Sunday, July 31, 2011

വായനക്കാരുടെ കത്തുകള്‍ - ദേശാഭിമാനി

താജ്മഹല്‍ നിര്‍മിച്ചതിന്റെ കൂലി - ശതമന്യൂ


ഉള്ളതുപറഞ്ഞാല്‍
ബ.കു.നാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഒറ്റ ലോകമേ സ്വപ്നം കാണാറുള്ളൂ-എന്നും തന്റെ പടവും പേരും പത്രത്തിലച്ചടിച്ചുവരുന്ന സുന്ദരലോകം. ബ.കു.നാ ചൂണ്ടിക്കാട്ടി, ബ.കു.നാ ഊന്നിപ്പറഞ്ഞു, ബ.കു.നാ വ്യക്തമാക്കി എന്നെല്ലാം നാറാത്തുനാട്ടിലെ ആബാലവൃദ്ധം വായിച്ച് കുളിരുകൊള്ളണം. ചാനല്‍ക്യാമറകളില്‍ ആ വെളുവെളുത്ത താലോലത്താടി നിറഞ്ഞുനില്‍ക്കണം. സ്വയം നേതാവാകാന്‍ കഴിയില്ലെന്നുവന്നപ്പോള്‍ നേതാക്കളെ വീട്ടില്‍ ക്ഷണിച്ച് ഭക്ഷണം കൊടുത്താണ് ബ.കു.നാ നേതാക്കള്‍ക്കൊപ്പം എത്തിയത്. അങ്ങനെ കൊടുത്ത ഭക്ഷണത്തിന്റെ പലിശ എങ്ങനെ വസൂലാക്കാമെന്നാണ് നായരുടെ പൊങ്ങച്ചസിദ്ധാന്തം. കഴിഞ്ഞ ദിവസവും പറഞ്ഞു, എ കെ ജിയും ഇ എം എസും കൃഷ്ണപിള്ളയുമെല്ലാം തന്റെ വീട്ടില്‍വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന്. നായനാരുടെ പേരുമാത്രം പറഞ്ഞില്ല. നായരുടെ തനിനിറം നായനാര്‍ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. വേണ്ടത് കൊടുക്കുകയും ചെയ്തിരുന്നു. വി എസ് വീട്ടില്‍ വരുന്നുണ്ടെന്നുപറഞ്ഞ് മാധ്യമങ്ങളെ ക്ഷണിച്ചതും വി എസിന് ഭക്ഷണം കഴിക്കുന്നതില്‍ വിലക്കുണ്ടെന്നറിയിച്ചതും അതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ചതുമെല്ലാം ഒരേയൊരാളാണ്-ഇതേ ബ.കു.നാ. "കഴിക്കുന്നതിനെ സംബന്ധിച്ച വിലക്ക് ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നതുകൊണ്ട് ഇതിന്റെയൊന്നും അടുത്ത് ഞാന്‍ ഇരിക്കുന്നില്ല" എന്ന വി എസിന്റെ പരിഹാസവും നായര്‍ക്ക് മനസ്സിലായില്ല. പണ്ടേ ബ.കു.നാ ഇങ്ങനെയാണ്. വലിയ വലിയ കാര്യങ്ങളേ പറയൂ. അമേരിക്കന്‍ സിഐഎയുടെ കണ്ണിലെ കരടാണ് താന്‍ എന്ന് പറഞ്ഞുനടന്നതാണ് ഒരുകാലം. ബര്‍ലിനില്‍നിന്ന് സംഘടിപ്പിച്ച കുറെ പഴകിയ രേഖകള്‍വച്ച് സിഐഎക്കുനേരെ ഒരു ചാട്ടുളിയും എറിഞ്ഞിട്ടുണ്ട്. അറുപത്തിനാലില്‍ പാര്‍ടി പിളരുമ്പോള്‍ ചാട്ടുളിയുംകൊണ്ട് വലത്തോട്ടാണ് ബ.കു.നാ ചാഞ്ഞത്്. എ കെ ജിയോട് വലതുപക്ഷ വിടുവായത്തം പറഞ്ഞപ്പോള്‍ അന്ന് കണക്കിന് കിട്ടി. പിന്നെ കുറെക്കാലം നാട്ടില്‍ കണ്ടില്ല. ബൂര്‍ഷ്വാ, മുതലാളിത്തം, സോഷ്യല്‍ ഡെമോക്രസി, ക്രൂഷ്ചേവ്, നാല്‍വര്‍ സംഘം, ദത്തുപുത്രന്‍ - ഇങ്ങനെ കുറെ വാക്കുകള്‍ ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നതാണ് കമ്യൂണിസം എന്ന് ബര്‍ലിനില്‍ ഏതോ ഒരു സ്വാമി പുള്ളിയെ ഉപദേശിച്ചിട്ടുണ്ട്. അവിടെ മതില്‍ പൊളിഞ്ഞപ്പോള്‍ ഹൊണേക്കര്‍ എന്ന സുഹൃത്തിനെ ഒറ്റയ്ക്കാക്കി ബ.കു.നാ ഇങ്ങ് പോന്നു. വരുമ്പോള്‍ ഇവിടെ നേരെ കേന്ദ്ര കമ്മിറ്റിയില്‍ കയറി ഇരിക്കാമെന്നാണ് കരുതിയത്്. അത് നടന്നില്ല. കണ്ണൂരില്‍ചെന്ന് താത്വികാചാര്യനാകാന്‍ വടിയുംകുത്തി പരിശ്രമിച്ചതും നിഷ്ഫലമായി. അതോടെയാണ്, പാര്‍ടിയെ ചീത്ത പറഞ്ഞാല്‍ കാര്യം നടക്കുമെന്ന ജ്യോത്സ്യപ്രവചനമുണ്ടായത്. ഇപ്പോഴത്തെ അസുഖം അന്നുമുതല്‍ തുടങ്ങിയതാണ്. ഒരിക്കല്‍ രോഗം കലശലായപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ഒന്ന് പൊളിച്ചെഴുതിനോക്കി. ജോസഫ് സ്റ്റാലിനും താനും ഒരേ തരക്കാരെന്ന നിലയില്‍ ഒരു തകര്‍പ്പന്‍ എഴുത്ത്്. അതും ജനങ്ങള്‍ സഹിച്ചു. മുതലാളിത്തത്തെക്കുറിച്ച് രോഷംകൊള്ളാറുണ്ടെങ്കിലും സ്വത്ത് സ്വന്തമാക്കുന്നതില്‍ കമ്പക്കാരനാണ്. പതിവായി പറയാറുള്ളത് തന്റെ സ്വത്തെല്ലാം പാര്‍ടിക്കെഴുതിവയ്ക്കും എന്നാണ്. ഇന്നുവരെ അത് സംഭവിച്ചിട്ടില്ല. ഒരിക്കല്‍ പാര്‍ടി ആപ്പീസ് പണിയാന്‍ അഞ്ചുസെന്റ് കൊടുക്കാമെന്ന് സഖാക്കളോട് വാഗ്ദാനം ചെയ്തു. അത് വിശ്വസിച്ച് എല്ലാ തയ്യാറെടുപ്പും നടത്തി പ്രമാണം എഴുതാന്‍ ചെന്നപ്പോള്‍ കാലുമാറി-ഞാന്‍ അയ്യായിരം രൂപ തരാം എന്നായി. ഇപ്പോള്‍ പറയുന്നത്, "മുതലാളിത്തത്തിന്റെ ദത്തുപുത്രനായ" സെക്രട്ടറിയുടെ പിടിയില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കും എന്നാണ്. വയസ്സുകാലത്ത്, രോഗവിവരം അന്വേഷിക്കാന്‍ വി എസ് എന്ന സമുന്നതനേതാവ് വീട്ടിലെത്തിയതിനെപ്പോലും താണ പ്രസിദ്ധിക്കും പാര്‍ടിയെ കുത്താനും ഉപയോഗിക്കുന്ന ബ.കു.നാ ഇതിനുമുമ്പ് ഇതിനേക്കാള്‍ മോശമായി പലതും പറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍ ഗുണ്ടായിസവും കൊണ്ടിറങ്ങിയ, അനേകം പാര്‍ടി പ്രവര്‍ത്തകരെ കൊല്ലിച്ച, പാര്‍ടിനേതാക്കളെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ച, ടി കെ ബാലന്റെ മകന്റെ കണ്ണ് തകര്‍ത്ത, നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊല്ലിച്ച കെ സുധാകരനാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ.കു.നാ വോട്ടുചെയ്തത്. "കെ. സുധാകരന് വോട്ട് വാഗ്ദാനവുമായി ബര്‍ലിന്‍ പൊതുവേദിയില്‍" എന്നാണ് അന്ന് മാതൃഭൂമി വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. സുധാകരനൊപ്പം ഫോട്ടോയില്‍ പോസുചെയ്തശേഷം അന്നും പറഞ്ഞു ചില വിടുവായത്തങ്ങള്‍ . സുധാകരന്‍ മറുപടി പറഞ്ഞത്, കുഞ്ഞനന്തന്‍നായരുടെ ഒരുവോട്ടിന് ലക്ഷം വോട്ടിന്റെ വിലയുണ്ട് എന്നാണ്. "കമ്മ്യൂണിസ്റ്റുസ്ഥാനാര്‍ഥിക്ക് ഇക്കുറി വോട്ടില്ല: ബര്‍ലിന്‍" എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ "കമ്യൂണിസ്റ്റ് പാര്‍ടിയെ അപേക്ഷിച്ച് കോണ്‍ഗ്രസാണ് ഇപ്പോള്‍ തമ്മില്‍ ഭേദമെന്നും പാര്‍ടിയിലെ ക്യാമ്പസ് റിക്രൂട്ട്മെന്റാണ് പ്രകാശ് കാരാട്ടെന്നും ബ.കു.നാ "ആവേശത്തോടെ" തട്ടിവിട്ടു. അതേ മഹാനാണ്, ഇപ്പോള്‍ പിണറായി വിജയന്റെ കൈയില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കാന്‍ "ധര്‍മസമരത്തി"നിറങ്ങുന്നത്. നായര്‍ വാര്‍ത്ത സൃഷ്ടിച്ചു; അപ്പുക്കുട്ടന്‍ , ആസാദ്, ഉമേഷ്ബാബു, ഷാജഹാന്‍ തുടങ്ങിയ ചര്‍ച്ചാംദേഹികള്‍ പിന്നാലെ രംഗത്തിറങ്ങി. താജ്മഹല്‍ നിര്‍മിച്ചതിന്റെ കൂലിക്കുടിശ്ശിക കിട്ടാനുണ്ടെന്ന പരിഭവമാണ് ഷാജഹാനില്‍നിന്ന് ഉയര്‍ന്നുകേട്ടത്. കേരളത്തിലെ സര്‍വാദരണീയനായ കമ്യൂണിസ്റ്റ് നേതാവായിരുന്ന സി എച്ച് കണാരന്റെ ജന്മശതാബ്ദി ആഘോഷത്തുടക്കം, അതില്‍ പ്രകാശ് കാരാട്ടിന്റെ സമുജ്വലമായ ഉദ്ഘാടനപ്രസംഗം-എല്ലാം മാധ്യമങ്ങള്‍ മുക്കി. പകരം കൊണ്ടാടിയത് ബ.കു.നാ ഉണ്ടാക്കിയ പുകിലാണ്്. ഇത് ഇപ്പോഴത്തെ ഒരു ഗതികേടാണ്. കുഞ്ഞനന്തന്‍നായര്‍ക്ക് വയസ്സുകാലത്ത് ഈ പാര്‍ടിയെ ഇത്രയെങ്കിലും കല്ലെറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം. സ്വന്തമായി വാര്‍ത്ത സൃഷ്ടിച്ച്, അത് പാര്‍ടിയുടെ മനുഷ്യത്വനിരാകരണമാണെന്ന് പറഞ്ഞുനടക്കുന്നയാളെ ശിക്ഷിക്കാനൊന്നും ഒരു നിയമത്തിലും വകുപ്പില്ല. താന്‍ കമ്യൂണിസ്റ്റാണ് എന്നുവിളിച്ചുപറയാന്‍ ബ.കു.നാ ഉപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യം, സുധാകരന് വോട്ടുപിടിക്കാന്‍ നടന്ന തട്ടിപ്പുകാരന്‍ കമ്യൂണിസ്റ്റാണോ എന്ന് തിരിച്ചുചോദിക്കുന്ന നാറാത്തെ കമ്യൂണിസ്റ്റുകാര്‍ക്കുമുണ്ട്. ഇങ്ങേര്‍ ഏതുകോത്താഴത്തെ കമ്യൂണിസ്റ്റാണ് എന്ന ചോദ്യം കേട്ടാല്‍ നായര്‍ ഞെട്ടില്ല. അത്രയ്ക്കുണ്ട് തൊലിക്കട്ടി. വലതുപക്ഷ അവസരവാദത്തിന്റെ പെട്ടിയില്‍ ബര്‍ലിനില്‍നിന്ന് ബ.കു.നാ കൊണ്ടുവന്നുകൊടുത്ത പുത്തന്‍കുപ്പായം ചുരുട്ടിക്കൂട്ടി തിരികെയെറിഞ്ഞുകൊടുത്ത പഴയകാല കമ്യൂണിസ്റ്റ് കുഞ്ഞമ്പുവേട്ടന്റെ പാരമ്പര്യം അന്നാട്ടിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്കും ഉണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ കാര്യം എളുപ്പമായി. ------------------------- സിപിഐ എമ്മിന്റെ സമ്മേളനകാലമായതോടെ മാധ്യമങ്ങള്‍ക്ക് ചാകരക്കോളാണ്. കുഴപ്പം ഉണ്ടെന്ന് വരുത്തുക, ചെറുതിനെ വലുതാക്കുക, വലുതിനെ ചെറുതാക്കുക, അതിന് അനുസൃതമായി നിലപാട് വ്യാഖ്യാനിക്കാന്‍ മുന്‍ കമ്യൂണിസ്റ്റുകളെ രംഗത്തിറക്കുക-ഇതൊക്കെയാണ് നടപ്പുദീനം. തഴമ്പുംകൊണ്ടുനടക്കുന്ന ചിലര്‍ക്കൊരു&ലരശൃര; പ്രത്യേകതയുണ്ട്. തങ്ങള്‍ ഉള്ള കാലത്തെ പാര്‍ടി ഗംഭീരമായിരുന്നു; &ലരശൃര;തങ്ങളെ പുറത്താക്കിയതോടെ എല്ലാംപോയി; പിന്നെ ചെയ്യുന്നതൊക്കെ തെറ്റ്; തങ്ങളുടെ കാലത്തെപോലെ നടപടികള്‍ ഇന്നെടുക്കാന്‍ പാര്‍ടിക്ക് ധാര്‍മികമായി അവകാശമില്ല-ഇതാണ് അവരുടെ കൂട്ടപ്പാട്ട്. കാലത്തിന് അനുസരിച്ചുള്ള മാറ്റം പാര്‍ടിയില്‍ ഉണ്ടാകണമെന്നും പാര്‍ടി കാലത്തിനൊപ്പം മാറുന്നുവെന്നും തിരിച്ചും മറിച്ചും പറയും ഇവര്‍ . ഒരു പടികൂടി കടന്ന് ജനം ആഗ്രഹിക്കുന്നത് ഒരു&ലരശൃര;ജനാധിപത്യപ്രക്രിയ പാര്‍ടിയില്‍ രൂപപ്പെട്ട് വരണം എന്നാണ് പുതിയ വചനം. ബദല്‍വരും ബദല്‍വരും എന്നൊക്കെപ്പറഞ്ഞ് ഇറങ്ങിത്തിരിച്ചവരാരും ബദലുംകൊണ്ടുവന്നില്ല. മാത്രമല്ല കലാപക്കൊടിപിടിച്ച വലിയ നേതാക്കളൊക്കെ പിന്നെപ്പിന്നെ കോണ്‍ഗ്രസായി. കമ്യൂണിസ്റ്റ് പാര്‍ടിയെ ഇതാ, ശരിയാക്കി പരുവപ്പെടുത്തിത്തരാം എന്നുപറഞ്ഞ് സൈദ്ധാന്തികവേഷംകെട്ടി ചാനലില്‍ ബാബാരാംദേവുകളിച്ച വിപ്ലവകേസരികള്‍ക്ക് ഈ സമ്മേളനക്കാലത്തും ആടുമയിലൊട്ടകമാടാം. അവര്‍ക്ക് സ്വന്തമായി ജനങ്ങളെ സേവിക്കാനല്ല-ഈ പാര്‍ടിയെ തകര്‍ത്തുതന്നെ സേവനം നടത്താനാണ് താല്‍പ്പര്യം. സ്വന്തം ജീവിതം പ്രസ്ഥാനത്തിനും നാടിനുംവേണ്ടി ഉഴിഞ്ഞുവച്ച നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിത്തന്നെ രാഷ്ട്രീയം കളിക്കാനാണ് താല്‍പ്പര്യം. അതവരുടെ വഴി. ചുവന്ന കൊടി നെഞ്ചോടുചേര്‍ത്തുപിടിച്ച ജനലക്ഷങ്ങള്‍ക്കുള്ളതല്ല ആ വഴി. --------------- നിഷ്പക്ഷതയുടെ റോഡ് അവസാനിക്കുന്നത് പ്രസ് അക്കാദമി ചെയര്‍മാന്റെ ഓഫീസിലാണ്. കേരളത്തില്‍ ഇന്ന് ജീവിക്കുന്നതില്‍ കേസരിയും സ്വദേശാഭിമാനിയുമായ ഒരേയൊരു നിഷ്പക്ഷ പത്രപ്രവര്‍ത്തകേന്ദ്രനേയുള്ളൂ. അഭിനവ വക്കം മൗലവിയായ വീരേന്ദ്രകുമാറിന്റെ നിഷ്പക്ഷജിഹ്വയിലെ കോളമിസ്റ്റും നിഷ്കാമ കര്‍മിയും മാറാട് കലാപം അണയ്ക്കാന്‍ വരെ സമാധാനത്തിന്റെ വെള്ളില്‍പറവയായി അവതരിച്ച മഹദ് വ്യക്തിത്വവുമായ സാക്ഷാല്‍ ഇന്ദ്രന്‍ . എഴുതുന്നതൊക്കെ കടുകട്ടിയാണ്. ആരും പറയും-ശരിക്കും നിഷ്പക്ഷമെന്ന്. സിപിഐ എമ്മിനെ തെറിവിളിക്കുമ്പോള്‍ നിഷ്പക്ഷതയ്ക്ക് പല്ലും നഖവും നീണ്ടുവരും. ഇത്രയും വലിയ ശുഷ്കാന്തിക്ക് യുഡിഎഫ് കൂലികൊടുക്കാന്‍ തീരുമാനിച്ചു-അക്കാദമി ചെയര്‍മാന്‍ സ്ഥാനം. ഏറ്റെടുക്കാന്‍ ഒരുങ്ങിക്കെട്ടിയതാണ്. ടിക്കറ്റ് ബുക്കുചെയ്തു. പത്രത്തില്‍ ചിത്രം അച്ചടിച്ചുവരുന്നത് സ്വപ്നവും കണ്ടു. അപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ വെട്ട് വന്നത്. കഴിഞ്ഞവട്ടം യുഡിഎഫ് പ്രസ് അക്കാദമി ചെയര്‍മാന്‍പട്ടം മനോരമയ്ക്കാണ് കൊടുത്തത്; അതുകൊണ്ട് ഇത്തവണ മാതൃഭൂമിക്ക് എന്നായിരുന്നത്രെ അവകാശവാദം. രണ്ടു പത്രങ്ങളുടെയും നിഷ്പക്ഷസേവനത്തിന് യുഡിഎഫ് നല്‍കുന്ന വില എത്രയെന്ന് നോക്കൂ. സ്ഥാനം വാങ്ങുന്നതിലോ കാറില്‍കയറി വിലസുന്നതിലോ ശതമന്യുവിന് തെല്ലും എതിര്‍പ്പില്ല. അതുംവാങ്ങി ഭുജിച്ച് പിന്നെയും തങ്ങള്‍ നിഷ്പക്ഷരെന്നും യുഡിഎഫും എല്‍ഡിഎഫും തങ്ങള്‍ക്ക് ഒരുപോലെയെന്നും പറയുന്നതാണ് കഷ്ടം. യുഡിഎഫിന്റെ കൂലിയെഴുത്താണ് പണി എന്ന് നേരെ അങ്ങ് സമ്മതിക്കരുതോ? ഏതായാലും അക്കാദമികളുടെ വീതംവയ്പ്പില്‍ യുഡിഎഫ് നല്ല ഐക്യത്തിലാണ്. ആരും മോശമാക്കിയിട്ടില്ല. മാതൃഭൂമിയിലെ തമ്മിലടി തീര്‍ന്നാലേ പ്രസ് അക്കാദമി ചെയര്‍മാന്‍ ആരെന്നറിയൂ എന്നതുമാത്രമാണപവാദം. ക്രൈം നന്ദകുമാറിനാണ് ഇപ്പോള്‍ കൂടുതല്‍ സാധ്യത എന്നു കേള്‍ക്കുന്നു.

