വൈരത്തിന്റെ മറവിലായിരുന്നു അത്. അന്നൊന്നും കരുണാകരന്‍ ഉമ്മന്‍ചാണ്ടിയെ ഇതിലേക്ക് വലിച്ചിഴച്ചില്ല. അത് കരുണാകരന്റെ രാഷ്ട്രീയ മാന്യതയായി ആരും കരുതുന്നില്ല. രാഷ്ട്രീയ ചാണക്യനായ കരുണാകരന്‍ ആ ആയുധം കേസ് നടത്തിപ്പിന്റെ അവസാന കാലത്തേക്ക് വച്ചതായിരുന്നുവെന്ന് വ്യക്തം. ഒടുവില്‍, കരുണാകരന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ ഉറ്റ അനുയായിയായ ടിഎച്ച് മുസ്തഫ വെടിമരുന്നിന് തിരികൊളുത്തി. കരുണാകരന്‍ പറയാന്‍ ബാക്കിവച്ചത് മുസ്തഫ പറഞ്ഞു. പിന്നാലെ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യുവും പറഞ്ഞു.

എഐസിസി അംഗവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ടി എച്ച് മുസ്തഫയും സഖറിയ മാത്യുവും പാമൊലിന്‍ കേസിലെ പ്രധാന പ്രതികളാണ്. മറ്റൊരു പ്രതിയും അന്നത്തെ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍ അന്തരിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഇനി കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതായിരുന്നു നിയമവിദഗ്ധരുടെ ചര്‍ച്ച. എന്നാല്‍, മുസ്തഫയ്ക്കും സഖറിയ മാത്യുവിനും പറയാനുണ്ടായിരുന്നത് മറ്റൊന്നാണ്. തങ്ങളെ പ്രതിയാക്കുന്നുവെങ്കില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കണം. കാരണം, പാമൊലിന്‍ ഇടപാടില്‍ തങ്ങളെപ്പോലെ ഉമ്മന്‍ചാണ്ടിക്കും കൂട്ടുത്തരവാദിത്തമുണ്ട് എന്നതുതന്നെ. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ പൊതുയോഗത്തില്‍ വിളിച്ചുപറഞ്ഞതുപോലെയല്ല രണ്ടുപേരും പറഞ്ഞത്. തങ്ങളുടെ അഭിഭാഷകര്‍ മുഖേന വിചാരണക്കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് സംഭവങ്ങളുടെ മര്‍മം അറിഞ്ഞുതന്നെയാണ്.

എന്താണ് പാമൊലിന്‍ കേസ്.

1991 നവംബര്‍ 29ന് സിവില്‍ സപ്ളൈസ് കോര്‍പറേഷനും സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയും പാമൊലിന്‍ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ടു. ഈ കമ്പനിക്ക് അനുകൂലമായി കരാറില്‍ അനാവശ്യ വ്യവസ്ഥ വച്ചതു കാരണം നാലു കോടിയിലേറെ രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്ചോര്‍ന്നുവെന്ന് അക്കാണ്ടന്റ് ജനറല്‍ കണ്ടെത്തിയതോടെ അഴിമതിയുടെ ചുരുളഴിഞ്ഞു. തുടര്‍ന്ന്, അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും അതിശക്തമായ പ്രക്ഷോഭം നടന്നു. നീണ്ട നിയമയുദ്ധത്തിനും തുടക്കമായി. 1996ല്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി പാമൊലിന്‍ ഇറക്കുമതിയിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി. തുടര്‍ന്ന്, വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

1991 നവംബറില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. 1991 ഒക്ടോബര്‍ മുതല്‍ 92 മാര്‍ച്ച് വരെ മലേഷ്യയില്‍നിന്ന് 15,000 മെട്രിക് ട പാമൊലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 2.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ടണ്ണൊന്നിന് 405 ഡോളര്‍ നിരക്കിലായിരുന്നു ഇറക്കുമതി. ഇതിലും കുറഞ്ഞ നിരക്കില്‍ പാമൊലിന്‍ നല്‍കാമെന്ന് ഒമ്പത് കമ്പനികള്‍ സമ്മതിച്ചിരുന്നു. നളിന്‍ ട്രേഡേഴ്സ് എന്ന കമ്പനി 390 ഡോളറിന് നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, ഇതംഗീകരിക്കാതെ പവര്‍ ആന്‍ഡ് എനര്‍ജിക്ക് കരാര്‍ നല്‍കി. ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് വിദേശനാണ്യ ഇനത്തില്‍ വരുന്ന നഷ്ടം നികത്താനെന്ന പേരില്‍ 15 ശതമാനം കമീഷന്‍ നല്‍കിയും കൊള്ളയ്ക്ക് അവസരമൊരുക്കി. ഈയിനത്തില്‍ 1.62 കോടി രൂപയാണ് കമ്പനിക്ക് വഴിവിട്ട് നല്‍കിയത്. ആകെ നാലരക്കോടിയോളം രൂപയുടെ കൊള്ള.

അന്ന് ഹസ്സനും മറ്റും ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തു പറഞ്ഞില്ല. ഇപ്പോള്‍ അതും പുറത്തുവന്നു. ധനഇടപാടിലെ അവസാന വാക്ക് ധനമന്ത്രിയാണ്. ഈ വിവാദ കരാറിന് എല്ലാ സഹായവും നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടുതന്നെയാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ശ്രമം നടന്നത്. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണെന്ന് മുസ്തഫ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചു. ഇടപാട് നടന്ന സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ഇറക്കുമതി സംബന്ധിച്ച് തീരുമാനമെടുത്തതെന്നും അദ്ദേഹത്തെ സാക്ഷിയാക്കുകയും തന്നെ പ്രതിയാക്കുകയുംചെയ്തത് നീതിയല്ലെന്നും മുസ്തഫ വ്യക്തമാക്കി. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ നല്‍കിയ ഹര്‍ജിയിലാണ് കേസില്‍ നിര്‍ണായകവഴിത്തിരിവാകുന്ന ഈ വെളിപ്പെടുത്തല്‍.

പാമൊലിന്‍ ഇറക്കുമതിക്കുള്ള നിര്‍ദേശം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഉമ്മന്‍ചാണ്ടിയും അനുകൂലിച്ചു. പൊതുനന്മ കണക്കിലെടുത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്യണമെന്നായിരുന്നു അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നും മുസ്തഫ നല്‍കിയ എഴു പേജുള്ള ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്തഫയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും വെളിപ്പെടുത്തല്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ ആരോപണമാണെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാവില്ല. മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ച് ഗോദയിലിറങ്ങാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ അഴിമതികളിലൊന്നില്‍

രഘുനാഥ് ദേശാഭിമാനി 210211