ദേശാഭിമാനി.

Saturday, July 30, 2011

ശങ്കര്‍ വരച്ചത്‌ - ജമാല്‍ കൊച്ചങ്ങാടി



ജൂലൈ 31 - കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിയൊമ്പതാം ജന്മവാര്‍ഷികം. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്നറിയപ്പടുന്ന ഇല്ലിക്കുളത്ത് ശങ്കരപിള്ള. ചരിത്രത്തില്‍ ആദ്യത്തെ വിനോദമാസികയായ 'ലാ കാരിക്കേച്ചറി'ന്റെ പത്രാധിപര്‍ ചാള്‍സ് ഫിലിപ്പോണിനെപ്പോലെ ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ആദ്യതലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശങ്കരപ്പിള്ളയുടെ പത്രാധിപത്യത്തിലുള്ള ശങ്കേഴ്‌സ്‌വീക്കിലി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ 'പഞ്ച്'ആയിരുന്നു ഈ കാര്‍ട്ടൂണ്‍ വാരിക. അബുഎബ്രഹാം, കുട്ടി, സാമുവല്‍, കേരളവര്‍മ, ഒ.വി. വിജയന്‍, യേശുദാസന്‍, ബി.എം. ഗഫൂര്‍ തുടങ്ങി ഇന്നറിയപ്പെടുന്ന മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമല്ല, മിക്കി പട്ടേലിനേയും പ്രകാശ് ഘോഷിനേയുംപോലുള്ള പ്രതിഭാശാലികളും ശങ്കേഴ്‌സ് വീക്കിലിയുടെ തട്ടകത്തില്‍ പയറ്റിത്തെളിഞ്ഞവരാണ്.

കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ മാത്രമായിരുന്നില്ല ശങ്കറിന്റെ പ്രസക്തി. ലോകത്തെങ്ങുമുള്ള കുട്ടികള്‍ക്ക് പ്രിയപ്പെട്ട അങ്കിള്‍ശങ്കറായിരുന്നു അദ്ദേഹം. ശങ്കേഴ്‌സ്‌വീക്കിലി തുടങ്ങിയ കാലത്തുതന്നെ അദ്ദേഹം വര്‍ഷംതോറും നടത്തിവന്ന കുട്ടികളുടെ ചിത്രരചനാ മത്സരം, ദേശീയപ്രാധാന്യമുള്ള ഒരു സംഭവം തന്നെയായിരുന്നു. അദ്ദേഹം സ്ഥാപിച്ച ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റും ഡോള്‍മ്യൂസിയവും കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായി.

കായങ്കുളത്തെ ഇല്ലക്കുളത്ത് തറവാട്ടില്‍ 1902 ജൂലായ് 31ന് പിറന്ന ശങ്കരപിള്ളയുടെ പിതാവ് ചെറുപ്പത്തില്‍തന്നെ മരിച്ചുപോയി. അമ്മ പുനര്‍വിവാഹിതനായി. വലിയമ്മാവനാണ് വളര്‍ത്തിയത്.

കഷണ്ടിത്തലയും കുടവയറും വലിയ മീശയുമുള്ള ഹെഡ്മാസ്റ്ററുടെ ഹാസ്യചിത്രം വരച്ചതിന്ന് ക്ലാസ്സില്‍നിന്ന് പുറത്താക്കപ്പെട്ട കുട്ടി ശങ്കരന്റെ തുണയ്‌ക്കെത്തിയത് ഈ അമ്മാവനായിരുന്നു. കായങ്കുളത്ത് പ്രാഥമികക്ലാസ്സുകളില്‍ പഠിച്ചതിന്നുശേഷം ഹൈസ്‌കൂള്‍ പഠനം മാവേലിക്കരയിലാണ് നടത്തിയത്. ഫുട്‌ബോളിലും നീന്തലിലും സജീവമായി ആ വിദ്യാര്‍ഥി പങ്കെടുത്തു. തിരുവനന്തപുരം മഹാരാജാസ് കോളേജ് ഓഫ് സയന്‍സിലായിരുന്നു ബിരുദപഠനം. കോളേജ് പഠനകാലത്ത് നാടകങ്ങളില്‍ നായികയായും മറ്റും അഭിനയിക്കുകയും പോസ്റ്ററുകളും കാരിക്കേച്ചറുകളും രചിക്കുകയും ചെ യ്തിരുന്നു. 1920-കളില്‍ 'മലയാളരാജ്യ'ത്തില്‍ അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ബി.എ. പാസായതിനുശേഷം ബോംബെയില്‍ ലോ കോളേജില്‍ ചേര്‍ന്ന് നിയമം പഠിക്കാന്‍ തുടങ്ങിയെങ്കിലും രണ്ടു വര്‍ഷമേ അത് നീണ്ടുനിന്നുള്ളു. സ്വന്തമായ ഒരു ജോലിക്കുവേണ്ടിയായി പിന്നീട് ശ്രമം. സന്ധ്യാ സ്റ്റീം ഷിപ്പ്കമ്പനിയുടമ നരോത്തം മൊറാര്‍ജി അന്നവിടെ ജില്ലാ സ്‌കൗട്ട് കമ്മീഷണറായിരുന്നു; അദ്ദേഹം ശങ്കറെ തന്റെ അസിസ്റ്റന്റായി നിയമിച്ചു. മൊറാര്‍ ജിയുടെ നിര്യാണത്തിന്നുശേഷവും അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു.

ഇതിനിടയ്ക്ക് തിരുവനന്തപുരത്തുപോയി വിവാഹവും നടത്തി. നവവധു തങ്കത്തോടൊപ്പം ബോംബെയില്‍ തിരിച്ചെത്തി ഒരു വാടകവീട്ടില്‍ ശങ്കരപിള്ള പൊറുതിയാരംഭിച്ചു.

ഈ ഘട്ടത്തില്‍ ബോംബെ ക്രോണിക്കിള്‍, ഫ്രീപ്രസ്സ് ജേര്‍ണല്‍ തുടങ്ങിയ പത്രങ്ങളില്‍ ശങ്കര്‍ കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ടിരുന്നു. പിന്നീട്, ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഹിന്ദു സ്ഥാന്‍ ടൈംസില്‍ ചേര്‍ന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പോത്തന്‍ ജോസഫിന്റെ പ്രേരണയും അതിന്നു പിന്നിലുണ്ടായിരുന്നു. ടൈംസില്‍ അദ്ദേഹം വരച്ച കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കപ്പെട്ടു. വൈസ്രോയി വെല്ലിംഗ്ടണ്‍പ്രഭുപോലും വിളിച്ച് അഭിനന്ദിച്ചു. അധി കം വൈകാതെ കാര്‍ട്ടൂണിലും ചിത്രകലയുടെ മറ്റു മേഖലകളിലും ഉപരിപഠനത്തിന്നായി ശങ്കറിനെ അദ്ദേഹത്തിന്റെ പത്രസ്ഥാപനം ലണ്ടനിലേയ്ക്കയച്ചു. മൂന്ന് വിവിധ കലാലയങ്ങളിലായി കമേഷ്യല്‍ ആര്‍ട്ടും ഹ്യൂമന്‍ അനാട്ടമിയും കാര്‍ട്ടൂണ്‍രചനയും പഠിച്ചു. പതിനാലുമാസം നീണ്ടുനിന്ന ലണ്ടന്‍ജീവിതം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലും കലാസങ്കല്പങ്ങളിലുമൊക്കെ കാതലായ മാറ്റങ്ങള്‍ വരുത്തി.

തിരിച്ചെത്തിയതിന്നു ശേഷം ഹിന്ദുസ്ഥാന്‍ടൈംസില്‍തന്നെ ശങ്കര്‍ തുടര്‍ന്നു. ഇതിന്നിടെ അഞ്ചുമക്കളുടെ പിതാവായിക്കഴിഞ്ഞിരുന്നു അദ്ദേഹം. രണ്ടാം ലോകയുദ്ധകാലത്ത് കുടുംബം നാട്ടിലേയ്ക്ക് പോയെങ്കിലും ശങ്കര്‍ തലസ്ഥാനനഗരിയില്‍ സജീവസാന്നിധ്യമായി. സ്വാതന്ത്ര്യസമരത്തിന്റെ അലയടികളുയര്‍ന്നുകൊണ്ടിരുന്ന അക്കാ ലത്ത് സ്വാഭാവികമായും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ വിദേശാധിപത്യത്തിനെതിരായി. ടൈംസില്‍ പതിനാലു വര്‍ഷം നീണ്ടുനിന്ന തൊഴില്‍ ജീവിതം ഉപേക്ഷിക്കാന്‍ അദ്ദേഹം പില്‍ക്കാലത്ത് നിര്‍ബന്ധിതനായി. പ്രമുഖ വ്യവസായി ഡാല്‍മിയയുമായി ചേര്‍ന്നാരംഭിച്ച 'ഇന്ത്യന്‍ ക്രോണിക്കിള്‍' അധികകാലം നീണ്ടുനിന്നുമില്ല.

1948-ല്‍ 'ശങ്കേഴ്‌സ്‌വീക്കിലി ആരംഭിച്ചതോടെ, ശങ്കറിന്റെ ജീവിതം ആകപ്പാടെ മാറി. ആദ്യകാലത്ത് മിക്കവാറും ഹാസ്യചിത്രങ്ങള്‍ വരച്ചത് അദ്ദേഹം തന്നെയായിരുന്നു. സമൂഹത്തിലെ കപടനാട്യക്കാരെ കളിയാക്കുന്ന ബഡാസാബ്, മേംസാബ് തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ചലപതിറാവു, എടത്തിട്ട നാരായണന്‍, അമിതാമാലിക്, സി.പി. രാമചന്ദ്രന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ പത്രപ്രവര്‍ത്തകരുടെ പിന്തുണ വീക്കിലിയുടെ ശക്തിയായി മാറി. മലയാളികളായ കാര്‍ട്ടൂണിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ശങ്കര്‍ പ്രത്യേക ശ്രദ്ധവെച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കളുമായുള്ള സൗഹൃദവും ശങ്കറിന്റെ വ്യക്തിപ്രഭാവത്തിന് തിളക്കം നല്‍കി.

പ്രത്യേകിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവുമായി വ്യക്തിപരമായി വലിയ അടുപ്പമായിരുന്നു. കാര്‍ട്ടൂണ്‍ വിമര്‍ശനത്തില്‍നിന്ന് തന്നെ ഒഴിവാക്കരുതെന്നാണ് അദ്ദേഹം ശങ്കറോട് പറഞ്ഞിരുന്നത്. തന്നെക്കുറിച്ചുവരുന്ന കാര്‍ട്ടൂണുകളുടെ ഒറിജിനല്‍ ചോദിച്ചുവാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു. ശങ്കേഴ്‌സ്‌വീക്കിലിയുടെ പ്രഥമ ലക്കം പ്രകാശനംചെയ്തതും, പാവമ്യൂസിയത്തിന്ന് സ്ഥലവും പണവും നല്‍കിയതും നെഹ്‌റുവിന്റെ ഈ സൗഹൃദത്തിന്ന് ഉദാഹരണങ്ങളാണ്.

ശങ്കര്‍ ഗുരുതുല്യനായിരുന്നുവെങ്കിലും, കാര്‍ട്ടൂണിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ സങ്കല്പങ്ങള്‍ യാഥാസ്ഥിതികമായിരുന്നു. പുതിയ പ്രവണതകളോട് താത്പര്യപൂര്‍വമായിരുന്നില്ല അദ്ദേഹം പ്രതികരിച്ചതെന്ന്, അദ്ദേഹത്തോടൊപ്പം അന്ന് ജോലി ചെയ്തവര്‍ പറ ഞ്ഞിട്ടുണ്ട്. വീക്കിലിയില്‍ വരച്ചുകൊണ്ടിരുന്ന കലാകാരന്മാരോട് സ്‌ക്കൂള്‍കുട്ടികളോടെന്നോണമാണ് അദ്ദേഹം പെരുമാറിയിരുന്നതെന്നതെന്നും ആക്ഷേപമുണ്ട്.

ശങ്കേഴ്‌സ്‌വീക്കിലി വര്‍ഷംതോറും നടത്തിക്കൊണ്ടിരുന്ന അന്താരാഷ്ട്ര ചിത്രരചനാമത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് കുട്ടികളാണ് പങ്കെടുത്തുകൊണ്ടിരുന്നത്. അവയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ വീക്കിലി പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രാദേശികതലത്തിലും ബാലചിത്രരചനാമത്സരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു.

ദല്‍ഹിയിലെ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗില്‍ നിര്‍മിക്കപ്പെട്ട 'നെഹ്‌റു ഹൗസി'ലാണ് ശങ്കര്‍ ആരംഭിച്ച ചില്‍ഡ്രന്‍സ് സൊസൈറ്റിയും പാവമ്യൂസിയവും പ്രവര്‍ത്തിക്കുന്നത്.

പത്മശ്രീ (1956), പത്മഭൂഷണ്‍ (1966), പത്മവിഭൂഷണ്‍ (1976) എന്നീ അത്യുന്നതദേശീയബഹുമതികള്‍ നേടിയ ശങ്കറിന് പോളണ്ടിലെയും കാനഡയിലെയും കുട്ടികളുടെ ബഹുമതിയും ലഭിച്ചിട്ടുണ്ട്. പശ്ചിമജര്‍മനിയും ചെക്കോസ്ലാവാക്യയും ഹംഗറിയും അദ്ദേഹത്തിന് അംഗീകാരം നല്‍കി ആദരിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനും ബള്‍ഗേറിയയും കുട്ടികളുടെ സമ്മേളനങ്ങളില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ച് ശങ്കറങ്കിളിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചു.

നെഹ്‌റുവിന്നു ശേഷം ആര്? -ശങ്കര്‍ നെഹ്‌റുവിനെക്കുറിച്ച് അവസാനം വരച്ച കാര്‍ട്ടൂണുകളിലൊന്ന്. അദ്ദേഹത്തിനു പിന്നില്‍ ഓടുന്നവരില്‍ കൃഷ്ണമേനോന്‍ മാത്രമാണ് പ്രധാനമന്ത്രിയാവാതെപോയത്

1989 ഡിസംബര്‍ 26-ാം തീയതി ദല്‍ഹിയില്‍ വെച്ച് അന്തരിക്കുന്നതുവരെ ശങ്കര്‍ വിവിധ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിന്നു പതിനാലു വര്‍ഷം മുമ്പ്, 1975-ല്‍ ഒരു പ്രത്യേക പതിപ്പായി പ്രസിദ്ധീകരിച്ചുകൊണ്ട് ശങ്കേഴ്‌സ്‌വീക്കിലിയും നിലച്ചിരുന്നു.
(സത്യം പറയുന്ന നുണയന്മാര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
(കാര്‍ട്ടൂണുകള്‍ക്ക് കടപ്പാട്: കേരള കാര്‍ട്ടൂണ്‍ അക്കാദമി)

Thursday, July 28, 2011

'ആരുടേതാണ് ഈ ഭൂമി?'


ഈയിടെ ഞാന്‍ ഉദ്ഘാടകനായി പങ്കെടുത്ത ഒരു പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയില്‍ ഒരു സുഹൃത്തു പറഞ്ഞ അനുഭവകഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.
നാട്ടിന്‍പുറത്തെ ഒരു സ്‌കൂള്‍ കാണിച്ച മാതൃകയെക്കുറിച്ചാണ്. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി അവളുടെ സ്വന്തം നിരീക്ഷണത്തില്‍ ഒരു കാര്യം കണ്ടെത്തി. പ്രതിദിനം നൂറുകണക്കിന് ഡോട്ട് പോയിന്റ് പേനകളാണ് സ്‌കൂള്‍ പറമ്പില്‍ വലിച്ചെറിയപ്പെടുന്നത്. അജൈവ മാലിന്യമായി അവ മണ്ണിനെ അതിവേഗം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡോട്ട് പോയിന്റ് പേനകള്‍ക്കുപകരം മഷിപ്പേനകളുപയോഗിച്ചാലോ?

പ്ലാസ്റ്റിക് മാലിന്യങ്ങളെ വലിയതോതില്‍ കുറയ്ക്കാം. പ്രതിവര്‍ഷം വലിയ സാമ്പത്തിക ലാഭവും ഉണ്ടാക്കാം. സ്‌കൂളിലെ ഹരിതപദ്ധതിയില്‍ ആ വിദ്യാര്‍ഥിനി അവതരിപ്പിച്ച ഈ ആശയം വിദ്യാലയത്തെ മുഴുവനായി ഒറ്റവര്‍ഷം കൊണ്ട് മഷിപ്പേനയിലേയ്ക്കു മാറുവാന്‍ പ്രേരിപ്പിച്ചു എന്നതാണ് സുഹൃത്തു പറഞ്ഞ അനുഭവം.

ചെറിയ കുട്ടികള്‍ക്ക് നമ്മുടെ മണ്ണിനെക്കുറിച്ചുള്ള ഈ ഉത്കണ്ഠയും കരുതലും പോലും മുതിര്‍ന്നവരെന്ന് ഭാവിക്കുന്ന നമുക്കില്ലാതെ പോവുന്നതിനെക്കുറിച്ചാണ് ഞാനപ്പോള്‍ വിഷാദിച്ചുപോയത്.

ആധുനിക മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ന് മണ്ണിനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. അളവില്ലാത്ത വിധത്തിലുള്ള രാസമാലിന്യങ്ങളും ഖരമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും നിമിഷം പ്രതി നാം അധിവസിക്കുന്ന ഈ കൊച്ചുഭൂമിയില്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. ഊര്‍ജലബ്ധിക്കുവേണ്ടി നാം ഒരു കഷണം കല്‍ക്കരിയോ ഒരു ഗ്യാലന്‍ പെട്രോളോ ഒരു ഘനയടി വാതക ഇന്ധനമോ കത്തിക്കുമ്പോള്‍ പോലും അന്തരീക്ഷത്തിലെ പ്രാണവായുവില്‍ അളവില്‍ക്കവിഞ്ഞ അംഗാരാമ്ലവാതകം (കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്) കലരുന്നു എന്നതാണ് കണക്ക്. അപ്പോള്‍പ്പിന്നെ ഉത്തരാധുനിക കാലത്തെ കണക്കാക്കാനാവാത്ത ഊര്‍ജ്ജോല്‍പ്പാദന പ്രക്രിയകള്‍ എത്രമാത്രം കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പ്രാണവായുവില്‍ കലര്‍ത്തുന്നുണ്ടാവും!

ഇത്തരത്തില്‍ പുറം തള്ളപ്പെടുന്ന അംഗാരാമ്ലവാതകങ്ങളാണ് അന്തരീക്ഷത്തിലെ ചൂടുവര്‍ധിപ്പിച്ച് ആഗോളതാപനം വര്‍ധിപ്പിക്കുന്നത്. ഭൂമിയുടെ താപം വര്‍ധിക്കുന്നതിന്റെ ഫലമായി ഹിമാനികള്‍ പോലും ഉരുകുകയും സമുദ്രനിരപ്പുകള്‍ ഉയരുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നു. ഭൂമിയില്‍ അപ്രതീക്ഷിതമായ ആഘാതങ്ങള്‍ക്ക് അതു വഴിവെയ്ക്കും. സുനാമികളും കൊടുങ്കാറ്റുകളും മാത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആഗോളതാപനം മൂലമുണ്ടാവുന്ന മാരക രോഗങ്ങള്‍ മൂലം കോടിക്കണക്കിനാളുകള്‍ക്ക് ജീവഹാനി വരുത്തുന്ന മഹാവിപത്തുക്കളുമുണ്ടാവും എന്ന് പുതിയ ശാസ്ത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പെരുകിവരുന്ന വ്യവസായശാലകള്‍ പുറംതള്ളുന്ന ജീര്‍ണിക്കാത്ത മാലിന്യങ്ങളുടെ അളവ് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. അതിനും പുറമെയാണ് 'ഇ' വേസ്റ്റുകള്‍. അത് ഭൂമിയുടെ ഫലപുഷ്ടിയെ നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു സഹായകമായിട്ടുള്ള അന്തരീക്ഷത്തെ പാടെ ഇല്ലായ്മ ചെയ്യുക കൂടിയാണ്. ഒരു വശത്ത് അന്തരീക്ഷത്തിലുള്ള ഭൂമിയുടെ രക്ഷാകവചം ഇല്ലാതാവുകയും മറുവശത്ത് മണ്ണാവുന്ന ഭൂമിയുടെ ശരീരം വിഷമയമായിത്തീരുകയുമാണ്. മാരകമായ റേഡിയേഷന്‍ അന്തരീക്ഷത്തെ ഇഞ്ചിഞ്ചായി വാസയോഗ്യമല്ലാതാക്കുന്നുണ്ട്. ആരുടേതാണ് ഈ ഭൂമി?

അനന്ത സഹസ്രാബ്ദങ്ങളില്‍ കോടാനുകോടി ജീവാംശങ്ങള്‍ ജീവിച്ചുപോന്ന മണ്ണിന്റെ ജൈവത്തുടര്‍ച്ച, മനുഷ്യന്റെ ദുരമൂലം ഒരൊറ്റ നൂറ്റാണ്ടുകൊണ്ട് ഇല്ലാതായാലോ?
ഭൂമിയുടെ അവകാശി മനുഷ്യന്‍ മാത്രമല്ല. അനന്തകോടി സസ്യ-ജീവ ജാലങ്ങള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി. മനുഷ്യന്റെ അജ്ഞതയും അഹങ്കാരവും അവസാനിക്കാത്ത ആര്‍ത്തിയും മൂലം ഭൂമി നശിക്കാനിടവരുന്ന സാഹചര്യം ഏതുവിധത്തിലും തടയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ജന്തുലോകമൊന്നാകെ മനുഷ്യനു നേരെ തിരിഞ്ഞു നില്‍ക്കുന്ന ഒരവസ്ഥയുണ്ടാവും.

മഹാത്മജി ഒരിക്കല്‍ പറഞ്ഞു:

''ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുവാന്‍ പ്രകൃതിക്കു കഴിയും. പക്ഷേ ഒരൊറ്റ മനുഷ്യന്റെ ആര്‍ത്തിപോലും നിറവേറ്റുവാന്‍ ഭൂമിക്കു കഴിയുകയില്ല''.
ക്രാന്തദര്‍ശിയായ ഒരു കുട്ടിയെക്കുറിച്ചുള്ള കഥ ഈ വിധത്തില്‍ എന്റെ മനസ്സില്‍ കുറേ വിഹ്വലതകളും ഒരുപാട് ഉല്‍ക്കണ്ഠകളും സൃഷ്ടിച്ചു. ചെറിയ ഒരു പ്രത്യാശയും.
'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ,

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍'' എന്ന് വൈലോപ്പിള്ളി പാടിയതെത്രശരി!

നാം കുട്ടികളില്‍ നിന്നുപലതും പഠിക്കേണ്ടിയിരിക്കുന്നു.

സാമ്രാജ്യ വികസനത്തിന്റെ രണ്ടാംഘട്ടത്തില്‍ സിയാറ്റിലെ ആദിവാസി മൂപ്പനോട് ഭൂമി വില്‍ക്കുവാനാവശ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിന് നിരക്ഷരനായ സിയാറ്റില്‍ മൂപ്പന്‍ എഴുതിയ പ്രശസ്തമായ കത്തുണ്ടല്ലോ. അതില്‍ അദ്ദേഹം കുട്ടികളെയാണ് പ്രകൃതി സാക്ഷരതയ്ക്ക് മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്.

''ഞങ്ങളുടെ കുട്ടികള്‍ക്ക് ഈ ഭൂമിയിലെ ചെടികളും മരങ്ങളും പുഴകളും അരുവികളും പക്ഷിമൃഗാദികളും സഹോദരരാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക്, ഭൂമി തന്നാല്‍, അതുപോലെ ഈ ഭൂമിയെ കണക്കാക്കാന്‍ നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം''.

'ആകാശവും ഭൂമിയും വില്‍ക്കാന്‍ ഞാനാരാണ്?' എന്നുകൂടി നിരക്ഷരനായ ആ ഗോത്രത്തലവന്‍ ചോദിക്കുന്നുണ്ട്.

ആധുനിക മനുഷ്യന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഭൂമിയെ അമ്മയെന്നു വണങ്ങിപ്പോന്ന ഒരു സംസ്‌കൃതി പഴങ്കഥയാവുകയാണ്. അറിയാതെ ജനനിയെപ്പരിണയിച്ച യവന തരുണന്‍ പക്ഷേ പുതിയ കഥകളില്‍ പുനര്‍ജ്ജനിക്കുകയുമാണ്.

അവിടെ ഭൂമിയെ സ്‌നേഹിക്കുന്ന പുതിയ കുട്ടികള്‍ ഉണ്ടാവുന്നു എന്ന വാര്‍ത്ത എത്ര അപൂര്‍വമായാലും ഒരു വലിയ പ്രത്യാശയും വെളിച്ചവുമാവുന്നു.


ആലങ്കോട് ലീലാകൃഷ്ണന്‍ ജനയുഗം 29 ജൂലൈ 2011

പേജ് 

Sunday, July 24, 2011

നഗ്‌നരാകുന്ന മാധ്യമചക്രവര്‍ത്തിമാര്‍ - ഹുംറ ഖുറൈശി

നേരക്കുറികള്‍

നഗ്‌നരാകുന്ന മാധ്യമചക്രവര്‍ത്തിമാര്‍

മാധ്യമരാജാക്കന്മാര്‍ നഗ്‌നരാണ് എന്ന സത്യം വിളിച്ചുപറഞ്ഞുകൊണ്ട് ഗാര്‍ഡിയന്‍ ലേഖകന്‍ നിക് ഡേവിസ് ആദ്യ നിറയൊഴിച്ചപ്പോള്‍തന്നെ ഒരു കുത്തകപത്രം ഇഹലോകവാസം വെടിഞ്ഞു. ആ പത്രത്തിന്റെ വഴിവിട്ട വാര്‍ത്തചോര്‍ത്തലിന് പ്രോത്സാഹനമേകിയ മാധ്യമചക്രവര്‍ത്തി റൂപര്‍ട്ട് മര്‍ഡോക്കിനെയും മകന്‍ ജെയിംസ് മര്‍ഡോക്കിനെയും ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതി വിസ്തരിക്കുകയും ശക്തമായി ശാസിക്കുകയും ചെയ്ത രംഗങ്ങള്‍ ടെലിവിഷന്‍ ശൃംഖലകള്‍ വഴി മാലോകരെല്ലാം വീക്ഷിക്കുകയുണ്ടായി. ഒരുപക്ഷേ, അവരുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയ്ഡുകള്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളിലേതിനു സമാനമായ സ്‌തോഭജനകങ്ങളായ ദൃശ്യങ്ങളായിരുന്നു ഈ വിചാരണസീനുകളും.
ഈ വിസ്താരരീതിയെ ഇനി നമ്മുടെ രാജ്യവുമായി ഒന്നു താരതമ്യം ചെയ്തുനോക്കാം. അല്ലെങ്കില്‍ ഇന്ത്യയിലെ കുറ്റാരോപിതരെ ഈ മാതൃകയില്‍ വിസ്തരിക്കുന്നത് ഒരുവട്ടം നമുക്ക് സങ്കല്‍പിച്ചുനോക്കാം. വോട്ടിനു കോഴ നല്‍കി പാര്‍ലമെന്റംഗങ്ങളെ വിലക്കെടുത്തവരെ ഈ മാതൃകയില്‍ പാര്‍ലമെന്റിനകത്തേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്യുക. അവയുടെ ദൃശ്യങ്ങള്‍ ഓരോ പൗരനും വീക്ഷിക്കാന്‍ സാധിക്കുംവിധം ടെലിവിഷന്‍ വഴി സംപ്രേഷണവും ചെയ്യുക. ഓരോ ചോദ്യത്തിനും അവര്‍ നല്‍കുന്ന ഉത്തരങ്ങള്‍ മറയില്ലാത്ത സംപ്രേഷണം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ എം.പിമാരുടെയും ഭരണനേതൃത്വത്തിന്റെയും അസാന്മാര്‍ഗികത ആവരണങ്ങളില്ലാതെ ജനങ്ങള്‍ക്കു മുന്നില്‍ വെളിവാകാതിരിക്കില്ല.
തടവറകളിലും പൊലീസ് സ്‌റ്റേഷനുകളിലും ആരോപിതരെ അതിക്രൂരമായി ഭേദ്യംചെയ്യുന്ന നിയമപാലകരെയും ഈ രീതിയില്‍ സഭയിലേക്ക് ആനയിക്കുന്നത് ഗുണകരമാകും. പൊലീസുകാര്‍ മൂന്നാംമുറകള്‍ പ്രയോഗിക്കുന്നവരാണെന്ന സത്യം ഏവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍, പിടിക്കപ്പെടുന്നവരുടെ പദവിസ്വാധീനഭേദങ്ങള്‍ക്കനുസരിച്ച് ഈ മുറകളുടെ രീതിയിലും തോതിലും എത്ര വ്യതിയാനം സംഭവിക്കുന്നു എന്ന് തിട്ടപ്പെടുത്താന്‍ പ്രയാസം. രാഷ്ട്രീയ കക്ഷികളുമായി ബന്ധമില്ലാത്ത ചേരിവാസിയാണ് പിടിക്കപ്പെടുന്നതെങ്കില്‍ അവന്റെ കഥ കഴിഞ്ഞതുതന്നെ. അടിയേറ്റ് ഹൃദയം സ്തംഭിച്ചോ ചവിട്ടേറ്റ് ശ്വാസംനിലച്ചോ ആകും മരണം. ജീവന്‍ തിരിച്ചുകിട്ടാന്‍ ഭാഗ്യമുള്ളവര്‍ക്ക് എല്ലും തൊലിയുമായി ശിഷ്ടകാലം ജീവിക്കാം. മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് പിടിയിലായ ഫയാസ് ഉസ്മാന്‍ എന്ന തെരുവുകച്ചവടക്കാരന്റെ കഥ നാം ശ്രദ്ധിക്കയുണ്ടായി. നിസ്സാരമായ സംശയത്തിന്റെ പേരില്‍ ചെറുതായൊന്ന് ചോദ്യംചെയ്യാനാണ് അയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് ഓഫിസര്‍മാര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍, ചോദ്യംചെയ്യലിന്റെ കലശലായ വൈദഗ്ധ്യംമൂലം ഒന്നോ രണ്ടോ മണിക്കൂറിനകം ആ സാധുവിന്റെ ജീവന്‍ കവര്‍ന്നെടുക്കാന്‍ നിയമപാലകര്‍ക്ക് സാധിച്ചു.  കാര്യമായെന്തെങ്കിലും പറയുംമുമ്പേ കുറ്റാരോപിതര്‍ മരിച്ചുവീഴുന്നുവെങ്കില്‍ ഇത്തരം ചോദ്യംചെയ്യല്‍ നടപടികൊണ്ട് എന്തു പ്രയോജനം?
സ്‌ഫോടനങ്ങളെ രാഷ്ട്രീയ നിറഭേദങ്ങേളാടെ കാണാനാണ് സര്‍വര്‍ക്കും ഔത്സുക്യം. മുംബൈ സ്‌ഫോടന ചര്‍ച്ചകള്‍ക്കായി ചാനല്‍ സ്റ്റുഡിയോകളില്‍ രാഷ്ട്രീയക്കാര്‍ കെട്ടിയൊരുങ്ങി പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ വലതുപക്ഷ ചിന്താഗതിക്കാരോ മൗലിക വിപ്ലവപ്രവര്‍ത്തകരോ തുടങ്ങിയ നിരവധി സന്ദേഹങ്ങള്‍ ഉയര്‍ത്തി ഇസ്തിരിയിട്ട വാക്യങ്ങളിലായിരുന്നു ഈ വിശാരദന്മാരുടെ വിശകലനങ്ങള്‍. നിരപരാധികളെ കൊലപ്പെടുത്തുന്ന ഭീകരതയാണ് അരങ്ങേറിയത് എന്ന സത്യം ആദ്യമേ അംഗീകരിക്കണം. ഇത്തരം ഭീകരതകള്‍ ഉന്മൂലനം ചെയ്യപ്പെടണമെങ്കില്‍ രാജ്യം ഒറ്റക്കെട്ടാകണം. എന്നാല്‍, അത്തരമൊരു ഒരുമ ഇവിടെ നിലനില്‍ക്കുന്നില്ല എന്നതാകുന്നു ദുഃഖകരമായ യാഥാര്‍ഥ്യം.
ഡി.എന്‍.എ ടെസ്റ്റിനെ തിവാരി എന്തിന് ഭയപ്പെടുന്നു?
എന്‍.ഡി. തിവാരിയെ നിങ്ങള്‍ മറന്നുകാണില്ലെന്ന് വിശ്വസിക്കുന്നു. മെത്തയില്‍ ശയിക്കുന്ന നിലയിലാണ് ആ രാഷ്ട്രീയ വയോധികനെ അവസാനമായി നാം ടെലിവിഷനിലൂടെ ദര്‍ശിച്ചത്. ശയ്യയില്‍ അങ്ങോര്‍ ഒറ്റക്കായിരുന്നില്ല. ലലനാമണികളും സഹശയനത്തിന് കൂട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ജനങ്ങള്‍ മുറവിളി കൂട്ടിയതോടെ അങ്ങോര്‍ ആന്ധ്രാ ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവെച്ചു.
അദ്ദേഹം പെട്ടിയും പ്രമാണവും എടുത്ത് നേരെ സ്വന്തം സംസ്ഥാനമായ ഉത്തരഖണ്ഡിലേക്ക് തിരിച്ചു. രാഷ്ട്രീയവും രാസകേളികളും അവസാനിപ്പിച്ച് റിട്ടയര്‍മെന്റ് ലൈഫ് തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ, ഉടന്‍ മറ്റൊരു ബോംബുകൂടി പൊട്ടി. രോഹിത് ശേഖര്‍ എന്നൊരു ചെറുപ്പക്കാരന്‍ അവിടെ രംഗപ്രവേശം ചെയ്തു. താന്‍ സാക്ഷാല്‍ എന്‍.ഡി. തിവാരിയുടെ പുത്രനാണെന്ന വിളംബരവുമായായിരുന്നു കക്ഷിയുടെ വരവ്.
പിതൃത്വവും പുത്രത്വവും തെളിയിക്കുന്നതിനാവശ്യമായ രേഖകളും പ്രമാണങ്ങളും ഹാജരാക്കിക്കൊണ്ടായിരുന്നു രോഹിതിന്റെ രംഗപ്രവേശം.
ടെലിവിഷന്‍ ലീലകള്‍ക്ക് വിശദീകരണം നല്‍കവെ നടത്തിയ ഉരുണ്ടുകളികള്‍കൊണ്ടാണ് രോഹിതിന്റെ വെളിപ്പെടുത്തലിനെയും തിവാരി നേരിട്ടത്. പക്ഷേ, രോഹിതിനു പിന്നില്‍ അവന്റെ അമ്മയും സമുദായവും ഒന്നിച്ചുനിന്നു. ഒടുവില്‍ ഡി.എന്‍.എ ടെസ്റ്റിന് കോടതി ഉത്തരവിട്ടു. ഈ വയസ്സുകാലത്ത് തനിക്കൊരു ഡി.എന്‍.എ ടെസ്റ്റ് ആവശ്യമാണോ എന്ന തൊടുന്യായം നിരത്തി കോടതി ഉത്തരവിനെ മറികടക്കാനാണിപ്പോള്‍ ഈ 'ജനനായകന്റെ' ശ്രമം. ഇത്തരം ജനവഞ്ചകരെ വെറുതെ വിട്ടുകൂടാ.
രോഹിത് എന്ന പുത്രന്റെ ജനനത്തിന് അങ്ങേര്‍ ഉത്തരവാദിയാണ് എങ്കില്‍ അക്കാര്യം പരസ്യമായി സമ്മതിക്കാനും പിതൃബാധ്യതകള്‍ ഏറ്റെടുക്കാനുമുള്ള ആര്‍ജവം തിവാരി കാണിച്ചേ മതിയാകൂ. രോഹിത് അഭിമുഖീകരിക്കുന്നതിനോട് സമാനമായ പ്രതിസന്ധി നമുക്കു മുന്നില്‍ വന്നുചേര്‍ന്നാല്‍ നാം ഏതുവിധമാകും പ്രതികരിക്കുക? എന്റെ ജീവശാസ്ത്രപരമായ ജനയിതാവ് ഈ വി.ഐ.പി ആണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ നമ്മില്‍ എത്രപേര്‍ ധൈര്യം കാണിക്കും? അതിനാല്‍ രോഹിത് ശേഖര്‍ എന്ന യുവാവിന്റെ ധീരരംഗപ്രവേശം സര്‍വരുടെയും പിന്‍ബലവും പിന്തുണയും അര്‍ഹിക്കുന്നു. ചുമ്മാതെയങ്ങ് രക്ഷപ്പെട്ടുകളയാമെന്ന് തിവാരിയെപ്പോലുള്ള ദുഃസാമര്‍ഥ്യക്കാര്‍ കരുതാന്‍ ഇടവരാത്തവിധം ശക്തമായിരിക്കണം നമ്മുടെ സമീപനം.
ടാഗോര്‍ സ്മൃതിയില്‍ പുതിയ പുസ്തകങ്ങള്‍
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിയോഗി ബുക്‌സ് രണ്ട് ഉജ്ജ്വല പുസ്തങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ലോകനിലവാരത്തിലുള്ള കെട്ടിലും മട്ടിലുമാണ് രണ്ട് കൃതികളും. ടാഗോറിന്റെ പെയ്ന്റിങ്ങുകളെ ആധാരമാക്കിയുള്ള പഠനമാണ് അവയിലൊന്ന്. ചിത്രകലാരൂപത്തിലുള്ള അദ്ദേഹത്തിന്റെ ജീവചരിത്രമാണ് രണ്ടാമത്തേത്. ഇവയിലൂടെ കടന്നുപോകുമ്പോള്‍ ആ വിശ്വപ്രതിഭയുടെ സര്‍ഗവൈഭവം ഒരിക്കല്‍ക്കൂടി നമ്മെ വിനീതരാക്കാതിരിക്കില്ല. സ്വന്തം പെയ്ന്റിങ്ങുകളെ സംബന്ധിച്ച് ടാഗോര്‍ എഴുതിയ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: 'എന്റെ പെയ്ന്റിങ്ങുകള്‍ വരകളിലൂടെയുള്ള എന്റെ കവിതാരചന തന്നെയാകുന്നു. അവ അംഗീകാരം അര്‍ഹിക്കുന്നുവെങ്കില്‍ അത് അതിന്റെ രൂപപരമായ താളപ്പൊരുത്തം മൂലമാകും അംഗീകരിക്കപ്പെടുക. എന്റെ ചിത്രങ്ങള്‍ ഏതെങ്കിലും ആശയത്തിന്റെേയാ വസ്തുതയുടെയോ പ്രതിനിധാനമല്ല.'


മാധ്യമം

Saturday, July 23, 2011

മാണി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല . തോമസ് ഐസക്


കളളക്കണക്കിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക വിദഗ്ധന്‍ ചമയുന്ന ശീലം കെ. എം. മാണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുപത്തി അഞ്ചുവര്‍ഷം മുമ്പ് ധനകാര്യമന്ത്രിയായിരിക്കെ ഇതേ തന്ത്രം മാണി പയറ്റിയിട്ടുണ്ട്. കേരളത്തില്‍ ആദ്യത്തെ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതി കൊതിച്ചാണ്  അന്ന് അദ്ദേഹം കളളക്കണക്കിനെ ആശ്രയിച്ചത്.

15 കോടി രൂപയുടെ മിച്ച ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് 1986-87ലെ ബജറ്റു പ്രസംഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടത്. അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജനാര്‍ദ്ദനന്‍ പൂജാരി, അന്ന് കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തുടങ്ങിയവരെല്ലാം മാണിയുടെ മിച്ചവാദത്തെ രൂക്ഷമായി ആക്രമിച്ചു. വിവാദം കൊഴുത്തപ്പോള്‍ ബജറ്റ് ഒരേസമയം കമ്മിയും മിച്ചവുമാണെന്ന വാദവുമായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും രംഗത്തിറങ്ങി.

കാല്‍നൂറ്റാണ്ടു മുമ്പ് മാണി പയറ്റിയ കണക്കെഴുത്തു തന്ത്രത്തിന്റെ പരിഹാസ്യത ബോധ്യപ്പെടാന്‍. താഴെ കൊടുത്തിരിക്കുന്ന മനോരമ തലക്കെട്ടുകള്‍ മാത്രം മതി.


1986 മാര്‍ച്ച് 15ന്റെ ബജറ്റ് വാര്‍ത്തയുടെ തലക്കെട്ട്


അടിവരയിട്ടതായിരുന്നു അന്നത്തെ അവകാശവാദം.  


അതിന്റെ ഗതിയെന്തായിരുന്നുവെന്ന് നോക്കുക.


ലോകസഭാ അംഗമായിരുന്ന ശരദ് ദിഘെയ്ക്ക് 
 കേന്ദ്ര ധനകാര്യസഹമന്ത്രി  ജനാര്‍ദ്ദനന്‍ പൂജാരി
രേഖാമൂലം നല്‍കിയ മറുപടിയെക്കുറിച്ചുളള വാര്‍ത്തയുടെ തലക്കെട്ട്.

ഒന്നോ രണ്ടോ ദിവസത്തെ റിസര്‍വ് ബാങ്കിലെ മിച്ചക്കണക്കു വെച്ച് നിയമസഭയില്‍ മാണി നടത്തിയ കസര്‍ത്ത് അരിശം കൊളളിച്ചത് പ്രതിപക്ഷത്തെ മാത്രമല്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണനാണ് മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. വസ്തുതകള്‍ സംസാരിക്കട്ടെ എന്ന തലക്കെട്ടില്‍ വലിയൊരു പ്രസ്താവന തന്നെ അദ്ദേഹം പുറപ്പെടുവിച്ചു. വാര്‍ത്തയുടെ തലക്കെട്ടാണ് ചുവടെ.


വാര്‍ത്തയില്‍ നിന്ന് "...കൊടുക്കാനുളളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ്  79 കോടി രൂപയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 140 കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ത്ഥവും യുക്തിഹീനവുമാണ്. വരവു കൂടുതലുളള ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുളളവര്‍ക്കു പോലും അറിയാം".

സാമ്പത്തിക കാര്യങ്ങളുമായി അല്‍പം പരിചയമെങ്കിലും ഉളളവരെ നാണിപ്പിക്കുന്ന കളളക്കളി തന്നെയാണ് കാല്‍നൂറ്റാണ്ടിനു ശേഷം ധവളപത്രത്തിലും കെ. എം. മാണി കാണിച്ചത്. 25 കൊല്ലം പഴകിയ തരികിടയേ മാണിസാറിന്റെ കൈവശമുളളൂ എന്നര്‍ത്ഥം.

ഡോ. പി. കെ. ഗോപാലകൃഷ്ണനു പിന്തുണ നല്‍കി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തന്നെ രംഗത്തിറങ്ങി. സ്വതവേ മിതഭാഷിയായ ഡോ. രാജ് കെ. എം. മാണിയ്ക്കെതിരെ ആഞ്ഞടിച്ചു. 


വാര്‍ത്തയില്‍ നിന്ന്... "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്.... ഇതേപ്പറ്റി ചീഫ് ജസ്റ്റിസിന് എഴുതിയാലെന്തെന്നു വരെ തനിക്ക് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു."

25 കൊല്ലങ്ങള്‍ക്കു ശേഷവും കെ. എം. മാണിയ്ക്ക് ഒരുമാറ്റവുമില്ല. കളളക്കണക്ക് അവതരിപ്പിക്കാന്‍ നിയമസഭ കഴിഞ്ഞേ അദ്ദേഹത്തിന് മറ്റൊരു വേദിയുളളൂ.....

ഇന്ന് കെ. എം. മാണിയുടെ മുന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നതായി അഭിനയിക്കുകയാണല്ലോ ഉമ്മന്‍ചാണ്ടി. അന്നത്തെ മുഖ്യമന്ത്രിയും അത്തരമൊരഭ്യാസം കാണിച്ചു. പിന്തുണയ്ക്കുന്നതായി നടിച്ചു കൊണ്ട് മാണിയുടെ നെഞ്ചില്‍ കെ. കരുണാകരന്‍ പാര കുത്തിത്താഴ്ത്തി.  കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല എന്നാണ് കരുണാകരന്‍ പറഞ്ഞത്. ആ തലക്കെട്ട് ചുവടെ...


അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു, ഇന്ന് ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ ആര്യനാട് ബ്ലോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ മിച്ച കമ്മി ആശയക്കുഴപ്പത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ തുറന്നടിച്ചു...

മനോരമ വാര്‍ത്തയില്‍ നിന്ന്....  കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന്  ... കാര്‍ത്തികേയന്‍ ...പ്രസ്താവിച്ചു.. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു....  




 1986 ഏപ്രില്‍ 28ന്റെ മനോരമയില്‍ നിന്ന്...

എന്തിനേറെ പറയുന്നു... മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി കരുണാകരന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി. അതോടെ "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രിയായി വിലസിയ കെ. എം. മാണിക്ക് ധനമന്ത്രി പദം നഷ്ടപ്പെട്ടു. വെറുമൊരു നിയമമന്ത്രിയായ്ക്കി കരുണാകരന്‍ മാണിയെ മൂലയ്ക്കിരുത്തി. ധനവകുപ്പ് കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരനു നല്‍കി. നിയമസഭയില്‍ വെച്ചു തന്നെ പിന്‍ഗാമി എയ്ത ആഗ്നേയാസ്ത്രം മാണിയുടെ നെഞ്ചില്‍ തറച്ച കാഴ്ചയ്ക്ക് എത്ര കൗതുകകരമായ തലക്കെട്ടാണ് അന്ന് മനോരമ നല്‍കിയതെന്ന് നോക്കൂ... 



(ഇതേക്കുറിച്ച് പി. എം. മനോജ് എഴുതിയ ലേഖനം ചുവടെ...)

മിച്ചം തന്നെ, അതായത് കമ്മി

 

പേജിലേക്ക് 

Monday, July 11, 2011

യുപിഎ സര്‍ക്കാര്‍ : വഴിതെറ്റലും വഞ്ചനയും പ്രകാശ് കാരാട്ട്

Posted on: 12-Jul-2011 12:01 AM
അഴിമതിയുടെ ഭൂതം കേന്ദ്രസര്‍ക്കാരിനെ തുടര്‍ച്ചയായി വേട്ടയാടുകയാണ്. 2ജി സ്പെക്ട്രം കേസില്‍ വഴിത്തിരിവുണ്ടായി ഒന്‍പത് മാസത്തിനുശേഷം, യുപിഎ സര്‍ക്കാര്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ഉയരുന്ന അഴിമതി ആരോപണങ്ങളില്‍പെട്ട് ഉലയുകയാണ്. ഇവ ഓരോന്നും മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ കൂടുതല്‍ തകര്‍ക്കുന്നു. വിദേശത്തേക്ക് കടത്തിയ കള്ളപ്പണം തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിക്ക് പകരം മുന്‍ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി നിയോഗിക്കുകയുംചെയ്തു. വിചിത്രമായ രാഷ്ട്രീയ സ്ഥിതിഗതിയാണ് നിലവിലുള്ളത്.

മേയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം യുപിഎ സര്‍ക്കാര്‍ ദിശാബോധം നഷ്ടമായ രീതിയിലാണ് നീങ്ങുന്നത്. അഴിമതിയാരോപണങ്ങള്‍ നിരന്തരം ഉയരുമ്പോള്‍ സര്‍ക്കാര്‍ രണ്ട് കാര്യങ്ങളില്‍മാത്രമാണ് ശ്രദ്ധിക്കുന്നത്-ആദ്യം, പ്രശ്നമൊന്നും ഇല്ലെന്ന് വരുത്താന്‍ ശ്രമിക്കുന്നു, പിന്നീട്, ഇത് വരുത്തിയ കെടുതികള്‍ പരിമിതമായ തോതിലെങ്കിലും പരിഹരിക്കാനും ശ്രമിക്കുന്നു. അതായത്, സര്‍ക്കാര്‍ വലിയ കുഴപ്പത്തിലാണ്, സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നവര്‍പോലും അപകടം തിരിച്ചറിഞ്ഞിരിക്കുന്നു. നവഉദാരവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വന്‍കിട ബിസിനസുകാരും അവരുടെ ലോബികളും വിലപിക്കുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി പിറുപിറുപ്പുകള്‍ ഉയരുന്നു. പ്രധാനമന്ത്രി തീരുമാനമെടുക്കാനുള്ള ശേഷിയും കാര്യക്ഷമതയും ഇല്ലാത്ത വ്യക്തിയാണെന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സര്‍ക്കാരും ഭരണകക്ഷിയും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തക്കേടുകളാണ്. അധികാരത്തില്‍ മൂന്നുവര്‍ഷം തികയുംമുമ്പുതന്നെ ഈ സര്‍ക്കാരിനെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സര്‍ക്കാരായി ചില നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നു. സര്‍ക്കാരിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നത് വസ്തുതയായിരിക്കുമ്പോള്‍തന്നെ സ്ഥിതിഗതിയെ വിചിത്രമാക്കുന്നത് അസ്ഥിരതയ്ക്ക് പ്രകടമായ ഘടകങ്ങള്‍ ഇല്ലെന്നതാണ്. സര്‍ക്കാരിന്റെ കാര്യം നോക്കുമ്പോള്‍ രാഷ്ട്രീയ ഭീഷണിയൊന്നും ഉയര്‍ന്നുവന്നിട്ടില്ല. യുപിഎ ഘടകകക്ഷികള്‍ ഏതെങ്കിലും വിട്ടുപോവുകയോ പുറത്തുനിന്ന് പിന്തുണ നല്‍കുന്ന കക്ഷികള്‍ ആരെങ്കിലും അത് പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. അപ്പോള്‍ സര്‍ക്കാര്‍ ദുര്‍ബലവും തകര്‍ന്നതുമായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാരിന്റെ ദൃഢതയ്ക്കും വിശ്വാസ്യതയ്ക്കും ഭീഷണി ഉയര്‍ത്തുന്ന തോതില്‍ വന്‍അഴിമതികള്‍ സംഭവിക്കാന്‍ ഇടയാക്കിയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടത്. നവഉദാരനയങ്ങളുടെ ഫലമാണ് അഴിമതിയും പൊതുമുതലിന്റെ വന്‍കൊള്ളയും. ഈ പ്രക്രിയയുടെ സഹായിയും സൗകര്യദാതാവുമായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ . വന്‍കിട ബിസിനസുകാരും ഭരണകക്ഷി രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള അവിഹിത ഇടപാടുകള്‍ 2ജി കേസ് നാടകീയമായി പുറത്തുകൊണ്ടുവന്നു, ഇത്തരം ബന്ധങ്ങള്‍ നവഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് ഈ അഴിമതിക്കെതിരെ ഉയരുന്ന പ്രതിഷേധം തങ്ങള്‍ പിന്തുടരുന്ന നയങ്ങള്‍ക്കും സൃഷ്ടിക്കുന്ന ചട്ടക്കൂടിനും ഭീഷണിയാകുമെന്ന ആശങ്ക ഉദാരവല്‍ക്കരണത്തിന്റെ ശില്‍പ്പികള്‍ക്ക് അനുഭവപ്പെടുന്നത്. ഈ അവിഹിതബന്ധത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഇന്ന് തിഹാര്‍ ജയിലില്‍ എത്തിയിട്ടുണ്ട്-

വന്‍കിട ബിസിനസുകാരില്‍നിന്നും (അഴിമതിക്കേസില്‍പ്പെട്ട കമ്പനികളുടെ സിഇഒമാരും ഉയര്‍ന്ന എക്സിക്യൂട്ടീവുകളും); ഭരണകക്ഷി രാഷ്ട്രീയക്കാരില്‍നിന്നും(മുന്‍ മന്ത്രി രാജയെപ്പോലുള്ളവര്‍); ബ്യൂറോക്രാറ്റുകളില്‍നിന്നും(മുന്‍ ടെലികോം സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍) പ്രതിനിധികള്‍ . ചുരുക്കത്തില്‍ സര്‍ക്കാരിനുണ്ടായ "സ്തംഭനം" അഴിമതിയുടെ വ്യവസ്ഥാപിത സ്വഭാവം കാരണമാണ്. രാജ്യത്തെ കോഴയില്‍ കുടുക്കിയത് വന്‍കിട ബിസിനസുകാരാണെന്നത് പുറത്തുവന്നിരിക്കുന്നു. മൊത്തം വ്യവസ്ഥയെത്തന്നെ കാര്‍ന്നുതിന്നുന്ന രീതിയില്‍ വളര്‍ന്ന അഴിമതിയെന്ന അര്‍ബുദം നിയന്ത്രിക്കാന്‍ സുപ്രീംകോടതി സ്വീകരിച്ച മാര്‍ഗം എക്സിക്യൂട്ടീവിന്റെ തകര്‍ന്ന വിശ്വാസ്യതയ്ക്ക് കൂടുതല്‍ പ്രഹരമായി. രാഷ്ട്രീയതലത്തില്‍ അഴിമതിപ്രശ്നം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് സംയുക്തപാര്‍ലമെന്ററി സമിതി രൂപീകരിക്കുന്ന കാര്യത്തില്‍ കഴിഞ്ഞവര്‍ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഉണ്ടായ സംഭവങ്ങളും അഴിമതിക്കെതിരെയുണ്ടായ ജനകീയപ്രക്ഷോഭവും നമുക്ക് കാണിച്ചുതന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനും യുപിഎ സര്‍ക്കാരിനും രാഷ്ട്രീയമായി അഴിമതിപ്രശ്നം കൈകാര്യംചെയ്യാന്‍ കഴിയാത്തതിന് കാരണം അവര്‍തന്നെ സൃഷ്ടിച്ച സാമ്പത്തികഘടനയുടെ ഭാഗമാണ് ഇതെന്നുള്ളതുകൊണ്ടാണ്. ഇതേ സാമ്പത്തികനയങ്ങള്‍ പിന്തുടര്‍ന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരം അഴിമതികള്‍ ഉണ്ടായത് നാം കണ്ടതാണ്. യുപിഎ സര്‍ക്കാര്‍ ഏതെല്ലാം രക്ഷാനടപടികള്‍ സ്വീകരിച്ചാലും ഉന്നതതലത്തിലെ അഴിമതി അകറ്റാന്‍ കഴിയില്ല. രണ്ട് കേന്ദ്രമന്ത്രിമാര്‍ (ദയാനിധി മാരനും മുരളി ദേവ്റയും) അന്വേഷണം നേരിടുകയാണ്. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കെജി എണ്ണപ്പാടം ക്രമക്കേടിന്റെ അനന്തരഫലം അറിയാനിരിക്കുകയാണ്. സിഎജിയുടെ കടമകളെക്കുറിച്ചും എക്സിക്യൂട്ടീവിന്റെ പ്രവര്‍ത്തനത്തില്‍ ജുഡീഷ്യറി അതിരുകടന്ന് ഇടപെടുന്നതായും പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ അവര്‍ എത്രത്തോളം നിരാശയിലാണെന്ന് വ്യക്തമാക്കുന്നു. ഫലപ്രദമായ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യത്തിന് വന്‍തോതില്‍ ജനപിന്തുണ ലഭിക്കുന്നു. അണ്ണ ഹസാരെ സംഘം മുന്നോട്ടുവച്ച ലോക്പാല്‍ ബില്‍ കരടിലെ എല്ലാ നിര്‍ദേശങ്ങളോടും ഒരാള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് വന്നേക്കാം, എന്നാല്‍ ലോക്പാലിനെ ഫലപ്രദമായ സംവിധാനമായി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പൊതുവെ കരുതുന്നത്. ചുരുക്കത്തില്‍ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാടിന് പിന്തുണ നേടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്, കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന എന്ന സിദ്ധാന്തത്തില്‍ ചുറ്റിത്തിരിയുകയാണ്. ഈയിടെ സര്‍ക്കാരിലെ രണ്ടാമനും കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജി ആരോപിച്ചത് അണ്ണ ഹസാരെയെയും ബാബാ രാംദേവിനെയുംപോലെ ബിജെപിയും സിപിഐ എമ്മും "സ്വയം മിശിഹാമാരായി" പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ്. ഹസാരെയും രാംദേവും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെ നടത്തുന്ന ആക്രമണത്തിന് സിപിഐ എം സഹായം നല്‍കുന്നതായും പ്രണബ് കുറ്റപ്പെടുത്തി. സിഎജിയെയും സുപ്രീംകോടതിയെയും ഈ ഗൂഢാലോചനയില്‍ പങ്കാളികളാക്കാത്തതിന് നമുക്ക് പ്രണബിനോട് നന്ദി പറയാം. യഥാര്‍ഥത്തില്‍ പ്രണബും സഹപ്രവര്‍ത്തകരുമാണ് പാര്‍ലമെന്ററി സംവിധാനത്തെ തുടര്‍ച്ചയായി അവഹേളിക്കുന്നത്.

ഏറ്റവും ഒടുവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം രണ്ടാഴ്ച നീട്ടിവച്ചു. ഏതാനും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പേരില്‍ ബജറ്റ് സമ്മേളനം ഒരു മാസത്തോളം വെട്ടിച്ചുരുക്കിയിരുന്നു. ബിജെപിയെയും ഇടതുപക്ഷത്തെയും പഴിചാരി ഉന്നതസ്ഥാനങ്ങളിലെ അഴിമതിയെന്ന പ്രശ്നത്തില്‍നിന്ന് വഴുതിമാറാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ചിന്തിച്ചാല്‍ ജനങ്ങള്‍ തക്ക മറുപടി നല്‍കും. തങ്ങള്‍ നടപ്പാക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങളാണ് ഈ ചങ്ങാത്തമുതലാളിത്ത വ്യവസ്ഥയ്ക്ക് വഴിയൊരുക്കിയത് എന്നതിനാല്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. ബിജെപിയെ സംബന്ധിച്ച്, കര്‍ണാടകത്തിലെ അവരുടെ മുഖ്യമന്ത്രി യെദ്യൂരപ്പ അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാന്‍ "ഉദാത്തമായ" ഒരു വഴി കണ്ടെത്തി. അദ്ദേഹത്തിന് ലോകായുക്തയിലോ കോടതികളിലോ വിശ്വാസമില്ല. പകരം, ധര്‍മസ്ഥല ക്ഷേത്രം സന്ദര്‍ശിച്ച് മഞ്ജുനാഥ ഭഗവാനോട് സത്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്! കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമായി മാറിയെങ്കില്‍ , മറ്റൊരു കൂട്ടര്‍ അഴിമതി നേരിടാന്‍ ഹിന്ദുത്വമാതൃക സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നു.

നമ്മുടെ ഭരണാധികാരികള്‍ അവരുടെ തെറ്റായ നയങ്ങള്‍ മൂടിവയ്ക്കാന്‍ സ്വീകരിക്കുന്ന ഉപായങ്ങളുടെയും വഞ്ചനകളുടെയും മറ്റ് രണ്ട് പ്രധാന ഉദാഹരണങ്ങള്‍കൂടി വിശദീകരിക്കാം. യുപിഎ സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഒരിക്കല്‍ക്കൂടി ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു. ഇത്തവണ, ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലയാണ് കൂട്ടിയത്, ഇതിനോടൊപ്പം അസംസ്കൃത എണ്ണയുടെയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിത്തീരുവയില്‍ അഞ്ചു ശതമാനം കുറവും വരുത്തി. ഇതിനെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള നടപടിയായി ചിത്രീകരിക്കുന്നു. അഞ്ച് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയത് 2010-11ലെ ബജറ്റിലാണെന്ന് ഓര്‍ക്കണം. തല്‍ഫലമായി പെട്രോള്‍ -ഡീസല്‍ വില വര്‍ധിച്ചു. അതിനെ ഇടതുപക്ഷവും മറ്റ് പ്രതിപക്ഷകക്ഷികളും ശക്തമായി എതിര്‍ത്തതാണ്. ഇടതുപാര്‍ടികളും മറ്റ് മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളും ഈ വില വര്‍ധനയ്ക്കെതിരെ ദേശവ്യാപക ഏകദിന പണിമുടക്കും നടത്തിയിരുന്നു. അഞ്ച് ശതമാനം അധികനികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഖണ്ഡനോപക്ഷേപവും അവതരിപ്പിച്ചിരുന്നു. അധികവരുമാനം സൃഷ്ടിക്കാനായി ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഭാരം ഇല്ലാതാക്കാന്‍ അന്ന് സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ അങ്ങേയറ്റം അന്യായമായ നികുതിഘടനയില്‍ അടിസ്ഥാനപരമായ മാറ്റമൊന്നും വരുത്താതെ തന്നെ അഞ്ച് ശതമാനം അധികനികുതി സര്‍ക്കാര്‍ പിന്‍വലിച്ചു. 2010-11 സാമ്പത്തികവര്‍ഷം പെട്രോളിയം മേഖലയില്‍നിന്ന് 1,36,000 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഈ മേഖലയില്‍ സബ്സിഡിയായും പൊതുമേഖല എണ്ണവിപണന കമ്പനികള്‍ക്ക് നല്‍കിയ ബോണ്ടുകളുടെ ഇനത്തിലും സര്‍ക്കാര്‍ ചെലവിട്ടത് 40,000 കോടി രൂപയാണ്. അതായത്, നികുതിയായും തീരുവയായും സര്‍ക്കാരിന് ലഭിച്ച ഓരോ 100 രൂപയിലും 20 രൂപ മാത്രമാണ് സബ്സിഡിയായി ചെലവിട്ടത്, ശേഷിക്കുന്ന തുക സര്‍ക്കാര്‍ പോക്കറ്റടിച്ചു. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ എങ്ങനെ കാരണമാകുന്നുവെന്നതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് പെട്രോളിയംമേഖലയിലെ നികുതിഘടന. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പുലര്‍ത്തുന്ന വ്യമോഹങ്ങളുടെ മൂന്നാമത്തെ രംഗം ഇന്ത്യ-അമേരിക്ക ആണവകരാര്‍ സംബന്ധിച്ചുള്ളതാണ്. 45 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആണവവിതരണസംഘത്തിന്റെ (എന്‍എസ്ജി) ഇക്കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന യോഗം സമ്പുഷ്ട യുറേനിയവും സംസ്കരണ സാങ്കേതികവിദ്യകളും കയറ്റുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ ആണവനിര്‍വ്യാപനകരാറില്‍(എന്‍പിടി) അംഗമാകാത്ത രാജ്യങ്ങള്‍ക്ക് കൈമാറാന്‍ പാടില്ലെന്ന് എന്‍എസ്ജി തീരുമാനിച്ചു. അതുകൊണ്ട്, എന്‍പിടിയില്‍ ഒപ്പിട്ടിട്ടില്ലാത്ത ഇന്ത്യക്ക് ഈ സാങ്കേതികവിദ്യകള്‍ ഇറക്കുമതിചെയ്യാന്‍ സാധിക്കില്ല.

ഇന്ത്യ-അമേരിക്ക ആണവകരാറിനെ ഇടതുപക്ഷ പാര്‍ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ആണവഇന്ധനം പൂര്‍ണമായും സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാനും സിവില്‍ ആണവസഹകരണ കരാര്‍ സമ്പൂര്‍ണമായി നിലവില്‍വരാനും ഈ കരാര്‍ വഴിതെളിക്കില്ലെന്നതായിരുന്നു എതിര്‍പ്പിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പിടുന്നതിന് വളരെമുമ്പേ അമേരിക്കന്‍ പാര്‍ലമെന്റില്‍ ഹൈഡ് ആക്ട് അവതരിപ്പിച്ചിരുന്നു. സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതിനെ ഈ നിയമം വഴി വ്യക്തമായി നിരോധിച്ചിരുന്നു. 2006 ആഗസ്ത് 17ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പിന് തീര്‍ത്തും എതിരാണിത്. അന്ന് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: "ആണവ ഇന്ധനം, ആണവ റിയാക്ടറുകള്‍ , ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം തുടങ്ങി പൂര്‍ണമായ ആണവഇന്ധന ചക്രത്തിന്റെ എല്ലാ മേഖലകളിലും സഹകരണത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനുമുള്ള നിയന്ത്രണങ്ങള്‍ സര്‍വതും നീക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്". ഹൈഡ് ആക്ട് വഴി ഏര്‍പ്പെടുത്തിയ നിരോധനം നിഷേധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ എന്‍എസ്ജി നല്‍കിയ "ഇളവ്" വഴി ഇന്ത്യക്ക് മറ്റ് രാജ്യങ്ങളില്‍നിന്ന് ഈ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നാണ് യുപിഎ സര്‍ക്കാര്‍ അവകാശപ്പെട്ടത്. ആണവറിയാക്ടറുകളും ഇന്ധനവും ഇറക്കുമതിചെയ്യാന്‍ എന്‍എസ്ജിയില്‍നിന്ന് ഇന്ത്യക്ക് "ഇളവ്" ലഭിച്ചപ്പോള്‍ ആണവചക്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്യാന്‍ നമുക്ക് "പൂര്‍ണമായ ഇളവ്" ലഭിച്ചുവെന്നാണ് അവകാശവാദം ഉയര്‍ന്നത്. ഇതിനു മുമ്പേ, ഇന്ത്യ ഉള്‍പ്പെടെ എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് ആണവസാങ്കേതികവിദ്യകള്‍ കൈമാറുന്നത് നിരോധിക്കാന്‍ ജി-എട്ട് രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിരുന്നു. അപ്പോഴും പ്രധാനമന്ത്രിയും സംഘവും അവകാശപ്പെട്ടിരുന്നത് ഇന്ത്യക്ക് "പൂര്‍ണമായ ഇളവ്" ലഭിച്ചുവെന്നാണ്. ഇപ്പോള്‍ എന്‍എസ്ജി പുതിയ മാനദണ്ഡങ്ങള്‍ പാസാക്കിയതോടെ വഞ്ചന പൂര്‍ണമായി.

എന്‍എസ്ജിയില്‍നിന്ന് ഇന്ത്യക്ക് ഇളവ് ലഭിക്കുന്നതിനെ അമേരിക്ക "ശക്തമായും തീവ്രമായും" പിന്തുണയ്ക്കുന്നുവെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ സ്ഥാനപതി റോമര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ ഇരട്ടത്താപ്പില്‍ അത്ഭുതം തോന്നുന്നു. 1 2 3 ഉടമ്പടിയെ ഈ പിന്തുണയ്ക്കുള്ള തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ , ഇന്ത്യക്ക് സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യ കൈമാറുമെന്ന് വ്യക്തമാക്കാന്‍ തയ്യാറാകുന്നുമില്ല. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ചെയ്തത് അന്യായമായ ഒരു കരാറില്‍ ഇന്ത്യയെ കെട്ടിയിടുകയാണ്. നമുക്ക് അമേരിക്കന്‍ റിയാക്ടറുകള്‍ വാങ്ങേണ്ടതായും ഇന്ധനം ചില വ്യവസ്ഥകളോടെ ഇറക്കുമതി ചെയ്യേണ്ടതായും വരും. അമേരിക്കന്‍ ആണവവ്യവസായത്തിന് ശതകോടി ഡോളറുകള്‍ നല്‍കാന്‍ നമുക്ക് കഴിയും. പക്ഷേ, ഇപ്പോള്‍ ഫുക്കുഷിമ ആണവദുരന്തത്തിനുശേഷം ആരും ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളുടെ പിന്നാലെ പോകുന്നില്ല. അപ്പോഴും, അമേരിക്കയുമായുള്ള ഇടപാടിന്റെ കാര്യം വരുമ്പോള്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്തെങ്കിലുംചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.

ദേശാഭിമാനി

Sunday, July 10, 2011

ഹരിവരാസനത്തിന്റെ കമ്പോളയുക്തി


ശബരിമല അയ്യപ്പൻ ഉറങ്ങുന്നത് ഹരിവരാസനം കേട്ടിട്ടാണ്. 10 50 നു നടയടയ്ക്കുന്നതിനും തൊട്ടുമുൻപ് ഒരു സി. ഡി പ്ലേയറിൽ നിന്നും യേശുദാസ് പാടിയ ഈ കീർത്തനം ഒഴുകിവരും. ശ്രവണലാവണ്യത്തിന്റെ പൂർണ്ണതയിൽ നിർവൃതിയിലായ അയ്യപ്പൻ ഇതു കേട്ട് ഉറക്കത്തിലേക്ക് വഴുതിവീഴും. വിശ്വാസത്തിനുമപ്പുറം യാഥാർഥ്യമെന്ന് തോന്നിപ്പിക്കാനുള്ള ശക്തിയുണ്ട് യേശുദാസിന്റെ ആലാപന മാധുര്യത്തിനു. ദേവരാജന്റെ സംഗീതമോ ഉദാത്തമാണു താനും. 1975 ഇൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ പാട്ടാണിത്. സമകാലീനതയും വിപ്ലവവും ആധുനികതയുടെ സമാകലനവും ഒന്നിച്ച് അമ്പലപ്പടികൾ കയറിയതിന്റെ ദൃഷ്ടാന്തം.

വിശ്വാസത്തിന്റെ പ്രസ്താവനകളാണ് ആചാരങ്ങൾ. ആചാരങ്ങൾ മാത്രമല്ല ആരാധനാലയങ്ങളുടെ ഭൌതികപ്രകൃതിയും ആകൃതിയും രൂപശാസ്ത്രവും വരെ ഇതിന്റെ പ്രക്ഷോപണങ്ങളാണ്, മൂകമായ വിളംബരവുമാണ്. കലാംശവും ക്രിയാംശവും ഒരേപോലെ പ്രപഞ്ചത്തോടും അതിന്റെ പൊരുൾ എന്ന് കരുതപ്പെടുന്ന ദൈവത്തോടും ഉള സംവേദനങ്ങളാണ്. പ്രത്യക്ഷത്തിൽ ഇത് സമൂഹത്തോടാണ് സംചാരിതമാക്കുന്നതും സമ്പർക്കപ്പെടുന്നതും. ആശയസംക്രമണത്തിനും വിനിമയത്തിനും ഉള്ള ഉപാധികൾ പ്രകടനാത്മകസ്വഭാവം കൈവരിക്കുന്നത് ദൈവസായൂജ്യത്തിന്റെ പൊതുവിളംബരമെന്ന നിലയ്ക്കാണ്. ഉച്ചത്തിൽ മുഴങ്ങുന്ന പ്രാർത്ഥനാലാപങ്ങൾ സംഗതമാകുന്നത് ഈ പ്രയുക്തിയുടെ ഭാഗമായാണ്. ഭാരതീയ ദേവാലയങ്ങളിൽ വാദ്യഘോഷം, ശംഖ് മുതലായവ ഉപയോഗിക്കപ്പെടുന്നതും സൂക്ഷ്മപ്രപഞ്ചനിയന്താവിനെ സ്ഥൂലപ്രപഞ്ചത്തിലെ സന്ദേശവാഹികൾ തൊട്ടുതഴുകും എന്ന ആന്തരികപ്രാർത്ഥന എന്ന നിലയ്ക്കാണ്. സമവർത്തിയായാണ് ഭക്തിയുടെ പ്രകടനാത്മകത വിപണിയുടെ അധിനിവേശസൂചനകളോടെ ഇതിൽ കലർന്നത്. വൈദ്യ്യുതിയുടെ കടന്നു വരവും പ്രാഭവവും അനന്തസാദ്ധ്യതകൾ തുറന്നതോടെ ഈ പ്രത്യക്ഷപ്രദർശനത്തിന്റെ കടന്നുകയറ്റം ദേവാലയങ്ങൽക്ക് പുതിയ ഉപായങ്ങളാണ് വരമരുളിയത്. ആലേഖനം ചെയ്യപ്പെട്ട ശബ്ദം വൻ മുഴക്കത്തിൽ പ്രസരിപ്പിക്കാനുള്ള ടെക്നോളജി ഭക്തിയുടെ പ്രകടാനാത്മകതയ്ക്ക് വലിയ വഴികളാണ് തുറന്നത്. കേരളത്തിലെ മിക്ക അമ്പങ്ങളും –ചില ക്രിസ്ത്യൻ പള്ളികളും- ഈ ടെക്നോളജി ആചാരത്തിന്റെ ഭാഗമയിട്ട് സ്വീകരിച്ചിരിക്കുന്നു. അടുത്തടുത്ത അമ്പലങ്ങൾ രാവിലെ ഏറ്റവും ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള മൽസരത്തിൽ ഒരു അമ്പലത്തിന്റെ സ്വീകാര്യത മൈക് സെറ്റ് എന്ന ഉപകരണത്തിൽ നിബദ്ധവുമാണ് എന്ന് തെളിയുന്നു. 60 കളുടെ അവസാനത്തിൽ ചുരുക്കം ക്ഷേത്രങ്ങളിൽ അതിരാവിലെ പ്രക്ഷേപണം ചെയ്തു തുടങ്ങിയ ഈ ആധുനിക വിദ്യ, വിപണി എളുപ്പമായിത്തീർന്ന പിൽക്കാത്ത് റെക്കോറ്ഡ് പ്ലേയറുകൾ സുലഭമായപ്പോൾ അമ്പലചര്യയുടെ ഭാഗമാവുകയും ചെയ്തു. നാലമ്പലത്തിനുള്ളിൽ തിടപ്പള്ളിയിൽ തന്നെ പൂജാപാത്രങ്ങളോടും നൈവേദ്യ ഉരുളികളോടും മാലകെട്ടാനുള്ള പൂക്കളോടൊപ്പവും ഈ സ്വനഗ്രാഹിയന്ത്രം സ്ഥാനം പിടിച്ചു. അമ്പലവാസികളുടെ ഉത്തരവാദിത്തമോ ജോലിയുടെ ഒരു ഭാഗമോ ആയിത്തീർന്നു ഭക്തിഗാനവിക്ഷേപണം. ചില ക്ഷേത്രങ്ങളിൽ പൂജാരിയുടെ ചുമതലകളിൽ ഒന്നാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കുക. കോർപറേറ്റ് സ്ഥാപനമായി മാറിയ ക്ഷേത്രങ്ങൾ ഈ ആചാരം ചുറ്റുവട്ടത്തുള്ള പരമ്പരാഗത ഭക്തരെത്തന്നെയും വെല്ലുവിളിച്ചു. രാവിലെയും സന്ധ്യയ്ക്കും വ്യക്തിപരമായ് ആരാധനാക്രമമായി സ്വന്തം വീട്ടിൽ നാമജപമോ ചുരുങ്ങിയ രീതിയിലുള്ള സങ്കീർത്തനമോ അസാദ്ധ്യമായി വരികയും അതിശക്തിയാർന്ന ശബ്ദത്തോട് മല്ലുപിടിയ്ക്കാനാകാഞ്ഞതിനാൽ നാമജപക്കാർ അതിനോടു യോജിച്ചുപോകാൻ നിർബ്ബന്ധിതരാകയും ചെയ്തു. എം. എസ്. സുബ്ബലക്ഷ്മിയുടേയും പി.ലീലയുടേയും വിപണനമൂല്യം വസൂലാക്കിക്കൊണ്ട് ചുരുക്കം ചില അമ്പലങ്ങളിൽ തുടങ്ങിയ ഭക്തിപ്രക്ഷേപണം ഇതേ ജനുസ്സിലുള്ള ഉൽ‌പ്പന്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ വഴി തെളിച്ചു. സംഭവിക്കുന്ന തിരിമറിവുകൾ കൌതുകകരങ്ങളാണ്; വാൽമീകിരാമായണത്തിലെ ഒരു സംഭാഷണശകലം –കൌസല്യാ സുപ്രജാ രാമ- വെങ്കിടേശ്വരന്റെ ഉണർത്തുപാട്ടാകാമെന്നു വരെ തെളിയിക്കപ്പെട്ടു.

തൃപ്പടികൾ കയറിയ ഹരിവരാസനം
50 കളിൽ ശബരിമല നടയ്ക്കുമുൻപിൽ ചൊല്ലിയിരുന്ന കീർത്തനമാണ് ഹരിവരാസനം.60 കളിൽ ഇത് ദീപാരാ‍ാധനസമയത്ത് നിത്യേനയല്ലെങ്കിലും പാടിയിരുന്നു. പ്രത്യേക ചിട്ടപ്പെടുത്തലുകളില്ലാതെ നാമജപരീതിയിൽ ആലാപനം. റെക്കോർഡിങ്ങുകൾ ഇല്ലാതിരുന്നെങ്കിലും വായ്മൊഴി വഴക്കത്തിൽ ചില വീടുകളിലെ സന്ധ്യാനാമജപത്തിൽ ഉൾപ്പെടാനും ഇടയായി ഹരിവരാസനം. ശബരിമലയിൽ നിന്നും കേട്ടു പഠിച്ച് വീടുകളിൽ എത്തിച്ചവരുടെ ലളിതഭക്തിപ്രവൃത്തി. 1940 കളിൽ മുതൽ സന്നിധാനത്ത് ഇതു പാടിയിരുന്ന വി. ആർ. ഗോപാലമേനോന്റെ നിര്യാണത്തിനു ശേഷം 50 കളിൽ മേൽശാന്തി തന്നെ ആലപിച്ചിരുന്നു എന്ന കേട്ടുകേൾവിയിൽ ചരിത്രത്തിന്റെ ഒരു വെള്ളിരേഖ കണ്ടേയ്ക്കാം. 1955 ഇൽ സ്വാമി വിമോചനാനന്ദ അയ്യപ്പസന്നിധിയിൽ ആലപിച്ചിരുന്നതായും പഴമക്കാരുടെ വായ്മൊഴിയുണ്ട്. 1975 ലാണ് ഹരിവരാസനം പുതിയ രൂപത്തിൽ അവതരിക്കപ്പെട്ടത്. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ചത്. സംഗീതസംവിധാനത്തിന്റെ മേന്മയും യേശുദാസിന്റെ ആലാപനവൈദഗ്ധ്യവും അതിശക്തിയാണ് ഈ കീർത്തനത്തിനു നൽകിയത്. ചിട്ടപ്പെടുത്തിയ ഈണം എളുപ്പത്തിൽ പാടിഫലിപ്പിക്കാമെന്നത് വൈപുല്യം ഏറാൻ കാരണവുമായി. ഒരു തിരിച്ചുപോക്കില്ല്ലാത്തവിധം ഹരിവരാസനത്തിനു നിയതസംഗീതരൂപവും ഭാവവും കൈവന്നതായുള്ള പരസ്യപ്രഖ്യാപനമായിരുന്നു പരിണിതഫലം. ശബരിമലയിലെ സ്വനഗ്രാഹിയന്ത്രം ഇത് ഏറ്റെടുക്കാൻ താമസമുണ്ടായില്ല. വിപണിയിൽ ഇതിനു കൈവന്ന അമൂല്യസ്ഥാനവും പ്രചാരവും സ്വരൂപിച്ചെടുക്കുക എന്നതാണു അമ്പലത്തിനു കൈവന്ന നേട്ടം. ഒരു നിത്യ ശബരിമല സന്ദർശകൻ എന്ന യേശുദാസിന്റെ പ്രഭാവവും ഇതിനോട് അനുയോജ്യമായിരുന്നതിനാൽ ശബരിമലയിലെ സ്വന്തം പാട്ട് എന്ന അവകാശവാദം എളുപ്പമായി.

സിനിമ എന്ന ശക്തി

മറ്റൊരു അമ്പലത്തിനും ഇങ്ങനെ സ്വന്തം മുദ്ര എന്നു അവകാശപ്പെടാൻ അനുയോജ്യമായ ഒരു കീർത്തനം ഇല്ലാതെ ശബരിമലയ്ക്കുമാത്രം ഈ പുണ്യം അനുവദിച്ചു കിട്ടിയത് ഹരിവരാസനത്തിനു സിനിമ നൽകിയ പുതുജീവൻ തന്നെയാണ്. ശക്തമായ വിപണ്യാധിഷ്ഠിത മൂല്യങ്ങളുള്ള സിനിമയുടെ സംഭാവനയെ ക്ഷേത്രം എന്ന വിപണി സ്ഥാപനവുമായി ബന്ധപ്പെടുത്തുകയാണ് ഉണ്ടായത്. സിനിമയുടെ ജനപ്രിയതയും പ്രചാരശക്തിയും സ്വാംശീകരിക്കുകയാണ് അമ്പലം ചെയ്തത്; അത് ഏറ്റുവാങ്ങി തന്റേതെന്നായി പ്രദർശിപ്പിക്കുക. ശബരിമലയിൽ നിന്നും തുടങ്ങി സിനിമാ വഴി അതിവിശാലമായി ജനകീയവൽക്കരിച്ച പാട്ടിനെ തിരിച്ചു പിടിച്ച് ആ ജനകീയവൽക്കരണം ഭക്തിയുമായി ബന്ധപ്പെടുത്തുക യാണുണ്ടായത്. സിനിമ-യേശുദാസ്- അതിസുന്ദര സംഗീതം എന്നീ വഴികളിലൂടെയാണ് ഈ സാഫല്യം കൈ വന്നത്. പാട്ടിന്റെ സ്വീകാര്യത എടുത്തണിയാൻ സിനിമയിൽ നിന്നും വന്നത് ഒരു കുറവായി കണക്കാക്കേണ്ടി വന്നില്ല ദേവസ്ഥാനത്തിനു. ശബരിമല അംഗീകരിച്ച് മുദ്ര പതിപ്പിച്ച ഈ സിനിമാപ്പാട്ട് തിരിച്ച് ജനങ്ങളിലെത്തിയത് അതിവിശുദ്ധിയാർന്ന കീർത്തനം എന്ന പുതിയ ഭാവത്തോടെയും ദൈവീകപരികല്പനകൾ ഏറുന്നതുമാണെന്ന നിലയ്ക്കാണ്. ഒരു അവിശ്വാസിയും കമ്മ്യ്യൂണിസ്റ്റുകാരനുമായ ദേവരാജനാണ് ഇതിന്റെ പിന്നിൽ എന്ന സത്യം ഇതോടെ മാഞ്ഞുപോകാൻ ഈ നവീന വിശുദ്ധി ഇടയാക്കി. “(ഒരു അവിശ്വാസിയായ ഞാൻ സംഗീതം നൽകിയ പാട്ടാണ് ശബരിമലെ പാടുന്നത്”-ദേവരാജൻ). കോടിക്കണക്കിനു ഓഡിയോ പ്ലെയറുകളും സി ഡി പ്ലേയറുകളിൽ നിന്നും ഈ പാട്ട് ആവർത്തിച്ച് ഉയർന്നു പൊങ്ങി. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെട്ടിട്ടുള്ള സിനിമാപ്പാട്ട് എന്ന സ്ഥാനം ഹരിവരാസനം കരസ്തമാക്കി.. എന്നാൽ പാട്ടിന്റെ സ്വീകാര്യത അതിന്റെ ശക്തിയായി മാറി, ഈ ശക്തി സ്വാഭാ‍ാവികമായും പാട്ടിന്റെ സിനിമാ ബന്ധങ്ങൾ വിസ്മരിക്കപ്പെടാനും ഇടയാക്കി..


കീർത്തനത്തിന്റെ പ്രാമാണികത ഉറപ്പാക്കേണ്ടത് ഹരിവരാസനപ്രമാണികളുടെ ആവശ്യമായിത്തീർന്നു ഇത്തരുണത്തിൽ. ഒരു കവിയെ/ഗാനരചയിതാവിനെ കണ്ടുപിടിച്ച് കർതുത്വം കൽ‌പ്പിച്ചുകൊടുത്ത് വിശ്വാസയോഗ്യതയ്ക്ക് പിന്താങ്ങുകൊടുക്കേണ്ടത് ഭക്തരുടെ തന്നെ ആന്തരിക ആവശ്യവുമായി. കുളത്തൂർ മണിസ്വാമി, മണിസ്വാമി അയ്യർ എന്ന പേരുകളാണ്` ആദ്യം പറഞ്ഞുകേട്ടത്. പക്ഷേ കുളത്തു അയ്യർ എന്ന പേരാണ് കുറച്ചുകൂടെ സ്വീകാര്യമായത്. ‘അയ്യർ’ എന്നൊരു പേർ ആധികാരികതയും വിശ്വസനീയതയും ഉൾച്ചെർക്കുന്നുവെന്നു മാത്രമല്ല കീർത്തനത്തിനു ഘനഗാംഭീര്യം പ്രകൃത്യാ തോന്നപ്പെടുമെന്നും ഉള്ള യുക്തി ലളിതമാണു താനും. കേരളത്തിൽ ഇങ്ങനെ ഒരു അറിയപ്പെടുന്ന കവി ഇല്ല എന്ന സത്യം നേരിടപ്പെട്ടത് ഈ കൽ‌പ്പിതകവിയെ കമ്പക്കുടി എന്ന സ്ഥലക്കാരനാകിയാണ്. കമ്പക്കുടി കുളത്തു അയ്യർ എന്ന പേര് ആധികാരികത ഉറപ്പിക്കാൻ തക്കവണ്ണം ആഢ്യത കലർന്നതായി. ആലപ്പുഴ പുറക്കാട്ടെ കോന്നയ്ക്കകത്ത് ജാനകിയമ്മ 1923 ഇൽ രചിച്ചതാണു ഹരിവസാസനം എന്നും മലയ്ക്കു പോകുന്നവർ ഇതു പാടി അവിടെ പ്രചരിപ്പിച്ചതാണെന്നും അവരുടെ കുടുംബം അവകാശവാദവുമായി എത്തിയെങ്കിലും ‘അരിയക്കുടി’ ‘ശെമ്മാങ്കുടി’’ എന്ന രീതിയിലുള്ള കർണ്ണാടസംഗീത വിദഗ്ധരുടെ ചേരിയിൽ‌പ്പെട്ടതാണ് കമ്പക്കുടി എന്ന തോന്നൽ ഉളവാക്കാൻ പര്യാപ്തമായ കമ്പക്കുടി അയ്യർക്ക് തന്നെ ഗാനകർത്തുത്വം ദാനം ചെയ്തു. ഒരു അജ്ഞാതഭക്തൻ സന്ധ്യാവേളയിൽ സന്നിധാനത്ത് ഇതു പാടുകയും പാടിക്കഴിഞ്ഞുടൻ അപ്രത്യക്ഷനാകാറുമുണ്ടായിരുന്നു എന്നും സാക്ഷാൽ പരമശിവൻ തന്നെ ആയിരുന്നു ഇദ്ദേഹം എന്നും ഒരു മിത് ഹരിവരാസനത്തിനു ഉജ്ജ്വലമായ ദിവ്യപരിവേഷവും ചാർത്തിക്കൊടുത്തു.

താമസിയാതെ ഹരിവരാസനം കൂടുതൽ ഉയർന്നപദവി നേടി. 60 കളിലും 70 കളുടെ തുടക്കത്തിലും ശബരിമല ദർശനത്തെപ്പറ്റി ഭക്തർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ ഹരിവരാസനം പരാമർശിക്കപ്പെടുന്നതേ ഇല്ല. എന്നാൽ 90 കളോടെ അനുഷ്ഠാനവിധികളുടെ ഒരു ഭാഗം എന്ന സൌഭാഗ്യം നേടി, പൂജചര്യകളൂടെ ഒരു ഭാഗം എന്ന പദവിയും നേടിയെടുത്തു. കീർത്തനത്തിന്റെ വൻ പ്രചാരത്തെ സമർത്ഥമായി ഉപയോഗിച്ച്, അമ്പലത്തിന്റെ ആചാരങ്ങളുമായി നേർബന്ധം സ്ഥപിച്ച് പാട്ടിന്റെ വഴിയിലൂടെ പോപുലാരിറ്റി വർദ്ധിപ്പിക്കുക എന്ന ലളിതതന്ത്രം തന്നെ ഇവിടെ വിജയം കണ്ടത്. പൂജാവിധികളുടെ സമയവിവരപ്പട്ടികയിൽ ഹരിവരാസനം ചേർക്കപ്പെട്ടു.
അത്താഴപൂജ - 10.30
ഹരിവരാസനം - 10.50
നട അടയ്ക്കല് - 11.00
എന്നിങ്ങനെ സമയവിധി.
ആചാരങ്ങൾക്ക് എണ്ണം കൂട്ടെണ്ടി വന്നത് ആകർഷണപരിപാടികൾ വർദ്ധിപ്പിച്ച് ഭക്തരുടെ വൈപുല്യം ഉറപ്പാക്കാനും കൂടിയാണ്. ആനയെഴുന്നെള്ളിപ്പും ഉത്സവവും പതിവില്ലാതിരുന്ന ശബരിമലയിൽ അവയൊക്കെ കൂട്ടിച്ചേർക്കപ്പെട്ടു. അമ്പലത്തിൽ ഇല്ലാതിരുന്ന തിടമ്പ് അല്ലെങ്കിൽ കോലം ഇതിനു വേണ്ടി ഉണ്ടാക്കിയെടുക്കപ്പെടുകയും ചെയ്തു. ആചാരങ്ങൾ കാലാനുസൃതമായി സമൂഹമാറ്റങ്ങളെ പ്രതിബിംബിക്കുന്നതിൽ അദ്ഭുതമില്ലെങ്കിലും സിനിമയുടെ ലോകപ്രിയതയിൽ നിന്നും പൂജാവിധി വരെ ഒരു പാട്ട് എത്തപ്പെടുക എന്നത് സാമാന്യന്യായത്തിനും അപ്പുറമാണ്. സിനിമയെ എന്നല്ല, ക്യാമെറയെത്തന്നെ നിരാകരിക്കുന്ന ക്ഷേത്രവിധികളും നിഷ്കർഷകളും നിരോധനങ്ങളും നിറഞ്ഞു വിലസുന്ന കേരളത്തിൽ ഇത്തരം സാങ്കേതികവിദ്യാഗുണഫലം ശ്രീകോവിലിനുള്ളിൽത്തന്നെ എത്തപ്പെട്ട് ചിരപ്രതിഷ്ഠ നേടി എന്നത് ക്ഷേത്രാചാര ചരിത്രത്തിന്റെ മാത്രമല്ല സാംസ്കാരികചരിത്രത്തിന്റെയും ഒരു തമാശയായി നിലകൊണ്ടേയ്ക്കാം.

നടയടയ്ക്കുന്നതിനു മുൻപ് രാത്രി 10. 50 നു പാടപ്പെടുന്ന കീർത്തനം ആയതിനാൽ ഹരിവരാസനത്തിനു പുതിയ ഭാവമേന്മയും ചാർത്തിക്കിട്ടി താമസിയാതെ. ഇതു കേട്ട് അയ്യപ്പൻ ഉറങ്ങുമെന്നും ഉറങ്ങണമെങ്കിൽ ഇതു കേൾക്കുകയും വേണം എന്നതാണത്. അങ്ങനെ ഹരിവരാസനം ഒരു താരാട്ട് എന്ന വിശേഷണവും പേറി, താരാട്ടിന്റെ ലാഞ്ഛനപോലും കൃതിയിൽ മഷിയിട്ടു നോക്കിയാൽ പോലും കാണുകയില്ലെങ്കിൽ ക്കൂടി. രാത്രി 10.50 ലെ പൂജാവിധിയിൽ ഉൾപ്പെടുത്തുന്നതിനു മുൻപ്, അല്ലെങ്കിൽ 1980 കളിൽ വരെ അയ്യപ്പൻ എങ്ങനെ ഉറങ്ങിയിരുന്നു എന്നൊരു ചോദ്യം വിശ്വാസത്തിൽ യുക്തി തേടേണ്ടതില്ലാഞ്ഞതിനാൽ ചോദിക്കേണ്ടതില്ല. മാത്രമല്ല അയ്യപ്പന്റെ പല പുതിയ കാര്യങ്ങളും പ്രശ്നവിധികളാൽ കണ്ടു പിടിയ്ക്കപ്പെടുന്ന കാലവുമാണിത്. (വർഷങ്ങളായി കൂടെത്താമസിയ്ക്കുന്ന ഭർത്താവിന്റേയോ ഭാര്യയുടേയോ മാനസികനില പോലും മനസ്സിലാകാത്ത മനുഷ്യൻ ദൈവങ്ങളുടെ അന്തർഗ്ഗതങ്ങൾ എങ്ങനെ കണ്ടു പിടിയ്ക്കുന്നു എന്ന് വിസ്മയിച്ചത് സുകുമാർ അഴിക്കോട്). ശബരിമലയും മറ്റു മലകളും തമ്മിൽ റോപ് വേ വഴി ബന്ധിപ്പിയ്ക്കുന്നതിൽ അയ്യപ്പനു താൽ‌പ്പര്യമുണ്ടെന്ന് വരെ പ്രശ്നവിധിയിൽ തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു താരാട്ടു കേട്ടേയ്ക്കാം എന്ന ലളിതചോദന അയ്യപ്പനു തോന്നിയെന്ന് പ്രശ്നവിധിയിൽ വെളിപ്പെട്ടെങ്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളു. താരാട്ടു പാടി ദൈവങ്ങളെ ഉറക്കുന്ന അനുഷ്ഠാനം തെലുങ്ക് തമിഴ് പാരമ്പര്യങ്ങളിൽ ഉണ്ടു താനും. “ഊഞ്ഞാൽ സേവ” എന്ന ക്ഷേത്രാചാരം. അയ്യപ്പനെ ഉറക്കുന്ന താരാട്ടാണെങ്കിൽ അത് സോപാനപ്പടിയിൽ മാത്രം മന്ദ്രമായി ആലപിക്കേണ്ടതല്ലേ, മൈക്കിൽ കൂടി ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഭകതരെന്നല്ല ആരും ഇന്ന് മറുപടി പറയേണ്ടതില്ലെന്നു വിചാരിക്കണം. അമ്പലത്തിലെ ഏതു ശബ്ദവും നാട്ടുകാർ മുഴുവൻ- എതു മതത്ത്ല് പെട്ടവർ ആയാലും- കേൾക്കേണ്ടതാണെന്നാണ് പുതിയ സാമൂഹ്യ നിയമം.

സാങ്കേതികയുടെ സമ്മാനമായ കീർത്തനം ഇന്നും പ്രക്ഷേപണം ചെയ്യപ്പെടുന്നത് അതേ സാങ്കേതികതനിബദ്ധമായ ചര്യകളിൽക്കൂടിയാണ്. ഈ ജനുവരിയിൽ മാതൃഭൂമിയിൽ വന്ന വാർത്ത ശ്രദ്ധിക്കുക:

വിലാപങ്ങള്‍ക്കപ്പുറത്തുനിന്ന് ഹരിവരാസനം
Posted on: 10 Jan 2011

ശബരിമല: സന്നിധാനത്തുനിന്നുള്ള സന്ദേശം വയര്‍ലസ് സെറ്റിലൂടെ ശബ്ദിച്ചപ്പോള് ജോസിന്റെ വിരലമര്‍ന്നു. കണ്ണടച്ചുനില്‍ക്കുന്ന കാടിനും കൈകൂപ്പിയ ഭക്തലക്ഷങ്ങള്‍ക്കും നടുവിലൂടെ അയ്യപ്പന്റെ ഉറക്കുപാട്ടുണര്‍ന്നു. പിന്നെ ചുണ്ടുകളിലൊക്കെ ഹരിവരാസനം മാത്രം അത്രയുംനേരം കൂട്ടംതെറ്റലിന്റെ ദീനവിലാപങ്ങള്‍ക്ക് മൈക്ക് നല്‍കിയ ഇന്‍ഫര്‍മേഷന് സെന്റര് ഒറ്റനിമിഷംകൊണ്ട് ഭക്തിയുടെ വിശ്വമോഹനമായ അന്തരീക്ഷത്തിലേക്ക് മാറുന്നു. ശബരിമലയിലെത്തുന്നവര് കാത്തുനില്‍ക്കുന്ന ഹരിവരാസനം ഉയരുന്നത് ഇവിടെനിന്നാണ്. കോട്ടയത്തുള്ള ജി.കെ.സൗണ്ടാണ് ഇപ്പോള് സന്നിധാനം ഇന്‍ഫര്‍മേഷന് സെന്ററിന് ശബ്ദംനല്‍കുന്നത്. വര്‍ഷങ്ങളായി ഇവര് ഈ ചുമതല നിര്‍വഹിക്കുന്നു. ജി.കെ.സൗണ്ടിലെ ജീവനക്കാരനായ ജോസ്തന്നെ മുപ്പതുവര്‍ഷമായി
ശബരിമലയില് ഹരിവരാസനം കേള്‍പ്പിക്കുന്നു ജോസ് . രണ്ട് കോളാമ്പി മൈക്കുകളുമായി പണ്ട് മലകയറിയതാണ് ജി.കെ.സൗണ്ടിന്റെ ഉടമയായ ഗോവിന്ദന്‍കുട്ടി. അന്നൊക്കെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന എച്ച്.എം.വി. ഗ്രാമഫോണാണ് ഹരിവരാസനം പാടിയിരുന്നത്; വൈദ്യുതിക്ക് ജനറേറ്റര്. പിന്നെ കാസറ്റിലായി പാട്ട്. ഇപ്പോള് സി.ഡി.യില്. നടയടയ്ക്കുന്നതിനു മുമ്പായി സന്നിധാനത്തുനിന്ന് വയര്‍ലെസില് ഹരിവരാസനം തുടങ്ങാനുള്ള നിര്‍ദ്ദേശം ഇന്‍ഫര്‍മേഷന് സെന്ററിലെത്തും. നേരത്തേതന്നെ സി.ഡി.തയ്യാറാക്കി വച്ചിട്ടുണ്ടാകും. എന്തെങ്കിലും സാങ്കേതിക തകരാറുണ്ടാകുകയാണെങ്കില് പ്രവര്‍ത്തിപ്പിക്കാനായി രണ്ടാമതൊരു സി.ഡി.പ്ലെയറും സജ്ജമായിരിക്കും.“

അങ്ങനെ 10.50 നു പൂജാക്രമങ്ങളിലെ പ്രധാന കാർമ്മികത്വം ജോസ് എന്ന ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ്. ക്രിസ്ത്യാനി പാടിയ പാട്ട് ക്രിസ്ത്യാനി തന്നെ പ്രക്ഷേപണം ചെയ്യുന്നത് സർവ്വമതസാഹോദര്യത്തിന്റെ നിദർശനമായ അയ്യപ്പസന്നിധാനത്ത് യുക്തി തന്നെ. സന്നിധാനത്തു നിന്നും അയയ്ക്കുന്ന വയർലെസ് സന്ദേശമാണ് ഇതിനു തുടക്കം. സാങ്കേതികതയിൽ തകരാറുണ്ടായാൽ ഈ അനുഷ്ഠാനക്രമം താളം തെറ്റും. അയ്യപ്പന്റെ ഉറക്കസമയം നിശ്ചയിക്കുന്നത് സാങ്കേതികനിയുക്തികളാണ്.

മാദ്ധ്യമം ഓൺലൈനിൽ വന്ന ഈ വാർത്ത ശ്രദ്ധിക്കുക:

ഹരിവരാസനം നേരത്തെ കേള്‍പ്പിച്ചത് അമ്പരപ്പിച്ചു
ശബരിമല: ഹരിവരാസനം നിശ്‌ചിത സമയത്തിനുംമുമ്പേ മൈക്കിലൂടെകേള്‍പ്പിച്ചത് ഭക്‌തരില് അമ്പരപ്പുളവാക്കി. ഇന്നലെ സോപാനത്തുനിന്നു പോലീസ് ഉദ്യോഗസ്‌ഥര് നല്‍കിയ തെറ്റായ വയര്‍ലസ് സന്ദേശത്തെ തുടര്‍ന്നാണ് പതിവിലും നേരത്തെ ഹരിവരാസനം കേള്‍പ്പിച്ചത്. തെറ്റ് മനസിലാക്കിയ ഉടന് മൈക്ക് ഓഫ് ചെയ്‌തു. തുടര്‍ന്ന് യഥാസമയത്ത് ഹരിവരാസനം കേള്‍പ്പിക്കുകയും ചെയ്‌തു. അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയാണ് സന്നിധാനത്ത് എന്നും നട അടയ്‌ക്കുന്നത്.


വയർലെസ് സന്ദേശത്തിലൂടെ, സി ഡി പ്ലേയറിലൂടെ, മൈക്ക് സെറ്റിലൂടെ ഒരു അനുഷ്ഠാനകർമ്മം നിർവഹിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമായിരിക്കണം ശബരിമല. അവിശ്വാസിയായ കമ്മ്യൂണിസ്റ്റിലൂടെ, ക്രിസ്ത്യാനിയിലൂടെ, ആധുനികസാങ്കേതികവിദ്യകളിലൂടെ സംചാരണോർജ്ജം കൈവന്ന സർവ്വസാധാരണത്വത്തെ ഇത്രയും സ്വാംശീകരിച്ച മറ്റൊരു ഹിന്ദു ദൈവം നമുക്കില്ല.

വികല സൃഷ്ടി

സ്തോത്രകൃതികൾ- വെറും വിശേഷണങ്ങളുടെ സമുച്ചയം മാത്രമെങ്കിലും കലാത്മകമൂല്യം കൈവരിക്കുന്നത് ശബ്ദാർത്ഥപ്പൊരുത്തം കൊണ്ടും സംഗീതാത്മകതകൊണ്ടുമാണ്. സാഹിത്യോത്കർഷം തേടുന്നതിൽ യുക്തിയില്ല എങ്കിലും ഭക്തിവ്യഞ്ജകം ആകുന്നതിനപ്പുറം ഗാനകല ചില മേന്മകൾ നേടാറുണ്ട്. വിശേഷണസമസ്തപദങ്ങൾ നിബന്ധിച്ച കീർത്തങ്ങളും ശ്ലോകങ്ങളും മലയാളിക്ക് സുപരിചിതമാണ്. ഋജുവായ പ്രതിപാദനം, വർണ്ണിക്കപ്പെടുന്ന, പ്രകീർത്തിക്കപ്പെടുന്ന ദേവതയോട് പ്രതിബദ്ധത പുലർത്തുന്ന വിശേഷണങ്ങൾ കൊണ്ട് വരുത്തുന്ന ഏകാഗ്രത ഇവയൊക്കെ കലാത്മകതയുടെ ലാഞ്ഛനയാണ്. ഒരു പ്രതിബിംബത്തെ തെളിച്ചെടുക്കുന്നതിനാവശ്യമായ ഭാവരൂപഭദ്രത ഉയിർക്കൊള്ളുന്നത് അതിന്റെ ഘടകങ്ങളിൽ നിന്നാണ്. ഒന്നിനു പുറകേ വരുന്ന വിശേഷണങ്ങൾ ശൈഥില്യസൂചകങ്ങളെന്നു പ്രതീതിയുണർത്തുമെങ്കിലും സമൂർത്തതയുടെ ഭാഗമെന്നു തോന്നിപ്പിയ്ക്കാനുള്ള കഴിവിലാണ് കാവ്യഭംഗിയുടെ ഉത്പന്നത. സമസ്തപദങ്ങൾ മാത്രം ചേർത്ത് കൊരുത്തൊരുക്കിയ ശാന്താകാരം ഭുജഗശയനം പോലുള്ളവ ആർജ്ജവമിയന്ന വാങ്മയ ചിത്രം വരച്ചിടുന്നത് കൽ‌പ്പനകളുടെ ഉജ്ജ്വലതയുടെ സമാകലനം എന്ന നിലയ്ക്കാണ്. ശബ്ദതലത്തിലുള്ള ആസ്വാദനം മാത്രം ലക്ഷ്യമിടുന്ന ഹരിവരാസനത്തിലാകട്ടെ ചമത്കാരശൂന്യമായ അർത്ഥകൽ‌പ്പനകൾ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുകയാണ് ഇവയ്ക്കിടയിൽ ഹരിഹരാത്മജം ദേവമാശ്രയേ എന്ന ആഭ്യന്തരപ്രഖ്യാപനങ്ങൾ പെടുത്തിയിരിക്കുകയുമാണ്.

ഒരു രചയിതാവിനെ നിസ്സന്ദേഹം നിശ്ചയപ്പെടുത്താൻ ആകാതെ പോകുന്നത് കാവ്യബോധം ഉള്ള ഒരു കവിയും ഇതിന്റെ കർത്തുത്വം ഏറ്റെടുക്കാൻ തയാറാവുകയില്ല എന്ന കാരണത്താലായിരിക്കും. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും ഒക്കെ നിറഞ്ഞ ഒരു വികല സൃഷ്ടിയാണ് ഹരിവരാസനം. ഏറ്റവും വിചിത്രമായത് ശാസ്താവിനേയോ അയ്യപ്പനേയൊ പ്രകീർത്തിക്കുന്ന പദങ്ങൾ എട്ടു ശ്ലോകങ്ങളിൽ രണ്ടിടത്തേ വരുന്നുള്ളു എന്നതാണ്. മറ്റെല്ലാം ഏതു ദൈവത്തിനും ചേരുന്ന വിശേഷണങ്ങളാണ്. രണ്ടാം ശ്ലോകത്തിലെ ‘ശരണകീർത്തനം’ ‘ഭൂതനായകം’ എന്നീ രണ്ടു വാക്കുകൾ മാത്രമാണ് അയ്യപ്പ വിശേഷണമായി കരുതാൻ പറ്റുന്നവ. എല്ലാ ശ്ലോകങ്ങളൂടെയും നാലാം പാദം ഹരിഹരാത്മജം ദേവമാശ്രയേ എന്ന ഹരിഹരപുത്രഘോഷണത്തിൽ അവസാനിക്കുന്നതിനാൽ സാമാന്യഗതമായ വിശേഷണങ്ങൾ മതിയെന്നും വിചാരിച്ചുകാണണം രചയിതാവ്.

വൈചിത്ര്യങ്ങളിലൊന്ന് പല വരികളും ശിവനെക്കുറിച്ചോ വിഷ്ണുവിനെക്കുറിച്ചോ ആണെന്നുള്ളതാണ്. പൊടുന്നനവേ ആണ് ശിവ-വിഷ്ണു വിശേഷണങ്ങൾ വന്നു കയറുന്നുത്. അഞ്ചാം ശ്ലോകത്തിൽ കൃത്യമായാണ് ‘ത്രിനയനാനനം’ (മൂന്നു കണ്ണുള്ള മുഖം) എന്ന ശിവവിശേഷണം നിബന്ധിച്ചിരിക്കുന്നത്. നാലാം ശ്ലോകത്തിൽ ‘വരഗദായുധം’ (ശ്രേഷ്ഠമായ ഗദ ആയുധമായുള്ളവൻ) എന്ന വിഷ്ണു വിശേഷണവും ഉണ്ട്. അപ്പോൾ നാലാം പാദത്തിൽ ചേർക്കുന്ന ‘ഹരഹിരാത്മജം ദേവമാശ്രയേ’ എന്നത് മുകളിലുള്ള മൂന്നു വരികളുമായി ബന്ധപ്പെടുന്നതല്ലെന്നും വന്നു കൂടും. ‘നിത്യനർത്തനം’ നർത്തനാലസം’ ‘ഭൂതി ഭൂഷണം’ എന്നീ വിശേഷണങ്ങൾ അയ്യപ്പന്റേതല്ലെന്ന് മനസ്സിലാക്കാൻ വിശേഷാൽ ബുദ്ധി ഒന്നും വേണ്ട. ശിവനെ തന്നെ ഉദ്ദേശിച്ചായിരിക്കണം. ഒരു കഥയിലും അയ്യപ്പൻ നൃത്തം ചെയ്തതായിട്ട് പരാമർശം ഇല്ലെന്നിരിക്കെ. ശ്രേഷ്ഠമായ യോഗ പോസിൽ ഇരിക്കുന്ന അയ്യപ്പനെ ചിത്രീകരിച്ച് (ഹരിവരാസനം എന്ന വാക്കിനു പൊതുവേ നൽകപ്പെടുന്ന വിവക്ഷ) തുടങ്ങിയ കീർത്തനമാണ് നർത്തനം കൊണ്ട് ആലസ്യത്തിലാർന്ന അയ്യപ്പനെ അവതരിപ്പിക്കുന്നത്. ഇതിൽ ഔചിത്യം മഷിയിട്ടാൽ കാണുന്നില്ല. ഭൂതി (ഭസ്മം) പൂശുന്നതും ശിവനാണ് കൃതിയിൽ പരാമർശിക്കപെടുന്ന ദൈവവാഹനങ്ങൾ ചിഹ്നമോ ലക്ഷണമോ ആയെടുത്താലും അയ്യപ്പനിലേക്ക് വിരൽ ചൂണ്ടാതെ ചിന്താക്കുഴപ്പത്തിലെത്തിക്കും പടിയാണ് വിവരണങ്ങൾ. പുലിവാഹനനെ ഒരിടത്തും കാണുന്നില്ല. ആനയും സിംഹവും കുതിരയും വാഹനമായുള്ളവൻ എന്ന് ഒരു വരിയിൽ കാണുന്നതും (കളഭകേസരിവാജിവാഹനം)) മറ്റൊരിടത്ത്ത്ത് കുതിര മാത്രവും (തുരഗവാഹനം ശ്ലോകം 4) പിന്നൊരിടത്ത് ആന മാത്രവും (ധവളവാഹനം ദിവ്യവാരണം- ശ്ലോകം 6). ഈ ആന വെളുത്തതാണെന്ന പ്രസ്താവന കുഴയ്ക്കുന്നു. ദേവേന്ദ്രന്റെ ഐരാവതത്തെ ഇവിടെയെത്തിയ്ക്കാൻ ഒരു വഴിയുമില്ല താനും. അയ്യപ്പൻ വെളുത്ത ആനമേൽ ഏറിയതായിട്ട് അറിവില്ല. ഇനി അങ്ങനെയെന്തെങ്കിലും സൂചന ഏതെങ്കിലും നാടൻ മിത്തിൽ ഉണ്ടെങ്കിൽ തന്നെ അത്ര ചുഴിഞ്ഞാലോചിച്ച് ഗവേഷണബുദ്ധ്യാ കഥകളെ ഘടിപ്പിച്ചെടുക്കാനുള്ള വൈദഗ്ധ്യം കൃതിയിൽ മറ്റൊരിടത്തും കാണാനില്ലാത്തതിനാൽ വിവേകശൂന്യതയായേ കരുതാൻ പറ്റൂ. പ്രാക്തനദൈവമായ വേട്ടയ്ക്കൊരു മകനെ അയ്യപ്പസ്വരൂപത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ സമ്മർദ്ദങ്ങളും അവപീഡങ്ങളും കാലാനുസൃതമായി ദൈവങ്ങളിൽ പുതിയ ദൈവപ്രതിച്ഛായകൾ ഏറ്റപ്പെട്ടിട്ടുണ്ട്. പൂർണ്ണ പുഷ്കല എന്നീ ഭാര്യമാരുള്ള ആര്യൻ/അയ്യൻ ഉം ശാസ്താ/ അയ്യപ്പൻ പ്രതിരൂപത്തിൽ കയറിക്കൂടിയിട്ടുണ്ട്. പല ശാസ്താ ക്ഷേത്രങ്ങളിലും കളം വരയ്ക്കുമ്പോൾ വെളുത്ത കുതിരമേൽ ഏറിയ, താടി നീട്ടി, അമ്പും വില്ലും ധരിച്ച വേട്ടയ്ക്കൊരുമകനെ ആണു ചിത്രീകരിക്കാറ്. അതുകൊണ്ട് കുതിരയെ വാഹന്മായി ദ്യോതിപ്പിക്കുന്നതിൽ യുക്തി തെല്ലുണ്ടന്ന് കരുതാം. എന്നാലും വെളുത്ത ആനയേയും സിംഹത്തേയും വാഹനങ്ങളായി അവതരിപ്പിച്ചത് ശിവ-വിഷ്ണു വിശേഷണങ്ങൾ യുക്തിയൊന്നുമില്ലാതെ ഉൾപ്പെടുത്തിയപോലെ ഒരു ബുദ്ധിശൂന്യതയായേ കരുതാൻ പറ്റൂ.

അർത്ഥശൂന്യ പദങ്ങൾ അന്തസ്സാരവിഹീന വിശേഷണങ്ങൾ

പദങ്ങളുടെ അർത്ഥത്തെപ്പറ്റി ചിന്തിക്കാതെയാണ് ചില പ്രയോഗങ്ങൾ വന്നു കയറിയിരിക്കുന്നത്.. ഒന്നാം ശ്ലോകത്തിൽ ‘ആരാദ്ധ്യപാദുകം’ എന്നത് ‘ആരാദ്ധ്യപാദം’ എന്നുദ്ദേശിച്ചായിരിക്കണം. അക്ഷരക്രമമൊപ്പിയ്ക്കാൻ ‘പാദുകം’ എന്നു കിടക്കട്ടെ എന്നു വിചാരിച്ചു കാണണം കവി. പാദുകം എന്നാൽ ചെരിപ്പ്, മെതിയടി എന്നൊക്കെയാണ് അർത്ഥം . അയ്യപ്പന്റെ മെതിയടി പൂജാവസ്തുവാക്കാൻ ചില്ലറസ്വാതന്ത്ര്യമല്ല രചയിതാവ് എടുത്തുപയോഗിച്ചിരിക്കുന്നത്. പ്രതിഷ്ഠാവിഗ്രഹത്തിലോ മെതിയടി ഒട്ടില്ലതാനും.ശബ്ദാലങ്കാരപ്രയോഗങ്ങളിൽ അർത്ഥാ‍ാന്വേഷണം മുങ്ങിപ്പോകുമെന്നും പാടുന്നവർ ഇതു ശ്രദ്ധിക്കുകയില്ലെന്നും കരുതിയിരിക്കണം രചയിതാവ്. പ്രണയസത്യകം എന്ന വാക്കും വീണ്ടുവിചാരമില്ലാതെയായിരിക്കണം നിബന്ധിച്ചത്. സത്യകം എന്നാൽ സത്യം ഉറപ്പിയ്ക്കൽ, പ്രതിഞ്ജ എന്നൊക്കെയാണ്. ഇത് പ്രണയത്തോട് ചേർത്ത് ഒരു ദൈവവിശേഷണം ഉണ്ടാക്കിയെടുക്കുന്നത് കടന്നകയ്യാണ്. പ്രണതകൽപ്പകം എന്നതും ഇതു പോലെ. പ്രണതം=നമസ്കരിക്കപ്പെട്ട, നമസ്കരിച്ചവൻ എന്നൊക്കെ അർത്ഥം. കൽ‌പ്പകം എന്നതിനു കല്പവൃക്ഷം എന്ന് നിഘണ്ടു. കൽ‌പ്പകൻ എന്നാൽ ഛേദിയ്ക്കുന്നവൻ എന്നും. നിഗൂഢമായ എന്തോ അർത്ഥം കാണാൻ സാദ്ധ്യതയുണ്ടെന്നു തോന്നിപ്പിക്കുന്ന വാക്കാണെന്നുള്ളതായിരിക്കണം പ്രണതകൽ‌പ്പകം എന്ന് പ്രയോഗിച്ചത്. പ്രണതപാലനം (ഭക്തസംരക്ഷണം) എന്ന വാക്ക് നിബന്ധിച്ചാൽ പോരെന്നു തോന്നിയോ രചയിതാവിനു? സുന്ദരപദങ്ങൾ ആഡംബരമായി മാലകോർത്താൽ പാടിപ്പോകാൻ സുഖമുണ്ടെന്നു കരുതിയായിരിക്കണം യുക്തിയേയും അർത്ഥത്തേയും വെല്ലു വിളിയ്ക്കുന്നത്. ഭരണലോലുപം എന്നതും ചമൽക്കാരത്തേക്കാളും വൈകല്യം കുറിക്കപ്പെടുന്നതാണ്. ഭരണം എന്നതിനു രക്ഷിക്കൽ എന്നൊരു അർത്ഥം ഉണ്ടെന്നു സമ്മതിച്ചാൽ പോലും അതിയായ ആസക്തി ഉള്ളവൻ എന്നു (ലോലുപം) ചേർക്കുന്നത് കവിത്വപാലനത്തിനു വിരുദ്ധമാണ്. അയ്യപ്പനെ ഭരണത്തിൽ അതിയായ ആസക്തിയുള്ളവനെന്നു വിശേഷിപ്പിച്ച് നിർ വൃതിയടയാൻ ഭക്തിയുടെ ആനുകൂല്യം മാത്രം പോരാതെയാണിരിക്കുന്നത്. ഒരു ദൈവത്തെ വിശേഷിപ്പിയ്ക്കുമ്പോൾ നിരർത്ഥകമായിപ്പോകുന്നതാണ് “ദേവതാത്മകം” മുതലായ പ്രയോഗങ്ങൾ. “ത്രിദശപൂജിതം’ (ദേവന്മാരാൽ പൂജിക്കപ്പെടുന്നത് എന്നായിരിക്കണം കവി ഉദ്ദേശിച്ചിരിക്കുന്നത്) എന്ന് അതേ ചരണത്തിൽ പറയുന്നുമുണ്ട്. “ദേവതാത്മകം’ എന്ന് മൂന്നാ‍ാം ശ്ലോകത്തിൽ ദ്യോതിപ്പിച്ച കണക്കിനു ‘ദേവവർണ്ണിത’ ത്തിനു പ്രസക്തിയില്ലാതെയും പോകുന്നു. “ത്രിഭുവനാർച്ചിതം” എന്നതിനു മൂന്നുലോകങ്ങളിലും പൂജിക്കപ്പെടുന്നത് എന്ന് കൽ‌പ്പിച്ചെടുക്കാൻ എളുപ്പമല്ല. പ്രണവമന്ദിരം എന്നത് ശബരിമലയേയോ ക്ഷേത്രത്തേയോ ആയിരിക്കണം സൂചിപ്പിക്കുന്നത്, ഓംകാരത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്ക് (ശബരിമല ഓംകാരത്തിന്റെ ആസ്ഥാനമാണോ?) പക്ഷെ ഉടൻ വരുന്ന “കീർത്തനപ്രിയം” അയ്യപ്പവിശേഷണമാവുമ്പോൾ നഷ്ടപ്പെടുന്നത് ഏകാഗ്രത മാത്രമല്ല ഘടനയിലുള്ള വൈകല്യവുമാണ്. അയ്യപ്പൻ കീർത്തനപ്രിയനാണെന്നുള്ള പ്രസ്താവനയോട് ചേരുന്നതല്ല പ്രണവമന്ദിരം എന്നത്. വിവേചനബുദ്ധിയോടെയുള്ള അടുക്കിവയ്ക്കലുകളില്ല എന്നതിനു മറ്റൊരു ഉദാഹരണമാണ് അരിവിമർദ്ദനം കഴിഞ്ഞ് വരുന്ന നിത്യനർത്തനം എന്ന പ്രയോഗം. ലക്ഷ്യനിയതമായ ഔചിത്യബോധത്തെ വെല്ലുവിളിയ്ക്കുന്നു ഇത്. വരഗദായുധം ദേവവർണിതം എന്നതിൽ ആയുധമാണോ ദേവന്മാരാൽ വർണ്ണിക്കപ്പെടുന്നത് എന്ന സംശയമാണ് ഇടനൽകുന്നത്. ഇതുപോലെ വിഘടിച്ചു നിൽക്കുന്നു ഒരേ വരിയിൽ വരുന്ന “ശരണകീർത്തനം ശക്തമാനസം” എന്നുള്ളതും. ശക്തമാനസം എന്നുള്ളതിന്റെ വിശേഷണമാവാൻ സാദ്ധ്യതയില്ല്ല ശരണകീർത്തനം എന്ന വാക്ക്. ശക്തമാനസം എന്ന സൂചനവഴി അയ്യപ്പന്റെ മനസ്സു ശക്തമാണെന്നു പറയാനൊരുമ്പെടുകയാണെങ്കിൽ കവിയുടെ ഭാവന അതി ദയനീയമാണെന്നു വേണം പറയാൻ. ദിവ്യദേശികം എന്നതിനു ദിവ്യനായ വഴികാട്ടി, ഗുരു എന്നൊക്കെ അർത്ഥം കൽ‌പ്പിക്കാമെങ്കിലും പാട്ടിന്റെ പൊതുസ്വഭാവത്തോട് യോജിച്ചു പോകാത്ത ക്ലിഷ്ടതയാണു സമ്മാനിയ്ക്കുന്നത്. ശബ്ദാലങ്കാരത്തിന്റെ മിനുമിനുപ്പ് മാത്രം ശ്രദ്ധിക്കപ്പെട്ടാൽ മതിയെന്നായിരിക്കണം രചയിതാവ് കരുതിയത്. സാധുജീവനം എന്നതിനു സന്യാസിയുടെ ജീവിതവൃത്തി എന്ന അർത്ഥം ആയിരിക്കണം പരികൽ‌പ്പിതമെങ്കിലും ഔചിത്യബോധം കളഞ്ഞുള്ള നിയുക്തിയിൽ പലതും നഷ്ടപ്പെടുന്നു. ശ്രേഷ്ഠമായ യോഗ നിലയിൽ വാണരുളുന്ന (ഹരിവരാസനം എന്നതിനു പൊതുവേ നൽകപ്പെടുന്ന അർത്ഥം) ദൈവത്തിന്റെ ശരീരത്തിന്റെ കോമളതയേയോ പുഞ്ചിരിയുടെ സൌന്ദര്യത്തേയോ മുഖശ്രീയെയോ ഉദാരമായി വർണിയ്ക്കുന്നതിൽ അനൌചിത്യമില്ലെന്ന് ശഠിയ്ക്കുന്നുണ്ടോ കവി? ഹരിവരാസനം എന്ന ആദ്യശ്ലോകത്തിൽ തന്നെയാണ് മൂന്നാം വരിയിൽ ‘നിത്യനർത്തനം’ എന്ന് വിശേഷിപ്പിച്ച് യുക്തിഭംഗം കൊണ്ടാടിയത്. അയ്യപ്പന്റേതായ അനുഭാവവിശേഷങ്ങൾ പരാമർശിക്കുന്നതിനു പകരം വളരെ സാധാരാണമായ കേവല വിശേഷണങ്ങൾ വലിച്ചുവാരി നിരത്തിയതിനാൽ ആന്തരികരൂപഘടന തന്നെ ചിതറിപ്പോയിരിക്കയാണ്.

അയ്യപ്പനെ പടിയിറക്കുമ്പോൾ

ഈ വൈകല്യങ്ങൾക്കിടയിലും ചില പ്രത്യേക ഉദ്ദേശങ്ങൾ നിറവേറ്റിക്കൊടുക്കുന്നുണ്ട് ഹരിവരാസനം. അയ്യപ്പനെ അതിൽ നിന്നും ഒഴിവാക്കുക എന്നതാണത്. ശബരിമല ദൈവത്തിന്റെ പുതിയ നിർവ്വചനമാണ് ക്രമപ്പെടുത്തിയെടുത്തിരിക്കുന്നത്. വിശ്വാസപരമായി ബുദ്ധൻ, പ്രാക്തനദൈവമായ അയ്യൻ, ആര്യൻ, വേട്ടയ്ക്കൊരുമകൻ, മിത്തിൽ നിന്നും വേർപെട്ട, ചരിത്രത്തിന്റെ ഭാഗമായ പന്തളരാജകുമാരൻ ഈ വ്യക്തിത്വങ്ങളെല്ലാം ആരോപിതമായതാണ് ശാസ്താവ് അല്ലെങ്കിൽ അയ്യപ്പൻ. പലദൈവവ്യക്തിത്വങ്ങളുടെ സങ്കലനമാണ് അയ്യപ്പസങ്കൽ‌പ്പം എങ്കിലും ഇവയേല്ലാം കൂടി ഒരു പൊതുസ്വഭാവദൈവത്തെ നിർമ്മിച്ചെടുക്കുണ്ട് പുരാണങ്ങളുടെ പിൻ ബലമില്ലാത്തതിനാൽ ആധുനികമായി ചില മിത്തുകൾ ഉണ്ടാക്കിയെടുക്കപ്പെട്ടിട്ടുണ്ട്. മഹിഷിയെ കൊല്ലാൻ വന്ന അവതാരം എന്ന ആധുനിക കൂട്ടിച്ചേർക്കൽ പോലെ. എരുമേലി എന്ന പേരിനു സാംഗത്യം കൊണ്ടുവരാൻ 50 കളിൽ ഉണ്ടാക്കിയെടുക്കപ്പെട്ട കഥയാണത് എന്ന് ഡോ. എസ്. കെ നായർ നിരീക്ഷിച്ചിട്ടുണ്ട് ഹിന്ദു ദൈവങ്ങളുടെ നിരയിൽ എത്തിയ്ക്കപ്പെടാനുള്ള ത്വര ശിവ്നേയും വിഷ്ണുവിനേയും പിതാക്കളുടെ സ്ഥാനത്ത് അവരോധിക്കപ്പെടാനും ഇടയാക്കി. മറ്റുസ്വരൂപങ്ങളുടെ ഈതിബാധകൾ അകറ്റി പരമശീർഷദേവതകളോടൊപ്പം സ്ഥാനം വച്ചുകൊടുക്കാനുള്ള വഴിയാണ് ഹരിവരാസനം വച്ചു നീട്ടിയത്.

പ്രാദേശിക മിത്തുകളിൽ രൂപവൽക്കരിക്കപ്പെട്ട പ്രാക്തനദൈവത്തെ മാർകെറ്റിങ് തന്ത്രങ്ങളുടെ വിധിന്യായങ്ങളാൽ അനുസാരിതമാക്കിയാണ് ദേശവൽക്കരിച്ച് എടുക്കേണ്ടത്. അന്യ സംസ്ഥാനകാർ കൂടുതലായി വന്നു വണങ്ങുന്ന ദൈവത്തെ ഒരു നാടൻ ദൈവസ്വരൂപത്തിൽ നിന്നും വിടർത്തിമാറ്റേണ്ടത് പ്രശസ്തിയും നടവരവും ലാക്കാക്കുമ്പോൾ ഘടിപ്പിയ്ക്കേണ്ട യുക്തി തന്നെ.മലയാളത്തിൽ പരക്കെ സ്വീകരിക്കപ്പെട്ട അയ്യപ്പൻ പാട്ടുകൾക്കൊന്നിനും ഈ സ്ഥാനം എത്തിപ്പിടിയ്ക്കാനാവില്ല. ഉടുക്കിന്റെ താളത്തിനോടൊപ്പം നാടൻ രീതിയിൽ ഭജനമട്ടിൽ പാടുന്ന മറ്റൊരു സിനിമാപ്പാട്ടായ ‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ” (ചിത്രം ചെമ്പരത്തി, സംഗീതം ദേവരാജൻ തന്നെ) സന്നിധാനത്തിന്റെ ഏഴയലത്ത് പോലും എത്തിപ്പെടാൻ സാദ്ധ്യതയില്ലാതാകുന്നതിലെ യുക്തി തെളിയാൻ പ്രയാസമില്ല. മലയാളത്തിൽ ആകാൻ പാടില്ല, മറ്റുഭാഷക്കാരെ വലയത്തിൽ നിറുത്തേണ്ടി വരുന്നത് ലോജിസ്റ്റിക്സ്ന്റെ ആവശ്യമായതിനാൽ. സംസ്കൃതത്തിന്റെ ആഢ്യശൈലിയുടെ അപരിമേയ സ്വീകാര്യതയുടെ യുക്തി. അതുകൊണ്ട് രചനയിലെ വൈകല്യങ്ങൾ അപ്രസക്തവും അവഗണനാർഹവും ആയിത്തീരുന്നു. അർത്ഥസാരങ്ങൾ അന്വേഷിക്കുകയേ വേണ്ട എന്ന നില. പിടികിട്ടാ‍പ്പാടകലെ നിൽക്കുന്ന ഔചിത്യവും കാവ്യകലാംശവും അപ്രസക്തമാകുന്നതിന്റെ പൊരുൾ.

അയ്യപ്പൻ കാനനവാസനാണ്. അയ്യപ്പസ്വരൂപത്തിൽ അവസാനം കൂട്ടിച്ചേർക്കപ്പെട്ട മിത്തിലെ പന്തളരാജകുമാരൻ കാനനച്ചോലയ്ക്കരികിൽ അരുമക്കുഞ്ഞായി പ്രത്യക്ഷപ്പെട്ട് യൌവനകാലത്തു തന്നെ രാഷ്ട്രതന്ത്രത്തിന്റെ കാപട്യത്തിൽ നിന്നും ഉപജാപങ്ങളിൽ നിന്നും വിടുതൽ നേടി കാട്ടിലേക്കു തിരിച്ചു പോയവനാണ്. പുലികളെ സ്നേഹിച്ച് പ്രയാസമെന്യേ കൂടെ കൊണ്ടുനടക്കാൻ പ്രാപ്തനായവൻ. പുലികൾ അയ്യപ്പനോടൊപ്പം കൊട്ടാരത്തിലേക്ക് അയ്യപ്പനു കൂട്ടുപോകുന്നുമുണ്ട്. ചിന്മുദ്രയും പേറി തന്നിലേക്കൊതുങ്ങി നിമീലിതനേത്രനായി പ്രപഞ്ചധ്യാനത്തിൽ വിലീനമായ ശാസ്താവിൽ ലയിച്ചു പോയവൻ. ഈ ദ്വിവിധ വ്യക്തിത്വം ഒരേസമയം അന്തർമുഖത്വവും ബഹിർമുഖത്വവും ഉണ്ടാക്കിയെടുക്കുകയാണ്. ഇതിലെ അന്തർമുഖശക്തിയാണ് സായൂജ്ജ്യവാഞ്ച്ഛയെ ആവാഹിച്ച് ഒരു സെന്റ്രിഫ്യൂജിലെന്നപോലെ ഒരു കേന്ദ്രബിന്ദുവിലേക്ക് ഉൾവലിയിച്ച് സംക്രേന്ദ്രിതവും സാന്ദ്രവും ആക്കിത്തീർക്കുന്നത്. ബാഹ്യമോടികളിൽ പ്രകീർത്തിക്കപെടേണ്ടവനല്ല അയ്യപ്പൻ. ബഹിർപ്രകാശനത്തിൽ അഭിജ്ഞാനം കൊള്ളുന്ന, അഭയവരദസ്വരൂപപ്രഭാവം സംക്രമിക്കുന്ന മറ്റു ദൈവങ്ങൾക്ക് വിപരീതമാണിത്. ഭക്തിയുടെ പൊതുബോധം വാർത്തെടുത്തിരിക്കുന്ന ഈ സ്വരൂപങ്ങളുടെ നിരയിലേക്ക് അയ്യപ്പനെയും മാറ്റിപ്രതിഷ്ഠിച്ച് ഹസ്താന്തരപത്രം രചിയ്ക്കപ്പെടുകയാണുണ്ടായത്. ഹരിവരാസനത്തിൽ കേരളീയനാടൻ ദൈവ പ്രതിബിംബസഞ്ചയങ്ങളൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു. മറ്റൊരു വ്യക്തിത്വമുള്ള ഹരിഹരപുത്രൻ മാത്രമാക്കി മാറ്റി തനതുദൈവമായ അയ്യപ്പനെ ഇല്ലാതാ‍ാക്കുക എന്ന അട്ടിമറി. ഗാനരചയിതാവ് അറിഞ്ഞോ അറിയാതെയോ ചെയ്ത കൃത്യം. നാടങ്കഥകളിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നും വിടുതി നേടിയ ഹരിഹരാത്മജൻ ആണിതിൽ. അതീവസുന്ദരനും ഭരണലോലുപനും നിത്യേന നർത്തനം ചെയ്യ്ത് അതിന്റെ ആലസ്യത്തിൽ മുഴുകുന്നവനും വിശ്വമോഹനനും അരുണഭാസുരനും സുപ്രഭാഞ്ചിതനും സുന്ദരാനനനും ഭുവനമോഹനനും കളമൃദുസ്മിതനും ഗാത്രമോഹനനും ആയവൻ. ഗീതത്തിൽ ലാലസിയ്ക്കുന്നവൻ. ആന കുതിര സിംഹം ഇവയൊക്കെ വാഹനമാക്കിയവൻ. ഗദയേന്തിയവൻ. ഭസ്മം പൂശിയവൻ. മൂന്നുകണ്ണുള്ളവൻ. ശത്രുക്കളെ മർദ്ദിച്ച് ജയിക്കുന്നവൻ. വേദസാരം ഭൂഷണമാക്കിയവൻ. അതുമാത്രമല്ല പ്രണയസത്യകനായി മാറ്റിയിരിക്കയാണ് നിത്യബ്രഹ്മചാരിയായി മാളികപ്പുറത്തമ്മയെ നിരാകരിച്ച് ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളായി നിർവ്വാണം കൊള്ളുന്നവനെ. അയ്യപ്പത്തനിമ വിടുവിച്ച് പൊതു ഹിന്ദു ദൈവനിരയിലേക്ക് എഴുന്നെള്ളിച്ച് ഇരുത്താനുള്ള തീവ്ര ശ്രമം തന്നെ ഇത്. നാടൻ പാട്ടുകളിലൂടെ ജീവൻ വച്ചു വന്നിരുന്ന അയ്യപ്പനെ സംസ്കൃതജഡിലമായ വിശേഷണങ്ങളിലൂടെ ഹരിഹരാത്മജൻ മാത്രമായി ചുരുക്കുന്നത് ഈ സ്ഥാനാന്തരണത്തിനു വേണ്ടിയാണ്. കൂടുതൽ ആഢ്യവൽക്കരിക്കപ്പെട്ട വേദവിഭൂഷണനെ വാർത്തെടുക്കൽ.കാട്ടിനുള്ളിൽ ഏകാന്തവാസം ചെയ്യുന്ന യോഗിസ്വരൂപനെ അഖിലഹിന്ദുദേവതാഗണത്തിലെ പ്രമുഖനായി മാറ്റിയെടുക്കൽ കൃത്യമാണിത്. മറ്റു ദൈവങ്ങളുടെ മേൽ ജയിച്ചു നിൽക്കുന്നവൻ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത് ഒരു വൻപൻ ദൈവത്തെ സ്വരൂപിയ്ക്കൽ തന്നെ ഇത്. മറ്റു നാഗരിക ദൈവങ്ങളോടൊപ്പം ഇരുത്തി ഈ മലദൈവത്തെ ഒരു ദേശീയദൈവം എന്ന പ്രതിബിംബത്തിലേക്ക് രൂപാന്തരണം ചെയ്യുകയാണ് ആത്യന്തികമായി ഹരിവരാസനം സാധിച്ചെടുത്തിരിക്കുന്നത്. പ്രാദേശികദൈവങ്ങളെയൊക്കെ ശിവന്റേയൊ വിഷ്ണുവിന്റേയോ കുടുംബത്തിലേക്ക് ചേർക്കുക എന്ന അനുസ്യൂതപ്രക്രിയയുടെ വർത്തമാനകാലദൃഷ്ടാന്തം. ശബരിമല ക്ഷേത്രത്തിനും പരിസരത്തിനും വന്ന മാറ്റങ്ങൾ ഇതിനു യോജിച്ചു പോകുന്നവയാണ്. ഒരു ടൌൺഷിപ്പിന്റെ ഛായയും രൂപവിന്യാസവും ഘടനയും സംസ്കാരവും ആണ് പച്ചമല പവിഴമലവാസനു നിർമ്മിച്ചു നൽകിയിരിക്കുന്നത്. സ്വർണ്ണം കൊണ്ടു മൂടിയ മേൽക്കൂരയ്ക്കു താഴെ സ്വർണ്ണച്ചുവരുകൾക്കുള്ളിൽ സ്വർണ്ണവാതിലിനു പിറകിൽ ഇരിയ്ക്കുന്ന അയ്യപ്പന്റെ സ്വത്വം മറ്റൊന്നാകാതെ തരമില്ല. ഈ പുതിയ അഖിലേന്ത്യാബിരുദം അയ്യപ്പൻ സ്വീകർച്ചു എന്നതിന്റെ തെളിവ് പ്രഘോഷണമാണ് ഇത് കേട്ടേ അദ്ദേഹം ഉറങ്ങൂ എന്ന് കഥ കെട്ടിച്ചമയക്കലിലൂടെ സാധിച്ചെടുത്തിരിക്കുന്നത്. തന്നെ നിത്യനർത്തകനാക്കിയതിൽ ഹരിവരാസനയോഗിക്ക് പരാതിയില്ലത്രെ.

എറ്റവും സ്വീകാര്യമായ ഈ ഉൽ‌പ്പന്നം ‘ബ്രാൻഡഡ്’ ആയിത്തീർന്നിട്ടുണ്ട്. ഹരിവരാസനം പ്രോജക്റ്റുകൾ ഇന്ന് പലതാണ്. ഭക്തിവ്യവസായത്തിൽ വിറ്റഴിക്കപ്പെടുന്ന ഉൽ‌പ്പന്നത്തിനു ഭക്തിയിൽ നിന്നും ഉറവെടുത്ത സ്വീകാര്യതായുക്തി മതി. ഹരിവരാസനം കേൾക്കുമ്പോഴുള്ള യൂഫോറിയ അയ്യപ്പനും അനുഭവിച്ചറിയുന്നെന്ന് അദ്ദേഹത്തെ ഉറക്കത്തിലേക്ക് വഴുതിവീഴ്ത്തുന്നു എന്ന കൌതുകകൽ‌പ്പന ന്യായീകരിക്കുന്നു. ഭക്തനും ഹരിഹരാത്മജനും ഒരേ നിലവാരത്തിൽ എത്തുന്നു. സായൂജ്യത്തിന്റെ കൃത്യത തെളിയുന്നു.
  എതിരന്ജിയുടെ പോസ്റ്റ്